This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്റിസെമിറ്റിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:57, 5 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആന്റിസെമിറ്റിസം

Antisemitism

സെമിറ്റിക്ക്‌ ജനതയോടുള്ള വിദ്വേഷം എന്ന്‌ അര്‍ഥം വരുന്ന ഈ പദം ഇപ്പോള്‍ യഹൂദവിരോധം എന്ന വിവക്ഷയിലാണ്‌ പ്രചാരത്തിലിരിക്കുന്നത്‌. യഹൂദവിരോധത്തിന്‌ ചരിത്രകാലത്തോളം പഴക്കമുണ്ടെങ്കിലും 19-ാം ശ.-ത്തിലാണ്‌ ആന്റിസെമിറ്റിസം എന്ന വാക്കു പ്രയോഗിക്കപ്പെട്ടുതുടങ്ങിയത്‌. 1860-ല്‍ ആസ്‌ട്രിയന്‍ ജ്യൂയിഷ്‌ പണ്ഡിതനായ മോറിസ്‌ സ്റ്റൈന്‍ഷ്‌നൈസര്‍ ആണ്‌ ആന്റിസെമിറ്റിക്ക്‌ എന്ന പദം ആദ്യമായി ഉപയോഗിച്ചതെന്ന്‌ കരുതുന്നു. ജൂതര്‍ക്കെതിരായ മനോഭാവങ്ങള്‍, മിത്തുകള്‍, ഫോക്‌ലോര്‍, ആശയങ്ങള്‍, ഭാവനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, സാമൂഹികവും നിയമപരവുമായ വിവേചനങ്ങള്‍, രാഷ്‌ട്രീയ പ്രവര്‍ത്തനം, സംഘിടതവും പ്രവര്‍ത്തനങ്ങള്‍, സ്റ്റേറ്റിന്റെ ആക്രമണങ്ങള്‍ തുടങ്ങിയവയെല്ലാം ആന്റിസെമിറ്റിസം എന്നു വിളിക്കപ്പെടുന്നു. സമകാലിക സമൂഹത്തില്‍ പൊതു ജീവിതത്തിലും, തൊഴിലിടങ്ങളിലും, വിദ്യാഭ്യാസസ്ഥാപനങ്ങളിലും മാധ്യമങ്ങളിലും മറ്റും ജൂതവംശജര്‍ നേരിടുന്ന വിവേചനങ്ങളും ഈ പദംകൊണ്ട്‌ സൂചിപ്പിക്കപ്പെടുന്നു. ക്രിസ്‌തുവിന്റെ ജനനത്തിന്‌ 400 വര്‍ഷം മുമ്പ്‌ നൈല്‍നദിക്കരയിലെ ഒരു യഹൂദക്ഷേത്രം ഏതാനും ഈജിപ്‌ഷ്യന്‍ പുരോഹിതന്മാര്‍ നശിപ്പിച്ചതാണ്‌ യഹൂദവിരോധചരിത്രത്തിലെ ആദ്യസംഭവമായി അറിയപ്പെടുന്നത്‌, കുറഞ്ഞപക്ഷം ഇസ്രയേലിലെ യഹൂദരോടുള്ള ശത്രുതയുടെ ചരിത്രത്തില്‍. ബഹുദൈവ വിശ്വാസികളായ ഗ്രീക്കുകാര്‍ ഏകദൈവ വിശ്വാസികളായ യഹൂദരെ എതിര്‍ക്കുകയും അക്രമിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇവര്‍ ക്രിസ്‌തുവിനെ വധിച്ചവരായതുകൊണ്ട്‌ കൊല്ലപ്പെടാനും അപമാനിക്കപ്പെടാനും ദൈവത്താല്‍ വിധിക്കപ്പെട്ടവരാണെന്ന്‌ ക്രസ്‌തവ ഭരണാധികാരികള്‍ കരുതി. അതുകൊണ്ട്‌ തന്നെയാവാം ലോകത്താകമാനം ഇവര്‍ക്ക്‌ ആക്രമണങ്ങളും, ഉന്മൂലനങ്ങളും നേരിടേണ്ടിവന്നത്‌.

