This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഞ്ചല്‍വകുപ്പ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അഞ്ചല്‍വകുപ്പ്
പണം, ഉരുപ്പടികള്‍ മുതലായവ മേല്‍വിലാസക്കാര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ ഇന്ത്യയില്‍ ചില നാട്ടുരാജ്യഗവണ്‍മെന്റുകള്‍ നടത്തിയിരുന്ന സ്ഥാപനം.
തിരുവിതാംകൂര്‍, കൊച്ചി എന്നീ സംസ്ഥാനങ്ങളിലും ഈ സംസ്ഥാനങ്ങളുടെ ലയന (1949)ത്തിനുശേഷം തിരു-കൊച്ചിയിലും ഈ സമ്പ്രദായമാണ് നിലനിന്നിരുന്നത്. ബ്രിട്ടിഷ് - ഇന്ത്യന്‍ തപാല്‍വകുപ്പിന് സമാനമായിരുന്നു തിരു-കൊച്ചിയിലെ അഞ്ചല്‍വകുപ്പ്. മലബാര്‍പ്രദേശങ്ങളില്‍ തപാല്‍ക്കെട്ടുമായി പോകുന്ന ദൂതനും അഞ്ചല്‍ക്കാരനെന്നപേരുണ്ടായിരുന്നു. 1951-ല്‍ അഞ്ചല്‍വകുപ്പ് കേന്ദ്ര തപാല്‍വകുപ്പില്‍ ലയിച്ചു. ദൂതന്‍ എന്നര്‍ഥംവരുന്ന 'Angelus' എന്ന ലത്തീന്‍പദത്തില്‍നിന്നാണ് 'അഞ്ചല്‍' രൂപംകൊണ്ടത്.
ഒരാള്‍, അഞ്ചലുരുപ്പടി ഒരു നിശ്ചിതദൂരംവരെ എത്തിക്കുന്നു; അനന്തരം മറ്റൊരാള്‍ അത് ഏറ്റുവാങ്ങുന്നു. ഇങ്ങനെ തവണയിട്ട് ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന സമ്പ്രദായത്തിന് തമിഴില്‍ അഞ്ചല്‍ എന്നുപറയുന്നു.
ചരിത്രം. 'അഞ്ചല്‍ മോശംവരാതെ അഞ്ചല്‍ക്കാരന്റെ പക്കല്‍ കൊടുത്തു മാസം ഒന്നിന്... 5 കലിയന്‍ വീതം കൊടുക്കണം' എന്ന ഉത്തരവ് 1757-ല്‍ തിരുവിതാംകൂറില്‍ നിലവിലിരുന്നതായി ദിവാന്‍പേഷ്കാര്‍ ആര്‍. മഹാദേവയ്യരുടെ റവന്യൂമാനുവലില്‍ പറയുന്നു (1915).
മണി ഘടിപ്പിച്ച ഒരു ലോഹവടിയുംകൊണ്ടാണ് അഞ്ചല്‍ക്കാരന്‍ യാത്ര ചെയ്തിരുന്നത്. ഈ മണിയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ ആളുകള്‍ വഴിമാറിക്കൊടുക്കണമെന്നായിരുന്നു വ്യവസ്ഥ.
പ്രാചീനകാലംമുതലേ ചാരന്‍മാര്‍ മുഖാന്തരം കത്തിടപാടുകള്‍ നടത്തുന്ന പതിവ് കേരളത്തിലുണ്ടായിരുന്നു. മാര്‍ത്താണ്ഡവര്‍മയുടെ ഭരണകാലത്ത് (1729-58) വിരുത്തി അനുഭവക്കാര്‍ മുഖാന്തരം സര്‍ക്കാര്‍വക സാധനങ്ങള്‍, നീട്ടുകള്‍ എന്നിവ കച്ചേരികളില്‍ എത്തിച്ചുകൊടുത്തിരുന്നു. വെള്ളിക്കെട്ടും ശംഖുമുദ്രയും 'ശ്രീപദ്മനാഭന്‍ തുണ' എന്ന ലിഖിതവുമുള്ള വെള്ളിത്തടികള്‍ ഇവര്‍ക്കു നല്കിയിരുന്നു. കൊ.വ. 941-ല്‍ (1765-66) തിരുവിതാംകൂറിലെ അഞ്ചല്‍സമ്പ്രദായം വികസിപ്പിക്കുകയും ചേര്‍ത്തലയ്ക്കപ്പുറംവരെ അത് നീട്ടുകയും ചെയ്തു. തിരുവിതാംകൂര്‍-കൊച്ചി അതിര്‍ത്തിത്തര്‍ക്കത്തെപ്പറ്റിയുള്ള സര്‍ക്കാര്‍ രേഖകളില്‍ ഇതിനെപ്പറ്റി പല പരാമര്‍ശങ്ങളും കാണാം.
