This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അപരദനം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അപരദനം
Erosion
പ്രകൃതിശക്തികളുടെ പ്രവര്‍ത്തനങ്ങളിലൂടെ ഭൂമിയുടെ ഉപരിതലത്തെ ജീര്‍ണിപ്പിച്ചും കരണ്ടും ശിലാംശങ്ങളെയും അവശിഷ്ടങ്ങളെയും സമാര്‍ജിക്കുന്ന ഭൂരൂപപ്രക്രമം (geomorphic process).
അപരദനത്തിന്റെ ആംഗലരൂപമായ എറോഷന്‍ (erosion) എറോദെരേ (കാര്‍ന്നെടുക്കല്‍) എന്ന ലാറ്റിന്‍ പദത്തില്‍നിന്നാണ് നിഷ്പന്നമായിട്ടുള്ളത്. നിര്‍വചനപ്രകാരം ശരിയല്ലെങ്കിലും സൌകര്യത്തിനുവേണ്ടി ശിലാംശങ്ങളെ വഹിച്ചുനീക്കുന്ന പ്രക്രിയ (പരിവഹനം) കൂടി അപരദനത്തിലുള്‍പ്പെടുത്തിവരുന്നു.
ഭൂമിയുടെ നന്നേ ചെറിയ ഭാഗങ്ങളില്‍പോലും അനുഭവപ്പെടുന്ന ഉത്ഥാനപതനങ്ങളുടേതായ ആവര്‍ത്തനത്തില്‍ (geocycle), നിയതവും സുപ്രധാനവുമായ ഒരു സ്ഥാനമാണ് അപരദനത്തിനുള്ളത്. ഈ പ്രക്രിയയുടെ കാരണങ്ങള്‍ മണല്‍കാറ്റുകള്‍, ചുഴലികള്‍, വെള്ളത്തിന്റെ കൂലംകുത്തിയുള്ള ഒഴുക്ക്, വെള്ളപ്പാച്ചിലും ശക്തമായ കാറ്റും മൂലമുണ്ടാകുന്ന മണ്ണൊലിപ്പ് എന്നിവയാണ്. തിരയടിക്കുന്നതിലൂടെ അനുദിനം ക്ഷയിച്ചുവരുന്ന തടരേഖകള്‍ മറ്റൊരു പ്രത്യക്ഷദൃഷ്ടാന്തമാണ്. മണ്ണിടിച്ചില്‍പോലെ വന്‍തോതിലുള്ള ഭൂതലജീര്‍ണതയ്ക്ക് കളമൊരുക്കുന്നതും അപരദനമാണ്. ആഴിത്തട്ടിലെ ശിലാതലങ്ങളില്‍ സന്ധികള്‍ (joints), ഭ്രംശങ്ങള്‍ (faults) തുടങ്ങിയ അനുകൂലമേഖലകളിലൂടെ അധസ്തലപ്രവാഹങ്ങള്‍ ആഴമേറിയ ചാലുകളുണ്ടാക്കുന്നത് അപരദനക്രിയയുടെ മറ്റൊരു രൂപമാണ്.അപരദനകാരകങ്ങള്‍. ഒഴുക്കുവെള്ളം, കാറ്റ്, ഹിമാനി, ജലം, തിരമാലകള്‍ എന്നിവയാണ് മുഖ്യഅപരദനകാരകങ്ങള്‍. ഭൂമിയിലെ ഉയര്‍ന്ന തലങ്ങളെ നിരപ്പാക്കുവാനും അവിടത്തെ ശിലാപദാര്‍ഥങ്ങളെ താഴ്വാരങ്ങളിലേക്കും സമുദ്രങ്ങളിലേക്കും നീക്കാനും ഇവ അവിരാമമായി പ്രവര്‍ത്തിക്കുന്നു. ഭൂപ്രതലത്തിന്റെ രൂപവും ഭാവവും നിര്‍ണയിക്കുന്നതില്‍ ഇവയ്ക്കു സാരമായ പങ്കുണ്ട്. അപക്ഷയം (weathering) ഇവയുടെ പ്രവര്‍ത്തനത്തെ ത്വരിപ്പിക്കുന്നു. എന്നാല്‍ അപക്ഷയത്തിന്റെ പിന്നോടിയായി മാത്രമേ അപരദനം നടക്കാവൂ എന്നില്ല.
