This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്താരാഷ്ട്ര സംഘടനകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അന്താരാഷ്ട്ര സംഘടനകള്‍
International Organization
പരമാധികാരസ്വഭാവമുള്ള രാഷ്ട്രങ്ങള്‍ ചേര്‍ന്ന് രാഷ്ട്രീയവും സാമ്പത്തികവും സൈനികവും സാമൂഹികവും സാസ്കാരികവുമായ ആവശ്യങ്ങള്‍ക്കുവേണ്ടി രൂപവത്കരിക്കുന്ന സംഘടനകള്‍. പ്രത്യേകം വിളിച്ചുകൂട്ടപ്പെട്ട അന്താരാഷ്ട്രസമ്മേളനങ്ങള്‍ വഴിയാണ് ഇത്തരം സംഘടനകള്‍ പ്രധാനമായും നിലവില്‍ വരുന്നത്.
ആധുനിക സാഹചര്യങ്ങളില്‍, ലോകത്തിലെ ഒരു രാഷ്ട്രവും സ്വയംപര്യാപ്തമല്ല. സൈനികകാര്യങ്ങള്‍, വാണിജ്യം, അസംസ്കൃതസാധനങ്ങള്‍, സാമ്പത്തികസഹായം, സാങ്കേതികോപദേശം, വ്യാവസായികോത്പന്നങ്ങള്‍, വിദേശവിപണികള്‍ തുടങ്ങിയവയ്ക്കുവേണ്ടി ഒരു രാഷ്ട്രത്തിന് പലപ്പോഴും മറ്റ് രാഷ്ട്രങ്ങളെ ആശ്രയിക്കേണ്ടിയിരിക്കുന്നു. ഈ പരസ്പരാശ്രയത്വം നിമിത്തം ലോകരാഷ്ട്രങ്ങളെല്ലാം ബന്ധപ്പെട്ടിരിക്കുകയാണ്. ലോകസമാധാനം നിലനില്ക്കുന്നതിനുതന്നെ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധവും സഹകരണവും കൂടിയേതീരൂ. വിവിധ രാഷ്ട്രങ്ങളിലെ ജനതതികള്‍ക്ക് പൊതുവായ മതമോ ഭാഷയോ രാഷ്ട്രീയ പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ ആ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം കുറേക്കൂടി ദൃഢമായിത്തീര്‍ന്നുവെന്നു വരും. പൊതുവായ ഏതെങ്കിലും പ്രശ്നങ്ങളുള്ള രാഷ്ട്രങ്ങള്‍ യോജിച്ച് സംഘടനയുണ്ടാക്കുമ്പോള്‍ അത് ഒരു അന്താരാഷ്ട്രസംഘടനയായിത്തീരുന്നു.
ആദ്യകാലസംരംഭങ്ങള്‍. പുരാതന കാലം മുതല്ക്കു തന്നെ ലോകത്ത് അനേകം അന്താരാഷ്ട്ര സംഘടനകളുണ്ടായിരുന്നു. പ്രാചീനഗ്രീസില്‍ ആഥന്‍സിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ഡിലോസ്സഖ്യം (Confederacy of Delos) ഇതിനൊരുദാഹരണമാണ്. നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ (1769-1821) സാമ്രാജ്യവികസനത്തിനെതിരെ ഇംഗ്ളണ്ട്, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ചേര്‍ന്ന് സൈനികസഖ്യങ്ങള്‍ ഉണ്ടാക്കിയിരുന്നു. രാഷ്ട്രങ്ങള്‍ തമ്മില്‍ എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍ അത് ഒരു സായുധസംഘട്ടനത്തിലേക്കു നീങ്ങുന്നതിനു മുന്‍പ് ആ തര്‍ക്കങ്ങള്‍ പറഞ്ഞൊതുക്കുന്നതിനും അന്താരാഷ്ട്രസംഘടനകള്‍ ശ്രമിച്ചിരുന്നു. ഒറ്റതിരിഞ്ഞു നില്ക്കുന്നതിനുപകരം മറ്റു രാഷ്ട്രങ്ങളുമായി സഖ്യങ്ങളുണ്ടാക്കിക്കഴിയുവാനായിരുന്നു എല്ലാ രാഷ്ട്രങ്ങളും ശ്രമിച്ചിരുന്നത്. ലോകരാഷ്ട്രങ്ങളെല്ലാം സംഘടിക്കണമെന്ന ആഗ്രഹത്തില്‍നിന്നാണ് ഒന്നാം ലോകയുദ്ധത്തെത്തുടര്‍ന്ന്, 1920-ല്‍ സര്‍വരാഷ്ട്രസഖ്യം (League of Nations) ഉടലെടുത്തത്. അറുപതു രാഷ്ട്രങ്ങള്‍ അംഗങ്ങളായി ഉണ്ടായിരുന്ന ഈ സംഘടന 1939-ല്‍ രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടതോടുകൂടി നാമാവശേഷമായി.
