This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അരവിന്ദഘോഷ് (1872 - 1950)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അരവിന്ദഘോഷ് (1872 - 1950)
ആധുനിക ഭാരതത്തിലെ യോഗിവര്യന്‍. ഇദ്ദേഹത്തിന്റെ ത്യാഗോജ്ജ്വലമായ ജീവിതം ലോകസംഗ്രഹത്തിനും ഭാരതീയനവോത്ഥാനത്തിനുംവേണ്ടി സമര്‍പ്പിക്കപ്പെട്ട ഒന്നാണ്. ബംഗാളില്‍ ഹൂഗ്ലി ജില്ലയിലുള്ള കൊന്നഗര്‍ ഗ്രാമത്തിലെ ഒരു ആഭിജാതകുടുംബത്തില്‍, ഡോ. കൃഷ്ണധന്‍ ഘോഷിന്റെയും സ്വര്‍ണലതാദേവിയുടെയും മൂന്നാമത്തെ പുത്രനായി 1872 ആഗ. 15-ന് ജനിച്ചു. ഇംഗ്ലണ്ടില്‍ നിന്നു വൈദ്യശാസ്ത്രത്തില്‍ എം.ഡി. ബിരുദം നേടിയ ആളായിരുന്നു ഇദ്ദേഹത്തിന്റെ പിതാവ്. ഡാര്‍ജലിങ്ങിലെ ലൊറെറ്റോ കോണ്‍വന്റ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1879-ല്‍ പിതാവ് കുടുംബാംഗങ്ങളുമായി ഇംഗ്ളണ്ടിലേക്കു പോയി. ഇംഗ്ളണ്ടില്‍ ലത്തീന്‍ പണ്ഡിതനായ റെവറന്‍ഡ് വില്യം ഡ്രുവറ്റിന്റെ അടുക്കല്‍ വിദ്യാഭ്യാസത്തിനായി കുട്ടികളെ ഏല്പിച്ചശേഷം അദ്ദേഹം ഇന്ത്യയിലേക്കു മടങ്ങി.
അരവിന്ദനും സഹോദരന്മാര്‍ക്കും തികച്ചും പാശ്ചാത്യ രീതിയിലുള്ള വിദ്യാഭ്യാസവും ജീവിതക്രമവും ആണ് ലഭിച്ചത്. മാഞ്ചസ്റ്ററിലും (1879-84), ലണ്ടനിലും (1884-90) പിന്നീട് കേംബ്രിഡ്ജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അരവിന്ദന്‍ ഐ.സി.എസ്. പരീക്ഷ എഴുതാന്‍ തയ്യാറെടുപ്പു നടത്തി.
1893-ല്‍ അരവിന്ദന്‍ ഇന്ത്യയില്‍ മടങ്ങി എത്തി. ഇദ്ദേഹം യാത്രചെയ്തിരുന്ന കപ്പല്‍ പോര്‍ച്ചുഗല്‍ തീരത്ത് മുങ്ങി എന്ന വാര്‍ത്തകേട്ട സ്തബ്ധനായ അദ്ദേഹത്തിന്റെ പിതാവ് പെട്ടെന്ന് മരണമടഞ്ഞു. എന്നാല്‍ മറ്റൊരു കപ്പലിലായിരുന്നു അരവിന്ദന്‍ യാത്ര ചെയ്തിരുന്നത്. ഇന്ത്യയില്‍ എത്തിയ അരവിന്ദനെ ബറോഡയിലെ ഗേയ്ക്ക്വാഡ് സയാജിറാവു രാജാവ് സ്റ്റേറ്റ് സര്‍വീസില്‍ നിയമിച്ചു. ബറോഡ സെക്രട്ടേറിയറ്റിലും മറ്റുമായി സേവനം അനുഷ്ഠിച്ച അരവിന്ദന്‍ മഹാരാജാവിന്റെ വിശ്വാസപാത്രമായിത്തീര്‍ന്നു. എന്നാല്‍ വളരെപ്പെട്ടെന്ന് അദ്ദേഹം ഭരണരംഗം വിടുകയും ബറോഡ കോളജില്‍ ഫ്രഞ്ച് അധ്യാപകന്‍, ഇംഗ്ലീഷ് പ്രൊഫസര്‍, വൈസ് പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.
