This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയ്യന്‍കാളി (1863 - 1941)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:59, 14 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അയ്യന്‍കാളി (1863 - 1941)

സാമൂഹിക പരിഷ്കര്‍ത്താവും അധഃസ്ഥിത നവോത്ഥാന നായകനും. 1863 ആഗ. 28-ന് തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ പെരുങ്കാട്ടുവിളയില്‍ അയ്യന്റെയും മാലയുടെയും പുത്രനായി ജനിച്ചു. കാളി എന്നായിരുന്നു മാതാപിതാക്കള്‍ മകനു നല്‍കിയ പേര്. സാമൂഹികപ്രവര്‍ത്തനങ്ങളില്‍ സജീവമായതോടെ കാളി, അയ്യന്‍കാളി എന്നപേരില്‍ ശ്രദ്ധേയനായി. അയിത്തജാതിക്കാരായി കണക്കാക്കി അടിച്ചമര്‍ത്തപ്പെട്ടിരുന്ന പുലയസമുദായത്തില്‍ ജനിച്ചതിനാല്‍ അയ്യന്‍കാളിക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. ഇദ്ദേഹത്തിനു വിദ്യാഭ്യാസം ചെയ്യാന്‍ താത്പര്യം ഉണ്ടായിരുന്നെങ്കിലും അന്നത്തെ ജാതിനിയമങ്ങള്‍ അതിനു തടസ്സം സൃഷ്ടിച്ചു. എന്നാല്‍ കലാകായികരംഗങ്ങളില്‍ ബാല്യത്തില്‍ത്തന്നെ അയ്യന്‍കാളി പ്രാഗല്ഭ്യം തെളിയിച്ചു. ബാല്യത്തില്‍ത്തന്നെ ജാതിയുടെയും അയിത്തത്തിന്റെയും തിക്തഫലങ്ങള്‍ അനുഭവിച്ച അയ്യന്‍കാളി യുവാവായപ്പോള്‍ ജാത്യാചാരങ്ങളെ വെല്ലുവിളിച്ചുകൊണ്ടു ദലിതരുടെ മനുഷ്യാവകാശങ്ങള്‍ക്കും സാമൂഹികസമത്വത്തിനുംവേണ്ടി പ്രവര്‍ത്തനനിരതനായി.

ഈ കാലഘട്ടത്തിലാണ് അയ്യന്‍കാളി തിരുവനന്തപുരത്ത് വച്ച് പാണ്ടിപ്പറയ സമുദായത്തില്‍ പിറന്ന തൈക്കാട് അയ്യാവുസ്വാമിയെ പരിചയപ്പെടുന്നത്. ഇംഗ്ലീഷുകാരുടെ സഹായത്തോടെ വിദ്യാഭ്യാസം നേടിയ സ്വാമികള്‍ അയ്യന്‍കാളിയോട് സംഘശക്തിയെപ്പറ്റിയും അധഃസ്ഥിതജനവിഭാഗങ്ങളുടെ മോചനത്തെപ്പറ്റിയും ഉപദേശിച്ചതോടെ അയ്യന്‍കാളി ദലിതരുടെ മനുഷ്യാവകാശപോരാട്ടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ശ്രീനാരായണഗുരുവിന്റെയും ചട്ടമ്പിസ്വാമിയുടെയും ആത്മീയോപദേഷ്ടാവായ സ്വാമികളില്‍നിന്നാണ് അയ്യന്‍കാളി ജാതിവ്യവസ്ഥ, അയിത്താചാരം എന്നിവയുടെ നിരര്‍ഥകതയെപ്പറ്റി ഉദ്ബുദ്ധനാകുന്നത്.

