This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്ത്യന്‍ മിലിട്ടറി അക്കാദമി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഇന്ത്യന്‍ മിലിട്ടറി അക്കാദമി
ഇന്ത്യന്‍ കരസേനാ ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്കുന്ന പ്രധാന കേന്ദ്രം. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ സ്ഥിതിചെയ്യുന്നു.
ബ്രിട്ടനിലെ സാന്‍ഹര്‍സ്റ്റിലുള്ള റോയല്‍ മിലിട്ടറി അക്കാദമിയുടെ മാതൃകയില്‍ ഒരു സൈനിക കോളജ് ഇന്ത്യയില്‍ സ്ഥാപിക്കണമെന്ന് 1930-ലെ ഒന്നാം വട്ടമേശസമ്മേളനം ശിപാര്‍ശ ചെയ്തിരുന്നു. തുടര്‍ നടപടിയായി അന്നത്തെ ഇന്ത്യന്‍ കമാന്‍ഡര്‍-ഇന്‍-ചീഫായ ഫിലിപ് ചെത്വുഡ് അധ്യക്ഷനായ ഒരു കമ്മിറ്റിയെ ഇന്ത്യാഗവണ്മെന്റ് നിയോഗിക്കുകയുണ്ടായി. ഇന്ത്യന്‍ മിലിട്ടറി കോളജ് കമ്മിറ്റി എന്നറിയപ്പെട്ട ഈ കമ്മിറ്റിയുടെ ശിപാര്‍ശപ്രകാരം 1931-ലാണ് ഡെറാഡൂണില്‍ അക്കാദമി സ്ഥാപിതമായത്. 1934-ല്‍ ആദ്യബാച്ച് പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങി.
ഏകദേശം 1400 ഏക്കര്‍ സ്ഥലത്താണ് അക്കാദമി സ്ഥിതിചെയ്യുന്നത്. കേഡറ്റുകള്‍, പരിശീലകര്‍, മറ്റുദ്യോഗസ്ഥര്‍ തുടങ്ങി ആയിരക്കണക്കിനാളുകള്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്. 2000-ത്തോളം പേര്‍ക്കിരിക്കാവുന്ന ഓഡിറ്റോറിയവും (ഖേദാര്‍പാല്‍ ഓഡിറ്റോറിയം) ഒരു മികച്ച സ്റ്റേഡിയവും, നീന്തല്‍ പരിശീലന കേന്ദ്രവും അക്കാദമിയിലുണ്ട്. ആയിരക്കണക്കിന് പുസ്തകങ്ങളും ജേര്‍ണലുകളും ഉള്‍ക്കൊള്ളുന്ന ലൈബ്രറികളും ചരിത്ര പ്രാധാന്യമുള്ള വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന ഒരു മ്യൂസിയവും അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്നു.
ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലേക്കുള്ള പ്രവേശനത്തിനായി വ്യത്യസ്ത പദ്ധതികള്‍ നിലവിലുണ്ട്. യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന് നടത്തുന്ന പ്രവേശന പരീക്ഷയാണ് ഒരു രീതി. 1924 വയസ്സിനിടയിലുള്ള ബിരുദധാരികള്‍ക്ക് ഈ പദ്ധതിയിലൂടെ പ്രവേശനം നേടാം. ഇങ്ങനെ പ്രവേശനം നേടുന്നവര്‍ക്ക് ഒന്നരവര്‍ഷമാണ് അക്കാദമിയിലെ പരിശീലനം. എന്‍ജിനീയറിങ് ബിരുദധാരികളെ എഴുത്തുപരീക്ഷ കൂടാതെ നേരിട്ട് ഇന്റര്‍വ്യൂ നടത്തി തെരഞ്ഞെടുക്കുന്ന രീതിയാണ് മറ്റൊന്ന്. മറ്റ് സൈനിക കോളജുകളില്‍നിന്നും ബിരുദം നേടിയവര്‍ക്കുള്ള പ്രവേശനം നല്കുന്ന സമ്പ്രദായവും പ്രാബല്യത്തിലുണ്ട്. ഇതുപ്രകാരം പൂണെയിലെ ഖഡക്വാസ്ലായിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമി, ഇന്ത്യന്‍ മിലിട്ടറി അക്കാദമിയുടെ കീഴിലുള്ള ആര്‍മികേഡറ്റ് കോളജ് എന്നിവിടങ്ങളില്‍നിന്നും മൂന്ന് വര്‍ഷത്തെ ബിരുദം നേടിയവര്‍ക്ക് അക്കാദമിയില്‍ ഒരു വര്‍ഷത്തെ പരിശീലനം നല്കുന്നു. യുദ്ധതന്ത്ര പരിശീലനം, ആയുധ പരിശീലനം, കായിക പരിശീലനം, നേതൃത്വ പരിശീലനം, ഭരണപരമായ പരിശീലനം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിശീലന പദ്ധതികളാണ് അക്കാദമിയില്‍ നല്‍കുന്നത്. വിജയകരമായി പരിശീലനം പൂര്‍ത്തിയാവുന്ന ഓരോ കേഡറ്റും കരസേനയിലെ കമ്മിഷന്‍ഡ് ഉദ്യോഗസ്ഥനായി നിയമിക്കപ്പെടുന്നു.
വിവിധ ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സൈനികര്‍ക്കും ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ പ്രത്യേക പരിശീലനം നല്‍കാറുണ്ട്.