This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരാക് നിഡ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:52, 17 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അരാക് നിഡ

Arachnida

ആര്‍ത്രോപ്പോഡ (Arthropoda) ഫൈലത്തിലെ ഒരു വര്‍ഗം. ഇവയെ പൊതുവേ ചിലന്തിവര്‍ഗം എന്നു പറയാം. യവന പുരാണത്തിലെ നായികയായ 'അരാക്നി'യുടെ പേരില്‍ നിന്നാണ് അരാക്നിഡ എന്ന പദത്തിന്റെ ഉദ്ഭവം. ചിലന്തികളോട് സാമ്യമുള്ള ചില വര്‍ഗങ്ങളും, തേളുകള്‍, ടിക്കുകള്‍ (ticks), മൈറ്റുകള്‍ (mites) എന്നിവയും ഈ വിഭാഗത്തില്‍പ്പെടുന്നു. ഇവയ്ക്ക് ആഗോളവ്യാപകത്വം ഉണ്ടെങ്കിലും ഉഷ്ണമേഖലയിലാണ് കൂടുതലായി കാണപ്പെടുന്നത്. ചിലന്തി വര്‍ഗത്തെ 25 ശ.മാ. പോലും ഇക്കാലംവരെ വ്യക്തമായി കണ്ടെത്തുകയോ വിവരിക്കുകയോ ചെയ്തിട്ടില്ല.

ശരീരഘടന. ശരീരത്തെ ശിരോവക്ഷം (cephalothorax), ഉദരം (abdomen) എന്നീ രണ്ടു ഭാഗങ്ങളായി തിരിക്കാം. ഇവ ഖണ്ഡങ്ങളായി സംഘടിതമാണെങ്കിലും ചിലന്തികളിലും മറ്റും അംശീകരണം ബാഹ്യമായി സ്പഷ്ടമല്ല. ഈ ഖണ്ഡങ്ങളുടെ അടിവശത്തായി ഓരോ ജോടി ഉപാംഗങ്ങള്‍ (appendages) ഘടിപ്പിച്ചിരിക്കുന്നു. പ്രധാന ഉപാംഗങ്ങള്‍ താഴെപ്പറയുന്നവയാണ്:

കീലിസെറ (Chelicera). ഇത് മൂന്നു ഖണ്ഡങ്ങളാല്‍ നിര്‍മിതമാണ്. അവസാനത്തെ രണ്ടു ഖണ്ഡങ്ങള്‍ ചേര്‍ന്ന് ഒരു ചവണപോലെ പ്രവര്‍ത്തിക്കത്തക്കവിധം രൂപാന്തരപ്പെട്ടിരിക്കുന്നു. ഇത് ആഹാര സാധനങ്ങള്‍ കീറിമുറിക്കുന്നതിന് ഉപയോഗിക്കുന്നു.

പെഡിപാല്‍പുകള്‍ (Pedipalps). കീലിസെറയ്ക്കു പുറകിലായി ഭുജങ്ങള്‍പോലെയുള്ള നീണ്ട രണ്ട് ഉപാംഗങ്ങള്‍. ഈ 'കാലുകള്‍' സ്പര്‍ശികളായി പ്രവര്‍ത്തിക്കുന്നു. ഇവ വിവിധ ഗോത്രജങ്ങളില്‍ വ്യത്യസ്തങ്ങളായിരിക്കും. തേളുകളിലും മറ്റും ഇവ ശക്തവും നീണ്ടതും ഒടുവിലത്തെ രണ്ടു ഖണ്ഡങ്ങള്‍ ചവണപോലെ പ്രവര്‍ത്തിക്കുന്നവയുമാണ്. അവയെ കീലേറ്റ് (Chelate) കാലുകള്‍ എന്നു പറയും. ഇരപിടിക്കുവാനും ശത്രുക്കളെ ഓടിക്കുവാനും കീലേറ്റ് കാലുകള്‍ പ്രയോജനപ്പെടുന്നു. ചിലന്തികളില്‍ ഇവ കീലേറ്റ് അല്ലാത്തതിനാല്‍ ഇരപിടിക്കുവാന്‍ ഉപയോഗപ്പെടുന്നില്ല.

നടക്കും കാലുകള്‍ (Walking legs). പെഡിപാല്‍പുകള്‍ക്കു പുറകിലായി നടക്കുവാനും ഓടുവാനും ഉതകുന്ന എട്ട് പാദങ്ങള്‍ ഉണ്ട്. അതുകൊണ്ടാണ് ഈ വര്‍ഗം എട്ടുകാലികള്‍ എന്നറിയപ്പെടുന്നത്.

