This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവശോഷണം, കുടലില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:30, 19 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അവശോഷണം, കുടലില്‍

Absorption in the Intestine

പ്രോട്ടീന്‍,കാര്‍ബൊഹൈഡ്രേറ്റ്, ഫാറ്റ് (കൊഴുപ്പ്) എന്നീ ആഹാരഘടകങ്ങളുടെ ലേയങ്ങളായ അന്തിമോത്പന്നങ്ങള്‍ (soluble endproducts) ആമാശയത്തില്‍നിന്നും കുടലില്‍നിന്നും ശ്ളേഷ്മസ്തരത്തിലൂടെ നേരിട്ടു രക്തത്തിലേക്കോ അങ്ങനെയല്ലാതെ ലസികാവ്യൂഹത്തിലേക്കോ (lymphatic system) സ്വീകരിക്കപ്പെടുന്ന പ്രക്രിയ. മേല്പറഞ്ഞ ആഹാരഘടകങ്ങള്‍ അതേപടി ശരീരത്തിനകത്തേക്കു പ്രവേശിക്കുകയില്ല. ഒന്നാമത് അങ്ങനെ പ്രവേശിക്കുന്നതിനു തക്കവണ്ണം അവയുടെ തന്‍മാത്രകള്‍ ചെറിയതല്ല, ലേയങ്ങളുമല്ല; രണ്ടാമത് ചില പ്രോട്ടീനുകള്‍ ആ രൂപത്തില്‍ ശരീരത്തില്‍ പ്രവേശിക്കുന്നത് അപായകരമാണ്. കാര്‍ബൊഹൈഡ്രേറ്റില്‍ പോളിസാക്കറൈഡുകള്‍ (ply-saccharides) മാത്രമല്ല ഡൈസാക്കറൈഡുകള്‍ (disaccharides) പോലും അതേ രൂപത്തില്‍ അവശോഷിതമാകുന്നത് നിഷ്പ്രയോജനമാണ്. കൊഴുപ്പിലെ ഫാറ്റി അമ്ലങ്ങള്‍ (fatty acids) അധിഗാഢതയില്‍ (high concentration) ശരീരത്തിനു വിഷാലുവാണ്. ആകയാല്‍ പ്രോട്ടീനുകള്‍ പ്രായേണ അമിനൊ അമ്ലങ്ങളായും കാര്‍ബൊഹൈഡ്രേറ്റുകള്‍ മോണൊസാക്കറൈഡുകളായും കൊഴുപ്പ് ആദ്യം വിഘടിപ്പിച്ച് പിന്നീടു ശരീരത്തിനാവശ്യമുള്ള രീതിയില്‍ പുനരുദ്ഗ്രഥനം (resynthesis) ചെയ്യപ്പെട്ട ശേഷവുമാണ് അവശോഷിതങ്ങളാകുന്നത്.

കുടലാണ് അവശോഷണ(90 ശ.മാ.)ത്തിന്റെ മുഖ്യമായ സ്ഥാനം. വായില്‍നിന്നും അന്നനാളി (easophagus)യില്‍ നിന്നും അവശോഷണം അല്പമായേ നടക്കുന്നുള്ളു. ചില ഔഷധങ്ങള്‍ ഇതിന് അപവാദം ആണ്. ആമാശയം അവശോഷണത്തിനു പറ്റിയ സ്ഥാനമല്ല; എങ്കിലും ജലം അല്പമായ തോതിലും ആല്‍ക്കഹോള്‍ അനായാസമായും ഇവിടെവച്ച് അവശോഷണം ചെയ്യപ്പെടുന്നു. വന്‍കുടല്‍ (colon) ആണ് ജലാവശോഷണത്തിന്റെ മുഖ്യസ്ഥാനം. അവിടെവച്ച് ഇനോര്‍ഗാനിക് ലവണങ്ങള്‍, ചില ഔഷധങ്ങള്‍, ആല്‍ക്കഹോള്‍ എന്നിവയും അവശോഷണം ചെയ്യപ്പെടും. വന്‍കുടലിലെത്തുന്നതിനു മുന്‍പുതന്നെ ആഹാരത്തിലെ പോഷകാംശം മിക്കവാറും ചെറുകുടലില്‍നിന്നു ശരീരത്തിനകത്തേക്കു പ്രവേശിച്ചിരിക്കും.

