This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്ധജനക്ഷേമം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:03, 26 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അന്ധജനക്ഷേമം

അന്ധജനങ്ങള്‍ക്കുവേണ്ടി നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍. അന്ധര്‍ക്ക് പാര്‍പ്പിടം, തൊഴില്‍, വിദ്യാഭ്യാസം എന്നിവ ലഭ്യമാക്കുകയും അവരെ സമൂഹത്തിലെ മറ്റു പൌരന്മാരോടൊപ്പം പ്രയോജനകരമായ ജീവിതം നയിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യേണ്ടത് ഒരു ക്ഷേമരാഷ്ട്രത്തിന്റെ കര്‍ത്തവ്യമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ലോകരാഷ്ട്രങ്ങളെല്ലാംതന്നെ അന്ധജനക്ഷേമത്തിന് ഇന്ന് പ്രാധാന്യം കല്‍പിച്ചിരിക്കുന്നു.


അന്ധരുടെ പ്രശ്നം പണ്ടു മുതല്‍ക്കേ സാമൂഹ്യപരിഷ്ക്കര്‍ത്താക്കളുടെയും മതാചാര്യന്മാരുടെയും ഭരണാധിപന്മാരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നു. മാനവചരിത്രത്തില്‍ വളരെയധികം പ്രാന്തവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗമാണ് അന്ധര്‍. സ്പാര്‍ട്ട, റോം തുടങ്ങി സൈനിക ഭരണകൂടങ്ങളുള്ള രാജ്യങ്ങളിലെല്ലാം അന്ധരായ ശിശുക്കളെ ജനിച്ച ഉടന്‍ നശിപ്പിച്ചുകളഞ്ഞിരുന്നു. റോമില്‍ ഇത്തരം കുട്ടികളെ പുഴയില്‍ ഒഴുക്കികളയുന്നതിനുള്ള പാത്രങ്ങള്‍ വില്‍പനയ്ക്ക് വച്ചിരുന്നു. സ്പാര്‍ട്ടയില്‍ ഒളിമ്പ്യന്‍ മലയില്‍ നിന്നും താഴോട്ട് എറിഞ്ഞാണ് അന്ധശിശുക്കളെ കൊന്നൊടുക്കിയിരുന്നത്. ബുദ്ധദര്‍ശനത്തിന്റെയും, ക്രൈസ്തവ ആശയത്തിന്റെയും പ്രചാരത്തോടുകൂടി കാഴ്ചയില്ലാത്ത ഒരാള്‍ക്ക് ജീവിക്കാനുള്ള അവകാശം നല്‍കപ്പെട്ടു. പള്ളികളുടെയും ക്ഷേത്രങ്ങളുടെയും മുറ്റത്ത് യാചിക്കാനുള്ള അനുവാദവും അവര്‍ക്ക് ഇതോടൊപ്പം ലഭ്യമായി. എന്നാല്‍ മധ്യകാലത്തോടെ തെരുവുകളില്‍ യാചകരുടെ എണ്ണം പെരുകിയതിന്റെ ഫലമായി ഫ്രാന്‍സ്, ബ്രിട്ടണ്‍ തുടങ്ങി പല യൂറോപ്യന്‍ രാജ്യങ്ങളും അഭയകേന്ദ്രങ്ങള്‍ (asylums) ആരംഭിച്ചു. യാചനയുടെ അവസ്ഥയില്‍ നിന്നും വലിയ വ്യത്യാസമൊന്നും ഈ അഭയകേന്ദ്രങ്ങള്‍ കൊണ്ടുവന്നില്ല. 11-ാം ശ.-ത്തില്‍ 'വില്യം ദി കോണ്‍ക്വറര്‍' തന്റെ പാപകര്‍മങ്ങളുടെ പ്രായശ്ചിത്തമായി അന്ധര്‍ക്കുവേണ്ടി ഒരു ആശുപത്രി സ്ഥാപിച്ചു. 1260-ല്‍ ചക്രവര്‍ത്തി ലൂയി IX ഇത്തരമൊരു ആശുപത്രി ഫ്രാന്‍സില്‍ സ്ഥാപിച്ചു.


