This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:14, 19 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉള്ളടക്കം

അസം

ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ഒരു സംസ്ഥാനം. ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി തൊട്ടുകിടക്കുന്ന അസമിന്റെ അയല്‍ സംസ്ഥാനങ്ങള്‍ വടക്കും വ.കിഴക്കും അരുണാചല്‍പ്രദേശ്,

കി. നാഗാലന്‍ഡ്, മണിപ്പൂര്‍, തെ.കി. മിസോറാം, ത്രിപുര, തെ. മേഘാലയ, പ. പശ്ചിമബംഗാള്‍ എന്നിവയാണ്. പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണത്തിനുമുന്‍പ് അസം വ. അക്ഷാ. 22° 19' മുതല്‍ 28° 16' വരെയും കി. രേഖാ. 89° 42' മുതല്‍ 96° 30' വരെയും വ്യാപിച്ചിരുന്നു. അസം അതിര്‍ത്തിയില്‍പ്പെട്ടിരുന്ന വ.കി. അതിര്‍ത്തിപ്രദേശം (നേഫ) വേര്‍പ്പെടുത്തി അരുണാചല്‍പ്രദേശ് എന്ന പ്രത്യേക പ്രവിശ്യയുണ്ടാക്കി; ശേഷിച്ച ഭാഗങ്ങളും നാഗാകുന്നുകളും ചേര്‍ത്ത് നാഗാലന്‍ഡ് സംസ്ഥാനം രൂപീകൃതമായി; ഖാസി, ഗാരോ, ജയന്തിയ എന്നീ ഉന്നതപ്രദേശങ്ങള്‍ മേഘാലയ സംസ്ഥാനമായി വേര്‍തിരിക്കപ്പെട്ടു; മിസോ കുന്നുകളും ദക്ഷിണ കച്ചാര്‍ പ്രദേശവും ഉള്‍പ്പെടുന്ന മിസോറാം സംസ്ഥാനവും രൂപംകൊണ്ടു. പഴയ അസമിലെ ശേഷിച്ച പ്രദേശങ്ങളാണ് ഇന്നത്തെ അസം സംസ്ഥാനം. ബ്രഹ്മപുത്രാതടവും ബരാക് (സുര്‍മ) തടവും ഈ സമതലങ്ങളോടുചേര്‍ന്നുള്ള ഉന്നതതടങ്ങളും ചേര്‍ന്ന അസം സംസ്ഥാനം 27 ജില്ലകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. വിസ്തീര്‍ണം: 78,438 ച.കി.മീ.; ജനസംഖ്യ: 26,38,407 (2001); ജനസാന്ദ്രത: 33.6 ച.കി.മീ.; സാക്ഷരത: 63.30 ശ.മാ.; പ്രധാന ഭാഷകള്‍: അസമിയ, ബംഗാളി, ബോഡോ; തലസ്ഥാനം: ദിസ്പൂര്‍.



ഭൂപ്രകൃതിയും കാലാവസ്ഥയും

ഭൂവിജ്ഞാനീയം

ഭൂവിജ്ഞാനീയപരമായി ഇന്ത്യന്‍ ഫലകത്തിന്റെ പൂര്‍വാഗ്രഭാഗമാണ് അസം. ഈ ഭാഗം അതിനടിയില്‍ വര്‍ത്തിക്കുന്ന യൂറേഷ്യന്‍ ഫലകത്തില്‍ ചെലുത്തുന്ന സമ്മര്‍ദത്തിന്റെ (thrust) ഫലമായി ഇവിടെ ഒരു സബ്ഡക്ഷന്‍ സോണ്‍ (subduction zone) രൂപപ്പെട്ടിരിക്കുന്നു. വ.കിഴക്കന്‍ ദിശയിലുള്ള ഇന്ത്യന്‍ ഫലകത്തിന്റെ സ്ഥാനചലനത്തിന്റെ പരിണതഫലമായി ഇന്ത്യന്‍-യൂറേഷ്യന്‍ ഫലകങ്ങളുടെ മധ്യേ അവസ്ഥിതമായിരുന്ന ഭൂഅഭിനതിയില്‍ (ടെഥിസ്) നൂറ്റാണ്ടുകളായി അടിഞ്ഞുകൂടിയ അവസാദപടലങ്ങള്‍ ഉയര്‍ത്തപ്പെട്ട് ഹിമാലയത്തിന്റെ രൂപീകരണത്തിന് വഴിതെളിച്ചുവെന്നാണ് ഭൂവിജ്ഞാനികളുടെ അനുമാനം. പ്രതിവര്‍ഷം ഹിമാലയത്തിന്റെ ഉയരം 4 സെ.മീ. വീതം വര്‍ധിക്കുന്നതായും നിര്‍ണയിക്കപ്പെട്ടിരിക്കുന്നു. തത്ഫലമായി അസമിന്റെ ഭൂവിജ്ഞാനീയ-ഭൂമിശാസ്ത്രപഠനങ്ങള്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു.

ഭൂപ്രകൃതി

വിശാലസമതല പ്രദേശങ്ങള്‍, ദക്ഷിണേന്ത്യന്‍ പീഠപ്രദേശത്തില്‍ ഉള്‍പ്പെട്ടതും വേറിട്ടുനില്‍ക്കുന്നതുമായ കുന്നുകള്‍, ഹിമാലയത്താല്‍ ചുറ്റപ്പെട്ട വടക്കും വ.കിഴക്കും കിഴക്കും ഭാഗങ്ങള്‍ എന്നിവയാല്‍ തികച്ചും വ്യതിരിക്തവും സവിശേഷതയാര്‍ന്നതുമായ ഭൂപ്രകൃതിയാണ് അസമിന്റേത്. ഏതാണ്ട് സമാന്തരങ്ങളായി കിടക്കുന്ന ഉയരംകുറഞ്ഞ മലനിരകളും അവയ്ക്കിടയ്ക്കുള്ള താഴ്വരകളും ഈ ഭൂഭാഗത്തിന്റെ മുഖ്യസവിശേഷതയാകുന്നു. എന്നാല്‍ ഉന്നതപ്രദേശങ്ങള്‍ പ്രത്യേക സംസ്ഥാനങ്ങളായി വേര്‍തിരിക്കപ്പെട്ടതുമൂലം ഇന്നത്തെ അസം സംസ്ഥാനം ഏറിയകൂറും വിശാലമായ താഴ്വാരങ്ങള്‍മാത്രം ഉള്‍ക്കൊള്ളുന്നു.

സംസ്ഥാനത്തിലെ ജനജീവിതത്തില്‍ വലുതായ സ്വാധീനം ചെലുത്തുന്ന ഘടകമാണ് ബ്രഹ്മപുത്രാനദി. അസം താഴ്വരയെ 'ബ്രഹ്മപുത്രയുടെ ദാനം' എന്നു വിശേഷിപ്പിക്കാറുണ്ട്. തിബത്തില്‍ സാങ്പോ എന്ന പേരിലറിയപ്പെടുന്ന ബ്രഹ്മപുത്ര സാദിയയ്ക്കടുത്തുവച്ചാണ് അസം അതിര്‍ത്തി കടക്കുന്നത്. ഈ പ്രദേശം വ്യാപകമായ അപരദനത്തിന്റെ ഫലമായി നാമമാത്രമായിത്തീര്‍ന്നിരിക്കുന്നു. അസം അതിര്‍ത്തിക്കപ്പുറത്താണ് ഈ നദി ബ്രഹ്മപുത്രയായി അറിയപ്പെടുന്നത്. 720 കി.മീ. ദൂരം കി.പടിഞ്ഞാറായി ഒഴുകിയശേഷം തെക്കോട്ടുതിരിഞ്ഞ് ബാംഗ്ളദേശിലേക്കു കടക്കുന്നതിനിടയില്‍ ഈ നദി അസം താഴ്വരയിലെ എല്ലാ ജില്ലകളിലുംകൂടി കടന്നുപോവുന്നു. നദീതടത്തിന് 80 കി.മീറ്ററിലേറെ വിസ്തൃതിയില്ല; ഇരുപാര്‍ശ്വങ്ങളിലും ഇത് ചെങ്കുത്തായ മലഞ്ചരിവുകളോളം വ്യാപിച്ചുകാണുന്നു. ബ്രഹ്മപുത്രയുടെ പോഷകനദികളായി കണക്കാക്കാവുന്ന ആയിരക്കണക്കിനു നീര്‍ച്ചാലുകള്‍ ഈ സമതലത്തെ കീറിമുറിച്ചൊഴുകി ഒടുവില്‍ ബ്രഹ്മപുത്രയില്‍ ലയിക്കുന്നു. ബ്രഹ്മപുത്രാതടത്തിന് തെക്കായിട്ടാണ് ഷില്ലോംഗ് പീഠഭൂമി സ്ഥിതിചെയ്യുന്നത്. ഇപ്പോള്‍ മേഘാലയയായി രൂപാന്തരപ്പെട്ടിട്ടുള്ള ഈ ഉന്നതപ്രദേശത്തിനു തെ. ഉദ്ദേശം 200 കി.മീ. നീളത്തിലും 96 കി.മീ. വീതിയിലുമുള്ള ഒരു സമതലമുണ്ട്-ബരാക് നദീതടം; ഈ പ്രദേശം കച്ചാര്‍ജില്ലയില്‍പ്പെടുന്നു.