ഒഴുക്കുവെള്ളം. അപരദനകാരകങ്ങളില്‍ ഏറ്റവും പ്രമുഖം ഒഴുക്കുവെള്ളമാണ്. മഴപെയ്തുണ്ടാകുന്ന വെള്ളത്തിന്റെ മൂന്നിലൊരുഭാഗത്തിലധികം നീര്‍ച്ചാലുകളിലൂടെയും തോടുകളിലൂടെയും നദികളിലൂടെയുമൊക്കെയായി ഒഴുകി ഒടുവില്‍ സമുദ്രങ്ങളിലോ മറ്റു ജലാശയങ്ങളിലോ എത്തുന്നു. ഒഴുക്കും ജലവ്യാപ്തവും ശിലാവസ്തുക്കളെ ലയിപ്പിക്കുന്നതിനുള്ള അസാമാന്യരാസശക്തിയുമാണ് ജലത്തിന്റെ അപരദനശക്തിയെ വര്‍ധിപ്പിക്കുന്നത്. ഒഴുക്കിന്റെ ശക്തിയില്‍ നീര്‍ച്ചാലിന്റെ വശങ്ങളിലും അടിത്തട്ടിലുമുള്ള ശിലാപാളികള്‍ അടര്‍ന്നുമാറുന്നു. മിക്കവാറും ശിലാംശങ്ങള്‍ ജലത്തില്‍ ലയിച്ചുചേരുന്നവയാണ്. വലുപ്പമുള്ള ശിലാഖണ്ഡങ്ങള്‍ ഒഴുക്കില്‍പ്പെട്ട് ഉരുണ്ടുപോകുകയും തന്‍മൂലമുണ്ടാകുന്ന സ്ഥാനവ്യതിചലനം അവയെ കൂടുതല്‍ വിഘടിതമാക്കുകയും ചെയ്യും. രാസപ്രക്രിയയിലൂടെ ജലം ശിലകളെ ജീര്‍ണിപ്പിക്കുന്നു. കുത്തിയൊലിക്കുന്ന ജലത്തില്‍പെട്ട ശിലാകണങ്ങളും ഖണ്ഡങ്ങളും അന്യോന്യവും വശങ്ങളിലെ ശിലാഭിത്തികളുമായും കൂട്ടിയുരസുന്നതും വിഘടനപ്രക്രിയയെ ത്വരിപ്പിക്കുന്നു. വെള്ളത്തിന്റെ വഹനക്ഷമത പ്രവാഹവേഗത്തിന്റെ നാലാംവര്‍ഗത്തിന് ആനുപാതികമാണ്. നദീ അപരദനത്തിന്റെ ഫലമായി കോടാനുകോടി ടണ്‍ ശിലാദ്രവ്യങ്ങളാണ് ആണ്ടുതോറും സമുദ്രതലങ്ങളിലെത്തുന്നത്. ഇന്ത്യയിലെ നദികള്‍ പ്രതിവര്‍ഷം 600 കോടി ടണ്‍ അവസാദം കടലിലെത്തിക്കുന്നതായി കണക്കാക്കപ്പെടുന്നു.
