This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂത്ത്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:23, 24 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൂത്ത്‌

ഒരു കേരളീയ ദൃശ്യകലാരൂപം. ക്രീഡ എന്ന അര്‍ഥത്തിലുള്ള കുര്‍ദ എന്ന സംസ്‌കൃത ധാതുവില്‍നിന്നുണ്ടായ "കൂര്‍ദ' ശബ്‌ദത്തിന്റെ തദ്‌ഭവരൂപമാണ്‌ കൂത്ത്‌. ക്രീഡ, ഖേല, കൂര്‍ദനം ഈ മൂന്നു വാക്കുകളും പര്യായങ്ങളാണ്‌. സാമാന്യമായി ഏതു കളിയെയും പരാമര്‍ശിക്കുന്നതിനുപയോഗിക്കാവുന്ന ഒരു വാക്കാണിത്‌. എന്നാല്‍ നൃത്തനാട്യങ്ങളെക്കുറിക്കാനാണ്‌ ഈ വാക്ക്‌ ഉപയോഗിച്ചിരുന്നത്‌. കൊല്ലവര്‍ഷം 6-ാം ശതകത്തില്‍ നിര്‍മിച്ചിട്ടുള്ള ലീലാതിലകത്തിലെ

""തുള്ളവേണ്ടും കിടന്നങ്ങു
	കൊള്ളവേണ്ടുമതിന്‍വില
	ഭാവം നടിക്കയും വേണ്ടും
	കേവലം കൂത്തു വൈശികം''
 

എന്നിങ്ങനെ കൂത്തും വേശ്യാവൃത്തിയും ഒരുപോലെയാണെന്നു പ്രതിപാദിക്കുന്ന പദ്യത്തില്‍ തുള്ളല്‍ നൃത്തവും ഭാവം നടിക്കല്‍ നാട്യവുമാണെന്നു സൂചിപ്പിച്ചിരിക്കുന്നു. തമിഴിലും ഇതേ അര്‍ഥത്തിലാണ്‌ കൂത്ത്‌ എന്ന വാക്കുപയോഗിക്കുന്നത്‌.

തോല്‍പ്പാവക്കൂത്ത്‌

ചാക്യാര്‍ കൂത്തെന്നും തോല്‍പ്പാവക്കൂത്തെന്നും രണ്ടുതരം കൂത്താണ്‌ കേരളത്തില്‍ നടപ്പുള്ളത്‌. ചാക്യാര്‍ കൂത്ത്‌ സംസ്‌കൃത നാടകാഭിനയവും തോല്‍പ്പാവക്കൂത്ത്‌ തമിഴ്‌ നാടകാഭിനയവുമാണ്‌. ചാക്യാര്‍ കൂത്തില്‍ ഭാസ, ഹര്‍ഷാദി മഹാകവികളുടെ സംസ്‌കൃതനാടകങ്ങള്‍ നാട്യശാസ്‌ത്രവിധിയനുസരിച്ച്‌ അഭിനയിക്കപ്പെടുന്നു. തോല്‍പ്പാവക്കൂത്തില്‍ കമ്പരാമായണത്തിലെ പാട്ടുകള്‍ നിഴല്‍നാടകരൂപത്തില്‍ ആവിഷ്‌കരിക്കപ്പെടുന്നു.

തോല്‍പ്പാവക്കൂത്ത്‌. മധ്യകേരളത്തില്‍ മാത്രം ഭദ്രകാളീക്ഷേത്രങ്ങളില്‍ നടപ്പുള്ള ഒരു ക്ഷേത്രകലയാണ്‌ തോല്‍പ്പാവക്കൂത്ത്‌. ക്ഷേത്രസമീപത്തില്‍ പ്രത്യേകം നിര്‍മിച്ചിട്ടുള്ള കൂത്തുമാടത്തില്‍ മുന്‍ഭാഗത്തു നീളത്തില്‍ കെട്ടിയ നേരിയ കറുപ്പുശീലയ്‌ക്കുള്ളില്‍ തോല്‍കൊണ്ടുണ്ടാക്കിയ രാമസുഗ്രീവാദികളുടെ പാവകള്‍, പിന്നില്‍ നിരത്തിവയ്‌ക്കുന്ന വിളക്കുകളുടെ സഹായത്തോടെ പ്രദര്‍ശിപ്പിക്കുന്ന ഒരു ദൃശ്യകലയാണ്‌ ഇത്‌. കൂത്തുകാര്‍ തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രങ്ങളുടെ പാവകള്‍ പിടിച്ചുനിന്ന്‌ പാട്ടുകള്‍ പാടി വ്യാഖ്യാനിക്കുകയാണ്‌ ചെയ്യുന്നത്‌. സംസ്‌കൃതവാക്കുകള്‍ ധാരാളം ഇടകലര്‍ന്ന ഒരുതരം പാലക്കാടന്‍ തമിഴിലാണ്‌ വ്യാഖ്യാനം. പന്തീരായിരം പാട്ടുള്ള കമ്പരാമായണത്തില്‍ നിന്ന്‌ ഈ പാവക്കൂത്തിന്റെ ആവശ്യത്തിനായി ആയിരത്തി ഇരുനൂറു പാട്ട്‌ തിരഞ്ഞെടുത്ത്‌ നാടകത്തിനുതകുന്ന വിധം വേണ്ടുന്ന മാറ്റങ്ങള്‍ വരുത്തി ശരിപ്പെടുത്തിവച്ചിട്ടുണ്ട്‌. മുന്നൂറോളം കൊല്ലത്തെ പഴക്കമേ ഈ കൂത്തിനുള്ളൂവെന്നു പറയപ്പെടുന്നു. ശ്രീരാമാവതാരം മുതല്‍ പട്ടാഭിഷേകം വരെയുള്ള രാമായണകഥ മാത്രമാണ്‌ ഈ കൂത്തിലെ മുഖ്യമായ അവലംബം. ഇതിന്റെ അംഗങ്ങളായി പലപല ഉപകഥകളും ശാസ്‌ത്രവിഷയങ്ങളും വന്നുചേരുന്നു. ക്ഷേത്രപ്രവേശമില്ലാതിരുന്ന അവര്‍ണര്‍ക്കുംകൂടി കാണാനും കേള്‍ക്കാനും സൗകര്യപ്പെടുന്ന വിധത്തില്‍ ക്ഷേത്രത്തില്‍നിന്നു വിട്ട്‌ അല്‌പം ദൂരത്താണ്‌ കൂത്തുമാടം കെട്ടുക പതിവ്‌. ഈ കൂത്തും ഒരു കാലത്ത്‌ കേരളത്തിലെ സാധാരണ ജനങ്ങളുടെ സംസ്‌കാരപോഷണത്തില്‍ വളരെ സഹായിച്ചിട്ടുണ്ട്‌.