കാലുകള്‍ക്കു പുറകിലായിട്ടാണ് ഉദരഭാഗം. ചിലന്തികളില്‍ ഉദരഭാഗത്ത് ബാഹ്യമായി ഖണ്ഡങ്ങള്‍ വേര്‍തിരിച്ചു കാണുന്നില്ല. എന്നാല്‍ തേളുകളിലും മറ്റും ഇത് തെളിഞ്ഞു കാണാം. ഉദരത്തിന്റെ അടിഭാഗത്തായി ചില ഉപാംഗങ്ങള്‍ ഉണ്ട്. അവ അരാക്നിഡയുടെ ഒരു പ്രത്യേകതയാണ്. ചിലന്തികള്‍ക്ക് ഉദരത്തിന്റെ അവസാന ഭാഗത്തോടടുത്ത് രണ്ടു ജോടി ചെറുകുഴലുകള്‍ ഉപാംഗങ്ങളായുണ്ട്. അവയോട് അനുബന്ധിച്ചു ചില ഗ്രന്ഥികളും കാണാം. ഈ ഗ്രന്ഥികളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഒരു ദ്രാവകം കുഴലുകളിലുള്ള അതിസൂക്ഷ്മദ്വാരങ്ങളില്‍ക്കൂടി വെളിയില്‍ വരികയും പുറംകാലിന്റെ അഗ്രത്താല്‍ വിടര്‍ത്തപ്പെട്ട് അതിസൂക്ഷ്മങ്ങളായ നൂലുകളായിത്തീരുകയും ചെയ്യുന്നു. ഇത്തരം നൂലകുള്‍ ഉപയോഗിച്ചാണ് വലകളും കൂടുകളും നെയ്യുന്നത്. വിവിധ നിറത്തിലുള്ള നൂലുകളും ചില ചിലന്തികള്‍ ഉത്പാദിപ്പിക്കാറുണ്ട്.

തേളുകളുടെ ഉദരഭാഗം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. ആദ്യഭാഗം ശിരോവക്ഷത്തോടൊപ്പംതന്നെ വിസ്താരമുള്ളതും പുറകോട്ട് ആറ് ഖണ്ഡങ്ങള്‍ ഉള്ളതുമായ 'പ്രോസോമ'(prosoma)യാണ്. അതിന്റെ പുറകിലായുള്ള വീതികുറഞ്ഞ, വാലുപോലെ ആറ് ഖണ്ഡങ്ങളോടുകൂടിയ, 'മെറ്റാസോമ'(metasoma)യാണ് രണ്ടാം ഭാഗം. പ്രോസോമയുടെ ഒന്നാം ഖണ്ഡത്തിന്റെ അടിവശത്ത് ഒരു ജോടി പരന്ന ഇലകള്‍ പോലെയുള്ള ഉപാംഗങ്ങള്‍ കാണാം. ഇവ ചിലപ്പോള്‍ ഒന്നായി ചേര്‍ന്നിരിക്കും. ജനനേന്ദ്രിയദ്വാരങ്ങളെ മൂടിയിരിക്കുന്നതിനാല്‍ ഇവയെ ജനനേന്ദ്രിയ പ്രച്ഛദങ്ങളെന്നു പറയുന്നു. അവയ്ക്ക് പുറകിലുള്ള ഖണ്ഡത്തില്‍ ചെറിയ ചീപ്പിന്റെ രൂപത്തില്‍ ഒരു ജോഡി പെക്റ്റിനുകള്‍ (pectines) എന്ന സ്പര്‍ശിനികള്‍ ഉണ്ട്. മെറ്റാസോമയുടെ ഒടുവിലത്തെ ഖണ്ഡത്തോടു ബന്ധിക്കപ്പെട്ട് ഒരു വിഷസഞ്ചിയും അതേത്തുടര്‍ന്ന് കൂര്‍ത്ത മുനയോടുകൂടിയ വളഞ്ഞ സൂചിയുമുണ്ട്. വിഷസഞ്ചിയില്‍നിന്നുള്ള ചെറു വാഹിനികള്‍ ഈ മുനയോടടുത്ത് തുറക്കപ്പെടുന്നു. ഇവ സ്റ്റിംഗ് (sting) എന്നറിയപ്പെടുന്നു. ഇതിന്റെ വിഷംമൂലം അതിവേദനയും ചിലപ്പോള്‍ ബോധക്കേടും ഉണ്ടാകും. കുഞ്ഞുങ്ങള്‍ക്ക് ഇത് മാരകമാവാറുണ്ട്.