1901-ല്‍ അരവിന്ദന്‍ മൃണാളിനി ദേവിയെ വിവാഹം ചെയ്തു. ലളിത ജീവിതവും ഉത്കൃഷ്ട ചിന്തയും ഇദ്ദേഹത്തിന്റെ ആദര്‍ശമായിരുന്നു. ശ്രീരാമകൃഷ്ണപരമഹംസര്‍, സ്വാമി വിവേകാനന്ദന്‍, ദയാനന്ദസരസ്വതി, ഗോവിന്ദറാനഡേ, ബങ്കിംചന്ദ്രചാറ്റര്‍ജി, ബാലഗംഗാധരതിലകന്‍ തുടങ്ങിയ സമകാലിക ഭാരതീയ നേതാക്കളുടെ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും അരവിന്ദന് ഉത്തേജനം നല്കി. ഭാരതീയ ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നതിനും സനാതനധര്‍മത്തിന്റെ മൂല്യത്തെപ്പറ്റി അറിയുന്നതിനും കൂടുതല്‍ ഉത്സുകനായി ഇദ്ദേഹം ഇങ്ങനെ എഴുതി: 'പ്രാചീന സംസ്കാരം അതിന്റെ സ്ഥാനത്ത് മഹത്തായിരുന്നു. പക്ഷേ, അതിനെ അതേപടി ഇന്നു നാം അനുവര്‍ത്തിക്കുന്നതില്‍ ഒരു യുക്തിയുമില്ല. ആത്മീയ ബോധത്തിന്റെ പരിണാമത്തില്‍, മഹത്തായ ഒരു ഭൂതകാലത്തെത്തുടര്‍ന്ന് മഹത്തരമായ ഒരു ഭാവി ഉണ്ടാകുകതന്നെ വേണം'. വൈകാതെ ഈ ലക്ഷ്യത്തിന്റെ സാക്ഷാത്ക്കാരം തന്റെ ജീവിത ദൌത്യമായി അരവിന്ദന്‍ തിരഞ്ഞെടുത്തു.
തുടര്‍ന്ന് ഇന്ത്യയുടെ രാഷ്ട്രീയ ജീവിതത്തിലേക്കും സാഹിത്യം, യോഗവിദ്യ തുടങ്ങിയ മേഖലകളിലേക്കും അരവിന്ദന്‍ തിരിഞ്ഞു. ക്രമേണ യൗഗികജീവിതം സര്‍വപ്രധാനമായി കരുതി. ഈ പ്രവണതയുടെ ആരംഭകാലത്താണ് ബറോഡയിലെ ഔദ്യോഗികജീവിതത്തില്‍നിന്ന് ഇദ്ദേഹം വിരമിക്കുന്നത്. ഈശ്വരാന്വേഷണവും സാഹിത്യരചനയും മുഖ്യജീവിതവ്രതമാക്കി മാറ്റിയ അരവിന്ദന്‍ അണിയറയ്ക്കുള്ളിലിരുന്ന് സ്വാതന്ത്ര്യത്തിനും സ്വരാജ്യത്തിനുംവേണ്ടിയുള്ള ജനകീയസമരത്തിന് പ്രചോദനം നല്കി. ഭൂമിശാസ്ത്രപരമായ ഒരു ഭൂഭാഗമെന്ന നിലയ്ക്കല്ല, ഒരു ആത്മീയ സത്തയായിട്ടാണ് ഭാരതത്തെ ഇദ്ദേഹം ദര്‍ശിച്ചത്. 1905-ലെ ബംഗാള്‍ വിഭജനം ബഹുജനരോഷം ഇളക്കിവിട്ടിരുന്നു. ആ സംഭവത്തെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭണങ്ങളില്‍നിന്നും ഒഴിഞ്ഞുനില്ക്കാന്‍ അരവിന്ദനു സാധ്യമായിരുന്നില്ല. വിപിന്‍ ചന്ദ്രപാലിന്റെ ആധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന വന്ദേമാതരത്തിന്റെ സഹപത്രാധിപര്‍ കൂടിയായിരുന്നു അരവിന്ദന്‍. അതിലൂടെ തന്റെ ചിന്തകള്‍ക്ക് ഇദ്ദേഹം പ്രകാശനം നല്കി. 1906-ല്‍ വളരെ തുച്ഛമായ ശമ്പളത്തില്‍ ബംഗാള്‍ നാഷണല്‍ കോളജ് പ്രിന്‍സിപ്പല്‍ പദവി സ്വീകരിച്ചു; ആ ജോലിക്കിടയിലും, അസ്വസ്ഥമായ ജനസമൂഹത്തിന് രാഷ്ട്രീയ പ്രബുദ്ധതയും ആത്മവിശ്വാസവും ഇദ്ദേഹം നല്കിക്കൊണ്ടിരുന്നു.
