This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉള്ളടക്കം |
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്
ഇന്ത്യയിലെ ഒരു രാഷ്‌ട്രീയ സംഘടന. അഖിലേന്ത്യാ മുസ്‌ലിം ലീഗ് പിരിച്ചുവിടപ്പെട്ടശേഷം, ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇസ്‌മായില്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ 1948-ല്‍ മദ്രാസില്‍ രൂപീകരിക്കപ്പെട്ടു. നോ. ഇസ്‌മായില്‍ മുഹമ്മദ്
അഖിലേന്ത്യാ മുസ്‌ലിംലീഗ്
മുസ്‌ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥയും അവരിലുളവായ അവഗണനാഭീതിയുമാണ് മുസ്‌ലിംലീഗിന്റെ സ്ഥാപനത്തിനു കാരണമായതെന്ന് കരുതപ്പെടുന്നു. തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും രാഷ്‌ട്രീയാധികാരങ്ങള്‍ നേടിയെടുക്കുന്നതിനും സമുദായതലത്തില്‍ സംഘടിക്കുക അത്യാവശ്യമാണെന്ന് ബോധ്യമായതിന്റെ ഫലമായി മുസ്‌ലിംനേതാക്കള്‍ 1906-ല്‍ മുസ്‌ലിംലീഗിനു രൂപംനല്‌കി. മറ്റു സമുദായങ്ങളുമായി സൗഹൃദം പുലര്‍ത്തിക്കൊണ്ടായിരിക്കും ഈ ലക്ഷ്യപ്രാപ്‌തിക്കുള്ള യത്‌നങ്ങള്‍ നടത്തുന്നത് എന്ന് മുസ്‌ലിംലീഗ് അംഗീകരിച്ച നയപ്രഖ്യാപനത്തില്‍ ഊന്നിപ്പറഞ്ഞിരുന്നു. ആഗാഖാനും വികാറുല്‍ മുല്‍ക്കുമായിരുന്നു മുസ്‌ലിംലീഗ് സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തത്. 1908-ല്‍ അമൃത്‌സറില്‍ ചേര്‍ന്ന ലീഗിന്റെ വാര്‍ഷികസമ്മേളനത്തില്‍ അംഗീകരിച്ച പ്രമേയങ്ങളില്‍ പ്രാദേശിക സമിതികളിലും പ്രിവികൗണ്‍സിലിലും ഗവണ്‍മെന്റ് സര്‍വീസുകളിലും നിശ്ചിത ശതമാനം പ്രാതിനിധ്യം മുസ്‌ലിങ്ങള്‍ക്ക് വേണമെന്ന് ആവശ്യപ്പെട്ടു. നിവേദനങ്ങളുടെ ഫലമായി 1909-ലെ മിന്റോ-മോര്‍ലി ഭരണപരിഷ്‌കാരങ്ങളിലൂടെ ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ക്ക് പ്രത്യേക നിയോജകമണ്ഡലവ്യവസ്ഥ നടപ്പിലാക്കി.
ലഖ്‌നൗ ഉടമ്പടി
1913-ല്‍ ലഖ്‌നൗവില്‍ ചേര്‍ന്ന മുസ്‌ലിംലീഗിന്റെ വാര്‍ഷികസമ്മേളനം സ്വയംഭരണം നേടുക എന്നത് തങ്ങളുടെ ലക്ഷ്യമായി അംഗീകരിക്കുകയും ലീഗും കോണ്‍ഗ്രസ്സും സഹോദരഭാവേന പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്യുകയുമുണ്ടായി. ലീഗുമായി കൂട്ടുചേര്‍ന്നുള്ള കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനം ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തി. എന്നാല്‍ ലീഗും കോണ്‍ഗ്രസ്സുമായി അന്നുണ്ടായ രാഷ്‌ട്രീയസഖ്യത്തില്‍ പ്രതിഷേധിച്ച് ആഗാഖാന്‍ ലീഗ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. 1916-ല്‍ കോണ്‍ഗ്രസ്സിന്റെയും ലീഗിന്റെയും വാര്‍ഷികസമ്മേളനങ്ങള്‍ ലഖ്‌നൗവില്‍ ഒരേ പന്തലിലാണ് നടന്നത്. മദന്‍മോഹന്‍മാളവ്യ, ഗാന്ധിജി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. മുഹമ്മദ് അലി ജിന്ന, മഹമൂദ്‌ബാദ്‌രാജ, മസ്‌ഹറൂല്‍ഹഖ് എന്നിവരായിരുന്നു ലീഗിനെ നയിച്ച അന്നത്തെ നേതാക്കള്‍. മുസ്‌ലിംലീഗും കോണ്‍ഗ്രസ്സുമായുണ്ടായ ചരിത്രപ്രസിദ്ധമായ ഉടമ്പടിക്ക് ലഖ്‌നൗസമ്മേളനം വേദിയായി. സാമുദായികപ്രാതിനിധ്യവും ഭരണപരിഷ്‌കാരവും കോണ്‍ഗ്രസ്സും ലീഗും തത്ത്വത്തില്‍ അംഗീകരിച്ചത് ഇന്ത്യന്‍ രാഷ്‌ട്രീയ ചരിത്രത്തിലെ ഒരു പ്രധാന സംഭവമായി കരുതാം. 1916-ല്‍ മുഹമ്മദ് അലി ജിന്ന ലീഗ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