ചാക്യാര്‍ കൂത്ത്‌

ചാക്യാര്‍ കൂത്ത്‌. ചാക്യാര്‍ സമുദായത്തിന്റെ മാത്രം കുലവൃത്തിയാണ്‌ ചാക്യാര്‍കൂത്ത്‌. കൃഷ്‌ണനാട്ടം, കഥകളി, ഓട്ടന്‍തുള്ളല്‍ തുടങ്ങി ക്ഷേത്രബന്ധമുള്ള ദൃശ്യകലകള്‍ ഏതെങ്കിലും സമുദായത്തിനുമാത്രം അവകാശപ്പെട്ടതല്ല. ക്ഷേത്രം വിട്ടു മറ്റു സ്ഥലങ്ങളിലും ആ വക അഭിനയവിശേഷങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തടസ്സമുണ്ടായിരുന്നില്ല. ചാക്യാര്‍ കൂത്താകട്ടെ ക്ഷേത്രസന്നിധിയില്‍ മാത്രം ചാക്യാന്മാര്‍ നടത്തുന്ന കൂത്തായിരുന്നു. ഇപ്പോള്‍ കേരളകലാമണ്ഡലത്തില്‍ മറ്റു സമുദായക്കാരെയും കൂത്തും കൂടിയാട്ടവും പഠിപ്പിക്കുന്നുണ്ട്‌; പൊതുരംഗങ്ങളില്‍ അവ പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ട്‌.

ചാക്യാര്‍ കൂത്തിനു നാടകാഭിനയമെന്നും കഥാപ്രസംഗമെന്നും പ്രധാനമായി രണ്ടുവിഭാഗമുണ്ട്‌. അവയില്‍ നാടകാഭിനയത്തെ തന്നെയാണ്‌ പണ്ടുകാലത്തു കൂത്ത്‌ എന്നു പറഞ്ഞിരുന്നത്‌. മന്ത്രാങ്കം കൂത്ത്‌, അംഗുലീയാങ്കം കൂത്ത്‌, മത്തവിലാസം കൂത്ത്‌, പറക്കുംകൂത്ത്‌ ഇവയെല്ലാം നാടകാഭിനയമാണ്‌. ഭാസന്റെ പ്രതിജ്ഞായൗഗന്ധരായണത്തിലെ മൂന്നാമങ്കം മന്ത്രാങ്കവും ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണിയിലെ ആറാമങ്കം അംഗുലീയാങ്കവുമാണ്‌. മത്തവിലാസം ഒരങ്കം മാത്രമുള്ള ഒരു പ്രഹസനമാകുന്നു. ഹര്‍ഷന്റെ നാഗാനന്ദത്തില്‍ നാലാമങ്കത്തിന്റെ അഭിനയമാണ്‌ പറക്കുംകൂത്ത്‌. ഏതായാലും ചാക്യാന്മാരുടെ കൂത്ത്‌ നാടാകാഭിനയമാണെന്ന കാര്യത്തില്‍ സംശയമില്ല. ഒറ്റയ്‌ക്കു നടത്തുന്ന അഭിനയം കൂത്ത്‌, ഒന്നിലേറെ കഥാപാത്രങ്ങള്‍ ചേര്‍ന്നു സംഭാഷണരൂപത്തില്‍ നടത്തുന്ന അഭിനയം കൂടിയാട്ടം. എന്നാല്‍ ഇപ്പോള്‍ ചാക്യാന്മാരുടെ നാടകാഭിനയത്തിനു പൊതുവില്‍ "കൂടിയാട്ട'മെന്ന പേരാണ്‌ പറഞ്ഞുവരുന്നത്‌. ചാക്യാര്‍കൂത്തെന്ന സംജ്ഞ കഥാപ്രസംഗത്തിനു മാത്രമേ ഇപ്പോള്‍ ഉപയോഗിക്കാറുള്ളൂ.

നൈമിഷാരണ്യത്തിലെ ശൗനകാദിമഹര്‍ഷിമാരുടെ സദസ്സില്‍ പുരാണകഥാപ്രവചനം നടത്തുന്ന സൂതന്റെ പ്രതിനിധിയത്ര കൂത്തുപറയുന്ന ചാക്യാര്‍. എന്നാല്‍ സൂതനെപ്പോലെ ഇരുന്നു കഥപറയുക മാത്രമല്ല ചാക്യാര്‍ ചെയ്യുന്നത്‌; ഇരുന്നും നടന്നും ഓടിയും ചാടിയും മറ്റും കഥാപാത്രങ്ങളുടെ നിലയില്‍ അഭിനയിച്ചു കാണിക്കുകകൂടി ചെയ്യുന്നു.