അരാക്നിഡയുടെ മറ്റൊരു വിഭാഗമാണ് ടിക്കുകളും മൈറ്റുകളും. നോ: ചെള്ള്

ജീവിതക്രമം. ചെറുപ്രാണികളെ പിടിക്കുന്നതിനും മുറിച്ചുകീറുന്നതിനും കീലിസറും, ചില വര്‍ഗങ്ങളില്‍ പെഡിപാല്‍പ്പും ഉപയോഗപ്പെടുത്തുന്നു. ഈ രണ്ട് ഉപാംഗങ്ങളുടെ ആധാരഖണ്ഡങ്ങള്‍ അന്യോന്യം ഉരച്ച് ഭക്ഷണപദാര്‍ഥങ്ങളെ അരച്ചു ദ്രാവകരൂപത്തിലാക്കി ഭാഗികദഹനത്തിനുശേഷം ആമാശയത്തിലേക്കു വലിച്ചെടുക്കുന്നു.

തേള്‍വര്‍ഗങ്ങള്‍ കല്ലുകള്‍ക്കിടയിലും തറയില്‍ ചെറു പുനങ്ങളിലുമായി ജീവിക്കുന്നു. രാത്രികാലങ്ങളില്‍ വെളിയില്‍വന്ന് ഇരയെ പിടിക്കുകയാണ് പതിവ്.

ചിലന്തികള്‍ പട്ടുപോലുള്ള നൂലൂകൊണ്ട് വലകെട്ടി, വലയുടെ മധ്യത്തിലോ ഒരറ്റത്തോ അല്ലെങ്കില്‍ സമീപത്തുതന്നെ ഒരു രക്ഷാസ്ഥാനത്തോ താമസിക്കുന്നു. വൃത്താകൃതിയില്‍ ഉള്ള വലകളാണ് ഏറ്റവും സാധാരണമായുള്ളത്. തോട്ടങ്ങളിലും ചെടികളുടെ ഇടയിലും കാണുന്ന 'ആര്‍ഗിയോപ്പ്' (Argiope) ഇക്കൂട്ടത്തില്‍പ്പെടുന്നു. മധ്യം ഒന്നുയര്‍ത്തിക്കെട്ടി തൊപ്പിയുടെ രൂപത്തില്‍ ആക്കിയ വല 'സിര്‍ട്ടോഫോറ' (Cyrtophora) എന്ന വംശത്തിന്റേതാണ്. പ്രത്യേകാകൃതിയില്ലാതെ നൂലുകള്‍ അങ്ങുമിങ്ങുംപാകി അതിനിടയില്‍ പാര്‍ക്കുന്ന 'തെറിഡിഡേ' (Therididae) വര്‍ഗങ്ങളെ ഭവനങ്ങളുടെ ആള്‍പ്പെരുമാറ്റമില്ലാത്ത മുക്കിലും മൂലയിലും കാണാം. ഇവയെല്ലാംതന്നെ വല ഉപയോഗിച്ചാണ് ഇരപിടിക്കുന്നത്. പറന്നുനടക്കുന്ന ചെറുകീടങ്ങള്‍ വലകളില്‍ തൊട്ടാല്‍ ഒട്ടിപ്പിടിക്കുകയും ചിലന്തി ഉടനെ ഓടിയെത്തി നൂലുകള്‍കൊണ്ട് അതിനെ പൊതിഞ്ഞ് പിടികൂടുകയും ചെയ്യും.

വലകെട്ടാത്ത വര്‍ഗങ്ങളും ഉണ്ട്. ഇവ ഇരയെ ചാടിപ്പിടിക്കുകയോ പൂച്ചയെപ്പോലെ പതിയിരുന്ന് അടുത്തുവരുമ്പോള്‍ പിടിച്ചെടുക്കുകയോ ചെയ്യുന്നു (Lycosidae,Wolf spiders). ചിലന്തിവര്‍ഗം എല്ലാംതന്നെ മുട്ടയിടുന്നതിന് നൂലുകൊണ്ടു പ്രത്യേകരീതിയിലുള്ള കൂടുകളുണ്ടാക്കുന്നു. ഓരോ വര്‍ഗത്തിന്റെയും കൂടുകളുടെ ആകൃതി, വലുപ്പം, നിറം എന്നിവ വിഭിന്നമാണ്. എല്ലായിനം ചിലന്തികളും അതിസൂക്ഷ്മമായ ഒരു നൂല് (Drag line) വഴിയില്‍ അവിടവിടെയായി ഒട്ടിച്ചുകൊണ്ടാണ് നടക്കുന്നത്. ഇത് ആത്മരക്ഷാര്‍ഥമുള്ള ഒരു കരുതല്‍ നടപടിയാണ്.