1784-ല്‍ കാര്‍ത്തികതിരുനാള്‍ രാമവര്‍മ രാജാവ് അഞ്ചല്‍വകുപ്പ് മെച്ചപ്പെടുത്തുകയും പല പുതിയ സമ്പ്രദായങ്ങള്‍ ആവിഷ്കരിക്കുകയും ചെയ്തു. 1790-ല്‍ ടിപ്പു സുല്‍ത്താന്‍ പരാജയപ്പെട്ടുവെന്നവിവരം ഇടപ്പള്ളിയിലെ ഒരു അഞ്ചല്‍മാസ്റ്റര്‍ രാജാവിനെ അറിയിച്ചതിന്റെ സന്തോഷസൂചകമായി ഇടപ്പള്ളി അഞ്ചലാഫീസ് പരമ്പരാഗതമായി അയാള്‍ക്ക് വിട്ടുകൊടുത്തതായി ഒരു ചെമ്പുപട്ടയത്തില്‍ പറയുന്നു. 1880-81 ലാണ് ഈ ആനുകൂല്യം നിര്‍ത്തലാക്കിയത്.
സര്‍ റോളണ്ട് ഹിലിന്റെ 'പെന്നി പോസ്റ്റേജി'നും (Penny Postage-1840) ലോകത്തെങ്ങുമുണ്ടായ തപാല്‍സമ്പ്രദായത്തിന്റെ പരിഷ്കാരങ്ങള്‍ക്കും മുമ്പാണ് തിരുവിതാംകൂറില്‍ അഞ്ചല്‍ പ്രാബല്യത്തിലിരുന്നത്.
1790-ല്‍ സംസ്ഥാനത്ത് രണ്ട് അഞ്ചല്‍ഡിവിഷനുകള്‍ ഉണ്ടായിരുന്നു: തോവാള മുതല്‍ വര്‍ക്കല വരെ ഒരു ഡിവിഷനും കൊല്ലം മുതല്‍ പറവൂര്‍ വരെ മറ്റൊരു ഡിവിഷനും. ഓരോ ഡിവിഷനും ഓരോ മേല്‍വിചാരിപ്പിന്റെ അധീനതയിലായിരുന്നു. 66 പണമാണ് (ഒരു പണം = 4 ചക്രം; ഒരു രൂപാ = 7 പണം) മേല്‍വിചാരിപ്പിന്റെ ഒരു മാസത്തെ ശമ്പളം. 22 1/2 പണം ശമ്പളമുള്ള ഒരു ശിപായിയും ചേര്‍ന്നതാണ് മേല്‍വിചാരിപ്പിന്റെ ആഫീസ്. ശമ്പളത്തിനുപുറമേ ഡഫേദാര്‍ക്ക് ഭക്ഷണവും നല്കിയിരുന്നു.
