This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ ശിക്ഷാസംഹിത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:51, 5 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇന്ത്യന്‍ ശിക്ഷാസംഹിത

ഇന്ത്യയില്‍ ക്രിമിനല്‍ക്കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കു നല്‌കപ്പെടുന്ന ശിക്ഷകളെപ്പറ്റി പ്രതിപാദിക്കുന്ന നിയമസംഹിത. ഇന്ത്യന്‍ ശിക്ഷാനിയമസംഹിത (Indian Penal Code) 511 വകുപ്പുകളുള്ള അടിസ്ഥാന നിയമസംഹിതയാണ്‌. ക്രിമിനല്‍ക്കുറ്റങ്ങളെ യുക്തിപൂര്‍വം തരംതിരിച്ച്‌ ഓരോന്നിനും നല്‌കപ്പെടേണ്ട ശിക്ഷകള്‍ ഓരോ വകുപ്പിലുമായി ക്രമപ്പെടുത്തിയിരിക്കുന്നു.

ഇന്ത്യന്‍ പീനല്‍ കോഡ്‌ 1860-ല്‍ നടപ്പില്‍വന്നു. 1836-ല്‍ രൂപംകൊണ്ട "ഇന്ത്യന്‍ ലാ കമ്മിഷനാ'ണ്‌ പീനല്‍കോഡിന്റെ ഉപജ്‌ഞാതാക്കള്‍. കമ്മിഷനിലെ അംഗങ്ങള്‍ മെക്കാളെ, മക്‌ളിയോഡ്‌, ആന്‍ഡേഴ്‌സണ്‍, മില്ലെ എന്നീ നാലുപേരായിരുന്നു; എങ്കിലും മെക്കാളെപ്രഭു തന്നെയായിരുന്നു ഇതിന്റെ പ്രധാന ശില്‌പി. മെക്കാളെയും കൂട്ടരും ഇതില്‍ കുറ്റകൃത്യങ്ങള്‍ സസൂക്ഷ്‌മം നിര്‍വചിക്കുകയും തുല്യസ്വഭാവമുള്ള കുറ്റങ്ങള്‍ പരസ്‌പരം വേര്‍തിരിച്ചു കാണിക്കുകയും ചെയ്‌തു.

പുരാതന ഭാരതത്തില്‍. പീനല്‍ കോഡിന്റെ ആവിര്‍ഭാവത്തിനുമുമ്പ്‌ ഭാരതത്തില്‍ ന്യായവും നീതിയും നടത്തുന്നതിനും ക്രമസമാധാനസ്ഥാപനത്തിനും ആലംബമായിരുന്നത്‌ മനു, യാജ്ഞവല്‌ക്യന്‍, ബൃഹസ്‌പതി, സുമതി ഭാര്‍ഗവന്‍ തുടങ്ങിയ സ്‌മൃതികാരന്മാരുടെ "ദണ്ഡവിധി'കളായിരുന്നു. സ്‌മൃതികാരന്മാരുടെ വിവക്ഷയില്‍, നിയമങ്ങളുടെയെല്ലാം ഉറവിടം ഭരണാധിപനായ രാജാവാണ്‌. നീതിനിര്‍വഹണം "രാജധര്‍മ'ത്തിന്റെ സുപ്രധാന ഘടകമായി കണക്കാക്കിയിരുന്നു. നീതിയുടെ മുമ്പില്‍ എല്ലാ ജനങ്ങളും സമന്മാരാണെന്ന സര്‍വാദരണീയമായ തത്ത്വം അതിപ്രാചീനകാലം മുതല്‌ക്കേ ഭാരതം അംഗീകരിച്ചിരുന്നു. "മയൂരധര്‍മം' എന്നാണ്‌ ഈ സമഭാവനയെ ചിത്രീകരിച്ചുപോന്നിരുന്നത്‌. മയൂരം അതിന്റെ ശബളാഭമായ പീലിവലയം അന്തരീക്ഷത്തില്‍ വിടര്‍ത്തി നൃത്തം ചെയ്യുന്നതുപോലെ, നീതി അതിന്റെ സംരക്ഷണച്ഛത്രം എല്ലാ ജനങ്ങളെയും ഉള്‍ക്കൊള്ളത്തക്കവണ്ണം വിടര്‍ത്തി വിസ്‌തൃതമായി നിലകൊള്ളുന്നുവെന്നാണ്‌ ഈ സങ്കല്‌പത്തിന്റെ സാരം. പക്ഷേ, പ്രയോഗത്തില്‍ ഈ സങ്കല്‌പം അവഗണിക്കപ്പെടുകയോ അവമതിക്കപ്പെടുകയോ ചെയ്‌തതായിട്ടാണ്‌ കാണുന്നത്‌. കാരണം, കുറ്റവാളിയുടെ ശിക്ഷ നിര്‍ണയിച്ചിരുന്നത്‌ അയാളുടെ ജാതിയെ അടിസ്ഥാനമാക്കിയായിരുന്നു. കീഴ്‌ജാതിക്കാരനായ കുറ്റവാളിക്കു കഠിനശിക്ഷയും അതേ കുറ്റത്തിന്‌ മേല്‍ജാതിക്കാരനു ലഘുവായ ശിക്ഷയുമാണ്‌ നല്‌കിവന്നത്‌. കുറ്റവാളി ബ്രാഹ്മണനാണെങ്കില്‍ ശിക്ഷ തന്നെയില്ല. ആദ്യത്തെ രണ്ടു കൊലപാതകങ്ങള്‍ക്കു പോലും ശിക്ഷയില്ലായിരുന്നു. മൂന്നാമതും കൊലചെയ്‌താല്‍ ബ്രാഹ്മണനായ കുറ്റവാളിയുടെ തല മുണ്ഡനം ചെയ്‌ത്‌ കഴുതപ്പുറത്തു കയറ്റി തന്റെ മുഖം കഴുതയുടെ വാലിനുനേരെയാക്കിയിരുത്തി ഒരു പട്ടണപ്രദക്ഷിണം നടത്തും അത്രമാത്രം. ഈ വിവേചനം കാലാന്തരത്തില്‍ ദോഷഫലങ്ങള്‍ക്കു വഴിതെളിച്ചതായും നീതിന്യായപാലനം തന്നെ അത്തരം കുത്സിതവൃത്തികള്‍മൂലം അപഹാസ്യഭാവം കൈക്കൊണ്ടതായും രേഖകളുണ്ട്‌.

