This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അജയ്കുമാര്‍ ഘോഷ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:56, 16 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അജയ്കുമാര്‍ ഘോഷ് (1909 - 62)

ഇന്ത്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടിനേതാവ്. 1909 ഫെ. 20-ന് കാണ്‍പൂരിനടുത്തുള്ള മിഹിജം ഗ്രാമത്തില്‍ ഡോ. ശചീന്ദ്രനാഥ് ഘോഷിന്റെയും സുധാംശുബാലയുടെയും മകനായി ജനിച്ചു. കാണ്‍പൂരിലായിരുന്നു അജയ്കുമാര്‍ ആദ്യകാല വിദ്യാഭ്യാസം നടത്തിയിരുന്നത്. 1926-ല്‍ അലഹാബാദ് സര്‍വകലാശാലയില്‍ ചേര്‍ന്ന് രസതന്ത്രം ഐച്ഛികവിഷയമായി ബി.എ. (ഓണേഴ്സ്) പാസ്സായി. ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റു റിപ്പബ്ളിക്ക് അസോസിയേഷന്‍ നേതാവായ ഭഗത് സിങ്ങുമായി ബന്ധപ്പെട്ടതോടെ (1928)യാണ് ഇദ്ദേഹത്തിന്റെ പൊതുജീവിതമാരംഭിക്കുന്നത്. ഭീകരപ്രവര്‍ത്തനങ്ങളില്‍ വിശ്വസിക്കാന്‍ തുടങ്ങിയതും ഈ കാലത്താണ്. ലാഹോര്‍ഗൂഢാലോചനക്കേസിനെത്തുടര്‍ന്ന് അജയ്കുമാര്‍ ജയിലിലടയ്ക്കപ്പെട്ടു. 1928 മുതല്‍ 30 വരെ ജയില്‍വാസം അനുഭവിച്ചു. കേസിന്റെ വിധി (1930 ഒ.) അനുസരിച്ച് ഭഗത് സിങ്ങുള്‍പ്പെടെ മൂന്നുപേരെ തൂക്കിക്കൊന്നു. ശരിയായ തെളിവില്ലാത്ത കാരണത്താല്‍ ഇദ്ദേഹത്തെ വെറുതെ വിട്ടു.

