This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഫ്രിക്കന്‍ ഭാഷകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:41, 7 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

ആഫ്രിക്കന്‍ ഭാഷകള്‍

African Languages

ആഫ്രിക്കയില്‍ പ്രചാരത്തിലിരിക്കുന്ന ഭാഷകളുടെ എണ്ണം ഖണ്ഡിതമായി നിര്‍ണയിക്കപ്പെട്ടിട്ടില്ല. അതിനെ സംബന്ധിക്കുന്ന പഠനഗവേഷണങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇതുവരെ ഭാഷാശാസ്‌ത്രജ്ഞന്മാര്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ 500 മുതല്‍ 800 വരെ ആഫ്രിക്കന്‍ഭാഷകളെ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഈ സംഖ്യാധിക്യം തന്നെ ആഫ്രിക്കയിലെ-പ്രത്യേകിച്ച്‌ സഹാറമരുഭൂമിക്കു തെക്കുവശത്തുള്ള ഭൂവിഭാഗത്തിലെ-ഭാഷാവിഭേദവൈവിധ്യങ്ങള്‍ ഏറെക്കുറെ വ്യക്തമാക്കുന്നു. നൈജീരിയയിലെ ബാവ്‌ചി സമതലങ്ങളിലും കോര്‍ഡോഫാനിലെ ആബാ കുന്നിന്‍പ്രദേശങ്ങളിലും നിരവധി വ്യത്യസ്‌തഭാഷകള്‍ പ്രചാരത്തിലുണ്ട്‌; കി. ആഫ്രിക്കയിലെ സ്വാഹിലിയും കോംഗോ നദീതടങ്ങളിലെ ലിംഗാലയും ഭൂമധ്യരേഖാപ്രദേശങ്ങളിലെ സാംഗോയും പശ്ചിമാഫ്രിക്കയിലെ ഹാസയും ഉത്തരാഫ്രിക്കയിലെയും സുഡാനിലെയും അറബിയും ലക്ഷക്കണക്കിനു ജനങ്ങള്‍ സംസാരിച്ചുവരുന്നു.

ചില സമാനസവിശേഷതകള്‍

ആഫ്രിക്കയിലെ ഭാഷകള്‍ക്ക്‌ പൊതുവായ ഒരു ഉത്‌പത്തിബന്ധം സ്ഥാപിക്കുക സാധ്യമല്ലെങ്കിലും സഹാറയ്‌ക്കു തെക്കുള്ള ആഫ്രിക്കയിലെ സാംസ്‌കാരികൈക്യം സമീപപൂർവദേശങ്ങളിലെ മറ്റു ഭൂവിഭാഗങ്ങളിൽനിന്നു വേർതിരിച്ചെടുത്തു കാണിക്കാവുന്ന ഭാഷാപരമായ ചില വ്യാപകസമാനധർമങ്ങള്‍ പ്രദർശിപ്പിക്കുന്നുണ്ട്‌. നാമക്രിയാരൂപങ്ങളിലും ഉച്ചാരണധ്വനികളിലും ഈ ഭാഷകള്‍ മിക്കവയ്‌ക്കും ചില സാധർമ്യങ്ങള്‍ കാണാം. ലത്തീന്‍ഭാഷയിലെപ്പോലെ സ്വരാക്ഷരങ്ങള്‍ A, C, D, G, Hm, (a, i, u, e, o) എന്ന്‌ അഞ്ചോ, ഇറ്റാലിയനെപ്പോലെ A, C, D, F, G, sF, H (a, i, u, e, i, i, o) എന്ന്‌ ഏഴോ ആണ്‌ ഇവയ്‌ക്കു മിക്കവയ്‌ക്കും. കണ്‌ഠ്യവ്യഞ്‌ജനങ്ങളും (implosive consonants) ക്പ് ,ഗ്‌ബ്‌ തുടങ്ങിയ ഓഷ്‌ഠ്യതാലവ്യ (labiovelar) സംയുക്തവർണങ്ങളും മിക്ക ആഫ്രിക്കന്‍ഭാഷകളിലും സുലഭമാണ്‌; ഹമിറ്റോ-സെമിറ്റിക്‌ ഗോത്രമൊഴികെയുള്ള മിക്ക ഭാഷകളിലും വ്യഞ്‌ജനാക്ഷരമാല താരതമ്യേന ലഘുവും ഋജുവുമാണ്‌.

