This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂമിന്താങ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:28, 24 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൂമിന്താങ്‌

Kuomintang

ഇരുപതാം ശതകത്തിന്റെ പൂര്‍വാര്‍ധത്തില്‍ ചൈനാ വന്‍കരയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രബലമായ ദേശീയകക്ഷി. 20-ാം നൂറ്റാണ്ടിന്റെ ആരംഭദശയില്‍ ചൈനയിലെ മാഞ്ചുവംശത്തിന്റെ ദുര്‍ഭരണത്തിനും വിദേശശക്തികളുടെ ആധിപത്യത്തിനും എതിരായി നിരവധി വിപ്ലവസംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവയില്‍ ഏറ്റവും പ്രമുഖമായിരുന്നത്‌ സണ്‍യാത്‌സെന്‍ രൂപവത്‌കരിച്ചിരുന്ന തങ്‌മങ്‌ഹുയി എന്ന സംഘടനയാണ്‌. ഹുനാസീ സങ്‌ചിയോജീന്‍ എന്ന ജനാധിപത്യവാദിയുടെ ശ്രമഫലമായി ഈ സംഘടനകളെല്ലാം ഒത്തുചേരുകയും കൂമിന്താങ്‌ എന്ന ദേശീയ ജനകീയപാര്‍ട്ടി രൂപംകൊള്ളുകയും ചെയ്‌തു. ഈ കക്ഷിയിലെ അംഗങ്ങള്‍ പ്രാരംഭദശയില്‍ വിവിധ ലോഡ്‌ജുകളില്‍ രഹസ്യമായി സമ്മേളിച്ച്‌ രാഷ്‌ട്രീയ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുക പതിവായിരുന്നു. കാലക്രമത്തില്‍ അവര്‍ ഒരു സെക്രട്ടേറിയറ്റും ഫണ്ടും രൂപവത്‌കരിച്ചു. 1911-ല്‍ ചൈനയില്‍ അധികാരത്തില്‍വന്ന യുവാന്‍ ഷിക്കായ്‌ കൂമിന്താങ്ങിനെ പരാജയപ്പെടുത്തുവാന്‍ ഒരു റിപ്പബ്ലിക്കന്‍ കക്ഷി രൂപവത്‌കരിച്ചു. പക്ഷേ 1913-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കൂമിന്താങ്‌ അഭൂതപൂര്‍വമായ വിജയം നേടി.

കുമിന്താങ്‌ സേന

1915-ല്‍ യുവാന്‍ ഷിക്കായുടെ പതനത്തിനുശേഷം ചൈനയില്‍ അരാജകത്വം നടമാടി. ഉത്തരചൈനയില്‍ യുദ്ധപ്രഭുക്കന്മാരുടെ വാഴ്‌ച നടന്നു. 1917-ല്‍ ദക്ഷിണചൈനയിലെ കാന്റണ്‍ എന്ന സ്ഥലത്തു കൂമിന്താങ്‌ കക്ഷിക്കാര്‍ ഡോ. സണ്‍യാത്‌സെന്നിന്റെ നേതൃത്വത്തില്‍ ഒരു പുതിയ റിപ്പബ്ലിക്കന്‍ ഗവണ്‍മെന്റ്‌ രൂപവത്‌കരിച്ചു. പക്ഷേ ഏറെ താമസിയാതെ കാന്റണിലെ കുവാങ്‌ഗായ്‌ ഗ്രൂപ്പുകാര്‍ സണ്‍യാത്‌സെന്നിനെ ഭരണത്തില്‍നിന്ന്‌ നീക്കം ചെയ്‌തു. 1920-ല്‍ കൂമിന്താങ്‌ പാര്‍ട്ടി നേതാവായ സണ്‍യാത്‌സെന്‍ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹം 1922-ല്‍ തന്റെ പ്രധാന ജനറലായ ചിനുവുമായി ഉത്തരചൈനയിലെ സൈനികനീക്കത്തെപ്പറ്റി അഭിപ്രായ സംഘട്ടനം ഉണ്ടാകുകയും പ്രസിഡന്റുപദത്തില്‍ നിന്ന്‌ വിരമിക്കുകയും ചെയ്‌തു.

ഈ കാലഘട്ടത്തില്‍ റഷ്യന്‍ ഭരണാധികാരികള്‍ കൂമിന്താങ്‌ കക്ഷിയെ പുനഃസംഘടിപ്പിച്ച്‌ റഷ്യന്‍ സ്വാധീനത വളര്‍ത്തിയെടുക്കുവാന്‍ ബറോദിന്‍ എന്ന റഷ്യന്‍ നയതന്ത്രവിദഗ്‌ധനെ ചൈനയിലേക്കു നിയോഗിച്ചു. റഷ്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ മാതൃകയില്‍ കൂമിന്താങ്‌ കക്ഷിയെ പുനഃസംഘടിപ്പിക്കുവാന്‍ ഇദ്ദേഹം യത്‌നിച്ചു. ഏറ്റവും താഴ്‌ന്ന നിലയിലെ ലോക്കല്‍ സെല്ലുകളും അവയുടെ മേല്‍നോട്ടം വഹിക്കുന്ന എക്‌സിക്യൂട്ടീവ്‌ കമ്മിറ്റികളും രൂപംകൊണ്ടു. സബ്‌ഡിസ്റ്റ്രിക്‌റ്റ്‌, ഡിസ്റ്റ്രിക്‌റ്റ്‌ പ്രവിശ്യകള്‍ എന്നിവയിലെല്ലാംതന്നെ ഒന്നിനുമുകളില്‍ ഒന്നായി കമ്മിറ്റികള്‍ സ്ഥാപിതമായി. ഏറ്റവും ഉപരിതലത്തില്‍ വര്‍ഷന്തോറും സമ്മേളിക്കുന്ന കോണ്‍ഗ്രസ്‌, സെന്‍ട്രല്‍ എക്‌സിക്യൂട്ടിവ്‌ കമ്മിറ്റി, സൂപ്പര്‍വൈസറി കമ്മിറ്റി എന്നിവ നിലവില്‍വന്നു. കുമിന്താങ്‌ ഭരണഘടനയുടെ 21-ാം വകുപ്പനുസരിച്ച്‌ ഡോ. സണ്‍യാത്‌സെന്‍ ആയുഷ്‌കാല പ്രസിഡന്റായി അവരോധിതനായി.