യു.എന്‍.-ന്റെ കീഴിലുള്ള അന്താരാഷ്ട്ര സംഘടനകള്‍. ലോകത്ത് വിവിധ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന അനേകം സംഘടനകളുണ്ട്. അവയില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നതാണ് ഐക്യരാഷ്ട്ര സംഘടന (യു.എന്‍). 2002-ല്‍ 191 അംഗരാഷ്ട്രങ്ങളുള്ള ഈ സംഘടന ലോകസമാധാനത്തിനും മാനവരാശിയുടെ മൊത്തത്തിലുളള സാമൂഹിക-സാമ്പത്തിക-സാംസ്കാരിക ഉന്നമനത്തിനുംവേണ്ടി പ്രവര്‍ത്തിക്കുന്നു.
യു.എന്‍.-ന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട അന്താരാഷ്ട്ര സംഘടനകള്‍ താഴെപ്പറയുന്നവയാണ്: 1. ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് കമ്മിഷന്‍ (15 അംഗങ്ങള്‍); 2. സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്‍ (15 അംഗങ്ങള്‍); 3. സോഷ്യല്‍ കമ്മിഷന്‍ (15 അംഗങ്ങള്‍); 4. പോപ്പുലേഷന്‍ കമ്മിഷന്‍ (15 അംഗങ്ങള്‍); 5. കമ്മിഷന്‍ ഓണ്‍ നര്‍ക്കോട്ടിക് ഡ്രഗ്സ് (15 അംഗങ്ങള്‍); 6. കമ്മിഷന്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്സ് (18 അംഗങ്ങള്‍); 7. കമ്മിഷന്‍ ഓണ്‍ സ്റ്റാറ്റസ് ഒഫ് വിമെന്‍ (18 അംഗങ്ങള്‍); 8. ഇന്റര്‍ നാഷണല്‍ ട്രേഡ് കമ്മോഡിറ്റി കമ്മിഷന്‍ (18 അംഗങ്ങള്‍); 9. എക്കണോമിക് കമ്മിഷന്‍ ഫോര്‍ ഏഷ്യാ ആന്‍ഡ് ദി ഫാര്‍ ഈസ്റ്റ് (ECAFE-24 അംഗങ്ങള്‍); 10. എക്കണോമിക് കമ്മിഷന്‍ ഫോര്‍ ലാറ്റിന്‍ അമേരിക്ക ആന്‍ഡ് കരീബിയ (ECLA-33 അംഗങ്ങള്‍); 11. എക്കണോമിക് കമ്മിഷന്‍ ഫോര്‍ ആഫ്രിക്ക (ECA-53 അംഗങ്ങള്‍); 12. ഇന്റര്‍നാഷണല്‍ ഡവലപ്പ്മെന്റ് അസോസിയേഷന്‍ (IDA-102 അംഗങ്ങള്‍); 13. ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി (IAEA-138 അംഗങ്ങള്‍); 14. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ILO 177 അംഗങ്ങള്‍); 15. ഫുഡ് ആന്‍ഡ് അഗ്രിക്കല്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ (FAO-188 അംഗങ്ങള്‍); 16. യുണൈറ്റഡ് നേഷന്‍സ് എഡ്യൂക്കേഷണല്‍, സയന്റിഫിക്ക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ (UNESCO 197 അംഗങ്ങള്‍); 17. യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് എമര്‍ജന്‍സി ഫണ്ട് (UNICEF-155 അംഗങ്ങള്‍); 18. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (WHO-192 അംഗങ്ങള്‍); 19. ഇന്റര്‍ ഗവണ്‍മെന്റല്‍ മാരിട്ടൈം കണ്‍സല്‍ട്ടേറ്റീവ് ഓര്‍ഗനൈസേഷന്‍ (IMCO-67 അംഗങ്ങള്‍); 20. വേള്‍ഡ് മെറ്റിയറോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ (WMO-187 അംഗങ്ങള്‍); 21. ഇന്റര്‍ നാഷണല്‍ ടെലി കമ്യൂണിക്കേഷന്‍ യൂണിയന്‍ (ITU-189 അംഗങ്ങള്‍); 22. ഇന്റര്‍നാഷണല്‍ ബാങ്ക് ഫോര്‍ റികണ്‍സ്റ്റ്രക്ഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് (IBRD-184 അംഗങ്ങള്‍); 23. യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന്‍ (UPU-190 അംഗങ്ങള്‍); 24. ഇന്റര്‍ നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ICAO 189 അംഗങ്ങള്‍); 25. ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (IFC 178 അംഗങ്ങള്‍); 26. ഇന്റര്‍ നാഷണല്‍ മോണിറ്ററി ഫണ്ട് (IMF-184 അംഗങ്ങള്‍); 27. ഇന്റര്‍ നാഷണല്‍ കോര്‍ട് ഒഫ് ജസ്റ്റിസ്; 28. യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡെവലപ്പ്മെന്റ് (UNCTAD-192 അംഗങ്ങള്‍).
ഇവയ്ക്കു പുറമേ, യു.എന്നുമായി ഔദ്യോഗികബന്ധമില്ലാത്ത അനവധി അന്താരാഷ്ട്രസംഘടനകള്‍ നിലവിലുണ്ട്. യു.എന്‍. വോട്ടിങ്ങില്‍ ഈ സംഘടനകളിലെ അംഗങ്ങള്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താറുണ്ട്. സാമ്പത്തിക രാഷ്ട്രീയ സൈനിക സാമൂഹിക സാംസ്കാരിക ലക്ഷ്യങ്ങളെ ആസ്പദമാക്കി രൂപവത്കരിക്കപ്പെട്ട മറ്റ് അന്താരാഷ്ട്ര സംഘടനകള്‍ താഴെപ്പറയുന്നവയാണ്.
1. സാമ്പത്തിക/വാണിജ്യ ലക്ഷ്യമുള്ളവ. (1) അറബ് കോമണ്‍മാര്‍ക്കറ്റ്. 1965 ജനു. 1-ന് നിലവില്‍ വന്ന ഈ സംഘടനയുടെ ആസ്ഥാനം കെയ്റോ ആണ്. അംഗരാഷ്ട്രങ്ങള്‍: ഇറാക്ക്, ജോര്‍ദാന്‍, സിറിയ, ഈജിപ്ത്, ലിബിയ, മോറിറ്റേനിയ യെമന്‍ (2) അസോസിയേഷന്‍ ഒഫ് സൌത്ത് ഈസ്ററ് ഏഷ്യന്‍ നേഷന്‍സ്. 