കൊലപാതകി ക്ഷത്രിയനാണെങ്കില്‍ പിഴശിക്ഷയും വൈശ്യനാണെങ്കില്‍ തടവുശിക്ഷയും ശൂദ്രനാണെങ്കില്‍ വധശിക്ഷയും എന്നായിരുന്നു ക്രമം. ദണ്ഡവിവേക, ദണ്ഡതത്ത്വപ്രകാശിക, ദണ്ഡഭേദവ്യവസ്ഥ തുടങ്ങിയ ചില പ്രാചീനനിയമഗ്രന്ഥങ്ങളില്‍ ഈ ദണ്ഡവിവേചനപ്രക്രിയയെപ്പറ്റി സവിസ്‌തരം പ്രതിപാദിച്ചിട്ടുണ്ട്‌. കൗടല്യന്റെ കാലമായപ്പോഴേക്കും ഈ സ്ഥിതിക്ക്‌ അല്‌പമൊരു മാറ്റം വന്നു. നിയമത്തിന്‌ ഭാരതത്തില്‍ ആദ്യമായി ഒരു അടുക്കും ചിട്ടയും വരുത്തിയത്‌ കൗടല്യനായിരുന്നു. നിയമങ്ങളെ ക്രോഡീകരിക്കുകയാണ്‌ അര്‍ഥശാസ്‌ത്രത്തില്‍ അദ്ദേഹം ചെയ്‌തത്‌. ബ്രാഹ്മണന്‍ അനുഭവിച്ചുവന്ന ശിക്ഷയിളവുകളും സൗജന്യങ്ങളും രാജദ്രോഹം തുടങ്ങിയ ചില പ്രത്യേക കുറ്റങ്ങള്‍ക്കു ബാധകമാകുകയില്ല എന്ന ഭേദഗതി കൗടല്യന്‍ നടപ്പില്‍വരുത്തി. രാജസ്ഥാനത്തെ അപഹസിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന ബ്രാഹ്മണനെ ജലാശയത്തില്‍ മുക്കി ശ്വാസം മുട്ടിച്ചുകൊല്ലണമെന്നായിരുന്നു അര്‍ഥശാസ്‌ത്ര വ്യവസ്ഥ.

ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാക്കമ്പനി ഇന്ത്യയില്‍ ഭരണം തുടങ്ങിയ ഘട്ടത്തില്‍, സ്‌മൃതികാരന്മാരുടെയും കൗടല്യന്റെയും നിയമശാസനങ്ങളായിരുന്നു നീതിന്യായഭരണത്തിനു സഹായകമായി സ്വീകരിക്കപ്പെട്ടിരുന്നത്‌. ഭരണീയരുടെ മതവിശ്വാസങ്ങളെയും ജാതീയമായ ഉച്ചനീചത്വങ്ങളെയും ആദരിച്ചും പരിഗണിച്ചുമാണ്‌ കമ്പനിക്കാര്‍ ക്രിമിനല്‍ക്കുറ്റങ്ങള്‍ കൈകാര്യം ചെയ്‌തിരുന്നത്‌. ഹിന്ദുമതതത്ത്വങ്ങള്‍ കോടതിക്കു വിശദീകരിച്ചുകൊടുക്കാന്‍ ഹിന്ദുപണ്ഡിറ്റുകളും, ഇസ്‌ലാമിക തത്ത്വങ്ങള്‍ വിശദീകരിച്ചുകൊടുക്കാന്‍ ഇസ്‌ലാമിക പണ്ഡിതന്മാരും ഓരോ ക്രിമിനല്‍ക്കേസു വിസ്‌തരിക്കുമ്പോഴും കോടതിയില്‍ ഹാജരുണ്ടായിരിക്കും. അവര്‍ക്കു പ്രത്യേകം ഇരിപ്പിടങ്ങള്‍ കോടതിയില്‍ സജ്ജമാക്കിയിരുന്നു. കേസിന്റെ വിസ്‌താരം കഴിഞ്ഞാല്‍, ജഡ്‌ജി അവരുടെ അഭിപ്രായം ആരായുകയും അതിനനുസരിച്ച്‌ ശിക്ഷ ക്രമപ്പെടുത്തി വിധി പ്രസ്‌താവിക്കുകയും ചെയ്‌തിരുന്നു.

എന്നാല്‍ ഇന്ത്യന്‍ പീനല്‍ കോഡ്‌ നടപ്പില്‍ വന്നതോടെ സ്ഥിതി ആകെ മാറി. കുറ്റവാളിയുടെ ജാതിയോ മതമോ ന്യായം നടത്തലിന്‌ ഇന്ന്‌ പ്രതിബന്ധമായി നില്‌ക്കുന്നില്ല. എങ്കിലും അബലാത്വം വധശിക്ഷയില്‍നിന്നും വഴുതി പ്രാകാരാന്തര ശിക്ഷയായ ജീവപര്യന്തം തടവില്‍ ഒതുങ്ങിനില്‌ക്കാന്‍ കൊലപാതകിയായ സ്‌ത്രീയെ ചിലപ്പോള്‍ സഹായിച്ചെന്നുവരാം. വധശിക്ഷയും ജീവപര്യന്തം തടവും നിയമദൃഷ്‌ട്യാ സമാന്തര ശിക്ഷകളാണ്‌. കൊലപാതകം തെളിയിക്കപ്പെട്ടുകഴിഞ്ഞാല്‍ കോടതിയുടെ യുക്തംപോലെ വധശിക്ഷയോ ജീവപര്യന്തം തടവുശിക്ഷയോ നല്‌കാം. അബലാത്വം, അപരാധഭാരം ലഘൂകരിക്കുന്ന ഒരു ഉപാധിയായി കോടതിക്കു തോന്നിയാല്‍ വധശിക്ഷയ്‌ക്കുപകരം ജീവപര്യന്തം തടവുശിക്ഷ നല്‌കാവുന്നതാണ്‌.

ഇന്ത്യന്‍ ശിക്ഷാനിയമസംഹിത കുറ്റങ്ങളെയും ശിക്ഷകളെയും ക്രമീകരിച്ച്‌ പ്രതിപാദിക്കുന്നതിനൊപ്പം ശിക്ഷാവിധികള്‍ക്കെതിരെ സാധ്യമാകാവുന്ന പ്രതിരോധഘടകങ്ങള്‍ (ഉദാ. കൈപ്പിഴവ്‌, നിയമബാധ്യത, ന്യായാധികാരം, അപകടം, കുറ്റകരമായ താത്‌പര്യമില്ലാതെ സംഭവിച്ച കൃത്യം, നിഷ്‌കളങ്കബാല്യത്തിന്റെ കൃത്യം, ഉന്മാദാവസ്ഥയില്‍ സംഭവിക്കുന്ന കൃത്യം, സദുദ്ദേശ്യപരമായ കൃത്യം, അബോധാവസ്ഥയില്‍ ചെയ്യുന്ന കൃത്യം, നിര്‍ബന്ധത്തിനുവഴങ്ങി ചെയ്യുന്ന കൃത്യം മുതലായവ), സ്വപ്രതിരോധത്തിനായിട്ടോ ശരീരത്തിന്റെയോ ജീവന്റെയോ രക്ഷയെ കരുതിയോ ചെയ്യുന്ന കൃത്യം എന്നിവ വിശദീകരിക്കുന്നു. കുറ്റകരമായ ഗൂഢാലോചന, രാജ്യദ്രാഹം, സൈന്യത്തിനെതിരായ കുറ്റകൃത്യങ്ങള്‍, പൊതു ക്രമസമാധാനലംഘനങ്ങള്‍, തിരഞ്ഞെടുപ്പ്‌ കുറ്റകൃത്യങ്ങള്‍, പൊതു അധികാരസ്ഥരുടെ കൃത്യനിര്‍വഹണത്തിനെതിരായ പ്രവൃത്തികള്‍, കള്ളമൊഴിയും കളവായതെളിവും ഉള്‍പ്പെടെ പൊതുനീതിക്കെതിരായ കൃത്യങ്ങള്‍, നാണ്യം-സ്റ്റാമ്പ്‌ എന്നിവ സംബന്ധിച്ച കൃത്യങ്ങള്‍, അളവുതൂക്ക സംബന്ധമായ കുറ്റകൃത്യങ്ങള്‍, പൊതുജനാരോഗ്യലംഘനത്തിനിടയാകുന്ന കൃത്യങ്ങള്‍, മതസമുദായ സംബന്ധിയായ കൃത്യങ്ങള്‍ മുതലായവ സവിശേഷമായി പ്രതിപാദിക്കുന്നു. വ്യക്തിയുടെ ജീവനും സ്വത്തിനും എതിരായ കുറ്റകൃത്യങ്ങള്‍, കാരണങ്ങള്‍, വസ്‌തുവകകള്‍, വിവാഹം എന്നിവയുമായി ബന്ധപ്പെട്ട കൃത്യങ്ങള്‍ തുടങ്ങിയവയും വിവിധ വകുപ്പുകളിലായി വ്യവസ്ഥപ്പെടുത്തുന്നുണ്ട്‌.

