This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്തരീക്ഷ മലിനീകരണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:28, 25 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉള്ളടക്കം

അന്തരീക്ഷ മലിനീകരണം

Atmospheric Pollution


അന്തരീക്ഷത്തില്‍ വിഷവാതകങ്ങളും പുകയും മറ്റു പദാര്‍ഥങ്ങളും കലരുന്നതുമൂലം ഉണ്ടാകുന്ന മലിനീകരണം. ഭൌമോപരിതലത്തിനു സമീപത്തുള്ള അന്തരീക്ഷ പാളിയായ ട്രോപോസ്ഫിയറിലാണ് സാധാരണയായി വിഷവാതകങ്ങള്‍ ലയിക്കുന്നത്. സാധാരണ ഗതിയില്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളിലോ ദിവസങ്ങള്‍ക്കുള്ളിലോ ഈ മാലിന്യങ്ങള്‍ അന്തരീക്ഷത്തിന്റെ ഉയര്‍ന്ന വിതാനങ്ങളിലേക്ക് വിലയനം ചെയ്യുകയോ മഴയിലൂടെ താഴേക്ക് നിപതിക്കുകയോ ചെയ്യുന്നു. ഇപ്രകാരം ട്രോപോസ്ഫിയര്‍ സ്വയം ശുദ്ധീകരിക്കപ്പെടുന്നു. ട്രോപോസ്ഫിയറിനു മുകളിലുള്ള സ്ട്രാറ്റോസ്ഫിയറില്‍ വായുവിന്റെ ചലനം കുറവായതിനാല്‍ അവിടെ മാലിന്യങ്ങള്‍ വര്‍ഷങ്ങളോളം നശിക്കാതെ കിടക്കും. അതിനാല്‍ സ്ട്രാറ്റോസ്ഫിയറില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നത് ആപത്കരമാണ്.


അന്തരീക്ഷത്തില്‍ മാലിന്യങ്ങളുടെ സൂക്ഷ്മകണികകളും വിഷവാതകങ്ങളും വ്യത്യസ്ത അളവുകളില്‍ അടങ്ങിയിട്ടുണ്ട്. പല വിധത്തിലും പല സ്രോതസ്സുകളില്‍ നിന്നും ആണ് ഈ മാലിന്യങ്ങള്‍ അന്തരീക്ഷത്തിലെത്തിച്ചേരുന്നത്. സമുദ്രജലം ബാഷ്പീകരിച്ചുണ്ടാവുന്ന ലവണകണികകള്‍, സജീവ അഗ്നിപര്‍വതങ്ങള്‍ പുറന്തള്ളുന്ന ധൂളികണങ്ങള്‍ വിഷവാതകങ്ങള്‍ തുടങ്ങിയവ നൈസര്‍ഗിക മാലിന്യങ്ങളാണ്. ഗാര്‍ഹിക വ്യാവസായിക മാലിന്യങ്ങളും വാഹനങ്ങള്‍ പുറന്തള്ളുന്ന വിഷപുകയും മനുഷ്യനിര്‍മിത മാലിന്യങ്ങളാണ്.


അന്തരീക്ഷ മാലിന്യങ്ങളെ വാതകങ്ങള്‍ (കാര്‍ബണ്‍ മോണോക്സൈഡ്), കണികകള്‍ (പുക, കീടനാശിനികള്‍), അജൈവ വസ്തുക്കള്‍ (ഹൈഡ്രജന്‍ ഫ്ളൂറൈഡ്), ജൈവപദാര്‍ഥങ്ങള്‍ (മെര്‍കാപ്റ്റനുകള്‍), ഓക്സീകാരികള്‍ (ഓസോണ്‍), നിരോക്സീകാരികള്‍ (സള്‍ഫറിന്റെയും നൈട്രജന്റെയും ഓക്സൈഡുകള്‍), റേഡിയോ ആക്ടിവതയുള്ള പദാര്‍ഥങ്ങള്‍ (I131) നിഷ്ക്രിയ പദാര്‍ഥങ്ങള്‍ (പരാഗരേണുക്കള്‍, ചാരം), താപീയ മാലിന്യങ്ങള്‍ (ആണവ നിലയങ്ങള്‍ ബഹിര്‍ഗമിക്കുന്ന താപം) എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്.