വിദൂഷകവേഷത്തിലും വിദൂഷകസ്‌തോഭത്തിലുമാണ്‌ ചാക്യാര്‍ കഥാപ്രസംഗം നടത്തുന്നത്‌. "മുഖത്തും മാറിടത്തിലും മുട്ടിനുമീതേ കൈയിന്മേലും വെളുത്ത അരിമാവ്‌ പൂശി വരച്ചിരിക്കും. അതിന്നിടയില്‍ നെറ്റി, മൂക്ക്‌, കവിളുകള്‍, താടി എന്നീ സ്ഥാനങ്ങളില്‍ മുഖത്ത്‌ അഞ്ച്‌, അതുപോലെ മാറിടത്തിന്റെ നടുവില്‍, ചുവട്ടില്‍, മുകളില്‍, ഇടത്ത്‌, വലത്ത്‌ ഇങ്ങനെ അഞ്ച്‌, രണ്ടു കൈയിലും മേലും കീഴുമായി ഈരണ്ട്‌ ഇങ്ങനെ പതിനാലു ദിക്കില്‍ നൂറും മഞ്ഞളും ചേര്‍ത്തു ചാലിച്ച്‌ ചുകന്ന പൊട്ട്‌ തൊട്ടിരിക്കും. കണ്‍പോളയടക്കം മഷിയെഴുതി വീതിയില്‍ വാലിട്ടിരിക്കും. കീഴ്‌ക്കൊമ്പും മേല്‌ക്കൊമ്പുമായി വലിയ മീശ വരച്ചിരിക്കും. കുടുമ, വാസികം, പീലിപ്പട്ടം എന്നിവയാണ്‌ ശിരോലങ്കാരങ്ങള്‍. രണ്ടു ചെവിയിലും ചെവിപ്പൂക്കള്‍, കാതില്‍ ഒന്നില്‍ തെച്ചിമാല, മറ്റതില്‍ വെറ്റിലച്ചുരുള്‍, കൈകളില്‍ കടകങ്ങള്‍, മാറ്റുമടക്കി പൃഷ്‌ഠം കനപ്പിച്ച്‌ പൈതകം വച്ചുടുത്ത്‌, കടിസൂത്രം കെട്ടിയിരിക്കും. ഉത്തരീയവുമുണ്ടാവും. മാറിടത്തില്‍ വെളുത്ത പുണ്യനൂലും'. ഇതാണ്‌ വിദൂഷകന്റെ വേഷം. ഹാസ്യമാണ്‌ മുഖത്തെ സഹജഭാവം.

നവരസങ്ങളില്‍ ആബാലവൃദ്ധം ജനങ്ങള്‍ക്ക്‌ ആസ്വാദ്യമായ രസം ഹാസ്യമാണ്‌. അതുകൊണ്ടാണ്‌ പുരാണ കഥാപ്രസംഗങ്ങള്‍ക്ക്‌ ചാക്യാന്മാര്‍ വിദൂഷകനെ അവലംബമാക്കിയത്‌. സ്വപ്‌നവാസവദത്തം, നാഗാനന്ദം, സുഭദ്രാധനഞ്‌ജയം, തപതീസംവരണം എന്നീ ശൃംഗാരപ്രധാനങ്ങളായ സംസ്‌കൃതനാടകങ്ങള്‍ ചാക്യാന്മാര്‍ അഭിനയിച്ചിരുന്നു. ഇപ്പോഴും ദുര്‍ലഭമായി അവയിലെ ചില അങ്കങ്ങള്‍ അങ്ങിങ്ങ്‌ അഭിനിയിക്കാറുണ്ട്‌. അവയിലൊക്കെ നായകന്റെ നര്‍മസചിവനായി വിദൂഷകനുമുണ്ട്‌. ഹാസ്യപ്രിയനും വാചാലനും കഥാനിപുണനുമായ ഈ വിദൂഷകന്‌ സന്ദര്‍ഭാനുഗുണമായി പല കഥകളും ഉപകഥകളും പറഞ്ഞു ഫലിപ്പിക്കേണ്ടതുമുണ്ട്‌. വാസ്‌തവത്തില്‍ മറ്റു നാടകഭാഗങ്ങളെക്കാള്‍ സരസവും സംസ്‌കാരജനകവും സര്‍വാകര്‍ഷകവുമാണ്‌ വിദൂഷകപ്രസംഗം. അതിനാല്‍ വിദൂഷകനെ നാടകങ്ങളില്‍നിന്ന്‌ ഒറ്റയ്‌ക്കു തിരിച്ചെടുത്ത്‌ പ്രത്യേകം ഒരു കലാരൂപം നല്‌കുവാന്‍ ചാക്യാന്മാര്‍ സ്വയം പ്രരിതരായി. അങ്ങനെ നാടകാഭിനയവൃക്ഷത്തില്‍നിന്നു കൊമ്പുവെട്ടിക്കുത്തി വളര്‍ത്തിയെടുത്ത ഒരു നാട്യകലയത്ര ചാക്യാര്‍കൂത്ത്‌. നടന്‍ ഒരാളേ വേണ്ടൂ. സഹായത്തിന്‌ ഒരു നമ്പ്യാരും ഒരു നങ്ങ്യാരും മാത്രം മതി. എവിടെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും കൂത്തു നടത്താം. രംഗസാമഗ്രികളോ വേഷഭൂഷണാദികളോ അധികമൊന്നും വേണ്ട. പണച്ചെലവും കുറവ്‌, ഫലമാണെങ്കില്‍ വളരെ അധികവും. ഇക്കാരണങ്ങളാല്‍ ചാക്യാര്‍ കൂത്തിനു കേരളത്തില്‍ സര്‍വത്ര അസൂയാവഹമായ പ്രചാരം ആദ്യകാലങ്ങളില്‍ തന്നെ ലഭിക്കാനിടയായി.