അജയകുമാര്‍ ഘോഷ്

പിന്നീട് ഇദ്ദേഹം കാണ്‍പൂരിലെത്തി ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തില്‍ സജീവമായി പങ്കുവഹിക്കാന്‍ തുടങ്ങി. അന്നു മുതല്ക്കാണ് ഇദ്ദേഹവും ആദ്യത്തെ 'ഇന്ത്യന്‍ കമ്യൂണിസ്റ്റ്' ആയ സര്‍ദേശായിയുമായി ബന്ധപ്പെടുന്നത്. കമ്യൂണിസ്റ്റുപാര്‍ട്ടിയെ നിരോധിച്ചതോടു കൂടി (1934) അജയ്കുമാര്‍ ഒളിവിലായി. 1933-34 കാലത്ത് ഇദ്ദേഹം കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി അംഗമായി; 1936-ല്‍ പോളിറ്റ്ബ്യൂറോ അംഗവും. 1937-ല്‍ കാണ്‍പൂരിലെ 6 ലക്ഷത്തില്‍പരം മില്‍തൊഴിലാളികളെ സംഘടിപ്പിച്ച് സമരരംഗത്തിറക്കി. 1938-ല്‍ ഇദ്ദേഹം 'നാഷനല്‍ ഫ്രണ്ട്' വാരികയുടെ പത്രാധിപസമിതിയംഗമായി. മാര്‍ക്സിസത്തിന്റെ പ്രചാരകനായി പ്രവര്‍ത്തിച്ചിരുന്ന അജയ്കുമാറിനെ 1940-ല്‍ അറസ്റ്റുചെയ്തു സിയോലിജയിലില്‍ പാര്‍പ്പിച്ചു. രാഷ്ട്രീയതടവുകാരോടുള്ള ഗവണ്‍മെന്റിന്റെ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് ഇദ്ദേഹം ജയിലില്‍ നിരാഹാരസമരം അനുഷ്ഠിച്ചു. പൊതുജനസമ്മര്‍ദം മൂലം 1942-ല്‍ ഇദ്ദേഹം ജയിലില്‍നിന്നും മോചിപ്പിക്കപ്പെട്ടു. ക്ഷയരോഗബാധിതനായെങ്കിലും അതൊന്നും വകവയ്ക്കാതെ ഇദ്ദേഹം വീണ്ടും തൊഴിലാളിരംഗത്ത് സജീവപ്രവര്‍ത്തനം തുടര്‍ന്നു. 1947-ല്‍ പഞ്ചാബിലെ കമ്യൂണിസ്റ്റുപാര്‍ട്ടി പ്രവര്‍ത്തകയായ ലിത്തൊറായിയെ ഇദ്ദേഹം വിവാഹം ചെയ്തു. അധികം താമസിയാതെ ഇദ്ദേഹം വീണ്ടും യെര്‍വാദ ജയിലില്‍ അടയ്ക്കപ്പെട്ടു. ക്ഷയരോഗം മൂര്‍ഛിച്ചതോടെ, 1950 ജൂല.യില്‍ ഇദ്ദേഹത്തെ തടവില്‍നിന്നു മോചിപ്പിച്ചു. ചികിത്സയ്ക്കും വിശ്രമത്തിനുമായി ഇദ്ദേഹം മദനപ്പള്ളി, റാഞ്ചി, കാശ്മീര്‍ എന്നിവിടങ്ങളില്‍ കുറേക്കാലം താമസിച്ചു. ഘാട്ടേ, ഡാങ്കേ എന്നിവരൊത്തു ഒരു പുതിയ രാഷ്ട്രീയ സിദ്ധാന്തത്തിനു രൂപം നല്കിയത് ഇക്കാലത്താണ്. 1951 ഒ.-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍സെക്രട്ടറിയായി. 1957-ലും 1960-ലും മോസ്കോയില്‍വച്ചു നടന്ന കമ്യൂണിസ്റ്റുപാര്‍ട്ടി സമ്മേളനങ്ങളില്‍ ഇന്ത്യന്‍ പ്രതിനിധിസംഘത്തെ നയിച്ചത് അജയ്കുമാറാണ്. 1962-ല്‍ ബീഹാറിലുണ്ടായ ലഹളയൊതുക്കാന്‍ ഇദ്ദേഹം പരിശ്രമിച്ചു. രോഗം വീണ്ടും വര്‍ധിച്ചപ്പോള്‍ ഇദ്ദേഹത്തെ ഡല്‍ഹിയില്‍ ഒരു നേഴ്സിങ്ഹോമില്‍ ചികിത്സാര്‍ഥം പ്രവേശിപ്പിച്ചു. അവിടെവച്ച് 1962 ജനു. 13-ന് അജയ്കുമാര്‍ അന്തരിച്ചു.

ഇദ്ദേഹത്തിന്റെ പ്രബന്ധങ്ങളില്‍, ദ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ ഇന്‍ സ്ട്രഗിള്‍ ഫൊര്‍ എ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് ഫൊര്‍ എ പീപ്പിള്‍സ് ഡെമോക്രാറ്റിക് ഗവണ്‍മെന്റ് (The Communist Party of India in Struggle for a United Democratic Front for a people's Democratic Governm ent,1951 ഓണ്‍ ദ ഇന്ത്യന്‍ ബൂര്‍ഷ്വാ ക്വസ്റ്റ്യന്‍സ് ഒഫ് തിയറി (On the Indian Bourgeoise Questions of Theory, 1956), ഓണ്‍ ഇന്ത്യാസ് പാത്ത് റ്റു ഡവലപ്പ്മെന്റ് (On India's path to Development,1956) തുടങ്ങിയവ പ്രാധാന്യം അര്‍ഹിക്കുന്നവയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