കൊ.വ. 984-ല്‍ (1809) തിരുവിതാംകൂറില്‍ 51 അഞ്ചലാഫീസുകളുണ്ടായിരുന്നു. പിന്നീട് ഒരു ഡിവിഷന്‍കൂടിയുണ്ടായി. അന്ന് അഞ്ചല്‍വകുപ്പിന്റെ ഒരു കൊല്ലത്തെ മൊത്തംചെലവ് 7,765 രൂപ 18 ചക്രം വരുന്ന 54,359 ½ പണം ആയിരുന്നു. രാജ്യത്തെ നീതിന്യായസ്ഥാപനങ്ങള്‍ അവയുടെ സന്ദേശങ്ങള്‍ അഞ്ചലാഫീസ് മുഖേന അയയ്ക്കണമെന്ന് 1814-ലെ വിളംബരം വ്യവസ്ഥചെയ്തു. ഭൂവുടമകള്‍ കച്ചേരിയിലേക്കയയ്ക്കുന്ന പരാതികള്‍ എഴുതി അഞ്ചലാഫീസുകളിലൂടെ അയയ്ക്കണമെന്ന് 1818-ലെ മറ്റൊരു വിളംബരത്തിലുണ്ട്. ഈ സേവനം സൗജന്യമായിരുന്നു. പരാതികളുടെ പരമാര്‍ഥത അഞ്ചല്‍പിള്ളമാര്‍ക്ക് ബോധ്യമായിരിക്കണമെന്നുണ്ട്. എക്സ്പ്രസ് കത്തുകളയയ്ക്കുന്നതിനും അന്ന് സൗകര്യമുണ്ടായിരുന്നു.
കേണല്‍ മണ്‍റോയുടെ ഭരണകാലത്ത് (1812-18) അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഒരു ഉദ്യോഗസ്ഥനായ ഹാരിസണെ വകുപ്പുതലവനായി നിയമിച്ചതോടെ അഞ്ചല്‍വകുപ്പധ്യക്ഷന്റെ ശമ്പളം 66 പണത്തില്‍നിന്നും 300 രൂപയായി ഉയര്‍ന്നു. അഞ്ചല്‍ വകുപ്പിന്റെ ഭരണത്തില്‍ വകുപ്പുതലവനെ സഹായിക്കാന്‍ ഒരാളിന്റെ സേവനംകൂടി വിട്ടുകൊടുത്തു. പിന്നീട് ഇന്ത്യക്കാരനെ ഈ ഉദ്യോഗത്തില്‍ നിയമിച്ചതോടെ ശമ്പളം 2,100 പണത്തില്‍നിന്നും 147 3⁄8പണമാക്കി കുറച്ചു.
ഭരണക്രമം. 1826-ല്‍ വകുപ്പിന്റെ ചെലവ് 1,100 രൂപയ്ക്കു മേലായിരുന്നു.
തിരുവിതാംകൂര്‍ അഞ്ചല്‍വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ താഴെ പറയുന്നവയായിരുന്നു:-
(1) നാട്ടിന്‍പുറങ്ങളില്‍ സര്‍വീസ് കവറുകള്‍ അയയ്ക്കുക;
(2) കൊട്ടാരത്തിലേക്കാവശ്യമായ മലക്കറികള്‍ നാട്ടിന്‍പുറങ്ങളില്‍നിന്നും തലസ്ഥാനത്തെത്തിക്കുക;
(3) പദ്മനാഭസ്വാമിക്ഷേത്രത്തിലേക്കാവശ്യമായ പൂക്കളും മറ്റും നാട്ടിന്‍പുറങ്ങളില്‍നിന്നും തലസ്ഥാനത്തെത്തിക്കുക;
(4) ഉദ്യോഗസ്ഥന്‍മാരും ഭരണാധിപനും തമ്മിലുള്ള കത്തിടപാടുകള്‍ യഥാസമയം കൈമാറുക.
ദിവാന്റെ നേരിട്ടുള്ള നിയന്ത്രണത്തിന്‍കീഴിലായിരുന്ന അഞ്ചല്‍വകുപ്പ് ഹജൂര്‍ രായസവകുപ്പിന്റെ ഒരു ഭാഗമായി പ്രവര്‍ത്തിച്ചുവന്നു.