1888-ല്‍ അയ്യന്‍കാളി മഞ്ചാംകുഴിയില്‍ ചെല്ലമ്മയെ വിവാഹം കഴിക്കുകയും, വെങ്ങാനൂരിലെ തെക്കേവിളയിലേക്കു താമസം മാറ്റുകയുംചെയ്തു. വിവാഹാനന്തരം അയ്യന്‍കാളി സാമൂഹികപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായി. അയിത്തജാതിക്കാര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം നേടുകയായിരുന്നു അയ്യന്‍കാളിയുടെ പ്രഥമലക്ഷ്യം. അക്കാലത്ത് ഹിന്ദുമതത്തിലെ അയിത്തജാതിക്കാരായി കണക്കാക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങള്‍ക്ക് പൊതുനിരത്തുകളില്‍ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നു. ഈ നീതിനിഷേധത്തെ വെല്ലുവിളിച്ച അയ്യന്‍കാളി 1889-ല്‍ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി വെങ്ങാനൂരില്‍നിന്നും ബാലരാമപുരത്തേക്ക് ജാഥ നയിച്ചു. സവര്‍ണഹിന്ദുക്കള്‍ ജാഥയെ നേരിട്ടതോടെ അതൊരു കലാപമായിമാറി. പ്രസ്തുത കലാപം ചാലിയാര്‍ തെരുവു ലഹള എന്നപേരില്‍ അറിയപ്പെട്ടു. 1893-ല്‍ അയ്യന്‍കാളി ഒരു വില്ലുവണ്ടി വാങ്ങി അതില്‍ പൊതുനിരത്തിലൂടെ സഞ്ചരിച്ചു. യാഥാസ്ഥിതികരായ ഹിന്ദുക്കള്‍ ബലപ്രയോഗത്തിലൂടെ അയ്യന്‍കാളിയെ നേരിടാന്‍ തയ്യാറായെങ്കിലും അതില്‍ വിജയിച്ചില്ല. വില്ലുവണ്ടിയാത്ര വിജയിച്ചതോടെ അയ്യന്‍കാളി തിരുവിതാംകൂറില്‍ ഒരു സാമൂഹികവിപ്ലവകാരി എന്ന നിലയില്‍ ശ്രദ്ധേയനായി. 1898-ല്‍ അയ്യന്‍കാളി സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം കൂടുതല്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി ഇദ്ദേഹം അനുയായികളുമായി വെങ്ങാനൂരില്‍ നിന്നു പൊതുനിരത്തിലൂടെ ആറാലുംമൂട്ടിലേക്കു സഞ്ചരിച്ചു. ജാഥ ആറാലുംമൂട് എത്തിയപ്പോഴേക്കും സവര്‍ണര്‍ ജാഥയ്ക്കുനേരെ അക്രമം അഴിച്ചുവിട്ടതിനെത്തുടര്‍ന്ന് അതൊരു ലഹളയായിമാറി. കലാപത്തെത്തുടര്‍ന്ന് തിരുവിതാംകൂറിലുടനീളം അധഃസ്ഥിതജനവിഭാഗങ്ങള്‍ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി പ്രക്ഷോഭങ്ങളുമായി മുന്നോട്ടുവന്നു.

ജാതിവ്യവസ്ഥയും അയിത്താചാരവും കൊടികുത്തിവാണിരുന്ന അക്കാലത്ത് അയിത്തജാതിക്കാരായി കണക്കാക്കപ്പെട്ടിരുന്ന ദലിതര്‍ക്ക് സവര്‍ണര്‍ വിദ്യാഭ്യാസസ്വാതന്ത്ര്യം അനുവദിച്ചിരുന്നില്ല. അയിത്തജാതിക്കാരുടെ സഞ്ചാരസ്വാതന്ത്ര്യ പ്രക്ഷോഭത്തിന് തുടക്കംകുറിച്ച അയ്യന്‍കാളി പ്രസ്തുത ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസസ്വാതന്ത്ര്യത്തിനായി വീണ്ടും തന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. യാഥാസ്ഥിതിക ഹിന്ദുക്കള്‍ നടത്തിയിരുന്ന പള്ളിക്കൂടങ്ങളില്‍ ഒന്നുംതന്നെ അക്കാലത്ത് ദലിതര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ദലിതര്‍ വിദ്യാഭ്യാസം ആര്‍ജിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ട അയ്യന്‍കാളി സവര്‍ണമേധാവിത്വത്തെ വെല്ലുവിളിച്ചുകൊണ്ട് 1904-ല്‍ വെങ്ങാനൂരില്‍ ദലിതര്‍ക്കായി പ്രത്യേക പള്ളിക്കൂടം സ്ഥാപിച്ചു. സവര്‍ണഹിന്ദുക്കള്‍ പലപ്രാവശ്യം അഗ്നിക്കിരയാക്കിയ പ്രസ്തുത പള്ളിക്കൂടം പക്ഷേ അയ്യന്‍കാളി സധൈര്യം നിലനിറുത്തുകതന്നെ ചെയ്തു.