നാസി ക്യാമ്പിലെ ജൂത കൂട്ടക്കൊലയുടെ ഒരു ദൃശ്യം

ഗ്രീക്കുകാര്‍ യഹൂദരെ എതിര്‍ത്തുപോന്നിരുന്നു. യഹൂദരുടെ ആചാരനുഷ്‌ഠാനങ്ങള്‍ പൊതുവേ ഗര്‍ഹണീയമാണെന്ന്‌ ടാസിറ്റസ്‌ പ്രസ്‌താവിച്ചു. യഹൂദര്‍ പരസ്‌പരം കൂറുള്ളവരാണെങ്കിലും മറ്റു ജനതകളുമായി അവര്‍ കടുത്ത ശത്രുത പുലര്‍ത്തുന്നവരാണെന്ന്‌ ടാസിറ്റസ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.

യഹൂദരുടെ മതാനുഷ്‌ഠാനങ്ങള്‍ ഗര്‍ഹണീയമാണെന്നു കരുതിയവര്‍ വേറെയുമുണ്ട്‌. ഗ്രീക്കു ജീവചരിത്രകാരനായ പ്ലൂട്ടാര്‍ക്ക്‌ (എ.ഡി. 1-ാം ശ.) പറയുന്നത്‌, പന്നിയെ ആരാധിക്കുന്നതുകൊണ്ടാണ്‌ യഹൂദര്‍ പന്നിമാംസം കഴിക്കാത്തതെന്നാണ്‌. പന്നിമാംസഭോജനത്തെ സുന്നത്തുമായി ബന്ധപ്പെടുത്തി ചിത്രീകരിക്കാനാണ്‌ സ്റ്റ്രാബോ (ബി.സി. 63-എ.ഡി. 19) എന്ന ഗ്രന്ഥകാരന്‍ താത്‌പര്യം കാണിച്ചത്‌. യഹൂദര്‍ ശിശുക്കളുടെ രക്തം കുടിക്കുന്നവരാണെന്ന്‌ ഏപ്പിയന്‍ (എ.ഡി. 2-ാം ശ.) എന്ന യവനചരിത്രകാരന്‍ അധിക്ഷേപിച്ചു. അവരുടെ സാബത്ത്‌ (Sabbath) ദിനാചരണത്തിന്‌ അദ്ദേഹം ഒരു പുതിയ വ്യാഖ്യാനം നല്‌കി. ഈജിപ്‌തില്‍ നിന്നു മഹാപ്രസ്ഥാനം ചെയ്‌ത യഹൂദര്‍ക്ക്‌ നാഭിയില്‍ മുഴകള്‍ വന്നു. ആറുദിവസത്തെ ക്ലേശകരമായ യാത്രയ്‌ക്കുശേഷം അവര്‍ ജൂഡിയായില്‍ വിശ്രമിച്ചു. ഏഴാംദിവസത്തിന്‌ അവര്‍ സാബട്ടണ്‍ (Sabbaton) എന്നു പേരിട്ടു. ഇതാണ്‌ അവരുടെ സാബത്ത്‌. നാഭീരോഗത്തിന്‌ ഈജിപ്‌ഷ്യന്‍ ഭാഷയില്‍ സാബോ (Sabbo) എന്നാണ്‌ പറയുന്നത്‌.

ജൂത യുവാവിനെയും കുട്ടിയേയും വെടിവെച്ചു കൊല്ലുന്ന നാസി പടയാളി

ഗ്രീക്കുകാരും റോമാക്കാരും യഹൂദവിരോധികളായിരുന്നുവെങ്കിലും അവര്‍ യഹൂദമതത്തെ അപ്പാടെ നശിപ്പിക്കാന്‍ ഒരുങ്ങിയില്ല. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി 312-ല്‍ ക്രിസ്‌തുമതം സ്വീകരിച്ചതോടെയാണ്‌ യഹൂദ വിരോധം ശക്തിയാര്‍ജിച്ചത്‌. ക്രിസ്‌തുവര്‍ഷത്തിന്റെ ആദ്യത്തെ രണ്ടുശതകങ്ങള്‍ യഹൂദചരിത്രത്തില്‍ ഒരു സമ്മിശ്രകാലഘട്ടമായിരുന്നു എന്നു പറയാം; ഇക്കാലത്ത്‌ യഹൂദനിയമങ്ങള്‍ നിരോധിക്കപ്പെട്ടു; യഹൂദപണ്ഡിതന്മാര്‍ വിദ്യാര്‍ഥികളെ കാണുകയോ പഠിപ്പിക്കുകയോ പാടില്ലെന്നു വിധിക്കപ്പെട്ടു. എന്നാല്‍ എ.ഡി. 212-ല്‍ കാരക്കല്ല യഹൂദര്‍ക്കു പൂര്‍ണപൗരത്വം നല്‌കി. അലക്‌സാണ്ടര്‍ സിവറസിന്റെ (ഭ.കാ. 222-235) കാലമായപ്പോഴേക്കും യഹൂദമതം അംഗീകരിക്കപ്പെട്ടു.

കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ പിന്‍ഗാമികളുടെ കാലത്ത്‌ റോമാസാമ്രാജ്യത്തില്‍ യഹൂദരുടെ നില മെച്ചപ്പെട്ടു. മരണശിക്ഷയ്‌ക്കു വിധേയരാകുന്ന ക്രിസ്‌ത്യാനികളെ യഹൂദമതത്തിലേക്കു പരിവര്‍ത്തനം ചെയ്‌തുവന്ന സമ്പ്രദായം അവസാനിപ്പിച്ചു. എങ്കിലും ക്രിസ്‌തുമതം സ്വീകരിക്കാന്‍ യഹൂദരെ പ്രേരിപ്പിക്കുകയും അവരുടെ മേല്‍ ബലപ്രയോഗം നടത്തുകയും ചെയ്‌തുപോന്നു. അഞ്ചും ആറും ശ.-ങ്ങളില്‍ നിര്‍മിക്കപ്പെട്ട നിയമങ്ങള്‍ യഹൂദരെ അധികാരസ്ഥാനങ്ങളില്‍നിന്ന്‌ ഒഴിച്ചുനിറുത്തി. യഹൂദരും ക്രിസ്‌ത്യാനികളും തമ്മില്‍ വിവാഹബന്ധത്തില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നു വിധിച്ചു. സാമൂഹിക സംസര്‍ഗംപോലും യഹൂദര്‍ക്ക്‌ നിരോധിക്കപ്പെട്ടു.

യഹൂദജനത ആക്രമണങ്ങളെയും കൂട്ടക്കൊലകളെയും അതിജീവിച്ചുവെന്നത്‌ ഒരു അദ്‌ഭുതമാണ്‌. ഫ്രാന്‍സ്‌, ഇറ്റലി, സ്‌പെയിന്‍, ബൈസാന്തിയം എന്നിവിടങ്ങളില്‍ അവരുടെ സംസ്‌കാരം നിലനിന്നുപോന്നു. മാത്രമല്ല, 11-ാം ശ.-ത്തില്‍ അവര്‍ സ്‌പെയിനില്‍ ഏറെ അഭിവൃദ്ധിപ്പെടുകയും ചെയ്‌തു. തുടര്‍ന്ന്‌ 15-ാം ശ. വരെ സ്‌പെയിനിലെ യഹൂദര്‍ പ്രത്യേകമായ സ്വാതന്ത്ര്യങ്ങളും ആനുകൂല്യങ്ങളും അനുഭവിച്ചുപോന്നു. ഇസ്‌ലാം ഭരണമാണ്‌ ഇതിനു സഹായിച്ചത്‌. അറബിസംസ്‌കാരവും യഹൂദസംസ്‌കാരവും സംയോജിക്കുകയും തത്‌ഫലമായി വാനശാസ്‌ത്രം, ഭൗതികം, ഗണിതശാസ്‌ത്രം മുതലായ വിജ്ഞാനമേഖലകളില്‍ അദ്‌ഭുതകരമായ പുരോഗതി ഉണ്ടാകുകയും ചെയ്‌തു.