എന്നാല്‍ ശാസ്ത്രീയമായ അടിസ്ഥാനത്തില്‍ അന്ധജനക്ഷേമപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യപ്പെട്ടത് 18-ാം ശ.-ത്തിലാണ്. വ്യവസായ വിപ്ളവത്തോടെയാണ് കാഴ്ചയില്ലാത്തവര്‍ക്ക് പുതിയ തൊഴില്‍ സാധ്യതകള്‍ ഉയര്‍ന്നു വന്നതും നഷ്ടപ്പെട്ടുകൊണ്ടിരുന്ന മനുഷ്യ വിഭവശേഷിയെക്കുറിച്ച് ലോകം തിരിച്ചറിഞ്ഞതും. വ്യവസായങ്ങള്‍ വളര്‍ന്നപ്പോള്‍ ആവര്‍ത്തനസ്വഭാവമുള്ള പായ്കിങ്, തുന്നല്‍, നെയ്ത്ത് തുടങ്ങിയ ജോലികളില്‍ കാഴ്ചയില്ലാത്തവര്‍ക്ക് അവസരം ലഭിച്ചു തുടങ്ങി.


ലോകമഹായുദ്ധങ്ങളാണ് കാഴ്ചയില്ലാത്തവരുടെ പുനരധിവാസ പ്രക്രിയ ത്വരിതപ്പെടുത്തിയ പ്രധാന ഘടകം. യുദ്ധത്തില്‍ കാഴ്ചനഷ്ടപ്പെട്ട പട്ടാളക്കാര്‍ ലോകമനസാക്ഷിക്കുമുന്നിലെ ചോദ്യചിഹ്നങ്ങളാവുകയും, ഇവരുടെ പുനരധിവാസത്തിനുവേണ്ടി സ്ഥാപനങ്ങള്‍ നിലവില്‍ വരികയും ചെയ്തു. അന്ധര്‍ക്ക് അഭയം നല്‍കുന്നതോടൊപ്പം അവരെ വിദ്യാഭ്യാസം ചെയ്യിക്കാനും കര്‍മപരിപാടികള്‍ ആവിഷ്കൃതമായി. അന്ധര്‍ക്ക് എഴുതുവാനും വായിക്കുവാനും സാധിക്കുന്ന തരത്തിലുള്ള അച്ചടി സമ്പ്രദായങ്ങള്‍ ആവിഷ്ക്കരിക്കുവാന്‍ പലശ്രമങ്ങളും ഉണ്ടായി. 'അന്ധരുടെ പിതാവും മാര്‍ഗദര്‍ശിയും' എന്ന് പില്‍ക്കാലത്ത് പ്രശസ്തി നേടിയ വാലെന്റിന്‍ ഹായു ഫ്രാന്‍സില്‍ ഒരു അന്ധവിദ്യാലയം സ്ഥാപിച്ചു (1784). അന്ധര്‍ക്ക് വായിക്കുവാന്‍ സാധിക്കുന്ന അക്ഷരങ്ങള്‍ ആദ്യമായി കടലാസില്‍ മുദ്രണം ചെയ്യുന്നതിലും ഹായു വിജയിച്ചു. ഹായു വിദ്യാലയത്തിന്റെ വിജയം മറ്റു രാഷ്ട്രങ്ങളെ സ്വാധീനിച്ചു. ക്ഷേമരാഷ്ട്രങ്ങള്‍ മിക്കതും അന്ധവിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ തുടങ്ങി. ലിവര്‍പൂള്‍ (1791), ലണ്ടന്‍ (1799), വിയന്നാ (1805), ബര്‍ലിന്‍ (1806) എന്നിവിടങ്ങളില്‍ അന്ധവിദ്യാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടു. റഷ്യയിലെ സാര്‍ ചക്രവര്‍ത്തി പോള്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ (ഇന്നത്തെ ലെനിന്‍ഗ്രാഡ്) ഒരു അന്ധവിദ്യാലയം സ്ഥാപിച്ചു. 1808-ല്‍ ആംസ്റ്റര്‍ഡാമിലും (നെതര്‍ലാന്‍ഡ്) സ്റ്റോക്ക്ഹോമിലും (സ്വീഡന്‍) 1809-ല്‍ സൂറിച്ചിലും (സ്വീറ്റ്സര്‍ലന്‍ഡ്) ഓരോ അന്ധവിദ്യാലയങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1832-ലാണ് യു.എസ്സില്‍ അന്ധവിദ്യാലയങ്ങള്‍ ആദ്യമായി തുറക്കപ്പെട്ടത്.