147 പണം ശമ്പളമുള്ള ഒരു മേല്‍വിചാരിപ്പുകാര്‍, 45 പണം ശമ്പളത്തില്‍ രണ്ടു ശേഖരിപ്പുകാര്‍, രണ്ടു ക്ലാര്‍ക്ക്, ഒരു കാഷ്യര്‍, രണ്ടു ശിപായിമാര്‍, 47 അഞ്ചല്‍പിള്ളമാര്‍, 170 അഞ്ചലോട്ടക്കാര്‍ എന്നിവര്‍ അടങ്ങുന്നതായിരുന്നു ഈ വകുപ്പ്. മേല്‍വിചാരിപ്പുകാര്‍ക്ക് വളരെ കൂടുതല്‍ അധികാരങ്ങളുണ്ട്. കുറ്റവാളികളായ ഓട്ടക്കാര്‍ക്ക് ശാരീരികശിക്ഷവിധിക്കുന്നതിന് മേല്‍വിചാരിപ്പുകാര്‍ക്ക് അധികാരമുണ്ടായിരുന്നു.
വകുപ്പിലെ ഉദ്യോഗസ്ഥന്‍മാര്‍ക്ക് ശമ്പളം വിതരണം ചെയ്യുന്നത് ശേഖരിപ്പുകാരാണ്. അഞ്ചല്‍പിള്ളമാരുടെ ശമ്പളം 15 പണം മുതല്‍ 25 പണംവരെയായിരുന്നു; ഓട്ടക്കാരന്റെ ശമ്പളം 10 പണം മുതല്‍ 25 പണംവരെയും. കൂടാതെ ചൂടുപാളവകയ്ക്ക് ഒരു അലവന്‍സും അനുവദിച്ചിരുന്നു. ശംഖുമുദ്ര പതിച്ചതും അഗ്രം കൂര്‍ത്തതുമായ ഒരു മണിത്തടിയും മണികെട്ടിയ അരപ്പട്ടയും ധരിച്ചാണ് അയാള്‍ ഓടുന്നത്. ശത്രുക്കളില്‍നിന്നും കള്ളന്‍മാരില്‍നിന്നും രക്ഷ നേടുന്നതിനാണ് കുന്തംപോലുള്ള ഈ മണിത്തടി. ഓട്ടക്കാരന്റെ പോക്കിന് തടസ്സമുണ്ടാക്കുന്ന തരത്തില്‍ ആളുകള്‍ നില്ക്കരുതെന്ന് വ്യവസ്ഥയുണ്ട്. ഓട്ടക്കാരന്‍ നടുറോഡില്‍കൂടി ഓടണമെന്നുണ്ടായിരുന്നു. അയാള്‍ ഒരു മണിക്കൂറില്‍ രണ്ടു മൈല്‍ ഓടണം. ഒരു മണിക്കൂര്‍ താമസിച്ചാല്‍ ഒരു ചക്രം പിഴ ഈടാക്കും; എക്സ്പ്രസ് മെയിലുകളാണെങ്കില്‍ പിഴരണ്ടു ചക്രവും.
അഞ്ചല്‍മാസ്റ്ററുടെ ഔദ്യോഗികകൃത്യങ്ങളില്‍ എഴുത്ത് വിതരണംചെയ്യുന്ന ശിപായിയുടെ ജോലിയും ഉള്‍പ്പെട്ടിരുന്നു. ശിപായിമാരെ 'ചെലവുസാധനക്കാര്‍' എന്നുവിളിച്ചുവന്നു.
