This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അര്‍ച്ചിപെങ്കോ, അലക്‌സാണ്ടര്‍ (1887 - 1964)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:18, 20 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Archipenko, Alexander

ശില്‌പചിത്രണം (sculptopainting) എന്ന ആധുനിക ശില്‌പകലാശൈലിയുടെ പ്രണേതാവ്‌. ശില്‌പരചനയില്‍ ഒട്ടുവളരെ നൂതന ശൈലികള്‍ ആവിഷ്‌കരിക്കുന്നതിലും ആര്‍ച്ചിപെങ്കോ യത്‌നിച്ചിട്ടുണ്ട്‌. യു.എസ്‌. പൗരത്വം സ്വീകരിച്ച ആര്‍ച്ചിപെങ്കോ റഷ്യയിലെ കീവിലാണ്‌ ജനിച്ചത്‌ (1887). കീവ്‌ ആര്‍ട്ട്‌ സ്‌കൂളിലെ വിദ്യാഭ്യാസത്തിനുശേഷം 1908-ല്‍ ആര്‍ച്ചി പെങ്കോ പാരീസിലേക്കു പോവുകയും സെക്‌ഷന്‍ ദെ ഓറിലെ (section d'ors) പ്രദര്‍ശനങ്ങളില്‍ തന്റെ ശില്‌പചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്‌തു. 1913-ല്‍ ന്യൂയോര്‍ക്കില്‍നടന്ന ആര്‍മറി പ്രദര്‍ശനത്തിലും ഇദ്ദേഹം പങ്കെടുത്തു.

അലക്‌സാണ്ടര്‍ അര്‍ച്ചിപെങ്കോ

ഘനപദാര്‍ഥങ്ങളില്‍ ദ്വാരങ്ങള്‍ ഉണ്ടാക്കി ശില്‌പങ്ങള്‍ക്ക്‌ രൂപം നല്‌കുന്ന ഒരു രീതിയാണ്‌ ആര്‍ച്ചിപെങ്കോ ആദ്യം ആവിഷ്‌കരിച്ചത്‌. 1912-ല്‍ ഇദ്ദേഹം രചിച്ച വാക്കിംഗ്‌ വുമണ്‍ (Walking Woman) എന്ന ശില്‌പം ഇതിന്‌ ഉദാഹരണമാണ്‌. ഈ ശില്‌പത്തില്‍ മുഖം, വയറ്‌, കണങ്കാലുകള്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ ദ്വാരങ്ങളാണ്‌ കാണപ്പെടുന്നത്‌.

ജ്യാമിതീയരൂപങ്ങളും താളനിബദ്ധമായ വളവുകളും ഉള്‍പ്പെടുത്തിക്കൊണ്ടാണ്‌ ഇദ്ദേഹം ക്യൂബിസം എന്ന ശൈലി കൈകാര്യം ചെയ്‌തത്‌. ഗൊണ്ടോളിയര്‍ (Gondolier) എന്ന ശില്‌പം ഈ രീതിയിലുള്ളതാണ്‌. 1912-ല്‍ മെദ്രാനോ എന്ന പേരില്‍ വളരെയധികം ശില്‌പങ്ങള്‍ ഇദ്ദേഹം നിര്‍മിച്ചു. ഇതിലേക്കായി തടി, കച്ചാടിച്ചില്ലുകള്‍, ലോഹങ്ങള്‍ തുടങ്ങി പല വസ്‌തുക്കളും ഉപയോഗപ്പെടുത്തുകയും പശ്ചാത്തലത്തിനും രൂപങ്ങള്‍ക്കും കടുത്ത വര്‍ണങ്ങള്‍ നല്‌കുകയും ചെയ്‌തു. നിലവിലിരുന്ന നിര്‍മാണസമ്പ്രദായത്തില്‍നിന്നും തികച്ചും ഭിന്നമായിരുന്നു ഈ രീതി.

1914-ല്‍ ആണ്‌ ആര്‍ച്ചിപെങ്കോ "ശില്‌പചിത്രണം' എന്ന തന്റെ നൂതനസമ്പ്രദായം ആവിഷ്‌കരിച്ചത്‌. രൂപത്തിന്റെ ചില ഭാഗങ്ങള്‍ റിലീഫ്‌ രീതിയില്‍ നിര്‍മിക്കുകയും വര്‍ണങ്ങള്‍ ഉപയോഗിച്ച്‌ ബാക്കിഭാഗങ്ങള്‍ ചിത്രീകരിക്കുകയുമാണ്‌ ഇതിന്റെ നിര്‍മാണവിധം.

ആര്‍ച്ചിപെന്റൂറാ എന്ന പേരില്‍ ചലിക്കുന്ന ചില രൂപങ്ങള്‍ ഇദ്ദേഹം 1924-ല്‍ സൃഷ്‌ടിക്കുകയുണ്ടായി. കാന്‍വാസുകള്‍ ചെറിയഖണ്ഡങ്ങളായി കുറുകേ കീറിയിട്ട്‌ അത്‌ ഒരു യന്ത്രം ഉപയോഗിച്ച്‌ ചലിപ്പിക്കുകയാണ്‌ ഇദ്ദേഹം ചെയ്‌തത്‌.

1935 മുതല്‍ 36 വരെ ഇദ്ദേഹം വാഷിങ്‌ടണ്‍ സര്‍വകലാശാലയില്‍ അധ്യാപകനായി സേവനം അനുഷ്‌ഠിച്ചു; 1939-ല്‍ ന്യൂയോര്‍ക്കില്‍ സ്വന്തമായി ഒരു ശില്‌പവിദ്യാലയം ആരംഭിച്ചു. 1945-നു ശേഷം ഇദ്ദേഹം രചിച്ച കലാരൂപങ്ങള്‍ക്ക്‌ അലങ്കരണപ്രാധാന്യം മാത്രമേ ഉള്ളൂ; ആദ്യകാല രചനകള്‍പോലെ അവ മെച്ചപ്പെട്ടവയല്ല. 1964 ഫെ. 25-ന്‌ ന്യൂയോര്‍ക്കില്‍വച്ച്‌ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