അന്ധര്‍ക്ക് എഴുതുവാനും വായിക്കുവാനും ആയി ബ്രെയില്‍ സമ്പ്രദായം നിലവില്‍ വന്നതോടെ (1829) അന്ധജനക്ഷേമത്തിന് ഒരു പുതിയ ദിശാബോധം ലഭിച്ചു. 1837-ല്‍ ഇതിനു ചില പരിഷ്ക്കാരങ്ങള്‍ വരുത്തുകയുണ്ടായി. ബ്രെയില്‍ സമ്പ്രദായത്തോട് സാദൃശ്യമുള്ള ഒരു പദ്ധതി അമേരിക്കയില്‍ വില്യം ബി. വെയിറ്റ് ആവിഷ്കരിച്ചു. പിന്നീട് ജോയല്‍ ഡബ്ള്യു. സ്മിത്ത് ഒരു പുതിയ 'അമേരിക്കന്‍ ബ്രെയില്‍' രീതി കണ്ടുപിടിച്ചു. 1916, 1932, 1957 എന്നീ വര്‍ഷങ്ങളില്‍ ഇതിന് വീണ്ടും പരിഷ്ക്കാരങ്ങള്‍ വരുത്തി. ബ്രെയില്‍ സമ്പ്രദായം സുകരമാക്കുന്നതിന് 1893-ല്‍ ഫ്രാങ്ക് ഹാള്‍ ഒരു സ്റ്റീരിയോ ടൈപ്പിങ് യന്ത്രം സംവിധാനം ചെയ്തു.


അന്ധജനങ്ങള്‍ക്കുവേണ്ടി വിദ്യാലയങ്ങള്‍ തുടങ്ങുന്നതിനു മുന്‍പ് അവര്‍ക്കു വേണ്ട ശിക്ഷണം നല്‍കുന്നതിന് ചില ഉപകരണങ്ങള്‍ ഉണ്ടായിരുന്നു. ആദ്യകാലങ്ങളില്‍ ഇതിന്റെ സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് ശ്രദ്ധിച്ചിരുന്നില്ല. ബ്രെയില്‍ സമ്പ്രദായം പ്രയോഗത്തില്‍ വന്നതോടെ ബ്രെയില്‍ സ്ളേറ്റുകള്‍, ടൈപ്പ്റൈറ്ററുകള്‍ എന്നിവയും ഉണ്ടാക്കി.


പ്രായപൂര്‍ത്തിയായതിനുശേഷം കാഴ്ച നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് പ്രത്യേക സമായോഗ പരിശീലന പദ്ധതികള്‍ ഉണ്ട്. ആപല്‍ഘട്ട പ്രവര്‍ത്തനങ്ങള്‍, സഞ്ചാരശേഷി വികാസം, തൊഴില്‍പഠനം, ബ്രെയില്‍ പഠനം, വൊക്കേഷണനല്‍ ട്രെയിനിങ് തുടങ്ങിയ മേഖലകളില്‍ ഇവര്‍ക്ക് സമഗ്രപരിശീലനം ലഭിക്കുന്ന പക്ഷം മുഖ്യധാരയിലേക്ക് വീണ്ടും എത്തിച്ചേരാവുന്നതേയുള്ളൂ. അന്ധവനിതകള്‍ക്ക് ഗൃഹഭരണം പാചകം, തയ്യല്‍ തുടങ്ങിയവയില്‍ ഊന്നല്‍ നല്‍കിക്കൊണ്ടാണ് പരിശീലനം നല്‍കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ അന്ധരുടെ സ്വതന്ത്രസഞ്ചാരത്തിനായി പരിശീലനം ലഭിച്ച നായ്കളെ ഉപയോഗിക്കുന്ന രീതി നിലവിലുണ്ട്.


ലോകമെമ്പാടുമുള്ള സു. 3 കോടി 80 ലക്ഷം കാഴ്ച വൈകല്യമുള്ളവരില്‍ 89 ലക്ഷവും ഇന്ത്യയിലാണ്. മിസ് ആനി ഷാര്‍പ്പ് 1887-ല്‍ അമൃത്സറില്‍ ഒരു അന്ധ വിദ്യാലയം സ്ഥാപിച്ചതാണ് ഇന്ത്യയിലെ അന്ധജനക്ഷേമത്തിലെ ഒരു നാഴിക കല്ല്. ഇന്ത്യയില്‍ ഇന്ന് 300 അന്ധവിദ്യാലയങ്ങളിലായി 20,000 കുട്ടികള്‍ പഠിക്കുമ്പോള്‍ സംയോജിത വിദ്യാഭ്യാസ (Intergrated Education) മേഖലയില്‍ രണ്ട് ലക്ഷത്തോളം കാഴ്ചവൈകല്യമുള്ള കുട്ടികള്‍ പഠിക്കുന്നു.