ഭൂവിജ്ഞാനീയപരമായി നോക്കുമ്പോള്‍ അരുണാചല്‍പ്രദേശ്, മേഘാലയ തുടങ്ങിയ ഇന്ത്യയിലെ കിഴക്കന്‍ സംസ്ഥാനങ്ങളൊക്കെത്തന്നെ സമാനപ്രകൃതിയാണ് പ്രദര്‍ശിപ്പിക്കുന്നത്. ഭൂരൂപക്രമങ്ങളിലെ ചില്ലറ വ്യതിയാനങ്ങള്‍ മാത്രമാണ് ഈ പ്രദേശങ്ങളില്‍ കാണാവുന്നത്. ഭൂട്ടാന്‍, ആക, ദാഫ്ല, അസം, ഹിമാലയം തുടങ്ങി ഉത്തരഭാഗത്തുള്ള ഉന്നതപ്രദേശങ്ങള്‍ ഒട്ടാകെഒരുകാലത്ത് ടെഥിസ് എന്ന ആഴംകുറഞ്ഞ സമുദ്രത്തിന്റെ ഭാഗങ്ങളായിരുന്നു. ടെര്‍ഷ്യറി യുഗത്തില്‍ ഈ സമുദ്രത്തിനു തെക്കായുണ്ടായിരുന്ന ഗോണ്ട്വാനാ വന്‍കര വിസ്ഥാപന (drift) വിധേയമായി വടക്കോട്ടു സംക്രമിച്ചതിന്റെ ഫലമായി ടെഥിസിന്റെ അവസാദശിലാപടലങ്ങള്‍ മടങ്ങിയൊടിഞ്ഞ് ഉയര്‍ത്തപ്പെട്ടിട്ടാണ് മേല്പറഞ്ഞ ഉന്നതപ്രദേശം ആവിര്‍ഭവിച്ചത്. വലിതപര്‍വത(folded mountains)ങ്ങളുടേതായ ഈ മേഖല ആവര്‍ത്തിച്ചുള്ള പര്‍വതനങ്ങളെ സൂചിപ്പിക്കുന്ന രീതിയില്‍ സമാന്തരനിരകള്‍ ഉള്‍ക്കൊണ്ടുകാണുന്നു. മലനിരകളുടെ ഉപരിപടലങ്ങള്‍ സമുദ്രാവസാദങ്ങള്‍ നിറഞ്ഞതാണ്. പഴയ അസം മേഖലയുടെ മധ്യഭാഗത്തുള്ള ഷില്ലോംഗ് പീഠഭൂമി ഗോണ്ട്വാനാ വന്‍കരയുടെ തുടര്‍ച്ചയായി കരുതപ്പെടുന്നു. ഇവിടത്തെ മുഖ്യശിലകള്‍ ഗ്രാനൈറ്റ്, നൈസ്സ് എന്നിവയാണ്. സാനുപ്രദേശങ്ങളില്‍ കോണ്‍ഗ്ളോമറേറ്റുകള്‍ക്കാണു പ്രാമുഖ്യം; വ. മലനിരകള്‍ക്കും തെ. ഷില്ലോംഗ് പീഠഭൂമിക്കുമിടയ്ക്കുള്ള ബ്രഹ്മപുത്രാതടം എക്കല്‍സമതലമാണ്. ചൊരിമണല്‍, മണല്‍ക്കല്ല്, കളിമണ്ണ്, പശിമരാശിമണ്ണ്, ജൈവാവശിഷ്ടങ്ങള്‍ ഇഴുകിച്ചേര്‍ന്ന ചെളിമണ്ണ് എന്നിവയൊക്കെ ഇവിടെ കാണാം. ടെര്‍ഷ്യറി യുഗത്തിലേതായ മലയടിവാരങ്ങളില്‍ ഉറച്ച മണല്‍ക്കല്ല്, ചൊരിമണല്‍, കോണ്‍ഗ്ളോമറേറ്റ്, ഷെയ്ല്‍, മണല്‍ കലര്‍ന്ന കളിമണ്ണ് എന്നിവയും ജൈവാവശിഷ്ടങ്ങളുമായി ഇഴുകിച്ചേര്‍ന്ന പശിമരാശി മണ്ണുമാണുള്ളത്. ടെര്‍ഷ്യറി ശിലാക്രമങ്ങള്‍ മേല്പറഞ്ഞവയ്ക്കു പുറമേ കല്‍ക്കരി നിക്ഷേപങ്ങളും ഉള്‍ക്കൊള്ളുന്നു. ഈ ശിലാക്രമങ്ങളുടെ അഗാധതലങ്ങളില്‍ ചുണ്ണാമ്പുകല്ലിന്റെ കനത്ത നിക്ഷേപങ്ങളുംകണ്ടെത്തിയിട്ടുണ്ട്.

ശിലാസംരചനയോടു സാദൃശ്യം പുലര്‍ത്തുന്നതാണ് അസം മേഖലയിലെ ഭൂപ്രകൃതി. വ. ഭാഗത്തെ അസം ഹിമാലയം; ബ്രഹ്മപുത്രാതടം, ഷില്ലോംഗ് പീഠഭൂമി (ഇപ്പോഴത്തെ മേഘാലയ), കച്ചാര്‍ സമതലം, ദക്ഷിണപൂര്‍വ ശൈലപ്രദേശങ്ങള്‍ എന്നിവയാണ് പ്രധാന ഭൂപ്രകൃതിവിഭാഗങ്ങള്‍.

ഭൂകമ്പങ്ങള്‍

അസം പ്രദേശത്ത് വന്‍തോതില്‍ നാശനഷ്ടങ്ങള്‍ വരുത്തുന്ന രണ്ട് പ്രകൃതി പ്രക്രിയകളാണ് ഭൂചലനവും ജലപ്രളയവും. 1897 ജൂണ്‍ 12-ന് ഷില്ലോങ്ങും, 1930 ജൂല. 3-ന് ധൂബ്രിയും, 1950 ആഗ. 15-ന് റീമയും അഭികേന്ദ്രങ്ങളായുണ്ടായ വന്‍പിച്ച ഭൂകമ്പങ്ങള്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ക്ക് കാരണമായി. ലോകത്തിലെ ഏറ്റവും ഉഗ്രമായ 5 ഭൂകമ്പങ്ങളിലൊന്നായി ഗണിക്കപ്പെടുന്ന 1950-ലെ വിപത്തില്‍ മണ്ണിടിച്ചില്‍ മൂലം നദികളുടെ ഗതി രോധിക്കപ്പെട്ടും ഉരുള്‍പൊട്ടലിലൂടെയും ഉണ്ടായ ജലപ്രളയങ്ങള്‍ നാശനഷ്ടങ്ങളെ പല മടങ്ങായി വര്‍ധിപ്പിച്ചു. ബ്രഹ്മപുത്രാവ്യൂഹത്തിലെ നദികള്‍ ജലസമൃദ്ധങ്ങളും ഇടയ്ക്കിടെ വെള്ളപ്പൊക്കമുണ്ടാവുന്നവയുമാണ്. ലോകത്തില്‍ കോംഗോ, ആമസോണ്‍ എന്നിവ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജലൌഘം ഉള്ള നദീവ്യൂഹം ബ്രഹ്മപുത്രയാണ്.