1921-ല്‍ അഹമ്മദാബാദില്‍ ചേര്‍ന്ന ലീഗ് വാര്‍ഷികസമ്മേളനത്തില്‍ ആധ്യക്ഷ്യം വഹിച്ചുകൊണ്ട് മൗലാനാ ഹസ്രത്ത് മോഹാനി ഇന്ത്യ ഒരു സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കാകണമെന്ന് അഭിപ്രായപ്പെടുകയുണ്ടായി. ഹസ്രത്ത് മോഹാനി ഒരേ സമയം ലീഗിലും കോണ്‍ഗ്രസ്സിലും അംഗമായിരുന്നു. 1921-ല്‍ ഡല്‍ഹിയില്‍ ചേര്‍ന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് സമിതി യോഗത്തില്‍ സ്വരാജിന്റെ ഉള്ളടക്കം വ്യക്തമാക്കാനും നിര്‍ണയിക്കാനുമുള്ള ആഗ്രഹം മോഹാനി പ്രകടിപ്പിക്കുകയുണ്ടായി. മുസ്‌ലിംലീഗും കോണ്‍ഗ്രസ്സും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഒരേ അഭിപ്രായക്കാരായിരുന്നു എന്ന് പട്ടാഭി സീതാരാമയ്യ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ചരിത്രം എന്ന പുസ്‌തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
സൈമണ്‍ കമ്മിഷനെ ബഹിഷ്‌കരിക്കണമെന്ന് കൊല്‍ക്കത്തയില്‍ ജിന്നയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ലീഗ് യോഗം മുസ്‌ലിങ്ങളോട് ആഹ്വാനം ചെയ്‌തത് ലീഗില്‍ പിളര്‍പ്പുണ്ടാക്കി. മുഹമ്മദ്‌ഷാഫി, മുഹമ്മദ് ഇക്‌ബാല്‍, ഫിറോസ്‌ഖാന്‍ നൂന്‍ തുടങ്ങിയവര്‍ ലാഹോറില്‍ മറ്റൊരു യോഗം ചേര്‍ന്ന് സൈമണ്‍ കമ്മിഷനെ സ്വാഗതം ചെയ്‌തു. സൈമണ്‍കമ്മിഷനെ ബഹിഷ്‌കരിക്കണമെന്ന ജിന്നയുടെ പ്രഖ്യാപനം മുസ്‌ലിംലീഗിന്റെ പ്രസിദ്ധിയും പ്രസക്തിയും വര്‍ധിപ്പിക്കാന്‍ സഹായകമായി.
ജിന്നയുടെ പതിനാലിനപരിപാടി
മോത്തിലാല്‍ നെഹ്‌റു, തേജ്‌ബഹാദൂര്‍ സപ്രു, അലിഇമാം എന്നിവര്‍ ഒരു അഖിലകക്ഷി സമ്മേളനം വിളിച്ചുകൂട്ടി ഇന്ത്യയിലെ രാഷ്‌ട്രീയ സാമുദായിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിച്ചുകൊണ്ട് ഒരു റിപ്പോര്‍ട്ട് (നെഹ്‌റു റിപ്പോര്‍ട്ട്) തയ്യാറാക്കി. ആ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ മുസ്‌ലിം താത്‌പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നു വാദിച്ച ജിന്ന അതിനെതിരായി 14 പോയിന്റുകളടങ്ങിയ മറ്റൊരു നിര്‍ദേശം അവതരിപ്പിച്ചു. ലണ്ടനില്‍വച്ചു നടന്ന രണ്ട് വട്ടമേശസമ്മേളനങ്ങളിലും മുസ്‌ലിംലീഗും കോണ്‍ഗ്രസ്സും രാഷ്‌ട്രീയപ്രതിയോഗികള്‍ എന്ന നിലയിലാണ് പങ്കെടുത്തത്.
മുസ്‌ലിങ്ങളുടെ താത്‌പര്യങ്ങളും അവകാശങ്ങളും നിഹനിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളതെന്ന അഭിപ്രായം മുസ്‌ലിംലീഗില്‍ ശക്തമായിരുന്നെങ്കിലും മുസ്‌ലിംലീഗും കോണ്‍ഗ്രസ്സും സഹകരിച്ചുകൊണ്ടായിരുന്നു 1936-ലെ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തത്. തിരഞ്ഞെടുപ്പു കഴിഞ്ഞശേഷം ലീഗിനു യു.പി. മന്ത്രിസഭയില്‍ രണ്ടുസീറ്റുകള്‍ നല്‌കുവാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. ലീഗിന്റെ പ്രവര്‍ത്തനം പൂര്‍വാധികം ഊര്‍ജിതവും വിപുലവുമായ നിലയിലേക്ക് നീങ്ങുന്നതിന് ഇത് പ്രേരകമായിത്തീര്‍ന്നു.
ബോംബെ സമ്മേളനം
1936-ലെ തിരഞ്ഞെടുപ്പിനുശേഷം വിവിധ സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് ഗവണ്‍മെന്റുകള്‍ മുസ്‌ലിം വിരുദ്ധനയമാണ് കൈക്കൊണ്ടതെന്ന് ലീഗുനേതാക്കള്‍ ചൂണ്ടിക്കാട്ടി. ഈ സന്ദര്‍ഭം ശരിക്കും ഉപയോഗപ്പെടുത്തിക്കൊണ്ട് ലീഗിനെ ഒരു ജനകീയ സംഘടനയാക്കി ശക്തിപ്പെടുത്താന്‍ ജിന്ന ശ്രമിച്ചു. 1936 മേയ് 10-ന് ബോംബെയില്‍ വസിര്‍ഹസന്റെ അധ്യക്ഷതയില്‍ച്ചേര്‍ന്ന ലീഗ് വാര്‍ഷികസമ്മേളനത്തില്‍ ജിന്ന ചെയ്‌ത പ്രസംഗത്തില്‍ മുസ്‌ലിങ്ങള്‍ ഒറ്റക്കെട്ടായി ഉറച്ചുനില്‌ക്കണമെന്നുദ്‌ബോധിപ്പിച്ചു. മുസ്‌ലിംലീഗ് പുനഃസംഘടിപ്പിക്കുന്നതിന് ജിന്ന ഇന്ത്യയിലാകമാനം പര്യടനങ്ങള്‍ നടത്തി.