ആഗോളതലത്തില്‍ നാലു വാതകങ്ങളാണ് പ്രധാന മാലിന്യങ്ങളായി കണക്കാക്കിയിരിക്കുന്നത്. അന്തരീക്ഷ മലിനീകരണത്തിന്റെ 90 ശ.മാ.-ത്തിന്റെയും ഉത്തരവാദികളായ ഇവയെ പ്രാഥമിക മാലിന്യങ്ങള്‍ (Primary Pollutants) എന്നു പറയുന്നു. ഇവ അന്തരീക്ഷത്തിലുള്ള മറ്റു രാസവസ്തുക്കളുമായി സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തില്‍ സംയോജിച്ചു ദ്വിതീയ മാലിന്യങ്ങള്‍ (Secondary pollutants) ഉണ്ടാകുന്നു. 1. സള്‍ഫര്‍ ഡൈഓക്സൈഡ്, 2. നൈട്രജന്‍ ഓക്സൈഡുകള്‍, 3. കാര്‍ബണ്‍ ഓക്സൈഡുകള്‍, 4. ഹൈഡ്രോകാര്‍ബണുകള്‍ എന്നിവയും ചാരവും പൊടിയും ആണ് പ്രാഥമിക മാലിന്യങ്ങള്‍.


ആധുനിക യാന്ത്രികയുഗത്തില്‍ രാസവസ്തുക്കളുടെ വിവിധങ്ങളായ ഉപയോഗങ്ങള്‍ മൂലം ധാരാളം മാലിന്യങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപരിക്കുന്നു. അന്തരീക്ഷ മലിനീകരണത്തിന്റെ ദൂരവ്യാപകമായ ഫലങ്ങള്‍ അനവധിയാണ്. ഇതുമൂലം ലോകം ഇന്ന് നേരിടുന്ന മുഖ്യ പ്രശ്നങ്ങള്‍ അമ്ളമഴയും (acid rain) ഓസോണ്‍ പാളിശോഷണവും ആഗോളതാപനവും ആണ്.


അമ്ളമഴ

പെട്രോളിയം ഇന്ധനങ്ങള്‍ കത്തുമ്പോള്‍ ഉത്പാദിക്കപ്പെടുന്ന നൈട്രജന്റെയും സള്‍ഫറിന്റെയും ഓക്സൈഡുകള്‍ (NO2, SO2) അന്തരീക്ഷത്തിലെത്തി ഓക്സിജനും നീരാവിയുമായി ചേര്‍ന്ന് നൈട്രിക്, സള്‍ഫ്യൂറിക് അമ്ളങ്ങള്‍ ഉണ്ടാകുകയും അമ്ളമഴയായി പെയ്തിറങ്ങുകയും ചെയ്യുന്നു. ഈ മഴ താഴെ പതിക്കുമ്പോള്‍ മണ്ണില്‍ ചെറിയ തോതിലടങ്ങിയിട്ടുള്ള വിഷലോഹങ്ങള്‍ ലയിച്ച് ജലാശയങ്ങളില്‍ ഒഴുകിയെത്തുന്നു. ഇത് മനുഷ്യനും ജീവജാലങ്ങള്‍ക്കും ഹാനികരമാകുന്നു. ഇപ്രകാരം ജലാശയങ്ങളില്‍ ലയിച്ചു ചേരുന്ന അലൂമിനിയം മത്സ്യങ്ങളുടെ ശ്വസനാവയവത്തില്‍ ശ്ളേഷ്‍മോത്പാദനത്തെ ത്വരിപ്പിച്ച് ശ്വാസതടസ്സം സൃഷ്ടിക്കുന്നു. അമ്ളമഴ ജലാശയങ്ങളുടെ അമ്ളത വര്‍ധിപ്പിച്ച് ജലജീവികളുടെ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്നു. അമ്ളമഴ നേരിട്ടും മണ്ണിന്റെ രാസഘടനയില്‍ മാറ്റം വരുത്തിയും ഭക്ഷ്യചങ്ങലയില്‍ വ്യതിയാനം വരുത്തിയും സസ്യങ്ങളുടെയും ജീവജാലങ്ങളുടെയും നിലനില്‍പ്പിനു ഭീഷണി ഉയര്‍ത്തുന്നു.

