This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ നാഷണൽ ട്രഡ്‌ യൂണിയന്‍ കോണ്‍ഗ്രസ്‌ (ഐ.എന്‍.ടി.യു.സി.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:09, 4 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇന്ത്യന്‍ നാഷണല്‍ ട്രേഡ്‌ യൂണിയന്‍ കോണ്‍ഗ്രസ്‌ (ഐ.എന്‍.ടി.യു.സി.)

ഇന്ത്യയിലെ ഒരു ട്രേഡ്‌ യൂണിയന്‍ സംഘടന. ആദ്യത്തെ ട്രേഡ്‌യൂണിയന്‍ എന്നു വിശേഷിപ്പിക്കാവുന്ന ബോംബെ മില്‍ ഹാന്‍ഡ്‌സ്‌ അസോസിയേഷനു(1898)ശേഷം ഇന്ത്യയിലെ ട്രേഡ്‌യൂണിയന്‍ പ്രസ്ഥാനം പല സുപ്രധാന വഴിത്തിരിവുകളിലൂടെയും നേതൃത്വസംഘട്ടനങ്ങളിലൂടെയും പിളര്‍പ്പിലൂടെയും വളര്‍ന്നു വികസിക്കുകയുണ്ടായി. 1920-ലാണ്‌ ഫെഡറേഷന്‍ മാതൃകയില്‍ അഖിലേന്ത്യാ ട്രേഡ്‌ യൂണിയന്‍ കോണ്‍ഗ്രസ്‌ (എ.ഐ.ടി.യു.സി.) എന്ന ആദ്യത്തെ കേന്ദ്രസംഘടന നിലവില്‍വന്നത്‌. 1928-ല്‍ ഈ സംഘടനയുടെ നേതൃത്വം കമ്യൂണിസ്റ്റുകാര്‍ പിടിച്ചെടുത്തപ്പോള്‍ എന്‍.എം. ജോഷിയുടെ നേതൃത്വത്തില്‍ മിതവാദികള്‍ അഖിലേന്ത്യാട്രേഡ്‌ യൂണിയന്‍ ഫെഡറേഷന്‍ എന്ന ഒരു സംഘടന രൂപവത്‌കരിച്ചു. രണ്ടാം ലോകയുദ്ധത്തിനുശേഷം കോണ്‍ഗ്രസ്‌ കക്ഷിയില്‍ പരിപൂര്‍ണവിശ്വാസമര്‍പ്പിച്ച തൊഴിലാളിനേതാക്കള്‍ ട്രേഡ്‌യൂണിയന്‍ പ്രസ്ഥാനത്തിലെ കമ്യൂണിസ്റ്റുകുത്തക തകര്‍ക്കാനുദ്ദേശിച്ച്‌ ഇന്ത്യന്‍ നാഷണല്‍ ട്രേഡ്‌ യൂണിയന്‍ കോണ്‍ഗ്രസ്‌ എന്ന ദേശീയസംഘടനയ്‌ക്കു രൂപംനല്‌കി. അങ്ങനെ 1947-ല്‍ ഇന്ത്യന്‍ നാഷണല്‍ ട്രേഡ്‌ യൂണിയന്‍ കോണ്‍ഗ്രസ്‌ (ഐ.എന്‍.ടി.യു.സി.) നിലവില്‍വന്നു. അഖിലേന്ത്യാ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുമായി നിലവിലുള്ള ബന്ധം ഐ.എന്‍.ടി.യു.സിയുടെ രാഷ്‌ട്രീയ ചായ്‌വ്‌ വ്യക്തമാക്കുന്നു. ഐ.എന്‍.ടി.യു.സിയെ "രാഷ്‌ട്രീയ മസ്‌ദൂര്‍ കോണ്‍ഗ്രസ്‌' എന്നും വിളിക്കാറുണ്ട്‌.