വിഭജനപ്രമേയം
മുസ്‌ലിംലീഗിന്റെ ലാഹോര്‍സമ്മേളനത്തില്‍ (1940) ഇന്ത്യാവിഭജനമാണ് ഹിന്ദു-മുസ്‌ലിം പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശരിയായ മാര്‍ഗമെന്ന പ്രമേയം അംഗീകരിക്കപ്പെട്ടു. ഇന്ത്യന്‍ പ്രശ്‌നപരിഹാരം ഉദ്ദേശിച്ച് 1946 ജനു. 5-ന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ 10 പേരടങ്ങുന്ന പ്രതിനിധിസംഘം ഇന്ത്യയിലെത്തി. പ്രത്യേക പാകിസ്‌താന്‍ രാഷ്‌ട്രം എന്ന സിദ്ധാന്തം അംഗീകരിക്കാതെ ഒത്തുതീര്‍പ്പില്ലെന്ന ലീഗിന്റെ നിലപാട് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തതുമൂലം പാര്‍ലമെന്റ് പ്രതിനിധിസംഘം തിരിച്ചുപോയി.
1946-ല്‍ സംസ്ഥാന അസംബ്ലികളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നു. മുസ്‌ലിംലീഗ് അഖിലേന്ത്യാടിസ്ഥാനത്തില്‍ ആദ്യമായി ഒരു തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് 1946-ലാണ്. പ്രത്യേക നിയോജകമണ്ഡലങ്ങള്‍ നിലവിലുണ്ടായിരുന്നതിനാല്‍ മിക്ക സംസ്ഥാനങ്ങളിലും മുസ്‌ലിംസീറ്റുകള്‍ ലീഗ് കരസ്ഥമാക്കി. മുസ്‌ലിംലീഗാണ് മുസ്‌ലിങ്ങളുടെ പ്രാതിനിധ്യം വഹിക്കുന്ന ഏക സംഘടനയെന്ന് ഈ തിരഞ്ഞെടുപ്പു തെളിയിച്ചിരിക്കുന്നതായി ജിന്ന വാദിച്ചു. സ്ഥിതിവിവരക്കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് വിലപേശലിന് അദ്ദേഹം ആക്കംകൂട്ടി. തിരഞ്ഞെടുക്കപ്പെട്ട അസംബ്ലിമെമ്പര്‍മാരുടെ ഒരു കണ്‍വെന്‍ഷന്‍ 1946 ഏ. 7-ന് ജിന്ന ദില്ലിയില്‍ വിളിച്ചുകൂട്ടി; രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള 500 മുസ്‌ലിം നിയമസഭാസാമാജികന്മാര്‍ ലീഗ് പാകിസ്‌താന്‍വാദത്തില്‍ ഉറച്ചുനില്‌ക്കുന്നുവെന്ന പ്രമേയം പാസാക്കി.
ഇടക്കാല ഗവണ്‍മെന്റില്‍
ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ 1946 സെപ്‌തംബറില്‍ ഇടക്കാല ഗവണ്‍മെന്റ് രൂപംകൊണ്ടു. ലീഗ് ഇടക്കാലഗവണ്‍മെന്റില്‍ ചേരാന്‍ ആദ്യം കൂട്ടാക്കിയില്ല. ജിന്നയും വൈസ്രോയി വേവല്‍പ്രഭുവുമായി നടന്ന നിരവധി കൂടിക്കാഴ്‌ചകളുടെയും ചര്‍ച്ചകളുടെയും ഫലമായി ഇടക്കാലഗവണ്‍മെന്റിലും ഭരണഘടനാസഭയിലും ചേരാന്‍ മുസ്‌ലിംലീഗ് കൗണ്‍സില്‍ തീരുമാനമെടുത്തു. ലിയാഖത്ത് അലിഖാന്‍, ഐ.ഐ. ചുന്ദ്രിഗര്‍, അബ്‌ദുറബ്‌ബ് നിഷത്താര്‍, ഗസനഫര്‍ അലിഖാന്‍, ജെ.എന്‍. മണ്ഡല്‍ എന്നിവരെയായിരുന്നു മന്ത്രിസഭയിലേക്ക് ലീഗ് തിരഞ്ഞെടുത്തത്.
പാകിസ്‌താന്റെ രൂപവത്‌കരണം
ധനകാര്യമന്ത്രി എന്ന നിലയ്‌ക്ക് ലിയാഖത്ത് അലിഖാന്‍ എല്ലാ വകുപ്പുകളെയും ബാധിക്കുന്ന ചില കര്‍ശന നിയന്ത്രണങ്ങളുണ്ടാക്കിയതുമൂലം കോണ്‍ഗ്രസ് മന്ത്രിമാര്‍ വളരെ ക്ലേശിച്ചു. മുസ്‌ലിംലീഗ് ആവശ്യപ്പെടുന്ന വിഭജനം വകവച്ചുകൊടുത്തുകൊണ്ട് ഭരണസ്‌തംഭനം അവസാനിപ്പിക്കാമെന്ന അഭിപ്രായമായിരുന്നു വേവലിനുശേഷം വൈസ്രോയിയായി വന്ന മൗണ്ട്‌ബാറ്റനുണ്ടായിരുന്നത്. നെഹ്‌റുവിനെയും ഗാന്ധിജിയെയും തന്റെ അഭിപ്രായത്തോടു യോജിപ്പിക്കുവാന്‍ മൗണ്ട്‌ബാറ്റന്‍ ശ്രമം നടത്തുകയും ഒടുവില്‍ അതില്‍ വിജയം വരിക്കുകയും ചെയ്‌തു. ഇതനുസരിച്ച്, 1948 ജൂണ്‍ 30-നു മുമ്പ് അധികാരക്കൈമാറ്റം നടത്തുവാനുള്ള നടപടികള്‍ അദ്ദേഹം സ്വീകരിക്കുകയുണ്ടായി. ഇന്ത്യാവിഭജനത്തെത്തുടര്‍ന്ന് 1947 ആഗ. 14-നു നിലവില്‍വന്ന പാകിസ്‌താന്‍ റിപ്പബ്ലിക്കിന്റെ ആദ്യത്തെ ഗവര്‍ണര്‍ ജനറലായി ജിന്ന അധികാരമേറ്റു.
