This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്താരാഷ്ട്രീയോദ്ഗ്രഥനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:37, 25 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അന്താരാഷ്ട്രീയോദ്ഗ്രഥനം

International Integration

രാഷ്ട്രീയ-സാമ്പത്തികതലങ്ങളിലെ ഭിന്നതകള്‍ അവസാനിപ്പിച്ച് പല രാഷ്ട്രങ്ങള്‍ ഒന്നിച്ചുചേരുന്ന പ്രക്രിയയും തത്ഫലമായുളവാകുന്ന സംശ്ളിഷ്ടഭാവവുമാണ് അന്താരാഷ്ട്രീയോദ്ഗ്രഥനം. രാഷ്ട്രങ്ങളുടെ സ്വയംഭരണസ്വഭാവം ഈ സംയോജനത്തോടെ മിക്കവാറും ഇല്ലാതാകുന്നു എന്നാണ് സിദ്ധാന്തം. വംശങ്ങളും വര്‍ഗങ്ങളും ട്രേഡ് യൂണിയനുകളും രാഷ്ട്രീയകക്ഷികളും മറ്റും തമ്മിലടുത്ത്, വൈജാത്യങ്ങള്‍ മറന്ന് സഹകരിച്ച്, കൂടുതല്‍ ശക്തിയാര്‍ജിക്കാറുണ്ട്. എന്നാല്‍ പരമാധികാര രാഷ്ട്രങ്ങള്‍ക്കുതമ്മില്‍ ചില പൊതുകാര്യങ്ങളിലൊഴിച്ച്, ആത്യന്തികമായ സംയോജനം ഉണ്ടാകുക വിഷമമാണ്. ചില സാമ്പത്തിക രാഷ്ട്രീയ വൈഷമ്യങ്ങളില്‍നിന്നു മുക്തി നേടുന്നതിനും സ്വന്തം വ്യക്തിത്വത്തെ ഉയര്‍ത്തുന്നതിനുംവേണ്ടി സ്വായത്തമാക്കിയ ശക്തിയുടെ ചില അംശങ്ങള്‍ ഒരു കേന്ദ്രാധികാരത്തിന് അടിയറവയ്ക്കുന്നു എന്നതാണ് ഈ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഉദ്ഗ്രഥനത്തിന്റെ മൌലികസ്വഭാവം. വൈജാത്യങ്ങളും ദേശപരമായ വ്യക്തിത്വവും വിസ്മരിച്ച് സ്വമേധയാ നടക്കുന്ന സംയോജനത്തിലൂടെ മാത്രമേ ശരിയായ ഉദ്ഗ്രഥനം സാധ്യമാകുകയുള്ളു. സമ്മര്‍ദംകൊണ്ടും ബലപ്രയോഗംകൊണ്ടും സാധ്യമാകുന്നതല്ല ഇത്. ആക്രമിച്ചു കീഴടക്കിയ രാഷ്ട്രങ്ങളെ ഒരുമിച്ചുചേര്‍ത്ത് ഒരു ബൃഹദ്രാഷ്ട്രം ഉണ്ടാക്കാമെങ്കിലും, അവിടെ നൈയാമികമായ ഉദ്ഗ്രഥനം കൈവരുത്തുക പ്രയാസമാണ്. അതുകൊണ്ട്, സമാധാനപരമായി സംഭവിക്കുന്ന ഒരു ആന്തരികപരിണാമമാണ് അന്താരാഷ്ട്രീയോദ്ഗ്രഥനം എന്നു പറയാം.