1848-49 വരെ അഞ്ചല്‍വകുപ്പ് സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിച്ചിരുന്നുള്ളു. 1849-ല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ക്കും പരാതിക്കാര്‍ക്കും കത്തുകള്‍ കൂലി കൂടാതെ അയയ്ക്കാമെന്ന് വ്യവസ്ഥചെയ്തു. ഇങ്ങനെ കൂലികൂടാതെ കത്തുകള്‍ അയയ്ക്കുന്നത് വളരെ പരാതികള്‍ക്കിടയാക്കി. അതിന്റെ ഫലമായി ന്യായമായ പരാതികളാണ് അഞ്ചല്‍വഴി അയയ്ക്കുന്നതെന്ന് എഴുതിക്കൊടുത്ത് അഞ്ചല്‍മാസ്റ്ററെ ബോധ്യപ്പെടുത്തേണ്ടതാണെന്ന് നിഷ്കര്‍ഷിച്ചു. പനയോലകളിലാണ് എഴുത്തുകള്‍ അയച്ചിരുന്നത്. പനയോലയിലെഴുതി ചൈനാപേപ്പറിലോ ചെങ്കോട്ട പേപ്പറിലോ ഉള്ളടക്കംചെയ്ത് മേല്‍വിലാസം എഴുതുക, നീളമുള്ള പനയോലയില്‍ എഴുതി ചുരുളാക്കി, ചുരുളിന്റെ പുറത്ത് മേല്‍വിലാസം എഴുതുക - എന്നിങ്ങനെ രണ്ടുതരത്തില്‍ എഴുത്തയച്ചിരുന്നു. അഞ്ചലാഫീസുകാര്‍ ഈ എഴുത്തുകള്‍ തിരിയുകയും (sort) ഒരു സ്ഥലത്തേക്കുള്ള എഴുത്തുകള്‍ ഒന്നിച്ചു കെട്ടി അയയ്ക്കുകയും ചെയ്തിരുന്നു.
പരിഷ്കാരങ്ങള്‍. 1860-61-ല്‍ സ്വകാര്യവ്യക്തികള്‍ അയയ്ക്കുന്ന കത്തുകള്‍ക്ക് ഒരു കവറിന് ഒരു ചക്രം എന്ന നിരക്ക് ഏര്‍പ്പെടുത്തി. എഴുത്തിന്റെ ഭാരം കണക്കിലെടുത്തിരുന്നില്ല. ഈ വര്‍ഷംതന്നെ എക്സ്പ്രസ് കത്തുകളയയ്ക്കുന്നതിനു വ്യവസ്ഥകളുണ്ടായി.
1861-ല്‍ 40 രൂപ ശമ്പളത്തില്‍ ഒരു സൂപ്രണ്ടിനെ നിയമിച്ചു; തപാല്‍നിരക്കുകള്‍ ക്രമപ്പെടുത്തി ആഫീസുകള്‍ പരിശോധിക്കുന്നതിന് സൂപ്രണ്ടിന്റെ കീഴില്‍ 4 ഇന്‍സ്‍പെക്ടര്‍മാരെയും നിയമിച്ചു. ഈ വര്‍ഷത്തിന്റെ അവസാനത്തില്‍ ഗ്രാമപ്രദേശങ്ങളില്‍ എഴുത്തുകൊടുക്കുന്നതിന് 'നടക്കൂലി' ഏര്‍പ്പെടുത്തി.
1865-66-ല്‍ എഴുത്തുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സമ്പ്രദായം നടപ്പില്‍വന്നു. രജിസ്റ്റര്‍ ചെയ്യുന്നതിന് 7 ചക്രം ഈടാക്കിയിരുന്നു. 1868-69-ല്‍ തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍വരെ തപാല്‍ബോട്ടുകള്‍ നടപ്പിലാക്കി. 1871-72-ല്‍ പ്രധാന ഓഫീസുകളുടെ ആവശ്യത്തിന് തീയതിമുദ്രകള്‍ ആദ്യമായി ഉണ്ടാക്കി. 1872-73-ല്‍ ആഫീസുകള്‍ക്ക് ക്ളോക്കുകള്‍ നല്കി; 1873-74-ല്‍ പനയോലയ്ക്കുപകരം കടലാസ് ഉപയോഗിച്ചുതുടങ്ങി. 1875-ല്‍ എഴുത്തുകള്‍ തിരിയുന്നതിന് ഉദ്യോഗസ്ഥന്‍മാരെ നിയമിച്ചു.