അഖിലേന്ത്യാ മുസ്‌ലിംലീഗ് മലബാറിൽ
1906-ൽ സ്ഥാപിതമായ അഖിലേന്ത്യാ മുസ്‌ലിംലീഗ് മലബാറിലെ രാഷ്‌ട്രീയശക്തിയായത് 1934-നു ശേഷമാണ്. 1920-21-ലെ നിസ്സഹകരണ സമരക്കാലത്ത് മുസ്‌ലിംജനതയുടെ അനുഭാവം കോണ്‍ഗ്രസ്സിനോടായിരുന്നു. മുഹമ്മദ് അബ്‌ദുള്‍ റഹ്‌മാന്‍, ഇ. മൊയ്‌തുമൗലവി തുടങ്ങിയവരുടെ നേതൃത്വത്തിൽ സഹസ്രക്കണക്കിനു മുസ്‌ലിങ്ങള്‍ സ്വാതന്ത്യ്രസമരസന്നദ്ധഭടന്മാരായി കോണ്‍ഗ്രസ് കൊടിക്കീഴിൽ അണിനിരന്നിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ ഏറനാട്-വള്ളുവനാട് താലൂക്കുകളിൽ ബ്രിട്ടീഷ് വിരുദ്ധവികാരം അതിശക്തമായി അലയടിച്ചു. എന്നാൽ 1921-ലെ മലബാർലഹളയെത്തുടർന്ന് ഹിന്ദു-മുസ്‌ലിം ഐക്യത്തിലുണ്ടായ സാരമായ വിള്ളൽ മുസ്‌ലിംലീഗിന്റെ വളർച്ചയ്‌ക്ക് അനുകൂലഘടകമായി. 1934-ൽ കേന്ദ്രനിയമനിർമാണസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ സൗത്ത്‌കാനറാ സംവരണമണ്ഡലത്തിൽ ലീഗ് സ്ഥാനാർഥിയായിരുന്ന ഹാജി അബ്‌ദുള്‍ സത്താർസേട്ട് കോണ്‍ഗ്രസ് സ്ഥാനാർഥിയെ പരാജയപ്പെടുത്തി. 1937-ൽ മദ്രാസ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ കുറുമ്പ്രനാട്-കോഴിക്കോട് മണ്ഡലത്തിൽ ലീഗ് സ്ഥാനാർഥി പരാജയപ്പെട്ടുവെങ്കിലും വിജയിച്ച ആറ്റക്കോയത്തങ്ങളും അദ്ദേഹത്തിന്റെ ഭാര്യാസഹോദരനായ ബാഫക്കിത്തങ്ങളും ലീഗിനോട് കൂറു പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് വിട്ട് ലീഗിൽ ചേർന്ന മറ്റൊരു പ്രമുഖനായിരുന്നു കെ.എം. സീതിസാഹിബ്. 1937-ൽ മലബാർ മുസ്‌ലിംലീഗ് സമ്മേളനം അറയ്‌ക്കൽ രാജാവ് അബ്‌ദുള്‍ റഹ്‌മാന്റെ അധ്യക്ഷതയിൽ തലശ്ശേരിയിൽ ചേർന്നു. മുഹമ്മദ് അബ്‌ദുള്‍ റഹ്‌മാന്റെ അൽ-അമീന്‍ പത്രത്തിനു ബദലായി പ്രസിദ്ധീകരണം ആരംഭിച്ച ചന്ദ്രിക (1938) പില്‌ക്കാലത്ത് മുസ്‌ലിംലീഗിന്റെ ഔദ്യോഗികജിഹ്വയായി പ്രചാരം നേടി. നോ. ചന്ദ്രിക ഇന്ത്യാവിഭജനത്തിനും പാകിസ്‌താന്‍ രൂപീകരണത്തിനുംവേണ്ടിയുള്ള മുസ്‌ലിംലീഗിന്റെ ആഹ്വാനം 1940-കളിൽ മലബാറിനെ ഇളക്കിമറിച്ചു. 1939 ഡി. 22-ന് "വിമോചനദിന'വും, 1946 ആഗ. 16-ന് "പ്രത്യക്ഷസമരദിന'വും ആചരിച്ചത് ലീഗിന്റെ ശക്തിപ്രകടനങ്ങളായി മാറി. മുഹമ്മദ് അബ്‌ദുള്‍ റഹ്‌മാന്റെ നിര്യാണത്തോടെ മലബാർ മുസ്‌ലിങ്ങളെ ദേശീയ പ്രസ്ഥാനവുമായി ബന്ധിപ്പിച്ചുനിർത്തിയിരുന്ന അവസാനകച്ചിയും അറ്റു. 1946-ലെ തിരഞ്ഞെടുപ്പിൽ മലബാറിലെ മുസ്‌ലിം സംവരണമണ്ഡലങ്ങളൊട്ടാകെ ലീഗ് കൈയടക്കി. 1947-ലെ ഇന്ത്യാവിഭജനത്തോടെ അഖിലേന്ത്യാ മുസ്‌ലിംലീഗിന്റെ പ്രഖ്യാപിതലക്ഷ്യം വിജയം കണ്ടു.
