This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനി ബെസന്റ് (1847 - 1933)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:26, 22 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആനി ബെസന്റ് (1847 - 1933)

Annie Besant

വനിതാവിമോചനം, സാമൂഹികപരിഷ്കരണം, തൊഴിലാളി പ്രസ്ഥാനം, ഫേബിയന്‍ സോഷ്യലിസം, ഇന്ത്യന്‍ സ്വാതന്ത്ര്യസമരം, ആത്മവിദ്യാപ്രസ്ഥാനം (Theosophy) എന്നീ പല പ്രവര്‍ത്തനമേഖലകളിലും സജീവമായി പങ്കെടുക്കുകയും അവയ്ക്കു നേതൃത്വം നല്കുകയും ചെയ്ത പ്രഗല്ഭയായ ഇംഗ്ലീഷ് വനിത. അന്താരാഷ്ട്ര പ്രസിദ്ധി നേടിയിട്ടുള്ള സഹപ്രവര്‍ത്തകരും അനുയായികളും അവരുടെ ഓരോ പ്രവര്‍ത്തനരംഗത്തിനും പ്രാധാന്യം കൊടുത്തുകൊണ്ടാണ് ആ വ്യക്തിത്വത്തെ സമീപിക്കുന്നതെങ്കിലും, ഭാരതീയരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നല്കിയ ആദ്യത്തെ പ്രഗല്ഭയായ വിദേശ വനിത എന്ന ബഹുമതിയാണ് കൂടുതല്‍ ശ്രദ്ധേയമായിരിക്കുന്നത്.

ആനി ബെസന്റ്

ജീവിതം. ഐറിഷ് വംശജരായ മാതാപിതാക്കളുടെ പുത്രിയായി 1847 ഒ. 1-ന് ലണ്ടനില്‍ ആനി വുഡ് ജനിച്ചു. ബാല്യത്തില്‍ ത്തന്നെ അന്തര്‍മുഖിയും ആധ്യാത്മിക ചിന്താതത്പരയുമായിരുന്ന ആനിയുടെ വിദ്യാഭ്യാസം ഏറിയകൂറും ഗൃഹത്തില്‍വച്ചുതന്നെയായിരുന്നു. 1867-ല്‍ ഒരു ആംഗ്ലിക്കന്‍പാതിരിയായ ഫ്രാങ്ക് ബെസന്റിനെ വിവാഹം കഴിച്ചതോടുകൂടി ഇവര്‍ ആനി ബെസന്റായി. ഈ ദാമ്പത്യത്തില്‍ ഒരു മകനും മകളും ഉണ്ടായെങ്കിലും മതസങ്കല്പങ്ങളോട് ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കുള്ള സമീപനത്തിന്റെ വൈരുധ്യം നിമിത്തം ഈ വിവാഹബന്ധം വളരെവേഗം തകര്‍ന്നു (1873).

സ്വതന്ത്രചിന്താ(Free Thought)പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവായ ചാള്‍സ് ബ്രാഡ്‍ലാ(1833-91)യുടെ ഒരു അനുയായിയായിച്ചേര്‍ന്ന (1874) ആനി ക്രമേണ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകയായും ആ സംഘടനയുടെ ആഫീസ് സെക്രട്ടറിയായും അതിന്റെ മുഖപത്രത്തിന്റെ (National Reformer) മുഖ്യപത്രാധിപയായും സേവനമനുഷ്ഠിച്ചു; തെരഞ്ഞെടുപ്പില്‍ ജയിച്ചെങ്കിലും നാസ്തികന്‍ (atheist) എന്ന ആരോപണമുന്നയിച്ച് കോമണ്‍സ് സഭയില്‍ സ്ഥാനം നിഷേധിക്കപ്പെട്ട ബ്രാഡ്‍ലാ നടത്തിയ നീണ്ട സമരത്തില്‍ ആനിയും പങ്കുകൊണ്ടു. ജനസംഖ്യാവര്‍ധനവിനെക്കുറിച്ച് വിപ്ലവകരമായ സിദ്ധാന്തങ്ങള്‍ ആവിഷ്കരിച്ച റോബര്‍ട്ട് മാല്‍ത്തൂസ്സി (1766-1834)നെത്തുടര്‍ന്ന് ജനനനിയന്ത്രണത്തിന്റെ ആവശ്യകതയ്ക്കുവേണ്ടി ആനി ബെസന്റ് ചെയ്ത പ്രചാരണങ്ങള്‍ ബ്രിട്ടനില്‍ വലിയ കോളിളക്കമുണ്ടാക്കി.