പ്രാദേശികോദ്ഗ്രഥനം. ഉദ്ഗ്രഥനത്തെ പ്രാദേശികമെന്നും അന്താരാഷ്ട്രപരമെന്നും രണ്ടായി തിരിക്കാം. ഏതെങ്കിലും ഭൂപരമായ മേഖലയ്ക്കുള്ളില്‍ ഒന്നിലധികം രാഷ്ട്രങ്ങള്‍ സഹകരിച്ച് ആഭ്യന്തര വിദേശനയങ്ങള്‍ ഒരു കേന്ദ്രത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുമ്പോള്‍ അത് പ്രാദേശികോദ്ഗ്രഥനമാകുന്നു. മേഖലാധിഷ്ഠിതമല്ലാതെ ലോകരാഷ്ട്രങ്ങള്‍ക്കൊന്നിച്ചുനിന്നു പ്രവര്‍ത്തിക്കുന്നതിനുള്ള ഒരു സാഹചര്യമാണ് അന്താരാഷ്ട്രീയോദ്ഗ്രഥനംകൊണ്ടു സാധിക്കുന്നത്. അമേരിക്കന്‍ കോളനികള്‍ വിപ്ളവത്തിലൂടെ നേടിയത് പ്രാദേശികോദ്ഗ്രഥനമാണ്. രണ്ടാംലോകയുദ്ധാനന്തരം ഉണ്ടായ മേഖലാസഖ്യങ്ങള്‍ (അറബിലീഗ്, സെന്റൊ, നാറ്റൊ, വാഴ്സാ എന്നീ സഖ്യങ്ങള്‍) പ്രാദേശികോദ്ഗ്രഥനത്തിന് ഉദാഹരണങ്ങളാണ്.


ദേശരാഷ്ട്രങ്ങളുടെ സമാധാനപരമായ സംയോജനത്തിലൂടെ പുരാതനകാലം മുതല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രാദേശികോദ്ഗ്രഥനം നടന്നിട്ടുണ്ട്. ഫെഡറേഷന്‍, ലീഗ്, സഖ്യം എന്നിങ്ങനെ പല പേരിലും ഈ പ്രക്രിയ നടന്നതായി കാണാം. രാഷ്ട്രീയവും സാമ്പത്തികവുമായ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് പ്രധാനമായും ഈ സംയോജനങ്ങള്‍ സാധിച്ചിട്ടുള്ളത്. പ്രതിരോധമാണ് ലക്ഷ്യമെങ്കില്‍, യുദ്ധഭീഷണി മാറുന്നതോടെ ഈ ഉദ്ഗ്രഥനത്തിന്റെ അടിസ്ഥാനം ഇല്ലാതാകുന്നു. സാമ്പത്തികപുരോഗതിയാണ് ലക്ഷ്യമെങ്കില്‍ പരാധീനത മാറുന്നതോടെ മേഖലാസംയോജനം മാര്‍ഗതടസ്സമായി അംഗരാഷ്ട്രങ്ങള്‍ക്ക് അനുഭവപ്പെടാന്‍ തുടങ്ങും.


രണ്ടാം ലോകയുദ്ധത്തിനുശേഷം ഇത്തരം പ്രാദേശികസംയോജനശ്രമങ്ങള്‍ ലോകത്തെങ്ങും വര്‍ധിച്ച തോതില്‍ നടന്നു. വ്യക്തിജീവിതത്തിന്റെ ഓരോ തലത്തിലും ഭരണകൂടങ്ങള്‍ ആധിപത്യം ചെലുത്താന്‍ തുടങ്ങിയതോടെ വ്യവസായം, വാണിജ്യം, സാങ്കേതികവിദ്യ, സാമൂഹികപ്രവര്‍ത്തനം, ആരോഗ്യം, തൊഴില്‍ തുടങ്ങിയ രംഗങ്ങളില്‍ കൂട്ടുപ്രവര്‍ത്തനം സാധിക്കുമോ എന്ന് പല രാജ്യങ്ങളും ആരായാന്‍ തുടങ്ങി. തത്ഫലമായി പല അന്താരാഷ്ട്ര സംഘടനകളും യൂറോപ്പിലും ആഫ്രിക്കയിലും അമേരിക്കയിലും ഏഷ്യയിലും ഉടലെടുത്തു (നോ: അന്താരാഷ്ട്ര സംഘടനകള്‍). ഈ അന്താരാഷ്ട്രസംഘടനകളെല്ലാം ചില പ്രത്യേക സാഹചര്യങ്ങളില്‍, ചില പ്രത്യേകാവശ്യങ്ങള്‍ സാധിക്കുവാന്‍വേണ്ടി രൂപവത്കരിക്കപ്പെട്ടവയാണ്. പ്രാദേശികമായ ഉദ്ഗ്രഥനത്തെക്കാള്‍ അവ പ്രാമാണികമായി ലോകത്തെ വിഭജിക്കുകയാണ് ചെയ്തിട്ടുള്ളത് എന്നൊരു വാദഗതിയുമുണ്ട്.