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ രൂപീകരണം
1947-ൽ അഖിലേന്ത്യാ മുസ്‌ലിംലീഗ് പിരിച്ചുവിടപ്പെട്ട കറാച്ചി കൗണ്‍സിലിൽ ഇന്ത്യയിലെയും പാകിസ്‌താനിലെയും മുസ്‌ലിങ്ങളെ പ്രതിനിധീകരിക്കുവാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും വേണ്ടി രണ്ട് വ്യത്യസ്‌ത സംഘടനകള്‍ നിലവിൽ വരണമെന്ന് തീരുമാനിക്കപ്പെട്ടു. ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ക്ക് അവരുടെ ഭാവി നിർണയിക്കുവാനുള്ള പരിപൂർണസ്വാതന്ത്യ്രം ഉണ്ടെന്നും ഇന്ത്യയോടുകൂറുള്ള പൗരന്മാരായി ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ ആത്മാർഥമായി പ്രവർത്തിക്കണമെന്നും പാകിസ്‌താനെ ഒരയൽരാജ്യമെന്ന നിലയിൽ മാത്രം കരുതിയാൽ മതിയെന്നും ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ ഭാഗധേയം നിർണയിക്കാന്‍ ഇന്ത്യാഗവണ്‍മെന്റിനെ സമീപിക്കുകയല്ലാതെ മറ്റൊരു രാഷ്‌ട്രത്തെയും അവർ ഉറ്റുനോക്കേണ്ടതില്ലെന്നും ജിന്ന ഉദ്‌ബോധിപ്പിച്ചു. ഇന്ത്യയിലെ സംഘടനയുടെ സംസ്ഥാപനത്തിനുള്ള കണ്‍വീനറായി നിയോഗിക്കപ്പെട്ടത് ഇസ്‌മായിൽ മുഹമ്മദാണ്. 1948-ൽ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് എന്ന നാമധേയത്തിൽ നിലവിൽവന്ന പാർട്ടിയുടെ ആസ്ഥാനം മദിരാശിയായിരുന്നു.
മുസ്‌ലിങ്ങളുടെ സാംസ്‌കാരിക തനിമ കാത്തുസൂക്ഷിക്കുവാനും രാഷ്‌ട്രനിർമാണത്തിൽ തങ്ങളുടെ പങ്ക് വഹിക്കാന്‍ അവരെ പ്രാപ്‌തരാക്കാനും മതപരമായി പ്രതിബദ്ധത കൈവിടാതെതന്നെ ദേശീയവീക്ഷണം പുലർത്തിക്കൊണ്ട് മാറുന്ന കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ അവരെ സജ്ജരാക്കാനും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ലക്ഷ്യമിട്ടു.
1948 മാ. 10-ന് ഇന്ത്യന്‍യൂണിയന്‍ മുസ്‌ലിംലീഗിന്റെ പ്രഥമയോഗം മദിരാശിയിൽ ഇസ്‌മായിൽസാഹിബിന്റെ അധ്യക്ഷതയിൽ ചേർന്ന് ഭാവിപരിപാടികള്‍ ആസൂത്രണംചെയ്യാന്‍ തീരുമാനിച്ചു. മുഹമ്മദ് ഇസ്‌മായിൽ പ്രസിഡന്റായും മെഹബൂബ് അലിബേഗ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. പ്രസ്‌തുതയോഗത്തിൽ അംഗീകരിച്ച പ്രമേയം രാജ്യത്തിന്റെ സ്വാതന്ത്യ്രവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിലും, വിവിധ ജനവിഭാഗങ്ങളുടെ ഇടയിൽ പരസ്‌പര വിശ്വാസവും സ്‌നേഹാദരവും ഐക്യവും സൗഹൃദവും വളർത്തിക്കൊണ്ടുവരുന്നതിലും, ക്ഷേമൈശ്വര്യങ്ങളിലേക്കുള്ള ജനങ്ങളുടെ ഗതി ത്വരിതപ്പെടുത്തുന്നതിലും, സാമുദായിക സൗഹാർദം വളർത്തുന്നതിലും മുസ്‌ലിംലീഗ് ദത്തശ്രദ്ധമായി പ്രവർത്തിക്കുമെന്നു പ്രഖ്യാപിച്ചു. മുസ്‌ലിങ്ങളുടെ മതപരവും സാംസ്‌കാരികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ താത്‌പര്യത്തെ പരിരക്ഷിക്കുന്നതിലായിരിക്കും മുസ്‌ലിംലീഗ് കാര്യമായും പ്രവർത്തിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുകയെന്നും തീരുമാനിക്കപ്പെട്ടു. ഒരു ഭരണഘടന എഴുതിയുണ്ടാക്കുകയും 1951-ൽ ചേർന്ന കൗണ്‍സിലിൽ അവതരിപ്പിക്കുകയും ചെയ്‌തു. 1950-കളിൽ മുസ്‌ലിംലീഗിന്റെ പ്രവർത്തനം സജീവമായി നടന്നത് മലബാറിൽ മാത്രമായിരുന്നു. 1952-ലെ പൊതു തിരഞ്ഞെടുപ്പിൽ മലബാറിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പോക്കർ സാഹിബായിരുന്നു ലോക്‌സഭയിൽ മുസ്‌ലിം ലീഗിന്റെ ഏക അംഗം. 1970-കളിൽ കേരളത്തിനു പുറമേ തമിഴ്‌നാട്, പോണ്ടിച്ചേരി, മഹാരാഷ്‌ട്ര, കർണാടക, യു.പി. എന്നിവിടങ്ങളിലെ നിയമസഭകളിലും ലീഗിനുപ്രാതിനിധ്യമുണ്ടായിരുന്നു. മണ്ഡലങ്ങളിൽ എത്തിനോക്കുകപോലും ചെയ്യാത്ത മറുനാടന്‍ നേതാക്കളെ വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിപ്പിച്ച് ലോക്‌സഭയിലെത്തിക്കുവാന്‍ പോന്ന ജനപിന്തുണയാണ് മലബാറിലെ മുസ്‌ലിംഭൂരിപക്ഷ മണ്ഡലങ്ങളിൽ അക്കാലയളവിൽ ലീഗിനുണ്ടായിരുന്നത്.