അർഥനിഷ്‌പാദനത്തിലും ശൈലീരൂപണത്തിലും മിക്കഭാഷകള്‍ക്കും തമ്മിൽ ഘടനാപരമായ ചില സാദൃശ്യങ്ങളുണ്ട്‌. ഹാസാഭാഷയിൽ "യാഫിനി ഗിർമാ' എന്നു പറഞ്ഞാൽ അവന്‍ വലുപ്പത്തിൽ എന്നെ അതിലംഘിക്കുന്നു (അവന്‍ എന്നെക്കാള്‍ വലിയവനാണ്‌) എന്നാണ്‌ അർഥം; "ഒന്നിനുമീതെ' എന്ന്‌ അർഥം വരുന്നതിന്‌ "തലയിൽ' എന്നാണ്‌ പ്രയോഗിക്കുന്നത്‌; അതുപോലെ മുന്നിൽ എന്നതിന്‌ "നെഞ്ചത്ത്‌' എന്നും. മൃഗത്തിനും ഇറച്ചിക്കും ഒരു പദം മാത്രമേ ഉള്ളൂ. "തിന്നുക' എന്നർഥമുള്ള പദം "ആക്രമിക്കുക, ജയിക്കുക, നേടുക' തുടങ്ങിയ പല പ്രവൃത്തികള്‍ക്കും ആലങ്കാരികമായി ഇവർ ഉപയോഗിച്ചുവരുന്നു.

വർഗീകരണം

20-ാം ശ.-ത്തിന്റെ ആരംഭദശകങ്ങളിൽ ദീറ്റ്‌റിക്ക്‌ വെസ്റ്റർമാന്‍, കാള്‍ മീന്‍ഹോഫ്‌ എന്നീ രണ്ടു ജർമന്‍ഭാഷാശാസ്‌ത്രജ്ഞന്മാരാണ്‌ ആഫ്രിക്കന്‍ഭാഷകളെ പൊതുവേ അഞ്ചുഗോത്രങ്ങളായി വർഗീകരിച്ചത്‌-സെമിറ്റിക്‌, ഹമിറ്റിക്‌, സുഡാനിക്‌, ബന്തു, ബുഷ്‌മാന്‍ എന്നിങ്ങനെ. ഈ പ്രസ്ഥാനത്തിൽ പിന്നീട്‌ പഠനങ്ങള്‍ നടത്തിയ മാർസൽ കോഹന്‍, ജൊഹാനസ്‌ ലൂക്കാസ്‌, ജോസഫ്‌ ഗ്രീന്‍ബെർഗ്‌ തുടങ്ങിയവർ ഈ വിഭജനത്തെ എതിർക്കുകയും മറ്റു ചില അടിസ്ഥാനങ്ങളിൽ പുനർനിർണയനം നടത്തുകയും ചെയ്‌തിട്ടുണ്ട്‌. സെമിറ്റിക്കും ഹമിറ്റിക്കും യഥാർഥത്തിൽ ഒരേഭാഷാഗോത്രത്തിന്റെ വ്യത്യസ്‌തശാഖകളിൽ പെട്ടവയാണെന്നും, ഹട്ടന്‍ടോട്ട്‌, ഫുലാനി, ചില നീലോഹമിറ്റിക്‌ഭാഷകള്‍ എന്നിവ ഹമിറ്റിക്‌വംശത്തിൽ ഉള്ളവയല്ലെന്നും ഇവ കൂടാതെ ഒരു സഹാറാഭാഷാഗോത്രം കൂടിയുണ്ടെന്നും മറ്റുമാണ്‌ പില്‌ക്കാലപണ്ഡിതന്മാരുടെ വാദങ്ങള്‍. പുതിയ പുതിയ ഭാഷകളെക്കുറിച്ച്‌ അറിവുകള്‍ ഉണ്ടാകുന്നതോടുകൂടി പുതിയ സിദ്ധാന്തങ്ങളും രൂപംകൊണ്ടുവരുന്നു.

ഹമിറ്റോ-സെമിറ്റിക്‌ ഗോത്രം

ഇവയെ ആഫ്രാ-ഏഷ്യന്‍ ഭാഷകളെന്നും വിളിച്ചുവരുന്നു. വടക്കേ ആഫ്രിക്കയിൽ എല്ലായിടത്തും തൊട്ടടുത്തുകിടക്കുന്ന ഏഷ്യന്‍പ്രദേശങ്ങളിലും ആണ്‌ ഇവ പ്രചാരത്തിലുള്ളത്‌. ഈ ഗോത്രത്തിൽ അഞ്ച്‌ തായ്‌വഴികള്‍ നിർണയിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്‌.