ബര്‍ണാഡ് ഷായുമായുള്ള പരിചയം 1885-ല്‍ ആനിക്ക് ഫേബിയന്‍ സമൂഹ(Fabian Society)ത്തില്‍ അംഗത്വം നേടിക്കൊടുത്തു. അതിന്റെ പ്രചാരണത്തിനായി ഒരു മാസിക (Our Corner) കുറേക്കാലം നടത്തുകയും 1885-ല്‍ പ്രസിദ്ധമായ തന്റെ ഹേബിയന്‍ ഉപന്യാസങ്ങള്‍ എഴുതുകയും ചെയ്തെങ്കിലും ക്രമേണ അതില്‍നിന്ന് അകന്ന് ആനി മാര്‍ക്സിസം അംഗീകരിച്ച ഒരു സംഘടനയില്‍ (Marxist Social Democratic Federation) ചേര്‍ന്ന് പ്രവര്‍ത്തനം തുടര്‍ന്നു. ഈ കാലങ്ങളില്‍ ബ്രിട്ടീഷ് തുറമുഖങ്ങളില്‍ നടന്ന ചില പണിമുടക്കുകളില്‍ അവര്‍ പങ്കെടുക്കുകയും പല രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ക്കും നേതൃത്വം നല്കുകയും ആംസ്റ്റര്‍ഡാമിലും വിയന്നയിലും നടന്ന അന്താരാഷ്ട്രസമ്മേളനങ്ങളിലെ (International Congress) ചര്‍ച്ചകളില്‍ ഭാഗഭാക്കാവുകയും റഷ്യന്‍ അരാജകത്വവാദിയായ പ്രിന്‍സ് ക്രൊപോട്കിന്‍ (1842-1921), ഭീകവാദിയായ എസ്. സ്റ്റെപ്നിയാക് (1852-95) തുടങ്ങിയവരെ തന്റെ ഗൃഹത്തില്‍ ക്ഷണിച്ചുവരുത്തി ഒരു 'റഷ്യന്‍ സുഹൃത്സംഘ'ത്തിനു (Society of Friends of Russian freedom) രൂപം നല്കുകയും ചെയ്തു.

ആത്മവിദ്യാപ്രസ്ഥാനം. ഭൗതികവാദത്തിലും തൊഴിലാളിപ്രസ്ഥാനത്തിലും സാമൂഹികപരിഷ്കരണത്തിലും ലണ്ടനിലെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഭരണത്തിലും (London School Board) മുഴുകിക്കഴിയുന്ന കാലത്താണ് ആനി ബെസന്റ് മദാം ബ്ലാവട്സ്കി(1831-91)യുടെ ഗൂഢസിദ്ധാന്തം (The Secret Doctrine) എന്ന കൃതി വായിക്കാനിടയായത്. അതോടുകൂടി അവര്‍ ആത്മവിദ്യാസംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയാവുകയും ബ്ലാവട്സ്കിയുടെ മരണശേഷം അതിന്റെ അനിഷേധ്യനേതൃത്വത്തിലേക്ക് ഉയരുകയും ചെയ്തു. പല ആരോപണങ്ങളും അപവാദങ്ങളും ദുര്‍വ്യാഖ്യാനങ്ങളും ആദ്യകാലങ്ങളിലുണ്ടായെങ്കിലും 1891-ല്‍ മദാം ബ്ലാവട്സ്കിയുടെ മരണത്തോടുകൂടി ആനി ബെസന്റില്‍ നിക്ഷിപ്തമായ അന്താരാഷ്ട്ര-ആത്മവിദ്യാസംഘത്തിന്റെ അധ്യക്ഷപദം അവര്‍ മരണംവരെ പ്രഗല്ഭമായി വഹിച്ചു.

