This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരക്കുപ്രാണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:31, 17 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

അരക്കുപ്രാണി

Lac Insect

കോക്സിഡേ (Coccidae) കുടുംബത്തിലെ കോലരക്ക് ഉത്പാദിപ്പിക്കുന്ന പ്രാണി. ലാക്കിഫര്‍ ലാക്ക (Laccifer lacca) എന്നാണ് ഇന്ത്യന്‍ അരക്കുപ്രാണിയുടെ ശാ.നാ. അരക്കുപ്രാണിയെക്കുറിച്ച് ശാസ്ത്രീയമായ ആദ്യവിവരണം നല്കിയതു ഫ്രഞ്ചു വൈദികനായ ടാക്കാര്‍ഡ് ആണ്. ഇദ്ദേഹത്തിന്റെ ബഹുമാനാര്‍ഥം ഈ പ്രാണിയെ ടാക്കാഡിക് ലാക്കാ എന്നും വിളിച്ചുവന്നിരുന്നു. ഉഷ്ണമേഖലയിലും തൊട്ടടുത്ത പ്രദേശങ്ങളിലുമാണ് ഇവ ധാരാളമായി കാണപ്പെടുന്നത്. ഇവയില്‍ പെണ്‍പ്രാണികള്‍ക്കു കാലുകളില്ല. നാമമാത്രമായ സ്പര്‍ശിനികളും ശരിയായ ആകൃതിയില്ലാത്ത ഉരുണ്ട ശരീരവുമാണ് ഇവയ്ക്കുള്ളത്. ഇവയാണ് പ്രധാനമായും അരക്ക് ഉത്പാദിപ്പിക്കുന്നത്.

അരക്കു പ്രാണികള്‍ പൊതുവേ മാല്‍വേസീ (Malvaceae), ലഗുമിനോസീ (Leguminoceae) എന്നീ സസ്യകുടുംബങ്ങളില്‍പ്പെടുന്ന വിവിധതരം വൃക്ഷങ്ങളില്‍ കൂട്ടംകൂട്ടമായാണ് ജീവിക്കുന്നത്. അരക്കുപ്രാണികളുടെ ചെറിയ ലാര്‍വകള്‍ വൃക്ഷങ്ങളുടെ ചെറുശാഖകളില്‍ കടന്നുകൂടുന്നു. ഈ ശാഖകള്‍ തുളച്ച് വൃക്ഷത്തിനുള്ളിലെ നീര് (sap) ഊറ്റിക്കുടിച്ചാണിവ വളരുക. ബീജസങ്കലനം നടന്നശേഷം പെണ്‍പ്രാണികള്‍ വളരെ വേഗം വളരുകയും ക്രമേണ ഒരു ചെറുസഞ്ചിയുടെ രൂപത്തിലായിത്തീരുകയും ചെയ്യും. കുഞ്ഞുങ്ങളെ വിരിയിച്ചശേഷം ഇവ ചത്തുപോകുന്നു. ഒരു വര്‍ഷംകൊണ്ട് ഇവയുടെ രണ്ടു തലമുറകള്‍ ഉണ്ടാകുന്നു. ഇതില്‍ ആദ്യതലമുറയില്‍ ചിറകുകളുള്ളവയും ഇല്ലാത്തവയുമായ ജീവികള്‍ കാണപ്പെടുന്നു. എന്നാല്‍ രണ്ടാം തലമുറയില്‍ ചിറകുകളില്ലാത്ത പ്രാണികള്‍ മാത്രമേയുണ്ടാകാറുള്ളൂ.

അരക്കുപ്രാണിയുടെ ശരീരത്തിന്റെ പിന്‍ഭാഗത്തുള്ള ചില ഹൈപ്പോഡര്‍മല്‍ (Hypodermal) ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന സ്രവം ശുദ്ധി ചെയ്താണ് അരക്ക് നിര്‍മിക്കുന്നത്. നിസര്‍ഗശത്രുക്കളിലും പ്രതികൂല കാലാവസ്ഥയിലും നിന്നു രക്ഷനേടുന്നതിന് പ്രകൃതി ഇവയ്ക്കു നല്കിയിട്ടുള്ള ഒരു ഉപായമാണ് 'അരക്കുദ്രാവകം'. അന്തരീക്ഷവായുവുമായി സമ്പര്‍ക്കമുണ്ടാകുമ്പോള്‍ ഇതു കട്ടിയാകുന്നു. ധാരാളം അരക്കുപ്രാണികള്‍ കൂട്ടമായി കാണുന്ന വൃക്ഷക്കൊമ്പുകള്‍ മിക്കവാറും അരക്കുകൊണ്ട് മൂടപ്പെട്ടിരിക്കും. ഈ അവസ്ഥയില്‍ ഇത് കോലരക്ക് (stick lac) എന്നറിയപ്പെടുന്നു.

വര്‍ഷംതോറും ഏകദേശം 2-41⁄2 കോടി കി.ഗ്രാം വരെ കോലരക്ക് ഇന്ത്യയില്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. 400 ഗ്രാം അരക്ക് ഉത്പാദിപ്പിക്കുവാന്‍ ഏകദേശം 17,000 മുതല്‍ 90,000 വരെ പ്രാണികള്‍ വേണ്ടിവരും. പ്രകൃതിദത്തമായ ഈ അരക്കിനെക്കാള്‍ കൂടുതല്‍ ഗുണമുള്ള ഒന്നുംതന്നെ കൃത്രിമമായി നിര്‍മിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതിവര്‍ഷം ഒന്നുമുതല്‍ രണ്ടു വരെ കോടി ഡോളര്‍ വിലയ്ക്കുള്ള അരക്ക് അമേരിക്കന്‍ ഐക്യനാടുകളില്‍ത്തന്നെ ഉപയോഗിക്കപ്പെടുന്നുണ്ട്. നോ: അരക്ക്

അരക്കിന്റെ ആവശ്യം പ്രതിദിനമെന്നോണം വര്‍ധിച്ചുവരുന്ന ആധുനിക കാലഘട്ടത്തില്‍ അതിന്റെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ കൃത്രിമ അരക്കും ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. ഇവ വിവിധ പേരുകളില്‍ വിപണിയില്‍ ലഭ്യമാണ്. മഡഗാസ്കറില്‍ കാണപ്പെടുന്ന ഗാസ്കാരിഡ (Gascarida) എന്ന പ്രാണിയില്‍നിന്നും ഒരുതരം അരക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ ഈ അരക്കിന് ഇന്ത്യന്‍ കോലരക്കിന്റെ ഗുണമേന്മയില്ല. വളരെയധികം മെഴുക്കു ചേര്‍ന്നിട്ടുള്ള ഇത് 'ഗംലാക്' (Gum lac) എന്നറിയപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