This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനുനാദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:06, 24 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അനുനാദം

Resonance

1. ഭൌതികശാസ്ത്രത്തില്‍ ഒരു വസ്തുവിന്റെ കമ്പനം (vibration) കൊണ്ട് മറ്റൊരു വസ്തുവിന് അതേ ആവൃത്തിയില്‍ കമ്പനമുണ്ടാകുന്ന ഗുണവിശേഷം. കമ്പനങ്ങള്‍ പൊതുവേ രണ്ടു വിധത്തിലുണ്ട് - സ്വാഭാവികവും (natural) പ്രണോദിതവും (forced). ഒരു വസ്തുവിന് തനതായുള്ള കമ്പനത്തെ അതിന്റെ സ്വാഭാവിക കമ്പനമെന്നു പറയുന്നു. റബര്‍ച്ചുറ്റികയില്‍ അടിച്ച സ്വരിത്രവും (fork) സ്ഥിരാവസ്ഥയില്‍ നിന്നു വ്യതിചലിപ്പിച്ച സരളപെന്‍ഡുലവും (simple pendulom) പ്രദര്‍ശിപ്പിക്കുന്നതു സ്വാഭാവികകമ്പനമാണ്. നേരെ മറിച്ച് കമ്പിതമായ സ്വരിത്രം ഒരു ഭരണിയിലുള്ള വായു സ്തംഭത്തിനുമുകളില്‍ ഭരണിയുടെ വായ്‍വട്ടത്തോട് അടുപ്പിച്ചു വയ്ക്കുകയാണെങ്കില്‍ സ്വരിത്രത്തിന്റെ കമ്പനം മൂലം ഭരണിയിലെ വായുസ്തംഭവും കമ്പനം ചെയ്യുന്നു; ഇവിടെ വായുസ്തംഭത്തിന്റേത് പ്രണോദിത കമ്പനമാകുന്നു. ഒരു വസ്തുവിന്റെ സ്വാഭാവിക കമ്പനംമൂലം മറ്റൊരു വസ്തുവിന് കമ്പനം ഉണ്ടാവുകയാണെങ്കില്‍ രണ്ടാമത്തേതിന്റെ കമ്പനം പ്രണോദിതമാണ്. പ്രണോദിത കമ്പനത്തില്‍ കമ്പിതവസ്തു കമ്പനവസ്തുവിന്റെ ആവൃത്തിയില്‍ കമ്പനം ചെയ്യുമ്പോള്‍, അനുനാദം സൃഷ്ടിക്കപ്പെടുന്നു. തദവസരത്തില്‍ ഏറ്റവും കൂടുതല്‍ ഊര്‍ജം ഉപയോഗിക്കപ്പെടുന്നതുകൊണ്ട് കമ്പനത്തിന്റെ തീവ്രത അത്യുച്ചമായിരിക്കും.

