This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്താരാഷ്ട്ര വിദ്യാഭ്യാസ വര്‍ഷം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അന്താരാഷ്ട്ര വിദ്യാഭ്യാസ വര്‍ഷം
International Education Year
യു.എന്‍. പൊതുസമിതിയുടെ തീരുമാനം അനുസരിച്ച് 1970-ല്‍ ലോകമൊട്ടാകെ ആഘോഷിക്കപ്പെട്ട വിദ്യാഭ്യാസവര്‍ഷം. സമൂഹത്തിന്റെ വളര്‍ച്ചയില്‍ വിദ്യാഭ്യാസത്തിനുള്ള പങ്ക് ലോകജനതയെ ബോധ്യപ്പെടുത്തുകയും അന്തര്‍ദേശീയ സഹകരണവും സമാധാനവും ശക്തിപ്പെടുത്തുവാന്‍ വിദ്യാഭ്യാസത്തെ ഒരു ഉപകരണമാക്കിത്തീര്‍ക്കുകയും ചെയ്യുകയായിരുന്നു ഈ വര്‍ഷാചരണത്തിന്റെ മുഖ്യലക്ഷ്യം.
മുഖ്യമായി നാല് ആശയങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാണ് അന്താരാഷ്ട്രവിദ്യാഭ്യാസ വര്‍ഷം ആചരിച്ചത്. (1) വിദ്യാലയങ്ങളില്‍ നിന്നു ലഭിക്കുന്ന അനുഭവങ്ങളടങ്ങിയ ഔപചാരികവിദ്യാഭ്യാസം മാത്രമല്ല വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം. ജീവിതകാലം മുഴുവന്‍ ഒരു വ്യക്തി ആര്‍ജിക്കുന്ന അനുഭവങ്ങളുടെ ആകെത്തുകയാണ് വിദ്യാഭ്യാസം. അനൌപചാരിക വിദ്യാഭ്യാസത്തെക്കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ട് വിദ്യാഭ്യാസമെന്ന പ്രക്രിയയെ ഈ അര്‍ഥവ്യാപ്തിയില്‍ പരിഗണിക്കേണ്ടതുണ്ട്. (2) വിദ്യാഭ്യാസത്തെ മനുഷ്യന്റെ പ്രഥമവും പ്രധാനവുമായ ഒരാവശ്യമായി പരിഗണിക്കണം. വ്യക്തിയുടെയും രാഷ്ട്രത്തിന്റെയും സാര്‍വത്രികമായ പുരോഗതിക്ക് നിര്‍ണായകമായ പങ്കുവഹിക്കുന്നതു വിദ്യാഭ്യാസമാണ്. (3) പരിവര്‍ത്തനവിധേയമായ ലോകത്ത് ചലനാത്മകമായ ഒരു വിദ്യാഭ്യാസക്രമമാണാവശ്യം. വിദ്യാഭ്യാസ രീതികള്‍ കാലാനുസരണം ആസൂത്രണം ചെയ്ത് പ്രയോഗത്തില്‍ കൊണ്ടുവരാനുള്ള ചുമതല അതതു രാഷ്ട്രത്തിന്റേതാണെങ്കിലും ഐക്യരാഷ്ട്ര സംഘടനയ്ക്കും അതിന്റെ ഘടകമായ യുനെസ്കോയ്ക്കും ഇതില്‍ വലിയൊരു പങ്കുവഹിക്കുവാനുണ്ട്. എല്ലാ ഘട്ടങ്ങളിലെയും ശിശു-പ്രാഥമിക-സെക്കണ്ടറി-ഉപരിവിദ്യാഭ്യാസത്തില്‍ ആശാസ്യമായ വ്യതിയാനങ്ങള്‍ വരുത്താനുള്ള നേതൃത്വം നല്കുകയും അതിനാവശ്യമായ പൊതുജനാഭിപ്രായം രൂപവത്കരിക്കുകയുമാണ് ആ ചുമതല (4) അന്തര്‍ദേശീയ സഹകരണവും സമാധാനവും ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ഉപാധിയായി വിദ്യാഭ്യാസത്തെ ഉപയോഗിക്കണം.
ലോകത്തിലെ മിക്കരാജ്യങ്ങളിലും നിലവിലിരിക്കുന്ന അനാരോഗ്യം, ദാരിദ്യ്രം, അജ്ഞത എന്നീ ദോഷങ്ങള്‍ നിര്‍മാര്‍ജനം ചെയ്യത്തക്കവിധം വിദ്യാഭ്യാസക്രമങ്ങള്‍ ആസൂത്രണം ചെയ്യുവാന്‍ പ്രേരകമായ ചര്‍ച്ചകള്‍ വര്‍ഷാചരണ പരിപാടിയില്‍ വ്യാപകമായ തോതില്‍ സംഘടിപ്പിച്ചിരുന്നു. വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന സമുദായങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പുരോഗമിപ്പിക്കാനും വേണ്ട പരിപാടികള്‍ ഈ ദശകത്തിലെ വിദ്യാഭ്യാസ യത്നങ്ങളുടെ പ്രധാനഭാഗമായി അംഗീകരിക്കപ്പെട്ടു. നല്ല ഗ്രന്ഥങ്ങളുടെ വിലകുറഞ്ഞ പതിപ്പിന്റെ പ്രസിദ്ധീകരണം, ശാസ്ത്രസാങ്കേതികവിഷയങ്ങളുടെ ബോധനിലവാരം ഉയര്‍ത്തല്‍, റേഡിയോ; ടെലിവിഷന്‍; കംപ്യൂട്ടര്‍ മുതലായ ആധുനിക ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള വിദ്യാഭ്യാസം ഇവയൊക്കെയാണ് ഈ ദശകത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിച്ചിരുന്ന മറ്റു ചില പരിപാടികള്‍. ചുരുക്കത്തില്‍ സാക്ഷരത സാര്‍വത്രികമാക്കുന്നതിനും കഴിവ്, താത്പര്യം, അഭിരുചി എന്നിവയ്ക്കനുസരണമായി എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസത്തില്‍ തുല്യാവകാശം തേടുന്നതിനും സഹായകമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ് എഴുപതുകളിലെ വിദ്യാഭ്യാസത്തിന്റെ മുഖ്യകര്‍ത്തവ്യമായി അന്താരാഷ്ട്ര വിദ്യാഭ്യാസ വര്‍ഷ പരിപാടികളില്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്.
ഇന്ത്യയില്‍ സര്‍വകലാശാലകള്‍, മറ്റു ഉന്നത വിദ്യാഭ്യാസ അതോറിറ്റികള്‍, വിദ്യാഭ്യാസ സാംസ്കാരിക സംഘടനകള്‍ ആദിയായവയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വിദ്യാഭ്യാസ വര്‍ഷവും 1970 ജൂല. 18-ന് അന്താരാഷ്ട്ര വിദ്യാഭ്യാസദിനവും സമുചിതമായി ആഘോഷിക്കപ്പെട്ടു.
(എലിസബാ സഖറിയാ)