കൊല്‍ക്കത്തയില്‍ വിപ്ലവപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന 'റവല്യൂഷനറി പാര്‍ട്ടി'യുടെ പ്രമുഖനേതാവായിരുന്നു അരവിന്ദന്റെ കനിഷ്ഠ സഹോദരന്‍ സരീന്ദ്രകുമാര്‍ഘോഷ്. 1908-ല്‍ മുസാഫര്‍പൂര്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് കിങ്സ്ഫോര്‍ഡിന്റെ വാഹനത്തില്‍ ബോംബ് എറിഞ്ഞത് ആ വിപ്ളവകക്ഷിയില്‍പ്പെട്ടവരാണെന്നും അരവിന്ദനും അവരുമായി ബന്ധമുണ്ടായിരിക്കുമെന്നും സംശയിച്ച് അധികാരികള്‍ ഒരു ദിവസം രാവിലെ ഇദ്ദേഹത്തെ കിടപ്പറയില്‍ വച്ച് അറസ്റ്റു ചെയ്തു. മുറിയില്‍നിന്നും നവശക്തിയുടെ ലേഖനങ്ങള്‍ ഉള്‍പ്പെടെ പലതും പൊലീസ് എടുത്തുകൊണ്ടുപോയി. ഒരു വര്‍ഷക്കാലത്തെ ജയില്‍വാസത്തിനുശേഷം ഇദ്ദേഹം ജയില്‍ മോചിതനായി.
1909-ല്‍ ജയില്‍ മോചിതനായ അരവിന്ദന്‍ വന്ദേമാതരപ്രസ്ഥാനത്തിന്റെ തളര്‍ച്ചയും നാഷണലിസ്റ്റു പാര്‍ട്ടിയുടെ ശൈഥില്യവുമാണ് കണ്ടത്. ഇദ്ദേഹം വീണ്ടും സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറി. വന്ദേമാതരം മാസിക അപ്പോഴേക്കും നിന്നുപോയിരുന്നു. അരവിന്ദന്‍ കര്‍മയോഗി എന്ന ഇംഗ്ലീഷ് വാരികയും ധര്‍മം എന്ന ബംഗാളി വാരികയും സമാരംഭിച്ചു. രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും ആത്മീയവുമായ അഭ്യുന്നതിക്കു പ്രേരകമായ ഒട്ടനവധി ലേഖനങ്ങള്‍ അരവിന്ദന്‍ ഈ മാസികകളില്‍ എഴുതി. 1909-ജൂല.യില്‍ എഴുതിയ എന്റെ നാട്ടുകാര്‍ക്ക് ഒരു തുറന്ന കത്ത് എന്ന ലേഖനം ദൂരവ്യാപകഫലങ്ങള്‍ ഉളവാക്കി. ആ ലേഖനത്തിന്റെ പേരില്‍ ഇദ്ദേഹം സംശയിക്കപ്പെടുകയും ഏതാനും മാസങ്ങള്‍ക്കുശേഷം ഗവണ്‍മെന്റ് ഇദ്ദേഹത്തെ വീണ്ടും അറസ്റ്റുചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും പരസ്യമായ പൊതുപ്രവര്‍ത്തനങ്ങളില്‍നിന്നും സ്വയം ഒഴിഞ്ഞുമാറി ഇദ്ദേഹം അന്തര്‍മുഖനായിക്കഴിഞ്ഞിരുന്നു. കൊല്‍ക്കത്തയില്‍നിന്നും അകന്നു ചന്ദ്രനഗറില്‍ ഒരു മാസം താമസിച്ചശേഷം ഇദ്ദേഹം ഫ്രഞ്ച് അധീനപ്രദേശമായ പുതുശ്ശേരിയിലേക്ക് 1910 ഏ. 4-ന് താമസം മാറി.