ക്ഷേത്രത്തിലെ കൂത്തമ്പലത്തിലോ വാതില്‍ മാടത്തിലോ താത്‌കാലികമായി തയ്യാറാക്കിയ കൂത്തുമാടത്തിലോ ചാക്യാന്മാര്‍ കൂത്തു നടത്തുന്നു. മിഴാവും കുഴിതാളവും മാത്രമാണ്‌ വാദ്യം. തോലുകൊണ്ട്‌ വായ്‌ മൂടിക്കെട്ടിയ ഏറ്റവും വലിയ ചെമ്പുകുടമാണ്‌ മിഴാവ്‌. ചാക്യാന്മാരുടെ കൂത്തിനും കൂടിയാട്ടത്തിനും മാത്രമേ ഇപ്പോള്‍ മിഴാവ്‌ ഉപയോഗിക്കാറുള്ളൂ. രംഗത്തിന്റെ പിന്നില്‍ "മിഴാവണ'മേലിരുന്ന്‌ നമ്പ്യാര്‍ കൈകള്‍കൊണ്ടു മിഴാവുകൊട്ടുന്നു. വലത്തുഭാഗത്ത്‌ നിലത്തു വസ്‌ത്രം വിരിച്ചിരുന്ന്‌ നങ്ങ്യാര്‍ കുഴിതാളം പിടിക്കുന്നു. മുമ്പില്‍ വലിയൊരു നിലവിളക്കു കത്തിച്ചുവച്ച്‌ അതിനഭിമുഖമായിട്ടാണ്‌ കൂത്ത്‌ നടത്തുന്നത്‌. ആവശ്യമുള്ളപ്പോള്‍ ഇരിക്കുവാനുള്ള ഒരു പീഠം മാത്രമാണ്‌ രംഗസാമഗ്രിയായുള്ളത്‌.

വേഷമൊരുങ്ങിക്കഴിഞ്ഞാല്‍ നമ്പ്യാരും നങ്ങ്യാരും വന്നിരുന്നു മിഴാവ്‌ ഒച്ചപ്പെടുത്തുന്നു. ഇത്‌ കൂത്തു തുടങ്ങുകയായി എന്നതിന്റെ മുന്നറിയിപ്പാണ്‌. തുടര്‍ന്ന്‌ നടന്‍ പ്രവേശിച്ച്‌ മിഴാവിന്നഭിവാദ്യം ചെയ്‌ത്‌ വിളക്കിനു നേരെ തിരിഞ്ഞുനിന്നു "ചാരി' എന്ന നൃത്തമാരംഭിക്കുന്നു. നാലു ദിക്കിലേക്കും തിരിഞ്ഞു നിര്‍വഹിക്കുന്ന ഈ ചാരി, ഭ്രമരി എന്നുപേരുള്ള നൃത്തവിശേഷം കൊണ്ടാണ്‌ അവസാനിപ്പിക്കുന്നത്‌. ചാരി കഴിഞ്ഞാല്‍ പിന്നെ വിദൂഷകസ്‌തോഭം നടിക്കലാണ്‌. പൂണുനൂല്‍ തേക്കുക, കുടുമ വേര്‍പെടുത്തുക, മീശ ശരിപ്പെടുത്തുക, മുണ്ടു പിഴിഞ്ഞു വീശുക, വെറ്റില വായിലിട്ടു ചവയ്‌ക്കുക ഇതെല്ലാമാണ്‌ വിദൂഷകസ്‌തോഭത്തില്‍ കാണിക്കുന്നത്‌. പിന്നീട്‌ വിളക്കിനുനേരെ നിന്ന്‌ ഉത്തരീയ വസ്‌ത്രത്തിന്റെ ഒരറ്റം കൊണ്ട്‌ മുഖം മറച്ചുപിടിച്ച്‌ ഇഷ്‌ടദേവതാ പ്രാര്‍ഥനകള്‍ നടത്തുന്നു. ഇതു കഴിഞ്ഞാല്‍ കൂത്തിന്റെ പീഠിക തുടങ്ങുകയായി. അത്‌ ഏതാണ്ടിങ്ങനെയാണ്‌:

"സര്‍വകാലവും ഭഗവന്നാമങ്ങളെ ഉച്ചരിച്ചിരുന്നാല്‍ ജന്മ ജന്മാന്തരാര്‍ജിതങ്ങളായിരിക്കുന്ന ദുരിതരാശികള്‍ യഥാവലേ സംഹൃതങ്ങളായിച്ചമയുമെന്നോ, നിശ്ചയമത്രയല്ലോ ആകുന്നത്‌....ആയതല്ലോ ജന്മസാഫല്യമാകുന്നത്‌'. ഇങ്ങനെ പീഠിക പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ സദസ്യര്‍ക്ക്‌ ആശിസ്സുപ്രാര്‍ഥിക്കുകയായി. അന്നു പറയാന്‍ പോകുന്ന കഥയനുസരിച്ചായിരിക്കും ആശീര്‍വാദത്തില്‍ രക്ഷാപുരുഷനെ നിശ്ചയിക്കുന്നത്‌. രാമായണകഥയാണെങ്കില്‍ "സ രാമചന്ദ്രഃ വഃ പായാല്‍' എന്നു പറഞ്ഞു വ്യാഖ്യാനിക്കാന്‍ തുടങ്ങുന്നു. "അണ്ണണ്ണമെല്ലാമിരിക്കുന്ന രാമചന്ദ്രന്‍ ഭവാന്മാരെ രക്ഷിക്കട്ടെ. എങ്കിലും അണ്ണണ്ണമെല്ലാമിരിക്കുന്ന രാമചന്ദ്രന്‍ എന്നല്ലോ പറഞ്ഞത്‌. ആയതു ഹേതുവായിട്ട്‌ അവസ്ഥാഭേദം കൂടി കല്‌പിച്ചിട്ടുണ്ടായിരുന്നുവെങ്കില്‍ ഉപാസനയ്‌ക്കു ശക്തി ഏറാനുണ്ടായിരുന്നു. ആയതുണ്ടോ? -ആയതുണ്ട്‌. എന്നാല്‍ ആ അവസ്ഥ കേട്ടുകൊണ്ടാലും'. ഇങ്ങനെയാണ്‌ കഥോപക്രമം. ഇവിടെ "രാമചന്ദ്രഃ' എന്നതിന്റെ സ്ഥാനത്ത്‌ കൃഷ്‌ണകഥയാണെങ്കില്‍ "വാസുദേവഃ എന്നും ശൈവകഥയാണെങ്കില്‍ "ചന്ദ്രചൂഡഃ' എന്നും മറ്റും ചേര്‍ക്കുന്നു. അതാതു ദേവന്‍ രക്ഷിക്കട്ടെ എന്ന്‌ ആശീര്‍വദിക്കുകയും ചെയ്യുന്നു.

ഉപക്രമം കഴിഞ്ഞാല്‍ കഥയിലേക്കു പ്രവേശിക്കുകയായി. പീഠം വലിച്ചിട്ട്‌ തൊട്ടു തലയില്‍വച്ച്‌ വിളക്കിന്നഭിമുഖമായി ഇരുന്ന്‌ മുമ്പെന്നപോലെ ഉത്തരീയാന്തം വിടര്‍ത്തിപ്പിടിച്ച്‌ മുഖം മറച്ച്‌ കുറച്ചുനേരം കഥാനുസന്ധാനം ചെയ്‌ത്‌ ഇരിക്കുന്നു. തുടര്‍ന്നു മറ മാറ്റി കഥയിലേക്കു പ്രവേശിക്കുന്നു. സംക്ഷേപം കൊണ്ടാണ്‌ തുടക്കം. വിസ്‌തരിച്ച്‌ വ്യാഖ്യാനിക്കാന്‍ പോകുന്ന കഥാഭാഗത്തിനു മുമ്പുള്ള ഒരു പ്രത്യേകഘട്ടം മുതല്‌ക്ക്‌ സംക്ഷേപം തുടങ്ങുന്നു. കഥാസന്ദര്‍ഭം വ്യക്തമാക്കുകയാണ്‌ സംക്ഷേപത്തിന്റെ ലക്ഷ്യം. ദീര്‍ഘമായ കഥ ഒരേ ഒരു മഹാകാവ്യത്തില്‍ സംഗ്രഹിച്ചു പറയുകയാണ്‌ ചെയ്യുന്നത്‌. ഇങ്ങനെ സംക്ഷേപം പറഞ്ഞ്‌ ശ്ലോകത്തിനോടു ബന്ധം വരുത്തി ശ്ലോകം ചൊല്ലി ആകാംക്ഷാക്രമത്തില്‍ പദങ്ങളവതരിപ്പിച്ച്‌ സവിസ്‌തരം വ്യാഖ്യാനിക്കുന്നു. ആദ്യം മിഴാവൊച്ചപ്പെടുത്തല്‍ മുതല്‍ ഈ സംക്ഷേപം കഴിയുന്നതുവരെയുള്ള ഭാഗം ചാക്യാര്‍ കൂത്തിന്റെ പൂര്‍വരംഗമാണ്‌. ഇത്‌ നാട്യശാസ്‌ത്രത്തിലെ അഞ്ചാമധ്യായത്തിലുള്ള പൂര്‍വരംഗവിധികളുടെ അടിസ്ഥാനത്തില്‍ സംവിധാനം ചെയ്‌തിട്ടുള്ളതുമാണ്‌.