രാഷ്ട്രീയവും സാമ്പത്തികവുമായ പൊതുകര്‍മപദ്ധതികള്‍ സ്വീകരിച്ച് ഉദ്ഗ്രഥനത്തിനൊരുമ്പെടുന്ന രാഷ്ട്രങ്ങളുടെ സൈന്യ ശക്തിയും സാമ്പത്തികശേഷിയും ഭരണവ്യവസ്ഥയും അനുസരിച്ചിരിക്കും സംഘടനയുടെ പ്രവര്‍ത്തനവും വിജയവും. വ്യത്യസ്തരീതിയിലുള്ള രാഷ്ട്രങ്ങള്‍ക്കു സ്വരൈക്യവും മാനസികൈക്യവും സാധിക്കുവാന്‍ പ്രയാസമാണ്.


അന്താരാഷ്ട്രീയോദ്ഗ്രഥനം. അന്താരാഷ്ട്രീയോദ്ഗ്രഥനം പ്രാദേശികോദ്ഗ്രഥനത്തെക്കാള്‍ ദുഷ്കരമാണ്. കേവലം നാമമാത്രമായ ഒരു സംയോജനം കാണപ്പെടുന്നത് ഐക്യരാഷ്ട്രസംഘടനയിലും അതിന്റെ അവാന്തരവിഭാഗങ്ങളിലും ഒത്തുപ്രവര്‍ത്തിക്കുന്ന രാഷ്ട്രങ്ങള്‍ക്കിടയിലാണ്. ഒരു കേന്ദ്രശക്തിക്കു സ്വന്തം സ്വായത്തശക്തി ഒഴിഞ്ഞുകൊടുത്തുകൊണ്ടുള്ള ഉദ്ഗ്രഥനമൊന്നും ഈ സംഘടനയിലൂടെ സംജാതമാകുന്നില്ല. രാഷ്ട്രങ്ങള്‍ക്കുമുകളില്‍ വര്‍ത്തിക്കുന്ന ഒരതിരാഷ്ട്രവുമല്ല അത്. അതിന്റെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ അംഗരാഷ്ട്രങ്ങള്‍ ബാധ്യസ്ഥരാണെങ്കിലും, സ്വീകരിക്കാതിരുന്നാല്‍ നിര്‍ബന്ധിച്ച് അനുസരിപ്പിക്കുന്നതിനുള്ള കഴിവ് അതിനില്ല.


എങ്കിലും 'വിശ്വമാനവസമുദായം' എന്ന ഒരു സങ്കല്പം നിലവില്‍ വന്നിട്ടുള്ളത് ഈ അന്താരാഷ്ട്രീയോദ്ഗ്രഥനത്തിന്റെ ഫലമായിട്ടാണ്. പല അന്താരാഷ്ട്ര സഹകരണമേഖലകളിലൂടെയും ഈ സങ്കല്പം യാഥാര്‍ഥ്യമായി അനുഭവപ്പെടുന്നുമുണ്ട്. അന്താരാഷ്ട്രതൊഴില്‍സംഘടന, ലോകാരോഗ്യസംഘടന, ലോകബാങ്ക്, യുനെസ്കോ തുടങ്ങിയ സംഘടനകള്‍ക്കു ലോകജനതയെ യോജിപ്പിക്കുന്നതിന് ഒരളവുവരെ സാധിച്ചിട്ടുണ്ട്. മനുഷ്യന്‍ ഗ്രഹാന്തരയാത്ര നടത്തുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ഈ അന്താരാഷ്ട്രവ്യവസ്ഥയുടെ വ്യാപ്തി വീണ്ടും വര്‍ധിച്ചിരിക്കുന്നു.


പ്രശ്നങ്ങള്‍. പ്രാദേശികോദ്ഗ്രഥനം അഥവാ മേഖലോദ്ഗ്രഥനം കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നു. വാസ്തവത്തില്‍ ഇവിടെ ഉദ്ഗ്രഥനമാണോ പ്രത്യുത സഹകരണമാണോ സംഭവിക്കുന്നതെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.


