This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആക് റ്റിനോറ്റെറിജിയൈ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ആക്റ്റിനോറ്റെറിജിയൈ
Actinopterigii
അസ്ഥിമത്സ്യങ്ങള്‍ ഉള്‍പ്പെടുന്ന ഓസ്ററിയൈക്തിസ് (Osteichthyes) വര്‍ഗത്തിന്റെ മൂന്നു ഉപവര്‍ഗ(subclass)ങ്ങളില്‍ ഒന്ന്; ആക്റ്റിനോറ്റെറി (Actinopteri), ടീലിയോസ്റ്റോമി (Teleostomi) എന്നീ പേരുകളിലും ഈ വിഭാഗം അറിയപ്പെടുന്നു. വിശറിപോലെയുള്ളതും മുള്ളുകളോടു കൂടിയതും (ray fin) ആയ പത്രങ്ങള്‍ (ചിറകുകള്‍: fins) ഈ വിഭാഗത്തിന്റെ ഒരു പ്രത്യേകതയാണ്. ഓസ്ററിയൈക്തിസ് വര്‍ഗത്തിന്റെ മറ്റു രണ്ട് ഉപവര്‍ഗങ്ങളായ ക്രോസോറ്റെറിജിയൈ (Crossopterigii), ഡിപ്നോയ് (Dipnoi) എന്നിവയില്‍നിന്നും ഈ ഉപവര്‍ഗം പലവിധത്തിലും വ്യത്യസ്തമായിരിക്കുന്നു. ആക്റ്റിനോറ്റെറിജിയൈ വിഭാഗത്തിലെ മത്സ്യങ്ങളില്‍ ഒരു പൃഷ്ഠപത്രം (dorsal fin) മാത്രമേ കാണപ്പെടുന്നുള്ളു. പരിണാമപരമായി ഉയര്‍ന്ന അപൂര്‍വം ചില ഇനങ്ങളില്‍ ഇതു രണ്ടോ മൂന്നോ ബാഹ്യഖണ്ഡങ്ങളായി വേര്‍തിരിഞ്ഞിരിക്കാറുണ്ട്. പുച്ഛപത്രത്തില്‍ (caudal fin) അധിപുച്ഛപാളി (epichordal lobe) കാണപ്പെടുന്നില്ല. യുഗ്മപത്ര (paired fin)ങ്ങളിലേക്കു മാംസവും അസ്ഥ്യാധാരവും ചെറിയതോതില്‍ മാത്രം കടന്നു പറ്റിയിരിക്കുന്നു. ആന്തരനാസാരന്ധ്രങ്ങള്‍ ഇവയില്‍കാണപ്പെടുന്നില്ല.
പൂര്‍വഡെവോണിയന്‍ യുഗത്തിലാവണം ആക്ററിനോറ്റെറിജിയൈ വിഭാഗത്തിലെ മത്സ്യങ്ങള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പാലിയോസോയിക് കല്പത്തിന്റെ ഉത്തരാര്‍ധത്തിലും മീസോസോയിക് കല്പം ഒട്ടാകെയും ഇവ നിലനിന്നിരുന്നു. ക്രിട്ടേഷ്യസ് യുഗത്തിലും സീനോസോയിക് കല്പത്തിന്റെ ആദ്യകാലങ്ങളിലും ഇവ വിഭേദന (differentation) വിധേയമാവുകയും അന്നുമുതല്‍ കടലിലെയും ശുദ്ധജലത്തിലെയും പ്രമുഖ മത്സ്യയിനങ്ങളായിത്തീരുകയും ചെയ്തു. ഇന്നുള്ള അസ്ഥിമത്സ്യങ്ങളിലെ 97 ശതമാനവും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതായി കണക്കാക്കപ്പെടുന്നു.
ആക്റ്റിനോറ്റെറിജിയൈ ഉപവര്‍ഗത്തെ മൂന്നു കീഴ്വര്‍ഗ (infra class)ങ്ങളായി തിരിച്ചിട്ടുണ്ട്:
1. കോണ്‍ഡ്രോസ്റ്റീ (Condrostei). പാലിയോസോയിക്, പൂര്‍വ മീസോസോയിക് എന്നീ കാലഘട്ടങ്ങളിലെ മത്സ്യങ്ങളും, പോളിറ്റെറിഫോമിസ് (Polypteriformes), അസിപെന്‍സിഫോമിസ് (Ascipensiformes) ഗോത്രങ്ങളിലെ മത്സ്യങ്ങളും ഇതില്‍പ്പെടുന്നു.
2. ഹോളോസ്റ്റീ (Holostei). മധ്യ മീസോസോയിക് ഘട്ടത്തിലെ മത്സ്യങ്ങളും സെമിയോനോട്ടിഫോമിസ് (Semionotiformes). അമിയിഫോമിസ് (Amiiformes) എന്നീ ഗോത്രങ്ങളിലെ മത്സ്യങ്ങളും ഇതിലുള്‍പ്പെടുന്നു.
3. റ്റീലിയോസ്റ്റീ (Teleostei). ക്രിട്ടേഷ്യസ്, സീനോസോയിക് എന്നീ കല്പങ്ങളിലെ മത്സ്യങ്ങളും, പരിണാമപരമായി ഉയര്‍ന്ന മറ്റു മത്സ്യഗോത്രങ്ങളിലെ അംഗങ്ങളും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഈ മൂന്നു വിഭാഗങ്ങളില്‍ ഹോളോസ്റ്റീ, റ്റീലിയോസ്റ്റീ എന്നിവ ബഹുസ്രോതോദ്ഭവി(polyphyletic)കളാണെന്ന് കരുതപ്പെടുന്നു. നോ: ക്രോസോപ്റ്റെറിജിയൈ; ശ്വാസകോശ മത്സ്യങ്ങള്‍