ശിക്ഷാവിധികള്‍. പീനല്‍ക്കോഡ്‌ ഇന്ന്‌ അംഗീകരിച്ചിട്ടുള്ള ശിക്ഷകളെ പ്രധാനമായി അഞ്ചായി തരംതിരിക്കാം: (i) വധശിക്ഷ (ii) ജീവപര്യന്തം തടവ്‌ ശിക്ഷ (iii) കഠിനതടവും വെറുംതടവും ഏകാന്തതടവും ഉള്‍പ്പെടുന്ന തടവുശിക്ഷ (iv) വസ്‌തുവകകള്‍ കണ്ടുകെട്ടല്‍ (v) പിഴശിക്ഷ.

ഇന്ത്യയില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ കുറ്റകൃത്യങ്ങള്‍ക്കു മാത്രമേ വധശിക്ഷ വിധിക്കാവൂ എന്ന സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശം നല്‌കുന്ന വിധി പ്രസ്‌താവമുണ്ട്‌. ഇന്ത്യയില്‍ തൂക്കിലിട്ടാണ്‌ വധശിക്ഷ നടപ്പില്‍ വരുത്തുന്നത്‌. 16 വയസ്സിനു താഴെയുള്ള കൊലപാതകിക്ക്‌ വധശിക്ഷ നല്‌കാതെ സ്‌പെഷ്യല്‍ ഹോമിലേക്കയയ്‌ക്കുകയാണ്‌ പതിവ്‌. കൊലപ്പുള്ളി ഗര്‍ഭിണിയാണെങ്കില്‍ പ്രസവം കഴിഞ്ഞ്‌ 6 മാസക്കാലം കാത്തിരുന്നശേഷം ശിക്ഷ നടപ്പില്‍വരുത്തും.

സുപ്രീംകോടതി വധശിക്ഷ ശരിവച്ചശേഷം പ്രസിഡന്റിന്റെ മുമ്പില്‍ ദയാഹര്‍ജി സമര്‍പ്പിക്കാന്‍ പ്രതിക്കവകാശമുണ്ട്‌. ദയാഹര്‍ജി തള്ളിയതായി വിവരം കിട്ടിയാല്‍ പ്രതിയെ തൂക്കിക്കൊല്ലാനുള്ള തീയതിയും സമയവും നിശ്ചയിച്ച്‌ സെഷന്‍സ്‌ ജഡ്‌ജി ജയില്‍ സൂപ്രണ്ടിന്റെ പേര്‍ക്ക്‌ മരണവാറണ്ട്‌ (Death warrant)അയയ്‌ക്കും. മൂന്നാഴ്‌ചയില്‍ കുറയാത്ത കാലയളവ്‌ വച്ചുള്ള ഒരു തീയതി ആയിരിക്കും നിശ്ചയിക്കുന്നത്‌. പ്രതിയുടെ മതാനുഷ്‌ഠാനങ്ങള്‍ക്കനുസരിച്ചുള്ള വിശേഷദിവസങ്ങള്‍ ഇക്കാര്യത്തില്‍ വര്‍ജിക്കേണ്ടതാണെന്നു വ്യവസ്ഥയുണ്ട്‌. രാവിലെ അഞ്ചുമണിക്കാണ്‌ സാധാരണ തൂക്കിക്കൊല നിര്‍വഹിക്കുന്നത്‌. സ്ഥലത്തെ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റും ജില്ലാ മെഡിക്കല്‍ ഓഫീസറും ഈ ക്രിയയ്‌ക്കു സാക്ഷ്യം വഹിക്കുന്നു. ഒരു "പ്രയോഗം' കൊണ്ട്‌ പുള്ളി മരിച്ചില്ലെങ്കില്‍ പിന്നെയും തൂക്കിലിടണം. മരിക്കുംവരെ തൂക്കിലിടണം. മരിച്ചു എന്ന്‌ മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ വാറണ്ട്‌ മടങ്ങി സെഷന്‍സ്‌ ജഡ്‌ജിക്കു കിട്ടണമെന്നാണ്‌ വ്യവസ്ഥ.

ക്രൂരസ്വഭാവികളായ കുറ്റവാളികള്‍ക്ക്‌ ചിലപ്പോള്‍ ഏകാന്തത്തടവും നല്‌കാറുണ്ട്‌ (പീനല്‍ കോഡ്‌ 73-74 വകുപ്പുകള്‍). കഠിനതടവിനു വിധിക്കപ്പെട്ട കുറ്റവാളിയുടെ ശിക്ഷയില്‍ മൊത്തം 3 മാസത്തില്‍ കവിയാത്ത ഒരു കാലയളവ്‌ ഏകാന്തത്തടവായി അനുഭവിക്കണം എന്ന്‌ നിര്‍ദേശിക്കാന്‍ കോടതിക്കവകാശമുണ്ട്‌. ഓരോ പ്രാവശ്യവും നല്‌കപ്പെടുന്ന ഏകാന്തത്തടവ്‌ 14 ദിവസത്തില്‍ കൂടാന്‍ പാടില്ല. ഇന്ത്യയിലെ ഇന്നത്തെ നിയമമനുസരിച്ച്‌, നമ്മുടെ രാജ്യവുമായി രമ്യതയിലിരിക്കുന്ന ഒരു രാജ്യത്ത്‌ കടന്നുചെന്ന്‌ കൊള്ളയടിക്കുക (പീനല്‍ കോഡ്‌ 126-ാം വകുപ്പ്‌), അങ്ങനെ ലഭ്യമാകുന്ന സാധനങ്ങള്‍ വാങ്ങുക (127), ഗവണ്‍മെന്റ്‌ ഉദ്യോഗത്തിലിരിക്കവേ ക്രമരഹിതമായി സ്വത്തുകള്‍ വിലയ്‌ക്കുവാങ്ങുകയോ ലേലത്തില്‍ പിടിക്കുകയോ ചെയ്യുക (169) മുതലായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുടെ മേല്‍വിവരിച്ചവിധം സമ്പാദിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടാം. ക്രിമിനല്‍ നടപടിനിയമം 517-ാം വകുപ്പനുസരിച്ച്‌ കോടതിയുടെ കൈവശം വന്നുചേരുന്ന സാധനങ്ങള്‍ കേസിന്റെ അവസാനം കണ്ടുകെട്ടാം. കൂടാതെ അഴിമതി നിരോധനനിയമം തുടങ്ങിയ പ്രത്യേക സ്റ്റാറ്റ്യൂട്ടുകള്‍ അനുസരിച്ച്‌ ചില പ്രത്യേക പരിതഃസ്ഥിതികളിലും കണ്ടുകെട്ടല്‍ ആകാമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്‌.