ഭൂപരമായി അടുത്തുകിടക്കുന്ന രാഷ്ട്രങ്ങള്‍ വിദേശകാര്യങ്ങളിലും സാമ്പത്തികകാര്യങ്ങളിലും പരസ്പരം ബന്ധപ്പെട്ടുണ്ടാകുന്ന ഒരു രാഷ്ട്രസഖ്യമാണ്, മേഖലോദ്ഗ്രഥനംകൊണ്ട് അര്‍ഥമാക്കപ്പെടുന്നത്. ഭരണകൂടങ്ങളുടെ സവിശേഷസ്വഭാവംകൊണ്ടോ, ജനങ്ങളുടെ ജീവിതരീതികളിലുള്ള വൈജാത്യങ്ങള്‍കൊണ്ടോ, ആശയങ്ങളിലുള്ള വൈരുധ്യങ്ങള്‍കൊണ്ടോ, ചരിത്രപരമായ മറ്റു സവിശേഷതകള്‍ നിമിത്തമോ ഈ നാടുകള്‍ തമ്മില്‍ ഇണക്കമോ പിണക്കമോ എന്താണു നിലനില്ക്കുന്നത് എന്ന കാര്യം ഈ മേഖലാബന്ധത്തെ ബാധിക്കുന്നില്ല. മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ ഓരോ ഘടകരാഷ്ട്രത്തിന്റെയും സാമ്പത്തികനിലയെയും വിദേശനയത്തെയും സാരമായി ബാധിക്കുന്നതുകൊണ്ട് രാജ്യരക്ഷാപരമായ നിലനില്പിന് കൂട്ടുകെട്ടുകള്‍ സഹായകമാകും എന്നതാണ് മേഖലാസമ്പ്രദായത്തിന്റെ അടിസ്ഥാനം. മേഖലാതീതമായ താത്പര്യങ്ങള്‍ ചില അംഗങ്ങള്‍ക്ക് ഉണ്ടാവാമെങ്കിലും ഭൂപരമായ അവയുടെ കിടപ്പ് മുഖ്യമായും വിദേശകാര്യങ്ങളില്‍ പ്രാദേശികതാത്പര്യങ്ങളോടടുത്തു നില്ക്കാന്‍ അവയെ പ്രേരിപ്പിക്കുന്നുണ്ട്.


അംഗരാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ വിലയിരുത്തുമ്പോഴാണ് മേഖലാരാഷ്ട്രീയത്തിലെ അസ്ഥിരത ബോധ്യപ്പെടുന്നത്. ഘടകരാഷ്ട്രങ്ങള്‍ സ്വായത്താധികാരം അവയ്ക്കു മുകളിലുള്ള ശക്തിക്ക് ഭാഗികമായെങ്കിലും ഒഴിഞ്ഞുകൊടുക്കണമെന്നത് ഉദ്ഗ്രഥനത്തിന്റെ ഒരാവശ്യമാണ്. എന്നാല്‍ സാമ്പത്തിക സാമൂഹിക സൈനികരാഷ്ട്രീയ കാര്യങ്ങളില്‍ സൌകര്യാര്‍ഥം സഹകരണം നേടുക എന്നതില്‍ കവിഞ്ഞ പ്രക്രിയയൊന്നും ഇവിടെ നടക്കുന്നില്ല. പണ്ഡിതന്മാര്‍ സൈനികസഖ്യങ്ങളെയും സാമ്പത്തികസമൂഹങ്ങളെയും അന്താരാഷ്ട്രസംഘടനകളെയും എങ്ങിനെ വ്യാഖ്യാനിച്ചാലും രാഷ്ട്രങ്ങളുടെ ദേശീയസ്വഭാവത്തില്‍ മാറ്റമൊന്നും വരികയില്ല.


ഒരേ മേഖലയില്‍തന്നെ സഖ്യരാഷ്ട്രങ്ങളുടെ ആഭ്യന്തരവിദേശനയങ്ങളെ താരതമ്യപ്പെടുത്തിയാലും വൈജാത്യവൈരുധ്യങ്ങള്‍ വ്യക്തമാകും. പശ്ചിമയൂറോപ്യന്‍ കമ്യൂണിറ്റിയിലേതായാലും, ലാറ്റിന്‍-അമേരിക്കന്‍ രാഷ്ട്രസഖ്യത്തിലേതായാലും, അറബി ലീഗിലേതായാലും അംഗരാഷ്ട്രങ്ങളുടെ അംഗീകൃതതാത്പര്യങ്ങളും ഉദ്ദേശ്യ ലക്ഷ്യങ്ങളും തുലോം വിഭിന്നങ്ങളാണ്. സാധര്‍മ്യങ്ങളെക്കാള്‍ വൈരുധ്യങ്ങളും പരസ്പരരൈക്യത്തേക്കാള്‍ വിഭാഗീയതകളും ഇവര്‍ തമ്മിലുള്ള ബന്ധങ്ങളില്‍ തെളിഞ്ഞുകാണാം.