അയ്യന്‍കാളി സ്കൂള്‍:വെങ്ങാനൂര്‍

1904-ല്‍ ഒരു വര്‍ഷം നീണ്ടുനിന്ന കേരളത്തിലെ പ്രഥമ കര്‍ഷകത്തൊഴിലാളി സമരത്തിന് അയ്യന്‍കാളി നേതൃത്വം നല്‍കി. അധഃസ്ഥിത കുട്ടികള്‍ക്ക് വിദ്യാഭ്യാസസ്വാതന്ത്ര്യം, കര്‍ഷകത്തൊഴിലാളികളുടെ വേതനവര്‍ധന, ജോലിസമയം എട്ടുമണിക്കൂറായി നിജപ്പെടുത്തല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രസ്തുത സമരം ആരംഭിച്ചത്. 1905-ല്‍ ഈ സമരം വിജയകരമായി പര്യവസാനിച്ചു. കൂലിക്കൂടുതലും മറ്റ് ആവശ്യങ്ങളും അംഗീകരിച്ച ജന്മിമാര്‍ പക്ഷേ അധഃസ്ഥിത കുട്ടികളുടെ വിദ്യാഭ്യാസസ്വാതന്ത്ര്യം അനുവദിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് അധഃസ്ഥിതരുടെ മനുഷ്യാവകാശ പോരാട്ടങ്ങള്‍, പ്രത്യേകിച്ചും വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ അയ്യന്‍കാളി ശക്തമാക്കുകയും തത്ഫലമായി തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളില്‍ ദലിതര്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് ശ്രമം നടത്തുകയുമുണ്ടായി.

1905-ല്‍ അയ്യന്‍കാളി അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ സ്വാതന്ത്ര്യവും സാമൂഹികസമത്വവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സാധുജനപരിപാലനസംഘം എന്ന ഒരു സംഘടനയ്ക്ക് രൂപം നല്‍കി. അധഃസ്ഥിതരുടെ വിദ്യാഭ്യാസസ്വാതന്ത്ര്യത്തിനുവേണ്ടി സാധുജനപരിപാലനസംഘം നടത്തിയ പോരാട്ടങ്ങളുടെ ഫലമായി 1907-ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ദലിതര്‍ക്ക് വിദ്യാഭ്യാസസ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍ സര്‍ക്കാര്‍ സര്‍വീസിലെ ജാതിഹിന്ദുക്കള്‍ 1910 വരെ പ്രസ്തുത ഉത്തരവ് പൂഴ്ത്തിവയ്ക്കുകയും അധഃസ്ഥിതരുടെ വിദ്യാഭ്യാസസ്വാതന്ത്ര്യത്തെ അട്ടിമറിക്കുകയും ചെയ്തു. അയ്യന്‍കാളിയും സംഘവും പ്രക്ഷോഭം തുടര്‍ന്നുകൊണ്ടേയിരുന്നു. തത്ഫലമായി 1910-ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ദലിത്കുട്ടികളുടെ വിദ്യാഭ്യാസസ്വാതന്ത്ര്യത്തെ സ്ഥിരീകരിക്കുന്ന മറ്റൊരു ഉത്തവരു പുറപ്പെടുവിച്ചു. എന്നാല്‍ ഒരിടത്തും സവര്‍ണര്‍ പള്ളിക്കൂടങ്ങളില്‍ ദലിതരെ പ്രവേശിപ്പിച്ചില്ല. ജാതിഹിന്ദുക്കളുടെ നിഷേധാത്മകനിലപാടില്‍ പ്രതിഷേധിച്ചുകൊണ്ടു നാടിന്റെ നാനാഭാഗത്തും ദലിതര്‍ കലാപങ്ങള്‍ക്കൊരുങ്ങി. കലാപത്തിന്റെ ഭാഗമായി അയ്യന്‍കാളി പഞ്ചമി എന്ന പുലയക്കുട്ടിയുമായി ഊരുട്ടമ്പലം പള്ളിക്കൂടത്തില്‍ പ്രവേശിച്ചത് വലിയൊരു സംഘര്‍ഷത്തിനു വഴിതെളിച്ചു. അയ്യന്‍കാളിയുടെ വിദ്യാഭ്യാസസ്വാതന്ത്ര്യ പ്രക്ഷോഭത്തെത്തുടര്‍ന്നു തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളില്‍ ദലിതര്‍ പള്ളിക്കൂടങ്ങളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുകയും അത് വലിയ അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയും ചെയ്തു. ഈ അസ്വസ്ഥതകള്‍ തൊണ്ണൂറാമാണ്ടു ലഹളകള്‍ അഥവാ പുലയലഹളകള്‍ എന്നപേരില്‍ അറിയപ്പെടുന്നു.