പൂര്‍വരംഗം കഴിഞ്ഞാല്‍ പിന്നെ പ്രബന്ധങ്ങളിലെ ഗദ്യങ്ങളും പദ്യങ്ങളും അവതരിപ്പിച്ച്‌ വ്യാഖ്യാനിക്കുന്നു. ഈ ഭാഗമാണ്‌ ചാക്യാര്‍ കൂത്തിലെ ഏറ്റവും പ്രധാനമായ അംശം. കൂത്തിനുവേണ്ടി പണ്ടു കാലങ്ങളില്‍ വാല്‌മീകി രാമായണം, മഹാഭാരതം, ഹനുമന്നാടകം, ഭോജചമ്പു, കാളിദാസകൃതികള്‍, ഭര്‍ത്തൃഹരിയുടെ സുഭാഷിതത്രിശതി മുതലായ പ്രസിദ്ധഗ്രന്ഥങ്ങളില്‍ നിന്ന്‌ ശ്ലോകങ്ങള്‍ യഥോചിതം സ്വീകരിച്ചും നവീകരിച്ചും സ്വയം ഇടയ്‌ക്കു ചിലതു കൂട്ടിച്ചേര്‍ത്തും അനേകം പ്രബന്ധങ്ങള്‍ ചാക്യാന്മാര്‍ സമാഹരിച്ചു വച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്വതന്ത്രങ്ങളായ പ്രബന്ധങ്ങളെ അവലംബിച്ചാണ്‌ കൂത്തുപറയുക പതിവ്‌. ഇന്നത്തെ നിലയില്‍ ചാക്യാര്‍ കൂത്തിനെ പരിഷ്‌കരിച്ചത്‌ മേല്‌പുത്തൂര്‍ ഭട്ടതിരിയാണെന്നറിയുന്നു. ഭാരതം, രാമായണം, ഭാഗവതം എന്നീ പൗരാണിക ഗ്രന്ഥങ്ങളെ ആസ്‌പദമാക്കി ചാക്യാര്‍ കൂത്തിനുവേണ്ടി മേല്‌പുത്തൂര്‍ അനേകം ഉത്തമഗ്രന്ഥങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്‌. അജ്ഞാതകര്‍ത്തൃകങ്ങളായ നിരവധി സ്വതന്ത്രപ്രബന്ധങ്ങളും കൂത്തിനുപയോഗിക്കുന്നു. മേല്‌പുത്തൂരിന്റെ മാര്‍ഗംപിടിച്ചുകൊണ്ട്‌ എടവട്ടിക്കാട്‌ മുതലായി മറ്റു ചിലരും നല്ല പ്രബന്ധങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്‌. ഇവയാണ്‌ ചാക്യാര്‍ കൂത്തിന്റെ മുഖ്യാവലംബങ്ങള്‍.

ചാക്യാര്‍ കൂത്തിലെപ്പോലെ ഇത്ര ലളിതവും വിസ്‌തൃതവും വ്യക്തവും സരസവുമായ ഒരു കഥാകഥനസമ്പ്രദായം കേരളത്തില്‍ മാത്രമേ കാണ്മാനുള്ളൂ. ചാക്യാന്മാര്‍ പറയുന്ന കഥകളെല്ലാം നമുക്കു പ്രത്യക്ഷമായി കാണുന്നതുപോലെ അനുഭവപ്പെടും. ഇവരുടെ സങ്കല്‌പത്തില്‍ കൂത്തമ്പലം തന്നെയാണ്‌ കഥ നടക്കുന്ന അയോധ്യയും ദണ്ഡകാരണ്യവും കിഷ്‌കിന്ധയും ലങ്കയും മിഥിലയും ഇന്ദ്രപ്രസ്ഥവും എല്ലാം. കാഴ്‌ചക്കാരായിരിക്കുന്ന ജനങ്ങള്‍ ആ ദിക്കിലുള്ള ആളുകളും. ചാക്യാര്‍ കഥയിലെ എല്ലാ കഥാപാത്രങ്ങളുമായി മാറുന്നു. ഉദാഹരണത്തിന്‌ ഭഗവദ്‌ദൂതില്‍ ദുര്യോധനന്‍ ശ്രീകൃഷ്‌ണനെ പിടിച്ചുകെട്ടുവാന്‍ ദുശ്ശാസനന്‌ ആജ്ഞ നല്‌കുന്ന സന്ദര്‍ഭമെടുക്കാം. ദുര്യോധനന്റെ സ്‌തോഭത്തില്‍ ചാക്യാര്‍ പീഠത്തിലിരുന്നു ദുര്യോധനനു യോജിച്ച ഭാഷയിലും സ്വരത്തിലും കല്‌പന നല്‌കും. ഉടനെ എഴുന്നേറ്റുനിന്നു ദുശ്ശാസനന്റെ ഭാവത്തില്‍ ആ കല്‌പന അനുസരിച്ച്‌ ഉത്സാഹം നടിക്കും; ഉടനെ കര്‍ണനായിട്ട്‌ സന്തോഷം പ്രകടിപ്പിക്കും; ധൃതരാഷ്‌ട്രരായിട്ട്‌ അമ്പരന്നിരിക്കും. വിദുരരായിട്ടു കഷ്‌ടം വച്ചു നില്‌ക്കും; ഭീഷ്‌മരായിട്ട്‌ തല താഴ്‌ത്തും; ദ്രാണരായിട്ട്‌ ചെവി പൊത്തും. ഇതിലൊന്നും കുലുങ്ങാതെ, എന്നാല്‍ അതങ്ങു നടക്കട്ടെ എന്ന ഭാവത്തില്‍ ശ്രീകൃഷ്‌ണനായിട്ട്‌ തന്റെ സിംഹാസനത്തില്‍ ഒന്നുകൂടി അമര്‍ന്ന്‌ ചാരി അന്തസ്സിലവിടെയിരിക്കും; എല്ലാം അതിവേഗത്തില്‍ കഴിയും. രംഗസ്ഥന്മാരെല്ലാം അപ്പോള്‍ ആ കൗരവസദസ്സിലുള്ളവരായി മാറുകയും ചെയ്യും. ഭാവത്തിനും ഭാഷയ്‌ക്കും സ്വരത്തിനും ഇത്രവേഗം മാറ്റം വരുത്തി പ്രക്ഷകരില്‍ തന്മയത്വമനുഭവപ്പെടുത്തുവാന്‍ ചാക്യാന്മാരെപ്പോലെ കഴിവുള്ളവര്‍ വളരെ ദുര്‍ലഭമാണ്‌. അതിനു പുറമേ, ശ്ലോകങ്ങളുടെ അര്‍ഥം വ്യാഖ്യാനിച്ചുള്ള വിവരണവും അദ്‌ഭുതാവഹമാണ്‌. ചെറിയ വല്ല പഴുതും കിട്ടിയാല്‍ അവിടെ എന്തെങ്കിലും കഥകളോ രംഗങ്ങളോ കല്‌പിച്ചുണ്ടാക്കും. എത്ര നിസാരമായ വിഷയം കിട്ടിയാലും അതിനെ പരത്തിപ്പറഞ്ഞു വലുതാക്കുക ചാക്യാരുടെ സ്വഭാവമാണ്‌. ഇതിനു പുറമേ ആളെ ചൂണ്ടിപ്പറയുക എന്നൊരു സമ്പ്രദായവുമുണ്ട്‌. കഥയിലുണ്ടാകാവുന്ന സംഭാഷണമെല്ലാം സഭാവാസികളില്‍ ഏതെങ്കിലുമൊരാളോട്‌ നേരിട്ടു പറയുന്ന മട്ടിലാവും. വിശ്വാമിത്രന്‍ ജനകരാജധാനിയിലേക്കു ചെല്ലുമ്പോള്‍ ജനകന്‍ സ്വാഗതം പറയുന്ന സന്ദര്‍ഭം ഉദാഹരണമായി സ്വീകരിക്കാം. ആ രംഗത്തില്‍ സന്ദര്‍ശകന്മാരുടെ ഇടയില്‍ വിശ്വാമിത്രനാക്കിക്കല്‌പിക്കാന്‍ പറ്റിയ ഒരാളെ നോക്കി തിരഞ്ഞുപിടിച്ച്‌ അയാളെ ചൂണ്ടിയായിരിക്കും ചാക്യാര്‍ സ്വാഗതം പറയുന്നത്‌. ഇങ്ങനെ ചൂണ്ടിപ്പറയുന്നതുകൊണ്ട്‌ കാലത്തിനും ദേശത്തിനും സമുദായത്തിനും വ്യക്തിക്കുമുള്ള ദോഷങ്ങളെയും ഗുണങ്ങളെയും ശ്ലേഷം വഴിക്കും അന്യാപദേശം വഴിക്കും രൂപകാതിശയോക്തി വഴിക്കും വെളിപ്പെടുത്തുവാനും സാധിക്കുന്നു.