ഭൂജലം. മഴവെള്ളം അടിഞ്ഞമര്‍ന്നാണ് ഭൂജലം (ground water) രൂപംകൊള്ളുന്നത്. ഭൂമുഖത്താകെയുള്ള വാര്‍ഷികവര്‍ഷപാതത്തിന്റെ പത്തിരട്ടി ഭൂഗര്‍ഭത്തില്‍ ജലരൂപത്തില്‍ തങ്ങിനില്ക്കുന്നുവെന്നനുമാനിക്കപ്പെടുന്നു. ശിലാതലങ്ങളിലുള്ള രന്ധ്രങ്ങള്‍, വിടവുകള്‍ തുടങ്ങിയവയിലൂടെ ഊര്‍ന്നിറങ്ങുന്ന ജലം രാസപ്രവര്‍ത്തനംകൊണ്ടു ശിലാംശങ്ങളെ ധാരാളമായി ലയിപ്പിക്കുന്നു. ധാതുസമ്പൂര്‍ണമായ ഈ ജലം ഉറവുകളും സ്രോതസ്സുകളുമായി ഉപരിതലത്തിലെത്തി താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകുന്നു. ജലത്തിന്റെ ഈ വിലായകസ്വഭാവത്തിന്റെ ഫലമായി ഭൂമിക്കടിയില്‍ വിശാലമായ കിടങ്ങുകളോ വിസ്തൃതങ്ങളായ താഴ്വരകള്‍തന്നെയുമോ സൃഷ്ടിക്കപ്പെടാം. ഇങ്ങനെ സഞ്ചയിക്കപ്പെട്ട ശിലാംശങ്ങള്‍ ദൂരത്തേക്കു വഹിച്ചു നീക്കപ്പെടുന്നു. ചുണ്ണാമ്പു പ്രദേശങ്ങളിലാണ് ഭൂജലത്തിന്റെ പ്രവര്‍ത്തനം സജീവമായി നടക്കുന്നത്. കാര്‍സ്‍ട് സ്ഥലരൂപ(Karst topography)ങ്ങളിലെ വിചിത്രഭൂരൂപങ്ങളൊക്കെയും ഭൂജലത്തിന്റെ അപരദനസൃഷ്ടികളാണ്.
ഓളങ്ങള്‍. സമുദ്രത്തിലെ തിരകളും കായലിലെ ഓളങ്ങളും തടരേഖകളെ അല്പാല്പമായി കാര്‍ന്നെടുക്കുന്നു. വേലാതരംഗങ്ങളും 'സുനാമി' (Tsunami) തുടങ്ങിയ വന്‍തിരകളും തടപ്രദേശത്ത് ദൃശ്യമായ പരിവര്‍ത്തനങ്ങള്‍ വരുത്തുന്നു. കടലാക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ അപരദനം അനേകായിരം മടങ്ങു ശക്തമായിത്തീരും. നദീ അപരദനത്തോളം ശക്തമല്ല സമുദ്രാപരദനം. കരളലിനെ ത്വരിപ്പിക്കുന്ന തിരമാലകള്‍ തന്നെ ചിലപ്പോള്‍ നിക്ഷേപണവും തന്‍മൂലം പ്രതലസൃഷ്ടിയും നിര്‍വഹിക്കുന്നു എന്നതാണ് ഇതിനു കാരണം.
കാറ്റ്. വായുമൂലമുള്ള അപരദനം പ്രഭാവിതമായിക്കാണുന്നത് ശുഷ്കപ്രദേശങ്ങളിലാണ്. അപക്ഷയം, വിശിഷ്യ രാസാപക്ഷയം ഗണ്യമായി നടക്കുന്ന പ്രദേശങ്ങളില്‍ വാതാപരദനം (wind erosion) കൂടുതല്‍ ശക്തിയാര്‍ജിക്കുന്നു. മണല്‍ത്തരികളും ധൂളിയും കലര്‍ന്ന വായു ഊക്കോടെ വീശുമ്പോള്‍ അതിനു മിനുക്കുകടലാസിന്റെ (stand paper) സ്വഭാവമുണ്ടാകുന്നു. ശക്തിയായ ഉരസല്‍കൊണ്ടു കടുപ്പമേറിയ ശിലാശേഖരങ്ങള്‍ക്കുപോലും ജീര്‍ണത വരുത്തുവാന്‍ മണല്‍ക്കാറ്റിനു കഴിയും. എന്നാല്‍ കാറ്റിന്റെ ഗതിയിലെ നിസ്സാരങ്ങളായ പ്രതിബന്ധങ്ങളും നനവുള്ള പ്രദേശങ്ങളും അതിന്റെ അപരദനശക്തിയെ ക്ഷയിപ്പിക്കുന്നു. മലഞ്ചരിവുകളില്‍നിന്നും താഴ്വാരങ്ങളിലേക്കാണ് കാറ്റുമൂലമുള്ള അപരദനം ശക്തമായി കണ്ടുവരുന്നത്.