അധഃസ്ഥിത ജനവിഭാഗങ്ങളുടെ നേതാവ് എന്നനിലയില്‍ അയ്യന്‍കാളി നേതൃത്വം നല്‍കിയ മനുഷ്യാവകാശ പോരാട്ടങ്ങള്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ശ്രദ്ധയാകര്‍ഷിച്ചു. ഈ കാലഘട്ടത്തില്‍ വലിയൊരു വിഭാഗം ദലിതര്‍ ക്രിസ്തുമതം സ്വീകരിക്കുകയുണ്ടായി എന്നതും ശ്രദ്ധേയമാണ്. 1911 ഡി. 5-ന് അയ്യന്‍കാളിയെ ശ്രീമൂലം പ്രജാസഭയിലേക്കു നാമനിര്‍ദേശം ചെയ്തു. 1941 വരെ അയ്യന്‍കാളി പ്രസ്തുത സഭയില്‍ അംഗമായിരുന്നു. ശ്രീമൂലം പ്രജാസഭയില്‍ അംഗമായിരിക്കെ അയ്യന്‍കാളി അധഃസ്ഥിതരുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തി. ഭൂപരിഷ്കരണം, വിദ്യാഭ്യാസസ്വാതന്ത്ര്യം, ഉദ്യോഗസംവരണം തുടങ്ങിയവയ്ക്കുവേണ്ടിയാണ് അയ്യന്‍കാളി പ്രജാസഭയില്‍ മുഖ്യമായും പ്രസംഗിച്ചത്. ഒപ്പം അധഃസ്ഥിതരുടെ സഞ്ചാരസ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള പൌരാവകാശങ്ങള്‍ക്കുവേണ്ടി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. 1914-ല്‍ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ അധഃസ്ഥിതകുട്ടികളുടെ വിദ്യാലയ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള മറ്റൊരു ഉത്തരവ് കൂടി പുറപ്പെടുവിച്ചു.

1915-ല്‍ ചരിത്രപ്രസിദ്ധമായ കൊല്ലം പെരിനാട് കലാപം അരങ്ങേറി. അയിത്തജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്ക് അക്കാലത്ത് മാറുമറയ്ക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. മേല്‍വസ്ത്രത്തിനു പകരം അപരിഷ്കൃതമായ 'കല്ലയും മാലയും' ആയിരുന്നു അവര്‍ ധരിക്കേണ്ടിയിരുന്നത്. ഇതില്‍ പ്രതിഷേധിക്കാനും, കല്ലയും മാലയും ഉപേക്ഷിച്ചു മാന്യമായി മേല്‍വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിനുമായി 1915 ഒ. 24-ന് കൊല്ലം ജില്ലയിലെ പെരിനാട് എന്ന സ്ഥലത്ത് അയ്യന്‍കാളി വമ്പിച്ചൊരു സമ്മേളനം വിളിച്ചു ചേര്‍ത്തു. സമ്മേളനത്തിനുനേരെ സവര്‍ണര്‍ അക്രമം അഴിച്ചുവിട്ടത് സംഘര്‍ഷത്തിനും കലാപത്തിനും വഴിതെളിച്ചു. അക്രമം ഭയന്ന് അയിത്തജാതിക്കാര്‍ നാടുംവീടും വിട്ട് കൂട്ടത്തോടെ പലായനം ചെയ്തു. അയ്യന്‍കാളി അചഞ്ചലനായി സമരരംഗത്തു നിന്നു. 1915 ഡി. 19-ന് കൊല്ലത്ത് അയ്യന്‍കാളി വീണ്ടും ഒരു സമ്മേളനം സംഘടിപ്പിക്കുകയും, സമ്മേളനത്തില്‍വച്ച് ആയിരക്കണക്കിനു സ്ത്രീകള്‍ അവര്‍ അണിഞ്ഞിരുന്ന പ്രാകൃതമായ 'കല്ലയും മാലയും' പൊട്ടിച്ചുകളയുകയും മേല്‍വസ്ത്രം ധരിക്കുന്നതിനുള്ള സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുകയുംചെയ്തു.