ആന്തരികാവയവങ്ങള്‍. ആഹാരനാളം വായെത്തുടര്‍ന്ന് ശരീരത്തിനുള്ളില്‍ നീളത്തില്‍ സ്ഥിതിചെയ്യുന്നു. ഭാഗികമായി ദഹിച്ച ആഹാരം ഇതില്‍ വലിച്ചെടുക്കുകയും ഇതിന്റെ ഡൈവര്‍ട്ടിക്കുല(Diverticulum)ങ്ങളില്‍ ശേഖരിക്കുകയും അവിടെവച്ച് ദഹനം പൂര്‍ത്തിയാക്കുകയും ചെയ്യുന്നു.

ശ്വസനാവയവങ്ങള്‍ രണ്ടുതരമുണ്ട്. ചിലതില്‍ വായു അകത്തേക്കുവലിച്ചെടുക്കാന്‍ ട്രാക്കിയല്‍ കുഴലുകള്‍ കാണാം. ഇവ പല ശാഖകളായി പിരിഞ്ഞ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വായു എത്തിക്കുന്നു. മറ്റുചിലതില്‍ ഒരു പുസ്തകത്തിന്റെ താളുകള്‍പോലെയുള്ള ശ്വാസകോശങ്ങള്‍ (ബുക്ക് ലംഗ്സ്) ഉണ്ട്. ചിലന്തികളില്‍ ഈ രണ്ടുതരം ശ്വസനേന്ദ്രിയങ്ങളും കാണുന്നുണ്ട്. എന്നാല്‍ തേളുകളില്‍ ബുക്ക് ലംഗ്സ് മാത്രമേയുള്ളു.

ശരീരത്തിന്റെ മധ്യത്തിലായി സ്ഥിതിചെയ്യുന്ന ഹൃദയവും അതോടനുബന്ധിച്ചുള്ള രക്തവാഹിനികളും വഴിയാണ് രക്തചംക്രമണം നടക്കുന്നത്. രക്തം നിറമില്ലാത്തതാണെങ്കിലും ഓക്സിജന്‍ കലരുമ്പോള്‍ നീലനിറമാകുന്നു. രക്തത്തില്‍ മൂന്നുതരം രക്താണുക്കള്‍ (corpuscles) ഉണ്ട്.

നാഡീവ്യൂഹം (nervous system) ലളിതമാണ്. മുന്‍വശത്തായി മസ്തിഷ്കവും (brain), അതില്‍നിന്നു പുറപ്പെടുന്ന ഒരുജോടി മസ്തിഷ്കസന്ധായികളും കാണപ്പെടുന്നു. ഇവ ഒന്നുചേര്‍ന്ന് പുറകോട്ട് ഒരു ഇരട്ട അധരതന്ത്രികാരജ്ജുവായിത്തീരുന്നു. അതില്‍നിന്ന് പല അവയവങ്ങളിലേക്കും പോകുന്ന നാഡികളുമുണ്ട്.

ജനനേന്ദ്രിയങ്ങള്‍ ചെറിയ കുഴല്‍രൂപത്തിലോ ജോടിയായോ കാണപ്പെടുന്നു. മിക്കവര്‍ഗങ്ങളും മുട്ടയിടുന്നവയാണ്. (ഉദാ. ചിലന്തികള്‍). എന്നാല്‍ ചിലത് മുട്ട അകത്തുതന്നെ സൂക്ഷിക്കുകയും അവിടെ അവ വിരിഞ്ഞു ജീവനുള്ള കുഞ്ഞുങ്ങള്‍ വെളിയില്‍ വരികയും ചെയ്യുന്നു (ഉദാ. തേളുകള്‍).