കാലാവസ്ഥ

ഉത്തരായണ വൃത്തത്തിനു വടക്കുള്ള സമ്മര്‍ദമേഖലയിലാണ് അസം സ്ഥിതി ചെയ്യുന്നത്. ഹിമാലയനിരകളാല്‍ വേര്‍തിരിക്കപ്പെട്ടതുമൂലം അക്ഷാംശം അടിസ്ഥാനമാക്കി, വടക്കുള്ള വന്‍കരഭാഗത്തുനിന്നും അനുഭവപ്പെടേണ്ട അത്യുഷ്ണവും അതിശൈത്യവും അസമിനെ ബാധിക്കുന്നില്ല. സമുദ്രനിരപ്പില്‍ നിന്ന് സു. 1,375 മീ. ഉയരത്തിലുള്ള ഷില്ലോങ് പീഠഭൂമി അസം മേഖലയിലെ വര്‍ഷപാതക്രമത്തെ സാരമായി സ്വാധീനിക്കുന്നു.

ഉയര്‍ന്ന ആര്‍ദ്രതയാണ് ഇവിടത്തെ കാലാവസ്ഥയുടെ സവിശേഷത. മണ്‍സൂണ്‍ കാലങ്ങളില്‍ മാത്രമല്ല; ഉത്തരേന്ത്യയില്‍ പൊതുവേ വരള്‍ച്ച ബാധിക്കുന്ന മാര്‍ച്ച്-മേയ് മാസങ്ങളില്‍പ്പോലും അസമില്‍ മഴ ലഭിക്കുന്നു; ഇതിന്റെ ഫലമായി ഉഷ്ണക്കുറവ് അനുഭവപ്പെടുകയും മഴയുടെ തോത് വര്‍ധിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന കുന്നുകള്‍ ഹിമാലയപര്‍വതവുമായി ഏതാണ്ട് ലംബദിശയില്‍ കിടക്കുന്നത് ധാരാളം മഴ പെയ്യുന്നതിനും, അതോടൊപ്പം താപനില സമീകൃതമാവുന്നതിനും ഇടയാക്കുന്നു. പ്രാദേശികമായി നോക്കുമ്പോള്‍ വാര്‍ഷിക വര്‍ഷപാതത്തില്‍ വന്‍പിച്ച ഏറ്റക്കുറച്ചിലുകള്‍ ദര്‍ശിക്കാം. ഖാസികുന്നുകളുടെ തെക്കേച്ചരിവുകളില്‍ ശ.ശ. വര്‍ഷപാതം 1,140 സെ.മീ. ആയിരിക്കുമ്പോള്‍ നൌഗോംഗ് ജില്ലയില്‍പ്പെട്ട ലാങ്ക, ലൂംഡിംഗ് എന്നിവിടങ്ങളില്‍ അത് 115 സെ.മീ. ആയി കുറയുന്നു.

സസ്യജാലം

ജൈവവൈവിധ്യത്തിന്റെ കലവറയാണ് അസം. വന്‍തോതിലുള്ള മഴയും ഉയര്‍ന്ന താപനിലയും വളക്കൂറുള്ള മണ്ണും അസം പ്രദേശത്ത സസ്യബഹുലമായ നിത്യഹരിതവനങ്ങളാക്കി മാറ്റിയിരിക്കുന്നു. സാല്‍ (sal) വൃക്ഷമാണ് ഏറ്റവും അധികമുള്ളത്. സമ്പദ്പ്രധാനങ്ങളായ 49 വൃക്ഷയിനങ്ങള്‍ ഇവിടെയുണ്ട്. സംസ്ഥാനത്ത് 45,351 ച.കി.മീ. വനഭൂമിയുള്ളതില്‍ 16,558 ച.കി.മീ. മാത്രമാണ് സംരക്ഷിതമായിട്ടുള്ളത്. അസം വനങ്ങളിലെ പ്രധാനോത്പന്നങ്ങള്‍ തടി, മുള, ചൂരല്‍, പച്ചമരുന്നുകള്‍ എന്നിവയാണ്; അരക്ക്, ദന്തം, കൊമ്പ് തുടങ്ങിയ മൃഗജന്യവസ്തുക്കളും ഇവിടെ നിന്നു ലഭിക്കുന്നു.

ജന്തുവര്‍ഗങ്ങള്‍

അസം വനങ്ങള്‍ വിവിധയിനം വന്യമൃഗങ്ങളുടെ വിഹാരരംഗമാണ്. സ്വര്‍ണനിറമുള്ള ലാംഗൂര്‍ കുരങ്ങകളും ദേവ്ഛഗല്‍ എന്നറിയപ്പെടുന്ന കാട്ടാടുകളും ഇവിടത്തെ വിശേഷപ്പെട്ട മൃഗങ്ങളാണ്. കാട്ടുപൂച്ച, കരടി, മുയല്‍, മുള്ളന്‍പന്നി, കാട്ടുപോത്ത്, മിഥുന്‍, കലമാന്‍, കസ്തൂരിമാന്‍, കാട്ടുപന്നി തുടങ്ങിയവ ധാരാളമുണ്ട്. ആനയും ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗങ്ങളും അസം വനങ്ങളില്‍ കാണപ്പെടുന്നു. ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗത്തെ സംരക്ഷിക്കുന്നതിന് മാത്രമായി കാസിരംഗയില്‍ ഒരു ദേശീയ ഉദ്യാനം നിര്‍മിക്കപ്പെട്ടിരിക്കുന്നു. ആനകളുടെയും കടുവകളുടെയും സംരക്ഷണകേന്ദ്രം മനാസാണ്. ഈ കേന്ദ്രങ്ങള്‍ രണ്ടും ഇപ്പോള്‍ വന്യജീവി വിനോദസഞ്ചാരകേന്ദ്രങ്ങളും ലോക പൈതൃകസ്ഥലങ്ങളുമായി വികസിച്ചിരിക്കുന്നു. സൊനായ്രൂപ, പാദ, ലക്കോവ, ഒറാങ് എന്നിവയാണ് സംസ്ഥാനത്തെ മറ്റു പ്രധാന വന്യമൃഗസംരക്ഷണകേന്ദ്രങ്ങള്‍. മറ്റിടങ്ങളില്‍ കാണാനില്ലാത്ത വിവിധയിനം സസ്തനികളും, ഉരഗവര്‍ഗങ്ങള്‍, പക്ഷികള്‍, മത്സ്യങ്ങള്‍ എന്നിവയും ഇവിടെയുണ്ട്. നരച്ച പുരികങ്ങളുള്ള ഗിബ്ബണ്‍, ഹനുമാന്‍, ബന്തര്‍ (Rhesus macaque), വാലില്ലാത്ത ലീമര്‍ തുടങ്ങിയയിനം വാനരവര്‍ഗങ്ങളും ഇവിടെ സുലഭമാണ്. അസമിലെ പക്ഷിമൃഗാദികള്‍ ഇന്ത്യയില്‍ മറ്റു ഭാഗങ്ങളില്‍ കാണപ്പെടുന്ന വര്‍ഗങ്ങള്‍ തന്നെയാണെങ്കിലും അവയുടെ നിറം താരതമ്യേന കൂടുതല്‍ കടുത്തതായിരിക്കും; കനത്ത മഴയും ഇടതൂര്‍ന്ന സസ്യാവരണവുമാണ് ഈ സവിശേഷതയ്ക്കു കാരണമെന്ന് കരുതപ്പെടുന്നു.

ജനങ്ങളും ജീവിതരീതിയും

ജനങ്ങള്‍

1901-61 കാലഘട്ടത്തില്‍ അസം മേഖലയിലെ ജനസംഖ്യ 37 ലക്ഷത്തില്‍ നിന്ന് 118 ലക്ഷമായി ഉയര്‍ന്നു. ജനസംഖ്യയിലുണ്ടായ ഈ വര്‍ധന (20 ശ.മാ.) ഇന്ത്യയിലെ ശ.ശ. തോതിനെ (85 ശ.മാ.) അപേക്ഷിച്ച് വളരെ കൂടുതലായിരുന്നു. അഭൂതപൂര്‍വമായ ഈ ജനപ്പെരുപ്പത്തിനു കാരണം വന്‍തോതിലുള്ള കുടിയേറ്റമായിരുന്നു. ഈ കാലഘട്ടത്തില്‍ ഛോട്ടാനാഗാപൂരില്‍ നിന്നുള്ള തോട്ടപ്പണിക്കാര്‍ക്കും നേപ്പാളികളായ ഇടയന്മാര്‍ക്കും പുറമേ പൂര്‍വ പാകിസ്താനില്‍ നിന്ന് ഒഴിവാക്കപ്പെട്ട ലക്ഷക്കണക്കിന് അഭയാര്‍ഥികളും അസമില്‍ പാര്‍പ്പുറപ്പിച്ചു. ഭൂപ്രകൃതിയിലെ സങ്കീര്‍ണതമൂലം സംസ്ഥാനത്തിലെ ജനവിതരണം തികച്ചും അസന്തുലിതമാണ്; സമതലങ്ങളിലെ ജനസാന്ദ്രത ച.കി.മീറ്ററിന് 171 ആയിരിക്കുമ്പോള്‍ വടക്കന്‍ പ്രദേശങ്ങളില്‍ 33മാത്രമേയുള്ളൂ.

