This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഔദ്യോഗിക ഭാഷ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:08, 20 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഔദ്യോഗിക ഭാഷ

Official language

സര്‍ക്കാരിന്റെ ഭരണപരമായ രേഖകളില്‍ ഉപയോഗിക്കുന്നതും സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള ആശയവിനിമയത്തിനുപയോഗിക്കുന്നതുമായ ഭാഷ. അല്‌പം വ്യത്യാസമുള്ള രണ്ടു വിവക്ഷകള്‍ "ഔദ്യോഗിക ഭാഷ' എന്ന സംജ്ഞയിലടങ്ങിയിരിക്കുന്നു. ഒന്നിലേറെ ഭാഷകള്‍ നിലവിലിരിക്കുന്ന ഒരു സമൂഹത്തില്‍ ഭരണരേഖകളുടെ മാധ്യമമായുപയോഗിക്കുന്ന ഭാഷ എന്നതാണ്‌ വിശാലമായ അര്‍ഥം. നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന ഭാഷ തന്നെയാണോ, അതോ മറ്റൊരു ഭാഷയാണോ ഭരണരേഖകള്‍ എഴുതാനും ഉപയോഗിക്കുന്നത്‌ എന്ന വസ്‌തുതയാണ്‌ ഇവിടെ സൂചിതമാകുന്നത്‌. ഭരണരേഖകള്‍ എഴുതാന്‍ ഉപയോഗിക്കുന്ന പ്രത്യേക ഭാഷാഭേദം എന്ന അര്‍ഥത്തിലും ഔദ്യോഗിക ഭാഷ എന്ന പദം ഉപയോഗിക്കുന്നു. ഉദാഹരണമായി, ഔദ്യോഗിക ഭാഷയായി ഉപയോഗിക്കുന്ന മലയാളം, നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന മലയാളത്തില്‍ നിന്നു വ്യത്യസ്‌തമായ പദാവലി, വാക്യഘടന, പദപ്രയോഗ സവിശേഷതകള്‍ എന്നിവ ഉള്ളതാണ്‌. ഔദ്യോഗിക ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന ഭാഷാഭേദം എന്ന അര്‍ഥത്തിലാണ്‌ ഇതിനെ ഔദ്യോഗിക ഭാഷ എന്നു വിളിക്കുന്നത്‌. ദേശീയ ഭാഷയും (ഹിന്ദിയില്‍ രാജ്‌ഭാഷ അഥവാ രാഷ്‌ട്രഭാഷ) ഔദ്യോഗിക ഭാഷയും (ഭരണഭാഷ, ഹിന്ദിയില്‍ അധികാരി ഭാഷ) ഒന്നുതന്നെയാവണമെന്നില്ല. ഹിന്ദി ദേശീയ ഭാഷയായിരിക്കുമ്പോള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഹിന്ദിയോ ഇംഗ്ലീഷോ, പ്രാദേശിക ഭാഷകളോ ഔദ്യോഗികഭാഷകളായിരിക്കാം. ഇന്ത്യയെപ്പോലുള്ള ഒരു ബഹുഭാഷാസമൂഹത്തില്‍ ഔദ്യോഗികഭാഷ എന്നത്‌ മര്‍മപ്രധാനവും അതേസമയം പല സങ്കീര്‍ണപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതുമായ ആശയമാണ്‌. ഭരണഭാഷയും ദേശീയഭാഷയും ഒന്നുതന്നെ ആയിരിക്കണം എന്ന ലക്ഷ്യമാണ്‌ ഭരണഘടനാശില്‌പികളെ നയിച്ചതെങ്കിലും ഹിന്ദിയോടൊപ്പം ഇംഗ്ലീഷും പ്രാദേശികഭാഷകളും ഔദ്യോഗികഭാഷകളായി ഉപയോഗിച്ചുവരുന്നു.