യാന്ത്രിക-അനുനാദം (Mechanical resonance). തുല്യദൈര്‍ഘ്യമുള്ള രണ്ടു സരളപെന്‍ഡുലങ്ങള്‍ ഒരേ തിരശ്ചീനതല (horizontal plane)ത്തില്‍നിന്ന് ഇളകുന്നവിധത്തില്‍ ഘടിപ്പിക്കുക. അതില്‍ ഒരു പെന്‍ഡുലം മാത്രം മന്ദമായി ചലിപ്പിക്കുക; മറ്റേത് സ്ഥിരനിലയില്‍തന്നെ നിര്‍ത്തുക. അല്പസമയം കഴിയുമ്പോള്‍ രണ്ടാമത്തെ പെന്‍ഡുലവും ചലിക്കുന്നതു കാണാം. സമയം കഴിയുന്തോറും ആദ്യത്തെ പെന്‍ഡുലത്തിന്റെ ചലനവേഗം കുറഞ്ഞ് അതു സ്ഥിരനിലയോടടുക്കുകയും രണ്ടാമത്തേതിന്റെ ചലനവേഗം കൂടുകയും ചെയ്യും. ഒരു ഘട്ടത്തില്‍ ആദ്യത്തെ പെന്‍ഡുലം സ്ഥിരനിലയിലാകുകയും രണ്ടാമത്തേത് ഏറ്റവും കൂടുതല്‍ ആയാമ (amplitude) ത്തോടെ ചലിപ്പിക്കുകയും ചെയ്യുന്നു. ഒരു പെന്‍ഡുലത്തിന്റെ ചലനം മറ്റേതില്‍ പ്രണോദിത കമ്പനവും തദ്വാരാ അനുനാദവും സൃഷ്ടിക്കുതാണിവിടെ കാണുന്നത്. അടുത്ത നിമിഷത്തിലാകട്ടെ, രണ്ടാമത്തെ പെന്‍ഡുലത്തിന്റെ വേഗം കുറയാന്‍ തുടങ്ങും; ആദ്യത്തേത് ചലനം ആരംഭിക്കുകയും ചെയ്യും. ഈ സ്ഥിതിവിശേഷം തുടര്‍ന്നു പോകുന്നു.

ധ്വാനിക-അനുനാദം (Acoustical resonance). മുകളറ്റം തുറന്ന ഒരു നാളികയില്‍ ജലം നിറയ്ക്കുക. ജലവിതാനം ഇഷ്ടാനുസരണം ക്രമപ്പെടുത്തുവാനുള്ള സജ്ജീകരണം ഇതില്‍ ഉണ്ടായിരിക്കണം. അതിനുശേഷം കമ്പനം ചെയ്യിച്ച ഒരു സ്വരിത്രത്തെ നാളികയ്ക്കുമുകളില്‍ അഗ്രഭാഗത്തോടടുത്തുവച്ച്, ജലവിധാനം ക്രമപ്പെടുത്തി, ജലനിരപ്പിനുമുകളില്‍ നാളികയിലുള്ള വായുസ്തംഭത്തിന്റെ അളവ് വ്യത്യാസപ്പെടുത്തുക. ഒരു ഘട്ടത്തില്‍ വായുസ്തംഭം സ്വരിത്രത്തിന്റെ കമ്പനത്തിനോടൊത്ത് അനുനാദം സൃഷ്ടിക്കുകയും ഏറ്റവും കൂടുതല്‍ ശബ്ദം ഉളവാക്കുകയും ചെയ്യുന്നു. ഒരേ ആവൃത്തിയുള്ള രണ്ടു സ്വരിത്രങ്ങള്‍കൊണ്ടും അനുനാദം പ്രദര്‍ശിപ്പിക്കാം.

സംഗീത-ധ്വാനികം (Musical acoustics). ഒരു നിശ്ചിത സ്വരത്തിന്റെ ആവൃത്തിക്കനുസരിച്ച് അനുനാദം പുറപ്പെടുവിക്കുന്ന കമ്പനം, സംഗീതോപകരണങ്ങളില്‍ ഉണ്ടാക്കാവുന്നതാണ്.

വൈദ്യുത-അനുനാദം (Electrical resonance). റേഡിയോവിലെ 'നോബ്' (Knob) തിരിച്ച് ഒരു നിശ്ചിത സ്റ്റേഷന്‍ ക്രമപ്പെടുത്തുമ്പോള്‍, യഥാര്‍ഥത്തില്‍ ചെയ്യുന്നത് ആ സ്റ്റേഷന്റെ ആവൃത്തിക്കനുസരണമായി റേഡിയോവിലെ 'സ്വീകാരി-പരിപഥ'(selector circuit)ത്തെ അനുനാദം ചെയ്യിക്കുകയാണ്. പ്രേരകത്വം (Inductance-L), ധാരിത (Capacitance-C), രോധകം (Resistance-R) എന്നിവ ശ്രേണി (series) ആയി ഘടിപ്പിച്ച ഒരു വൈദ്യുത-പരിപഥത്തില്‍ ω/2πആവൃത്തിയിലുള്ള ഒരു 'പ്രത്യാവര്‍ത്തി പൊട്ടന്‍ഷ്യല്‍' (alternating potential) നല്കിയാല്‍, പ്രേരക ലംബരോധ(inductive reactance)വും ധാരിത ലംബരോധ(capacitive reactance)ത്തിന്റെ വ്യുത്ക്രമവും തുല്യമാകുന്ന സ്ഥിതി വരികയാണെങ്കില്‍, അതായത് Lω=1/2π√LC, പ്രസ്തുത പരിപഥം 'ആരോപിത വോള്‍ട്ടത' (impressed voltage) യുമായി അനുനാദം പുറപ്പെടുവിക്കുന്നു. അനുനാദ-ആവൃത്തി, 1/2πLC ആയിരിക്കും. നോ: അനുനാദകം (പി.സി. കര്‍ത്ത)

