This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുലശേഖരന്മാർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:04, 24 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുലശേഖരന്മാര്‍

കൊല്ലവര്‍ഷത്തിന്റെ ആദ്യത്തെ മൂന്നു ശതകങ്ങളില്‍ ചേരരാജ്യം ഭരിച്ചിരുന്ന രാജാക്കന്മാര്‍. തമിഴ്‌ സംഘകാലത്തിനു ശേഷം 9-ാം ശതകത്തോടുകൂടി ചേരശക്തി കുലശേഖരവര്‍മയുടെ നേതൃത്വത്തില്‍ പുനഃസ്ഥാപിതമായി. ഇദ്ദേഹത്തെ തുടര്‍ന്നു മൂന്നു നൂറ്റാണ്ടുകളിലായി 12 കുലശേഖരന്മാര്‍ വാണിരുന്നു. ഇവരുടെ രാജധാനി മഹോദയപുരം (തിരുവഞ്ചിക്കുളം) ആയിരുന്നു. തപതീസംവരണം, സുഭദ്രാധനഞ്‌ജയം, വിച്ഛിന്നാഭിഷേകം എന്നീ നാടകങ്ങളുടെയും ആശ്ചര്യമഞ്‌ജരി എന്ന ഗദ്യകാവ്യത്തിന്റെയും കര്‍ത്താവായ കേരളകുലചൂഡാമണി കുലശേഖരവര്‍മ ആണ്‌ ഇവരില്‍ പ്രഥമന്‍. ഇദ്ദേഹവും കുലശേഖര ആഴ്‌വാരും ഒരാളാണെന്ന്‌ പ്രൊഫ. ഇളംകുളം കുഞ്ഞന്‍പിള്ള പ്രസ്‌താവിച്ചിരിക്കുന്നു. അത്‌ സര്‍വസമ്മതമായിട്ടില്ല.

കുലശേഖരന്മാര്‍ ആദിചേരന്മാരുടെ പരമ്പരയില്‍ പ്പെട്ടവരായിരുന്നു എന്ന്‌ ശങ്കരനാരായണീയത്തില്‍ നിന്നു മനസ്സിലാക്കാം. രാജശേഖരന്‍ ആണ്‌ പിന്നത്തെ രാജാവ്‌. മാധവാചാര്യരുടെ ശങ്കരവിജയത്തിലും ശങ്കരഭഗവത്‌പാദരുടെ ശിവാനന്ദലഹരിയിലും പരാമര്‍ശിക്കപ്പെടുന്ന രാജശേഖരനും ഇദ്ദേഹവും ഒന്നുതന്നെ. രാജശേഖരന്റെ വാഴപ്പളളി ശാസനമാണ്‌ ചേരരാജാക്കന്മാരുടേതായി കേരളത്തില്‍ നിന്നു ലഭിച്ചിട്ടുള്ള ആദ്യത്തെ രേഖ. പ്രസ്‌തുത ശാസനം തുടങ്ങുന്നത്‌ മറ്റു ശാസനങ്ങളില്‍ കാണാറുള്ളതുപോലെ "സ്വസ്‌തിശ്രീ' എന്നല്ല "നമശ്ശിവായ' എന്നാണ്‌. ശാസനത്തില്‍ രാജാവിനെ വിശേഷിപ്പിക്കുന്നത്‌ "പരമേശ്വര ഭട്ടാരകന്‍' എന്നാണ്‌. ഇദ്ദേഹം ശൈവനായിരുന്നു എന്ന്‌ ഇത്‌ തെളിയിക്കുന്നു. ചേക്കിഴാര്‍ പെരിയപുരാണത്തില്‍ വര്‍ണിക്കുന്ന ചേരമാന്‍ പെരുമാള്‍ നായനാര്‍തന്നെ ആയിരിക്കണം രാജശേഖരന്‍ എന്നു പ്രൊഫ. ഇളംകുളം പ്രസ്‌താവിച്ചു കാണുന്നു. ചേരമാന്‍ പെരുമാള്‍ നായനാരും സുന്ദരമൂര്‍ത്തി നായനാരുമൊരുമിച്ച്‌ ദക്ഷിണേന്ത്യയിലെ ശൈവാലയങ്ങളെല്ലാം സന്ദര്‍ശിക്കുകയുണ്ടായെന്നും, അവര്‍ രണ്ടുപേരും തിരുവഞ്ചിക്കുളത്തുവച്ച്‌ ഒരേ സമയത്ത്‌ സ്വര്‍ഗാരോഹണം ചെയ്‌തു എന്നുമാണ്‌ ഐതിഹ്യം. അവരുടെ വിഗ്രഹങ്ങള്‍ ഇന്നും തിരുവഞ്ചിക്കുളം ക്ഷേത്രത്തില്‍ പൂജിക്കപ്പെടുന്നുണ്ട്‌. രാജശേഖരന്റെ ഭരണകാലത്താണ്‌ കേരളത്തില്‍ കൊല്ലവര്‍ഷം തുടങ്ങിയതെന്നും പ്രൊഫ. ഇളംകുളം പ്രസ്‌താവിക്കുന്നു.