മുന്‍പ് ബറോഡയില്‍വച്ച് പരിചയപ്പെട്ടിരുന്ന മറാത്തിയോഗിയായ ലേലേയില്‍നിന്നും ലഭിച്ച ഉപദേശങ്ങളും ദീര്‍ഘകാലം സ്വയം നേടിയ പരിശീലനവുംകൊണ്ട് തന്റെ യോഗസാധനകള്‍ പരിപുഷ്ടമാക്കി സാഫല്യത്തിലെത്തിക്കാനായിരുന്നു അരവിന്ദന്റെ തുടര്‍ന്നുള്ള ശ്രമം. തപഃസ്വാധ്യായനിരതവും യോഗവിശിഷ്ടവുമായ ഒരു ജീവിതം പുതുശ്ശേരിയില്‍ ഇദ്ദേഹം ആരംഭിച്ചു. കുറച്ചുകാലം ശങ്കരച്ചെട്ടി എന്നയാളുടെ അതിഥിയായി കഴിഞ്ഞശേഷം 'വൈറ്റ്ടൌണില്‍' സ്വന്തം പാര്‍പ്പിടത്തിലേക്ക് അരവിന്ദന്‍ മാറി. പുതുശ്ശേരിയിലെ അരവിന്ദാശ്രമം പില്ക്കാലത്ത് ഒരു തീര്‍ഥാടനകേന്ദ്രവും പുണ്യസങ്കേതവുമായിത്തീര്‍ന്നു. 1950 ഡി. 5-ന് നിര്യാതനാകുന്നതുവരെ ഇവിടെയാണ് അരവിന്ദന്‍ തന്റെ ശിഷ്ടജീവിതം കഴിച്ചു കൂട്ടിയത്. തന്റെ സ്മരണയെ നിലനിര്‍ത്തുന്ന ആ പുണ്യസ്ഥലത്ത് നാല്പതു വര്‍ഷക്കാലം ഏകാന്തശാന്തവും ധ്യാനനിരതവുമായ ജീവിതം അരവിന്ദന്‍ നയിച്ചു.
