This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷന്‍ യൂണിയന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഇന്റര്‍നാഷണല്‍ ടെലികമ്യൂണിക്കേഷന്‍ യൂണിയന്‍
International Telecommunication Union
അന്തർദേശീയ തലത്തിൽ വാർത്താവിനിമയ സങ്കേതങ്ങളെ ഏകോപിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടി ഐക്യരാഷ്‌ട്ര സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സംഘടന. വിവര സാങ്കേതിക രംഗത്തെ നൂതന മാറ്റങ്ങള്‍ക്കനുസരിച്ച് വാർത്താവിനിമയ സംവിധാനങ്ങളെ പരിഷ്‌കരിക്കുന്നതും പ്രസ്‌തുത രംഗത്തെ പുത്തന്‍ അറിവും ആശയങ്ങളും പ്രചരിപ്പിക്കുന്നതുമെല്ലാം ഈ സംഘടനയുടെ ലക്ഷ്യങ്ങളാണ്. സ്വിറ്റ്‌സർലണ്ടിലെ ജനീവയാണ് ആസ്ഥാനം.
1865 മേയ് മാസത്തിൽ പാരിസിൽ സ്ഥാപിക്കപ്പെട്ട ഇന്റർനാഷണൽ ടെലിഗ്രാഫ് യൂണിയനാണ് ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്റെ ആദ്യരൂപം. 1906-ൽ ബർലിനിൽ രൂപം കൊണ്ട റേഡിയോ-ടെലിഗ്രാഫ് യൂണിയന്‍ എന്ന സംഘടനയുമായി 1932-ൽ ഇത് ലയിച്ചതോടെയാണ് ഇന്റർനാഷണൽ ടെലിഗ്രാഫ് യൂണിയന്‍ (ഐ.ടി.യു.) പിറവിയെടുത്തത്. 1947 ന. 15-ന് ഐക്യരാഷ്‌ട്ര സംഘടനകളുടെ പ്രത്യേക ഏജന്‍സിയായി ഐ.ടി.യു. അംഗീകരിക്കപ്പെട്ടു. ഇന്ന് ഐക്യരാഷ്‌ട്ര സംഘടനയിലെ എല്ലാ രാജ്യങ്ങള്‍ക്കും ഐ.ടി.യുവിൽ അംഗത്വമുണ്ട്. കൂടാതെ വിവിധ അക്കാദമിക സ്ഥാപനങ്ങള്‍, സ്വകാര്യ കമ്പനികള്‍ എന്നിവയും ഇതിൽ അംഗങ്ങളാണ്. ഇന്റർനെറ്റ്, ടെലിവിഷന്‍ പ്രക്ഷേപണം, ബ്രാഡ് ബാന്‍ഡ്, വയർലെസ് വാർത്താവിനിമയം, വ്യോമ-നാവിക നാവിഗേഷന്‍, റേഡിയോ ആസ്‌ട്രാണമി, മൊബൈൽ ഫോണ്‍ തുടങ്ങിയ രംഗങ്ങളിലെല്ലാം അംഗരാജ്യങ്ങള്‍ക്കിടയിലെ സഹകരണം ഉറപ്പുവരുത്താനും പുതിയ ഗവേഷണങ്ങളെ പ്രാത്സാഹിപ്പിക്കാനും ഐ.ടി.യു. പ്രവർത്തിക്കുന്നു. പ്രസ്‌തുത വിഷയങ്ങളിൽ ലോകത്താകമാനം സെമിനാറുകളും സമ്മേളനങ്ങളും ഐ.ടി.യു സംഘടിപ്പിക്കാറുണ്ട്. അന്താരാഷ്‌ട്ര തലത്തിൽ റേഡിയോ സ്‌പെക്‌ട്രം പങ്കുവയ്‌ക്കുന്നതുമായും കൃത്രിമോപഗ്രഹങ്ങളുടെ ഭ്രമണ പഥങ്ങള്‍ അനുവദിക്കുന്നതുമായും ബന്ധപ്പെട്ട പ്രവൃത്തികള്‍ ഏകോപിപ്പിക്കുന്നത് ഐ.ടി.യു.വിന്റെ പ്രധാന ചുമതലകളിലൊന്നാണ്. വാർത്താവിനിമയരംഗത്ത് പൊതുമാനദണ്ഡങ്ങള്‍ (Standards) നെടപ്പിലാക്കുന്നതിലും ഐ.ടി.യു.വിന് ശ്രദ്ധേയമായ പങ്കാണുള്ളത്. കൂടാതെ പുസ്‌തക/സി.ഡി/വെബ് രൂപത്തിൽ നിരവധി പ്രസിദ്ധീകരണങ്ങളും പുറത്തിറക്കുന്നു. സെക്രട്ടറി ജനറലാണ് ഐ.ടി.യു.വിന്റെ മേധാവി. നാല് വർഷത്തിലൊരിക്കൽ സമ്മേളിക്കുന്ന പ്ലീനിപൊട്ടന്‍ഷറി കോണ്‍ഫറന്‍സ് ആണ് സെക്രട്ടറി ജനറലിനെ തെരഞ്ഞെടുക്കുന്നത്. നയപരമായ കാര്യങ്ങള്‍, ബജറ്റ്, അക്കൗണ്ട് തുടങ്ങിയ കാര്യങ്ങളിൽ പ്രധാന തീരുമാനങ്ങളെടുക്കുന്ന ചുമതലകളും ഈ ഘടകത്തിനാണുള്ളത്.