This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈസൊപ്പ്‌ കഥകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:43, 11 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈസൊപ്പ്‌ കഥകള്‍

Aesop Fables

പുരാതനഗ്രീസില്‍ ജീവിച്ചിരുന്ന ഈസൊപ്പ്‌ എന്ന അടിമ വിവരിച്ചതെന്നു വിശ്വസിക്കപ്പെടുന്ന ജന്തുകഥകള്‍. ഈ കഥകളില്‍ ജന്തുകള്‍ മനുഷ്യരെപ്പോലെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നതായിട്ടാണ്‌ പ്രതിപാദിച്ചിട്ടുള്ളത്‌. ഓരോ കഥയും ഓരോ ഗുണപാഠം ഉള്‍ക്കൊള്ളുന്നു.

ഈസൊപ്പിന്റെ ജീവിതത്തെ പരാമര്‍ശിക്കുന്ന ചില ഐതിഹ്യങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. അതനുസരിച്ച്‌, ഇയാള്‍ ആദ്യം ഒരു അടിമയായിരുന്നു എന്നാണ്‌ വ്യക്തമാകുന്നത്‌. പിന്നീട്‌ മോചിതനായപ്പോള്‍ ആഥന്‍സിലെ പ്രസിദ്ധരും പണ്ഡിതന്മാരുമായ പല വ്യക്തികളുമായി പരിചയപ്പെടുവാനും തന്റെ കഥാകഥനപാടവത്തെ വികസിപ്പിച്ചെടുക്കുവാനും ഈസൊപ്പിനു സാധിച്ചതായി സൂചിപ്പിക്കുന്ന പല ഐതിഹ്യകഥകളും പ്രചാരത്തിലുണ്ട്‌. ഇയാള്‍ വിരൂപനും വികലാംഗനുമായിരുന്നുവെന്നും പറയപ്പെടുന്നു. ഈസൊപ്പിന്റെ മരണത്തെക്കുറിച്ചും നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ട്‌. തന്റെ അറുപതാംവയസ്സില്‍ ഈസൊപ്പിനെ ഡെല്‍ഫിയിലെ ജനങ്ങള്‍ ഒരു മലയുടെ മുകളില്‍നിന്ന്‌ എറിഞ്ഞുകൊന്നു എന്നാണ്‌ ഒരു ഐതിഹ്യം. ഈ ക്രൂരകൃത്യം ചെയ്‌തതുമൂലം ഡെല്‍ഫിയിലെ ജനങ്ങള്‍ക്ക്‌ പ്ലേഗു പിടിപെട്ടു എന്നും ഐതിഹ്യങ്ങള്‍ ഘോഷിക്കുന്നു. ഈസൊപ്പ്‌ പ്രചരിപ്പിച്ച കഥകള്‍ അദ്ദേഹത്തിന്റെ കാലത്ത്‌ എഴുതപ്പെട്ടിരുന്നില്ല. അവ പിന്‍തലമുറകളിലേക്കു വാചികമായി സംക്രമിക്കുകയായിരുന്നു ചെയ്‌തത്‌. പില്‌ക്കാലത്ത്‌ ഒരു ഗ്രീക്കുസാഹിത്യകാരന്‍ അവ ശേഖരിച്ച്‌ രേഖപ്പെടുത്തുകയുണ്ടായി. ഈസൊപ്പ്‌ കഥകള്‍ എന്ന പേരില്‍ ഇന്നു ലഭ്യമായിട്ടുള്ളവ 14-ാം നൂറ്റാണ്ടില്‍ മാക്‌സിമസ്‌ പ്ലാന്‍ഡസ്‌ എന്ന ഒരു സന്ന്യാസി പുനരാലേഖനം ചെയ്‌തതാണ്‌.

ഫിസിസ്റ്റ്രാറ്റസ്‌ എന്ന രാജാവ്‌ ആഥന്‍സ്‌ ഭരിച്ചിരുന്ന കാലത്താണ്‌ ഈസൊപ്പ്‌ ജീവിച്ചത്‌ എന്നാണ്‌ വിശ്വാസം. ഫിസിസ്റ്റ്രാറ്റസിനു പകരം മറ്റൊരു രാജാവിനെ വാഴിക്കാന്‍ ജനങ്ങള്‍ നടത്തിയശ്രമം സൂചിപ്പിക്കുന്ന ഒരു കഥ ഈസൊപ്പ്‌ പറയുന്നതില്‍ നിന്നാണ്‌ ഈ വസ്‌തുത വ്യക്തമാക്കുന്നത്‌. മലയാളത്തില്‍. ഈസൊപ്പിന്റെ 56 കഥകള്‍ മലയാളത്തിലേക്ക്‌ ടി.സി. കല്യാണിയമ്മ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. അവരുടെ ഭര്‍ത്താവ്‌ സാഹിത്യകുശലന്‍ ടി.കെ. കൃഷ്‌ണമേനോന്റെ അവതാരികയോടുകൂടി തൃശൂര്‍ വിദ്യാവിനോദിനി അച്ചടിശാലയില്‍നിന്ന്‌ 1897-ല്‍ ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടു. പില്‌ക്കാലത്ത്‌ ഈ കഥകള്‍ക്ക്‌ മലയാളത്തിലുണ്ടായ ശ്രദ്ധേയമായ വിവര്‍ത്തനം തിരുവനന്തപുരം ബാലന്‍ പബ്ലിക്കേഷന്‍സില്‍ നിന്നാണ്‌. മാത്യു.എം. കുഴിവേലിയുടെ പ്രസാധകത്വത്തില്‍ ഈസൊപ്പ്‌ കഥകള്‍ 1949-57 കാലത്ത്‌ അഞ്ചുസഞ്ചികകളായി പ്രകാശിതമായി. ഇവ കൂടാതെ പല ഈസൊപ്പ്‌ കഥളുടെയും ഛായാനുവാദങ്ങളും ആശയാനുവാദങ്ങളും പുനരാഖ്യാനങ്ങളും കേരളത്തിലെ പാഠ്യപുസ്‌തകങ്ങളിലൂടെയും പ്രചാരത്തിലെത്തിയിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