This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനേകാന്തവാദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:44, 24 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അനേകാന്തവാദം

യാഥാര്‍ഥ്യം അളവറ്റ 'ധര്‍മ'(ലക്ഷണങ്ങള്‍)ങ്ങളോടുകൂടിയതാണ് എന്ന ജൈനസിദ്ധാന്തം. പ്രപഞ്ചവസ്തുക്കള്‍ അനേകം ധര്‍മങ്ങളോടുകൂടിയവയായതുകൊണ്ട് അവയെക്കുറിച്ച് പൂര്‍ണമായി ഗ്രഹിക്കാന്‍ പരിമിതപ്രജ്ഞനായ മനുഷ്യന്‍ ശക്തനല്ല. ഒരു വസ്തുവിനെപ്പറ്റിയോ പ്രപഞ്ചത്തെക്കുറിച്ചോ ഉള്ള അറിവ് ഒരു പ്രത്യേക വീക്ഷണത്തില്‍ ശരിയായിരിക്കാം; മറ്റൊരു വീക്ഷണത്തില്‍ തെറ്റായിരിക്കാം. അതുകൊണ്ട് ഒരു വസ്തുവിനെക്കുറിച്ച് ലഭിക്കുന്ന അറിവ് എപ്പോഴും അപൂര്‍ണവും അവ്യക്തവും ആപേക്ഷികവും ആണെന്ന് അനേകാന്തവാദം സമര്‍ഥിക്കുന്നു. ഈ വാദത്തെ ന്യായീകരിക്കുന്നതിന് സ്യാദ്‍വാദം, നയവാദം എന്ന് ഈ രണ്ടു തത്ത്വങ്ങളെ ജൈനര്‍ ആശ്രയിക്കുന്നു.


ജൈനദര്‍ശനത്തിന്റെ താര്‍ക്കികവും ജ്ഞാനമീമാംസാപരവും ആയ വശമാണ് സ്യാദ്‍വാദം. ഇത് യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള അറിവിന്റെ അപൂര്‍ണതയെയും അവ്യക്തതയെയും സാധൂകരിക്കുന്ന ഒരു പ്രത്യേക വൈരുധ്യാത്മകവാദമാണ്. 'ആയിരിക്കാം' (may be) എന്നാണ് സ്യാദ് എന്ന പദത്തിനര്‍ഥം. പരസ്പരവിരുദ്ധമെന്ന് തോന്നുമെങ്കിലും സൂക്ഷ്മനിരീക്ഷണത്തില്‍ വൈരുധ്യമില്ലാത്ത ഏഴു പ്രസ്താവനകള്‍ ഒരു വസ്തുവിനെക്കുറിച്ച് നടത്താം എന്നതാണ് ഈ വാദത്തിന്റെ ചുരുക്കം. സ്യാദ് അസ്തി (ഉണ്ടായിരിക്കാം), സ്യാന്നാസ്തി (ഇല്ലായിരിക്കാം), സ്യാദ്അസ്തി-നാസ്തി (ഉണ്ടായിരിക്കാം - ഇല്ലായിരിക്കാം), സ്യാദ് അവക്തവ്യം (അവര്‍ണനീയമായിരിക്കാം), സ്യാദ് അസ്തിച അവക്തവ്യം ച (ഉണ്ടായിരിക്കാം, അവര്‍ണനീയമായിരിക്കാം), സ്യാന്നാസ്തി ച അവക്തവ്യം ച (ഇല്ലായിരിക്കാം, അവര്‍ണനീയമായിരിക്കാം), സ്യാദ് അസ്തി-നാസ്തി ച അവക്തവ്യം ച (ഉണ്ടായിരിക്കാം ഇല്ലായിരിക്കാം അവര്‍ണനീയമായിരിക്കാം) ഇവയാണ് ഏഴുതരം പ്രസ്താവനകള്‍. അയാള്‍ അച്ഛനാണ്; അച്ഛനല്ല; അച്ഛനാണ് - അച്ഛനല്ല; എന്നു മൂന്നുതരത്തില്‍ ഒരാളെക്കുറിച്ച് ഒരേ സമയത്തു പറഞ്ഞാല്‍ പെട്ടെന്ന് അതില്‍ വൈരുധ്യം കാണാമെങ്കിലും ഓരോന്നും എന്തിനെ ആശ്രയിച്ചിരിക്കുന്നു എന്നു മനസ്സിലാക്കിയാല്‍ മൂന്നും ശരിയാണെന്ന് സമ്മതിക്കേണ്ടിവരും. രണ്ടു കുട്ടികളെ കണക്കിലെടുത്തുകൊണ്ട് ഈ വാക്യങ്ങള്‍ സാര്‍ഥകങ്ങളാണെന്ന് തെളിയിക്കാം. ഒരു കുട്ടിയെ അപേക്ഷിച്ച് അയാള്‍ അച്ഛനാണ്; മറ്റേ കുട്ടിയെ സംബന്ധിച്ചിടത്തോളം അയാള്‍ അച്ഛനല്ല; രണ്ടു കുട്ടികളെയും ഒന്നിച്ചു കണക്കാക്കിയാല്‍ അയാള്‍ അച്ഛനാണ്- അച്ഛനല്ല. എന്നാല്‍ അച്ഛനാണ് എന്നും അച്ഛനല്ല എന്നും രണ്ടു കാര്യങ്ങള്‍ ഒരേ സമയത്ത് വാക്കുകള്‍കൊണ്ട് ഗ്രഹിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ അയാള്‍ അവര്‍ണനീയനാകുന്നു. എങ്കിലും അയാള്‍ അച്ഛനാണ് അവര്‍ണനീയനുമാണ്.... ഇപ്രകാരം നോക്കിയാല്‍ സ്യാദ്‍വാദം അവ്യക്തമോ നിര്‍യുക്തികമോ അല്ലെന്നു മനസ്സിലാക്കാം.