1995-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ വികലാംഗ നിയമം (PWD ACT) ഇന്ത്യയിലെ വികലാംഗരുടെ മാഗ്നാകാര്‍ട്ട എന്നറിയപ്പെടുന്നു. ഇത് പ്രകാരം സര്‍ക്കാര്‍ ജോലികളിലും, വിദ്യാഭ്യാസസ്ഥാപനങ്ങളിലും 3 ശതമാനം സംവരണം വികലാംഗര്‍ക്കു ലഭിക്കുന്നതില്‍ 1 ശതമാനം അന്ധര്‍ക്കായി മാറ്റിവച്ചിരിക്കുന്നു. ഈ നിയമം വികലാംഗര്‍ക്കുനേരെയുള്ള ഏതൊരു വിവേചനവും ശക്തമായി വിലക്കുന്നതോടൊപ്പം പൂര്‍ണമായ പങ്കാളിത്തവും തുല്യഅവസരവും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. എല്ലാ സംസ്ഥാനങ്ങളിലും വികലാംഗ കമ്മിഷണര്‍മാരും കേന്ദ്രത്തില്‍ ചീഫ് കമ്മീഷണറും വികലാംഗ നിയമം നടപ്പിലാക്കുവാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു. 1992ല്‍ നിലവില്‍വന്ന ആര്‍.സി.ഐ. ആക്ട് അനുസരിച്ച് റീഹാബിലിറ്റേഷന്‍ കൌണ്‍സില്‍ ഒഫ് ഇന്ത്യ നിലവില്‍ വരികയും ഇന്ത്യയിലെ വികലാംഗ ക്ഷേമരംഗത്ത് മാനവവിഭവശേഷി വികസിപ്പിക്കുന്നതിന് നേതൃത്വം നല്‍കുകയും ചെയ്യുന്നു.


1943-ല്‍ ഡെറാഡൂണില്‍ സര്‍ ക്ളൂത്ത മെക്കന്‍സി (Sir.Clutha Mackenzie) സ്ഥാപിച്ച സെന്റ് ഡണ്‍സ്റ്റന്‍സ് ഹോസ്റ്റല്‍ ഫോര്‍ വാര്‍ ബ്ളൈന്റഡ് (St.Dunstan's Hostel for War Blinded) എന്ന സ്ഥാപനം പില്‍ക്കാലത്ത് കേന്ദ്രഗവണ്‍മെന്റ് ഏറ്റെടുത്ത് ഒരു ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടായി (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി വിഷ്വലി ഹാന്റികാപ്പ്ഡ്) വികസിപ്പിച്ചു. 1948-ല്‍ ഇതോടനുബന്ധിച്ച് ഒരു മാതൃകാ അന്ധവിദ്യാലയവും 1951-ല്‍ നാഷനല്‍ ബ്രയില്‍ പ്രസ്സും 1954-ല്‍ പഠനോപകരണങ്ങള്‍ നിര്‍മ്മിക്കുന്ന യന്ത്രശാലയും സ്ഥാപിച്ചു. ദേശീയ അടിസ്ഥാനത്തില്‍, ആവശ്യമായ പഠനോപകരണങ്ങളും ബ്രയില്‍ പുസ്തകങ്ങളും മറ്റും തയ്യാറാക്കുന്നത് ഈ സ്ഥാപനമാണ്. പ്രായപൂര്‍ത്തിയായ അന്ധര്‍ക്കുള്ള പരിശീലനകേന്ദ്രം (Training Center for the Adult Blind) ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നു. അന്ധവിദ്യാലയ അധ്യാപക പരിശീലനകേന്ദ്രങ്ങള്‍ രാജ്യവ്യാപകമായി ഈ സ്ഥാപനം നടത്തിവരുന്നു. ഈ മേഖലയിലെ ഗവേഷണം, ദേശീയ അടിസ്ഥാനത്തിലുള്ള സെമിനാറുകള്‍, പരിശീലന കോഴ്സുകള്‍ തുടങ്ങിയവ ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പെടുന്നു.