ഇന്ത്യയിലേക്ക്. മുജ്ജന്‍മങ്ങളില്‍ താന്‍ ഒരു ഭാരതീയ ആയിരുന്നെന്ന് ആനി ബെസന്റ് പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഇവര്‍ 1893 ന. 16-ന് ശ്രീലങ്കയിലെ കാന്‍ഡിയില്‍ കപ്പലിറങ്ങി. ഇവിടെ ചില പ്രസംഗങ്ങള്‍ക്കുശേഷം ഇന്ത്യയിലേക്കു കടക്കുകയും തന്റെ ആസ്ഥാനമായി മദ്രാസിലുള്ള അഡയാര്‍ തിരഞ്ഞെടുക്കുകയും ചെയ്തു. പിന്നീടവര്‍ ഭാരതത്തിലെ പ്രധാനനഗരങ്ങളെല്ലാം സന്ദര്‍ശിച്ച് അവിടെയെല്ലാം ഉജ്ജ്വലപ്രഭാഷണങ്ങള്‍ നടത്തി. ഈ പര്യടനങ്ങളില്‍ ഡോ. ഭഗവന്‍ദാസ്, സി.ആര്‍. റെഡ്ഡി, സി. ജിനരാജദാസ്, കസിന്‍സ് ദമ്പതികള്‍, പണ്ഡിറ്റ് മദനമോഹന്‍ മാളവ്യ, ആശുതോഷ് മുഖര്‍ജി, ഗോപാലകൃഷ്ണഗോഖലെ, ദയാനന്ദ സരസ്വതി, ജസ്റ്റിസ് റാനഡേ, സുരേന്ദ്രനാഥ് ബാനര്‍ജി, മോത്തിലാല്‍ നെഹ്റു, വി.എസ്. ശ്രീനിവാസശാസ്ത്രി തുടങ്ങിയ നേതാക്കള്‍ അവരുടെ ആകര്‍ഷണവലയത്തില്‍ വന്നുചേരുകയുണ്ടായി. സി.രാജഗോപാലാചാരിയും സി.പി. രാമസ്വാമി അയ്യരും പിന്നീടാണ് ഇവരുടെ അനുയായികളായത്.

സ്വന്തം ആധ്യാത്മികദര്‍ശനങ്ങളുടെ അനാവരണത്തോടൊപ്പം ആധുനികവിദ്യാഭ്യാസപ്രചാരണത്തിലും ഇവര്‍ ഈ പര്യടനങ്ങള്‍ക്കിടയില്‍ ശ്രദ്ധിച്ചു. 1894-ല്‍ ഇവര്‍ അഡയാറില്‍ പിന്നാക്കസമുദായങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിനായി 'ഓല്‍ക്കോട്ട് പഞ്ചമസ്കൂള്‍' എന്ന വിദ്യാലയം സ്ഥാപിച്ചു. പില്ക്കാലത്ത് ബനാറീസ് സര്‍വകലാശാലയായി വികസിച്ച വിദ്യാസാംസ്കാരിക കേന്ദ്രമായ 'സെന്‍ട്രല്‍ ഹിന്ദു കോളജി'ന്റെ സ്ഥാപകയും (1898) ആനി ബെസന്റ് തന്നെ ആയിരുന്നു.

രാഷ്ട്രീയവും സ്വയംഭരണ പ്രസ്ഥാനവും. ഒന്നാം ലോകയുദ്ധാരംഭത്തോടുകൂടിയാണ് (1914) ആനി ബെസന്റ് ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് ആദ്യമായി കാല്‍കുത്തുന്നത്. ഇന്ത്യയില്‍ അവരുടെ ഏറ്റവും അടുത്ത അനുയായിയായി പില്ക്കാലത്ത് പേരുകേട്ട ജെ.കൃഷ്ണമൂര്‍ത്തിയുടെ രക്ഷാകര്‍ത്തൃത്വത്തെച്ചൊല്ലി ഉണ്ടായ ഒരു കേസില്‍ ഇന്ത്യന്‍ കോടതികളില്‍ ആനിബെസന്റിന് പരാജയം സംഭവിച്ചെങ്കിലും, പ്രിവി കൗണ്‍സില്‍ ഇവരുടെ അപ്പീല്‍ അനുവദിച്ച് വിധിയായി. ഈ കേസില്‍ ആനിബെസന്റിന്റെ എതിര്‍ഭാഗം-കൃഷ്ണമൂര്‍ത്തിയുടെ പിതാവായ ജി. നാരായണയ്യരുടെ വാദിഭാഗം-വാദിച്ച സി.പി. രാമസ്വാമി അയ്യര്‍ ഒടുവില്‍ അവരുടെ അന്തേവാസിയായതും ഇതിനെത്തുടര്‍ന്നാണ്.

