This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ ആന്റിക്വറി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:43, 3 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇന്ത്യന്‍ ആന്റിക്വറി

പുരാതത്വസംബന്ധിയായ വിഷയങ്ങള്‍ക്ക്‌ പ്രത്യേകപ്രാധാന്യം നല്‍കി പ്രസിദ്ധപ്പെടുത്തിയിരുന്ന ഒരു വാര്‍ഷിക ഗവേഷണപത്രിക. ഭാരതീയദര്‍ശനം, ഭാഷ, സാഹിത്യം, മതം, നാടന്‍പാട്ടുകള്‍, നാടന്‍കലകള്‍, നാണയവിജ്ഞാനീയം, നരവംശശാസ്‌ത്രം, ചരിത്രം, ആചാരാനുഷ്‌ഠാനങ്ങള്‍, കല, പുരാണം, പുരാവസ്‌തുശാസ്‌ത്രം, ഭൂമിശാസ്‌ത്രം, ശിലാലിഖിതവിജ്ഞാനീയം എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും ഗവേഷണപ്രബന്ധങ്ങളുമായിരുന്നു ഇതിലെ ഉള്ളടക്കം. റോയല്‍ ആന്ത്രോപ്പോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ബ്രിട്ടന്റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരണം തുടങ്ങിയ ഇന്ത്യന്‍ ആന്റിക്വറിയുടെ പ്രഥമവാല്യം 1872-ല്‍ പ്രകാശനം ചെയ്യപ്പെട്ടു. ഭാരതീയദര്‍ശനത്തിലും സംസ്‌കാരത്തിലും പാശ്ചാത്യലോകം അതിയായ താത്‌പര്യം കാണിച്ചകാലത്ത്‌ ആരംഭിച്ച ഈ പത്രിക ഇന്തോളജി, ഇന്ത്യന്‍ പുരാവസ്‌തുശാസ്‌ത്രം എന്നീ വിജ്ഞാനശാഖകള്‍ക്കാണ്‌ കൂടുതല്‍ പ്രാമുഖ്യം നല്‍കിയത്‌. ഏഷ്യാറ്റിക്‌ സൊസൈറ്റി അംഗം, ബോംബെ സര്‍വകലാശാല ഫെലോ, ഇന്ത്യാ ഗവണ്‍മെന്റിന്റെ പുരാവസ്‌തു സര്‍വേയര്‍ എന്നീ നിലകളില്‍ പ്രശസ്‌തനും റോക്ക്‌ ടെമ്പിള്‍സ്‌ ഒഫ്‌ എലിഫന്റ, ടെമ്പിള്‍സ്‌ ഒഫ്‌ ശത്രുഞ്‌ജയാ, ഫോട്ടോഗ്രാഫ്‌സ്‌ ഒഫ്‌ ആര്‍ക്കിടെക്‌ചര്‍ ആന്‍ഡ്‌ സീനറി ഇന്‍ ഗുജറാത്ത്‌ ആന്‍ഡ്‌ രജപുട്ടാണ എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവുമായ ഡോ. ജയിംസ്‌ ബര്‍ഗസ്‌ ആയിരുന്നു ഈ പ്രസിദ്ധീകരണത്തിന്റെ ആദ്യത്തെ എഡിറ്റര്‍. ഇന്തോളജി വിഭാഗത്തിലെ രത്‌നം എന്നുവിശേഷിപ്പിക്കപ്പെട്ടിരുന്ന ഈ പത്രികയുടെ പത്രാധിപരായി ഡോ. ബര്‍ഗസിനുശേഷം ജോണ്‍ ഫെയ്‌ത്‌ഫുള്‍ ഫ്‌ളീറ്റ്‌, റിച്ചാഡ്‌ കാര്‍ണാക്‌ ടെമ്പിള്‍, പ്രൊഫ. ദേവദത്ത രാമകൃഷ്‌ണ ഭണ്ഡാര്‍കര്‍, സ്റ്റീഫന്‍ മെറെഡിത്ത്‌ എഡ്വേര്‍ഡ്‌സ്‌, എസ്‌. കൃഷ്‌ണസ്വാമി അയ്യങ്കാര്‍, ഇ.എ.ഡബ്‌ള്യു. ഓഡം തുടങ്ങിയ പ്രശസ്‌ത പണ്ഡിതന്മാര്‍ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഇന്ത്യയുടെ ദാര്‍ശനികപാരമ്പര്യം, ചരിത്രം, സാഹിത്യം തുടങ്ങിയവയെ പുറംലോകത്തിന്‌ തുറന്നുകൊടുത്ത ഈ ഗവേഷണപത്രികയിലേക്ക്‌ ആദ്യകാലത്ത്‌ ലേഖനങ്ങള്‍ രചിച്ചിരുന്നത്‌ പ്രധാനമായും ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥരായിരുന്നെങ്കിലും പില്‌ക്കാലത്ത്‌ അനേകം ഇന്ത്യാക്കാരും മറ്റ്‌ യൂറോപ്യരും ഗഹനമായ സംഭാവനകളിലൂടെ ഈ പത്രികയെ സമ്പന്നമാക്കി. പാശ്ചാത്യ-പൗരസ്‌ത്യ സംസ്‌കാരങ്ങള്‍ തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഇന്ത്യന്‍ ആന്റിക്വറിയുടെ പ്രസിദ്ധീകരണം 1933-ല്‍ അവസാനിച്ചു. ഡല്‍ഹിയിലെ ഇന്തോളജിക്കല്‍ ബുക്ക്‌ റീപ്രിന്റ്‌ കോര്‍പ്പറേഷന്‍ 1872 മുതല്‍ 1933 വരെ പ്രകാശനം ചെയ്യപ്പെട്ട എല്ലാ വാല്യങ്ങളും അവയുടെ സൂചികയും പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