ഉദ്ദേശം ഒന്‍പതു മീ. നീളമുള്ള ചെറുകുടലിനുള്ളില്‍ ധാരാളം മടക്കുകളും, 'വില്ലസ്' (villus) എന്നറിയപ്പെടുന്ന, ചെറുവിരലുകള്‍ പോലെയുള്ള സൂക്ഷ്മഘടകങ്ങളും കാണപ്പെടുന്നു. ഈ പ്രത്യേകതമൂലം ഭക്ഷണം അവശോഷണത്തിനായി കുടലിനുള്ളിലൂടെ കടന്നുപോകേണ്ട ദൂരം വളരെ അധികമാകുന്നു. ഇത് ഉദ്ദേശം 100 മീ. വരുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഭക്ഷണം കൂടുതല്‍ സമയം കുടലിനുള്ളില്‍ സ്ഥിതിചെയ്യുന്നതിനും ഇതു സഹായിക്കുന്നു. സാധാരണ നിലയില്‍ 5 മുതല്‍ 8 വരെ മണിക്കൂറാണ് ആഹാരസാധനം ചെറുകുടലില്‍നിന്നും വന്‍കുടലിലേക്കു പ്രവേശിക്കുന്നതിനു വേണ്ടിവരുന്ന സമയം.

പിത്തരസം (bile), ആഗ്നേയരസത്തിലെ എന്‍സൈമുകള്‍ എന്നിവയുമായി ചേര്‍ന്ന ഭക്ഷണം ചെറുകുടലിലേക്കു പ്രവേശിക്കുന്നതോടെ ഇതില്‍നിന്നും മാള്‍ട്ടോസ്, പെപ്റ്റൈഡുകള്‍, ഫാറ്റി ആസിഡുകള്‍, ഗ്ലിസറോള്‍, കൊഴുപ്പുകണങ്ങള്‍ എന്നിവ ഉണ്ടാകുന്നു. ഇവയുടെ പിന്നിലുള്ള ദീപനവും അവശോഷണവും വില്ലസുകളുടെ ജോലിയാണ്. ഓരോ വില്ലസിന്റെയും സ്വതന്ത്രാഗ്രം സൂക്ഷ്മതരങ്ങളായ മൈക്രോവില്ലസുകളാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. 'ബ്രഷ്ബോഡര്‍' എന്നാണ് ഇതിനു പേര്‍. ഈ മൈക്രോവില്ലസുകള്‍ക്കുള്ളിലോ അവയുടെ ഉപരിതലത്തിലോ ആയി കാണപ്പെടുന്ന, അമിനോ പെപ്റ്റിഡേസുകള്‍ പോലെയുള്ള, എന്‍സൈമുകളാണ് ദഹനപ്രക്രിയ പൂര്‍ണമാക്കുന്നത്.

ഓരോ വില്ലസിനുള്ളിലും വാല്‍വുകളോടുകൂടിയ ഒരു ലിംഫ്‍നാളി-ലാക്റ്റിയല്‍-യും, ഒരു ധമനിയും ഒരു സിരയും കാണാം. ലാക്റ്റിയലിലൂടെയുള്ള ലിംഫ് പ്രവാഹം എപ്പോഴും കുടലിനുള്ളില്‍നിന്നും പുറത്തേക്കായിരിക്കും. അവശോഷിതാഹാരം രക്തത്തില്‍ എത്തുന്ന ഒരു പ്രത്യേകമാര്‍ഗമാണിത്. ലിംഫ്ധമനി കാപ്പിലറികളായി പിരിഞ്ഞ് ലിംഫ്സിരയായി പോര്‍ട്ടല്‍ സിരയില്‍ എത്തിച്ചേരുന്നു.

