This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അത്‍ലാന്തിക് പ്രാന്തം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അത്‍ലാന്തിക് പ്രാന്തം
Atlantic region
അത്‍ലാന്തിക് സമുദ്രത്തിന്റെ ഉഭയപാര്‍ശ്വങ്ങളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദം.
അമേരിക്കന്‍ വന്‍കര കണ്ടുപിടിക്കുകയും അവിടത്തെ പ്രകൃതി വിഭവങ്ങള്‍ ഉപയോഗയോഗ്യമാക്കുകയും ചെയ്തശേഷം അവിടയുള്ള രാജ്യങ്ങള്‍ വളരെ വേഗം വികസിച്ച് അവ ലോകത്തിന്റെ രാഷ്ട്രീയ സാമ്പത്തിക നേതൃപദവിയിലേക്ക് അചിരേണ ഉയര്‍ ന്നു. ഇതിന്റെ ഫലമായി യൂറോപ്പ്, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, ആംഗ്ളോ-അമേരിക്ക എന്നീ പ്രദേശങ്ങളിലെ വികസിതവും വികസ്വരവുമായ രാഷ്ട്രങ്ങള്‍ അത് ലാന്തിക് സമുദ്രത്തിന്റെ മറുകരയിലുള്ള മറ്റു രാഷ്ട്രങ്ങളുമായി നയതന്ത്രബന്ധങ്ങള്‍ സ്ഥാപിച്ചു. ആകാശമാര്‍ഗവും ജലമാര്‍ഗവുമായി വ്യാപാരസംബന്ധമായ ഗതാഗതവും സൈനികനീക്കങ്ങളും അടിസ്ഥാനമാക്കി നോക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും തിരക്കു പിടിച്ച സമുദ്രം അത് ലാന്തിക് ആയിത്തീര്‍ന്നു. സൂയസ് കനാല്‍ അടച്ചതിനുശേഷം, ഗുഡ്ഹോപ്പ് മുനമ്പിനെ ചുറ്റിയുള്ള നാവികമാര്‍ഗം വീണ്ടും അത്യന്താപേക്ഷിതമായി വന്നതോടെ അത് ലാന്തിക് പ്രാധാന്യം വീണ്ടും വര്‍ധിച്ചു.
വന്‍കരാവേദി(continental platform)കളുടെയും സമുദ്രതട (ocean basin)ങ്ങളുടെയും ആവിര്‍ഭാവത്തെ സംബന്ധിക്കുന്ന വിസ്ഥാപന പരികല്പനകള്‍ (drift hypotheses) അനുസരിച്ച് അത് ലാന്തിക്കിന്റെ ഉഭയപാര്‍ശ്വങ്ങള്‍ ഉള്‍പ്പെട്ട പാന്‍ജിയാ (Pangaea) എന്നൊരു വിസ്തൃത ഭൂഖണ്ഡം കാര്‍ബോണിഫെറസ് ഘട്ടം (Carboniferous period) വരെ നിലനിന്നിരുന്നു. പിന്നീടാണ് അവ ഇരുവശങ്ങളിലേക്കും നീങ്ങി സമുദ്രമുണ്ടായത്. സസ്യശാസ്ത്രപരവും, ഭൂവിജ്ഞാനീയപരവും, ജീവാശ്മീയവുമായ (Palaentological) തെളിവുകള്‍ ഇതിനുപോദ്ബലകമായി ലഭിച്ചിട്ടുണ്ട്. രണ്ടു ഈര്‍ച്ചവാളുകളുടെ പല്ലുകള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ വിടവുകള്‍ പരസ്പരം അടയുന്നതുപോലെയുള്ള സ്ഥിതിവിശേഷം, അത്‍ലാന്തിക്കിന്റെ ഇരുകരകളും കൂട്ടിച്ചേര്‍ക്കുമ്പോഴും ഉണ്ടാകും. വ. അമേരിക്കയിലെയും വ. യൂറോപ്പിലെയും കാര്‍ഡോണിയന്‍-ഹെര്‍സീനിയന്‍ ഗിരിപങ്ക്തികളും, തെ. അമേരിക്കയിലെ പ്രീ-ഡെവോണിയന്‍-ട്രയാസിക് പര്‍വതന വലയവും തമ്മിലുള്ള സംരേഖണം ശ്രദ്ധേയമാണ്.
കാര്‍ബോണിഫെറസിന്റെ അന്ത്യഘട്ടത്തിലേതായ ടിലൈറ്റ് (Tillite) തടങ്ങള്‍ തെ. അമേരിക്കയിലും ബ്രസീലിലും (ഇന്ത്യയിലും ആസ്റ്റ്രേലിയയിലും പോലും) കണ്ടെത്തിയിട്ടുണ്ട്. ഇതില്‍നിന്നും താണ അക്ഷാംശങ്ങളുള്ള ഈ പ്രദേശങ്ങള്‍ ഒരു കാലത്തു ഹിമനദീയനത്തിന് (glaciation) വിധേയമായിരുന്നു എന്നനുമാനിക്കേണ്ടിവരുന്നു.
(ഡോ. പ്രമീളാ കുമാര്‍)