This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുറുപ്പ്‌, നാഗവള്ളി ആർ.എസ്‌.(1917 - 2003)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:00, 24 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുറുപ്പ്‌, നാഗവള്ളി ആര്‍.എസ്‌.(1917 - 2003)

നാഗവള്ളി ആര്‍.എസ്‌. കുറുപ്പ്‌

മലയാള സാഹിത്യകാരന്‍. ചെറുകഥ, നോവല്‍ , നാടകം, പത്രപ്രവര്‍ത്തനം, സിനിമ എന്നീ രംഗങ്ങളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുള്ള ശ്രീധരക്കുറുപ്പ്‌, കുട്ടനാട്ടില്‍ രാമങ്കരിയിലെ നാഗവള്ളി തറവാട്ടില്‍ 1917 മേയ്‌ 25-നു ജനിച്ചു. വക്കീലും നാട്ടുപ്രമാണിയുമായിരുന്ന പി.എം. രാമക്കുറുപ്പും എം. കുട്ടിയമ്മയുമാണ്‌ അച്ഛനമ്മമാര്‍. ബാല്യകാലത്ത്‌ മാതാവില്‍ നിന്ന്‌ കേട്ട കഥകളാണ്‌ തന്നെ എഴുത്തുകാരനാക്കിയതെന്ന്‌ ഇദ്ദേഹം പറയാറുണ്ട്‌. രാമങ്കരി പ്രമറി സ്‌കൂള്‍, ആലപ്പുഴ എസ്‌.ഡി.വി. ഹൈസ്‌കൂള്‍, ചങ്ങനാശ്ശേരി എസ്‌.ബി. കോളജ്‌, തിരുവനന്തപുരം ആര്‍ട്‌സ്‌ കോളജ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കുറേക്കാലം ബാങ്കില്‍ ജോലി നോക്കിയെങ്കിലും പിന്നീട്‌ അധ്യാപകവൃത്തിയിലേക്കു തിരിഞ്ഞു. ആദ്യം ആലപ്പുഴ എസ്‌.ഡി.വി. ഹൈസ്‌കൂളിലും പിന്നീട്‌ കുറച്ചുകാലം ആലപ്പുഴ എസ്‌.ഡി. കോളജിലും ജോലി നോക്കി. 1952-ല്‍ തിരുവനന്തപുരം റേഡിയോ നിലയത്തില്‍ പ്രൊഡ്യൂസറായി നിയമിതനായി. 1982-ല്‍ അവിടെനിന്ന്‌ പെന്‍ഷന്‍ പറ്റി വിരമിച്ചശേഷം ഇദ്ദേഹം മാമാങ്കം വാരികയുടെ പത്രാധിപരായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.

ദലമര്‍മരം, നെടുവീര്‍പ്പുകള്‍, പമ്പവിളക്ക്‌, ചുമടുതാങ്ങി, മനുഷ്യാ നീ മറക്കരുത്‌, തെരഞ്ഞെടുത്ത കഥകള്‍ തുടങ്ങിയ കഥാസമാഹാരങ്ങളും; തോട്ടി, രണ്ടുലോകം, ആണും പെണ്ണും തുടങ്ങിയ നോവലുകളും; പൊലിഞ്ഞ ദീപം, കല്യാണം കളിയല്ല, സമത്വം, മേവാര്‍ മാണിക്യം തുടങ്ങിയ നാടകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. സോഷ്യലിസത്തിലേക്ക്‌ ഒരു എത്തിനോട്ടം, ചലച്ചിത്രകല തുടങ്ങിയവ നാഗവള്ളിയുടെ ലേഖനസമാഹാരങ്ങളാണ്‌. ബാലസാഹിത്യ രചനാരംഗത്തും (നമുക്ക്‌ ആട്ടം കാണാന്‍ പോകാം) വിവര്‍ത്തനരംഗത്തും ഇദ്ദേഹത്തിന്റെ സംഭാവനകള്‍ ഉണ്ട്‌.

സാഹിത്യത്തിനെന്നതുപോലെ മലയാള ചലച്ചിത്രവേദിക്കും കാര്യമായ സംഭാവനകള്‍ നല്‌കിയിട്ടുള്ള വ്യക്തിയാണ്‌ നാഗവള്ളി. തിരക്കഥയും സംഭാഷണവും രചിക്കുന്നതില്‍ ഇദ്ദേഹം പ്രത്യേക വൈദഗ്‌ധ്യം പ്രകടിപ്പിക്കാറുണ്ട്‌. ഭക്തിരസപ്രധാനങ്ങളായ നിരവധി ചലച്ചിത്രങ്ങളുടെ തിരക്കഥകള്‍ ഇദ്ദേഹം എഴുതിയിട്ടുണ്ട്‌. സംവിധായകന്‍ (ചിത്രം-രണ്ടു ജന്മം) എന്ന നിലയിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്‌. നല്ല നടന്‍, സംഗീതപ്രിയന്‍ എന്നീ നിലകളിലും ഇദ്ദേഹത്തിന്റെ നാമം സ്‌മരണീയമാണ്‌. പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാള്‍ കൂടിയാണ്‌ നാഗവള്ളി. റേഡിയോ പ്രക്ഷേപണരംഗത്ത്‌ നാഗവള്ളിയുടെ ശബ്‌ദം തനിമയുള്ളതാണ്‌.

കലയ്‌ക്കും സാഹിത്യത്തിനും ചെയ്‌ത വിശിഷ്‌ട സേവനങ്ങള്‍ക്ക്‌ നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌. കേരള ഗവണ്‍മെന്റ്‌ അവാര്‍ഡ്‌ (2003), ചലച്ചിത്രപ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ്‌ (2003), മഹാരാഷ്‌ട്ര സാംസ്‌കാരിക അവാര്‍ഡ്‌ (1999), സ്വാതിതിരുനാള്‍ സംഗീതസഭ ധര്‍മ അവാര്‍ഡ്‌ (1999), "ന്യൂസ്‌ പേപ്പര്‍ ബോയ്‌' എന്ന മലയാളത്തിലെ ആദ്യത്തെ നിയോക്ലാസ്സിക്‌ ശൈലിയിലുള്ള ചിത്രത്തിന്റെ തിരക്കഥയ്‌ക്കുള്ള അവാര്‍ഡ്‌ (1995), മലയാള ഭാഷയ്‌ക്കും സാഹിത്യത്തിനും ചെയ്‌ത സേവനങ്ങള്‍ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ എന്നിവയാണ്‌ പ്രധാന പുരസ്‌കാരങ്ങള്‍. ബഹുമുഖ കലാപ്രവര്‍ത്തനങ്ങളിലൂടെ കേരളീയ സാംസ്‌കാരിക രംഗം സമ്പുഷ്‌ടമാക്കിയ ഇദ്ദേഹം 86-ാം വയസ്സില്‍ 2003 ഡി. 27-ന്‌ അന്തരിച്ചു.

ചലച്ചിത്രനടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്‌ എന്നീ നിലകളില്‍ പ്രശസ്‌തനായ വേണുനാഗവള്ളി ഇദ്ദേഹത്തിന്റെ പുത്രനാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