ശിബ്സാഗര്‍ തടാകം

അസമിലെ ജനങ്ങളില്‍ 92.5 ശ.മാ. ഗ്രാമീണരാണ്; ഇവരില്‍ 5 ശ.മാ. രണ്ടായിരത്തില്‍ക്കവിഞ്ഞ ജനസംഖ്യയുള്ള ഗ്രാമങ്ങളിലും 42 ശ.മാ. ഇടതൂര്‍ന്ന അധിവാസങ്ങളിലും ശേഷിക്കുന്നവര്‍ ഒറ്റപ്പെട്ടനിലയിലും പാര്‍ക്കുന്നവരാണ്. വ്യവസായവത്കരണം ത്വരിതമായതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ നഗാരാധിവാസം സാമാന്യമായി വര്‍ധിച്ചിട്ടുണ്ട്; അഭയാര്‍ഥികളില്‍ നല്ലൊരു വിഭാഗം നഗരങ്ങളില്‍ പാര്‍പ്പുറപ്പിച്ച് കൈത്തൊഴിലുകളിലും ചില്ലറ വ്യാപാരങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നു. ഒരു ലക്ഷത്തിലേറെ ജനസംഖ്യയുള്ള രണ്ട് നഗരങ്ങളാണ് അസം മേഖലയിലുള്ളത്; ഗുവാഹത്തിയും ഷില്ലോങ്ങും; 20,000-ത്തിലേറെ ജനസംഖ്യയുള്ള 14 നഗരങ്ങളുണ്ട്. കുന്നിന്‍പ്രദേശങ്ങള്‍ പ്രായേണ ജനവാസം കുറഞ്ഞവയായിരുന്നുവെങ്കിലും ആ സ്ഥിതിക്കു മാറ്റംവന്നുതുടങ്ങിയിരിക്കുകയാണ്.

ബ്രഹ്മപുത്രയുടെയും ബരാക് നദിയുടെയും തടങ്ങളില്‍ ഉദ്ദേശം 2,000 വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ ബോദോ, കച്ചാഡി തുടങ്ങിയ ആദിവാസികള്‍ മാത്രമാണുണ്ടായിരുന്നത്. പിന്നീട് ബ്രഹ്മപുത്രാതടത്തില്‍ മിഥിലയില്‍ നിന്നും കുടിയേറ്റക്കാരെത്തി. ഇന്തോ-യൂറോപ്യന്‍ ഗോത്രവുമായി ബന്ധപ്പെട്ട ഒരിനംഭാഷ സംസാരിച്ചിരുന്ന ഇവര്‍ ഇരുമ്പിന്റെ ഉപയോഗം അറിഞ്ഞിരുന്ന കര്‍ഷകരായിരുന്നു. സ്ഥിരമായി പാര്‍പ്പുറപ്പിച്ച് കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ട ഇക്കൂട്ടര്‍ ബ്രഹ്മപുത്രാതടത്തില്‍ കാലക്രമേണ തനതായ ഒരു സംസ്കാരം കെട്ടിപ്പടുത്തു; ആദിവാസികള്‍ കുന്നിന്‍പുറങ്ങളിലേക്ക് പിന്‍തള്ളപ്പെട്ടു. കാലാന്തരത്തില്‍ ഈ പ്രദേശത്ത് മംഗോളിയര്‍ കുടിയേറിപ്പാര്‍ത്തു. ഈ വിഭാഗങ്ങള്‍ പരസ്പരം ബന്ധപ്പെട്ട് സങ്കരവര്‍ഗങ്ങളുണ്ടായി.

ബരാക് തടത്തില്‍ അക്കാലത്തും കച്ചാഡികള്‍ക്കായിരുന്നു സ്വാധീനം. 18-ാം ശ.-ത്തില്‍ പൂര്‍വബംഗാളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ കച്ചാഡികളെ അടിച്ചമര്‍ത്തി.

അസമിലെ ജനങ്ങള്‍ക്ക് ഭാഷാപരവും മതപരവുമായി ഭാരതത്തിലെ ഇതരഭാഗങ്ങളിലെ ജനതയുമായുള്ള സാദൃശ്യമാണ് ഈ മേഖലയെ ഇന്ത്യയുടെഅവിഭാജ്യഘടകമാക്കിത്തീര്‍ത്തിരിക്കുന്നത്. അയിത്തം തുടങ്ങിയ അനാചാരങ്ങള്‍ക്ക് ഈ പ്രദേശത്ത് വലിയ സ്ഥാനമില്ല. അന്ധവിശ്വാസജടിലമായ പ്രാകൃതമതങ്ങളില്‍ വിശ്വസിക്കുന്നവര്‍ ധാരാളമുണ്ട്. വൈഷ്ണവഹിന്ദുക്കള്‍ക്കാണ് ഭൂരിപക്ഷം; ബുദ്ധ-ക്രൈസ്തവ-ഇസ്ലാം മതങ്ങളുടെ അനുയായികളുമുണ്ട്. നാനാജാതിമതസ്ഥരായ ആളുകള്‍ പരസ്പരം ഐക്യത്തോടെ ഇടതിങ്ങിപ്പാര്‍ത്തുവരുന്നു. കഴിഞ്ഞ ഒരു ശതകത്തിനുള്ളില്‍ ഈ പ്രദേശത്ത് കുടിയേറിപ്പാര്‍ത്ത ബംഗാളി മുസ്ലിങ്ങള്‍ മൊത്തം ജനസംഖ്യയുടെ 25 ശതമാനത്തിലേറെ വരും.

ബ്രഹ്മപുത്രാതടത്തില്‍ അസമിയയും കച്ചാര്‍ തടത്തില്‍ ബംഗാളിയും ഗിരിപ്രദേശങ്ങളില്‍ ആദിവാസികളുടെ ഭാഷകളും പ്രചാരത്തിലിരിക്കുന്നു. അസമിയയാണ് സംസ്ഥാനത്തെ ഔദ്യോഗിക ഭാഷ; എങ്കിലും കച്ചാര്‍ ജില്ലയില്‍ വംഗഭാഷയ്ക്ക് ഔദ്യോഗിക പദവിയുണ്ട്.

വിഭിന്ന ജനവര്‍ഗങ്ങളുടെയും വ്യത്യസ്ത ഭാഷാഗോത്രങ്ങളുടെയും സമ്മിശ്രണത്തിലൂടെ രൂപംപൂണ്ടിട്ടുള്ള സംസ്കാരമാണ് ഇന്ന് അസമിലേത്. പ. ചൈനയില്‍ നിന്ന് ബ്രഹ്മപുത്രാതടത്തിലൂടെ കുടിയേറിപ്പാര്‍ത്ത മംഗോളോയ്ഡ് വര്‍ഗക്കാര്‍ക്കാണ് അസം ജനതയിലെ ഭൂരിപക്ഷം. ആസ്റ്റ്രോ-ഏഷ്യാറ്റിക്കുകള്‍, ദ്രാവിഡര്‍, ആര്യന്‍മാര്‍ തുടങ്ങിയ ജനവിഭാഗങ്ങളും ഈ പ്രദേശത്തെ അധിവസിക്കുന്നുണ്ട്. ഇവരൊക്കെത്തന്നെ തനതായ മാര്‍ഗങ്ങളിലൂടെ അസം സംസ്കാരത്തെ പരിപോഷിപ്പിച്ചുവരുന്നു.

ഭാഷയും സാഹിത്യവും

സംസ്ഥാനത്തെ പ്രധാന ഭാഷ അസമിയ ആണ്. സംസ്കൃതത്തിലെ മാഗധി അപഭ്രംശവുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ അസമിയ പിന്നീട് ഇന്തോ-ആര്യന്‍, ഇന്തോ-ചീന ഭാഷാ ഗോത്രങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെ പുഷ്ടിപ്രാപിക്കുകയും വിപുലമായ ഒരു സാഹിത്യം വളര്‍ത്തിയെടുക്കുകയും ചെയ്തിരിക്കുന്നു. അസം സാഹിത്യത്തില്‍ വൈഷ്ണവസ്വാധീനം വളരെയേറെ പ്രകടമാണ് (നോ: അസമിയ ഭാഷയും സാഹിത്യവും). ഭാരതീയ പുരാണങ്ങളിലും, കാളിദാസന്‍, കൌടല്യന്‍ തുടങ്ങിയവരുടെ കൃതികളിലും അസമിനെ (അന്നത്തെ കാമരൂപം) സംബന്ധിച്ച പരാമര്‍ശങ്ങള്‍ കാണാം.