മേല്പറഞ്ഞ പ്രാദേശികോദ്ഗ്രഥനശ്രമങ്ങളില്‍ ഒരു സുനിശ്ചിതഘടകമെന്നനിലയില്‍ വന്‍ശക്തികളുടെ സ്വാധീനത കാണപ്പെടുന്നു. ഇതിന്നര്‍ഥം, ഓരോ മേഖലയിലേയും രാഷ്ട്രങ്ങളുടെ ആഭ്യന്തരതാത്പര്യങ്ങളും പൊതുലക്ഷ്യങ്ങളും നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കു വന്‍ശക്തികള്‍ കൈയ്യടക്കിവച്ചിരിക്കുന്നു എന്നാണ്. അത്രത്തോളം അന്താരാഷ്ട്രീയോദ്ഗ്രഥനം കൃത്രിമമായിത്തീരുന്നു. ഉള്ളില്‍നിന്നുള്ള പ്രേരണകൊണ്ടുണ്ടാകുന്നതല്ലാതെ പുറമേനിന്ന് അടിച്ചേല്പ്പിക്കപ്പെടുന്നത് ഉദ്ഗ്രഥനമല്ല, മറിച്ച് ചെറുകിടക്കാര്‍ക്കു വന്‍കിടക്കാര്‍ നല്കുന്ന സൌജന്യമാണ്.


മേഖലാരാഷ്ട്രീയത്തില്‍ വന്‍ശക്തികള്‍ പങ്കാളികളാകുന്നത് രണ്ടുതരത്തിലാണ്: ഒന്ന്, രാഷ്ട്രീയപ്രാധാന്യമുള്ള പങ്കാളിത്തം; രണ്ട്, രാഷ്ട്രീയപ്രാധാന്യമില്ലാത്ത പങ്കാളിത്തം. സാമ്പത്തികവിഭവസഹായം, വാണിജ്യസൌകര്യം, മൂലധനമിറക്കല്‍, സാംസ്കാരികസാമൂഹികപ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെയാണ് രണ്ടാമത്തെ പങ്കാളിത്തം സാധിതമാക്കുന്നത്. രാഷ്ട്രീയോദ്ദേശ്യത്തോടുകൂടിയാകാമെങ്കിലും ഈ പങ്കാളിത്തം ശക്തിസമീകരണത്തിനുവേണ്ടിയുള്ളതല്ല; സഹകരണത്തിലൂടെ പ്രത്യേകപദവി നേടാനുള്ള ഒരു ശ്രമം മാത്രമാണ്.


ആദ്യത്തേതാവട്ടെ, രാഷ്ട്രീയോദ്ദേശ്യത്തോടുകൂടി ശക്തിസമീകരണത്തിനുവേണ്ടി വന്‍ശക്തികള്‍ ചെറുരാഷ്ട്രങ്ങള്‍ക്കു നല്കുന്ന സഹായമാണ്. ഈ പങ്കാളിത്തത്തിന്റെ പ്രകാശനം പ്രത്യേകാവകാശങ്ങള്‍ ഉറപ്പിച്ചുകൊണ്ടോ കോളനി സ്ഥാപിച്ചുകൊണ്ടോ സൈനികസാമ്പത്തികസഹായം നല്കിക്കൊണ്ടോ ആകാം. സൈനികസഖ്യത്തിലൂടെ ഒരു മേഖലയില്‍ പുതിയൊരു ശക്തികേന്ദ്രീകരണം നടത്തി ഒരു വന്‍ശക്തി പുറത്തുനിന്നും പ്രവേശിക്കുമ്പോള്‍ മറ്റു വന്‍ശക്തികളും ഇതേപടി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കും എന്നുള്ളതുകൊണ്ട് സംഘര്‍ഷാവസ്ഥ മുമ്പുണ്ടായിരുന്നതിനേക്കാള്‍ കുറയുന്നില്ല. ഫലത്തില്‍, ഇത്തരം സഹായസഹകരണങ്ങള്‍കൊണ്ട് ഒരു മേഖലയിലെ രാഷ്ട്രങ്ങള്‍ക്കു സുരക്ഷിതത്വബോധം വര്‍ധിക്കുന്നുമില്ല. മധ്യേഷ്യയിലും പശ്ചിമയൂറോപ്പിലും പൂര്‍വയൂറോപ്പിലും ദക്ഷിണേഷ്യയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉദ്ഗ്രഥനപരിപാടികളുടെ അടിസ്ഥാനം ഈ ശക്തിരാഷ്ട്രീയം (Power Politics) ആണെന്നുള്ളതിനു സംശയമില്ല.