ഔദ്യോഗിക ഭാഷകള്‍ പലപ്പോഴും വൈദേശികാധിപത്യത്തിന്റെയോ സാമ്രാജ്യത്വത്തിന്റെയോ ചരിത്രം പേറുന്നവയുമാണ്‌. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ ഔദ്യോഗിക ഭാഷകളില്‍ മുഗള്‍ കാലഘട്ടത്തില്‍ കടുന്നവന്ന പേര്‍ഷ്യന്‍/അറബിക്‌ പദങ്ങളും ബ്രിട്ടീഷ്‌ ആധിപത്യകാലത്ത്‌ സ്വീകരിക്കപ്പെട്ട ഇംഗ്ലീഷ്‌ പദങ്ങളും സുലഭമാണ്‌. മതപരമായോ സാംസ്‌കാരികമായോ ഔന്നത്യം കല്‌പിക്കപ്പെട്ടിരുന്ന ഭാഷകളാണ്‌ പുരാതനകാലത്ത്‌ ഔദ്യോഗിക ഭാഷകളായി ഉപയോഗിച്ചിരുന്നത്‌. മൗര്യന്മാര്‍ക്കും ശാതവാഹനന്മാര്‍ക്കും പ്രാകൃതവും ഗുപ്‌തന്മാര്‍, ചോളന്മാര്‍, ചാലൂക്യര്‍, കദംബര്‍ എന്നിവര്‍ക്ക്‌ സംസ്‌കൃതവും ഔദ്യോഗിക ഭാഷകളായിരുന്നു. സംസ്‌കൃതം, ലാറ്റിന്‍, ഫ്രഞ്ച്‌, സ്‌പാനിഷ്‌, പേര്‍ഷ്യന്‍, അറബിക്‌ തുടങ്ങിയ ഭാഷകള്‍ ഔദ്യോഗിക ഭാഷകളായി പലയിടത്തും ഉപയോഗിച്ചിരുന്നതിനാല്‍ അവയിലെ പദങ്ങളുടെ അടിത്തറയിലാണ്‌ ആധുനിക കാലത്ത്‌ അതാതു പ്രദേശങ്ങളിലെ ഔദ്യോഗിക ഭാഷകള്‍ വികസിച്ചത്‌.

കേരളത്തിലെ നാട്ടുരാജ്യങ്ങളില്‍ നിലനിന്നിരുന്ന ഔദ്യോഗിക ഭാഷയിലെ പദങ്ങള്‍ സംസ്‌കൃതവും പച്ചമലയാളവും ചേര്‍ന്ന്‌ ഉണ്ടായവയാണെന്നു കാണാം. കാര്യക്കാര്‍, സര്‍വാധികാര്യക്കാര്‍, ഭണ്ഡാരം സൂക്ഷിപ്പുകാരന്‍, സംപ്രതി, വിചാരിപ്പുകാരന്‍, അംശം അധികാരി തുടങ്ങിയ സ്ഥാനപ്പേരുകള്‍ ഉദാഹരണങ്ങളാണ്‌. സമാനമായി ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലും അവരുടേതായ ഔദ്യോഗിക ഭാഷാഭേദങ്ങള്‍ നിലനിന്നിരുന്നു. മുഗള്‍ ആധിപത്യത്തിന്‍ കീഴിലായ പ്രദേശങ്ങളില്‍, മുഗള്‍ ഭരണാധികാരികള്‍ ഔദ്യോഗിക ഭാഷയായി ഉപയോഗിച്ചിരുന്ന പേര്‍ഷ്യന്‍, പേര്‍ഷ്യനില്‍ ഉണ്ടായിരുന്ന അറബിപദങ്ങള്‍ എന്നിവയുടെ അടിത്തറയില്‍ രൂപംകൊണ്ട ഔദ്യോഗിക ഭാഷ ഉരുത്തിരിയാന്‍ ആരംഭിച്ചു. മുഗള്‍ രാജാക്കന്മാരുടെ ഭരണവ്യവസ്ഥയും ഉദ്യോഗസ്ഥ സംവിധാനവും ഭരണപ്രദേശ വിഭജന രീതികളുമൊക്കെ മുഗള്‍ അധീനതയില്ലാതിരുന്ന പ്രദേശങ്ങളെയും സ്വാധീനിച്ചു. ഇങ്ങനെ ഇന്ത്യയൊട്ടാകെ ഔദ്യോഗിക ഭാഷകളില്‍ പേര്‍ഷ്യന്‍/അറബി പദങ്ങളും പ്രയോഗങ്ങളും സ്ഥാനംപിടിച്ചു. ഖജാന്‍ജി, ഖജാന, മഹസ്സര്‍, ദിവാന്‍, അസ്സല്‍, തര്‍ജുമ, ബാക്കി, യാദാസ്‌ത്‌, നക്കല്‍, സന്നത്‌, വക്കീല്‍, ഹര്‍ജി, ബദല്‍, ഹാജര്‍, ദല്ലാള്‍, ഹജുര്‍, ജില്ല, താലൂക്ക്‌, തഹസീല്‍, തഹസീല്‍ദാര്‍, ദഫേദാര്‍ എന്നിങ്ങനെയുള്ള പദങ്ങള്‍ ഇന്ത്യയൊട്ടാകെ വിവിധ ഭാഷകളില്‍ കടന്നെത്തി. ബ്രിട്ടീഷ്‌ അധിനിവേശത്തോടെ ഇംഗ്ലീഷ്‌ പദങ്ങളും ഔദ്യോഗികഭാഷയുടെ ഭാഗമായിത്തുടങ്ങി. ട്രിബ്യൂണല്‍, പെന്‍ഷന്‍, കളക്‌ടര്‍, റെവന്യു, റിക്കവറി, സുപ്രണ്ട്‌ തുടങ്ങിയ നിരവധി പദങ്ങളോടൊപ്പം ലാറ്റിനില്‍ നിന്ന്‌ ഇംഗ്ലീഷ്‌ കടംകൊണ്ട പദങ്ങളും പ്രയോഗങ്ങളും ഭാരതീയ നാട്ടുഭാഷകളിലെ ഔദ്യോഗികഭാഷകളുടെ ഭാഗമായിത്തീര്‍ന്നു. ഹേബിയസ്‌ കോര്‍പസ്‌, സ്യൂവോ മോട്ടോ, മൊറട്ടോറിയം, സ്റ്റാറ്റസ്‌ ക്വോ എന്നിവ ഉദാഹരണങ്ങളാണ്‌.

ഭരണപരമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത്‌ രാജാക്കന്മാരോ, അവരുടെപേരില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥരോ ആയതിനാല്‍ പ്രൗഢഗംഭീരമായ ഒരു ശൈലിയാണ്‌ ഔദ്യോഗിക ഭാഷയില്‍ പണ്ടുകാലത്ത്‌ കാണാവുന്നത്‌. സംഭാഷണ ഭാഷ യിലെയും നാട്ടുമൊഴികളിലെയും പദങ്ങളും വാക്യഘടനകളും ഒഴിവാക്കിക്കൊണ്ട്‌ മാനക ഭാഷയിലെ ശൈലി കൂടുതല്‍ പ്രൗഢഗംഭീരമായി പ്രയോഗിക്കുന്നവയായിരുന്നു ഔദ്യോഗിക ഭാഷകള്‍.