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് കേരളത്തിൽ
സംഘടന കൈക്കൊണ്ട നയപരിപാടികള്‍, പ്രായോഗികതയും സമുദായതാത്‌പര്യവും സമഞ്‌ജസമായി ഒത്തിണക്കിയുള്ള രാഷ്‌ട്രീയ സമവാക്യങ്ങള്‍, കാലഗതിക്കനുസരിച്ചു മാറ്റിക്കൊണ്ടിരുന്ന മുന്നണിബന്ധങ്ങള്‍ തുടങ്ങിയവയിലൂടെ കേരളരാഷ്‌ട്രീയത്തിൽ സുപ്രധാനമായ ഒരു സ്ഥാനം നിലനിർത്തുന്നതിൽ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് വിജയിച്ചിട്ടുണ്ട്; കേരളത്തിലെ തിരഞ്ഞെടുപ്പു വിജയത്തിലൂടെ ലോക്‌സഭയിലെ സാന്നിധ്യം സജീവമായി നിലനിർത്തുവാനുമായിട്ടുണ്ട്. 2004 മുതൽ കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. മുന്നണിയിലെ ഘടകകക്ഷിയാണ് മുസ്‌ലിംലീഗ്. 2009ലെ പൊതുതിരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട ഇ. അഹമ്മദ്, ഇ.ടി.മുഹമ്മദ് ബഷീർ, തമിഴ്‌നാട്ടിൽനിന്നു തിരഞ്ഞെടക്കപ്പെട്ട അബ്‌ദുള്‍ റഹ്‌മാന്‍ എന്നിവരാണ് ലോക്‌സഭയിലെ മുസ്‌ലിംലീഗ് അംഗങ്ങള്‍.
1957 തൊട്ടുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും ഏതെങ്കിലും പ്രബലകക്ഷിയുമായോ മുന്നണിയുമായോ സഖ്യത്തിലേർപ്പെട്ടു മത്സരിക്കുകയെന്ന നയമാണ് ലീഗ് പുലർത്തിപ്പോന്നത്. കേരള സംസ്ഥാന രൂപീകരണശേഷമുള്ള 1957ലെ ആദ്യ പൊതുതിരഞ്ഞെടുപ്പിൽ ലീഗും പ്രജാസോഷ്യലിസ്റ്റ് പാർട്ടിയും ഒരു പക്ഷത്തും കോണ്‍ഗ്രസ് എതിർപക്ഷത്തും കമ്യൂണിസ്റ്റുപാർട്ടി ഒറ്റയ്‌ക്കുനിന്നും മത്സരിച്ചു. ഈ തിരഞ്ഞെടുപ്പിൽ എട്ടു സീറ്റുകള്‍ നേടുവാന്‍ ലീഗിനു കഴിഞ്ഞു. 1960-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗ് കോണ്‍ഗ്രസ്, പ്രജാസോഷ്യലിസ്റ്റു പാർട്ടി എന്നിവയോട് ചേർന്ന് ത്രികോണമുന്നണിയുണ്ടാക്കി, തങ്ങളുടെ നിയമസഭയിലെ അംഗബലം 11 ആക്കി ഉയർത്തി. പട്ടംതാണുപിള്ള മുഖ്യമന്ത്രിയായി അധികാരമേറ്റ 1960-ലെ കോണ്‍ഗ്രസ് പ്രജാസോഷ്യലിസ്റ്റ് പാർട്ടി സംയുക്ത മന്ത്രിസഭയിൽ ലീഗ് ഉള്‍പ്പെട്ടിരുന്നില്ല. ലീഗുമായി അധികാരം പങ്കിടാന്‍ കോണ്‍ഗ്രസ് വിസമ്മതിച്ചതിനെത്തുടർന്ന്, മന്ത്രിസ്ഥാനങ്ങള്‍ കോണ്‍ഗ്രസ്സിനും പ്രജാസോഷ്യലിസ്റ്റ് പാർട്ടിക്കുമായി വിട്ടുകൊടുത്തുകൊണ്ട് സ്‌പീക്കർ സ്ഥാനം ലീഗ് സ്വീകരിച്ചു. മുസ്‌ലിംലീഗ് നേതാവ് കെ.എം. സീതി സാഹിബായിരുന്നു നിയമസഭാ സ്‌പീക്കർ. എന്നാൽ 1961 നവംബറിൽ മുസ്‌ലിംലീഗ് ഭരണമുന്നണി വിട്ടു. സീതി സാഹിബിന്റെ മരണശേഷം മറ്റൊരു ലീഗുകാരന്‍ സ്‌പീക്കർ ആകുന്നതിനെ കെ.പി.സി.സി. പ്രസിഡന്റ് സി.കെ. ഗോവിന്ദന്‍നായർ എതിർത്തതിനെത്തുടർന്നുള്ള സംഭവവികാസങ്ങളാണ് ലീഗ് മുന്നണി വിടാന്‍ കാരണമായത്.