അനുകരണം. അനുകരണപ്രക്രിയയ്ക്ക് ചില നല്ല ഉദാഹരണങ്ങള്‍ ചിലന്തികളില്‍ കാണാം. മിര്‍മാരക്ന പ്ളേറ്റലോയിഡെസ് (Myrmarachna plataleoides) എന്ന ചിലന്തി, നീറിന്റെ (Red ant) വേഷത്തില്‍ അവയുടെ ഇടയില്‍ ആത്മരക്ഷാര്‍ഥം സഞ്ചരിക്കുന്നു. അതേസമയം അമെസിയ ഫോര്‍ട്ടിസെപ്സ് (Amyoecia forticeps) എന്ന മറ്റൊരിനം ചിലന്തി നീറിനെ അനുകരിച്ച് അവയുടെ ഇടയില്‍ പെരുമാറുകയും തരംകിട്ടുമ്പോള്‍ അവയെ ഭക്ഷിക്കുകയും ചെയ്യുന്നു.

വര്‍ഗീകരണം. അരാക്നിഡയെ പത്തു ഗോത്രങ്ങളായി വിഭജിച്ചിരിക്കുന്നു.

സ്കോര്‍പ്പിയോണിസ് (Scorpiones). തേളുകള്‍: ഏറ്റവും പുരാതന അരാക്നിഡകളാണിവ എന്നു കരുതപ്പെടുന്നു.

സ്യൂഡോസ്കോര്‍പ്പിയോണിസ് (Pseudoscorpiones). തേളിന്റെ പൊതുവായ ആകൃതിയിലുള്ളതാണെങ്കിലും വളരെ ചെറുതും 'വാല്' ഇല്ലാത്തവയുമാണ്.

ഒപ്പിലിയോണിസ് (Opiliones). ചെറിയ ചിലന്തിയുടേതുപോലുള്ള ദേഹം. കാലുകള്‍ക്കു വളരെ നീളമുണ്ട്.

അകാരി (Acari). ഇവയാണ് ടിക്കുകളും മൈറ്റുകളും. പൊതുവേ ചെറുജീവികളാണെങ്കിലും മനുഷ്യനും ജന്തുക്കള്‍ക്കും വളരെ ദോഷം ചെയ്യുന്നവയാണ്.

യൂറോപൈജി (Uropygi). പുറകില്‍ നൂലുപോലുള്ള ഒരു വാലുള്ളതിനാല്‍ ഇവയെ 'ചാട്ടത്തേളുകള്‍' (Whip scorpions) എന്നു പറയുന്നു. ഉദാ. തെലിഫോണസ് (Thelyphonus).

ആംബ്ളിപൈജി (Amblipygi). ചിലന്തികളുടെ ശരീരാകൃതി ഉള്ളവയാണെങ്കിലും തേളുകളുടേതുപോലുള്ള ഉപാംഗങ്ങളും ഉള്ളതുകൊണ്ട് 'തേള്‍ ചിലന്തികള്‍' (Scorpion spiders) എന്നാണിവ അറിയപ്പെടുന്നത്. ഉദാ. ഫ്റൈനിക്കസ് (phrynichus).

ഷൈസോമിഡ (Schizomida).തേളിന്റെ ആകൃതിയില്‍ വാലോടുകൂടിയ ഇവ നഗ്നനേത്രങ്ങളാല്‍ കഷ്ടിച്ചുമാത്രം കാണാന്‍ സാധിക്കുന്നയത്ര ചെറിയ ജീവികളാണ്. മണ്ണിലാണിവ ജീവിക്കുന്നത്. ഉദാ. ഷൈസോമസ് (Schizomus).

അരാനിഡ (Araneida). ചിലന്തികള്‍. (നോ: അരാനിഡ).

സോളിഫ്യൂഗേ (Soilfugae). വളരെ പ്രത്യേകതകളുള്ള ഒരു വര്‍ഗം. സാധാരണമായി വരണ്ടപ്രദേശങ്ങളിലും മണലാരണ്യങ്ങളിലും കാണപ്പെടുന്നു. ഉഗ്രവിഷമുള്ളതുകൊണ്ട് മനുഷ്യര്‍ക്ക് ഇവയെ വളരെ ഭയമാണ്. ഉദാ. ഗാലിയോഡസ് (Galeodes).

സിഫോസൂറാ (Xiphosura). വെള്ളത്തില്‍മാത്രം ജീവിക്കുന്ന ഏക അരാക്നിഡവര്‍ഗം. ഉദാ. അരശുഞണ്ട് (Limulus). നോ: അരശുഞണ്ട്

(ഡോ. എ.പി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