പിഴശിക്ഷയും ഒരു തരം കണ്ടുകെട്ടല്‍ തന്നെയാണ്‌. കുറ്റവാളിയുടെ സാമ്പത്തികശേഷി അനുസരിച്ചുവേണം പിഴശിക്ഷ ചുമത്തേണ്ടത്‌. തടവുശിക്ഷയോടൊപ്പം പിഴശിക്ഷയും കൂടി വിധിക്കാനും ഈ നിയമസംഹിതയില്‍ വ്യവസ്ഥയുണ്ട്‌. തടവുശിക്ഷയോടൊപ്പം പിഴയും വിധിക്കാവുന്ന സന്ദര്‍ഭങ്ങള്‍ പ്രധാനമായും മൂന്നാണ്‌: (i) പ്രായാധിക്യം കൊണ്ടോ അനാരോഗ്യം ഹേതുവായോ നീണ്ട ജയില്‍ശിക്ഷയ്‌ക്കു വിധേയനാകാന്‍ പ്രതി അപ്രാപ്‌തനാണെന്നു കാണുക; (ii) ആവലാതിക്കാരനു നഷ്‌ടപരിഹാരം നല്‌കേണ്ടതായ അവസരം വരിക; (iii) ആരോപിതമായ കുറ്റം തന്നെ പണാപഹരണമായിത്തീരുക.

മറ്റു ശിക്ഷകള്‍. മേല്‍ സൂചിപ്പിച്ചതു കൂടാതെ മറ്റു ചില ശിക്ഷകളും പീനല്‍കോഡിലുണ്ട്‌. ഷെല്‍റ്റര്‍ഹോമിലും സ്‌പെഷ്യല്‍ ഹോമിലും മറ്റും അയയ്‌ക്കുന്നതും താക്കീത്‌ കൊടുത്തുവിട്ടയയ്‌ക്കുന്നതും മറ്റും ഇക്കൂട്ടത്തില്‍പ്പെടുന്നു. നിയമത്തോട്‌ പൊരുത്തപ്പെടാത്ത കുട്ടികളെയും സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു നടക്കുന്ന സ്‌ത്രീകളെയും മറ്റുമാണ്‌ ഷെല്‍റ്റര്‍ ഹോമിലേക്ക്‌ അയയ്‌ക്കുന്നത്‌. കോടതി പിരിയുന്നതുവരെ തടവുശിക്ഷയും വിധിക്കാറുമുണ്ട്‌. ഒരു ദിവസത്തെ തടവുശിക്ഷയായി ഇതിനെ കണക്കാക്കുന്നു. കോടതിയെ അവഹേളിക്കുക; കോടതിയലക്ഷ്യപരമായി പ്രവര്‍ത്തിക്കുക തുടങ്ങിയ പ്രത്യേകതരം കുറ്റങ്ങള്‍ക്ക്‌ ഈ ശിക്ഷ നല്‌കാറുണ്ട്‌. പ്രതി ഒരു രോഗിയോ വൃദ്ധനോ ആണെങ്കിലും കുറ്റം വളരെ ലഘുവായതാണെങ്കിലും ഈ ശിക്ഷ നല്‌കാറുണ്ട്‌.

പീനല്‍കോഡിന്റെ വ്യവസ്ഥകളാല്‍ മാത്രം രാജ്യത്ത്‌ എല്ലാത്തരം കുറ്റങ്ങള്‍ക്കും പരിഹാരം കണ്ടെത്താനാകില്ല. സമൂഹത്തിന്റെ നിലനില്‌പിന്‌ അനിവാര്യമെന്നു തോന്നുന്ന ചുറ്റുപാടുകളില്‍ പുതിയ ശിക്ഷാനിയമങ്ങള്‍തന്നെ വേണ്ടിവരും. മായംചേര്‍ക്കല്‍ തടയല്‍ നിയമം (Prevention of Food Adulteration Act), സിറ്റി പൊലീസ്‌ നിയമം (City Police Act), മുനിസിപ്പാലിറ്റീസ്‌ നിയമം (Municipalities Act), ഉപഭോക്തൃ സംരക്ഷണ ആക്‌റ്റ്‌, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്‌റ്റ്‌, അറിയാനുള്ള അവകാശനിയമം തുടങ്ങിയ ആക്‌റ്റുകള്‍ ഇന്ത്യന്‍ പീനല്‍ കോഡിനുശേഷം നിയമനിര്‍മാണസഭകള്‍ പാസ്സാക്കിയിരിക്കുന്നു. ഇവയിലെ പീനല്‍ വകുപ്പുകള്‍ ലംഘിക്കുന്നവരുടെ മേല്‍ പ്രാസിക്യൂഷന്‍ നടപടി എടുത്ത്‌ ക്രിമിനല്‍ക്കോടതികള്‍ക്ക്‌ യുക്തമെന്നു തോന്നുന്ന ശിക്ഷകള്‍ നല്‌കാം. ക്രിമിനല്‍ നടപടി നിയമത്തിലും ഇത്തരം പീനല്‍ വകുപ്പുകളുണ്ട്‌.

ശിശുക്കളും കുറ്റങ്ങളും. ഏഴുവയസ്സിനു താഴെപ്രായമുള്ള ഒരു ശിശു ചെയ്യുന്ന യാതൊരു പ്രവൃത്തിയും ക്രിമിനല്‍ കുറ്റത്തില്‍പ്പെടുകയില്ല. പീനല്‍ക്കോഡു മാത്രമല്ല, എല്ലാ ലിഖിത നിയമങ്ങളും ഈ നിഷ്‌കളങ്ക ബാല്യതത്ത്വത്തിനു വിധേയമാണ്‌; ഏഴിനും പന്ത്രണ്ടിനും ഇടയ്‌ക്കാണെങ്കില്‍ ചാര്‍ജ്‌ ചെയ്യപ്പെട്ട കൃത്യം കുറ്റമാണെന്നുള്ള അറിവോടുകൂടി ചെയ്യുന്നതിനുള്ള ബുദ്ധിവികാസവും ഉത്തരവാദിത്തബോധവും കൈവന്നിട്ടില്ല എന്ന കാരണത്താല്‍ അവരെ വിട്ടയയ്‌ക്കും. ആ ഭാഗം തെളിയിക്കേണ്ടത്‌ ആരോപണവിധേയര്‍ തന്നെയാണ്‌. മാത്രമല്ല 12 വയസ്സായെങ്കിലും തന്റെ പ്രവൃത്തി കുറ്റകരമാണെന്നു തിരിച്ചറിയത്തക്ക ബുദ്ധിവികാസമോ വിവേകമോ ഇല്ലാത്ത ആളാണെന്ന്‌ കോടതിക്ക്‌ ബോധ്യപ്പെടണം. ചെയ്യുന്ന പ്രവൃത്തിയുടെ സ്വഭാവം ആശ്രയിച്ചാണ്‌ പ്രതി വെറും ശിശുവാണോ അതോ പക്വത വന്ന ആളാണോ എന്നു തീരുമാനിക്കുന്നത്‌. ഉദാ. മോഷണം, ഭവനഭേദനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ശിക്ഷാര്‍ഹമാണെന്ന്‌ മനസ്സിലാക്കാനുള്ള കഴിവ്‌ 12 വയസ്സുള്ള കുട്ടിക്കില്ലായിരുന്നു എന്നു പറയാന്‍ പറ്റുകയില്ല. നേരേമറിച്ച്‌, പുനര്‍വിവാഹം തുടങ്ങിയ പ്രത്യേകതരം കുറ്റങ്ങള്‍ ശിക്ഷാര്‍ഹമാണെന്ന്‌ മനസ്സിലാക്കത്തക്ക ധിഷണാശക്തി 12 വയസ്സുകാരനില്‍ വളര്‍ന്നിട്ടില്ല എന്നു പറഞ്ഞാല്‍ മനസ്സിലാക്കാന്‍ കഴിയും; കോടതി അതിനെ കണക്കിലെടുക്കുകയും ചെയ്യും.