ബെർബർ

ഈജിപ്‌ത്‌ ഒഴികെയുള്ള വടക്കേ ആഫ്രിക്കയിലും സഹാറയിലെ ത്വാരെഗ്‌ വർഗക്കാരുടെ ഇടയിലും കാനറിദ്വീപുകളിലും പ്രചാരത്തിലിരുന്ന ഭാഷയാണ്‌ ബെർബർ. ഇപ്പോള്‍ ഇത്‌ മൊറോക്കോ, അൽജീരിയ, സഹാറയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിൽ ഒതുങ്ങിയിരിക്കുന്നു. ലിബിയന്‍ എന്നുകൂടി അറിയപ്പെട്ടുവരുന്ന പ്രാചീനബെർബർലിഖിതങ്ങള്‍ കാർത്തേജിലെ ഫിനീഷ്യന്മാർ ഉപയോഗിച്ചുവന്ന ഒരു വർണമാലയിലാണ്‌ എഴുതപ്പെട്ടുവരുന്നത്‌; ഇത്‌ ഇന്നും നിലനില്‌ക്കുന്നു.

കോപ്പ്‌റ്റിക്‌

പ്രാചീനകാലത്ത്‌ ഈജിപ്‌തിൽ നിലവിലിരുന്ന ഭാഷയാണിത്‌. ഗ്രീക്ക്‌ അക്ഷരമാലയിൽ നിന്ന്‌ ഉരുത്തിരിഞ്ഞ ലിപികളാണിവയ്‌ക്കുണ്ടായിരുന്നത്‌; ഇന്ന്‌ ആ ഭാഷ ലുപ്‌തപ്രചാരമാണ്‌.

സെമിറ്റിക്‌

അറബികൂടി ഉള്‍പ്പെടുന്ന ഈ ഭാഷാശാഖ പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലും വ്യവഹരിക്കപ്പെട്ടുവരുന്നു. എത്യോപ്യന്‍സെമിറ്റിക്‌ ഭാഷയിൽ പല ഉപവിഭാഗങ്ങളുണ്ട്‌. വടക്കുള്ള വിഭാഗത്തിൽ ടൈഗ്‌ര്‌, ടിഗ്‌രിന്യ എന്നിവയും തെക്കുള്ളതിൽ അംഹാറിക്‌, ഗുരാജ്‌, ഗഫാത്‌, ഹരാരി എന്നിവയുമാണ്‌ മുഖ്യം. തെക്കന്‍ എത്യോപ്യയിലെ ഹരാർ എന്ന ഇസ്ലാമികകേന്ദ്രത്തിൽ പ്രചാരത്തിലിരിക്കുന്ന ഭാഷയാണ്‌ ഹരാരി.

കുഷിറ്റിക്‌

എത്യോപ്യയിലും സമീപപ്രദേശങ്ങളിലും നിലവിലുള്ള കുഷിറ്റിക്‌ഭാഷകളിൽ തന്നെ അഞ്ചോളം വിഭിന്നശാഖകളെ കണ്ടെത്തിയിട്ടുണ്ട്‌: ബേജ, അഗാവ്‌, ഗല്ലാ, സൊമാലി, അഫാർ, സിഡാമോ, കോണ്‍സോ, ആർബോറെ, ഗെലേബ എന്നിവയുള്‍പ്പെടുന്ന കിഴക്കന്‍ കുഷിറ്റിക്‌; കഫാ അല്ലെങ്കിൽ പടിഞ്ഞാറന്‍ കുഷിറ്റിക്‌; താങ്കനീക്കയിലെ മ്‌ബുഗു, മ്‌ബുലുംഗ്‌ എന്നിവയുള്‍പ്പെടുന്ന തെക്കന്‍ കുഷിറ്റിക്‌.

ചാഡ്‌ ഭാഷകള്‍

നൈജീരിയയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും ചാഡ്‌ഭാഷകള്‍ പ്രചാരത്തിലിരിക്കുന്നു. ഹാസയാണ്‌ ഇവയിൽ ഏറ്റവും മുഖ്യം. അംഗാസ്‌ ബുഡുമയും ലൊഗോണും ഉള്‍പ്പെടുന്ന കൊടോകോ വിഭാഷ (Dialect), മണ്ഡാര, മുസ്‌ഗു, സോമ്‌രായ്‌സൊകോറൊ, തുബൂരി, മുബി എന്നിവചേർന്ന ബാതാവിഭാഗം എന്നിവയാണ്‌ ചാഡ്‌ഭാഷകളിൽ എടുത്തു പറയേണ്ടത്‌.