ഉദ്ഗ്രഥനത്തെക്കാള്‍ ബാഹ്യമായ ഒരു ബന്ധദാര്‍ഢ്യം മാത്രമാണ് ചില രാഷ്ട്രങ്ങളില്‍ കാണുന്നത്. ഓരോ രാഷ്ട്രത്തിലേയും രാഷ്ട്രീയബന്ധങ്ങളെ വിലയിരുത്തുമ്പോള്‍ ഉദ്ഗ്രഥനംകൊണ്ട് ഉദ്ദേശിക്കേണ്ടത് അധികാരപ്രയോഗത്തെ സംബന്ധിച്ച വിശാലമായ ബോധം ജനങ്ങളില്‍ ഉളവാക്കി, സങ്കുചിതപ്രാദേശികമനോഭാവത്തെ കീഴ്പ്പെടുത്തുകയോ ദൂരീകരിക്കുകയോ ചെയ്യുക എന്നതാണ്. അന്താരാഷ്ട്രബന്ധങ്ങളില്‍ ബന്ധരാഷ്ട്രങ്ങളുടെ വ്യത്യസ്തവ്യക്തിത്വം പരമാധികാരം രൂപംകൊള്ളുന്ന പ്രക്രിയയെയാണ് പ്രതിനിധാനം ചെയ്യേണ്ടത്. എന്നാല്‍ വാസ്തവത്തില്‍ ഉദ്ഗ്രഥനം അന്താരാഷ്ട്രബന്ധങ്ങളില്‍ ഉണ്ടാകുന്നില്ല; സംഭവിക്കുന്നത് കെട്ടുറപ്പ് (cohesion) മാത്രമാണ്. സമീപരാഷ്ട്രങ്ങളുടെ ലക്ഷ്യങ്ങള്‍ക്കുതമ്മില്‍ ഏകീഭാവം ഉണ്ടാകുമ്പോള്‍ അവ കൂടുതല്‍ അടുത്തുപ്രവര്‍ത്തിക്കുകയും വൈരുധ്യങ്ങള്‍ ആകാവുന്നിടത്തോളം ഇല്ലാതാകുകയും ചെയ്യുന്നു; പൊതുവായ അപായബോധം ഇവയെ ഒന്നായി നില്ക്കാന്‍ പ്രേരിപ്പിക്കുന്നു. എന്നാല്‍ ഇപ്രകാരം അടുക്കുന്നതുകൊണ്ട് ഇവയുടെ വ്യക്തിത്വം തെളിയുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഇവര്‍ തമ്മില്‍ യോജിപ്പുണ്ടാകുമെങ്കിലും സംയോജനം നടക്കുന്നില്ല. മേഖലയിലെ പ്രധാന രാഷ്ട്രങ്ങള്‍തമ്മില്‍ യുദ്ധമുണ്ടാകുകയില്ല എന്ന ഒരുറപ്പുമാത്രമാണ് ഉദ്ഗ്രഥനംകൊണ്ട് സാധിക്കുന്നത്. ഉദ്ഗ്രഥനംകൊണ്ടുദ്ദേശിക്കപ്പെടുന്നത് ഘടകരാഷ്ട്രങ്ങളുടെ വെവ്വേറെയുള്ള പരമാധികാരം ഒരു കേന്ദ്രത്തിന് ഒഴിഞ്ഞുകൊടുക്കലാണെങ്കിലും, സാധിച്ചുകാണുന്നത് പരമാധികാരത്തെ ശക്തിപ്പെടുത്തുന്നതിനുവേണ്ടി പുറം കാര്യങ്ങളില്‍ യോജിച്ചുപ്രവര്‍ത്തിക്കുക എന്നതാണ്.