1967 ആഗ. 8-ന് രൂപംകൊണ്ടതാണ് ഈ സംഘടന. അംഗങ്ങള്‍: ഇന്തോനേഷ്യ, മലേഷ്യ, സിങ്കപ്പൂര്‍, ഫിലിപ്പീന്‍സ്, തായ്ലന്‍ഡ് ബ്രൂണൈ ദരുസ്സലം, വിയറ്റ്നാം, ലാവോസ്, മ്യാന്‍മര്‍, കംബോഡിയ (3) ബനലക്സ് എക്കണോമിക്ക് യൂണിയന്‍. 1960 ന. 1-ന് പ്രാബല്യത്തില്‍ വന്നു. ആസ്ഥാനം ബ്രസല്‍സ്. അംഗങ്ങള്‍: ബെല്‍ജിയം, നെതര്‍ലന്‍ഡ്സ്, ലക്സംബര്‍ഗ്. (4) സെന്‍ട്രല്‍ അമേരിക്കന്‍ കോമണ്‍ മാര്‍ക്കറ്റ്. 1960-ല്‍ രൂപവത്കരിച്ച ഈ സംഘടനയുടെ കേന്ദ്രം ഗ്വാട്ടിമാലസിറ്റി. അംഗങ്ങള്‍: കോസ്റ്ററിക്ക, എല്‍സാല്‍വഡോര്‍, ഗ്വാട്ടിമാല, നിക്കരാഗ്വ (5) യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍. 1960 മേയില്‍ നിലവില്‍വന്നു. ആസ്ഥാനം ജനീവ. അംഗങ്ങള്‍: ഐസ്ലന്‍ഡ്, ലിച്ചന്‍സ്റ്റൈന്‍, നോര്‍വെ, സ്വിറ്റ്സര്‍ലന്‍ഡ് (6) യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ സഖ്യമായ ഈ സംഘടനയില്‍ ഇന്ന് 25 (2006) അംഗങ്ങളുണ്ട്. (7) കൊളംബൊ പദ്ധതി. 1951-ല്‍ സ്ഥാപിച്ചു. ആസ്ഥാനം കൊളംബൊ. അംഗങ്ങള്‍: അഫ്ഗാനിസ്താന്‍, ആസ്റ്റ്രേലിയ, ഭൂട്ടാന്‍, ബംഗ്ളാദേശ്, ഫിജി, ഇന്ത്യ, ഇന്തോനേഷ്യ, ഇറാന്‍, ജപ്പാന്‍, ലാവോസ്, മലേഷ്യ, മാലിദ്വീപുകള്‍, മംഗോളിയ (8) സൌത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജിയണല്‍ കോ ഓപ്പറേഷന്‍ (SAARC) 1985-ല്‍ സ്ഥാപിതമായി. അംഗങ്ങള്‍: ബംഗ്ളാദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലിദ്വീപുകള്‍, നേപ്പാള്‍, പാകിസ്താന്‍, ശ്രീലങ്ക. (9) ലോകവ്യാപാരസംഘടന (WTO). സാമ്പത്തിക ലക്ഷ്യങ്ങളുള്ള മറ്റൊരു സുപ്രധാന സംഘടനയാണ് ലോകവ്യാപാര സംഘടന. 1995 ജനു. 1-ന് സ്ഥാപിതമായ ഈ സംഘടനയില്‍ 149 അംഗങ്ങളാണ് ഉളളത്. പൊതുവേ ആഗോളതലത്തില്‍ വ്യാപാര-വാണിജ്യ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇത് നാല് പ്രത്യേക കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു - ലോക വ്യാപാര ഉടമ്പടികള്‍ നടപ്പിലാക്കുക; വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കുക; വാണിജ്യത്തെ സംബന്ധിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുളള വേദിയൊരുക്കുക; അംഗരാജ്യങ്ങളുടെ വാണിജ്യ നയങ്ങള്‍ അവലോകനം ചെയ്യുക.