ഓസോണ്‍പാളി ശോഷണം

സൂര്യനില്‍ നിന്ന് ഉത്സര്‍ജിക്കപ്പെടുന്ന അപകടകാരികളായ അള്‍ട്രാവയലറ്റ് രശ്മികള്‍ വര്‍ധിച്ച തോതില്‍ ഭൌമോപരിതലത്തില്‍ പതിച്ചാല്‍ അത് മനുഷ്യനും ജന്തുക്കള്‍ക്കും ഹാനികരമാകുകയും ആഗോള ആവാസ വ്യവസ്ഥയെതന്നെ താറുമാറാക്കുകയും ചെയ്യും. ഈ വികിരണങ്ങളെ തടഞ്ഞുനിര്‍ത്തുന്ന ഭൂമിയുടെ സ്വാഭാവിക ആവരണമാണ് ഓസോണ്‍പാളി. സ്ട്രാറ്റോസ്ഫിയറില്‍ സ്ഥിതിചെയ്യുന്ന ഒരു നേരിയ വാതക(ഓസോണ്‍) പാളിയാണിത്. 1970-കളില്‍ അന്റാര്‍ട്ടിക്കയില്‍ നടത്തിയ ഗവേഷണങ്ങളുടെ ഫലമായും മറ്റും ഈ പാളി ശോഷിച്ചുകൊണ്ടിരിക്കുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ഫോം നിര്‍മാണം, ഇലക്ട്രോണിക വ്യവസായം എന്നീ മേഖലകളിലും ശീതീകരണികളിലും ഉപയോഗിക്കുന്ന ക്ളോറോ ഫ്ളൂറോ കാര്‍ബണുകള്‍ (CFCs) ഓസോണ്‍ തന്മാത്രകളെ വിഘടിപ്പിക്കുന്നതാണിതിനു കാരണമായി കണ്ടെത്തിയിട്ടുള്ളത്. ഓസോണ്‍ പാളി ശോഷണം നിമിത്തം ഉയര്‍ന്ന തോതില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ ഭൂമിയില്‍ എത്തുന്നത് ത്വക്ക് അര്‍ബുദം, തിമിരം, രോഗപ്രതിരോധശക്തി ശോഷണം, സസ്യങ്ങളുടെ ഉത്പാദനക്ഷമതയില്‍ ശോഷണം, സൂക്ഷ്മസസ്യങ്ങളുടെ നാശം എന്നിവയുണ്ടാകുന്നു. ഓസോണ്‍ പാളി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി ലോകരാഷ്ട്രങ്ങള്‍ ഓസോണ്‍ ശോഷക വസ്തുക്കളുടെ ഉപയോഗം പരമാവധി കുറയ്ക്കുവാനായി വിയന്നാ കണ്‍വെന്‍ഷന്‍ (1985), മോണ്‍ട്രിയല്‍ പ്രോട്ടോക്കോള്‍ (1987), ലണ്ടന്‍ (1990), കോപ്പന്‍ ഹാഗന്‍ (1992) ഉടമ്പടികള്‍ തുടങ്ങിയവ ഉണ്ടാക്കിയിട്ടുണ്ട്.