ആത്മീയഗുരുവിനെ അന്വേഷിച്ചിറങ്ങിയ പാശ്ചാത്യയായ പേള്‍ റിച്ചേര്‍ഡ് ഒരു സഹപ്രവര്‍ത്തകയുമൊരുമിച്ച് പുതുശ്ശേരിയില്‍ വരികയും അരവിന്ദനെ ഗുരുവായി സ്വീകരിക്കുകയും ചെയ്തു. ഈ വനിത അരവിന്ദാശ്രമത്തിലെ അമ്മ (Mother) എന്നു പില്ക്കാലത്തു പ്രസിദ്ധയായി. മൂവരും ചേര്‍ന്ന് ആര്യ എന്നൊരു ഇംഗ്ലീഷുമാസികയും ഗ്രാങ് സിന്തേസ് (Grande Synthese) എന്നൊരു ഫ്രഞ്ചുമാസികയും പ്രസിദ്ധീകരിക്കാനാരംഭിച്ചു. ജീവിതത്തിന്റെ ഉയര്‍ന്ന പ്രശ്നങ്ങളെ കൈകാര്യം ചെയ്യുക, മതാപഗ്രഥനത്തിനും മതോദ്ഗ്രഥനത്തിനുംവേണ്ടി പ്രവര്‍ത്തിക്കുക, ബുദ്ധിപരവും അതീന്ദ്രിയവുമായ അനുഭൂതികള്‍ നേടാന്‍ ഉപദേശിക്കുക ഇവയായിരുന്നു ഈ പ്രസിദ്ധീകരണങ്ങളുടെ ലക്ഷ്യം. ആത്മസാക്ഷാത്കാരത്തിനുവേണ്ടി മനുഷ്യരെ ആര്യപഥത്തിലേക്ക് ആനയിക്കാന്‍ ആര്യ ശ്രമിച്ചു. ഈ മാസികയിലൂടെ അരവിന്ദന്റെ അതിപ്രശസ്തങ്ങളായ ലേഖനങ്ങള്‍ പലതും പുറത്തുവന്നു. ദിവ്യജീവിതം (The Life Divine), വേദരഹസ്യം, ഗീതാപഠനങ്ങള്‍, ഭാരതീയസംസ്കൃതിയുടെ സംരക്ഷണം തുടങ്ങി പില്ക്കാലത്തു പുസ്തകരൂപത്തില്‍ പ്രകാശിതങ്ങളായ മിക്ക അരവിന്ദകൃതികളും ആര്യയിലൂടെയാണാദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്.
പതിനേഴാം വയസ്സില്‍ ഇദ്ദേഹം യൂറപ്പിഡിസ്സിന്റെ ഹെക്കുബ എന്ന നാടകം ഇംഗ്ളീഷിലേക്കു വിവര്‍ത്തനം ചെയ്തു. ചെറുപ്പത്തില്‍ത്തന്നെ ലത്തീന്‍, ഗ്രീക്ക്, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ഇദ്ദേഹം കവിതകളെഴുതിയിരുന്നു. കേംബ്രിഡ്ജ് വിദ്യാഭ്യാസകാലത്ത് എഴുതിയ കവിതകളുടെ സമാഹാരമായ മിര്‍ട്ടില്ലയ്ക്കുള്ള ഗാനങ്ങള്‍ (Songs to Myrtilla) 1895-ല്‍ ബറോഡയില്‍ നിന്നും പ്രസിദ്ധീകൃതമായി. 