വില്ലസിനുള്ളിലെ രക്തപര്യയനം സമൃദ്ധമാണ്. കുടലിലെ ആഹാരത്തില്‍നിന്നും ഗ്ളൂക്കോസ്, ഗാലക്റ്റോസ് തുടങ്ങിയ ഷുഗറുകള്‍, അമിനോ ആസിഡുകള്‍, വിറ്റാമിനുകള്‍, ലവണങ്ങള്‍, വളരെ കുറച്ചു ജലാംശം എന്നിവ വില്ലസിലെ കാപ്പിലറികളിലെ രക്തത്തില്‍ പ്രവേശിക്കുന്നു. ഇതുപ്രധാനമായും വിസരണം മൂലമാണ്. എന്നാല്‍ മറ്റുചില പ്രേരക ക്രിയാവിധികളുമുണ്ട്. കുടലിനുള്ളില്‍ ഗ്ളൂക്കോസിന്റെ സാന്ദ്രത വില്ലസിനുള്ളിലെ രക്തത്തിലുള്ളതിനെക്കാള്‍ കുറവായതിനു ശേഷവും (ഉ. 0.1 ശ.മാ.) ഇതിന്റെ അവശോഷണം തുടര്‍ന്നുകൊണ്ടേയിരിക്കും. ഇതു സജീവപരിവാഹം മുഖേനയാണെന്നു കരുതപ്പെടുന്നു. വലുപ്പം കൂടിയ തന്‍മാത്രകളുള്ള ഹെക്സോസ് ഷുഗറുകള്‍ താരതമ്യേന ചെറിയ തന്‍മാത്രകളുള്ള പെന്റോസ് ഷുഗറുകളെക്കാള്‍ വേഗത്തില്‍ അവശോഷിക്കപ്പെടുന്നു. ഇത് കുടലിനുള്ളിലെ ശ്ളേഷ്മസ്തരത്തിന്റെ നിര്‍ദിഷ്ടസവിശേഷത (specificity) മൂലമാണ്.

പ്രോട്ടീന്‍ വലുപ്പം കൂടിയ തന്‍മാത്രകള്‍ (large molecules) ആണ്. അവയ്ക്കു കുടലില്‍വച്ച് ജലീയവിശ്ളേഷണദ്വാരാ (hydrolysis) വിഘടനം സംഭവിച്ച് അമിനൊ അമ്ളങ്ങളുണ്ടാകുന്നു. അന്യഥാ അപായകാരികളായ പ്രോട്ടീനുകള്‍ പോലും അങ്ങനെ പ്രയോജനകരങ്ങളായ തന്‍മാത്രകളായി രൂപാന്തരപ്പെടുകയും ചെറുകുടലില്‍വച്ച് അവശോഷിതമാകുകയും ചെയ്യുന്നു. ചില ചെറിയ പെപ്ടൈഡുകളും (ഉദാ. ഡൈപെപ്ടൈഡ്) ചില പ്രോട്ടീനുകളും അതേ രൂപത്തില്‍ രക്തത്തിലേക്കു പ്രവേശിക്കാതിരിക്കുന്നില്ല. പാല്, കടല്‍ഭക്ഷ്യങ്ങള്‍ (sea food), ഗോതമ്പ്, ചില പ്രത്യേക ആഹാരവസ്തുക്കള്‍ എന്നിവയോടു ചിലര്‍ക്ക് അലര്‍ജി (allergy) തോന്നുവാന്‍ കാരണമതാണ്.

കാര്‍ബൊഹൈഡ്രേറ്റ് പ്രധാനമായും ചെറുകുടലിലാണ് അവശോഷിതമാകുന്നത്. അത് പോളിസാക്കറൈഡുകളായും ഡൈസാക്കറൈഡുകളായും ഒടുവില്‍ മോണൊസാക്കറൈഡുകളായും പരിണമിച്ച് ശ്ളേഷ്മസ്തരത്തിലൂടെ (അധികാംശവും) നിര്‍വാഹികാരക്തത്തിലേക്കു (portal blood) കടക്കുന്നു. ഓരോ മോണോസാക്കറൈഡിന്റെയും അവശോഷണനിരക്ക് ഓരോ വിധത്തിലാണ്. പരാസരണനിയമങ്ങള്‍ (laws of osmosis) കൃത്യമായി പാലിക്കപ്പെടുന്നില്ല. ഷുഗര്‍ തന്‍മാത്രകള്‍ക്ക് ഫോസ്ഫോറിലേഷന്‍ സംഭവിച്ച ശേഷമാണ് അവശോഷണം സംഭവിക്കുന്നതെന്നു വിശ്വസിക്കപ്പെടുന്നു.