ഉത്സവങ്ങള്‍

thumb‍
ബിഹുനൃത്തം

അസമിലെ ബിഹു എന്നറിയപ്പെടുന്ന ദേശീയോത്സവങ്ങളില്‍ ജാതിമതഭേദമെന്യെ ആബാലവൃദ്ധം ജനങ്ങളും പങ്കുകൊള്ളുന്നു. നവവത്സരാരംഭം (ഭോഗാലിബിഹു), വിളവെടുപ്പ് (മാഘ്ബിഹു) തുടങ്ങിയ വിശേഷാവസരങ്ങളിലാണ് ഉത്സവാഘോഷം. ദുര്‍ഗാപൂജ, ധവളോത്സവം, ജന്മാഷ്ടമി, ലക്ഷ്മിപൂജ, സരസ്വതിപൂജ, കാളിപൂജ തുടങ്ങിയവയാണ് മറ്റു വിശേഷാചാരങ്ങള്‍. ഉത്സവാവസരങ്ങളില്‍ നാടോടി നൃത്തങ്ങളും മറ്റു കലാരൂപങ്ങളും അവതരിപ്പിക്കപ്പെട്ടുവരുന്നു.

ദേവാലയങ്ങള്‍

അസമില്‍ ലക്ഷക്കണക്കിനു തീര്‍ഥാടകരെ ആകര്‍ഷിക്കുന്ന അതിപുരാതനങ്ങളായ അനേകം ക്ഷേത്രങ്ങളുണ്ട്. ഗുവാഹത്തിക്ക് 5 കി.മീ. അകലെയുള്ള കാമാ(ഖ്യ)ക്ഷ്യക്ഷേത്രം ശക്തിപൂജയുടെ കേന്ദ്രമാണ്. ബ്രഹ്മപുത്രാനദിയിലെ ഒരു തുരുത്തില്‍ സ്ഥിതി ചെയ്യുന്ന ഉമാനന്ദക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം വളരെ പ്രസിദ്ധമാണ്. ഗുവാഹത്തിക്ക് കിഴക്കുള്ള ചിത്രാചലത്തിലെ നവഗ്രഹക്ഷേത്രം പുരാതനകാലത്ത് ജ്യോതിഃശാസ്ത്രം, ജ്യോതിഷം എന്നിവയെ സംബന്ധിച്ച ഗവേഷണകേന്ദ്രമായിരുന്നു; ഗുവാഹത്തി 'പ്രാഗ്ജ്യോതിഷപുരം' എന്ന പേരില്‍ അറിയപ്പെട്ടിരുന്നത് ഇക്കാരണത്താലാണ്. ഗുവാഹത്തിയില്‍നിന്ന് 22 കി.മീ. ദൂരെ ബ്രഹ്മപുത്രാതീരത്തുള്ള ഹാജോ വിവിധ മതവിഭാഗങ്ങളുടെ പ്രധാന ക്ഷേത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു തീര്‍ഥാടനകേന്ദ്രമാണ്. ഇവിടെയുള്ള ഹയഗൃഹമാധവക്ഷേത്രത്തില്‍ വച്ചാണ് ശ്രീ ബുദ്ധന്‍ നിര്‍വാണമടഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്നു. പീര്‍ കിയാസുദ്ദീന്‍ ഔലിയ എന്ന സിദ്ധന്‍ പണിയിച്ച മുസ്ലിം പള്ളി 'പാവ്മക്ക' എന്നാണറിയപ്പെടുന്നത്; മക്കയുടെ നാലിലൊന്ന് വൈശിഷ്ട്യം കല്പിക്കപ്പെട്ടതുമൂലമാണ് ഈ പേരുണ്ടായത്.

ആടയാഭരണങ്ങള്‍

അബോര്‍ ആദിവാസി പെണ്‍കുട്ടികളുടെ നൃത്തം

അസം ജനതയുടെ വേഷവിധാനങ്ങളിലും ആഭരണങ്ങളിലും തികഞ്ഞ സാരള്യം കാണാം. മേഖല എന്ന ഒരിനം പാവാടയും മാറുമറയ്ക്കുന്നതിന് റിഹ, ചോള എന്നീയിനം വസ്ത്രങ്ങളും ഛദര്‍ എന്നറിയപ്പെടുന്ന രണ്ടാംമുണ്ടുമാണ് അസം വനിതകളുടെ സാധാരണ വേഷം. സ്വര്‍ണവും വെള്ളിയും കൊണ്ടുള്ള ആഭരണങ്ങള്‍ സാധാരണമാണ്.

സമ്പദ്വ്യവസ്ഥ

കൃഷി

ഒരു കാര്‍ഷിക സംസ്ഥാനമാണ് അസം. നെല്ലാണ് മുഖ്യധാന്യവിള. അസമിലെ ജനങ്ങളില്‍ ഭൂരിഭാഗവും (69 ശ.മാ.) കാര്‍ഷികവൃത്തിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. സംസ്ഥാനത്തെ പണിയെടുക്കുന്ന ജനങ്ങളില്‍ 70 ശ.മാ.വും കാര്‍ഷികമേഖലയിലാണ്. ഇവര്‍ക്കു പുറമേ കാലിവളര്‍ത്തല്‍, തോട്ടപ്പണി, വനവിഭവശേഖരണം, മത്സ്യബന്ധനം തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ 5 ലക്ഷത്തിലേറെ വരും. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം കൃഷിഭൂമിയുടെ വിസ്തീര്‍ണതയിലും കാര്‍ഷികോത്പാദനത്തിലും ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്.

ധാന്യങ്ങളുടെ കൂട്ടത്തില്‍ പ്രഥമസ്ഥാനം നെല്ലിനാണ്; ഏതാണ്ട് 39.44 ലക്ഷത്തോളം ഹെക്ടര്‍ വരുന്ന കൃഷിഭൂമിയുടെ 72 ശതമാനത്തോളം കൃഷി ചെയ്യപ്പെടുന്നു. വാര്‍ഷികോത്പാദനം 20 ലക്ഷം ടണ്ണിലേറെയും. തേയില, ചണം എന്നിവയാണ് പ്രധാനപ്പെട്ട നാണ്യവിളകള്‍. ഇന്ത്യയിലെ മൊത്തം തേയിലയുടെ 62 ശ.മാ.-വും ചണത്തിന്റെ 15 ശ.മാ.-വും അസമിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഈ സംസ്ഥാനത്ത് 746 തേയിലത്തോട്ടങ്ങളുണ്ട്. ഇവയുടെ ആകെ വിസ്തീര്‍ണം 1,62,000 ഹെക്ടറാണ്; 21,51,57,000 കി.ഗ്രാം തേയില വര്‍ഷംതോറും ഉത്പാദിപ്പിക്കപ്പെടുന്നു. ആഗോള വിപണിയില്‍ ലഭ്യമായിട്ടുള്ളതില്‍ ഏറ്റവും മുന്തിയതും വിലയേറിയതുമായ തേയില ഉത്പാദിപ്പിക്കുന്നത് അസമിലാണ്. കാമെല്ലിയ അസമിക്ക (camellia assamica) എന്ന സവിശേഷമായ തേയില അസമില്‍ മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ. വ്യത്യസ്തമായ മണവും രുചിയും ഈയിനം തേയിലയുടെ സവിശേഷതയാണ്.

തേയിലയ്ക്ക് പുറമേ നെല്ല്, കടുക്, ചണം, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, ഏത്തപ്പഴം, പപ്പായ, അടയ്ക്ക, മഞ്ഞള്‍ എന്നിവയും, വിവിധയിനം ഫലവര്‍ഗങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവും സംസ്ഥാനത്ത് കൃഷി ചെയ്യുന്നു.

പഞ്ചവത്സരപദ്ധതികളുടെ ഭാഗമായി സംസ്ഥാനത്ത് രണ്ട് ഇടത്തരം ജലസേചനകേന്ദ്രങ്ങള്‍ ആസൂത്രണം ചെയ്യപ്പെട്ടതില്‍ ജമുനാപദ്ധതി 1969 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി; സുക്ളാപദ്ധതി പൂര്‍ത്തിയായി വരുന്നതേയുള്ളൂ.