രാമായണം, ഭാരതം മുതലായവ പോലുള്ള വലിയ കഥകള്‍ ഒറ്റവാക്യത്തില്‍ സംഗ്രഹിച്ചു പറയുവാനും നിസ്സാരമായ ഒരു ശ്ലോകമോ ഒരു വാക്യമോ വച്ചു രണ്ടോ നാലോ മണിക്കൂര്‍ വിസ്‌തരിക്കുവാനും നിപുണനായ ചാക്യാര്‍ക്കു സാധിക്കുന്നു. ഏതു വാഗ്മിക്കും അസൂയതോന്നിക്കുന്ന ഈ രീതി ചാക്യാന്മാര്‍ക്കുള്ള ഒരപൂര്‍വ സിദ്ധിയാണ്‌.

ചാക്യാര്‍ കൂത്തില്‍ വാദ്യത്തിന്റെ ഉപയോഗം പൂര്‍വരംഗത്തില്‍ മാത്രമാണ്‌. ചാരി, വിദൂഷകസ്‌തോഭം നടിക്കല്‍, ഇഷ്‌ടദേവതാപ്രാര്‍ഥന, കഥാനുസന്ധാനം എന്നീ പൂര്‍വരംഗാംഗങ്ങള്‍ക്കെല്ലാം നമ്പ്യാര്‍ മിഴാവു കൊട്ടണം: നങ്ങ്യാര്‍ താളം പിടിക്കണം. ശ്ലോകങ്ങള്‍ ചൊല്ലുമ്പോള്‍ പൂര്‍വാര്‍ധത്തിന്റെയും ഉത്തരാര്‍ധത്തിന്റെയും അവസാനത്തില്‍ വിരാമം കാണിക്കാന്‍ മിഴാവു ശബ്‌ദിപ്പിക്കാറുണ്ട്‌. അവസാനിപ്പിക്കുന്നതും വാദ്യത്തോടുകൂടിയാണ്‌. കഥാപ്രസംഗത്തിനു കൂടുതല്‍ പ്രാധാന്യം നല്‌കുന്ന കൂത്തിനു പ്രബന്ധക്കൂത്തെന്നാണ്‌ പറഞ്ഞുവരുന്നത്‌. ഭാഗവതം, ഭാരതം, രാമായണം മുതലായ പുരാണേതിഹാസാദികളിലെ കഥാഭാഗങ്ങള്‍ ഇതിന്‌ ഉപയോഗിച്ചുവരുന്നു. രാജസൂയം, കിരാതം, സുഭദ്രാഹരണം, കുചേലവൃത്തം, ദൂതവാക്യം മുതലായ സംസ്‌കൃതപ്രബന്ധങ്ങള്‍ ഈ ആവശ്യത്തിനുവേണ്ടി മേല്‌പുത്തൂര്‍ രചിച്ചിട്ടുള്ളവയാണ്‌. അസാധാരണമായ രംഗസംവിധാനങ്ങള്‍കൊണ്ട്‌ ആധുനികര്‍ക്കുപോലും അദ്‌ഭുതമുളവാക്കുന്ന പറക്കുക, ഒഴുകുക, കെട്ടിഞാലുക, ആകാശത്തില്‍നിന്നു വീഴുക, നിണമണിയുക മുതലായ അഭിനയസങ്കേതങ്ങള്‍ ചാക്യാന്മാരുടെ നാടകങ്ങളില്‍ പ്രയോഗിച്ചുവന്നിരുന്നു. ഇവയില്‍ പലതും അപകടസാധ്യതകള്‍ നിറഞ്ഞവയാണ്‌; സമര്‍ഥന്മാരായ ചാക്യാന്മാരും സഹകാരികളും ഇവയ്‌ക്ക്‌ അത്യന്താപേക്ഷിതവുമാണ്‌. അതുകൊണ്ട്‌ ഇവ വിരളമായേ രംഗത്തു പ്രയോഗിക്കാറുള്ളൂ. പറക്കും കൂത്ത്‌. നാഗാനന്ദം നാലാമങ്കത്തിലെ ഗരുഡന്റെ പറക്കലിന്റെ അഭിനയമാണ്‌ ഇതിന്‌ ഈ പേരുണ്ടാകാന്‍ കാരണം. പ്രത്യേകം കെട്ടിയുണ്ടാക്കിയ തട്ടിന്റെ മുകളില്‍നിന്ന്‌ ഗരുഡവേഷം കെട്ടിയ ചാക്യാര്‍ നമ്പ്യാര്‍ വലിക്കുന്ന ചരടിനനുസരിച്ച്‌ ഓരോ അവയവവും ചലിപ്പിച്ചുകൊണ്ട്‌ പറന്നിറങ്ങണം. ചരടുപിടിയില്‍ വന്ന പാകപ്പിഴകൊണ്ട്‌ പറക്കുന്ന ചാക്യാര്‍ക്കു വന്ന അപകടത്തെപ്പറ്റി