2. അടിസ്ഥാനനാദത്തോടൊപ്പം സ്വയം ധ്വനിച്ച് കേള്‍ക്കുന്ന 'സ്വയംഭു'സ്വരം; അനുരണനാത്മകധ്വനി എന്നും ഇതിനു പേരുണ്ട്. അടിസ്ഥാനനാദത്തിന്റെ മേന്മ അതില്‍ ലയിച്ചിരിക്കുന്ന അനുനാദങ്ങളെ ആശ്രയിച്ചിരിക്കുന്നു. വലിച്ചുകെട്ടിയ ഒരു തന്ത്രി മീട്ടിവിട്ടാല്‍ ആ തന്ത്രി അതിനുള്ള മുഴുവന്‍ നീളത്തില്‍ ഒന്നായി ചലിക്കുന്നതിനു പുറമേ, അംശങ്ങളായി സ്വയം രൂപം പൂണ്ടും ചലിക്കുന്നു.

ഈ അംശങ്ങളുടെ കമ്പനാവൃത്തി (frequency of vibration) വളരെ കൂടുതലായിരിക്കും. അങ്ങനെ ഭാഗികമായ ഈ ചലനങ്ങള്‍ അതിസൂക്ഷ്മങ്ങളായ അനേകം മേല്‍സ്വരങ്ങള്‍ പുറപ്പെടുവിക്കുന്നു. ഈ മേല്‍സ്വരങ്ങള്‍ സ്ഥായിസ്വരത്തിന്റെ അനുവാദിസ്വരങ്ങളായിരിക്കും. തന്ത്രിവാദ്യങ്ങളുടെ തന്ത്രിയിലും സുഷിരവാദ്യങ്ങളുടെ നാളിയിലും ഈ പ്രക്രിയ നടക്കുന്നുണ്ട്. സംഗീതവാദ്യങ്ങളുടെ ഘടന ഈ അനുനാദങ്ങളെ പോഷിപ്പിക്കാന്‍ ഉതകുന്നതരത്തില്‍കൂടി സംവിധാനം ചെയ്തിരിക്കുന്നു. ഈ അനുരണനാത്മകധ്വനികള്‍ സ്ഥായിസ്വരത്തോടൊത്തു ഹൃദയഹാരിയായ നാദധാരയുതിര്‍ക്കുന്നു. പാശ്ചാത്യ സംഗീതശാസ്ത്രത്തില്‍ 'Overtones','Upper partials' തുടങ്ങിയ സംജ്ഞകള്‍കൊണ്ട് വിവക്ഷിക്കപ്പെടുന്ന അനുനാദത്തെപ്പറ്റി പല വിശ്രുത ഭൌതികശാസ്ത്രജ്ഞന്മാരും സമഗ്രമായ പഠനം നടത്തിയിട്ടുണ്ട്. നോ: അനുസ്വരം, അനുവാദിസ്വരം

(ഡോ. സി.കെ. രേവമ്മ)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%A8%E0%B5%81%E0%B4%A8%E0%B4%BE%E0%B4%A6%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