ഔദ്യോഗിക ഭാഷ, നിയമ ഭാഷ എന്നിവ വളരെയധികം ബന്ധപ്പെട്ടുനില്‌ക്കുന്നതും പരസ്‌പരം സ്വാധീനിക്കുന്നതുമായ ഭാഷാഭേദങ്ങളാണ്‌. നിയമ ഭാഷയുടെയും ഔദ്യോഗിക ഭാഷയുടെയും സ്വരൂപത്തെ സ്വാധീനിക്കുന്നത്‌ രണ്ട്‌ പ്രധാന തത്ത്വങ്ങളാണ്‌. ഒന്നാമതായി, ഭാഷയ്‌ക്ക്‌ സ്വകീയമായുള്ള ആശയപരമായ അപൂര്‍ണതയ്‌ക്ക്‌ ഇവിടെ സ്ഥാനമില്ല. ഭാഷ നിത്യജീവിത സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുമ്പോള്‍ സന്ദര്‍ഭംകൊണ്ടും ആശയവിനിമയം നടത്തുന്ന വ്യക്തികള്‍ തമ്മിലുള്ള പരസ്‌പരധാരണകൊണ്ടും ഈ അവ്യക്തത അഥവാ അപൂര്‍ണത പരിഹരിക്കപ്പെടുന്നു. എന്നാല്‍ ഔദ്യോഗിക ഭാഷയില്‍ ഈ അപൂര്‍ണത ഉണ്ടാകാത്ത രീതിയില്‍ അര്‍ഥത്തിന്റെ ഓരോ അംശവും വിശദമാക്കേണ്ടതുണ്ട്‌. രണ്ടാമതായി, ഔദ്യോഗിക ഭാഷയിലെ വാക്കുകളുടെയും വാക്യങ്ങളുടെയും വ്യാഖ്യാനം വഴി ഉദ്ദേശിച്ചതില്‍നിന്ന്‌ വ്യത്യസ്‌തമായ ഒരര്‍ഥം ഏതെങ്കിലും സന്ദര്‍ഭത്തില്‍ ഉണ്ടാകാനിടയുണ്ടോ എന്ന്‌ പരിശോധിക്കുകയും അത്‌ ഒഴിവാക്കുന്ന രീതിയില്‍ പദങ്ങളും വാക്യഘടനയും സംവിധാനം ചെയ്യുകയും ആവശ്യമാണ്‌. ""മരിക്കുന്നതുവരെ തൂക്കിക്കൊല്ലാന്‍ വിധിക്കുന്നു എന്ന നിയമഭാഷയിലെ പ്രയോഗം ഇതിനുദാഹരണമാണ്‌. "കൊല്ലുക' എന്നാല്‍ "മരണത്തിനു വിധേയനാക്കുക' എന്നാണ്‌ അര്‍ഥം. അതിനാല്‍ സാധാരണ ഭാഷയുടെ യുക്തിയനുസരിച്ച്‌ "മരിക്കുന്നതുവരെ തൂക്കിക്കൊല്ലുക' എന്ന പ്രയോഗം അനാവശ്യമായ ആവര്‍ത്തനമാണ്‌. എന്നാല്‍ എല്ലാ പഴുതുകളുമടച്ച്‌ വധശിക്ഷ പൂര്‍ണമായി നടപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്‌ ഈ പ്രയോഗം നിയമഭാഷയില്‍ ഉപയോഗിച്ചുപോരുന്നത്‌. ആശയ വ്യക്തത വരുത്താനായി ഒരേ ആശയം സൂചിപ്പിക്കുന്ന രണ്ടോ മൂന്നോ വ്യത്യസ്‌ത ഭാഷാപദങ്ങള്‍ ഒരുമിച്ചുപയോഗിക്കുന്ന രീതി യൂറോപ്പിലെ നിയമഭാഷയില്‍ പണ്ട്‌ നിലനിന്നിരുന്നു. ഔദ്യോഗിക/നിയമഭാഷയില്‍ ഈ ശൈലിയുടെ പ്രതിഫലനം ഇന്നു കാണാം. ചൗഹഹ മിറ ്‌ീശറ, ളശ മേിറ ുൃീുലൃ, യൃലമസശിഴ മിറ ലിലേൃശിഴ തുടങ്ങിയ നിയമഭാഷാ പ്രയോഗങ്ങള്‍ ഇംഗ്ലീഷ്‌, ഫ്രഞ്ച്‌, ലാറ്റിന്‍ എന്നീ ഭാഷകളില്‍നിന്ന്‌ ഒരേ അര്‍ഥത്തിലുള്ള പദങ്ങള്‍ ചേര്‍ത്ത്‌ ഉപയോഗിച്ചിരുന്നതിന്റെ ബാക്കിപത്രങ്ങളാണ്‌.