1881-ല്‍ ബ്രിട്ടിഷ് തപാല്‍വകുപ്പില്‍ പരിചയം സിദ്ധിച്ച ഒരു ഉദ്യോഗസ്ഥനെ വകുപ്പിന്റെ മേധാവിയായി നിയമിച്ചു; അയാള്‍ക്ക് പ്രതിമാസം 100 രൂപ ശമ്പളം നല്കിവന്നു. പുതിയ നിയമങ്ങള്‍ പാസ്സാക്കുകയും ശമ്പളനിരക്ക് വര്‍ധിപ്പിക്കുകയും ചെയ്തത് ഇക്കാലത്താണ്; രജിസ്റ്റ്രേഷന്റെ വ്യാപ്തിയും വര്‍ധിപ്പിച്ചു. 1888-ല്‍ എഴുത്ത് പ്രാപ്യസ്ഥാനത്ത് കിട്ടിയെന്നറിയിക്കുന്ന രസീത് (acknowledgement receipt) നല്കാന്‍ വ്യവസ്ഥകളും ഉണ്ടായി. രണ്ടുചക്രം അതിനു വസൂലാക്കിയിരുന്നു. അഞ്ചല്‍വകുപ്പിനെ സംബന്ധിച്ചുള്ള പരാതികള്‍ അയയ്ക്കുന്നതിന് കൂലി കൊടുക്കേണ്ടതില്ല.
1888-ലാണ് അഞ്ചല്‍സ്റ്റാമ്പുകളും കാര്‍ഡുകളും ഉപയോഗിച്ചുതുടങ്ങിയത്. സ്റ്റാമ്പിന്റെ ആവിര്‍ഭാവം ജനങ്ങള്‍ക്കു വളരെ സൌകര്യങ്ങളുണ്ടാക്കി. അതുപോലെതന്നെ ഉദ്യോഗസ്ഥന്‍മാര്‍ക്ക് ഓരോ ചക്രത്തിനും ഓരോ രസീത് നല്കുന്ന ബുദ്ധിമുട്ട് ഒഴിവാകുകയും ചെയ്തു. 1890-91-ല്‍ മറുപടിക്കാര്‍ഡ് (Reply card) നടപ്പിലാക്കി. 1892-ല്‍ അഞ്ചല്‍വകുപ്പ് ബ്രിട്ടിഷ് തപാല്‍വകുപ്പുമായി ലയിപ്പിക്കണമെന്ന നിര്‍ദേശങ്ങളുണ്ടായി. പക്ഷേ, അതു വേണ്ടെന്ന് നിശ്ചയിക്കപ്പെട്ടു. 1892-98-ല്‍ പല അഞ്ചലാഫീസുകളും സ്കൂള്‍മാസ്റ്റര്‍മാരുടെ കീഴിലാക്കി. 1894-95-ല്‍ 'ഡെഡ് ലെറ്റര്‍ ഓഫീസ്' (Dead Letter Office) തുറന്നു. 1899-ല്‍ നടക്കൂലി സമ്പ്രദായം നിര്‍ത്തലാക്കി. 1900-ല്‍ അഞ്ചല്‍നിരക്കുകള്‍ക്ക് ചില ഭേദഗതികള്‍ വരുത്തി. 1902-ല്‍ സേവിങ്സ് ബാങ്ക് ആരംഭിച്ചു. 1901-02-ല്‍ മണിയോര്‍ഡര്‍ അയയ്ക്കുന്നതിന് വ്യവസ്ഥകളുണ്ടായി. കിട്ടുന്നയാള്‍ അയയ്ക്കുന്ന ആളിന് എന്തെങ്കിലും വിവരങ്ങള്‍ എഴുതുന്നതിന് ഫാറത്തില്‍ സ്ഥലം ഉണ്ടായിരുന്നു. ഈ ആനുകൂല്യം ബ്രിട്ടിഷ് തപാല്‍വകുപ്പില്‍ ഉണ്ടായിരുന്നില്ല.