പരമാധികാരത്തിന്റെ പരിധി ചുരുങ്ങാനിടവരുമെന്നു കാണുമ്പോഴേല്ലാം ഉദ്ഗ്രഥന പ്രക്രിയയ്ക്ക് ഉലച്ചില്‍ ഉണ്ടായിട്ടുണ്ട്; അഥവാ, ഉദ്ഗ്രഥനഫലമായുളവാകുന്ന കേന്ദ്രശക്തി ഏതെങ്കിലും വിധത്തില്‍ ഘടകരാഷ്ട്രത്തിന്റെ പരമാധികാരത്തിനുള്ളില്‍ കടക്കാന്‍ ശ്രമിച്ചാല്‍ അതു ശിഥിലീകരണത്തിലേ കലാശിക്കുകയുള്ളു.

അന്താരാഷ്ട്ര-രാഷ്ട്രതന്ത്രവും ഉദ്ഗ്രഥനവും. അന്താരാഷ്ട്ര-രാഷ്ട്രതന്ത്രത്തില്‍ ഉദ്ഗ്രഥനം എന്ന പ്രതിഭാസം കാണപ്പെടുന്നുണ്ടെങ്കിലും അതിന്റെ പരിമിതി വളരെ വ്യക്തമാണ്. അന്താരാഷ്ട്രീയോദ്ഗ്രഥനമായാലും പ്രാദേശികോദ്ഗ്രഥനമായാലും സംഘടിക്കുന്ന രാഷ്ട്രങ്ങളുടെ പരമാധികാരത്തിനു പുറത്തുമാത്രമേ അതിന്റെ പ്രവര്‍ത്തനമണ്ഡലം വ്യാപരിക്കുന്നുള്ളു.


ഉദ്ഗ്രഥനത്തിനുവേണ്ടിയുള്ള ഒരു സംരംഭത്തിലും ദേശീയത വഴിമാറികൊടുത്തതായി കാണുകയില്ല. കൌണ്‍സില്‍ ഒഫ് യൂറോപ്പ് നിലവില്‍വന്നെങ്കിലും നിയമനിര്‍മാണത്തിനോ നിയമപാലനത്തിനോ അതിനര്‍ഹതയുണ്ടായിരുന്നില്ല. യൂറോപ്യന്‍ ഐക്യം എന്ന സങ്കല്പം സാക്ഷാത്കരിച്ചു എന്നല്ലാതെ പുതിയതും വലിയതുമായ ഒരു ദേശീയരാഷ്ട്രം നിലവില്‍വന്നില്ല.


എന്നാല്‍ നിയതാര്‍ഥത്തിലുള്ള ഉദ്ഗ്രഥനത്തെക്കാള്‍ കര്‍മാധിഷ്ഠിത(functional)മായ ഉദ്ഗ്രഥനം പല നാടുകള്‍ തമ്മിലും നടക്കുന്നതായി കാണാം. ഇത് സ്വന്തം പരമാധികാരത്തിനകത്തു നിന്നുകൊണ്ട് ഗവണ്‍മെന്റുകള്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് സാധിക്കുന്നത്. ഇതാവട്ടെ കേവലം സഹകരണത്തില്‍ കവിഞ്ഞ ഒന്നുമല്ല. എന്നാല്‍ ഉദ്ഗ്രഥനം സഹകരണത്തില്‍നിന്നുയര്‍ന്ന് ഘടകരാഷ്ട്രങ്ങളുടെ ഭാഗികമായ ഏകോപനമാണ് സാധിക്കുന്നത്. 1944-ല്‍ ബനലക്സ് യൂണിയന്‍ ഉണ്ടായി; ബല്‍ജിയം, നെതര്‍ലണ്ട്സ്, ലെക്സംബര്‍ഗ് എന്നീ മൂന്നു രാഷ്ട്രങ്ങളെ തമ്മില്‍ അകറ്റിയിരുന്ന കടല്‍ചുങ്കങ്ങള്‍ എല്ലാം ഒഴിവാക്കുകയും ഒരു ഏകരൂപമായ താരിപ്പ്നയം ഇറക്കുമതിക്കാര്യത്തില്‍ ഉണ്ടാക്കുകയും ചെയ്തു. സാമ്പത്തികമായ സഹകരണം അതുകൊണ്ടു സാധിച്ചു. ഇതു പ്രാവര്‍ത്തികമായ ഉദ്ഗ്രഥനത്തിന്റെ ഏകദേശരൂപം നമുക്കു നല്കുന്നുവെങ്കിലും ഇതിനെ സഹകരണം എന്നല്ലാതെ സംയോജനം എന്നു പേര്‍ വിളിക്കാന്‍ പ്രയാസമാണ്. ഓരോ രാഷ്ട്രവും ചില പരിമിതികള്‍ക്കും നിയന്ത്രണങ്ങള്‍ക്കും സ്വയം വിധേയമാകാന്‍ സമ്മതിച്ചു എന്നതില്‍കവിഞ്ഞ് ഒരു സര്‍വാധികാരിയുടെ നിയന്ത്രണത്തിനു കീഴിലാകുവാന്‍ ഒരുങ്ങി എന്ന് പറയുക വയ്യ.


