This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്പീല്‍-അവസാനവിധി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:57, 27 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അപ്പീല്‍-അവസാനവിധി

Disposal of Appeal

കീഴ്കോടതികളുടെ തീരുമാനങ്ങളെയോ വിധിയെയോപറ്റി ആക്ഷേപമുള്ള കക്ഷികള്‍ക്ക് വസ്തുതാപരമോ നിയമപരമോ ആയ പ്രശ്നങ്ങളെ ആധാരമാക്കി, അവയുടെമേല്‍ അപ്പീലധികാരമുള്ള കോടതികളില്‍ കൊടുക്കുന്ന അപ്പീലിന്റെ തീരുമാനം.

അത്തരം അപ്പീല്‍കോടതികളില്‍ പ്രധാനമായവ സിവില്‍-ക്രിമിനല്‍ നടപടിക്രമങ്ങളനുസരിച്ച് ഏര്‍പ്പെടുത്തിയിട്ടുള്ള അപ്പീല്‍ കോടതികളാണ്. സിവില്‍ വ്യവഹാരങ്ങളുടെ കാര്യത്തില്‍ വ്യവഹാരത്തിന്റെ സല, സ്വഭാവം മുതലായവയെ അടിസ്ഥാനമാക്കിയും ക്രിമിനല്‍ നടപടികളില്‍ കുറ്റത്തിന്റെ സ്വഭാവവും മറ്റും അടിസ്ഥാനമാക്കിയും ഏതൊക്കെ കോടതികളില്‍ വേണം അപ്പീല്‍ കൊടുക്കേണ്ടതെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഉപാധികളും പരിമിതികളും. ഈ കോടതികളെല്ലാം അപ്പീല്‍ തീരുമാനിക്കുന്നത് ചില നിയമവ്യവസ്ഥകളും തത്ത്വങ്ങളും അനുസരിച്ചാണ്. ഒരു അപ്പീല്‍കോടതിക്ക് അതിന്റെ മുന്‍പാകെ തീരുമാനത്തിനുവരുന്ന ഒരു അപ്പീല്‍ ചില ഉപാധികള്‍ക്കും പരിമിതികള്‍ക്കും വിധേയമായി അവസാനമായി തീരുമാനിക്കാം. അല്ലെങ്കില്‍, അതില്‍ ഉന്നയിക്കപ്പെട്ട ഏതെങ്കിലുമോ എല്ലാമോ പ്രശ്നങ്ങള്‍ വീണ്ടും തീരുമാനിക്കാനായി ആദ്യകോടതിയിലേക്ക് റിമാന്‍ഡു ചെയ്യുകയോ പുതിയ പോയിന്റുകളേര്‍പ്പെടുത്തി അവയെ സംബന്ധിച്ച വിചാരണ നടത്തുകയോ കൂടുതല്‍ തെളിവ് സ്വീകരിക്കുകയോ അങ്ങനെ ചെയ്യുവാന്‍ കീഴ്ക്കോടതിയോട് ആവശ്യപ്പെടുകയോ ചെയ്യാം. കീഴ്‍ക്കോടതിവിധി അസ്ഥിരപ്പെടുത്തത്തക്കതല്ലെന്നു കണ്ടാല്‍ അതിനെ സ്ഥിരീകരിക്കുന്നതാണ്. ഒരു അപ്പീല്‍ക്കോടതിയുടെ തീരുമാനത്തിനെതിരായി അതിനു മുകളിലുള്ള കോടതിയുടെ മുന്‍പാകെ അപ്പീല്‍ ബോധിപ്പിച്ചാല്‍ അത് തീരുമാനം ചെയ്യുന്നതും ഏതാണ്ട് ഈ തത്ത്വങ്ങള്‍ അനുസരിച്ചാണ്. തത്സംബന്ധമായ വ്യവസ്ഥകള്‍ സിവില്‍ നടപടിക്രമത്തില്‍ 96 മുതല്‍ 112 വരെ വകുപ്പുകളിലും 41 മുതല്‍ 45 വരെ ചട്ടങ്ങളിലും ഭരണഘടനയിലെ 132, 133 എന്നീ അനുച്ഛേദങ്ങളിലും അടങ്ങിയിരിക്കുന്നു. ക്രിമിനല്‍ കേസുകളുടെ കാര്യത്തിലാണെങ്കില്‍ ആദ്യകോടതിയുടെ കുറ്റസ്ഥാപനവും ശിക്ഷാവിധിയും അസ്ഥിരപ്പെടുത്തുവാനും പ്രതി കുറ്റക്കാരനല്ലെന്നു കണ്ട് അയാളെ വെറുതെ വിടാനും അതല്ലെങ്കില്‍ അയാളുടെ വിധി അസ്ഥിരപ്പെടുത്തി അയാളെ വീണ്ടും വിചാരണ ചെയ്യാനും ഉത്തരവാകാം. കുറ്റസ്ഥിരീകരണം അസ്ഥിരപ്പെടുത്താതെതന്നെ ശിക്ഷ കുറയ്ക്കാവുന്നതുമാണ്. കഠിനതടവുശിക്ഷ വെറും തടവായി ഭേദപ്പെടുത്തുകയും ചെയ്യാം. കീഴ്‍ക്കോടതി പ്രതിയെ വെറുതെ വിട്ടുകൊണ്ട് വിധി പ്രസ്താവിച്ച കേസിനെ സംബന്ധിച്ച് ഹൈക്കോടതിക്ക് അപ്പീല്‍ കേള്‍ക്കാനും ആ വിധി അസ്ഥിരപ്പെടുത്താനും അധികാരമുണ്ട്; അതുപോലെ കീഴ്ക്കോടതി വിധിച്ച ശിക്ഷ കുറഞ്ഞുപോയാല്‍ കൂട്ടാനും അധികാരമുണ്ട്. ഇവയെ സംബന്ധിച്ച വ്യവസ്ഥകള്‍ ക്രിമിനല്‍ ശിക്ഷാനടപടി ക്രമത്തിലെ 406, 406എ, 408 മുതല്‍ 411 എന്നീ വകുപ്പുകളിലും സുപ്രീംകോടതിയെ സംബന്ധിച്ച കാര്യങ്ങള്‍ ഭരണഘടനയിലെ 134, 136 എന്നീ അനുച്ഛേദങ്ങളിലും അടങ്ങിയിരിക്കുന്നു. മേല്പറഞ്ഞവ കൂടാതെ ആദായനികുതി, വില്പനനികുതി, കാര്‍ഷികാദായനികുതി, എസ്റ്റേറ്റ് ഡ്യൂട്ടി മുതലായവയെ സംബന്ധിച്ചും റവന്യൂവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളിലും തദ്ദേശസ്വയംഭരണപരമായ നിയമങ്ങളിലും മറ്റും അപ്പീലുകളെയും തത്സംബന്ധമായ കാര്യങ്ങളെയും വ്യവസ്ഥ ചെയ്തിരിക്കുന്നു.


(എം. പ്രഭ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