നൈജർ-കോംഗോ ഗോത്രം

സഹാറമരുഭൂമിക്കു തെക്കുള്ള പശ്ചിമാഫ്രിക്കയിലും കോംഗോ നദീതടത്തിലും ദക്ഷിണാഫ്രിക്കയിലും വ്യവഹരിക്കപ്പെട്ടുവരുന്ന ഭാഷകളെല്ലാം ഈ ഗോത്രത്തിൽ ഉള്‍പ്പെടുന്നു. ഇതിലെ വിവിധശാഖകളെയും തായ്‌വഴികളെയും ശാസ്‌ത്രീയാടിസ്ഥാനത്തിൽ തരംതിരിക്കുന്ന പ്രവൃത്തി തുടർന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. ചില മാനദണ്ഡങ്ങള്‍വച്ചുകൊണ്ട്‌ ഇവയെ എട്ട്‌ ഉപവിഭാഗങ്ങളുടെ കീഴിൽ അണിനിരത്തിയിട്ടുണ്ട്‌.

പശ്ചിമ അത്‌ലാന്തിക്‌

ആഫ്രിക്കയുടെ പടിഞ്ഞാറന്‍തീരങ്ങളിൽ പശ്ചിമ അത്‌ലാന്തിക്‌ ഭാഷകളെന്ന ഒരു വംശവും അതിൽതന്നെ കിഴക്കനെന്നും പടിഞ്ഞാറനെന്നും രണ്ടു തായ്‌വഴികളും നിർണയിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്‌; ടെമ്‌നി, ബുലോം, കിസ്സി, ലിംബ, ഗോല എന്നിവ കിഴക്കനിലും, ഡ്യോല, ബോല, സാരാർ, പെപ്പെൽ, കന്യോപ്‌, ബിജോഗോ, ബുലാന്‍ഡ, കോബിയാനാ, കസ്സാംഗ, ബാന്യൂന്‍, നാലു, സെരർ-ഡിന്‍, സെരർ-നോനോ, കോന്യാഗി, വൊളോഫ്‌, ഫുലാനി എന്നിവ പടിഞ്ഞാറനിലും വരുന്നു. ഇതിൽ ഫുലാനി സംസാരിക്കുന്നവർ കോടിക്കണക്കിനുണ്ട്‌.

മാന്‍ഡിന്‍ഗോ

നൈജർനദീതടത്തിലുള്‍പ്പെട്ട ഏതാനും പ്രദേശങ്ങളിലും ലൈബീരിയയിലും സിയെറാലിയോണിലും പ്രചാരത്തിലിരിക്കുന്ന ഭാഷാഭേദങ്ങള്‍ക്ക്‌ പൊതുവേ മാന്‍ഡിന്‍ഗോ എന്നു പറയുന്നു; ഇതിനുതന്നെ മാന്‍ഡതാന്‍ എന്നും മാന്‍ഡേഫൂ എന്നും ഉള്‍പ്പിരിവുകളുണ്ട്‌. മാലിങ്കെ, ബാഠബരാ, സോനികെക്‌വെല്ല-മേന്‍ഡെ തുടങ്ങിയവയാണ്‌ പ്രധാനമാന്‍ഡിന്‍ഗോ ഭാഷകള്‍.

ഗൂർ

ഗൂർവിഭാഗത്തിൽ താഴെപറയുന്ന ഉള്‍പ്പിരിവുകള്‍ അടങ്ങിയിരിക്കുന്നു. മോസി, ഡഗോംബ, ഗ്രൂസ്സി, ടെം, ബാർഗു, ഗുർമ, കിലിന, സെനുഫു.

ക്വാ ശാഖ

ടോഗോ, എവേ-അകാന്‌, യോറുബ, നൂപഇബോ, എഡോ, യാല (ഇഡോമ) എന്നിവ ക്വാ ഉപവിഭാഗത്തിൽ പല ഭാഷാഭേദങ്ങളും അടങ്ങിയ ചെറുതായ്‌വഴികളുടെ പേരുകളാണ്‌. ഇവയെല്ലാം നൈജീരിയയിൽമാത്രം വ്യവഹരിക്കപ്പെട്ടുപോരുന്നു. എവോ, ഫോ, ട്വി, അഷാന്തി, ഫാന്റി, അഗ്നി, ഗുവാംഗ്‌, ഗാ, അവറ്റൈം, അഡെലെ, ക്രു തുടങ്ങിയവയാണ്‌ ഈ കുടുംബത്തിലെ അംഗഭാഷകള്‍.

ബന്തു

കോംഗോനദീതടം, ആന്‍ഗോള, മൊസാംബിക്‌, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ ബന്തുഭാഷകളാണ്‌ പ്രചാരത്തിലുള്ളത്‌. നൈജീരിയയിലും കാമറൂണിന്റെ പടിഞ്ഞാറന്‍പ്രദേശങ്ങളിലും ഈ ഭാഷകള്‍ സംസാരിക്കുന്നവർ ചിതറിക്കിടക്കുന്നു. ബാസ്സാ, കമുകു, കതാബ്‌, മുന്‍ഷി (തിവ്‌), ജൂകുണ്‍, എകോയ, എന്‍ക്‌, ബൂട്‌ തുടങ്ങിയവയാണ്‌ മുഖ്യഭാഷകള്‍.