1893-ല്‍ പഴമയ്ക്കുവേണ്ടി പുതിയ ദീപങ്ങള്‍ എന്ന ലേഖനപരമ്പര ഇന്ദുപ്രകാശ് മാസികയില്‍ എഴുതി. തന്റെ ആദ്യകാലകവിതകളില്‍ ആംഗല കവിയായ മാത്യു അര്‍നോള്‍ഡിന്റെ കൃതികളുടെ അബോധപൂര്‍വകമായ അനുകരണമുണ്ടെന്ന് അരവിന്ദന്‍തന്നെ സമ്മതിച്ചിട്ടുണ്ട്. കവിതകള്‍, ലേഖനങ്ങള്‍, നിരൂപണങ്ങള്‍ യോഗസാധനാപരങ്ങളായ ഉപന്യാസങ്ങള്‍, ഗീത, ഉപനിഷത്തുകള്‍ തുടങ്ങിയവയെപ്പറ്റിയുള്ള പഠനങ്ങള്‍, സാവിത്രി, വിക്രമോര്‍വശി തുടങ്ങിയ കഥാകൃതികള്‍ എന്നിങ്ങനെ അതിവിപുലമാണ് അരവിന്ദന്റെ സാഹിത്യസംഭാവന. തത്ത്വചിന്ത, യോഗം, ദേശീയതാബോധം തുടങ്ങിയ വിഭാഗങ്ങളില്‍പ്പെടുന്നു ആ സംഭാവനകള്‍. ദിവ്യജീവിത(Life Divine) ത്തെക്കുറിച്ചുള്ള ഗ്രന്ഥങ്ങള്‍, ഗീതാപഠനങ്ങള്‍, ഉപനിഷദ് വ്യാഖ്യാനങ്ങള്‍, ഹെരാക്ലിറ്റസ്, മനുഷ്യാതീതന്‍ തുടങ്ങിയവ തത്ത്വചിന്താവിഭാഗത്തില്‍ പെടുന്നവയാണ്. യോഗവും അതിന്റെ ലക്ഷ്യങ്ങളും, യോഗത്തിന്റെ അടിസ്ഥാനം, 'മദര്‍', യോഗത്തെപ്പറ്റി ചില വിജ്ഞാനശകലങ്ങള്‍ എന്നിങ്ങനെ യോഗവിഷയകമായി രചിച്ചിട്ടുള്ള ലേഖനങ്ങള്‍ സ്വാനുഭവാധിഷ്ഠിതം കൂടിയാണ്. കര്‍മയോഗിയുടെ ആദര്‍ശം, കലയുടെ ദേശീയമൂല്യം, ഇന്ത്യയുടെ പുനരുത്ഥാനം, ബങ്കിം-തിലക്-ദയാനന്ദ എന്നീ പ്രബന്ധങ്ങള്‍ ദേശീയതാബോധത്തെ പ്രകാശിപ്പിക്കുന്നു. കാളിദാസപഠനവും തത്സദൃശങ്ങളായ ഉപന്യാസങ്ങളും, സാവിത്രി, വിക്രമോര്‍വശി എന്നീ കാവ്യങ്ങളും അരവിന്ദന്റെ സാഹിത്യസംഭാവനകളുടെ കൂട്ടത്തില്‍ മികവുറ്റവയാണ്.
ആത്മീയപരിണാമം യോഗംകൊണ്ടു സാധിക്കാമെന്നും ജീവിതതലത്തില്‍ കാണുന്നതെല്ലാം ഭഗവല്ലീലയാണെന്നും വിശ്വസിച്ചിരുന്ന യോഗീവര്യനായിരുന്നു അരവിന്ദന്‍. 'ലീല' എന്ന വ്യാപകാര്‍ഥത്തില്‍ പ്രപഞ്ചപ്രതിഭാസങ്ങളെ ഇദ്ദേഹം പുനര്‍നിര്‍വചിച്ചു. മനസ്സിന്നതീതമായ ഒരു മണ്ഡലമുണ്ടെന്നും അവിടെ സര്‍ഗാത്മകസത്യം സാക്ഷാത്കൃതമാകുമ്പോള്‍ മാത്രമേ ആത്മീയപരിണാമം പൂര്‍ണമാകൂ എന്നും അരവിന്ദന്‍ കരുതി. യോഗസാധനകള്‍കൊണ്ട് അന്തര്‍മണ്ഡലം അനാവരണം ചെയ്തു അന്തര്‍നിഹിതശക്തികളെ സമ്പൂര്‍ണ സാഫല്യത്തിലെത്തിക്കാന്‍ സാധിക്കും; മനോമയപുരുഷന്‍, പ്രാണമയപുരുഷന്‍, അന്നമയപുരുഷന്‍ എന്നീ ഉപനിഷത് സങ്കല്പങ്ങള്‍ക്കതീതമായി, 'ദിവ്യസ്ഫുലിങ്ഗ'മായി ഒരന്തരാത്മാവ് (ചൈതന്യപുരുഷന്‍) ഉണ്ടെന്ന് അരവിന്ദന്‍ വിശ്വസിച്ചു. സ്വന്തം ദിവ്യത്വത്തെ പ്രാപിക്കലാണ് യോഗലക്ഷ്യം. ആ ദിവ്യത്വപ്രാപ്തി ജീവനാശമല്ല, തപസ്യകൊണ്ട് നേടാവുന്ന നിര്‍വാണമല്ല, ആത്മസാക്ഷാത്കാരവുമല്ല, ദിവ്യസത്യത്തിന്റെ ഔന്നത്യത്തിലേക്കുള്ള മാനവജീവിതത്തിന്റെ ഉന്നമനം മാത്രമാണ്. ആത്മശക്തിബോധംകൊണ്ടു മാത്രമേ അതു സാധ്യമാകൂ. 