ആശയവിനിയമത്തിന്റെയും ഭരണത്തിന്റെയും മാധ്യമമായി ഒരു ദേശീയ ഭാഷ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ ആധുനിക ഇന്ത്യയില്‍ ആദ്യമായി ചിന്തിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്‌തത്‌ മഹാത്മാഗാന്ധിയാണ്‌. ദേശീയ ഭാഷയിലൂടെയായിരിക്കണം ഇന്ത്യയുടെ വ്യക്തിത്വം രൂപപ്പെടേണ്ടത്‌ എന്ന്‌ ഗാന്ധിജി വിശ്വസിച്ചു. 1917-ലെ രണ്ടാം ഗുജറാത്ത്‌ വിദ്യാഭ്യാസ കോണ്‍ഫറന്‍സില്‍ ദേശീയ ഭാഷയെക്കുറിച്ചുള്ള തന്റെ ആശയങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചപ്പോള്‍, ഉദ്യോഗസ്ഥര്‍ക്ക്‌ പഠിക്കാന്‍ എളുപ്പമുള്ള ഭാഷയായിരിക്കണം ദേശീയ ഭാഷ എന്നതിന്‌ അദ്ദേഹം ഊന്നല്‍ നല്‍കിയിരുന്നു. ഹിന്ദി-ഉര്‍ദു ഭാഷയാണ്‌ ഗാന്ധിജി ദേശീയ ഭാഷയായി കണ്ടത്‌. നൂറ്റാ ണ്ടുകളുടെ വിദേശാധിപത്യത്തിന്റെ കാലഘട്ടത്തില്‍ നിന്നു വ്യത്യസ്‌തമായി, സര്‍ക്കാരിന്റെ ഭാഷയെ സാധാരണ ജനങ്ങളുടെ ഭാഷയോടടുപ്പിക്കുക എന്ന ദൗത്യമാണ്‌ ഹിന്ദിക്ക്‌ നിര്‍വഹിക്കാനുണ്ടായിരുന്നത്‌. ഗാന്ധിജിയുടെ വീക്ഷണങ്ങളാണ്‌ ദേശീയ ഭാഷയെക്കുറിച്ചുള്ള ഭരണഘടനയുടെ നിലപാടുകളില്‍ പ്രതിഫലിച്ചത്‌.

ഇന്ത്യന്‍ ഭരണഘടനയുടെ 343 മുതല്‍ 351 വരെയുള്ള അനുച്ഛേദങ്ങളില്‍ ഭരണഭാഷയെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. 343-ാം വകുപ്പനുസരിച്ച്‌ ദേവനാഗരി ലിപിയിലുള്ള ഹിന്ദി ഇന്ത്യയുടെ ഔദ്യോഗികഭാഷയായി അംഗീകരിക്കപ്പെട്ടു. തദനുസൃതമായി ഹിന്ദിയെ പരിഷ്‌കരിക്കാനും പ്രചരിപ്പിക്കാനും പ്രാദേശിക ഭാഷകളോട്‌ കഴിവതും ഇണക്കിച്ചേര്‍ക്കാനും ശ്രമമാരംഭിച്ചു. ഹിന്ദി പൂര്‍ണമായും രാജ്യത്തുടനീളം സ്വീകരിച്ചുകഴിയുന്നതുവരെ ഇംഗ്ലീഷ്‌ ഔദ്യോഗിക ഭാഷയായി തുടരാനും ഭരണഘടന വ്യവസ്ഥചെയ്യുന്നു. 1963-ലെ ഔദ്യോഗിക ഭാഷാ ആക്‌റ്റ്‌, 1967-ലെ ഭേദഗതി എന്നിവയനുസരിച്ച്‌ കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും തമ്മിലും, സംസ്ഥാനങ്ങള്‍ തമ്മിലും ഉള്ള എഴുത്തുകുത്തുകള്‍ക്ക്‌ ഹിന്ദിയോ ഇംഗ്ലീഷോ ഉപയോഗിക്കാം. ഇന്ത്യന്‍ അക്കങ്ങളുടെ അന്താരാഷ്‌ട്ര രൂപമായിരിക്കണം ഔദ്യോഗിക ഭാഷയില്‍ ഉപയോഗിക്കേണ്ടത്‌ എന്നും ഭരണഘടന അനുശാസിക്കുന്നു. ഭരണഘടനയുടെ തുടക്കം മുതല്‍ പതിനഞ്ചു വര്‍ഷത്തേക്ക്‌ ഇംഗ്ലീഷ്‌ ഭാഷ തുടര്‍ന്നും ഉപയോഗിക്കാന്‍ ഭരണഘടന വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌. 