18 വയസ്‌ പൂര്‍ത്തിയാക്കപ്പെടാത്തതും നിലവിലുള്ള നിയമത്തോട്‌ പൊരുത്തപ്പെടാത്തതുമായ കുട്ടികളെ വിസ്‌തരിക്കാന്‍ പ്രത്യേക ബാലനീതിബോര്‍ഡുകളുണ്ട്‌. നിയുക്തരായ ന്യായാധികാരിയുടെ അധ്യക്ഷതയില്‍ ഒരു വനിതയടക്കം രണ്ട്‌ സാമൂഹ്യസേവകര്‍ അംഗങ്ങളായി രൂപീകരിക്കപ്പെടുന്ന ജില്ലാതല നിയാമകസമിതിയാണ്‌ ബാലനീതി ബോര്‍ഡുകള്‍. കുട്ടികളെ ജീവകാരുണ്യപരമായ രീതിയില്‍ വേണം നേരിടേണ്ടത്‌ എന്നുള്ള തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഇങ്ങനെയുള്ള പ്രത്യേക ബാലനീതിബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്‌.

പ്രൊബേഷന്‍. കുറ്റവാളിയോടും കുറ്റകൃത്യത്തോടുമുള്ള സമൂഹത്തിന്റെ സമീപനം ദയയും അനുകമ്പയും സമസൃഷ്‌ടിസ്‌നേഹവും നിറഞ്ഞതായിരിക്കണം എന്ന ചിന്താഗതിയില്‍നിന്നാണ്‌ പ്രൊബേഷന്‍ ഉടലെടുത്തിട്ടുള്ളത്‌. പ്രാചീനകാലത്ത്‌ കുറ്റവാളിയുടെ വ്യക്തിത്വമോ കുറ്റകൃത്യം ചെയ്യാന്‍ പ്രരിപ്പിച്ച ചുറ്റുപാടുകളോ അയാളുടെ മാനസിക പശ്ചാത്തലമോ നോക്കാതെ യാന്ത്രികമായി ശിക്ഷ നല്‌കിപ്പോന്നു. ഈ 'നീതിനടത്തല്‍' അധികകാലം നിലനിന്നില്ല. മനുഷ്യനില്‍ വിവേകവും വിവേചനവും ഉദിച്ചതോടുകൂടി ഈ സമ്പ്രദായത്തിനു മാറ്റം വന്നുതുടങ്ങി. ശിക്ഷ നിശ്ചയിക്കുന്നതിനു മുമ്പായി കുറ്റവാളി ഏതു തരക്കാരനാണെന്നും (ഉദാ. വിഡ്‌ഢിയോ, പ്രജ്ഞയറ്റവനോ, ചിത്തഭ്രമം ഭവിച്ചവനോ) ആക്രമണത്തിനു വിധേയനായ ആളില്‍നിന്നും പ്രകോപനപരമായ എന്തെങ്കിലും പ്രവര്‍ത്തനം ഉണ്ടായിരുന്നോ എന്നും മറ്റും ചിന്തിക്കേണ്ടതാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ വേണം ശിക്ഷ നിശ്ചയിക്കേണ്ടതെന്നുമുള്ള അഭിപ്രായം പ്രബലപ്പെടാന്‍ തുടങ്ങി. ഇതില്‍നിന്നാണ്‌ "പ്രൊബേഷന്‍' എന്ന ആശയം ഉടലെടുത്തത്‌. ഈ സമ്പ്രദായമനുസരിച്ച്‌ വിധിക്കപ്പെട്ട ശിക്ഷ പ്രയോഗത്തില്‍ വരുത്താതെ പ്രതിയെ ഉടന്‍തന്നെ സ്വന്തം ജാമ്യത്തിലോ ആള്‍ജാമ്യത്തിലോ കുറഞ്ഞത്‌ രണ്ടു വര്‍ഷക്കാലത്തേക്ക്‌ സ്വതന്ത്രനാക്കിവിടുന്നു. ഈ കാലത്ത്‌ അയാളുടെ നടപടികള്‍ പ്രൊബേഷന്‍ ഉദ്യോഗസ്ഥന്മാര്‍ സൂക്ഷ്‌മമായി നിരീക്ഷിച്ചുകൊണ്ടിരിക്കും. മര്യാദക്കാരനായി, നിയമവിധേയനായി, കുറ്റകൃത്യങ്ങളില്‍ വ്യാപൃതനാകാതെയും ദുര്‍മാര്‍ഗങ്ങളിലേക്ക്‌ വഴുതിപ്പോകാതെയും ഉത്തമപൗരനായി ആ കാലയളവു മുഴുവന്‍ ജീവിച്ചു എന്നു കണ്ടുകഴിഞ്ഞാല്‍ ശിക്ഷയില്‍നിന്നു വിമുക്തനായതായി കോടതി പ്രഖ്യാപിക്കും. നേരേമറിച്ച്‌, ജാമ്യവ്യവസ്ഥയില്‍നിന്നും വഴുതി അയാള്‍ ചെയ്യരുതാത്ത ഏതെങ്കിലും പ്രവൃത്തി ചെയ്‌തു എന്ന്‌ പ്രൊബേഷന്‍ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍നിന്നോ മറ്റുപ്രകാരത്തിലോ കോടതിക്കു ബോധ്യം വന്നാല്‍ അയാളെ തിരികെ കോടതിയില്‍ കൊണ്ടുവരികയും നേരത്തെ സസ്‌പെന്‍ഷനില്‍ വച്ചിരുന്ന ശിക്ഷയ്‌ക്ക്‌ അയാളെ വിധേയനാക്കുകയും ചെയ്യും. വ്യതിചലനം നിസ്സാരമാണെങ്കില്‍ തത്‌ക്കാലം ഒരു പിഴ നല്‌കിയിട്ട്‌ വീണ്ടും പഴയപടി ജാമ്യത്തില്‍ വിട്ടയയ്‌ക്കുകയും കാലാവധി കഴിഞ്ഞ്‌ വിമുക്തനാക്കുകയും ചെയ്യും.