1903-04-ല്‍ 150 അഞ്ചലാഫീസുകളും 179 എഴുത്തുപെട്ടികളുമുണ്ടായിരുന്നു. അക്കൊല്ലം 49,01,609 എഴുത്തുകള്‍ പോസ്റ്റ് ചെയ്തിരുന്നു. അഞ്ചലുരുപ്പടികള്‍ അന്ന് ആകെ സഞ്ചരിച്ചിരുന്ന ദൂരം 1,500 കി.മീ. ആയിരുന്നു. അഞ്ചല്‍ നിരക്കുകള്‍ക്ക് കാലികവ്യതിയാനങ്ങള്‍ വരുത്തിയിട്ടുണ്ട്. അഞ്ചല്‍സേവനം ചെലവു കുറഞ്ഞതായിരിക്കണമെന്ന ഉദ്ദേശത്തോടെയാണ് നിരക്കുകള്‍ നിശ്ചയിച്ചിരുന്നത്. തിരുവിതാംകൂര്‍ അഞ്ചല്‍ ഇന്ത്യയില്‍ ഏറ്റവും ചെലവുകുറഞ്ഞതായിരുന്നു. 1935-36-ല്‍ 344 അഞ്ചലാഫീസുകളും 522 എഴുത്തുപെട്ടികളും ഉണ്ടായിരുന്നു. അഞ്ചല്‍ മെയില്‍ ലൈനിന്റെ ദൈര്‍ഘ്യം 2,500 കി.മീ. ആയിരുന്നു; 1,400 കി.മീ. മെയില്‍ റണ്ണര്‍ വഴിക്കും 840 കി.മീ. മോട്ടോര്‍ബസ് വഴിക്കും 28 കി.മീ. മോട്ടോര്‍ ബോട്ടുവഴിക്കും 158 കി.മീ. തീവണ്ടിവഴിക്കുമായിരുന്നു. ഇക്കാലത്ത് 225 ലക്ഷം എഴുത്തുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കൊച്ചിയില്‍. 1791-ലാണ് കൊച്ചിയില്‍ അഞ്ചല്‍സമ്പ്രദായം ആരംഭിച്ചത്. അന്ന് ഔദ്യോഗികവിവരങ്ങള്‍ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുന്നതിന് മാത്രമായി ഇത് ഉപയോഗിക്കപ്പെട്ടിരുന്നു. ദിവാന്‍ ശങ്കുണ്ണിമേനോന്റെ ഭരണകാല(1860-79)ത്താണ് ബ്രിട്ടിഷ് ഇന്ത്യന്‍ മാതൃകയില്‍ സ്വകാര്യവ്യക്തികള്‍ അയയ്ക്കുന്ന കത്തുകള്‍ എത്തിക്കുന്ന ഏര്‍പ്പാട് തുടങ്ങിയത്. 1885-ല്‍ സ്വകാര്യവ്യക്തികളുടെ എഴുത്തുകളും പാഴ്സലുകളും സ്വീകരിക്കുകയും അവയ്ക്ക് കൂലി ഈടാക്കുകയും ചെയ്തിരുന്നു. 1892-ല്‍ സ്റ്റാമ്പുകളും കാര്‍ഡും ഇറക്കി. ഈ വകുപ്പിന്റെ തലവനെ സൂപ്രണ്ടെന്നായിരുന്നു വിളിച്ചിരുന്നത്. ഈ വകുപ്പിനോടനുബന്ധിച്ച് ഒരു ഡെഡ്‍ലെറ്റര്‍ ഓഫീസും ഉണ്ടായിരുന്നു.
സ്വാതന്ത്യ ലബ്ധിക്കുശേഷം തിരു-കൊച്ചിയില്‍ നിലവിലിരുന്ന അഞ്ചല്‍സമ്പ്രദായം ഇന്ത്യന്‍ തപാല്‍വകുപ്പില്‍ ലയിച്ചു. 1951 ഏ. 1-ന് അഞ്ചല്‍വകുപ്പ് നിറുത്തലാക്കി. അതിനുമുമ്പ് തിരുവിതാംകൂറും കൊച്ചിയും തമ്മില്‍ അഞ്ചല്‍ ഉരുപ്പടികള്‍ പരസ്പരം അയയ്ക്കുകയും കൈമാറുകയും ചെയ്തിരുന്നുവെങ്കിലും പുറത്തേക്കുള്ള എല്ലാ എഴുത്തുകുത്തുകളും തപാല്‍മാര്‍ഗം മാത്രമേ അയയ്ക്കാന്‍ പാടുണ്ടായിരുന്നുള്ളു. നോ: തപാല്‍ സര്‍വീസ്; പെനിപോസ്റ്റ്