ഐ.എന്‍.ടി.യു.സിയുടെ പ്രഖ്യാപിതലക്ഷ്യങ്ങള്‍ താഴെ ചേര്‍ക്കുന്നു:

i. എല്ലാ അംഗങ്ങളുടെയും വ്യക്തിത്വത്തിന്റെ പരിപൂര്‍ണ വളര്‍ച്ചയ്‌ക്കു സഹായിക്കുന്നതും സാമൂഹ്യ-രാഷ്‌ട്രീയ-സാമ്പത്തിക ചൂഷണത്തിനും അസമത്വത്തിനും സാമൂഹ്യവിരുദ്ധശക്തിയുടെ കേന്ദ്രീകരണത്തിനും അറുതിവരുത്തുന്നതുമായ ഒരു സാമൂഹികവ്യവസ്ഥിതി സ്ഥാപിക്കുക;

ii. വ്യവസായത്തെ ദേശീയ ഉടമസ്ഥതയിലും നിയന്ത്രണത്തിലും കൊണ്ടുവരിക;

iii. മനുഷ്യസമ്പത്തും മറ്റു ദേശീയവിഭവങ്ങളും പരമാവധി സമാഹരിച്ചും ഉപയോഗിച്ചും പൂര്‍ണതൊഴില്‍ സൗകര്യം ഏര്‍പ്പെടുത്തുക;

iv വ്യവസായത്തിന്റെ നടത്തിപ്പില്‍ തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക;

v. കര്‍ഷകത്തൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്തി ശക്തമായ ഒരു ദേശീയ തൊഴിലാളിപ്രസ്ഥാനം വളര്‍ത്തിയെടുക്കുക;

vi. ഓരോ വ്യവസായത്തിലെയും തൊഴിലാളികളെ ദേശീയനിലവാരത്തില്‍ രൂപീകരിക്കുന്ന ട്രേഡ്‌യൂണിയന്‍ ഫെഡറേഷനുകളുടെ കീഴില്‍ അണിനിരത്തി ആ ഫെഡറേഷനുകളെ ഐ.എന്‍.ടി.യു.സിയുമായി അഫിലിയേറ്റു ചെയ്യുക;

vii. ജീവിതനിലവാരം മെച്ചപ്പെടുത്താനുതകുന്ന വേതനം നേടിക്കൊടുക്കുക;

viii. വ്യവസായ-അപകടങ്ങള്‍, പ്രസവം, അനാരോഗ്യം, പ്രായാധിക്യം, തൊഴിലില്ലായ്‌മ എന്നിവയെ സംബന്ധിക്കുന്ന സാമൂഹിക-ക്ഷേമപരിപാടികള്‍ തൊഴിലാളികള്‍ക്കുവേണ്ടി നടപ്പിലാക്കുക;

ix. പ്രവൃത്തിയുടെ സമയവും പരിതഃസ്ഥിതിയും നിയന്ത്രിച്ച്‌ തൊഴിലാളികളുടെ ആരോഗ്യത്തിനും സാംസ്‌കാരികവളര്‍ച്ചയ്‌ക്കും സംരക്ഷണം നല്‌കുന്ന നിയമങ്ങള്‍ നടപ്പിലാക്കാന്‍ മുന്‍കൈയെടുക്കുക;

X. നീതിയുക്തമായ വ്യവസായബന്ധങ്ങള്‍ സ്ഥാപിച്ച്‌, പ്രവൃത്തിസമയം നഷ്‌ടപ്പെടുത്താതെ, നേരിട്ടുള്ള കൂടിയാലോചനകള്‍വഴിയോ, കണ്‍സീലിയേഷന്‍ വഴിയോ സമാധാനപരമായി വ്യവസായത്തര്‍ക്കങ്ങള്‍ പരിഹരിക്കുക. അങ്ങനെ പരിഹരിക്കപ്പെടാത്ത തര്‍ക്കങ്ങള്‍ മാത്രം ആര്‍ബിട്രേഷന്‍, അഡ്‌ജുഡിക്കേഷന്‍ എന്നിവ വഴി പരിഹരിക്കാന്‍ ശ്രമിക്കുക. ഇവയൊക്കെ പരാജയപ്പെട്ടാല്‍ മാത്രം തര്‍ക്കപരിഹാരത്തിനായി പണിമുടക്കുകള്‍ ഉള്‍പ്പെടെയുള്ള പ്രത്യക്ഷനടപടികള്‍ സ്വീകരിക്കുക;

