This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അരിമേദാദി തൈലം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അരിമേദാദി തൈലം
ഒരു ആയുര്‍വേദൗഷധം. എല്ലാവിധ മുഖരോഗങ്ങളുടെയും ശമനത്തിന് ഇത് ഉപയോഗിച്ചുവരുന്നു; ദന്തരോഗങ്ങളില്‍ വിശേഷിച്ചും ഇത് ഫലപ്രദമായി കാണുന്നുണ്ട്. പല്ലുവേദന, പല്ലുവേദനകൊണ്ട് മുഖത്തുണ്ടാകുന്ന നീര് എന്നീ രോഗങ്ങളില്‍ കവിള്‍ക്കൊള്ളാനും തേച്ചുകുളിക്കാനും ഇത് ഉപയോഗിച്ചുവരുന്നു. മുന്‍പറഞ്ഞ രോഗങ്ങളില്‍ നസ്യം, വസ്തി എന്നീ ക്രിയാക്രമങ്ങള്‍ക്കും ഇതു പ്രയോഗിച്ചുവരുന്നു; ഇത് ഉള്ളില്‍ സേവിക്കുകയും ചെയ്യാം.
നിര്‍മാണവിധി.കരിവേലപ്പട്ട 100 പലം, പേരാല്‍പ്പട്ട, അത്തിപ്പട്ട, അരയാല്‍പ്പട്ട, ഇത്തിപ്പട്ട ഇവയെല്ലാംകൂടി 100 പലം. ഈ മരുന്നുകളെല്ലാം ചതച്ച് 64 ഇടങ്ങഴി വെള്ളത്തില്‍ കഷായം വച്ച് നാലിലൊന്നാക്കി വറ്റിച്ച് അരിച്ചെടുക്കണം. ഈ കഷായത്തില്‍ 4 ഇടങ്ങഴി എള്ളെണ്ണ ചേര്‍ത്തു താഴെ പറയുന്ന മരുന്നുകള്‍ പൊടിച്ചരച്ച് കല്ക്കമായി ചേര്‍ത്തു പാകപ്പെടുത്തണം.
അതിമധുരം, ഏലം, ഇലവര്‍ങം, പച്ചില, മഞ്ചട്ടി, കരിങ്ങാലിക്കാതല്‍, പാച്ചോറ്റിത്തൊലി, കുമിഴിന്‍വേര്, നാല്പാമരപ്പട്ട, കരിവേലപ്പട്ട, മുത്തങ്ങാക്കിഴങ്ങ്, അകില്‍, ചന്ദനം, രക്തചന്ദനം, കര്‍പ്പൂരം, ജാതിക്കായ്, തക്കോലം, മാഞ്ചി, താതിരിപ്പൂവ്, കാവിമണ്ണ്, താമരവളയം, ശതകുപ്പ, തിപ്പലി, താമരയല്ലി, കുങ്കുമപ്പട്ട, കോലരക്ക്, പറച്ചുണ്ടവേര്, ചെറുവഴുതിനവേര്, പകുതിവിളവുള്ള കൂവളക്കായ്, ദേവതാരം, കന്മദം, ചരളം, ചോനകപ്പുല്ല്, പ്ളാശിന്‍പട്ട, വരട്ടുമഞ്ഞള്‍, മരമഞ്ഞള്‍ത്തൊലി, ഞാഴല്‍പൂവ്, ചെറുപ്പുന്നയരി, നീര്‍മരുതിന്‍വേരിന്‍തൊലി, കൊഴിഞ്ഞില്‍വേര്, ത്രിഫലത്തോട്, ചെഞ്ചല്യം, പുഷ്കരമൂലവേര്, വെളുത്തവഴുതിനവേര്, മലങ്കാരയ്ക്കായ് എന്നീ മരുന്നുകള്‍ ഓരോന്നും മൂന്നു കഴഞ്ചു വീതം, പാകത്തിന് അരിച്ച് അഞ്ജനക്കല്ല്, കര്‍പ്പൂരം എന്നിവ പാത്രപാകം ചേര്‍ത്ത് എടുക്കുമ്പോള്‍ നിര്‍മാണം പൂര്‍ത്തിയാകുന്നു.
(പ്രൊഫ. കെ. വിദ്യാധരന്‍)