'നാം മാതാവായി ആരാധിക്കുന്നത് സര്‍വവ്യാപിയായ ആ ദിവ്യബോധശക്തിയെത്തന്നെയാണ്' എന്ന് ഇദ്ദേഹം പറയുന്നു. അരവിന്ദന്റെ സനാതനധര്‍മസമീപനം സ്വന്തം യോഗാനുഭൂതിവിശിഷ്ടമായ ഒരു ദര്‍ശനത്തിനനുസൃതമാണ്. ഇദ്ദേഹത്തിന്റെ യോഗദര്‍ശനവും അതുപോലെതന്നെ.
മഹാകവി ടാഗൂര്‍ അരവിന്ദയോഗിയെപ്പറ്റി ഇപ്രകാരം പറഞ്ഞു: 'അദ്ദേഹം ആത്മാവിനെ അന്വേഷിക്കയായിരുന്നുവെന്നും അതുനേടിയിരിക്കുന്നുവെന്നും, സാക്ഷാത്കാരത്തിനുള്ള ദീര്‍ഘയത്നത്താല്‍ ആത്മപ്രചോദനത്തിന്റെ മൂകശക്തി ഉള്‍ക്കൊണ്ടിരിക്കുന്നുവെന്നും പ്രഥമദര്‍ശനത്തില്‍ത്തന്നെ നമുക്കു ബോധ്യമാകും. അദ്ദേഹത്തിന്റെ മുഖം ആന്തരികമായ പ്രകാശചൈതന്യത്താല്‍ തിളങ്ങുന്നതായിരുന്നു. ജീവിതത്തില്‍ വ്രണങ്ങള്‍ അര്‍പ്പിക്കുന്നതില്‍ സന്തോഷിക്കുന്ന ഏതെങ്കിലും ക്രൂരനിയമത്താല്‍ മര്‍ദിതമോ ശിഥിലമോ ആയ ഒരാത്മാവായിരുന്നില്ല അദ്ദേഹത്തിന്റേതെന്ന് ആ മഹിതമായ സാന്നിധ്യത്തില്‍ എനിക്കു ബോധ്യമായിരുന്നു. എവിടെയും പ്രവേശിക്കുവാന്‍ മാനവാത്മാവിനുള്ള സ്വാതന്ത്ര്യത്തെപ്പറ്റി പുരാണപ്രഥിതരായ ഋഷിമാര്‍ക്കു പറയുവാനുള്ളത് അദ്ദേഹത്തില്‍നിന്നും കേള്‍ക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു- 'അങ്ങയ്ക്കു ശബ്ദമുണ്ട്', ഞങ്ങള്‍ അത് അങ്ങയില്‍നിന്നു സ്വീകരിക്കാനിരിക്കയുമാണ്. അങ്ങയുടെ ശബ്ദത്തിലൂടെ ഇന്ത്യ സംസാരിക്കും'.
അരവിന്ദമഹര്‍ഷിയുടെ ജന്മശതാബ്ദി 1972-ല്‍ ഇന്ത്യയിലെങ്ങും ഔദ്യോഗികവും അനൌദ്യോഗികവുമായതലങ്ങളില്‍ ആഘോഷിക്കപ്പെട്ടു. ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്റെ സമ്പൂര്‍ണകൃതികള്‍ മുപ്പതു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
(വി.എസ്. ശര്‍മ; സ.പ.)