1967ൽ മുസ്‌ലിംലീഗ്, മാർക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടി, സി.പി.ഐ. തുടങ്ങിയ ഏഴു കക്ഷികള്‍ചേർന്ന സപ്‌തകക്ഷിമുന്നണി തിരഞ്ഞെടുപ്പിൽ മത്സരിച്ച് ഭൂരിപക്ഷം നേടി. ഇ.എം.എസ്സിന്റെ നേതൃത്വത്തിൽ രൂപവത്‌കരിച്ച സപ്‌തകക്ഷിമന്ത്രിസഭയിൽ ലീഗിന് രണ്ടു മന്ത്രിമാരുണ്ടായിരുന്നു. സ്വാതന്ത്ര്യപ്രാപ്‌തിക്കുശേഷം ഇന്ത്യയിൽ സംസ്ഥാനതലത്തിലെ ആദ്യത്തെ ഭരണപങ്കാളിത്തമാണ് മുസ്‌ലിം ലീഗ് കരസ്ഥമാക്കിയത്. എന്നാൽ മാർക്‌സിസ്റ്റ്-ലീഗ് സഖ്യം അധികനാള്‍ നീണ്ടുനിന്നില്ല. എങ്കിലും മുസ്‌ലിംലീഗിന്റെ പ്രഖ്യാപിതാഭിലാഷങ്ങളായിരുന്ന മലപ്പുറം ജില്ലയും കോഴിക്കോട് സർവകലാശാലയും നിലവിൽ വരുത്തുവാന്‍ ചുരുങ്ങിയകാലത്തെ മാർക്‌സിസ്റ്റ് സഖ്യം പ്രയോജനപ്പെട്ടു. 1970-ൽ നടന്ന തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്സും സി.പി.ഐ.യും ലീഗും ഇതരപാർട്ടികളും ചേർന്ന ഐക്യമുന്നണി ഭൂരിപക്ഷം നേടി. തുടർന്ന് സി. അച്യുതമേനോന്റെ നേതൃത്വത്തിൽ രൂപവത്‌കൃതമായ മന്ത്രിസഭയിൽ ലീഗിന് രണ്ടു മന്ത്രിസ്ഥാനങ്ങളും സ്‌പീക്കർസ്ഥാനവും ലഭിച്ചു.
1974 അന്ത്യത്തോടെ മുസ്‌ലിംലീഗിൽ പിളർപ്പുണ്ടായി; നിലവിലുണ്ടായിരുന്ന സാമാജികരിൽ 6 പേർ കെ. മൊയ്‌തീന്‍കുട്ടി ഹാജിയുടെ (ബാവാഹാജി) നേതൃത്വത്തിൽ വിമതഗ്രൂപ്പായി മാറി. ഇവർ തങ്ങളുടെ പാർട്ടിക്ക് അഖിലേന്ത്യാ മുസ്‌ലിംലീഗ് എന്ന പേരാണിട്ടത്. അടിയന്തരാവസ്ഥക്കാലത്ത് അഖിലേന്ത്യാ മുസ്‌ലിംലീഗിന്റെ എം.എൽ.എ.മാർ ജയിലിലായി. ജയിൽവിമോചിതരായി തിരഞ്ഞെടുപ്പുഗോദായിലെത്തിയ ഇവർ തോണി ചിഹ്നത്തിലാണു മത്സരിച്ചത് (1977); മാർക്‌സിസ്റ്റ് മുന്നണിയിലെ ഘടകകക്ഷിയായി മത്സരിച്ച അഖിലേന്ത്യാ മുസ്‌ലിംലീഗിനെ നിശ്ശേഷം പരാജയപ്പെടുത്തുവാന്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിനു കഴിഞ്ഞു. 1977-ൽ അധികാരത്തിലേറിയ കരുണാകരന്‍ മന്ത്രിസഭയിൽ ലീഗിന് പ്രാതിനിധ്യം ഉണ്ടായിരുന്നു. തുടർന്നുവന്ന മന്ത്രിസഭകളിൽ പങ്കാളിത്തം നിലനിർത്തിയ ലീഗിന് 1979 ഒക്‌ടോബറിൽ സ്വന്തം നേതൃത്വത്തിൽ മന്ത്രിസഭ ഉണ്ടാക്കാനുള്ള അവസരവും കൈവന്നു. സി.എച്ച്. മുഹമ്മദ്‌കോയ മുഖ്യമന്ത്രിയായി ഭരണമേറ്റ ഈ മന്ത്രിസഭയ്‌ക്ക് 51 ദിവസത്തെ ആയുസ്സുമാത്രമേ ഉണ്ടായുള്ളൂ. പിന്നീട് 1982-ൽ കോണ്‍ഗ്രസ്, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്, കേരളാകോണ്‍ഗ്രസ് തുടങ്ങിയ പാർട്ടികള്‍ ഉള്‍പ്പെട്ട ഐക്യജനാധിപത്യമുന്നണി ഭരണത്തിൽ തിരിച്ചെത്തിയപ്പോള്‍ സി.എച്ച്. മുഹമ്മദ്‌കോയയ്‌ക്ക് ഉപമുഖ്യമന്ത്രിസ്ഥാനം ലഭ്യമായി. 1983 സെപ്. 28-ന് മുഹമ്മദ്‌കോയ നിര്യാതനായി. മുസ്‌ലിംലീഗിലും കേരളരാഷ്‌ട്രീയത്തിൽത്തന്നെയും അനിഷേധ്യമായ നേതൃത്വപാടവം പ്രകടിപ്പിച്ചിരുന്ന സി.എച്ചിന്റെ മരണത്തോടെ ലീഗിന് അനേകം പരീക്ഷണഘട്ടങ്ങള്‍ നേരിടേണ്ടിവന്നു. 1984-ൽ അഖിലേന്ത്യാ മുസ്‌ലിംലീഗ് പിരിച്ചുവിട്ട് വിമതനേതാക്കള്‍ മാതൃസംഘടനയിലേക്കു മടങ്ങി. ഇടതുജനാധിപത്യമുന്നണി അധികാരത്തിലേറിയ 1987-ലെ തിരഞ്ഞെടുപ്പിൽ ലീഗിന് 15 സീറ്റുകള്‍ ലഭിച്ചു.