അടുത്ത ചേരചക്രവര്‍ത്തി സ്ഥാണുരവിയാണ്‌ (844-885). ഈ വംശത്തിലെ ഏറ്റവും സമുന്നതനായ ഭരണാധിപനാണ്‌ ഇദ്ദേഹം. ഇദ്ദേഹത്തിന്റെ അഞ്ചാം ഭരണവര്‍ഷത്തില്‍ ആണ്‌ വേണാടിന്റെ ഭരണം വഹിച്ചിരുന്ന അയ്യനടികള്‍ തിരുവടികള്‍ 849-ല്‍ തരിസാപ്പള്ളി ചെപ്പേട്‌ എഴുതിക്കൊടുത്തത്‌. ഇദ്ദേഹത്തിന്റെ കാലത്ത്‌ ചേരന്മാരും ചോഴന്മാരും തമ്മില്‍ സൗഹൃദബന്ധം പുലര്‍ത്തിയിരുന്നുവെന്നു തില്ലൈസ്ഥാനം രേഖ വ്യക്തമാക്കുന്നു. ഇവരിരുവരും ചേര്‍ന്ന്‌ തഞ്ചാവൂരിലെ ഒരു പ്രഭുവായ വിക്കി അണ്ണന്‌ ചില സ്ഥാനമാനങ്ങള്‍ നല്‌കി. തരിസാപ്പള്ളി ശാസനത്തില്‍ പറയുന്ന വിജയരാഗ ദേവര്‍ സ്ഥാണുരവിയുടെ ജാമാതാവാണ്‌. സ്ഥാണുരവി ശിവഭക്തനായിരുന്നു. ഭാസ്‌കരന്റെ ലഘുഭാസ്‌കരീയം എന്ന ജ്യോതിശ്ശാസ്‌ത്ര ഗ്രന്ഥത്തിന്‌ ശങ്കരനാരായണീയം എന്ന വ്യാഖ്യാനമെഴുതിയ ശങ്കരനാരായണന്‍, സ്ഥാണുരവിയുടെ സദസ്യനായിരുന്നു. ഇദ്ദേഹം ജ്യോതിശ്ശാസ്‌ത്രത്തെ നിര്‍ലോഭം പ്രോത്സാഹിപ്പിച്ചു. ശങ്കരനാരായണന്റെ മേല്‍ നോട്ടത്തില്‍ മഹോദയപുരത്ത്‌ ഒരു ഗോള നിരീക്ഷണശാലയുണ്ടായിരുന്നുവെന്നും കാണുന്നു.