ഇന്ത്യന്‍ ജയില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പ്രൊബേഷന്റെ ആശാസ്യതയെയും സ്വീകാര്യതയെയും പറ്റി പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്‌. ക്രിമിനല്‍ നടപടി നിയമത്തിലെ 562-ാം വകുപ്പിലും പ്രൊബേഷന്റെ പരാമര്‍ശം നാം കാണുന്നുണ്ട്‌. ചില പ്രഥമ കുറ്റവാളികള്‍ക്കും 21 വയസ്സിനു താഴെ പ്രായമുള്ള കുറ്റവാളികള്‍ക്കും മാത്രമേ ഈ വകുപ്പുകള്‍ ബാധകമാക്കിയിരുന്നുള്ളൂ. പ്രഥമ കുറ്റവാളികള്‍ ഏതു പ്രായക്കാരുമാകാം. പക്ഷേ, അവരുടെമേല്‍ തെളിയിക്കപ്പെട്ടിട്ടുള്ള കുറ്റം ഏഴു കൊല്ലത്തിനുമേല്‍ തടവുശിക്ഷ വിധിക്കപ്പെടാവുന്ന തരത്തിലുള്ളവയാകാന്‍ പാടില്ല. ഈ വ്യവസ്ഥകള്‍ക്കുള്ളില്‍ വരുന്നവരെ ശിക്ഷയ്‌ക്കു വിധേയരാക്കാതെ രണ്ടോ മൂന്നോ കൊല്ലത്തേക്ക്‌ ജാമ്യത്തില്‍ വിടും. ആ കാലമത്രയും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാതെ ജീവിച്ചാല്‍ അവരുടെ ശിക്ഷ കോടതി ഇളവുചെയ്‌തുകൊടുക്കും. ചില പ്രത്യേകതരം കുറ്റങ്ങള്‍ക്ക്‌ വെറും താക്കീത്‌ മാത്രം കൊടുത്തുവിടുവാനും കോടതിക്കധികാരമുണ്ട്‌. കുറ്റവാളിയുടെ സ്വഭാവവും കുറ്റത്തിന്റെ കാഠിന്യവും മറ്റും പരിഗണിച്ചിട്ടേ 562-ാം വകുപ്പ്‌ കോടതി പ്രയോഗിക്കുകയുള്ളൂ.

പരോള്‍. പ്രൊബേഷനോട്‌ ബന്ധപ്പെട്ട മറ്റൊരു പരിഷ്‌കരണ സമ്പ്രദായമാണ്‌ "പരോള്‍'. നല്‌കപ്പെട്ട ശിക്ഷയുടെ ഒരു ചെറിയ ഭാഗം അനുഭവിച്ചശേഷം കുറ്റവാളിയെ നല്ലനടപ്പു ജാമ്യത്തില്‍ വിട്ടയയ്‌ക്കുകയാണ്‌ പതിവ്‌. നല്ലവനായി ജീവിക്കുന്നു എന്നു കണ്ടാല്‍ ബാക്കി ശിക്ഷ ഇളവുചെയ്യും.

വധശിക്ഷനല്‍കാവുന്ന കുറ്റങ്ങള്‍. (1) രാജ്യദ്രാഹ കുറ്റമുള്‍പ്പെടുന്ന ലഹളയ്‌ക്കുള്ള ആഹ്വാനം (2) നിരപരാധിയായ ഒരാളെ കുറ്റവാളിയാക്കി ശിക്ഷിപ്പിക്കുന്നതിനുള്ള കൃത്രിമത്തെളിവ്‌ ചമയ്‌ക്കുകയും അതിന്റെ ഫലമായി അയാള്‍ക്ക്‌ ജീവപര്യന്തമോ, അല്ലെങ്കില്‍ ഏഴുകൊല്ലത്തില്‍ അധികം തടവുശിക്ഷ വിധിക്കപ്പെടുകയും ശിക്ഷ നടപ്പാക്കുകയും ചെയ്യുക (3) കൊലക്കുറ്റം (4) 18 വയസ്സില്‍ താഴെയുള്ള കുട്ടിയെയോ/ബുദ്ധിമാന്ദ്യമുള്ളതോ/മതിഭ്രമമുള്ളതോ ആയ ഒരാളെയോ ആത്മഹത്യയ്‌ക്കു പ്രരിപ്പിക്കുക (5) കൊലക്കേസ്സില്‍ ജീവപര്യന്തം ശിക്ഷയ്‌ക്കു വിധിക്കപ്പെട്ട ഒരാള്‍ വീണ്ടും നടത്തുന്ന കൊലപാതകം.

സ്വത്ത്‌ സംബന്ധമായ കുറ്റകൃത്യങ്ങള്‍. മോഷണം, കവര്‍ച്ച, ഭവനഭേദനം, സ്വത്ത്‌ ദുരുപയോഗം ചെയ്യല്‍ (IPC വകുപ്പ്‌ 403), വിശ്വാസവഞ്ചന (വകുപ്പ്‌ 405), സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വഞ്ചനക്കുറ്റം ചെയ്യല്‍ (വകുപ്പ്‌ 409) ചതിക്കുറ്റം, ആള്‍മാറാട്ടത്തോടുകൂടിയുള്ള ചതിക്കുറ്റം (വകുപ്പ്‌ 419, 420).

ഗാര്‍ഹികപീഡനം, സ്‌ത്രീപീഡനം. ഇന്ത്യന്‍ ശിക്ഷാനിയമസംഹിതയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത കുറ്റകൃത്യമാണ്‌ സ്‌ത്രീപീഡനം. 1983-ല്‍ ഭേദഗതി ചെയ്‌ത്‌ കൂട്ടിച്ചേര്‍ത്ത 498 A എന്ന പുതിയ വകുപ്പില്‍ സ്‌ത്രീപീഡനം നിര്‍വചിച്ച്‌ ശിക്ഷ വ്യവസ്ഥ ചെയ്യുന്നു. ഇത്‌ ഗൗരവതരമായ കുറ്റമാണിന്ന്‌. ഈ വകുപ്പ്‌ XX A ഭാഗത്താണ്‌ ചേര്‍ക്കപ്പെട്ടത്‌.

