This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ ഹിസ്റ്റോറിക്കൽ റിക്കാർഡ്‌സ്‌ കമ്മിഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:24, 5 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇന്ത്യന്‍ ഹിസ്റ്റോറിക്കല്‍ റിക്കാര്‍ഡ്‌സ്‌ കമ്മിഷന്‍

പൊതു ഉടമയിലും സ്വകാര്യശേഖരങ്ങളിലുമുള്ള ചരിത്രപ്രധാനങ്ങളായ പുരാരേഖകളുടെ സംരക്ഷണത്തിനു വേണ്ട ഉപദേശനിര്‍ദേശങ്ങള്‍ നല്‌കുന്നതിന്‌ ഇന്ത്യാഗവണ്‍മെന്റ്‌ രൂപവത്‌കരിച്ച (1919) സ്ഥിരംസമിതി. ഔദ്യോഗികവും അനൗദ്യോഗികവുമായ പുരാരേഖാശേഖരങ്ങള്‍ ഏറ്റെടുക്കുക; പുരാരേഖാസംരക്ഷണം, ഉപയോഗം എന്നിവയെപ്പറ്റി പഠനങ്ങളും ചര്‍ച്ചകളും സംഘടിപ്പിക്കുക; പുരാരേഖാശാസ്‌ത്രവുമായി ബന്ധപ്പെട്ട സ്ഥലനാമപഠനം, ലിഖിതവിജ്ഞാനീയം, വംശാവലീവിജ്ഞാനീയം തുടങ്ങിയ ഉപശാഖകളെ വിലയിരുത്തുക; പ്രാദേശിക മേഖലാസമിതികള്‍, സര്‍വകലാശാലകള്‍, ഗ്രന്ഥശാലകള്‍, കാഴ്‌ചബംഗ്ലാവുകള്‍ തുടങ്ങിയവുമായി സഹകരിച്ച്‌ സ്വകാര്യ സൂക്ഷിപ്പിലും അര്‍ധ-ഔദ്യോഗിക സ്ഥാപനങ്ങളിലുമുള്ള പുരാരേഖകളെ എങ്ങനെ സംരക്ഷിക്കുമെന്നു പഠിക്കുക; കൈയെഴുത്തുരേഖകളെപ്പറ്റി ഗവേഷണം നടത്തുക; ആവശ്യമായ റിപ്പോര്‍ട്ടുകളും ബുള്ളറ്റിനുകളും യഥാകാലം പ്രസിദ്ധപ്പെടുത്തുക തുടങ്ങിയവയാണ്‌ കമ്മിഷന്റെ ലക്ഷ്യങ്ങള്‍. തുടക്കത്തില്‍ നാല്‌ ഔദ്യോഗികാംഗങ്ങളും നാല്‌ അനൗദ്യോഗികാംഗങ്ങളും ഉള്‍പ്പെട്ട ഈ സമിതി 1941 സെപ്‌തംബറില്‍ കൂടുതല്‍ പ്രാതിനിധ്യ സ്വഭാവമുള്ള ഒന്നായി പുനഃസംഘടിപ്പിക്കപ്പെട്ടു. ഇതനുസരിച്ച്‌ സംസ്ഥാനങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും തങ്ങളുടെ പ്രതിനിധികളെ ഈ സമിതിയിലേക്കു നിയോഗിക്കുവാന്‍ അധികാരം ലഭിച്ചു. 1919-ല്‍ രൂപീകരിക്കപ്പെട്ട കമ്മിഷന്‍ ഇതിനകം 58 സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. പുതിയ വിവരങ്ങള്‍ പൊതുജനത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിലും ചരിത്രരേഖകള്‍ ഗവേഷകര്‍ക്ക്‌ ഉപയുക്തമാക്കുന്നതിലും കമ്മിഷന്‍ പ്രതിബദ്ധത പുലര്‍ത്തുന്നു.

1990-ല്‍ പുനഃസംഘടിപ്പിക്കപ്പെട്ട കമ്മിഷനില്‍ പുരാരേഖാ സംരക്ഷണവകുപ്പ്‌ തലവന്മാരും സര്‍വകലാശാലകളുടെയും ചരിത്രഗവേഷണ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയും പ്രതിനിധികളും, കേന്ദ്രഗവണ്‍മെന്റ്‌ നാമനിര്‍ദേശം ചെയ്യുന്ന ചരിത്രകാരന്മാരും, കേന്ദ്ര അര്‍ധ ഗവണ്‍മെന്റ്‌ സ്ഥാപനങ്ങളുടെ പ്രതിനിധികളും അംഗങ്ങളാണ്‌. കേന്ദ്ര ഗവണ്‍മെന്റിന്റെ അനൗദ്യോഗിക അംഗങ്ങളും പുരാരേഖ സംരക്ഷണ തത്‌പരരായ വിദേശികളും കമ്മിഷനില്‍ ഉണ്ടായിരിക്കും. കേന്ദ്ര സാംസ്‌കാരിക വകുപ്പ്‌ മന്ത്രിയാണ്‌ കമ്മിഷന്റെ അധ്യക്ഷന്‍.

(ഡോ. സി.കെ. കരീം; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