ഇജോ

നൈജർനദീമുഖപ്രദേശത്തുള്ള ഇജോ ഭാഷ ഒരു പ്രത്യേക ഉപവിഭാഗത്തിൽപെടുന്നു.

അഡമാവാ

കാമറൂണിലെ അല്‌പജ്ഞാതമായ പല ഭാഷകള്‍ ചേർന്നതാണ്‌ അഡമാവാഭാഷാവിഭാഗം. ചംബാ, ഡാകാ, വെരെ, ലോംഗുഡ, യുണ്‍ശൂർ, ജെന്‍, കാം, മ്‌ബും, മസ, ബുവാ-നീലിം-കോക്‌ തുടങ്ങിയ പേരുകളിൽ ഈ ഭാഷകള്‍ അറിയപ്പെട്ടുവരുന്നു.

കിഴക്കന്‍ തായ്‌വഴി

സുഡാന്‍വരെ പരന്നുകിടക്കുന്ന ഭൂവിഭാഗങ്ങളിലുള്ള ഒരു പൗരസ്‌ത്യഭാഷാശാഖയിൽ ബന്ദാ, സാന്ദേ, സാംഗോ, ബ്വാകാ, മോന്ദുംഗ, സെരെ-ന്‌ഡോഗോ, ബറാംബോ, ഗ്‌ബയാ തുടങ്ങിയ ഭാഷകള്‍ അടങ്ങിയിരിക്കുന്നു.

ധ്വനിവ്യത്യാസംകൊണ്ട്‌ അർഥഭേദം വരുത്താനും ഉപസർഗപ്രത്യയങ്ങള്‍ചേർത്ത്‌ വിഭിന്നരൂപങ്ങള്‍ നിഷ്‌പാദിപ്പിക്കാനും നൈജർ-കോംഗോവംശത്തിലെ ഭാഷകള്‍ക്ക്‌ വളരെ കഴിവുകളുണ്ട്‌. "ലഭിക്കുക' എന്നർഥമുള്ള "പത' എന്ന സ്വാഹിലി പദം. "പതന' (ഉടമ്പടി ഉണ്ടാക്കുക), "പതനിഷ' (ഏകീകരിക്കുക), "പതിയ' (ക്ലേശിക്കുക), "പതിലിസ' (ക്ലേശിപ്പിക്കുക), "പതിലിസന' (പരസ്‌പരം ക്ലേശിപ്പിക്കുക) എന്നെല്ലാം വിഭിന്നരൂപങ്ങള്‍ കൈക്കൊള്ളുന്നത്‌ ഇതിന്‌ ഉദാഹരണമാണ്‌. ഈ ഭാഷകളിൽ ഉച്ചാരണധ്വനിഭേദങ്ങള്‍കൊണ്ട്‌ ക്രിയാപദങ്ങള്‍ക്ക്‌ ഭൂതവർത്തമാനഭാവികാലവ്യത്യാസം വരുത്തുന്ന പ്രക്രിയ നിലവിലിരിക്കുന്നു.

മാക്രാ-സുഡാനിക്‌ ഗോത്രം

കിഴക്കേ ആഫ്രിക്കയിലും നൈലിന്റെ ഉദ്‌ഭവപ്രദേശപരിസരങ്ങളിലും ധാരാളമായി കണ്ടുവരുന്ന ഭാഷകളെല്ലാം ഈ ഗോത്രത്തിലുള്‍പ്പെടുന്നു; പടിഞ്ഞാറ്‌ ചാഡ്‌തടാകസീമവരെ ഇതു വ്യാപിച്ചുകിടക്കുന്നു. ഇതിലെ ഉപവിഭാഗങ്ങള്‍:

കിഴക്കന്‍ സുഡാനിക്‌

നൈൽനദീതടങ്ങളിലെയും കോർഡോഫാനിലെയും ഡാന്‍ഫറിലെയും ഭാഷകള്‍ നൂബിയന്‍ ഭാഷകള്‍ എന്നറിയപ്പെടുന്നു; തബി, ഡിഡിംഗ-മുർളി, മെരാറിറ്റ്‌, ഡാഗു എന്നിവയാണ്‌ ഈ ഗ്രൂപ്പിലെ മുഖ്യഭാഷകള്‍. ഷില്ലുക്‌, ഡിങ്ക, ന്യൂയർ, അചോലി, അനിവാക്‌, ലാഗ്രാ, ജൂർ തുടങ്ങിയവ ചേർന്നുള്ള നീലോട്ടിക്‌ ഉപവിഭാഗവും, മസായ്‌, ബാരി, തെസോ, കാരമോജോ, തുർകാനാ, ലാതുകോ, നന്ദി, സുക്‌ തുടങ്ങിയവ ഉള്‍പ്പെടുന്ന നീലോ-ഹമിറ്റിക്‌ ഉപവിഭാഗവും ചേർന്ന ഒരു തെക്കന്‍ ശാഖയും കിഴക്കന്‍ സുഡാനിക്‌ ഭാഷാഗോത്രത്തിൽപെടുന്നു.

മധ്യസുഡാനിക്‌

ബോംഗോ-ബാക-ബാഗിർമി-സാര, ക്രഡ്‌ജ്‌, മോരു-മാഡി, മംഗ്‌ബെറ്റു, മോമ്‌വു-ബലേശ്‌ (കോംഗോവിലെ എഫേ പിഗ്മികളുടെ ഭാഷയും ഇതിലുള്‍പ്പെടും), ലണ്‍ഡു എന്നിവയാണ്‌ ഈ വംശത്തിന്റെ മുഖ്യശാഖകള്‍.

കുനമ

വടക്കുപടിഞ്ഞാറന്‍ എത്യോപ്യയിൽ ഈ ശാഖയിലെ ഭാഷാഭേദങ്ങള്‍ വ്യവഹരിക്കപ്പെട്ടുപോരുന്നു.

ബെർടു

എത്യോപ്യയുടെയും സുഡാന്റെയും അതിർത്തിപ്രദേശങ്ങളിൽ പ്രചാരത്തിലിരിക്കുന്ന ഈ ശാഖ കിഴക്കന്‍സുഡാനിക്കുമായി ബന്ധപ്പെട്ടതാണ്‌.

ക്‌ളിക്‌ ഗോത്രം

ഈ ഗോത്രത്തിൽ മൂന്നു വംശങ്ങളുണ്ട്‌.

ഖോയ്‌സാന്‍

തെക്കേ ആഫ്രിക്കയിലെ ബുഷ്‌മാനും ഹട്ടന്‍ടോട്ടും ഇതിന്റെ ശാഖകളാണ്‌; വടക്കന്‍, തെക്കന്‍, മധ്യം എന്ന്‌ വീണ്ടും ചില തായ്‌വഴികള്‍ ഇവയിൽ കാണാനുണ്ട്‌.

സാന്‍ദവെ

കിഴക്കേ ആഫ്രിക്കയിലെ ഒരു ഭാഷ.

ഹഡ്‌സാവി

ഇതും കിഴക്കേആഫ്രിക്കയിൽ തന്നെ പ്രചാരത്തിലിരിക്കുന്നു.

ഒരു ചെറിയ "ക്ലിക്ക്‌' (click) ശബ്‌ദം മിക്ക പദങ്ങളിലും ഉള്ളതുകൊണ്ടാണ്‌ ഈ ഭാഷാഗോത്രത്തിന്‌ ഇങ്ങനെ പേരു കല്‌പിച്ചിരിക്കുന്നത്‌. ഹട്ടന്‍ടോട്ട്‌, ആവ്‌ന്‍, നാരോണ്‍, സാന്‍ദവെ തുടങ്ങിയ ഇതിലെ മിക്കഭാഷകള്‍ക്കും ചെറിയ പ്രത്യയങ്ങള്‍ ചേർത്ത്‌ ലിംഗഭേദവും വചനരൂപങ്ങളും കാലവ്യത്യാസവും വരുത്താന്‍ കഴിയുന്നു; ഉദാഹരണത്തിന്‌ "ഖൊയ്‌-ബ്‌' പുരുഷനും "ഖൊയ്‌-സ്‌' സ്‌ത്രീയുമാണ്‌. ഖൊയ്‌സാനിൽ നിന്ന്‌ ബന്തുഭാഷകള്‍ ധാരാളം പദങ്ങള്‍ കടംകൊണ്ടിട്ടുണ്ട്‌.

മധ്യസഹാറാ ഗോത്രം

ഇതിലും മൂന്ന്‌ പ്രത്യേക ഭാഷാവംശങ്ങള്‍ രൂപംകൊണ്ടിട്ടുണ്ട്‌.