ഇന്ത്യന്‍ ശിക്ഷാസംഹിതയിലെ ഉള്ളടക്കം. ശിക്ഷാസംഹിതയിലെ മൊത്തം വകുപ്പുകള്‍ 23 ഭാഗങ്ങളിലായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ആദ്യഭാഗത്തില്‍ (1 മുതല്‍ 5 വരെ വകുപ്പുകള്‍) നിയമസംഹിതയുടെ വ്യാപ്‌തിയും (Jurisdiction) പ്രയോഗക്ഷമത(Applicability)യുമാണ്‌ പ്രതിപാദിച്ചിരിക്കുന്നത്‌. രണ്ടാംഭാഗത്തില്‍ (6 മുതല്‍ 52 എ വരെ വകുപ്പുകള്‍) പദങ്ങളുടെയും പ്രയോഗങ്ങളുടെയും വിശദീകരണവും മൂന്നാം ഭാഗത്തില്‍ (53 മുതല്‍ 75 വരെ വകുപ്പുകള്‍) ശിക്ഷാക്രമങ്ങളും നാലാംഭാഗത്ത്‌ (76 മുതല്‍ 106 വരെ വകുപ്പുകള്‍) ശിക്ഷിക്കപ്പെടാത്ത കുറ്റങ്ങളും (ഒഴിവുകള്‍-General Exceptions) കൊടുത്തിരിക്കുന്നു. അഞ്ചാംഭാഗത്ത്‌ (107 മുതല്‍ 120 വരെ വകുപ്പുകള്‍) കുറ്റം ചെയ്യുന്നതിനുള്ള പ്രേരണ നല്‌കലിനെക്കുറിച്ചും ആറാംഭാഗത്ത്‌ (121 മുതല്‍ 130 വരെ വകുപ്പുകള്‍) സ്റ്റേറ്റിനെതിരായുള്ള കുറ്റങ്ങളെപ്പറ്റിയും ഏഴാം ഭാഗത്ത്‌ (131 മുതല്‍ 140 വരെയുള്ള വകുപ്പുകള്‍) കരസേന, നാവികസേന, വ്യോമസേന എന്നിവയെ സംബന്ധിച്ച കുറ്റങ്ങളെപ്പറ്റിയും എട്ടാംഭാഗത്ത്‌ (141 മുതല്‍ 160 വരെയുള്ള വകുപ്പുകള്‍) പൊതു പ്രശാന്തിക്കെതിരായ കുറ്റങ്ങളെക്കുറിച്ചും ഒന്‍പതാം ഭാഗത്ത്‌ (161 മുതല്‍ 171 വരെയുള്ള വകുപ്പുകള്‍) പബ്ലിക്‌ സര്‍വന്റുകള്‍ ചെയ്യുന്നതോ അവരെ സംബന്ധിക്കുന്നതോ ആയ കുറ്റങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. പത്താംഭാഗത്ത്‌ (172 മുതല്‍ 190 വരെയുള്ള വകുപ്പുകള്‍) പബ്ലിക്‌ സര്‍വന്റുമാരുടെ നിയമാനുസൃതമായ അധികാരത്തിന്റെ അലക്ഷ്യത്തെക്കുറിച്ചും 11-ാം ഭാഗത്ത്‌ (191 മുതല്‍ 229 എ വരെയുള്ള വകുപ്പുകള്‍) വ്യാജമായ തെളിവിനെയും പൊതുനീതിക്കു വിരുദ്ധമായ കുറ്റങ്ങളെയും കുറിച്ചും 12-ാം ഭാഗത്ത്‌ (230 മുതല്‍ 263 എ വരെയുള്ള വകുപ്പുകള്‍) നാണയവും ഗവണ്‍മെന്റു സ്റ്റാമ്പുകളും സംബന്ധിച്ച കുറ്റങ്ങളെക്കുറിച്ചും വിവരിച്ചിട്ടുണ്ട്‌. തൂക്കക്കട്ടികളെയും അളവുകളെയും സംബന്ധിച്ച കുറ്റങ്ങളെക്കുറിച്ച്‌ 13-ാം ഭാഗത്തും (264 മുതല്‍ 267 വരെയുള്ള വകുപ്പുകള്‍) പൊതുജനങ്ങളുടെ ആരോഗ്യം, ഭദ്രത, സൗകര്യം, സഭ്യത, സാന്മാര്‍ഗികത എന്നിവയെ ബാധിക്കുന്ന കുറ്റുകൃത്യങ്ങളെക്കുറിച്ച്‌ 14-ാം ഭാഗത്തും (268 മുതല്‍ 294 വരെയുള്ള വകുപ്പുകള്‍) മതവുമായി ബന്ധപ്പെട്ടകുറ്റങ്ങളെക്കുറിച്ച്‌ 15-ാംഭാഗത്തും (295 മുതല്‍ 298 വരെയുള്ള വകുപ്പുകള്‍) മനുഷ്യശരീരത്തെ ബാധിക്കുന്ന കുറ്റങ്ങളെക്കുറിച്ചും ജീവനെ ബാധിക്കുന്ന കുറ്റങ്ങളെക്കുറിച്ചും 16-ാം ഭാഗത്തും (299 മുതല്‍ 377 വരെയുള്ള വകുപ്പുകള്‍) വിവരിച്ചിരിക്കുന്നു. 17-ാം ഭാഗത്ത്‌ (378 മുതല്‍ 462 വരെയുള്ള വകുപ്പുകള്‍) വസ്‌തുവിനെതിരായ കുറ്റങ്ങളെക്കുറിച്ചും വിവിധ മോഷണക്കുറ്റങ്ങളെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു. രേഖകളും വസ്‌തുചിഹ്നങ്ങളും സംബന്ധിച്ച കുറ്റങ്ങളെക്കുറിച്ച്‌ 18-ാം ഭാഗത്തും (463 മുതല്‍ 489 ഇ. വരെയുള്ള വകുപ്പുകള്‍), സര്‍വീസ്‌ കോണ്‍ട്രാക്‌റ്റുകളുടെ കുറ്റകരമായ ലംഘനത്തെക്കുറിച്ച്‌ 19-ാം ഭാഗത്തിലും (490 മുതല്‍ 492 വരെയുള്ള വകുപ്പുകള്‍) വിവാഹസംബന്ധമായ കുറ്റങ്ങളെക്കുറിച്ച്‌ 20-ാം ഭാഗത്തും (493 മുതല്‍ 498 വരെയുള്ള വകുപ്പുകള്‍) അപകീര്‍ത്തിപ്പെടുത്തലിനെക്കുറിച്ച്‌ 21-ാം ഭാഗത്തും (499 മുതല്‍ 502 വരെയുള്ള വകുപ്പുകള്‍) കുറ്റകരമായ ഭയപ്പെടുത്തലിനെയും അപമാനിക്കലിനെയും അലട്ടലിനെയും കുറിച്ച്‌ 22-ാംഭാഗത്തും (503 മുതല്‍ 510 വരെയുള്ള വകുപ്പുകള്‍) കുറ്റങ്ങള്‍ ചെയ്യാനുള്ള ശ്രമത്തെക്കുറിച്ച്‌ 23-ാം അധ്യായത്തിലും (വകുപ്പ്‌ 511) പ്രതിപാദിച്ചിരിക്കുന്നു.

ഇതോടൊപ്പം ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ പിന്നീടുകൂട്ടിച്ചേര്‍ത്ത മൂന്ന്‌ ഉപവിഭാഗങ്ങള്‍ കൂടിയുണ്ട്‌-V-A, IX A, XX A.. ഇതില്‍ V Aഎന്നഭാഗത്ത്‌ 120 A വകുപ്പില്‍ കുറ്റകരമായ ഗൂഢാലോചനയുടെ നിര്‍വചനം ഉള്‍പ്പെടെ നല്‌കിയിട്ടുണ്ട്‌. വകുപ്പു 120 B-യില്‍ കുറ്റകരമായ ഗൂഢാലോചനയ്‌ക്കുള്ള ശിക്ഷ നിര്‍ദേശിച്ചിട്ടുണ്ട്‌. V A എന്ന ഭാഗത്തില്‍ ഈ രണ്ടു വകുപ്പുകള്‍ മാത്രമേയുള്ളൂ.