ധാതുക്കള്‍

ധാതു സമ്പത്തിനാല്‍ സമ്പന്നമാണ് അസം. പെട്രോളിയം, കല്‍ക്കരി, ചുണ്ണാമ്പുകല്ല്, കളിമണ്ണ്, ഡോളമൈറ്റ്, കൊറണ്ടം എന്നീ ധാതുക്കളുടെ കനത്ത നിക്ഷേപങ്ങള്‍ ഇവിടെയുണ്ട്. അല്പമാത്രമായി സ്വര്‍ണവും കണ്ടെത്തിയിട്ടുണ്ട്; കല്‍ക്കരി, പെട്രോളിയം, ചുണ്ണാമ്പുകല്ല് എന്നിവ ഖനനം ചെയ്യപ്പെട്ടു വരുന്നു. ചെറിയ തോതില്‍ മാഗ്നെറ്റിക് ക്വാര്‍ട്ട്സൈറ്റ്, കയോലിന്‍, സിലിമനൈറ്റ്, ചെളി, ഫെല്‍സ്പാര്‍ എന്നിവയുടെ നിക്ഷേപവുമുണ്ട്.

ഗുവാഹത്തിയിലെ എണ്ണ ശുദ്ധീകരണശാല

ദിഗ്ബോയ്, നഹാര്‍ഖാട്ടിയ, ഹൂഗ്രിജാന്‍, മൊറാന്‍, രുദ്രസാഗര്‍, ലക്കോവ എന്നിവിടങ്ങളിലാണ് പെട്രോളിയം ഉത്പാദിപ്പിച്ചുവരുന്നത്. ഉത്തര അസമില്‍ സ്ഥിതിചെയ്യുന്ന ഇവയില്‍ ഏറ്റവും പഴക്കമുള്ളത് ദിഗ്ബോയ് ആണ്. ഇവിടെ 19-ാം ശ.-ത്തിന്റെ അന്ത്യഘട്ടം മുതല്‍ എണ്ണ ഖനനം ചെയ്തുപോന്നു. നൂന്‍മതി, ബറൗണി (ബിഹാര്‍) എന്നിവിടങ്ങളില്‍ പൊതുമേഖലയില്‍ സ്ഥാപിതമായിട്ടുള്ള എണ്ണശുദ്ധീകരണശാലകളിലേക്ക് അസമില്‍ നിന്നാണ് അസംസ്കൃത വിഭവങ്ങള്‍ എത്തിക്കുന്നത്.

അസമിലെ ലഖിംപൂര്‍ ജില്ലയിലാണ് കല്‍ക്കരി ലഭ്യമായിട്ടുള്ളത്. ഗാരോ, ഖാസി, മികിര്‍ തുടങ്ങിയ ഉന്നത പ്രദേശങ്ങളിലും കല്ക്കരി നിക്ഷേപങ്ങളുണ്ട്. റെയില്‍വേ, തേയിലക്കമ്പനികള്‍, കപ്പലുകള്‍ എന്നിവയാണ് അസം കല്‍ക്കരിയുടെ മുഖ്യ ഉപഭോക്താക്കള്‍. ഖാസി-ജയന്തിയാ കുന്നുകളില്‍നിന്നും ചുണ്ണാമ്പുകല്ല് ലഭിക്കുന്നു; ഗതാഗത സൌകര്യത്തിലെ അപര്യാപ്തതമൂലം ഗാരോ-മികിര്‍ കുന്നുകളിലെ നിക്ഷേപങ്ങള്‍ ഖനന വിധേയമായിട്ടില്ല. ഖാസികുന്നുകളിലെ സോനാപഹാഡ് പ്രദേശത്തുള്ള സിലിമനൈറ്റ് നിക്ഷേപം ഇന്ത്യയില്‍ ഈ ധാതു ഉത്പാദിപ്പിക്കുന്ന ഏക കേന്ദ്രമാണ്.

വ്യവസായം

അസംസ്കൃതവസ്തുക്കള്‍ സുലഭമാണെന്നിരിക്കിലും അസം വ്യാവസായികമായി വേണ്ടത്ര പുരോഗതിയാര്‍ജിച്ചിട്ടില്ല. തേയില, എണ്ണ ശുദ്ധീകരണം, പ്ലൈവുഡ് എന്നീ വ്യവസായങ്ങള്‍ മാത്രമേ അഭിവൃദ്ധിപ്പെട്ടിട്ടുള്ളൂ. ഗതാഗത സൌകര്യമില്ലായ്മ, താരതമ്യേന ഉയര്‍ന്ന ഉത്പാദനച്ചെലവ്, വിപണിയുടെ അഭാവം, വിദഗ്ധന്മാരുടെ കുറവ് എന്നിവയൊക്കെ വ്യവസായവത്കരണം ത്വരിതപ്പെടുത്തുന്നതിനു തടസ്സമായി നില്ക്കുന്നു. ദിഗ്ബോയിയിലെയും ഗുവാഹത്തിയിലെയും എണ്ണ ശുദ്ധീകരണശാലകള്‍, ദേര്‍ഗാവോണിലെ പഞ്ചസാരമില്‍, നാംരൂപിലെ വളനിര്‍മാണശാല, ചിറാപുഞ്ചി, ബോകാജാന്‍ എന്നിവിടങ്ങളിലെ സിമന്റ് ഫാക്ടറികള്‍, സില്‍ഹട്ടിലെ ചണമില്‍, ജാഗിറോഡിലെ പട്ടുനൂല്‍മില്‍ എന്നിവയാണ് എടുത്തു പറയാവുന്ന വ്യവസായസ്ഥാപനങ്ങള്‍. ബോങ്ഗായ്ഗാവിലെ പെട്രോ-കെമിക്കല്‍ കോംപ്ളക്സും, കച്ചാറിലെ കടലാസ്, പഞ്ചസാര ഫാക്ടറികളും വന്‍കിട വ്യവസായശാലകളില്‍ ശ്രദ്ധേയമാണ്. ഇവ കൂടാതെ അങ്ങിങ്ങായി തടിയറപ്പുമില്ലുകള്‍, പ്ളൈവുഡ് ഫാക്ടറികള്‍, തീപ്പെട്ടിക്കമ്പനികള്‍ തുടങ്ങിയവയും പ്രവര്‍ത്തിച്ചുവരുന്നു. ധാന്യം പൊടിക്കുന്നതിനും എണ്ണയാട്ടുന്നതിനുമുള്ള മില്ലുകള്‍ ധാരാളമുണ്ട്. ചെറിയ തോതിലുള്ള കാനിംഗ് വ്യവസായവും അഭിവൃദ്ധി പ്രാപിച്ചുവരുന്നു.

എണ്ണ ശുദ്ധീകരണശാലയുടെ മറ്റൊരു ദൃശ്യം

എണ്ണ ഉത്പാദനവും ശുദ്ധീകരണവുമാണ് സംസ്ഥാനത്തെ മുഖ്യ വ്യവസായം. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ അസംസ്കൃത എണ്ണയും പ്രകൃതിവാതകവും ഉത്പാദിപ്പിക്കുന്നത് അസമിലാണ്. ഏഷ്യയിലെ തന്നെ പ്രഥമ യന്ത്രനിയന്ത്രിത എണ്ണക്കിണര്‍ അസമിലാണ്. ലോകത്തെ ഏറ്റവും പഴക്കമേറിയ രണ്ടാമത്തെ ഈ എണ്ണക്കിണറില്‍ നിന്നും ഇപ്പോഴും എണ്ണ ഖനനം ചെയ്യുന്നു. അപ്പര്‍ അസമിലെ ബ്രഹ്മപുത്ര താഴ്വരയിലാണ് സംസ്ഥാനത്തെ എണ്ണക്കിണറുകള്‍ അധികവും കേന്ദ്രീകരിച്ചിരിക്കുന്നത്. നാല് എണ്ണ ശുദ്ധീകരണശാലകളും അസമിലുണ്ട്. കൈത്തറി നെയ്ത്ത്, പട്ടുനൂല്‍പ്പുഴു വളര്‍ത്തല്‍, ചൂരല്‍ സാമഗ്രികളുടെയും പിച്ചളപ്പാത്രങ്ങളുടെയും നിര്‍മാണം തുടങ്ങിയ കുടില്‍ വ്യവസായങ്ങള്‍ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം വമ്പിച്ച പുരോഗതിയാര്‍ജിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആയിരത്തിലധികം ഗ്രാമങ്ങളില്‍ വൈദ്യുതി ലഭ്യമാണ്. ഉന്ത്രു, ഉമയം എന്നീ ജലവൈദ്യുത പദ്ധതികളും, നഹാര്‍ ഖാട്ടി, നൂന്‍മതി എന്നീ താപവൈദ്യുതകേന്ദ്രങ്ങളും പ്രവര്‍ത്തിച്ചു വരുന്നു. സംസ്ഥാനത്തെ ജല വൈദ്യുത സാധ്യതകള്‍ ഇനിയും പൂര്‍ണമായി പ്രയോജനപ്പെടുത്തിയിട്ടില്ല.