കനൂരി

നൈജീരിയയ്‌ക്കു വടക്ക്‌ ചാഡ്‌തടാകത്തിനു സമീപമുള്ള പ്രാകൃതവർഗക്കാരുടെ ബോർണു രാജ്യത്തിലെ ഭാഷയാണ്‌ ഇത്‌.

ടെഡ

മധ്യസഹാറയിലെ വ്യാപക ഗിരിപ്രദേശമായ തിബസ്‌തിയിൽ ഇത്‌ പ്രചാരത്തിലിരിക്കുന്നു.

സംഘാവയും ബെർടിയും

കുറേകൂടി കിഴക്കോട്ട്‌ മാറിയുള്ള പ്രദേശങ്ങളിലാണ്‌ ഇവയ്‌ക്കു പ്രചാരം. ഈ ഭാഷകളിലെ നാമപദങ്ങള്‍ക്ക്‌ ലിംഗഭേദമില്ലെങ്കിലും അവയോട്‌ വിഭക്തിപ്രത്യയങ്ങള്‍ ചേരും; ക്രിയാരൂപങ്ങള്‍ നിരവധിയാണ്‌.

ചില ചെറുഗോത്രങ്ങള്‍

മേല്‌പറഞ്ഞവയ്‌ക്കു പുറമേ സ്വതന്ത്രമായ അസ്‌തിത്വമുള്ളതെന്ന്‌ കരുതപ്പെടുന്ന ചില പ്രാദേശിക ഭാഷാഗോത്രങ്ങളെ കണ്ടെത്താനുള്ള ശ്രമം നടന്നുവരുന്നു. 1950-ന്‌ മുമ്പ്‌ ഇവയിൽ പലതിനെയും കുറിച്ച്‌ പുറമേ അറിവൊന്നും ഉണ്ടായിരുന്നില്ല; മിക്കവയും അറിയപ്പെട്ട ഏതെങ്കിലും വംശത്തോടുബന്ധിപ്പിച്ചാണ്‌ വ്യവഹരിക്കപ്പെട്ടു വന്നത്‌. സുഡാനിലെ കോർഡോഫാന്‍ കുന്നുകളിൽ കണ്ടെത്തിയിട്ടുള്ള ചില ഭാഷകളെ ക്രാഡീകരിച്ച്‌ കോർഡോഫാനിയന്‍ ഭാഷാഗോത്രം എന്ന ഒരു വിഭജനമുണ്ടായിട്ടുണ്ട്‌. എത്യോപ്യയും സുഡാനും സന്ധിക്കുന്ന പ്രദേശങ്ങളിലും പരിസരങ്ങളിലുമുള്ള കോമന്‍വംശത്തിൽ കോമ, ഗൂള്‍, ഗുമുസ്‌ എന്നീ ഭാഷകളുള്‍പ്പെടുന്നു. സുഡാനിന്റെ പടിഞ്ഞാറന്‍പ്രദേശങ്ങളിൽ ഫുർ, മാബാ, മിമി തുടങ്ങിയവ ഉള്‍പ്പെട്ട ഒരു വ്യത്യസ്‌തഗോത്രത്തെപ്പറ്റി പറയുന്നുണ്ടെങ്കിലും അവ മധ്യസഹാറാഭാഷകളോട്‌ വളരെ സാധർമ്യമുള്ളവയാണ്‌. സഹാറയിലെ ടിംബക്‌ടുവിലും കുറേക്കൂടി തെക്കോട്ടു മാറി കോംഗോതടത്തിലുമുള്ള സോംഘായ്‌ എന്ന ഭാഷ ഒരു സ്വതന്ത്രഗോത്രത്തിലുള്ളവയാണെന്നു വാദിക്കപ്പെടാറുണ്ട്‌. കിഴക്കന്‍ സുഡാനിലെ ന്യാംഗിയ, പൂർവ ആഫ്രിക്കയിലെ തെമെയ്‌നിയന്‍, തെയ്‌സ്‌-ഉം-ഡനാബ്‌ എന്നിവ വളരെ ചുരുക്കം ആളുകളുടെ ഇടയിൽ മാത്രമേ പ്രചാരത്തിലിരിക്കുന്നുള്ളു. ഇവയിൽ ഒടുവിൽ പറഞ്ഞ ഭാഷയിൽ 20 വാക്കുകള്‍ മാത്രമുള്ള ഒരു ശബ്‌ദകോശം കണ്ടുകിട്ടിയിട്ടുണ്ട്‌.