2. രാഷ്ട്രീയ ലക്ഷ്യങ്ങളുള്ളവ. (1) കോമണ്‍ വെല്‍ത്ത് ഒഫ് നേഷന്‍സ്. ബ്രിട്ടിഷ് സാമ്രാജ്യത്തില്‍നിന്നും സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളാണ് ഈ സംഘടനയുടെ ഭൂരിപക്ഷം അംഗങ്ങളും. ഇപ്പോള്‍ (2006) 53 അംഗങ്ങളുണ്ട്. ഇതിന്റെ ആസ്ഥാനം ലണ്ടന്‍ ആണ്. (2) അറബിലീഗ്. 1945-ല്‍ സ്ഥാപിതമായി. ആസ്ഥാനം: കെയ്റോ. അംഗങ്ങള്‍: ഈജിപ്ത്, സിറിയ, അല്‍ജീറിയ, ഇറാക്ക്, ജോര്‍ദാന്‍, കുവെയ്റ്റ്, ലെബനന്‍, ലിബിയ, മൊറോക്കോ, സൌദി അറേബ്യ, സുഡാന്‍, ടുണീഷ്യ, യെമന്‍, യു.എ.ഇ., ബഹറിന്‍, ഖത്തര്‍, ഒമാന്‍, മോറിറ്റേനിയ, സൊമാലിയ, പലസ്തീന്‍, ജിബൌട്ടി, കൊമൊറാസ്. (3) ഓര്‍ഗനൈസേഷന്‍ ഒഫ് ആഫ്രിക്കന്‍ യൂണിറ്റി. 1963 മേയ് 25-ന് നിലവില്‍വന്നു. ആസ്ഥാനം: ആഡിസ് അബാബ. ദക്ഷിണാഫ്രിക്കയില്‍ അപാര്‍തീഡ് അവസാനിപ്പിക്കുന്നതിലും ഭൂരിപക്ഷഭരണം നടപ്പാക്കുന്നതിലും ഒ.എ.യു. പ്രധാന പങ്ക് വഹിച്ചു. ഒ.എ.യു.വിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുടര്‍ച്ച നല്‍കുവാന്‍ വേണ്ടി 2001-ല്‍ സ്ഥാപിക്കപ്പെട്ട ആഫ്രിക്കന്‍ യൂണിയന്‍ (എ.യു.) 2002-ല്‍ ഒ.എ.യു.വിന്റെ സ്ഥാനം പൂര്‍ണമായും ഏറ്റെടുത്തു. (4) ഓര്‍ഗനൈസേഷന്‍ ഒഫ് അമേരിക്കന്‍ സ്റ്റേറ്റ്സ് (അമേരിക്കന്‍ സ്റ്റേറ്റ് സംഘടന). 1951 ഡി. 13-ന് നിലവില്‍ വന്നു. ആസ്ഥാനം: വാഷിങ്ടണ്‍ (ഡി.സി.). അമേരിക്കന്‍ വന്‍കരയിലെ 35 രാജ്യങ്ങള്‍ ഇതില്‍ അംഗങ്ങളാണ്. (5) ഓര്‍ഗനൈസേഷന്‍ ഒഫ് സെന്‍ട്രല്‍ അമേരിക്കന്‍ സ്റ്റേറ്റ്സ്. 1951-ല്‍ നിലവില്‍ വന്നു. ആസ്ഥാനം: സാന്‍സാല്‍വഡോര്‍. അംഗങ്ങള്‍: കോസ്റ്റിറിക്ക എല്‍സാല്‍വഡോര്‍, ഗ്വാട്ടിമാല, ഹോണ്ടുറാസ്, നിക്കരാഗ്വ.
3. സൈനിക ലക്ഷ്യങ്ങളുള്ളവ. (1) നോര്‍ത്ത് അത്ലാന്തിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ (NATO). 1949 ആഗ. 24-ന് നിലവില്‍ വന്നു. ആസ്ഥാനം: ബ്രസല്‍സ്. അംഗങ്ങള്‍: 26. (2) ആന്‍സുസ് (ANZUS) 1951-ല്‍ നിലവില്‍ വന്നു. ആസ്ഥാനം: കാന്‍ബറ. അംഗങ്ങള്‍: ആസ്റ്റ്രേലിയ, യു.എസ്.
ഇന്റര്‍നാഷണല്‍ ബ്യൂറോ ഒഫ് വെയിറ്റസ് ആന്‍ഡ് മെഷേര്‍സ് (1876), ഇന്റര്‍നാഷണല്‍ കമ്മിറ്റി ഒഫ് ദി റെഡ് ക്രോസ് (1863), ഇന്റര്‍നാഷണല്‍ ക്രിമിനല്‍ പൊലീസ് ഓര്‍ഗനൈസേഷന്‍ (ഇന്റര്‍പോള്‍ - 1956) എന്നിവ മറ്റുചില അന്താരാഷ്ട്ര സംഘടനകളാണ്.
(നേശന്‍ റ്റി. മാത്യു, സ.പ.)