ഗതാഗതം

അസമിന്റെ വികസ്വരമായ സമ്പദ്ഘടനയ്ക്കു മുന്നിലുള്ള പ്രധാന പ്രതിബന്ധം ഗതാഗത-വാര്‍ത്താവിനിമയ സൗകര്യങ്ങളിലുള്ള അപര്യാപ്തതയാണ്. റെയില്‍പ്പാതകള്‍, റോഡുകള്‍, ജലമാര്‍ഗങ്ങള്‍, വ്യോമമാര്‍ഗങ്ങള്‍ എന്നീ നാലിനം ഗതാഗതസൗകര്യങ്ങളും നിലവിലുണ്ടെങ്കിലും സങ്കീര്‍ണ ഭൂപ്രകൃതിയുള്ള അസം മേഖലയിലെ ജനപദങ്ങളെ കൂട്ടിയിണക്കുന്നതിനോ അവയ്ക്ക് ഇതര സംസ്ഥാനങ്ങളുമായി സുഗമമായ സമ്പര്‍ക്കം നേടിക്കൊടുക്കുന്നതിനോ പര്യാപ്തമായ ഗതാഗത-വാര്‍ത്താവിനിമയ സംവിധാനം ഇനിയും വേണ്ടത്ര വികസിച്ചിട്ടില്ല. ഹിമാലയപര്‍വതത്തിനും ബാംഗ്ളദേശിനുമിടയ്ക്കുള്ള നന്നേ ഇടുങ്ങിയ ഭൂഭാഗത്തിലൂടെ മാത്രം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി ബന്ധം പുലര്‍ത്തേണ്ടവിധത്തില്‍ ഒറ്റപ്പെട്ട നിലയിലാണ് അസമിന്റെ കിടപ്പ്. ബ്രഹ്മപുത്രാമുഖം ബാംഗ്ളദേശ് അതിര്‍ത്തിക്കുള്ളില്‍പ്പെട്ടു പോവുകനിമിത്തം ജലമാര്‍ഗമായുള്ള ഗതാഗത സൌകര്യങ്ങള്‍ക്ക് വിഘ്നമേര്‍പ്പെട്ടു. അസമില്‍ ഇപ്പോള്‍ 2,391 കി.മീ. റെയില്‍പ്പാതകളും 34,000 കി.മീ. റോഡുകളുമുണ്ട്. ജലമാര്‍ഗങ്ങളുടെ നീളം 9,600 കി.മീ. ആണ്. സംസ്ഥാനത്തെ നഗരങ്ങളും കൊല്‍ക്കത്തയുമായി നിരന്തരമായ വ്യോമഗതാഗതം സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഗുവാഹത്തി, തെസ്പൂര്‍, ദിബ്രുഗഡ്, സില്‍ച്ചാല്‍, ജോര്‍ഹാത്, നോര്‍ത്ത് ലഖിംപൂര്‍ എന്നിവിടങ്ങളില്‍ വിമാനത്താവളങ്ങള്‍ ഉണ്ട്.

വിനോദസഞ്ചാരം

വിനോദസഞ്ചാര-തീര്‍ഥാടനകേന്ദ്രങ്ങളാല്‍ സമ്പന്നമാണ് അസം. സമീകൃതകാലാവസ്ഥയും മനോഹരമായ ഭൂപ്രകൃതിയും ഹരിതാഭയും ഇവിടേക്ക് വിനോദസ‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. കാമാഖ്യക്ഷേത്രം, ഉമാനന്ദക്ഷേത്രം, നവഗ്രഹ ക്ഷേത്രം, ബസിഷ്ഠാശ്രമം, ഡോല്‍ഗോബിന്ദ, ഗാന്ധിമണ്ഡപം, ദേശീയ പാര്‍ക്കുകള്‍ വന്യജീവി സങ്കേതങ്ങള്‍ തുടങ്ങിയവയാണ് മുഖ്യ ആകര്‍ഷകങ്ങള്‍.

ചരിത്രവും ഭരണസംവിധാനവും

ചരിത്രം

13-ാം ശ.-ത്തില്‍ സംസ്ഥാനത്തിന്റെ ഉത്തരഭാഗങ്ങള്‍ അധീനമാക്കിയ അഹോം വര്‍ഗക്കാരില്‍നിന്നാണ് 'അസം' എന്ന പേരിന്റെ നിഷ്പത്തി എന്നു ചരിത്രകാരന്മാര്‍ കരുതുന്നു. സുകഫന്റെ നേതൃത്വത്തില്‍ ബര്‍മയില്‍നിന്നും പത്കോയ് കുന്നുകള്‍ കടന്നെത്തിയ അഹോമുകള്‍, 1826-ല്‍ യന്തബൂ സന്ധിപ്രകാരം ബ്രിട്ടീഷ് അധീനത്തിലാവുന്നതുവരെ അസമിലെ ഭരണാധികാരികളായിരുന്നു. നിമ്നോന്നതമായ ഈ പ്രദേശത്തിന് അസമ് (അസമം) എന്ന വാക്കില്‍ നിന്നുമാണ് അസം എന്നു പേരുണ്ടായതെന്ന് മറ്റൊരു അഭിപ്രായമുണ്ട്. അനാര്യവര്‍ഗത്തില്‍പ്പെട്ട ജനവിഭാഗങ്ങള്‍ പ്രാചീനകാലം മുതല്‍ തന്നെ അധിവസിച്ചിരുന്ന ഈ ഭാഗത്ത് ഏതാണ്ട് 2,000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ആര്യന്‍മാരുടെ കുടിയേറ്റമുണ്ടായി; തുടര്‍ന്ന് തദ്ദേശവാസികളും ആര്യന്മാരും പിന്നീടുവന്ന മംഗോളിയന്‍ വര്‍ഗക്കാരും ചേര്‍ന്ന സങ്കരവര്‍ഗങ്ങളുണ്ടായി. നാഗ, ഗാരോ, ഖാസി, മിസോ, ദാഫ്ല, മിഷ്മി, അഡി തുടങ്ങിയ ഗോത്രവര്‍ഗങ്ങളും സമതലങ്ങളില്‍ കുടിയേറിയ ഇതര ജനസമൂഹങ്ങളും ഒത്തൊരുമിച്ച് സൌഹാര്‍ദത്തോടെ കഴിഞ്ഞുപോന്നു.