ഇമള്‍സീകരണം. എല്ലാ കൊഴുപ്പുകളും ഒരേ വേഗത്തിലോ ഒരേ അളവിലോ അവശോഷിതമാകുന്നില്ല. മൃദുലവും സരളവുമായ കൊഴുപ്പുകള്‍ വേഗത്തിലും കട്ടിയേറിയവ മന്ദമായും അവശോഷിക്കപ്പെടുന്നു. ദേഹത്തിന്റെ താപനിലയെക്കാള്‍ ദ്രവണാങ്കം ഉയര്‍ന്ന കൊഴുപ്പുകള്‍ ഭാഗികമായി മാത്രമേ കുടലില്‍നിന്ന് അകത്തേക്കു പ്രവേശിക്കുന്നുള്ളു. ഒരാളുടെ ശ.ശ. ഭക്ഷണത്തില്‍ നിന്നു പ്രതിദിനം 100-150 ഗ്രാം കൊഴുപ്പ് അവശോഷിക്കപ്പെടുന്നു. കുടലിലെ പാന്‍ക്രിയാറ്റിക് ലിപേസിന്റെ പ്രവര്‍ത്തനംകൊണ്ട് കൊഴുപ്പിന്റെ ഒരു ഭാഗം ഗ്ലിസറോള്‍ ആയും ഫാറ്റി അമ്ളങ്ങള്‍ ആയും മറ്റൊരു ഭാഗം മോണൊ-ഡൈ-ഗ്ളിസറൈഡുകള്‍ ആയും വിഘടിക്കുന്നു. ഇവയെല്ലാം പിത്തലവണങ്ങളുടെ (bile salts) സഹായത്തോടെ ഇമള്‍സീകരിക്കപ്പെട്ട് ശ്ലേഷ്മകോശങ്ങളിലേക്ക് കടക്കുന്നു. മോണൊ-ഡൈ-ഗ്ലിസറൈഡുകള്‍ അവിടെവച്ച് ഇന്റസ്റ്റൈനല്‍ ലിപേസിന്റെ സഹായത്തോടെ പൂര്‍ണമായും വിഘടിച്ചശേഷം ദേഹത്തിനാവശ്യമായ രീതിയിലുള്ള കൊഴുപ്പുകള്‍ അവിടെവച്ചുതന്നെ പുനരുദ്ഗ്രഥിക്കപ്പെട്ട് ലസികാവ്യൂഹത്തിലേക്കും അനന്തരം രക്തത്തിലേക്കും പ്രവേശിക്കുന്നു.

റൈബൊഫ്ളേവിന്‍, തയാമിന്‍ എന്നീ ജീവകങ്ങള്‍ ചെറുകുടലിന്റെ ആരംഭത്തില്‍നിന്നും ജീവകം K, D, കരോട്ടീന്‍ എന്നിവ പിത്തലവണങ്ങളുടെ സഹായത്തോടെ ഇമള്‍സീകൃതമായും അവശോഷിതമാകുന്നു. ജീവകം A, E എന്നിവയ്ക്കു പിത്തലവണങ്ങളുടെ സഹായം വേണമോ എന്ന സംഗതി ഇനിയും വ്യക്തമായിട്ടില്ല.