ഹിമാനി. ഒഴുക്കുവെള്ളത്തോളം തന്നെ ശക്തമായ മറ്റൊരു കാരകമാണ് ഹിമാനി (glacier). ഭൂമുഖത്തെ ഉന്നതപര്‍വത ശിഖരങ്ങളൊക്കെയും മഞ്ഞുകൊണ്ടു മൂടപ്പെട്ടിരിക്കുന്നു. ഗ്രീന്‍ലന്‍ഡിലും അന്റാര്‍ട്ടിക്കയിലുമായി ഇന്നു നിലവിലുള്ള ഹിമപാളികളുടെ വിസ്തീര്‍ണം 1.5 കോടി ച.കി.മീ. ആണെന്നു കണക്കാക്കപ്പെടുന്നു. 10,000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവ ഉത്തര അക്ഷാംശങ്ങളിലെ വന്‍കരാപ്രദേശങ്ങളിലേക്ക് അതിക്രമിച്ച് ഇന്നത്തേതിന്റെ ഇരട്ടി സ്ഥലത്തു വ്യാപിച്ചിരുന്നു. ആല്‍പ്സ്, ഹിമാലയം, റോക്കി, ആന്‍ഡീസ് തുടങ്ങിയ പര്‍വതങ്ങളിന്‍മേല്‍ ഹിമാനികള്‍ ഇഴഞ്ഞുനീങ്ങുന്നതു നിമിത്തം പുതിയ ഭൂരൂപങ്ങള്‍ ഉടലെടുത്തു കാണുന്നു. ചലിക്കുന്ന ഹിമാനിക്ക് ഉയര്‍ന്ന പ്രതിബന്ധങ്ങളെപ്പോലും മറികടന്നുപോകാന്‍ കഴിയും. ഈ ഗതിയില്‍ അവയ്ക്ക് അടിത്തറയിലും പാര്‍ശ്വങ്ങളിലുമുള്ള ശിലാപാളികളെ ഒന്നാകെ തുരന്നും അടര്‍ത്തിയും മാറ്റാനുള്ള ശക്തിയുണ്ട്. വന്‍പിച്ച പാറക്കെട്ടുകളും കുന്നുകളും ഇങ്ങനെ തകര്‍ന്നടിയുന്നു. പൂര്‍വപ്രകൃതിയില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ഭൂദൃശ്യമായിരിക്കും ഹിമാനീകൃതസ്ഥലരൂപങ്ങള്‍(glacial topography)ക്കുണ്ടായിരിക്കുക. വടക്കേ അമേരിക്കയുടെ ഉയര്‍ന്ന അക്ഷാംശപ്രദേശങ്ങളില്‍ ഇത്തരം ഭൂദൃശ്യങ്ങള്‍ സുലഭമാണ്. നോ: ഹിമാനീകൃത സ്ഥലരൂപങ്ങള്‍
അപരദനഫലമായി ഉണ്ടാകുന്ന മണ്ണരിപ്പുമൂലം ചില ഭൂഭാഗങ്ങള്‍ ശരിയായ ആധാരമില്ലാത്തവയായിത്തീരുന്നു. ഈ സ്ഥിതിയില്‍ ഭൂഗുരുതത്തിന്റെ(gravity) ഫലമായി അവ തകര്‍ന്നടിയുന്നു. മണ്ണിടിച്ചില്‍ (land slide), ഉരുള്‍പൊട്ടല്‍ തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്. ചരിവുതലങ്ങളിലെ പൊടിഞ്ഞിളകിയ പൂഴിമണ്ണ് ഊര്‍ന്നിറങ്ങി പുഴപോലെ നീങ്ങുന്നത് (solifluction) മറ്റൊരു ദൃഷ്ടാന്തമാണ്.