അനേകത്വലക്ഷണങ്ങളുള്ള ഒരു വസ്തുവിനെപ്പറ്റി നിഷ്കൃഷ്ടമായ ജ്ഞാനം ലഭിക്കുന്നതിന് ഏഴു സമീപനങ്ങള്‍ (സപ്തനയങ്ങള്‍) ഉണ്ടെന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തമാണ് നയവാദം. നൈഗമം, സംഗ്രഹം, വ്യവഹാരം, ഋജുസൂത്രം, ശബ്ദം, സമഭിരൂഢം, ഏവംഭൂതം എന്നിവയാണ് ഈ സപ്തനയങ്ങള്‍.


അനേകാന്തവാദമനുസരിച്ച് പ്രപഞ്ചത്തില്‍ ഒന്നിനെയും കുറിച്ചുള്ള അറിവ് ഏകാന്തമോ നിരപേക്ഷമോ അല്ല. തന്മൂലം ഇത് ഉപനിഷത്തുകളില്‍ പ്രതിപാദിക്കപ്പെട്ട ആത്യന്തികവും നിരപേക്ഷവും ഏകവും ആയ പരമസത്തയെ അംഗീകരിക്കുന്നില്ല. ഉപനിഷദ്ദര്‍ശനം നിത്യതയെ സമര്‍ഥിക്കുന്നു. ബൌദ്ധദര്‍ശനം അനിത്യതയെ സമര്‍ഥിക്കുന്നു. എന്നാല്‍ ജൈനര്‍ മധ്യമാര്‍ഗമാണ് സ്വീകരിച്ചിട്ടുള്ളത്. ചിലത് നശ്വരവും ചിലത് അനശ്വരവും. തന്മൂലം ഉപനിഷത്തുകളില്‍ കാണുന്ന പരമമായ ഏകത്വവാദത്തിനും (absolute monism) ബൌദ്ധരുടെ അനേകത്വവാദ (pluralism)ത്തിനും ഇടയ്ക്കുള്ള ആപേക്ഷിക-അനേകത്വവാദ (relative pluralism)മാണ് ഇതെന്നു പറയാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