1918-ലാണ് ആനി ബെസന്റ് ആദ്യമായി മഹാത്മാഗാന്ധിയെ കാണുന്നത്. എന്നാല്‍ അതിനു രണ്ടുവര്‍ഷം മുന്‍പുതന്നെ (1916 സെപ്. 1) അവര്‍ തന്റെ 'ഹോംറൂള്‍ ലീഗ്' ആരംഭിച്ചിരുന്നു. കോണ്‍ഗ്രസ്സിലെ മിതവാദികളെയും അമിതവാദികളെയും തമ്മില്‍ യോജിപ്പിക്കാനും ഹിന്ദു-മുസ്ലിം മൈത്രി കൈവരുത്താനും ഭരണകാര്യങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് വര്‍ധിച്ച പങ്കാളിത്തം നേടിക്കൊടുക്കാനും ആരംഭിച്ച ഈ പ്രസ്ഥാനത്തിന്റെ ആദ്യകാല ഭാരവാഹികളില്‍ ഒരാള്‍ മുഹമ്മദലി ജിന്നയായിരുന്നു. ഇവര്‍ ആരംഭിച്ച ന്യൂ ഇന്ത്യ (New India) എന്ന ദിനപത്രവും കോമണ്‍ വീല്‍ (Common Weal) എന്ന വാരികയും, ജി.എസ്. അരുണ്ഡേല്‍, ബി.പി. വാഡിയ തുടങ്ങിയ സഹപ്രവര്‍ത്തകരുടെ സഹായത്തോടെ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ അക്കാലത്തെ പ്രമുഖ ജിഹ്വകളായി വര്‍ത്തിച്ചു. പ്രക്ഷോഭം അവസാനിപ്പിക്കാന്‍ മദ്രാസ് ഗവര്‍ണര്‍ പെന്റ്ലാന്‍ഡ് പ്രഭു നല്കിയ ഉപദേശം തിരസ്കരിച്ചതിന്റെ ഫലമായി ആനി ബെസന്റിന് ഏതാനും മാസം (1917) ജയിലില്‍ കഴിയേണ്ടിവന്നു. 1917-ല്‍ കല്ക്കത്തയില്‍ കൂടിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ വാര്‍ഷികസമ്മേളനം ആനി ബെസന്റിനെ അഗ്രാസനപദവി നല്കി ബഹുമാനിച്ചു.

എന്നാല്‍ മഹാത്മാഗാന്ധി രംഗത്തെത്തിയതോടുകൂടി ആനി ബെസന്റ് രാഷ്ട്രീയമേഖലയില്‍ പുലര്‍ത്തിവന്ന ആധിപത്യത്തിന് അപചയം വന്നുതുടങ്ങി. 1924-ല്‍ 'ഡൊമിനിയന്‍ ഹോംറൂള്‍' അനുവദിച്ചുകിട്ടാന്‍ ശ്രീനിവാസശാസ്ത്രി, എമിലി ലൂട്ടന്‍സ് പ്രഭ്വി, മുന്‍ഷി ഈശ്വരചരണ്‍ തുടങ്ങിയവരോടൊപ്പം ലണ്ടനില്‍ പോയി മടങ്ങിവന്നതിനുശേഷം കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം നിര്‍വചിക്കാന്‍ ഗാന്ധിജിയുമായി ആനി ബെസന്റ് നടത്തിയ ചര്‍ച്ചകള്‍ യോജിച്ച അഭിപ്രായത്തിലെത്താന്‍ കഴിയാതിരുന്നതിന്റെ ഫലമായി, മുഖ്യദേശീയപ്രവാഹങ്ങളുമായുള്ള അവരുടെ അകല്‍ച്ച പൂര്‍ണമായെന്നു പറയാം. ശ്രദ്ധേയമായ നിരവധികൃതികളുടെ രചയിതാവു കൂടിയാണ് ആനിബെസന്റ്. വൈ ഐ ബികെയ്ം എ തിയോസോഫിസ്റ്റ്; ആന്‍ ആട്ടോബയോഗ്രഫി; ദി ഏന്‍ഷ്യന്റ് വിസ്ഡം എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാകുന്നു.

1933 സെപ്. 20-ന് അഡയാറില്‍വച്ച് ആനിബെസന്റ് അന്തരിച്ചു. നോ: തിയോസൊഫിക്കല്‍ സൊസൈറ്റി; ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്; ഫേബിയന്‍ സമൂഹം (Fabian Society); ബ്രാഡ്‍ലാ, ചാറല്‍സ്; ബ്ലാവട്സ്കി, മദാം; സ്വയംഭരണ പ്രസ്ഥാനം (Home Rule League).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