സ്ഥാണുരവിയുടെ പിന്‍ഗാമി രാമവര്‍മ കുലശേഖരന്‍ ആണ്‌ (885-917). സാഹിത്യത്തിന്റെയും കലകളുടെയും പ്രോത്സാഹകനായിരുന്നു ഇദ്ദേഹം. യുധിഷ്‌ഠിരവിജയം, ത്രിപുര ദഹനം, ശൗരികഥോദയം മുതലായ യമകകാവ്യങ്ങളുടെ കര്‍ത്താവായ വാസുദേവ ഭട്ടതിരി ഇദ്ദേഹത്തിന്റെ സദസ്യനായിരുന്നുവെന്ന്‌ ചില പണ്ഡിതന്മാര്‍ക്ക്‌ അഭിപ്രായമുണ്ട്‌. അടുത്ത ചേരഭരണാധിപന്‍ കോതരവി (917-944) ആണ്‌. നെടുമ്പുറത്തളി, അവിട്ടത്തൂര്‍, ചോകൂര്‍, തൃപ്പൂണിത്തുറ, ഉദയംപേരൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്ന്‌ ഇദ്ദേഹത്തിന്റെ ശാസനങ്ങള്‍ കിട്ടിയിട്ടുണ്ട്‌. പ്രസ്‌തുതരേഖകള്‍ കോതരവിയുടെ സാമ്രാജ്യത്തിന്റെ വ്യാപ്‌തി നിര്‍ണയിക്കാന്‍ സഹായകമാണ്‌. അന്ന്‌ ചേരന്മാര്‍ തെക്കേ ഇന്ത്യയിലെ ഒരു വലിയ സൈനികശക്തിയായിത്തീര്‍ന്നിരുന്നു. ചേര-ചോഴ ബന്ധത്തിന്‌ ശൈഥില്യമുണ്ടായി, കാരണം ചോഴന്മാരുടെ ദക്ഷിണ കേരളാക്രമണങ്ങളാണ്‌. ആയിരാജ്യം ചേരസാമ്രാജ്യവുമായി ചേര്‍ക്കപ്പെട്ടതോടുകൂടി തെക്കന്‍ ദിക്കുകളില്‍ സംഘര്‍ഷത്തിനിടവന്നു. വിജ്ഞാനസങ്കേതങ്ങള്‍ പലതും സൈനികത്താവളങ്ങളായി മാറി. ചോഴന്മാര്‍ പരാജയപ്പെടുത്തിയ പാണ്ഡ്യരാജാവായ മാരവര്‍മന്‍ രാജസിംഹന്‌ (905-920) കേരളത്തില്‍ അഭയം നല്‌കിയത്‌ ചോഴരാജാവിനെ പ്രകോപിപ്പിച്ചു.

കോതരവിയുടെ അനന്തരഗാമി ഇന്ദുക്കോത (944-962) ആയിരുന്നു. തൃക്കാക്കര, തിരുവന്‍വണ്ടൂര്‍ മുതലായ സ്ഥലങ്ങളില്‍ ഇദ്ദേഹത്തിന്റെ രേഖകള്‍ കാണ്മാനുണ്ട്‌. മഹോദയപുരത്തെ ചേരന്മാരുടെ ബന്ധുക്കളായ കൊണ്ടചേരന്മാര്‍ ഭരിച്ചിരുന്ന നാടിനെ പരാന്തക ചോഴന്‍ കീഴടക്കി. പാണ്ഡ്യര്‍ തങ്ങള്‍ക്കു നഷ്‌ടപ്പെട്ട നാഞ്ചിനാടു-തിരുനെല്‍ വേലി ഭാഗങ്ങള്‍ വീണ്ടെടുക്കാന്‍ ഉദ്യമിച്ചപ്പോള്‍ ചേരസൈന്യം അവരെ സഹായിച്ചു. അതോടുകൂടി ചേര-ചോഴ ബന്ധം തകര്‍ച്ചയോടടുത്തു. 955-ല്‍ പരാന്തക ചോഴന്‍ ചരമം പ്രാപിച്ചു. ഇദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ദുര്‍ബലരായിരുന്നു. തന്നിമിത്തം കുറേക്കാലം ചോഴന്മാരുടെ ശല്യമൊന്നുമുണ്ടായില്ല.

ഇന്ദുക്കോതയ്‌ക്കുശേഷം കേരളം ഭരിച്ചത്‌ ഭാസ്‌കര രവി ഒന്നാമനും രണ്ടാമനും ആയിരുന്നു (962-1019; 979-1021). ആയിരാമാണ്ട്‌ (കൊ.വ. 175) രാജധാനിയായ മഹോദയപുരത്തുവച്ചു ജൂതപ്രമാണിയായ ജോസഫ്‌ റബാന്‌ അഞ്ചുവണ്ണത്തിന്റെ അവകാശങ്ങളും മറ്റ്‌ എഴുപത്തിരണ്ടു വിടുപേരുകളും ഭാസ്‌കരരവി ഒന്നാമന്‍ അനുവദിച്ചുകൊടുത്തു. തന്നിമിത്തം രാജ്യത്തിലെ ഒരു സമ്പന്ന സമുദായത്തിന്റെ പിന്തുണ ഇദ്ദേഹത്തിനു ലഭിക്കുകയും ഇദ്ദേഹത്തിന്റെ നാമം കേരള ചരിത്രത്തില്‍ സ്ഥിരപ്രതിഷ്‌ഠ നേടുകയും ചെയ്‌തു. ചേരരാജാക്കന്മാരുടെ മതസഹിഷ്‌ണുതയ്‌ക്ക്‌ ഇതൊരുത്തമ ദൃഷ്‌ടാന്തമാണ്‌. ആ കാലഘട്ടം രാജരാജചോഴന്റെ സൈന്യങ്ങള്‍ കേരളത്തിനൊരു ഭീഷണിയായിരുന്നു.

