This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അരമീയര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അരമീയര്‍
Aramites
സിറിയയിലും മെസൊപൊട്ടേമിയയിലും വസിച്ചിരുന്ന ഒരു സെമിറ്റിക് ജനവര്‍ഗം. ബി.സി. 11-8 നൂറ്റാണ്ടുകാലത്ത് ഇവര്‍ വടക്കന്‍ സിറിയയിലെ ഒരു വിസ്തൃത മേഖല ഉള്‍പ്പെടുന്ന 'അറാം' പ്രദേശം കൈയടക്കി. ഇക്കാലത്തുതന്നെ കിഴക്കോട്ടും തെ.കിഴക്കോട്ടും കുടിയേറ്റം നടത്തുകയും മെസൊപൊട്ടേമിയയിലെ പ്രദേശങ്ങള്‍ കൈക്കലാക്കുകയും ചെയ്തു.
ബി.സി. 11-10 നൂറ്റാണ്ടുകാലത്തുള്ള പ്രാചീന അരമായ്ക് ശിലാലിഖിതങ്ങളിലും ബൈബിള്‍ പഴയനിയമത്തിലും ഇവരെപ്പറ്റിയുള്ള വിവരങ്ങള്‍ ഉണ്ട്. പഴയനിയമമനുസരിച്ച് (ഉത്പത്തി xi: 21) അരമീയര്‍ യവനരുമായി സാദൃശ്യമുള്ളവരാണ്. അരമായ്ക് ഭാഷ സംസാരിക്കുന്നവരുടെ ശരിയായ നാട് 'കിഴക്കരുടെ ഭൂമി' എന്നറിയപ്പെടുന്ന സിറിയന്‍ മരുഭൂമിയാണ് എന്ന് ഉത്പത്തി പുസ്തകത്തില്‍ കാണുന്നു (അധ്യായം 29). അരമീയരെ സംബന്ധിച്ച് അസ്സീറിയന്‍ രേഖകളിലും പ്രസ്താവനയുണ്ട്. ബി.സി. 1375-ല്‍ ടെല്‍ അല്‍ അമര്‍ണയില്‍ നിന്നു കണ്ടെടുത്ത ഒരു ലിഖിതത്തിലാണ് ഇവരെക്കുറിച്ചുള്ള സൂചനകള്‍ ആദ്യമായി കാണുന്നത്. യൂഫ്രട്ടീസ് നദീതീരങ്ങളില്‍ അരമീയര്‍ ഉണ്ടായിരുന്നുവെന്ന് ഈ ലിഖിതത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അസ്സീറിയന്‍ രാജാവായ ടിഗ്ലത്ത് പിലീസര്‍ ഒന്നാമനും അരമീയറെപ്പറ്റി പരാമര്‍ശിക്കുന്നു.
അരമീയരുടേത് ഹീബ്രു-ഫിനീഷ്യന്‍ ഭാഷകളോടു സാദൃശ്യമുള്ള ഒരു ഭാഷയാണ്. ഇതിന് അറബിഭാഷയുമായും ചില സാദൃശ്യങ്ങളുണ്ട്. ഫിനീഷ്യന്‍ അക്ഷരമാലയാണ് അരമായ്ക് ഭാഷയുടേതും. താല്‍ ഹലാഫിലെ ഒരു അള്‍ത്താരയില്‍ രേഖപ്പെടുത്തിയിട്ടുള്ളത് ഇതിനുദാഹരണമാണ്. ബി.സി. 9-8 നൂറ്റാണ്ടുകാലത്ത് ഇതു സിറിയയില്‍ സാഹിത്യഭാഷ കൂടിയായിരുന്നു. അസ്സീറിയക്കാരും ബാബിലോണിയന്‍ വ്യാപാരികളും വാണിജ്യത്തിനുവേണ്ടി ഈ ഭാഷ ഉപയോഗിച്ചു തുടങ്ങിയതോടെ ഈ ഭാഷയ്ക്കു കൂടുതല്‍ വികാസം ഉണ്ടായി. മഹാനായ അലക്സാണ്ടറുടെ വിജയത്തോടെ അരമായ്ക് ഭാഷയുടെ സ്വാധീനത കുറഞ്ഞു. പഴയനിയമത്തിലെ ചില ഭാഗങ്ങള്‍ ഈ ഭാഷയിലായിരുന്നു. ബാബിലോണിയര്‍ നിയമസംഹിത എഴുതിയതും യേശുക്രിസ്തുവും ശിഷ്യന്മാരും സംസാരിച്ചിരുന്നതും ഈ ഭാഷയാണ്. ദമാസ്കസിലും തെക്കുകിഴക്കന്‍ തുര്‍ക്കിയിലും ചില ഭാഗങ്ങളില്‍ ഇപ്പോഴും ഈ ഭാഷ പ്രചാരത്തിലിരിക്കുന്നു. ജൂതരുടെ ആരാധനാക്രമത്തില്‍ ഇപ്പോഴും അരമായ്ക് ഭാഷ ഉപയോഗിക്കുന്നുണ്ട്.
ഹിറ്റീ-മിറ്റാനിയന്‍ സ്വാധീനത്തിന്റെ ഫലമായി സിറിയന്‍ കലകളെ അരമീയര്‍ പ്രോത്സാഹിപ്പിച്ചിരുന്നു. ബെദോയിന്‍ വര്‍ഗക്കാരുടേതുപോലെ വസ്ത്രധാരണം ചെയ്യുന്നവരാണ് അരമീയര്‍ എന്നാണ് ചുവര്‍ചിത്രങ്ങളില്‍നിന്നു വ്യക്തമാകുന്നത്. ബാബിലോണിയന്‍, അസീറിയന്‍ ദൈവങ്ങളെ ആരാധിച്ചിരുന്നുവെങ്കിലും അരമീയര്‍ക്ക് അവരുടേതായ ദൈവസങ്കല്പങ്ങളുണ്ടായിരുന്നു. അവരുടെ പരദേവത 'ഹദാദ്' ആണ്; പ്രധാന ക്ഷേത്രം ദമാസ്കസിലും. അരമീയരുടെ ദേവി അതാര്‍ജതീസിന്റെ ക്ഷേത്രം സിറിയയില്‍ സ്ഥിതിചെയ്യുന്നു. ബാബിലോണിയന്‍ ദേവതയായ സിനിനെയും കാനനൈറ്റ് 'എലി'നെയും മറ്റു ദൈവങ്ങളെയും ഇവര്‍ ആരാധിച്ചിരുന്നു.