അഹോമുകളുടെ ആഗമനത്തിനു മുന്‍പ് ഈ പ്രദേശം കാമരൂപം എന്നാണ് അറിയപ്പെട്ടിരുന്നത്; പ്രാഗ്ജ്യോതിഷപുരം (ഇന്നത്തെ ഗുവാഹത്തി) ആയിരുന്നു കാമരൂപത്തിന്റെ തലസ്ഥാനം. ബ്രഹ്മപുത്രാതടം, ഭൂട്ടാന്‍, കൂച്ച്ബിഹാര്‍, ബാംഗ്ളദേശിലുള്‍പ്പെട്ട രംഗ്പൂര്‍ എന്നീ ഭൂവിഭാഗങ്ങളാണ് ഈ രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നത്. ഭാരതീയേതിഹാസങ്ങളില്‍ ഈ പ്രദേശം പരാമൃഷ്ടമായിട്ടുണ്ട്. നരകാസുരനും ഭഗദത്തനും ഈ രാജ്യം ഭരിച്ചിരുന്നതായി പുരാണങ്ങളില്‍ കാണുന്നു. ഹുയാന്‍സാങ്ങിന്റെ യാത്രാക്കുറിപ്പുകളില്‍ ഈ രാജ്യത്തെ സംബന്ധിച്ച വിവരങ്ങളുണ്ട്. അസമിന് 'കമോലുപോ' എന്ന പേരാണ് ഈ കുറിപ്പുകളില്‍ നല്കിക്കാണുന്നത്. എ.ഡി. 640-ല്‍ ഇവിടത്തെ ഭരണാധികാരി ഭാസ്കരവര്‍മന്‍ ആയിരുന്നു. അതിനുശേഷമുള്ള ചില നൂറ്റാണ്ടുകളിലെ അസം ചരിത്രം ഏറെക്കുറെ അജ്ഞാതമാണ്. ഉത്ഖനനത്തിലൂടെ ലഭ്യമായിട്ടുള്ള, 10-ഉം 12-ഉം ശ.-ങ്ങള്‍ക്കിടയില്‍ മുദ്രണം ചെയ്യപ്പെട്ടവയായി അനുമാനിക്കപ്പെടുന്ന ചെപ്പേടുകളാണ് ചരിത്രരേഖകളായുള്ളത്. പാല, കൊച്ചാ, കച്ചാഡി, ചൂതിയ തുടങ്ങിയ വിവിധരാജവംശങ്ങള്‍ അസം മേഖലയിലെ നാനാഭാഗങ്ങളെ കേന്ദ്രീകരിച്ച് ഭരണം നടത്തിപ്പോന്നതായി ഇവ സൂചിപ്പിക്കുന്നു. ഈ നാടുവാഴികള്‍ തമ്മില്‍ നിരന്തരമായി തുടര്‍ന്നുപോന്ന അധികാരമത്സരംമൂലം അഹോമുകളുടെ കാലംവരെ (13-ാം ശ.) സുശക്തമായ ഒരു ഭരണകൂടം നിലവിലുണ്ടായിരുന്നില്ല. 15-ാം ശതകമായപ്പോഴേക്കും അഹോമുകള്‍ ഉത്തര അസമില്‍ തങ്ങളുടെ സാമ്രാജ്യം ബലപ്പെടുത്തിക്കഴിഞ്ഞിരുന്നു. 17-ാം ശ.-ത്തിന്റെ അന്ത്യത്തോടെ അഹോംസാമ്രാജ്യം തെ. ഗോല്‍പാര വരെയും വ്യാപിച്ചു. അഹോമുകള്‍ ഹിന്ദുമതാനുയായികളായിരുന്നു. രുദ്രസിംഹന്‍ (ഭ.കാ. 1696-1714) ആയിരുന്നു ഈ വംശത്തിലെ ഏറ്റവും ശക്തനായ രാജാവ്; ഇദ്ദേഹത്തിന്റെ കാലത്ത് അസം വളരെ പുരോഗതി പ്രാപിച്ചു.

രുദ്രസിംഹന്റെ കാലശേഷം രാജ്യത്ത് ആഭ്യന്തരക്കുഴപ്പങ്ങള്‍ മൂര്‍ച്ഛിച്ചു. 1786-ല്‍ അന്നത്തെ യുവരാജാവായിരുന്ന ഗൗരീനാഥസിംഹന്റെ സഹായാഭ്യര്‍ഥനയനുസരിച്ച് ബ്രിട്ടീഷുകാര്‍ അസമില്‍ പ്രവേശിച്ചു. കോണ്‍വാലീസ് പ്രഭുവിന്റെ നിയോഗമനുസരിച്ച് ക്യാപ്റ്റന്‍ വൈഷ് കലാപകാരികളെ അമര്‍ച്ചവരുത്തി ഗൗരീനാഥസിംഹനെ ഭരണമേല്പിച്ചു. ബ്രിട്ടീഷ് പട്ടാളം മടങ്ങിപ്പോയതിനെത്തുടര്‍ന്ന് വീണ്ടും കുഴപ്പങ്ങളുണ്ടായി. കലാപകാരികളുടെ നേതാവായ ബദാന്‍ ബോര്‍ഫൂക്കന്റെ ആവശ്യമനുസരിച്ചെത്തിയ ബര്‍മാക്കാര്‍ അസം പ്രദേശത്ത് മൂന്നു പ്രാവശ്യം ആക്രമണം നടത്തി; ഈ ആക്രമങ്ങളോടനുബന്ധിച്ചുണ്ടായ കൊലയും കൊള്ളയും നിമിത്തം ജനജീവിതം താറുമാറായി. തുടര്‍ന്ന് ബ്രിട്ടീഷ് സൈന്യം അസമില്‍ പ്രവേശിക്കുകയും കലാപകാരികളെ തുരത്തിയശേഷം ഈ ഭൂവിഭാഗമൊട്ടാകെ ബ്രിട്ടീഷ് ഇന്ത്യയോടു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു (1826). ഡേവിഡ് സ്കോട്ട് ആയിരുന്നു അസമിലെ ആദ്യത്തെ ബ്രിട്ടീഷ് ഭരണാധികാരി; ഗവര്‍ണര്‍ ജനറലിന്റെ ഏജന്റ് എന്ന പദവിയായിരുന്നു ഇദ്ദേഹത്തിനുണ്ടായിരുന്നത്. അസം മേഖലയൊട്ടാകെ ബ്രിട്ടീഷ് അധീനതയിലായിത്തീര്‍ന്നിരുന്നുവെങ്കിലും ബംഗാള്‍ പ്രവിശ്യയുടെ ഭരണാതിര്‍ത്തിയിലൊതുങ്ങുന്ന ജില്ലാപദവി മാത്രമേ അതിന് ആദ്യം നല്കപ്പെട്ടിരുന്നുള്ളൂ. ബ്രിട്ടീഷ് ഭരണത്തിനെതിരായി അസമില്‍ പലപ്പോഴും സായുധവിപ്ലവങ്ങളുണ്ടായിട്ടുണ്ട്. 1857-ല്‍ ഒന്നാം സ്വാതന്ത്ര്യസമര (ശിപായിലഹള) കാലത്ത് ദിവാന്‍ മണിറാം സമര നേതാക്കന്മാരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും സമരസന്നാഹങ്ങള്‍ കൂട്ടുകയും ചെയ്തു. എന്നാല്‍ ബ്രിട്ടീഷുകാര്‍ ഇദ്ദേഹത്തെ ബന്ധനസ്ഥനാക്കി ജോര്‍ഹട്ടില്‍ വച്ച് പരസ്യമായി തൂക്കിക്കൊന്നു.

1872-ല്‍ അസമിനെ ഒരു ചീഫ് കമ്മിഷണറുടെ ഭരണത്തിലുള്ള പ്രത്യേക പ്രവിശ്യയാക്കി; ഷില്ലോങ് ആയിരുന്നു പുതിയ പ്രവിശ്യയുടെ തലസ്ഥാനം. 1905-ല്‍ ബംഗാള്‍ വിഭജനത്തെ ത്തുടര്‍ന്ന് അസം പൂര്‍വ ബംഗാളിന്റെ ഭാഗമായി മാറി. വിഭജനത്തിനെതിരായി ബംഗാളില്‍ വമ്പിച്ച പ്രതിഷേധം അലയടിച്ചു. 1924-ല്‍ അസം വീണ്ടും പ്രത്യേക പ്രവിശ്യയായി വേര്‍തിരിക്കപ്പെട്ടു. 1947-ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ അസം ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുകയും അസം സംസ്ഥാനം നിലവില്‍ വരികയും ചെയ്തു.

ഭരണസംവിധാനം

ഭരണസൗകര്യാര്‍ഥം അസമിനെ 27 ജില്ലകളായി വിഭജിച്ചിരിക്കുന്നു. തിന്‍സുകിയ, ദിബ്രുഗഡ്, ശിബ്സാഗര്‍, ധെമാജി, ജോര്‍ഹട്ട്, ലഖിംപൂര്‍, ഗോലാഘട്ട്, സോണിത്പൂര്‍, കര്‍ബി അംഗ്ലോംഗ്, നഗാവോന്‍, മരിഗാവോന്‍, ദാരാംഗ്, നല്‍ബാരി, ബാര്‍പെട്ട, ബൊംഗൈഗാവോന്‍, ഗോല്‍പാറ, കൊക്രജാര്‍, ധുബ്രി, കച്ചാര്‍, നോര്‍ത്ത് കച്ചാര്‍ ഹില്‍സ്, ഹൈലകണ്ടി, കരിംഗഞ്ച്, കാംരൂപ് റൂറല്‍, കാംരൂപ് മെട്രോപൊളിറ്റന്‍, ബക്സ്, ഒഡാല്‍ഗുരി, ചിരാംഗ് എന്നിവയാണ് ഈ ജില്ലകള്‍. 126 അംഗ നിയമനിര്‍മാണസഭയുടെ ആസ്ഥാനം ദിസ്പൂര്‍ ആണ്. ഗുവാഹത്തിയാണ് പ്രധാന പട്ടണം. ലോകസഭാമണ്ഡലങ്ങളുടെ എണ്ണം 7.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