343(3)-ലെ വ്യവസ്ഥ പ്രകാരമാണ്‌ പതിനഞ്ചു വര്‍ഷങ്ങള്‍ക്കുശേഷവും ഇംഗ്ലീഷിന്റെ ഉപയോഗം തുടര്‍ന്നുപോകുന്നത്‌. അനുച്ഛേദം 347 പ്രകാരം സംസ്ഥാനങ്ങളിലെ ഗണനീയമായ ന്യൂനപക്ഷങ്ങളുടെ ഭാഷകള്‍കൂടി ഓരോ സംസ്ഥാനത്തിനും ഔദ്യോഗികമായി അംഗീകരിക്കാന്‍ നിര്‍ദേശിക്കാവുന്നതാണ്‌. 348-ാം അനുച്ഛേദത്തില്‍, പതിനഞ്ചു വര്‍ഷം കഴിഞ്ഞാലും, ലോക്‌സഭ നിയമംമൂലം മറ്റുവിധത്തില്‍ വ്യവസ്ഥ ചെയ്യുന്നതുവരെ സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും എല്ലാ നടപടികള്‍ക്കും ഇംഗ്ലീഷ്‌ ഉപയോഗിക്കേണ്ടതാണ്‌ എന്നു നിര്‍ദേശിച്ചിരിക്കുന്നു. മലയാളം-കേരളത്തിന്റെ ഔദ്യോഗിക ഭാഷ.

സ്വാതന്ത്യ്രാനന്തരം ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനഃസംവിധാനം ചെയ്‌തപ്പോള്‍ തന്നെ ഭരണഘടനയുടെ 345-ാം വകുപ്പില്‍ പ്രാദേശിക ഭാഷകള്‍ക്ക്‌ ഭരണഭാഷാപദവി നല്‍കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നുണ്ട്‌. ഇതിന്റെ ഭാഗമായി സംസ്ഥാന ഭാഷയായ മലയാളത്തെ ഭരണഭാഷയാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ 1957-ല്‍ തന്നെ ആരംഭിച്ചു. ഭരണ നിര്‍വഹണത്തിന്റെ എല്ലാ തലങ്ങളിലും ഔദ്യോഗികാവശ്യങ്ങള്‍ക്ക്‌ മലയാളം ഉപയോഗിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിനായി കോമാട്ടില്‍ അച്യുതമേനോന്‍ അധ്യക്ഷനായ കമ്മിറ്റിയെ 1957 ആഗ. 31-ന്‌ സര്‍ക്കാര്‍ നിയമിച്ചു. കമ്മിറ്റി 1958 ആഗ. 16-ന്‌ വിശദമായ റിപ്പോര്‍ട്ട്‌ മലയാളത്തില്‍ തന്നെ സര്‍ക്കാരിനു സമര്‍പ്പിച്ചു. കമ്മിറ്റിയുടെ റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ അംഗീകരിച്ചു. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ശുപാര്‍ശ ചെയ്യാനായി മലയാറ്റൂര്‍ രാമകൃഷ്‌ണനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിക്കുകയും ചെയ്‌തു. മലയാറ്റൂരിന്റെ റിപ്പോര്‍ട്ടിനെ ആസ്‌പദമാക്കി ഔദ്യോഗിക ഭാഷാനയം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രവര്‍ത്തനങ്ങള്‍ ഭരണ ഭാഷ മലയാളമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചു.