മേഖലാഫെഡറേഷനുകളിലും കമ്യൂണിറ്റികളിലും ലീഗുകളിലും മറ്റും കൂടിയാലോചനകള്‍വഴി കേന്ദ്രഭരണകൂടം തീരുമാനിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും അംഗരാഷ്ട്രങ്ങള്‍ അതിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുക മാത്രമാണു ചെയ്യുന്നതെന്നും പലപ്പോഴും കീഴ്വഴക്കങ്ങളില്‍നിന്ന് വിപരീതമായി അന്തര്‍ദേശീയമെന്നും ദേശീയമെന്നുമുള്ള വ്യത്യാസങ്ങള്‍ മാഞ്ഞ് ഇല്ലാതാകുമെന്നും മറ്റും അന്താരാഷ്ട്രീയോദ്ഗ്രഥനത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത് തികച്ചും ശരിയല്ല. ചില ആഭ്യന്തരകാര്യങ്ങള്‍ ഇതുവഴി അന്തര്‍ദേശീയ കാര്യങ്ങളാകുന്നുണ്ടെന്ന് സമ്മതിച്ചാല്‍ തന്നെ, അത്തരം ഇടപെടലുകള്‍ ദേശീയതാത്പര്യത്തിന്റെ പേരിലാണ് രാഷ്ട്രങ്ങള്‍ സ്വീകരിക്കുന്നതെന്നത് വ്യക്തമാണ്. സൈനിക പ്രവര്‍ത്തനങ്ങളിലും (രാജ്യരക്ഷയ്ക്കായി മാത്രം) വ്യാവസായികോത്പാദനത്തിലും വിലനിയന്ത്രണത്തിലും താരിപ്പിലും മറ്റും ഇങ്ങനെ പുറമേനിന്നു സഹായങ്ങള്‍ സ്വീകരിക്കുന്നത് നിയന്ത്രണങ്ങള്‍ എന്ന നിലയിലല്ല. അന്തര്‍ദേശീയ ശക്തിയെ ആഭ്യന്തരശക്തിയായി മാറ്റുന്ന ഒരു പ്രക്രിയയാണത്; അല്ലാതെ ആഭ്യന്തരമായ അശക്തിയെ അന്തര്‍ദേശീയാധികാരത്തിനു ബലിയാക്കലല്ല.


അന്താരാഷ്ട്രീയോദ്ഗ്രഥനം ഈ അര്‍ഥത്തില്‍ അന്താരാഷ്ട്ര തലത്തിലും മേഖലാതലത്തിലും ശരിക്കും സംഭവിക്കുന്നില്ല; യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത ഒരു സങ്കല്പം മാത്രമാണത്. നോ: അന്താരാഷ്ട്ര ബന്ധങ്ങള്‍, അന്താരാഷ്ട്ര-രാഷ്ട്രതന്ത്രം, അന്താരാഷ്ട്ര സംഘടനകള്‍, അന്താരാഷ്ട്രീയത

(ഡോ. ടി.കെ. രവീന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