പുതിയ കൂമിന്താങ്‌ കക്ഷിയില്‍ അംഗങ്ങളായി ചേരുവാന്‍ 1921-ല്‍ സ്ഥാപിതമായ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലെ പലരും വിസമ്മതിച്ചു. പക്ഷേ അന്നത്തെ കമ്യൂണിസ്റ്റ്‌ അന്തര്‍ദേശീയ സംഘടനയായ കോമിന്‍ന്റേണിന്റെ നിര്‍ദേശപ്രകാരം അവര്‍ പിന്നീട്‌ കൂമിന്താങ്ങുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു. റഷ്യന്‍ സഹായത്തോടുകൂടി കൂമിന്താങ്‌ കക്ഷിനേതാവായ സണ്‍യാത്‌സെന്‍ ശക്തമായ ഒരു സൈന്യം രൂപവത്‌കരിച്ച്‌ ഉത്തരചൈനയിലെ യുദ്ധപ്രഭുക്കളെ കീഴടക്കി. ഏറെത്താമസിയാതെ ചൈനയെ ഏകീകരിക്കുവാന്‍ കൂമിന്താങ്‌ കക്ഷിക്ക്‌ കഴിഞ്ഞു.

1925 മുതല്‍ 49 വരെ ചിയാങ്‌ കൈഷക്കിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച കൂമിന്താങ്‌ കക്ഷി അഭിമാനാര്‍ഹമായ പല നേട്ടങ്ങളും കൈവരിച്ചു. വിദേശശക്തികളില്‍നിന്ന്‌ മുന്‍ ചൈനീസ്‌ ഗവണ്‍മെന്റ്‌ സ്വീകരിച്ചിരുന്ന വായ്‌പകള്‍ തിരിച്ചടച്ചു. ചൈനയിലെ എല്ലാ പ്രധാനനഗരങ്ങളെയും ബന്ധിപ്പിക്കുന്ന റെയില്‍വേ ലൈനുകളും റോഡുകളും നിര്‍മിക്കപ്പെട്ടു. അമേരിക്കയുമായി സഹകരിച്ച്‌ ഒരു വിമാനസര്‍വീസ്‌ ആരംഭിച്ചു. ചൈനീസ്‌ നിയമങ്ങള്‍ ക്രാഡീകരിച്ചു. പുതിയ കോടതികള്‍ പ്രവര്‍ത്തനക്ഷമമാക്കി. ഉയര്‍ന്ന കലാശാലാവിദ്യാഭ്യാസം പുനഃസംഘടിപ്പിച്ചു. ബ്രിട്ടന്‍, യു.എസ്‌., ജപ്പാന്‍ എന്നീ വൈദേശിക ശക്തികളുടെ അധീശത്വം അവസാനിപ്പിക്കാനുള്ള നടപടികളും തുടങ്ങി.

പക്ഷേ കൂമിന്താങ്‌ പാര്‍ട്ടിയില്‍ നിന്ന്‌ ഒരു സാമൂഹ്യവിപ്ലവം പ്രതീക്ഷിച്ചിരുന്ന ജനങ്ങള്‍ അക്ഷമരും നിരാശരുമായി. ക്രമേണ കൂമിന്താങ്‌ കക്ഷിക്ക്‌ ജനസമ്മതി നഷ്‌ടപ്പെടാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ പിന്നിടുന്തോറും കമ്യൂണിസ്റ്റുപാര്‍ട്ടിയും കൂമിന്താങ്‌ പാര്‍ട്ടിയും തമ്മിലുള്ള അകല്‍ച്ച വര്‍ധിച്ചു. 1946 മുതല്‍ 49 വരെ രണ്ടു പ്രബലകക്ഷികളും തമ്മില്‍ ആഭ്യന്തരസമരം നടന്നു. ചൈനീസ്‌ വന്‍കരയില്‍നിന്ന്‌ കൂമിന്താങ്‌ കക്ഷി നേതാവ്‌ സമീപത്തുള്ള തയ്‌വാനിലേക്ക്‌ 1949-ല്‍ പലായനം ചെയ്‌തു. ഇതോടുകൂടി കൂമിന്താങ്ങിന്റെ അധികാരം ചൈനീസ്‌ വന്‍കരയില്‍ അസ്‌തമിച്ചു. അതു തയ്‌വാനില്‍ മാത്രം ഭരണകക്ഷിയായി ഇന്നും നിലനില്‌ക്കുന്നു.

(പ്രൊഫ. ലോറന്‍സ്‌ ലോപ്പസ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