മുഹമ്മദ്‌കോയയ്‌ക്കുശേഷം നേതൃനിരയിലുണ്ടായ ശൂന്യത, മന്ത്രിമാർക്കും മുന്‍മന്ത്രിമാർക്കുമെതിരേ ഉണ്ടായ അഴിമതി ആരോപണങ്ങളും അന്വേഷണനടപടികളും, ഗള്‍ഫ്‌യുദ്ധത്തെത്തുടർന്ന് സമുദായാംഗങ്ങള്‍ നേരിട്ട സാമ്പത്തികപ്രശ്‌നങ്ങള്‍, അയോധ്യയിലെ ശിലാന്യാസം തുടങ്ങിയവ 1987-91 കാലഘട്ടത്തിൽ മുസ്‌ലിംലീഗിന്റെ കെട്ടുറപ്പിനെ സാരമായി ഉലച്ചു. ഇടയ്‌ക്ക് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യജനാധിപത്യമുന്നണിയിൽനിന്ന് ഹ്രസ്വകാലത്തേക്ക് വിട്ടുപോയെങ്കിലും വീണ്ടും കൂട്ടുചേർന്നു. ഐക്യജനാധിപത്യമുന്നണി അധികാരത്തിലേറിയ 1991-ലെ തിരഞ്ഞെടുപ്പിൽ ലീഗിന് 19 സാമാജികരെ നേടാനായി. ഈ മന്ത്രിസഭയിൽ നാലുസ്ഥാനങ്ങളും സുപ്രധാന വകുപ്പുകളും ലഭിക്കുകയും ചെയ്‌തു.
1992 ഡി. 6-ന് ബാബ്‌റി മസ്‌ജിദ് തകർത്ത സംഭവം ഇന്ത്യയിലെ മുസ്‌ലിം ജനവിഭാഗത്തെ ആഴത്തിൽ വ്രണപ്പെടുത്തി. ഇതേത്തുടർന്ന് മുസ്‌ലിങ്ങള്‍ക്കിടയിൽ മതവികാരം ജ്വലിപ്പിക്കുവാനും തീവ്രവാദവും വിധ്വംസക പ്രവണതയും ഊട്ടിവളർത്തുവാനുമുള്ള വ്യാപകമായ ശ്രമങ്ങളുണ്ടായപ്പോള്‍ ദേശീയതയ്‌ക്കും ജനാധിപത്യമര്യാദകള്‍ക്കും ഊന്നൽനല്‌കുന്ന സമാധാനപരമായ നിലപാടാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് കൈക്കൊണ്ടത്. സി.പി.എം. നേതൃത്വത്തിലുള്ള എൽ.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തിയ 1996-ലെ തിരഞ്ഞെടുപ്പിൽ ലീഗിന്റെ അംഗബലം 14 ആയി ചുരുങ്ങി. 2001-ലെ യു.ഡി.എഫ്. മന്ത്രിസഭയിൽ മുസ്‌ലിംലീഗിന് നാല് മന്ത്രിമാരുണ്ടായി. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗിലെ ചില പ്രമുഖ നേതാക്കള്‍ക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങള്‍ മുസ്‌ലിംലീഗിനെ പ്രതികൂലമായി ബാധിച്ചെങ്കിലും 2011-ൽ മത്സരിച്ച 24 സീറ്റുകളിൽ 20 സീറ്റുകളും കരസ്ഥമാക്കി. മണ്‍മറഞ്ഞ നേതാക്കളിൽ ജി.എം. ബനാത്ത്‌വാല, സീതി സാഹിബ്, സി.എച്ച്. മുഹമ്മദ്‌കോയ, അബ്‌ദുർ റഹിമാന്‍ ബാഫക്കി തങ്ങള്‍, പി.എം.എസ്.എ. പൂക്കോയ തങ്ങള്‍, പാണക്കാട് ശിഹാബ് തങ്ങള്‍ എന്നിവർ ഉള്‍പ്പെടുന്നു.
മതനിരപേക്ഷ രാഷ്‌ട്രീയത്തിൽ പുതിയ സമവാക്യങ്ങള്‍ ഉയർത്തി ന്യൂനപക്ഷ-മത/സമുദായങ്ങളുടെ പങ്കാളിത്തവും അവകാശങ്ങളും സ്ഥാപിച്ചെടുക്കുന്നതിലും ആധുനിക ജനാധിപത്യ സമൂഹത്തിൽ സൃഷ്‌ടിപരമായ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നൽകുന്നതിലുമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ഊന്നൽ നൽകുന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ പ്രസിഡന്റ് (2013). ഇഖ്‌ബാന്‍ അഹമ്മദ്, ദസ്‌തഗീർ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. കെ.എം. ഖാദറാണ് പാർട്ടിയുടെ ജനറൽ സെക്രട്ടറി.
(എം. അലിക്കുഞ്ഞി; സ.പ.)