സ്‌പെയിനിലേതുപോലെയായിരുന്നില്ല മറ്റു രാജ്യങ്ങളിലെ സ്ഥിതി. അവിടങ്ങളില്‍ യഹൂദസമുദായം ഒട്ടേറെ വിവേചനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയായിക്കൊണ്ടിരുന്നു. ഫ്രാന്‍സിലും ജര്‍മനിയിലുമാണ്‌ ഏറ്റവും കടുത്ത ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവന്നത്‌. 10-ാം ശ.-ത്തിലെ കുരിശുയുദ്ധം യഹൂദരുടെ കൂട്ടക്കൊലകള്‍ക്കു സാക്ഷ്യം വഹിച്ചു. മധ്യകാലഘട്ടത്തിലെ സ്ഥിതിയും ഏറെ ദയനീയമായിരുന്നു. യഹൂദര്‍ക്ക്‌ എല്ലാവിധത്തിലും ഭ്രഷ്‌ട്‌ കല്‌പിക്കപ്പെട്ടു. യഹൂദരുമായി സാമൂഹിക സംസര്‍ഗം ചെയ്യാന്‍ ക്രിസ്‌ത്യാനികളെ അനുവദിച്ചില്ല. യഹൂദര്‍ക്ക്‌ ഗവണ്മെന്റില്‍ ഉദ്യോഗം സ്വീകരിക്കാന്‍ അര്‍ഹതയില്ലെന്നും അവര്‍ ക്രിസ്‌ത്യാനികളെ ജോലിക്കാരായി വയ്‌ക്കുന്നതു കുറ്റകരമാണെന്നും പ്രഖ്യാപിക്കപ്പെട്ടു. ഈസ്റ്റര്‍ ആഘോഷിക്കുന്ന ആഴ്‌ച മുഴുവന്‍ അവര്‍ക്ക്‌ വീട്ടിനു വെളിയില്‍ കടക്കാന്‍പോലും അനുവാദം ഇല്ലായിരുന്നു. യഹൂദര്‍ മഞ്ഞനിറത്തിലൊരു ബാഡ്‌ജ്‌ ധരിച്ചുനടക്കേണ്ടതാണെന്നും നിയമം അനുശാസിച്ചു.

ഇംഗ്ലണ്ടിലെ യഹൂദര്‍ 1290-ല്‍ നാടുകടത്തപ്പെട്ടു. ഫ്രാന്‍സിലെ യഹൂദര്‍ ഏറിയകൂറും കൂട്ടക്കുരുതിക്കിരയാക്കപ്പെട്ടു. ശേഷിച്ചവര്‍ 1394-ല്‍ ബഹിഷ്‌കൃതരായി. ജര്‍മനിയില്‍ യഹൂദര്‍ രാജ്യത്തിലെ അടിയാളന്മാരായി തരം താഴ്‌ത്തപ്പെട്ടു. അവരുടെ മേല്‍ ഭാരിച്ച നികുതികള്‍ ഏര്‍പ്പെടുത്തി. 16-ാം ശ.-ത്തില്‍ സ്‌പെയിനില്‍നിന്ന്‌ അറബികള്‍ ബഹിഷ്‌കൃതരായതോടെ അവിടെയും യഹൂദ പീഡനം ശക്തിപ്പെട്ടു.

മധ്യകാലഘട്ടത്തിലെ യഹൂദപീഡനത്തിനു മുഖ്യകാരണം മതമായിരുന്നു. യഹൂദപീഡനത്തിനു ദൈവികമായ അംഗീകാരം സിദ്ധിച്ചിരുന്നു എന്നായിരുന്നു ക്രിസ്‌തീയ വിശ്വാസികളുടെ ധാരണ. മതനവീകരണകാലത്ത്‌ കത്തോലിക്കര്‍ കരുതിയത്‌ പ്രൊട്ടസ്റ്റാന്റിസം പള്ളിക്കെതിരായി യഹൂദര്‍ നടത്തിയ ഗൂഢാലോചനയായിരുന്നുവെന്നാണ്‌. എന്നാല്‍ മതനവീകരണപ്രസ്ഥാനക്കാര്‍പോലും യഹൂദവിദ്വേഷത്തില്‍നിന്ന്‌ ഒഴിഞ്ഞുനിന്നില്ല. അവരും യഹൂദ നിര്‍മാര്‍ജനത്തിന്‌ ആകുന്നതൊക്കെ ചെയ്‌തു. ക്രിസ്‌തുവിന്റെ മരണത്തിന്‌ യഹൂദരാണ്‌ ഉത്തരവാദികള്‍; അവര്‍ ക്രൈസ്‌തവശിശുക്കളുടെ രക്തം കുടിക്കുന്നവരാണ്‌; ക്രൈസ്‌തവസ്‌ത്രീകളെ മാനഭംഗപ്പെടുത്തുന്നവരാണ്‌-അതിനാല്‍ അവരെ നശിപ്പിക്കുക പുണ്യകര്‍മമാണ്‌ എന്നെല്ലാം കത്തോലിക്കരെപ്പോലെതന്നെ പ്രൊട്ടസ്റ്റന്റുകാരും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തു.