അധ്യായം IX- A തിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച കുറ്റങ്ങളെക്കുറിച്ചാണു പ്രതിപാദിക്കുന്നത്‌. ഈ ഭാഗത്ത്‌ 171 എ മുതല്‍ 171 ഐ വരെയുള്ള വകുപ്പുകള്‍ ആണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. സ്വതന്ത്ര ഇന്ത്യയില്‍ നടത്തിയ തിരഞ്ഞെടുപ്പുകളുടെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ രൂപപ്പെട്ടതാണ്‌ ഈ ഭാഗം. ആരാണ്‌ സ്ഥാനാര്‍ഥി, എന്താണ്‌ തിരഞ്ഞെടുപ്പവകാശം, കൈക്കൂലിക്കുറ്റത്തിന്റെ വ്യാപ്‌തി, തിരഞ്ഞെടുപ്പുകളില്‍ ചെലുത്തുന്നു അനുചിതമായ സ്വാധീനം, തിരഞ്ഞെടുപ്പുകളില്‍ നടക്കുന്ന ആള്‍മാറാട്ടം, അത്തരം കുറ്റങ്ങള്‍ക്കുള്ള ശിക്ഷകള്‍, തിരഞ്ഞെടുപ്പു സംബന്ധിച്ച വ്യാജപ്രസ്‌താവനകള്‍, തിരഞ്ഞെടുപ്പു സംബന്ധമായി നിയമവിരുദ്ധമായി പണം കൊടുക്കല്‍, തിരഞ്ഞെടുപ്പു കണക്കു സൂക്ഷിക്കാതിരിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ്‌ ഈ ഭാഗത്തില്‍ സവിസ്‌തരം പ്രതിപാദിച്ചിരിക്കുന്നത്‌. തിരഞ്ഞെടുപ്പു നടക്കുന്ന കാലയളവില്‍ ഈ ഭാഗത്തിലെ വകുപ്പുകള്‍ കൂടുതലായി പ്രയോഗിക്കപ്പെടുന്നുണ്ട്‌. നാം സ്വീകരിച്ചിരിക്കുന്ന ജനാധിപത്യഭരണക്രമത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു പ്രവര്‍ത്തനമാണ്‌ തിരഞ്ഞെടുപ്പ്‌. അതിനാല്‍ പ്രാതിനിധ്യ ജനാധിപത്യക്രമത്തിന്റെ ആരോഗ്യകരമായ നിലനില്‌പിന്‌ വളരെയധികം സഹായം നല്‌കുന്ന വകുപ്പുകളാണ്‌ ഈ ഭാഗത്തിലുള്ളത്‌.

XXA എന്ന ഭാഗം സ്‌ത്രീകള്‍ക്കെതിരെ വ്യാപകമായി നടക്കുന്ന ഗാര്‍ഹിക പീഡനത്തിന്റെ പശ്ചാത്തലത്തില്‍ രൂപം കൊണ്ടതാണ്‌. ലോകത്തെല്ലായിടത്തുംതന്നെ ഗാര്‍ഹിക പീഡനത്തിനെതിരെ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ ഉയര്‍ന്നു വരാന്‍ ആരംഭിച്ചതോടെ സ്‌ത്രീകള്‍ക്കു സംരക്ഷണം നല്‌കാന്‍ വേണ്ടി പലരാജ്യങ്ങളിലും ഇത്തരം നിയമങ്ങള്‍ക്കു രൂപംനല്‌കുകയുണ്ടായി. ഇന്ത്യയില്‍ പലപ്പോഴും ഗാര്‍ഹിക പീഡനത്തിന്‌ അടിസ്ഥാന കാരണമായി കാണപ്പെടുന്നത്‌ സ്‌ത്രീധനമാണ്‌. സ്‌ത്രീധനത്തിന്റെ പേരില്‍ സ്‌ത്രീകള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങളില്‍ ഭര്‍ത്താവുമാത്രമല്ല ഭര്‍ത്താവിന്റെ ബന്ധുക്കളും പലപ്പോഴും പങ്കാളികളാകാറുണ്ട്‌. XXA ഭാഗത്തില്‍ 498 എ വകുപ്പില്‍ മുഖ്യമായും പ്രതിപാദിച്ചിരിക്കുന്നത്‌ ഭര്‍ത്താവിന്റെയോ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ ബന്ധുക്കളുടെയോ ക്രൂരതയെ സംബന്ധിച്ചും അതിനുള്ള ശിക്ഷയെ സംബന്ധിച്ചും ആണ്‌.

സ്‌ത്രീധനവുമായി ബന്ധപ്പെട്ടുതന്നെ 1986-ല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഒരു പുതിയ വകുപ്പ്‌ (304 ബി) കൂടി എഴുതിച്ചേര്‍ത്തു. ഒരു സ്‌ത്രീ അവളുടെ വിവാഹശേഷം ഏഴുകൊല്ലത്തിനകം സാധാരണ രീതിയിലല്ലാതെ അഗ്നിക്കിരയായോ മറ്റു ദേഹോപദ്രവം മൂലമോ മരിക്കുകയും അതിനുമുമ്പ്‌ ഭര്‍ത്താവോ അയാളുടെ ബന്ധുക്കളോ സ്‌ത്രീധനത്തിനുവേണ്ടി അവളില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്‌തിട്ടുണ്ടെങ്കില്‍ അതിനുശേഷമുണ്ടായ മരണം സ്‌ത്രീധന മരണമായി കണക്കാക്കുമെന്ന്‌ പ്രസ്‌താവിച്ചിട്ടുണ്ട്‌. അപ്രകാരമൊന്നുമുണ്ടായിട്ടില്ലെന്നു തെളിയിക്കുവാനുള്ള ബാധ്യത ഭര്‍ത്താവിനും ഭര്‍ത്തൃബന്ധുക്കള്‍ക്കുമാണ്‌. ഇതില്‍ കുറ്റവാളിയാകുന്ന ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും ഏഴുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ നല്‌കാനും ഈ വകുപ്പില്‍ വ്യവസ്ഥയുണ്ട്‌.

പൊതുവില്‍ ഇന്ത്യന്‍ ജനതയ്‌ക്കുബാധകമായ മുഴുവന്‍ ക്രിമിനല്‍ നിയമങ്ങളെയും ക്രോഡീകരിച്ചുകൊണ്ട്‌ 1860-ല്‍ നടപ്പില്‍ വരുത്തിയ ഇന്ത്യന്‍ശിക്ഷാനിയമസംഹിത (Indian Penal Code) മറ്റു പല രാജ്യങ്ങള്‍ക്കും നിയമനിര്‍മാണത്തിനു മാതൃകയായിട്ടുണ്ട്‌. ക്രിമിനല്‍ കുറ്റങ്ങളുടെ മിക്കവാറും എല്ലാ മേഖലകളെയും വേണ്ട തരത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഈ നിയമസംഹിതയില്‍ ഒട്ടാകെ 395 കുറ്റങ്ങളും അവയ്‌ക്കുള്ള ശിക്ഷകളും ആണ്‌ നല്‌കിയിട്ടുള്ളത്‌. കഴിഞ്ഞ ഏതാണ്ട്‌ ഒന്നര നൂറ്റാണ്ടായി നിലവിലുള്ള ഈ നിയമസംഹിതയില്‍, പിന്നീടു പലപ്പോഴായി വെറും അന്‍പതില്‍ താഴെ ഉപവകുപ്പുകള്‍ മാത്രമേ കൂട്ടിച്ചേര്‍ക്കേണ്ടിവന്നിട്ടുള്ളൂ. അതായത്‌ സംഭവിക്കാന്‍ സാധ്യതയുള്ള എല്ലാ കുറ്റങ്ങളെയും ശരിയാംവണ്ണം വിഭാവന ചെയ്‌ത്‌ ഈ നിയമസംഹിതയില്‍ ഉള്‍പ്പെടുത്തിയിരുന്നു എന്നു സാരം.

(ജസ്റ്റിസ്‌ കെ. സദാശിവന്‍; ആര്‍. രാധാകൃഷ്‌ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