,സെമിറ്റിക്, ബെര്‍ബര്‍ ഭാഷകള്‍ സംസാരിക്കുന്ന വം‍ശജര്‍

മഡഗാസ്‌കർ ദ്വീപിലെ ഭാഷകള്‍ ഇന്തോനേഷ്യയിലും മറ്റുമുള്ള മലയോ-പോളിനേഷ്യന്‍ ഭാഷകളുമായി ബന്ധപ്പെട്ടവയാണ്‌. നീല, ധവളനൈൽനദികളുടെ സംഗമപ്രദേശത്തുള്ള മെറോയിറ്റിക്‌ഭാഷ ക്രിസ്‌തുവിനു മുമ്പും പിമ്പും അനവധി നൂറ്റാണ്ടുകളോളം ചിത്രലിപികളിൽ (hieroglyphics)എഴുതപ്പെട്ടുവന്നിരുന്നു എന്നു രേഖകള്‍ കിട്ടിയിട്ടുണ്ട്‌.

ഭാഷയും ചരിത്രവും

ആഫ്രിക്കയിലെ വിഭിന്ന ജനവർഗങ്ങളുടെയും ഭാഷാസാഹിത്യങ്ങളുടെയും വികാസപരിണാമചരിത്രങ്ങളെ സമന്വയിപ്പിക്കാന്‍ പണ്ഡിതന്മാർ നടത്തിയിട്ടുള്ളതും നടത്തുന്നതുമായ ശ്രമങ്ങള്‍ സർവസമ്മതമായ ഒരു നിഗമനത്തിലെത്തിച്ചേരുന്നകാര്യത്തിൽ ഭാഗികമായ വിജയം മാത്രമേ വരിച്ചിട്ടുള്ളു. ഹട്ടന്‍ടോട്ട്‌-ബുഷ്‌മെന്‍ ജനവർഗങ്ങളും ക്ലിക്‌ഭാഷാശാഖകളും തമ്മിൽ ഉള്ള ബന്ധം ഒരതിർത്തിവരെ സ്ഥാപിക്കാന്‍ ചിലർക്കു കഴിഞ്ഞിട്ടുണ്ട്‌. പിഗ്മികള്‍ക്ക്‌ ഒരു സ്വതന്ത്രഭാഷ എന്നെങ്കിലും ഉണ്ടായിരുന്നുവോ എന്ന കാര്യം സംശയാതീതമായി സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിട്ടില്ല. കക്കേഷ്യന്‍ജനതയും നീഗ്രാകളും ഹമിറ്റോ-സെമിറ്റിക്‌ഭാഷകളാണ്‌ സംസാരിക്കുന്നത്‌. സെമിറ്റിക്‌, ബെർബർ തുടങ്ങിയ ചില ഭാഷകള്‍ സംസാരിക്കുന്നവർ നിയമേന വെള്ളനിറമുള്ളവരും കുഷിറ്റിക്‌-ചാഡ്‌ഭാഷകളുപയോഗിക്കുന്നത്‌ കൃഷ്‌ണവർണമുള്ള നീഗ്രാകളുമാണ്‌.

മെണ്ടെ ഭാഷയിലുള്ള അക്ഷരങ്ങള്‍

ഏതാണ്ട്‌ രണ്ടായിരം വർഷങ്ങള്‍ക്കു മുമ്പു ദക്ഷിണാഭിമുഖമായുണ്ടായ ഒരു ജനപ്രയാണത്തെത്തുടർന്നാണ്‌ നൈജീരിയ-കാമറൂണ്‍ പ്രദേശങ്ങളിൽ ബന്തുഭാഷയുടെ ആവിർഭാവമെന്നു നരവംശഭാഷാശാസ്‌ത്രജ്ഞന്മാർ ഏറെക്കുറെ തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്‌. ഭാഷാപഠനംമൂലം ലഭ്യമായ മറ്റു പല തെളിവുകള്‍കൊണ്ട്‌ ആഫ്രിക്കയിലെ നരവംശശാസ്‌ത്രപഠനത്തിലും ദിവസംചെല്ലുന്തോറും പുതിയ വെളിച്ചം വീണുകൊണ്ടിരിക്കുന്നു. സുഡാനിലെ ഭാഷകളിൽ നിരവധി ഗ്രീക്ക്‌-ലത്തീന്‍-പ്യൂണിക്‌ പദങ്ങള്‍ കാണാന്‍ കഴിയും. ഇസ്‌ലാമികാതിപ്രസരം വഴി അറബിഭാഷയും, യൂറോപ്യന്‍ (പ്രത്യേകിച്ച്‌ പോർത്തുഗീസ്‌) ആധിപത്യംമൂലം ആ രാജ്യങ്ങളിലെ ഭാഷകളും പദസമൂഹങ്ങള്‍ (Vocables) കൊണ്ട പല ആഫ്രിക്കന്‍ഭാഷകളെയും സമ്പന്നമാക്കിയിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