This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഡ്രിയന്‍, എഡ്ഗാര്‍ ഡഗ്ളസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

01:25, 21 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഡ്രിയന്‍, എഡ്ഗാര്‍ ഡഗ്ളസ് (1889 - 1977)

Adrian,Edgar Douglas

നോബല്‍ സമ്മാനിതനായ ബ്രിട്ടിഷ് ശാസ്ത്രജ്ഞന്‍. 1889-ല്‍ ജനിച്ച അഡ്രിയന്‍ എഡ്ഗാര്‍ ഡഗ്ളസ് വെസ്റ്റ് മിനിസ്റ്റര്‍ ട്രിനിറ്റി കോളജ്, കേംബ്രിഡ്ജ്, സെന്റ്
എഡ്ഗാര്‍ ഡഗ്ലസ് അഡ്രിയന്‍

ബര്‍ത്തൊലോമ്യു ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തി. ശരീരക്രിയാവിജ്ഞാനീയ(Physiology)ത്തില്‍ അവഗാഹം നേടുകയും മസ്തിഷ്കം, നാഡീവ്യൂഹം എന്നിവയുടെ പഠന നിരീക്ഷണങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു. 1923-ല്‍ റോയല്‍ സൊസൈറ്റി ഇദ്ദേഹത്തെ ഫെല്ലോ ആയി അംഗീകരിച്ചു. തന്റെ ശാസ്ത്രസംഭാവനകളെ പുരസ്കരിച്ച് 1929-ല്‍ ബാലിമെഡലും 1934-ല്‍ റോയല്‍ മെഡലും അഡ്രിയന് ലഭിക്കുകയുണ്ടായി. 1937 മുതല്‍ 1951 വരെ കേംബ്രിഡ്ജിലെ ഫിസിയോളജി പ്രൊഫസറായി സേവനം അനുഷ്ഠിച്ചു. മസ്തിഷ്ക-നാഡീവ്യൂഹങ്ങളെപ്പറ്റി നടത്തിയ പഠനങ്ങളെ ആധാരമാക്കി 1932-ല്‍ ഇദ്ദേഹത്തിന് നോബല്‍ സമ്മാനം നല്കപ്പെട്ടു. കൂടാതെ ഓര്‍ഡര്‍ ഒഫ് മെരിറ്റും (1942) പ്രഭുസ്ഥാനവും (1955) ഇദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. കേംബ്രിഡ്ജ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ (1957-59) ചാന്‍സലര്‍ (1968-75) റോക്ക്ഫെല്ലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ട്രസ്റ്റി എന്നീ നിലകളിലും ഇദ്ദേഹം പ്രവര്‍ത്തിക്കുകയുണ്ടായി. ദ് ബേസിസ് ഒഫ് സെന്‍സേഷന്‍ (The Basis of Sensation - 1928), ദ് മെക്കാനിസം ഒഫ് നെര്‍വസ് ആക്ഷന്‍ (The Mechanism of nervous action-1932), ദ് ഫിസിക്കല്‍ ബേസിസ് ഒഫ് പെഴ്സപ്ഷന്‍ (The Physical Basis of Perception-1947) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. 1977-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