ചോഴ, ചേര ബന്ധങ്ങളുടെ ചരിത്രത്തില്‍ ഈ കാലഘട്ടം സുപ്രധാനമാണ്‌. 985-ല്‍ ചോഴ സമ്രാട്ടായിത്തീര്‍ന്ന രാജരാജന്‍ ഒന്നാമന്‍ പലതവണ കേരളം ആക്രമിച്ചു. ചോഴപുരം, കന്യാകുമാരി, തിരുനന്തിക്കര, ദര്‍ശനംകോപ്പ്‌, ശുചീന്ദ്രം മുതലായ സ്ഥലങ്ങളില്‍ ഇദ്ദേഹത്തിന്റെ ശാസനങ്ങള്‍ കാണ്മാനുണ്ട്‌. കന്യാകുമാരിയും കോട്ടാറും ഇദ്ദേഹം കീഴടക്കി. കന്യാകുമാരിക്ക്‌ രാജരാജേശ്വരം എന്നും കോട്ടാറിന്‌ മുമ്മുടിച്ചോഴനല്ലൂര്‍ എന്നും പേരിട്ടു. ഇദ്ദേഹം പിടിച്ചടക്കിയ ദേശവിഭാഗത്തിന്‌ രാജരാജപ്പാണ്ടിനാട്‌ എന്നു പേരു നല്‌കി. കുഴിത്തുറയ്‌ക്കു തെക്കുള്ള ദേശങ്ങള്‍ ചോഴഭരണത്തിനു വിധേയമായി. ഭാസ്‌കരരവി ഒന്നാമന്റെ കാലശേഷം ഭാസ്‌കരരവി രണ്ടാമന്‍ ഭരണഭാരം കൈയേറ്റു. ഇദ്ദേഹത്തിന്റെ ശാസനങ്ങള്‍ തൃക്കാക്കര, തിരുനെല്ലി മുതലായ സ്ഥലങ്ങളില്‍ നിന്നു കിട്ടിയിട്ടുണ്ട്‌. ഇദ്ദേഹം അധികകാലം ഭരിച്ചതായി കാണുന്നില്ല. വീര കേരളനാണ്‌ പിന്നീട്‌ ഭരണമേറ്റത്‌ (1022-28). ചോഴന്മാരുമായുള്ള പോരാട്ടം അക്കാലത്തും ഉണ്ടായിരുന്നു. കേരളത്തെ അടിച്ചമര്‍ത്താന്‍ രാജേന്ദ്ര ചോഴന്‍ സ്വപുത്രനായ രാജാധിരാജനെ നിയോഗിച്ചു. ഇദ്ദേഹം വീരകേരളനെ ബന്ധനസ്ഥനാക്കി ആനയെക്കൊണ്ടു ചവിട്ടിച്ചു കൊന്നതായി 1046-ലെ മണിമംഗലം രേഖ പറയുന്നു. രാജാധിരാജന്‍ വേണാട്ടധിപനെയും കൊന്നുവത്ര. കാന്തളൂര്‍ ശാല പിടിച്ചടക്കി. ഇരാമകുടത്തിലെ കണ്ടന്‍ കാരിവര്‍മന്‍ എന്ന മൂഷക രാജാവിനെയും ചേരശക്തി കുറേക്കാലം പിന്നിലാക്കിയിരുന്നു. ചോഴന്മാരുമായി നടന്ന പോരാട്ടം ദീര്‍ഘകാലം നിലനിന്നതിനാല്‍ കുലശേഖര സാമ്രാജ്യം ശിഥിലമാകാന്‍ തുടങ്ങി.