17-ാം ശതകാന്ത്യത്തോടെ യൂറോപ്പിലെ മിക്ക രാജ്യങ്ങളില്‍നിന്നും യഹൂദര്‍ നാടുകടത്തപ്പെട്ടു. ശേഷിച്ച യഹൂദര്‍ക്കു നിരന്തരമായ യാതനകള്‍ അനുഭവിക്കേണ്ടിവന്നു. 18-ാം ശ.-ത്തില്‍ യൂറോപ്പിലെ യഹൂദരുടെ നില മെച്ചപ്പെട്ടു. വിപ്ലവത്തിന്റെ ഫലമായി ഫ്രാന്‍സില്‍ നിലവില്‍വന്ന ദേശീയ അസംബ്ലി യഹൂദര്‍ക്ക്‌ തുല്യപൗരത്വം നല്‌കി. ജര്‍മനിയിലും അവര്‍ക്കു പൗരാവകാശം ലഭിച്ചു. റഷ്യയിലെ യഹൂദരില്‍ ഭൂരിഭാഗവും പശ്ചിമ യൂറോപ്പിലേക്കു നീങ്ങി. അവശേഷിച്ചവര്‍ സാറിസ്റ്റു ഭരണത്തിന്റെ നിഷ്‌ഠൂരതകള്‍ക്കിരയായിത്തീര്‍ന്നു.

ഒന്നാം ലോകയുദ്ധത്തിനുശേഷം യൂറോപ്പിലെ യഹൂദചരിത്രത്തില്‍ ഒരു പുതിയ യുഗം ഉദയം ചെയ്‌തു. വെഴ്‌സയില്‍ ഉടമ്പടിപ്രകാരം പൂര്‍വയൂറോപ്പിലെ ന്യൂനപക്ഷങ്ങള്‍ക്ക്‌ രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരികാവകാശങ്ങള്‍ ഉറപ്പുചെയ്യപ്പെട്ടു. 1917-ലെ ബാല്‍ഫോര്‍ പ്രഖ്യാപനം പലസ്‌തീനില്‍ ഒരു യഹൂദരാഷ്‌ട്രം സ്ഥാപിക്കുന്നതിനെ അനൂകൂലിക്കുകയും ചെയ്‌തു.

എന്നാല്‍ യഹൂദരാഷ്‌ട്രം സംസ്ഥാപിതമാകാന്‍ വീണ്ടും മുപ്പതു വര്‍ഷങ്ങള്‍ കഴിയേണ്ടിവന്നു (1948). ഇതിനിടയ്‌ക്കാണ്‌ ഹിറ്റ്‌ലറുടെ നാസിപ്പട 60 ലക്ഷത്തിലേറെ യഹൂദരെ കുരുതികഴിച്ചത്‌. ജര്‍മനിയും ലോകവും ഭരിക്കാന്‍ യോഗ്യരായ ഏകവംശം "ജര്‍മന്‍ ആര്യവംശ'മാണെന്നും യഹൂദന്മാര്‍ ആര്യവംശപുരോഗതിയുടെ ശത്രുക്കളാണെന്നും പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഈ കൂട്ടകുരുതികളൊക്കെയും നടന്നത്‌. നോ: നാസിസം

യഹൂദവിദ്വേഷം ഇന്നു താരതമ്യേന കുറവാണ്‌. മാനവരാശിയുടെ സംസ്‌കാരവും യുക്തിബോധവും സഹിഷ്‌ണുതാബോധവും അഭിവൃദ്ധിപ്പെടുന്നതാണ്‌ കാരണം. ഇസ്രായേലിന്റെ രൂപീകരണത്തിനുശേഷവും തുടരുന്ന പലസ്‌തീന്‍-ജറുസലേം പ്രശ്‌നങ്ങളുടെ വേരുകള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിശ്വാസങ്ങളിലും, ചരിത്രത്തിലും ആഴ്‌ന്നിറങ്ങിയിട്ടുണ്ട്‌. സിയോണിസം മുസ്‌ലിം വിരുദ്ധതയായും, മനുഷ്യത്വ രഹിതമായ ക്രൂരതയായും പലസ്‌തീനില്‍ ഇന്ന്‌ പ്രകടമാവുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