""കുട്ടഞ്ചേരിച്ചാക്കിയാരു
	കൊടുങ്ങല്ലൂര്‍ പറന്ന നാള്‍
	തദാ വന്നു തരക്കേട്‌
	തലതൂങ്ങിക്കിടന്നുപോയ്‌''
 

എന്നൊരു പദ്യവുമുണ്ട്‌. കുഞ്ചന്‍നമ്പ്യാരുടെ കാലത്തിനുശേഷം ഇത്‌ രംഗത്തില്‍ പ്രയോഗിച്ചതായി കാണുന്നില്ല. ക്ഷേത്രപരിസരത്തിലുള്ള വിശാലമായ പറമ്പുകളില്‍ തട്ടുകെട്ടി സ്ഥലശുദ്ധി വരുത്തി ക്ഷേത്രദേവതയെ എഴുന്നള്ളിച്ചിരുത്തിയാണ്‌ പറക്കുംകൂത്ത്‌ നടത്തിയിരുന്നത്‌. ഇത്തരം പറമ്പുകള്‍ "കൂത്തുപറമ്പുകള്‍' എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ മുതലായ പ്രദേശങ്ങളിലും "കൂത്തുപറമ്പ്‌' എന്ന പേരില്‍ ചില സ്ഥലങ്ങള്‍ ഇതിനെ അനുസ്‌മരിപ്പിക്കുന്നതായി ഇന്നും കാണുന്നുണ്ട്‌.

ഒഴുകല്‍. കുലശേഖരന്റെ തപതീസംവരണത്തില്‍ നായിക നദിയില്‍ ചാടി ഒഴുകിപ്പോകുന്നതിന്റെ യഥാതഥമായ അഭിനയമാണ്‌ ഇത്‌. നായികാവേഷധാരണിയായ നങ്ങ്യാര്‍, നല്ല വെള്ളനൂലുകൊണ്ടു നീട്ടിപ്പാവിട്ടുണ്ടാക്കിയ നദിയില്‍ ചാടി ഒഴുകുന്നതാണ്‌ ഇതിന്റെ സ്വഭാവം. "പറന്ന ചാക്യാരെയും ഒഴുകിയ നങ്ങ്യാരെയും കണ്ടാല്‍ തൊഴണം' എന്ന ചൊല്ലുതന്നെ ഇതിന്റെ ദുഷ്‌കരത വ്യക്തമാക്കുന്നു.

ഇത്തരം അപകടകരങ്ങളായ നിരവധി അഭിനയാഭ്യാസങ്ങള്‍ ഒരു കാലത്ത്‌ ധാരാളമായി കൂത്തില്‍ പ്രകടിപ്പിച്ചിരുന്നു. സുഭദ്രാധനഞ്‌ജയത്തില്‍ സുഭദ്രാവേഷം ധരിച്ച നങ്ങ്യാരുടെ ആകാശത്തില്‍നിന്നുള്ള പതനം, നാഗാനന്ദത്തില്‍ മലയവതിയുടെ വേഷം ധരിച്ച നങ്ങ്യാരുടെ കെട്ടിഞാലല്‍, ശാകുന്തളം ഒന്നാമങ്കത്തില്‍ ദുഷ്യന്തന്റെ രഥയാനം, അഞ്ചാമങ്കത്തില്‍ ശകുന്തളയുടെ ആകാശോത്‌പതനം, എഴാമങ്കത്തില്‍ ദുഷ്യന്തന്റെ വിമാനാവതരണം, ആശ്ചര്യചൂഡാമണിയില്‍ ശൂര്‍പ്പണഖയുടെ നിണമണിയല്‍ മുതലായ ദുഷ്‌കരങ്ങളായ അഭിനയവിശേഷങ്ങളില്‍ മലയവതിയുടെ കെട്ടിഞാലല്‍, ശൂര്‍പ്പണഖയുടെ നിണമണിയല്‍ എന്നിവ മാത്രമേ അപൂര്‍വമായിട്ടെങ്കിലും ഇന്നു പ്രയോഗിച്ചുവരുന്നുള്ളൂ.

(പ്രൊഫ. കെ.പി. നാരായണപ്പിഷാരടി; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%82%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