This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:06, 11 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇലിയം

ചെറുകുടലിന്റെ ഏറ്റവും താഴത്തെ അറ്റം. മനുഷ്യരില്‍ ചെറുകുടല്‍ 660-750 സെ.മീ. നീളമുള്ള ഒരു നാളിയാണ്‌. ഇത്‌ പൈലോറസില്‍നിന്ന്‌ ആരംഭിച്ച്‌ ഇലിയോ-സീക്കല്‍ വാല്‍വില്‍ അവസാനിക്കുന്നു. ചെറുകുടലിനെ ഡ്യൂയഡീനം, ജിജിനം, ഇലിയം എന്നീ മൂന്നു ഭാഗങ്ങളായി തരംതിരിക്കാവുന്നതാണ്‌. ഇതില്‍ ഇലിയത്തിന്‌ ചെറുകുടലിന്റെ ഏതാണ്ട്‌ 3/5 ഭാഗത്തോളം നീളമുണ്ട്‌. ഈ മൂന്നു ഭാഗങ്ങളുടെയും തുടക്കവും അവസാനവും കുറിക്കുന്ന വ്യക്തമായ അതിര്‍വരമ്പുകള്‍ ചൂണ്ടിക്കാട്ടാനാവില്ല. പൊതുവായി പറഞ്ഞാല്‍ ഉദരത്തിന്റെ മുകള്‍ഭാഗത്തായി ഇടതുവശം ചേര്‍ന്നാണ്‌ ജിജിനം സ്ഥിതിചെയ്യുന്നത്‌; ഇലിയം കീഴ്‌ഭാഗത്ത്‌ വലതുവശത്തായും. ഇലിയം താഴറ്റത്ത്‌ ഇലിയോ-സീക്കല്‍ വാല്‍വു വഴി വന്‍കുടലിലേക്ക്‌ തുറക്കുന്നു.

ഇലിയത്തെ പലവിധ രോഗങ്ങള്‍ ബാധിക്കാറുണ്ട്‌. ഇലിയത്തിനു വീക്കമുണ്ടാവുകയും തന്മൂലം ഭാഗിക തടസ്സം സംഭവിക്കുകയും ചെയ്യാറുണ്ട്‌. ക്ഷയരോഗമോ മറ്റ്‌ അസുഖങ്ങളോമൂലം ഈ ഭാഗത്തെ ടിഷ്യുവിന്‌ ക്ഷതം സംഭവിക്കുമ്പോഴാണ്‌ ഇത്‌ ഉണ്ടാകാറുള്ളത്‌. ഇലിയത്തെ ബാധിക്കുന്ന മറ്റൊരു പ്രധാന രോഗം ക്രാണ്‍സ്‌ ആണ്.ഈ രോഗത്തിനു നിദാനം എന്തെന്നു വ്യക്തമല്ല. ക്ഷതവും വീക്കവുംമൂലം ഇലിയത്തിലൂടെയുള്ള ആഹാരപദാര്‍ഥങ്ങളുടെ നീക്കത്തിനു തടസ്സം സംഭവിക്കുകയാണ്‌ ഈ രോഗത്തിന്റെ പ്രധാനലക്ഷണം. ക്രാണ്‍സ്‌ രോഗം, റീജനല്‍ ഇലിയൈറ്റിസ്‌ എന്ന പേരിലും അറിയപ്പെടുന്നുണ്ട്‌. ഈ അസുഖംമൂലം ആഹാരം കഴിക്കുമ്പോള്‍ വേദന അനുഭവപ്പെടും. പനിയും വയറിളക്കവും ഉണ്ടാകാം. അനീമിയയും ഈ രോഗത്തോടു ചേര്‍ന്നു പ്രത്യക്ഷപ്പെടാറുണ്ട്‌.

നട്ടെല്ലുള്ള ജീവികളുടെ അരക്കെട്ടിലെ ഒരു അസ്ഥിയും ഇലിയം എന്ന പേരിലറിയപ്പെടുന്നു. അരക്കെട്ടിലെ അംസമേഖല (pelvis) ആദ്യഘട്ടത്തില്‍ ഇലിയം, ഇസ്‌കിയം, പ്യൂബിസ്‌ എന്നീ മൂന്നു വ്യതിരിക്ത അസ്ഥികള്‍ ചേര്‍ന്നാണു രൂപമെടുക്കുന്നത്‌. 18-20 വയസ്സാകുമ്പോഴേക്കും ഈ മൂന്ന്‌ അസ്ഥികളും യോജിച്ച്‌ ഒന്നായിത്തീരുന്നു. ഇലിയം പരന്ന ഒരു അസ്ഥിഫലകമാണ്‌. ഇതിന്റെ താഴറ്റത്തുള്ള വീതികുറഞ്ഞ ഭാഗം കാലിന്റെ അസ്ഥി അംസമേഖലയുമായി സന്ധിക്കുവാനായുള്ള അസെറ്റാബുലത്തിന്റെ രൂപീകരണത്തില്‍ പങ്കുചേരുന്നു. ഇലിയത്തിന്റെ മുകള്‍ഭാഗം വീതികൂടിയ ഒരു സ്വതന്ത്രാഗ്രമായി നിലകൊള്ളുന്നു. ഇതിനെ ഇലിയശീര്‍ഷം എന്നു പറയാം. ആമാശയഭിത്തിയില്‍ നിന്നുള്ള വീതിയേറിയ മാംസപേശികളുടെ സംലഗനം (attachment) ഇലിയശീര്‍ഷവുമായാണു നടക്കുന്നത്‌. ഇലിയത്തിന്റെ പാര്‍ശ്വഭാഗത്തായി അരക്കെട്ടിലെ മാംസപേശികള്‍ ഘടിപ്പിക്കപ്പെട്ടിരിക്കുന്നു. ഇലിയത്തിന്റെ ഉള്‍വശത്തു നിന്ന്‌ ഇലിയാക്കസ്‌പേശി ഉദ്‌ഭവിക്കുന്നു. ഊരുഭാഗത്തിന്റെ ചലനം ഈ പേശിയാണ്‌ നിയന്ത്രിക്കുന്നത്‌. ഇലിയത്തിന്റെ പിന്‍ഭാഗത്ത്‌ 'L' ആകൃതിയിലുള്ള ഒരു ഉപരിതലമുണ്ട്‌. ത്രിക(sacrum)ത്തിന്റെ വശം ഇവിടെയാണ്‌ സന്ധിക്കുന്നത്‌. ഈ ഭാഗത്തെ സേക്രാ-ഇലിയക്‌ സന്ധി എന്നു പറയുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