അക്കാലത്ത് ദലിതര്‍ക്ക് കോടതികള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥാപനങ്ങളില്‍ പ്രവേശനം ഉണ്ടായിരുന്നില്ല. ഇതിനു പരിഹാരം കാണാനും സമുദായാംഗങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുമായി അയ്യന്‍കാളി വെങ്ങാനൂരില്‍ ഒരു സമുദായകോടതി സ്ഥാപിച്ചു. അയ്യന്‍കാളി തന്നെയായിരുന്നു മുഖ്യന്യായാധിപന്‍. ദലിതരുടെ ഉദ്യോഗപ്രവേശം ഉള്‍പ്പെടെയുള്ള അവകാശങ്ങളെ സംബന്ധിക്കുന്ന നിരവധി നിവേദനങ്ങള്‍ ഇക്കാലത്ത് അയ്യന്‍കാളി ശ്രീമൂലം പ്രജാസഭയില്‍ സമര്‍പ്പിക്കുകയുണ്ടായി. തത്ഫലമായി അധഃസ്ഥിതവിഭാഗങ്ങളില്‍ നിന്നും വിദ്യാഭ്യാസംനേടിയ പതിനൊന്നുപേരെ ആദ്യമായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിപ്പിച്ചു. കേശവന്‍ റൈട്ടര്‍, വി.ജെ.തോമസ് വാധ്യാര്‍ തുടങ്ങിയ നേതാക്കള്‍ അയ്യന്‍കാളിയോടൊപ്പം സാമൂഹിക നീതിക്കുവേണ്ടിയുള്ള അധഃസ്ഥിതരുടെ പോരാട്ടങ്ങള്‍ക്ക് നേതൃത്വംനല്‍കി. 1916-ല്‍ ചങ്ങനാശ്ശേരിയില്‍ നിന്നു സാധുജനപരിപാലിനി എന്ന മാസിക അയ്യന്‍കാളി പ്രസിദ്ധീകരിച്ചു തുടങ്ങി. 1924-ല്‍ ഇദ്ദേഹം വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്തു. 1936-ലെ ക്ഷേത്രപ്രവേശനവിളംബരത്തിനു പിന്നാലെ 1937-ല്‍ ഗാന്ധിജി വെങ്ങാനൂരില്‍ എത്തി അയ്യന്‍കാളിയെ സന്ദര്‍ശിക്കുകയും അധഃസ്ഥിതരുടെ ഉന്നമനത്തിനായി അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങളെ ശ്ലാഘിക്കുകയുംചെയ്തു.

അധഃസ്ഥിത ജനവിഭാഗങ്ങളുടെ സാമൂഹികസ്വാതന്ത്ര്യത്തിനും രാഷ്ട്രീയ സാമ്പത്തിക പുരോഗതിക്കും വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച അയ്യന്‍കാളി സമത്വം, ആത്മാഭിമാനം, സ്വാതന്ത്ര്യം, നീതി എന്നീ ആശയങ്ങള്‍ക്ക് തന്റെ ചിന്തയില്‍ മുഖ്യസ്ഥാനം നല്‍കിയിരുന്നു. ജാതി-മതവ്യത്യാസങ്ങള്‍ക്കതീതമായി അധഃസ്ഥിതര്‍ സ്വന്തം സ്വത്വബോധത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് അവകാശങ്ങള്‍ക്കുവേണ്ടി പോരാടണമെന്നതായിരുന്നു അയ്യന്‍കാളിയുടെ മതം. അധഃസ്ഥിത ജനവിഭാഗങ്ങളെ സംഘശക്തിയുടെ അനിവാര്യത ബോധ്യപ്പെടുത്തിയ അയ്യന്‍കാളി എന്ന സാമൂഹിക വിപ്ലവകാരി 1941 ജൂണ്‍ 18-ന് അന്തരിച്ചു. വെങ്ങാനൂരില്‍ സ്ഥിതിചെയ്യുന്ന അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപം നിത്യേന സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. 1980 ന. 10-ന് അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി അയ്യന്‍കാളിയുടെ പൂര്‍ണകായ പ്രതിമ തിരുവനന്തപുരത്ത് അനാച്ഛാദനം ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