ആഗോളതാപനം

ഹരിതഗൃഹവാതകങ്ങള്‍ എന്നറിയപ്പെടുന്ന കാര്‍ബണ്‍ ഡൈഓക്സൈഡ്, മീഥേന്‍, നൈട്രസ് ഓക്സൈഡ്, ക്ളോറോഫ്ളൂറോ കാര്‍ബണുകള്‍, നീരാവി തുടങ്ങിയ വാതകങ്ങള്‍ ഭൂമിയുടെ ശ.ശ. താപനില വര്‍ധിക്കുവാന്‍ കാരണമായി തീര്‍ന്നിട്ടുണ്ട്. ഭൂമിയിലെത്തുന്ന സൂര്യപ്രകാശവും ചൂടും ഗണ്യമായ തോതില്‍ ഭൂമിയില്‍ നിന്നു തിരികെ ബഹിരാകാശത്തേക്ക് വികിരണം ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ മേല്പ്പറഞ്ഞ വാതകങ്ങള്‍ പ്രകാശം, താപരശ്മികളെ ആഗിരണം ചെയ്ത് ഭൂതലത്തിലേക്കു തന്നെ വികിരണം ചെയ്യുന്നതാണ് താപനില ഉയരുവാന്‍ കാരണം. ഹരിതഗൃഹപ്രഭാവം (green house effect) എന്നാണിതറിയപ്പെടുന്നത്. 19-ാം ശ.-ത്തിന്റെ അന്ത്യം മുതല്‍ 20-ാം ശ.-ത്തിന്റെ അന്ത്യംവരെയുള്ള കണക്കനുസരിച്ച് ആഗോള തലത്തില്‍ കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ അളവില്‍ 25 ശ.മാ. വരെ വര്‍ധനവുണ്ടായിട്ടുള്ളതായും പ്രതിവര്‍ഷം 0.5 ശ.മാ. എന്ന കണക്കില്‍ വര്‍ധനവുണ്ടായിക്കൊണ്ടിരിക്കുകയാണെന്നും കണക്കാക്കപ്പെടുന്നു. ഹരിതഗൃഹവാതകങ്ങളുടെ ഈ നിലയിലുള്ള വര്‍ധന തുടര്‍ന്നാല്‍ 2040-ഓടെ ആഗോളതാപനിലയില്‍ 2°C മുതല്‍ 5°C വരെ വര്‍ധനയുണ്ടാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അന്തരീക്ഷ താപനില ഉയരുന്നത് കാലാവസ്ഥയില്‍ അപ്രതീക്ഷിത മാറ്റങ്ങളുണ്ടാക്കും. ധ്രുവഹിമപാളികളും ഹിമാനികളും ഉരുകി സമുദ്രജലനിരപ്പില്‍ ഗണ്യമായ ഉയര്‍ച്ച ഉണ്ടാകും. പല ദ്വീപുകളും സമുദ്രതീരപ്രദേശങ്ങളും ഇതോടെ കടലിനടിയിലാകും. ആഗോളതാപനം കൊണ്ടുണ്ടാകുന്ന ആപല്‍ക്കരമായ സ്ഥിതിവിശേഷത്തിനു തടയിടുവാനായി ഹരിതഗൃഹവാതകങ്ങളുടെ നിര്‍ഗമനത്തില്‍ വരുത്തേണ്ട വെട്ടിച്ചുരുക്കല്‍ സംബന്ധിച്ച് 160 ലോകരാഷ്ട്രങ്ങള്‍ ചേര്‍ന്നുണ്ടാക്കിയ ഉടമ്പടിയാണ് ക്യോട്ടോ ഉടമ്പടി (1997).


അന്തരീക്ഷമലിനീകരണത്തെക്കുറിച്ചുള്ള പഠനങ്ങള്‍ ഇന്നു ലോകത്തിന്റെ പലഭാഗത്തും നടന്നുവരുന്നു. ലോക അന്തരീക്ഷ നിരീക്ഷണ സംഘടന (WMO) 1989 മുതല്‍ ആഗോള പരിസ്ഥിതി നിരീക്ഷണ പദ്ധതി (Global Environment Monitoring System) ആവിഷ്ക്കരിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ അന്തരീക്ഷ മലിനീകരണ തോത് (Background Air pollution Monitoring Network) ഓസോണിന്റെ അളവ് എന്നിവയെക്കുറിച്ചുള്ള പഠനമാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം.


നാഷനല്‍ എയര്‍ ക്വാളിറ്റി മോണിറ്ററിങ് നെറ്റ്‍വര്‍ക്ക് (National Air Quality Monitoring Network)ഉം നാഷനല്‍ എന്‍വയണ്‍മെന്റല്‍ എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂ(NEERI)ട്ടും സംസ്ഥാന മലിനീകരണ നിയന്ത്രണസമിതികളും ചേര്‍ന്നാണ് ഭാരതത്തില്‍ അന്തരീക്ഷ മലിനീകരണ നിരീക്ഷണ പഠനങ്ങള്‍ നടത്തിവരുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