ധാതുലവണങ്ങള്‍ ശരീരത്തില്‍ താരതമ്യേന ചെറിയ ഒരളവിലേ ഉള്ളൂ എങ്കിലും അതിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് അവ അനിവാര്യങ്ങളാണ്. കാല്‍സിയം, മഗ്നീഷ്യം, സോഡിയം, പൊട്ടാസിയം, ഫോസ്ഫറസ്, സള്‍ഫര്‍, ക്ലോറിന്‍ എന്നിവ ചേര്‍ന്നാല്‍ ശരീരത്തിലുള്ള ഇനോര്‍ഗാനിക് അന്തര്‍വസ്തുവിന്റെ (inorganic content) 60-80 ശ.മാ. വരും. അല്പമാത്രയില്‍ വേണ്ട മറ്റു ചില മൂലകങ്ങളാണ് (trace element) അയണ്‍, ചെമ്പ്, അയഡിന്‍, മാങ്ഗനീസ്, കോബാള്‍ട്, സിങ്ക്, മോളിബ്ഡിനം, ഫ്ളൂറിന്‍, അലുമിനിയം, ബോറോണ്‍, സെലീനിയം, കാഡ്മിയം, ക്രോമിയം, നിക്കല്‍, സിലിക്കണ്‍, ബ്രോമിന്‍ എന്നിവ. ഈ മൂലകങ്ങളെല്ലാം മനുഷ്യന് ആഹാരത്തിലൂടെ ലഭിക്കേണ്ടതാണ്. കാര്‍ബൊഹൈഡ്രേറ്റ്, ഫാറ്റ്, പ്രോട്ടീന്‍ എന്നിവയ്ക്കു വന്നുചേരാറുള്ള കര്‍ശനമായ താന്‍മാത്രികപരിവര്‍ത്തനങ്ങളൊന്നും ഇനോര്‍ഗാനിക് മൂലകങ്ങളുടെ വിഷയത്തില്‍ സംഭവിക്കേണ്ട കാര്യമില്ല. ആഹാരത്തില്‍ ഇവ പ്രായേണ കാണപ്പെടുന്നത് ഇനോര്‍ഗാനിക് ആസിഡുകളുടെയോ ഓര്‍ഗാനിക് ആസിഡുകളുടെയോ ലവണങ്ങളായും പ്രോട്ടീന്‍, ഫാറ്റ് എന്നിവയുടെ ഭാഗമായും ആണ്. ഇരുമ്പിന്റെയും കാല്‍സിയത്തിന്റെയും ലവണങ്ങള്‍ കുടലിന്റെ ആദ്യഭാഗത്തുനിന്നാണ് അവശോഷണവിധേയമാകുന്നത്.

വന്‍കുടലിലാണ് അവശോഷണത്തിന്റെ അവസാനഭാഗം നടക്കുന്നത്. അവിടെവച്ച് അവശിഷ്ടം, ജലാംശത്തിന്റെ നഷ്ടം കാരണം, കൂടുതല്‍ ഖരീഭവിക്കുന്നു. വന്‍കുടലില്‍ എന്‍സൈമുകളൊന്നുമില്ലാത്തതിനാല്‍ ജലാവശോഷണമല്ലാതെ ഒരു രാസപ്രക്രിയയും നടക്കുന്നില്ല. അവിടെ എത്തുമ്പോഴേക്കും അവശോഷിതശേഷമായ അവശിഷ്ടം (residue after absorption) മിക്കവാറും ശരീരത്തിനാവശ്യമില്ലാത്ത അമേധ്യവസ്തുവാണ്; അതു ഗുദദ്വാരം വഴി പുറന്തള്ളപ്പെടുന്നു. വായില്‍നിന്ന് ആമാശയത്തിലേക്ക് ആഹാരത്തിനു സഞ്ചരിക്കുവാന്‍, ഖരമാണെങ്കില്‍ 5 സെക്കന്‍ഡും ദ്രവമാണെങ്കില്‍ 1-2 സെക്കന്‍ഡും മതിയാകും; ആമാശയത്തില്‍നിന്നു പുറത്തേക്കു കടക്കുവാന്‍ 2-5 മണിക്കൂര്‍ വേണ്ടിവരുന്നു. ചെറുകുടലിലൂടെ ശരാശരി 5-8 മണിക്കൂര്‍ സമയമെടുക്കും. അമേധ്യത്തിനു വന്‍കുടലിലൂടെ സഞ്ചരിച്ചു പുറത്തുവരാന്‍ 10-15 മണിക്കൂര്‍ നേരം വേണം. നോ: അമിനൊ അമ്ലങ്ങള്‍-മെറ്റബോളിസം; കാര്‍ബൊ ഹൈഡ്രേറ്റ്-മെറ്റബോളിസം; ലിപ്പിഡ്-മെറ്റബോളിസം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