This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആപ്പിള്‍ടണ്‍, എഡ്വേഡ് (1892 - 1965)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ആപ്പിള്‍ടണ്‍, എഡ്വേഡ് (1892 - 1965)
Appleton, Edward
അയോണോസ്‌ഫിയറിനെ ആധാരമാക്കി നടത്തിയ ഗവേഷണങ്ങള്‍ക്ക് 1947-ല്‍ ഭൗതികശാസ്‌ത്രത്തില്‍ നോബല്‍ സമ്മാനം നേടിയ ബ്രിട്ടീഷ് ശാസ്‌ത്രജ്ഞന്‍. 1892 സെപ്. 6-ന് ബ്രാഡ്‌ഫോഡില്‍ ജനിച്ചു. ബ്രാഡ്‌ഫോഡിലെ ഹാന്‍സണ്‍ സ്‌കൂളിലും പിന്നീട് കേംബ്രിഡ്‌ജിലെ സെയിന്റ് ജോണ്‍ കോളജിലുമായി വിദ്യാഭ്യാസം നടത്തി. ഒന്നാം ലോകയുദ്ധകാലത്ത് കുറച്ചുകാലം സൈനികസേവനം അനുഷ്‌ഠിക്കുകയുണ്ടായി. 1920-ല്‍ കാവന്‍ഡിഷ് പരീക്ഷണശാലയില്‍ അധ്യാപകനായി ചേര്‍ന്നു; 1924 വരെ ഈ സ്ഥാനം തുടര്‍ന്നു. ഇക്കാലത്താണ് അയോണോസ്‌ഫിയറിനെ സംബന്ധിച്ച ഗവേഷണങ്ങള്‍ വഴി അദ്ദേഹം ലോകശാസ്‌ത്രജ്ഞന്മാരുടെ ശ്രദ്ധയാകര്‍ഷിച്ചത്. 1924-ല്‍ ലണ്ടന്‍ സര്‍വകലാശാലയിലെ കിങ്‌സ് കോളജില്‍ പ്രൊഫസറായി. 1927-ല്‍ അദ്ദേഹത്തെ റോയല്‍ സൊസൈറ്റി അംഗമായി അംഗീകരിച്ചു. 1932-ല്‍ അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് റേഡിയോ എന്‍ജിനീയേഴ്‌സിന്റെ വൈസ് പ്രസിഡന്റായും, ഇന്റര്‍നാഷണല്‍ സയന്റിഫിക് യൂണിയന്റെ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 1936-ല്‍ കേംബ്രിഡ്‌ജിലേക്ക് തിരിച്ചുപോയി.
രണ്ടാം ലോകയുദ്ധകാലത്ത് ബ്രി. ഗവണ്‍മെന്റില്‍ വ്യവസായ-ശാസ്‌ത്ര ഗവേഷണങ്ങളുടെ ചുമതല വഹിക്കുന്ന സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിച്ചു. 1941-ല്‍ അദ്ദേഹത്തിന് "സര്‍' സ്ഥാനം ലഭിച്ചു. 1949-ല്‍ എഡിന്‍ബറോ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയി. 1965 ഏ. 21-ന് എഡിന്‍ബറോയില്‍വച്ച് അന്തരിച്ചു. അയോണോസ്‌ഫിയറിന്റെ (Ionosphere) സ്വാഭാവികധര്‍മങ്ങളെക്കുറിച്ച് സമഗ്രമായി പഠനം നടത്തിയ ആദ്യകാല ശാസ്‌ത്രജ്ഞന്മാരില്‍ ഒരാളാണ് ആപ്പിള്‍ടണ്‍. നോ: അയോണോസ്‌ഫിയര്‍
(കെ. ഗോവിന്ദന്‍)