xi. ഐക്യം, സേവനം, സാഹോദര്യം, സഹകരണം, പരസ്‌പരസഹായം എന്നിവ തൊഴിലാളികളുടെ ഇടയില്‍ പ്രചരിപ്പിച്ച്‌ വ്യവസായത്തോടും സമൂഹത്തോടും അവര്‍ക്കുള്ള ചുമതലാബോധം വളര്‍ത്തുക;

xii. തൊഴിലാളികളുടെ അച്ചടക്കത്തിന്റെയും പ്രവര്‍ത്തനക്ഷമതയുടെയും നിലവാരം ഉയര്‍ത്തുക.

ഐ.എന്‍.ടി.യു.സിയുടെ കീഴില്‍ 28 ദേശീയ വ്യവസായ ഫെഡറേഷനുകള്‍ പ്രവര്‍ത്തിക്കുന്നു. ആള്‍ ഇന്ത്യാ നാഷണല്‍ ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ എംപ്ലോയീസ്‌ ഫെഡറേഷന്‍, ഇന്ത്യന്‍ നാഷണല്‍ ഡിഫന്‍സ്‌ വര്‍ക്കേഴ്‌സ്‌ ഫെഡറേഷന്‍, ഇന്ത്യന്‍ നാഷണല്‍ മെറ്റല്‍ വര്‍ക്കേഴ്‌സ്‌ ഫെഡറേഷന്‍, ഇന്ത്യന്‍ നാഷണല്‍ മൈന്‍ വര്‍ക്കേഴ്‌സ്‌ ഫെഡറേഷന്‍, ഇന്ത്യന്‍ നാഷണല്‍ ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷന്‍, ഇന്ത്യന്‍ നാഷണല്‍ പോര്‍ട്ട്‌ ആന്‍ഡ്‌ ഡോക്ക്‌ വര്‍ക്കേഴ്‌സ്‌ ഫെഡറേഷന്‍ എന്നിവയാണ്‌ അവയില്‍ പ്രധാനം.

ഐ.എന്‍.ടി.യു.സിക്ക്‌ ഇംഗ്ലീഷിലും ഹിന്ദിയിലുമായി ദി ഇന്ത്യന്‍ വര്‍ക്കര്‍ എന്ന ഒരു പ്രസിദ്ധീകരണമുണ്ട്‌. സംഘടനയെ നയിച്ച അഖിലേന്ത്യാനേതാക്കളില്‍ പ്രമുഖര്‍ ജി. രാമാനുജം, ബി.സി. ഭഗവതി, സി.എം. സ്റ്റീഫന്‍, അബീദ്‌ ആലി, എസ്‌.ആര്‍. വാസവദ എന്നിവരാണ്‌.

ജി. സഞ്‌ജീവറെഡ്‌ഢിയാണ്‌ 2004 മുതല്‍ ഈ പ്രസ്ഥാനത്തെ നയിക്കുന്നത്‌. കേന്ദ്രത്തില്‍ കൂട്ടു കക്ഷിഭരണത്തെ നയിക്കുന്ന കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ സാമ്പത്തിക നയങ്ങളെ പിന്താങ്ങാന്‍ പ്രസ്ഥാനം നിര്‍ബന്ധിതമായിരിക്കയാണ്‌. ഉദാഹരണത്തിന്‌ വ്യവസായം സ്റ്റേറ്റിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കണമെന്ന്‌ ആദ്യകാലം മുതല്‍ വാദിച്ചിരുന്ന പ്രസ്ഥാനത്തിനും അതിലെ അംഗങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവത്‌കരണം, ഉദാരവത്‌കണം, ആഗോളവത്‌കരണം എന്നീ നയങ്ങളെ പിന്താങ്ങാന്‍ നിര്‍ബന്ധിക്കുന്നതരത്തില്‍ സമ്മര്‍ദം നേരിടേണ്ടിവന്നിരിക്കയാണ്‌.

(ഡോ. കെ. രാമചന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