സംഘടനകള്‍. കാഴ്ചയില്ലാത്തവരുടെ ക്ഷേമരംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകള്‍ ഇന്ത്യയിലുണ്ട്. നാഷനല്‍ ഫെഡറേഷന്‍ ഒഫ് ദ് ബ്ളൈന്റ്, ന്യൂഡല്‍ഹി; ഓള്‍ ഇന്ത്യാ കോണ്‍ഫെഡറേഷന്‍ ഒഫ് ദ് ബ്ളൈന്റ്, ഡല്‍ഹി; നാഷനല്‍ അസോസിയേഷന്‍ ഫോര്‍ ദ് ബ്ളൈന്റ്, മുംബൈ; ബ്ളൈന്റ് പീപ്പിള്‍സ് അസോസിയേഷന്‍, അഹമ്മദാബാദ്; കേരളാ ഫെഡറേഷന്‍ ഒഫ് ദ് ബ്ളൈന്റ്, തിരുവനന്തപുരം തുടങ്ങിയവയാണ് ഇവയില്‍ പ്രധാനം.


സ്ഥാപനങ്ങള്‍. അന്ധരുടെ വിദ്യാഭ്യാസ-പുനരധിവാസ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ലോകപ്രശസ്തങ്ങളായ സ്ഥാപനങ്ങളാണ് അമേരിക്കന്‍ ഫൌണ്ടേഷന്‍ ഫോര്‍ ദ് ബ്ളൈന്റ്, അമേരിക്കന്‍ പ്രിന്റിങ് ഹൌസ് ഫോര്‍ ദ് ബ്ളൈന്റ്, പെര്‍ക്കിന്‍സ് സ്കൂള്‍ ഫോര്‍ ദ് ബ്ളൈന്റ് യു.എസ്.എ., ഇംഗ്ളണ്ടിലെ റോയല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ് ബ്ളൈന്റ്, ജര്‍മനിയിലെ ക്രിസ്റ്റഫര്‍ ബ്ളിന്റന്‍ മിഷന്‍ തുടങ്ങിയവ. ഇന്ത്യയിലെ പ്രധാന സ്ഥാപനങ്ങള്‍ - നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ് വിഷ്വലി ഹാന്റികാപ്പ്ഡ് ഡെറാഡൂണ്‍, ഇന്‍ര്‍നാഷണല്‍ ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് സെന്റര്‍ - കോയമ്പത്തൂര്‍, ബ്ളൈന്റ് പീപ്പിള്‍സ് അസോസിയേഷന്‍ അഹമ്മദാബാദ് മുതലായവ.


സാമൂഹ്യാധിഷ്ഠിത പുനരധിവാസം (Community Based Rehabilitation). 1970-കള്‍ക്ക് ശേഷം ആഗോള തലത്തില്‍ സ്ഥാപനങ്ങളെ അടിസ്ഥാനമാക്കിയുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളോട് (Institution based rehabilitation) എതിര്‍പ്പ് പ്രകടമായി തുടങ്ങി. വികസ്വര രാഷ്ട്രങ്ങളില്‍ 87 ശ.മാ. വികലാംഗരും ഗ്രാമീണ മേഖലയിലാണ് ജീവിക്കുന്നത്. ഇവരുടെ പുനരധിവാസം ഉറപ്പു വരുത്തുന്നതിന് അവര്‍ ജീവിക്കുന്ന സാഹചര്യങ്ങളില്‍ തന്നെ അവസരം ഒരുക്കുന്നതിന് വേണ്ടിയാണ് സാമൂഹ്യാധിഷ്ഠിത പുനരധിവാസ പദ്ധതി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ആരംഭിച്ചത്.


ഇന്ത്യയില്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളും കൂട്ടമായി പ്രവര്‍ത്തിച്ച് ഈ പദ്ധതി വിജയിപ്പിക്കുന്നതിന് വേണ്ട മാനവ വിഭവശേഷിയും സാമ്പത്തിക സഹായവും ഉപകരണങ്ങളും ലഭ്യമാക്കിവരുന്നു. 1985 മുതല്‍ ജില്ലകള്‍ തോറും പുനരധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു വരുന്നു.


ഈ കേന്ദ്രങ്ങളിലൂടെ വികലാംഗരുടെ രജിസ്ട്രേഷന്‍ നടത്തുകയും അവര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ നല്‍കുകയും സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നു. നോ: അന്ധജന വിദ്യാഭ്യാസം, അന്ധത

(കെ. സത്യശീലന്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