ഇളകിയ മണ്ണിലാണ് അപരദനം സുഗമമായി നടക്കുക. പുല്ലും സസ്യങ്ങളും നിബിഡമായി വളരുന്നത് ഈ പ്രക്രിയയെ തടസ്സപ്പെടുത്തുന്നു. കൃഷിസ്ഥലങ്ങളിലാണ് മണ്ണൊലിപ്പു രൂക്ഷമായി അനുഭവപ്പെടുന്നത്. ചരിവുതലങ്ങളിലെ മണ്ണ് ഒന്നാകെ ഒലിപ്പിച്ചു നഗ്നശിലാതലങ്ങളോളമെത്താന്‍ ഒഴുക്കുവെള്ളത്തിനു നന്നേ കുറച്ചു സമയമേ വേണ്ടൂ. തലങ്ങും വിലങ്ങുമായുള്ള ഓടകള്‍ നിറഞ്ഞ വിച്ഛേദിതപ്രവണങ്ങള്‍ (dissected slopes) നിര്‍മിക്കുന്ന ഇത്തരം പ്രക്രിയ (gully erosion) മണ്ണിന്റെ ഫലപുഷ്ടിയില്‍ സാരമായ കുറവു വരുത്തുന്നു. തമിഴ്‍നാട്ടിലെ രാമനാട്, തിരുനെല്‍വേലി, കന്യാകുമാരി എന്നീ ജില്ലകളിലും ഉത്തരേന്ത്യയിലെ ഝാന്‍സി, ഗ്വാളിയര്‍ തുടങ്ങിയ പ്രദേശങ്ങളിലും ഈ രീതിയിലുള്ള മണ്ണൊലിപ്പ് പരിഹാരം കാണാത്ത പ്രശ്നമായി അവശേഷിക്കുന്നു. ഇളകിയ മണ്ണ് വഹിച്ചുനീക്കുന്നതില്‍ അദ്യശ്യമായ പ്രവര്‍ത്തനത്തിലൂടെ കാറ്റും പങ്കുചേരുന്നു.
മേല്‍ വിവരിച്ച തരത്തിലുള്ള അപരദനം വ്യക്തമായ വ്യതിയാനങ്ങളാണ് വരുത്തുന്നതെങ്കിലും ഏറിയകൂറും ഈ പ്രക്രിയ ശ്രദ്ധിക്കപ്പെടാതെപോകുകയാണ് പതിവ്. അദൃശ്യവും അല്പവുമായ ഈ പരിവര്‍ത്തനങ്ങള്‍ മനുഷ്യായുസ്സിന്റെ പരിധിയില്‍ ഒതുങ്ങുന്നവയല്ല; കാലാന്തരങ്ങളിലുള്ള പ്രതലവ്യതിയാനത്തിന് അവ കാരണമാകുകയും ചെയ്യും. അമേരിക്കയില്‍ അപരദനത്തിന്റെ അളവ്, ഇന്നത്തെ രീതിയില്‍ തുടര്‍ന്നാല്‍ വന്‍കരകളെ മുഴുവന്‍ 25 കോടി വര്‍ഷങ്ങളില്‍ ഒലിപ്പിച്ചുകളയാന്‍ പോന്നതാണെന്ന് ഭൂവിജ്ഞാനികള്‍ അനുമാനിക്കുന്നു.
അപരദനം പൊതുവേ വിനാശകാരകമാണ്. എന്നാല്‍ സമാര്‍ജിക്കപ്പെടുന്ന ശിലാംശങ്ങളുടെ നിക്ഷേപണത്തിലൂടെ പുതിയ ഭൂരൂപങ്ങളുടെ നിര്‍മിതിയില്‍ ഇതൊരു സര്‍ഗശക്തിയായി പെരുമാറുന്നു. അപരദനംമൂലം മണ്ണിന്റെ ഫലപുഷ്ടി കുറയുമ്പോള്‍തന്നെ, നിക്ഷേപപ്രദേശങ്ങളില്‍ അത്യധികമായ വളക്കൂറുള്ള എക്കല്‍തലങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. മണ്ണൊലിപ്പ് മൂലം അനാവൃതമാക്കപ്പെട്ട ശിലാതലങ്ങളില്‍ വിലപ്പെട്ട ധാതുനിക്ഷേപങ്ങളും കണ്ടെത്തിയിട്ടുണ്ട്.
(വി.സി. ജേക്കബ്)