ഭരണഘടനയുടെ 345-ാം വകുപ്പിന്റെ പിന്‍ബലത്തില്‍ കേരള നിയമസഭ 1969-ല്‍ ദ്‌ കേരള ഒഫിഷ്യല്‍ ലാംഗ്വേജ്‌ (ലെജിേസ്ലഷന്‍) ആക്‌ട്‌ പാസാക്കി. 1973-ല്‍ ഈ നിയമം ഭേദഗതി ചെയ്‌തു. 1978-ല്‍ ഔദ്യോഗികഭാഷ പൂര്‍ണമായും മലയാളമാകുന്നതിന്‌ ഒരു സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കി പ്രവര്‍ത്തനമാരംഭിച്ചു, ഇക്കാര്യത്തില്‍ ആശാവഹമായ ഒരു ചലനം ഉദ്യോഗസ്ഥര്‍ക്കിടയില്‍ സൃഷ്‌ടിക്കാന്‍ ഈ പദ്ധതിയ്‌ക്കു കഴിഞ്ഞു. "ഭരണഭാഷ' എന്ന പേരില്‍ ഒരു മാസികയും ഇതേവര്‍ഷം ഔദ്യോഗകഭാഷാ വകുപ്പ്‌ പ്രസിദ്ധീകരിച്ചു തുടങ്ങി.

1985 സെപ്‌. 1 മുതല്‍ പഞ്ചായത്ത്‌, മുനിസിപ്പല്‍ ഭരണം, വനം, സഹകരണം, പട്ടികജാതിക്ഷേമം, പട്ടികവര്‍ഗക്ഷേമം, മത്സ്യബന്ധനം, പുരാവസ്‌തു എന്നീ എട്ട്‌ വകുപ്പുകളിലും 1987 ന. 1 മുതല്‍ ജയില്‍, ഹിന്ദുമതധര്‍മസ്ഥാപനം, പൊതുജനസമ്പര്‍ക്കം, ലീഗല്‍ മെട്രാളജി, പുരാരേഖ വകുപ്പ്‌, ക്ഷീരവികസനം, മൃഗസംരക്ഷണം, ഭവനനിര്‍മാണം, സാമൂഹികക്ഷേമം, രജിസ്‌ട്രഷന്‍ എന്നീ പത്ത്‌ വകുപ്പുകളിലും ഔദ്യോഗികഭാഷ പൂര്‍ണമായും മലയാളമായിരിക്കണമെന്ന്‌ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. 1987 ന. 1 മുതല്‍ മന്ത്രിസഭായോഗത്തിനുള്ള കുറിപ്പുകളും യോഗനടപടി കുറിപ്പുകളും മലയാളത്തിലായിരിക്കണമെന്ന്‌ സര്‍ക്കാര്‍ ഉത്തരവുണ്ടായി. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2009-ല്‍ ഭരണഭാഷ മലയാളമായി അംഗീകരിച്ചുവെന്ന്‌ സര്‍ക്കാര്‍ പ്രഖ്യാപനം നടത്തി.

കേരള ഗ്രന്ഥശാലാസംഘം, ശാസ്‌ത്ര സാഹിത്യപരിഷത്ത്‌, കേരള ഭാഷാഇന്‍സ്റ്റിറ്റ്യൂട്ട്‌, ഭരണപരിഷ്‌കരണവേദി, ഐക്യമലയാളവേദി തുടങ്ങിയ സംഘടനകളും പ്രസ്ഥാനങ്ങളും മലയാളത്തിന്റെ ഔദ്യോഗികഭാഷാ-ശ്രഷ്‌ഠഭാഷാ പദവിക്കുവേണ്ടി വര്‍ഷങ്ങളായി നടത്തിവന്ന പ്രചാരണങ്ങളുടെയും പ്രക്ഷോഭത്തിന്റെയും ഫലമായിക്കൂടി 2013-ല്‍ മലയാളം ശ്രഷ്‌ഠഭാഷയായും പ്രഖ്യാപിക്കപ്പെട്ടു. കേരളത്തില്‍ സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിന്‌ ഇപ്പോള്‍ മലയാളം നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