This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉണ്ണിനായർ, കേണൽ (1911 - 50)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:20, 11 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉണ്ണിനായര്‍, കേണല്‍ (1911 - 50)

കേണല്‍ ഉണ്ണിനായര്‍

ഇന്ത്യന്‍ സായുധസേനയിലെ ലഫറ്റനന്‍ഡ്‌ കേണലും യുദ്ധകാര്യലേഖകനും. 1911-ല്‍ പാലക്കാട്ട്‌ പറളിയിലെ മനക്കമ്പാട്ട്‌ കുടുംബത്തില്‍ ജനിച്ചു. എം. കേശവനുച്ചിനായര്‍ എന്നാണ്‌ പൂര്‍ണനാമം. ബി.എ. ബിരുദം നേടിയശേഷം കുറച്ചുകാലം ദി മെയില്‍, സ്റ്റേറ്റ്‌സ്‌മാന്‍ എന്നീ പത്രങ്ങളില്‍ സേവനം അനുഷ്‌ഠിച്ച ഉണ്ണിനായര്‍ 1938-ല്‍ ഇന്ത്യന്‍ സേനയില്‍ കരുതല്‍വിഭാഗം കമ്മിഷന്‍ഡ്‌ ഓഫീസറായി.

രണ്ടാംലോകയുദ്ധകാലത്ത്‌ മറാഠാ ലൈറ്റ്‌ ഇന്‍ഫന്റ്‌റിയില്‍ സേവനമനുഷ്‌ഠിച്ചിരുന്നപ്പോഴാണ്‌ ഇദ്ദേഹം പബ്ലിക്‌ റിലേഷന്‍സ്‌ വിഭാഗത്തിലേക്ക്‌ നിയോഗിക്കപ്പെടുന്നത്‌. ഗ്ലസ്റ്ററിലെ ഡ്യൂക്കിന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ പബ്ലിക്‌ റിലേഷന്‍സ്‌ ഓഫീസര്‍ എന്ന നിലയില്‍ ഡ്യൂക്കിനെ അനുഗമിച്ചത്‌ ഉച്ചിനായരാണ്‌.

തെക്കു കിഴക്കന്‍ ഏഷ്യയിലെ സുപ്രീം കമാന്‍ഡറായിരുന്ന മൗണ്ട്‌ ബാറ്റന്‍ പ്രഭുവിന്റെ ചീഫ്‌ ഇന്ത്യന്‍ പബ്ലിക്‌ റിലേഷന്‍സ്‌ ഓഫീസറും ഉണ്ണിനായരായിരുന്നു. യുദ്ധാനന്തരം സൈനികസേവനത്തില്‍നിന്നു വിമുക്തനായ അദ്ദേഹം സ്റ്റേറ്റ്‌സ്‌മാന്റെ പ്രധാന രാഷ്‌ട്രീയ പ്രതിനിധിയായി. സ്വാതന്ത്ര്യലബ്‌ധിയോടനുബന്ധിച്ചുണ്ടായ പ്രക്ഷുബ്‌ധമായ രാഷ്‌ട്രീയ സംഭവവികാസങ്ങളുടെ യഥാര്‍ഥമായ ചിത്രീകരണത്തിനുവേണ്ടി-ഇന്ത്യയ്‌ക്കു പുറത്ത്‌-സൈനികകേന്ദ്രത്തോടനുബന്ധിച്ച്‌ ആരംഭിച്ച ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ചുമതല വഹിച്ചത്‌ ഉണ്ണിനായരാണ്‌.

1948-ല്‍ വാഷിങ്‌ടണില്‍ ഇന്ത്യന്‍ പ്രതിപുരുഷകാര്യാലയത്തിലെ പബ്ലിക്‌ റിലേഷന്‍സ്‌ ഓഫീസറായി ഉണ്ണിനായര്‍ നിയമിതനായി. വാള്‍ട്ടര്‍ ലിപ്‌മാനെപ്പോലുള്ളവരുമായി പരിചയപ്പെടുവാനും പില്‌ക്കാലത്ത്‌ അവരുടെ മുക്തകണ്‌ഠമായ പ്രശംസ നേടുവാനും ഇദ്ദേഹത്തിനു കഴിഞ്ഞു.

കൊറിയന്‍ യുദ്ധകാലത്ത്‌ (1950) ഐക്യരാഷ്‌ട്രസഭയുടെ കൊറിയന്‍ കമ്മിഷനില്‍ സേവനമനുഷ്‌ഠിക്കുവാന്‍ ഇന്ത്യാഗവണ്‍മെന്റ്‌ തെരഞ്ഞെടുത്തത്‌ ഇദ്ദേഹത്തെയാണ്‌. ഉച്ചിനായരുടെ റിപ്പോര്‍ട്ടുകള്‍ യുദ്ധരംഗത്തെ വസ്‌തുനിഷ്‌ഠമായ വിവരങ്ങള്‍ മനസ്സിലാക്കുന്നതിന്‌ ഇന്ത്യാഗവണ്‍മെന്റിന്‌ സഹായകമായി. ഈ സേവനത്തിനിടയില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന ജീപ്പ്‌ ശത്രുക്കള്‍ സ്ഥാപിച്ചിരുന്ന ഒരു മൈനില്‍ തട്ടുകയും സ്‌ഫോടനത്തില്‍പ്പെട്ടു ഉണ്ണിനായര്‍ കൊല്ലപ്പെടുകയും ചെയ്‌തു. (1950 ആഗ. 12). കൊറിയയില്‍ ഇദ്ദേഹത്തിന്റെ ബഹുമാനാര്‍ഥം ഒരു സ്‌മാരകം നിര്‍മിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