രാജസിംഹന്റെ (1028-43) ഭരണകാലത്ത്‌ ചോഴശക്തി കേരളത്തിന്റെ മിക്ക ഭാഗങ്ങളിലും നിലനിന്നു. താഴക്കാട്ടു ശാസനം രാജസിംഹന്റേതാണ്‌. ഇദ്ദേഹം മണിഗ്രാമത്തില്‍ പ്പെട്ട ക്രിസ്‌ത്യന്‍ വണിക്കുകളായ ചാത്തന്‍ വടുകനും ഇരവിച്ചാത്തനും ചില ആനുകൂല്യങ്ങളും അവകാശങ്ങളും നല്‌കി.

പിന്നീട്‌ ഭരണാധികാരികളായിത്തീര്‍ന്ന ഭാസ്‌കരരവി മൂന്നാമനെയും രവിരാമവര്‍മയെയും (1043-82;1082-90) പറ്റി അധികം വിവരങ്ങള്‍ ലഭിച്ചിട്ടില്ല. അവര്‍ ചേരശക്തി പുനഃസ്ഥാപിക്കാന്‍ ശ്രമം നടത്തി. കുലോത്തുംഗ ചോഴന്‍ (1070) ഭരണമേറ്റപ്പോള്‍ കേരളം ചോഴ നിയന്ത്രണത്തില്‍ നിന്നു മുക്തമായിരുന്നു. പാണ്ഡ്യന്മാര്‍ ചേരസഹായത്തോടെ നാഞ്ചിനാടു-തിരുനെല്‍ വേലി പ്രദേശങ്ങള്‍ വീണ്ടെടുത്തു. കുലോംത്തുംഗന്‍, പാണ്ഡ്യന്മാരെയും ചേരന്മാരെയും ചോഴഭരണത്തില്‍ കൊണ്ടുവരാന്‍ ഉദ്യമിച്ചു. പലതവണ പാണ്ഡ്യരെ തോല്‌പിച്ചു കോട്ടാര്‍ ഉള്‍പ്പെടെ നാഞ്ചിനാടു മുഴുവന്‍ ഇദ്ദേഹം കൈവശപ്പെടുത്തി; പാണ്ഡ്യ സൈന്യ കേന്ദ്രങ്ങളും ചേരന്മാരുടെ സൈന്യകേന്ദ്രങ്ങളും പിടിച്ചടക്കി.

മഹോദയപുരത്തെ കുലശേഖരന്മാരില്‍ അവസാനത്തെ ആളായ രാമവര്‍മയുടെ ഭരണകാലം (1090-1102) കേരളചരിത്രത്തിലെ ഒരു പ്രതിസന്ധിഘട്ടമായിരുന്നു. കുലോത്തുംഗന്‍ ഒന്നാമന്‍ നാഞ്ചിനാട്ടുനിന്നു വടക്കോട്ടു നീങ്ങുകയും കൊല്ലം പട്ടണം 1096-ല്‍ നശിപ്പിക്കുകയും ചെയ്‌തു. നരലോക വീരന്‍ എന്ന സേനാനായകനാണ്‌ ഇദ്ദേഹത്തിനു വിജയം നേടിക്കൊടുത്തത്‌. രാമവര്‍മ സ്വന്തം സാമ്രാജ്യത്തിന്റെ ശക്തി പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചു. തുടര്‍ന്നുണ്ടായ ഘോരയുദ്ധത്തില്‍ ചോഴന്മാര്‍ മഹോദയപുരത്തെയും പരിസരങ്ങളെയും അഗ്നിക്കിരയാക്കി. രാമവര്‍മ തന്റെ ആസ്ഥാനം കൊല്ലത്തേക്കു മാറ്റാന്‍ നിര്‍ബന്ധിതനായി. ഇദ്ദേഹം കുലോത്തുംഗനെ തോല്‌പിച്ചു തെക്കോട്ടോടിക്കുകയും ചെയ്‌തു. ചേരസൈന്യത്തിന്റെ ചാവേര്‍വിഭാഗം ശക്തിയായി പോരാടിയതിനാല്‍ ചോഴന്മാര്‍ക്കു നില്‌ക്കക്കള്ളിയില്ലാതായി.

ചോഴന്മാര്‍ തിരോധാനം ചെയ്‌തെങ്കിലും കുലശേഖര സാമ്രാജ്യം അസ്‌തംഗതമാവുകയാണുണ്ടായത്‌. അതോടുകൂടി വേണാട്‌ സ്വതന്ത്രപദവി നേടുകയും ചെയ്‌തു.

(വി. ആര്‍. പരമേശ്വരന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