This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്താരാഷ്ട്ര അഭയാര്‍ഥി സംഘടന
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അന്താരാഷ്ട്ര അഭയാര്‍ഥി സംഘടന
International Refugee Organization
അഭയാര്‍ഥികളുടെ പുനരധിവാസം ലക്ഷ്യമാക്കി ഐക്യരാഷ്ട്രസഭയുടെ നിയന്ത്രണത്തില്‍ 1946-ല്‍ സ്ഥാപിച്ച അന്താരാഷ്ട്ര സംഘടന. രണ്ടാം ലോകയുദ്ധത്തിനുശേഷം സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ നിവൃത്തിയില്ലാതെ യൂറോപ്യന്‍ രാജ്യങ്ങളിലും ചൈനയിലും കഴിഞ്ഞുവന്ന അഭയാര്‍ഥികളെയും അനാഥരേയും പുനരധിവാസത്തിനു സഹായിക്കുകയായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം. അഭയാര്‍ഥികളെ ക്യാമ്പില്‍ താമസിപ്പിക്കുക, അവര്‍ക്കുവേണ്ട ഭക്ഷണം, വസ്ത്രം, വൈദ്യസഹായം, തൊഴില്‍പരിശീലനം തുടങ്ങിയവ നല്കുക, പുനരധിവാസാര്‍ഥം അന്യരാജ്യങ്ങളിലേക്കയയ്ക്കുക എന്നിവ ഈ സംഘടനയുടെ പ്രവര്‍ത്തനപരിധിയില്‍പ്പെടുന്നു. ആയിരക്കണക്കിന് കുട്ടികളെ അവരുടെ രക്ഷിതാക്കളെ കണ്ടുപിടിക്കുന്നതിനോ വളര്‍ത്തുഗൃഹങ്ങളില്‍ ഏല്പിക്കുന്നതിനോ ഈ സംഘടന സഹായിച്ചിട്ടുണ്ട്. രോഗവിമുക്തരല്ലാത്തതുകൊണ്ട് അന്യരാജ്യങ്ങളില്‍ പ്രവേശനം നിഷേധിച്ചവര്‍ക്കും പ്രായാധിക്യംകൊണ്ടു ബുദ്ധിമുട്ടുന്നവര്‍ക്കുംവേണ്ടി സ്ഥാപനങ്ങളുണ്ടാക്കി സഹായിക്കുന്നതിനും നേതൃത്വം നല്കിയത് ഈ സംഘടനയാണ്.
1947 ജൂല. 1-ന് ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 18 രാഷ്ട്രങ്ങള്‍ സജീവമായി പങ്കെടുക്കുകയും സംഘടനയുടെ ചെലവിനുവേണ്ട സാമ്പത്തികസഹായം നല്കുകയും ചെയ്തു. അമേരിക്ക, ആസ്റ്റ്രേലിയ, ഇംഗ്ളണ്ട്, ഇറ്റലി, ഐസ്‍ലാന്‍ഡ്, കാനഡാ, ഗ്വാട്ടിമാലാ, ചൈന, ഡെന്‍മാര്‍ക്ക്, ഡൊമിനിക്കന്‍ റിപ്പബ്ളിക്ക്, നെതര്‍ലന്‍ഡ്സ്, ന്യൂസിലന്‍ഡ്, നോര്‍വേ, ഫ്രാന്‍സ്, ബല്‍ജിയം, ബ്രസീല്‍, ലക്സംബര്‍ഗ്, വെനീസുലാ എന്നീ 18 രാഷ്ട്രങ്ങളാണ് സംഘടനയെ സഹായിച്ചുവന്നത്. 1947-ല്‍ ഈ സംഘടന അതിന്റെ മുന്‍ഗാമിയായ 'അണ്‍റാ' (United Nations Relief and Rehabilitation Administration)യുടെ പ്രവര്‍ത്തനങ്ങളുടെയും 1939-ല്‍ സ്ഥാപിച്ച 'അഭയാര്‍ഥികള്‍ക്കായുള്ള ഇന്റര്‍ഗവണ്‍മെന്റല്‍ കമ്മിറ്റി' നടത്തിവന്ന പുനരധിവാസപ്രവര്‍ത്തനങ്ങളുടെയും അഭയാര്‍ഥികളുടെ സംരക്ഷണത്തിനും സുരക്ഷിതത്ത്വത്തിനുവേണ്ട ഉത്തരവാദിത്വങ്ങളുടെയും ചുമതല ഏറ്റെടുത്തു. ഇന്റര്‍ഗവണ്‍മെന്റല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം അഭയാര്‍ഥിസംഘടനയുടെ ആവിര്‍ഭാവത്തോടെ അവസാനിപ്പിച്ചു.
1947 ജൂല. മുതല്‍ 1952 ജനു. വരെയുള്ള കാലത്ത് മറ്റു രാജ്യങ്ങളില്‍ പുനരധിവാസത്തിനും സംരക്ഷണത്തിനും കാത്തുനിന്നിരുന്ന 15 ലക്ഷം ആളുകളെ ജര്‍മനി, ആസ്റ്റ്രിയാ തുടങ്ങിയ യൂറോപ്യന്‍രാജ്യങ്ങളില്‍ പ്രത്യേക ക്യാമ്പുകളില്‍ താമസിപ്പിച്ച് സംരക്ഷണം നല്കിയത് ഈ സംഘടനയുടെ ശ്രമംമൂലമാണ്. 1952 ജനു.-ല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചപ്പോള്‍ അഞ്ച് ലക്ഷം ആളുകള്‍ പുനരധിവാസസൌകര്യങ്ങള്‍ കിട്ടാതെ യൂറോപ്പില്‍ കഴിയുകയായിരുന്നു.
സംഘടനയുടെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗരാഷ്ട്രങ്ങള്‍ 40 കോടി ഡോളര്‍ നല്കിയിരുന്നു. 10 ലക്ഷം ആളുകളെ ആസ്റ്റ്രേലിയയിലും കാനഡയിലും അമേരിക്കയിലും ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രങ്ങളിലും പുനരധിവസിപ്പിക്കുന്നതിനാണ് ഇതില്‍ 19.5 കോടി ഡോളര്‍ ചിലവിട്ടത്. ചൈനയിലുണ്ടായിരുന്ന യൂറോപ്യന്‍ വംശജരായ 23,000 ആളുകളെ മറ്റു രാഷ്ട്രങ്ങളില്‍ പുനരധിവസിപ്പിക്കുകയും ചെയ്തു. നോ: അണ്‍റാ