This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓർത്തൊപീഡിക്സ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഓര്‍ത്തൊപീഡിക്സ്
Orthopaedics
ദേഹത്തിലെ ഒടിവുകളും ചതവുകളും അംഗവൈകല്യങ്ങളും ചികിത്സിച്ചു ഭേദമാക്കുന്ന ശസ്ത്രക്രിയാവിഭാഗം. 1741-ല്‍ പാരിസ് സര്‍വകലാശാലയിലെ ഡോക്ടര്‍ ആന്ദ്ര (Andra) ഈ പദം സൃഷ്ടിച്ചപ്പോള്‍ അതിനു വളരെ പരിമിതമായ ഒരു അര്‍ഥമേ ഉണ്ടായിരുന്നുള്ളൂ. മെഡിസിനിലെ മറ്റു സാങ്കേതിക പദങ്ങളെപ്പോലെതന്നെ ഇതും ഓര്‍ത്തോസ് (orthos), പെയസ് (Pais) എന്നീ രണ്ടു ഗ്രീക്കുപദങ്ങള്‍ സംയോജിപ്പിച്ചാണ് നിര്‍മിച്ചിട്ടുള്ളത്. ഓര്ത്തോസിന് ഋജു എന്നും പയസ്സിന് കുട്ടി എന്നുമാണ് അര്‍ഥം. കുട്ടികളുടെ അംഗവൈകല്യങ്ങള്‍ നിവര്‍ത്തുന്നതിനുള്ള-ഋജുവാക്കുന്നതിനുള്ള ശാസ്ത്രം എന്നാണ് അദ്ദേഹം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ കാലക്രമേണ ഈ ശാസ്ത്രം വളര്‍ന്നു വലുതാവുകയും എല്ലാ പ്രായത്തിലുമുള്ള ആളുകളുടെ അസ്ഥികള്‍, സന്ധികള്‍, നട്ടെല്ലു മുതലായ എല്ലാ ശരീരഭാഗങ്ങള്‍ക്കും ഉണ്ടാകുന്ന കോട്ടങ്ങളെ ചികിത്സിച്ചു മാറ്റാനുതകുന്ന ശസ്ത്രക്രിയയുടെ അവിഭാജ്യവും, പരമപ്രധാനവുമായ ഒരു ഭാഗമായിത്തീരുകയും ചെയ്തു. ഇന്ന് ഓര്ത്തോപീഡിക്സിന്റെ നിര്‍വചനം അസ്ഥി-മാംസപേശീവ്യവസ്ഥയുടെ എല്ലാത്തരം വൈകല്യങ്ങളെയും കണ്ടുപിടിക്കുകയും പ്രതിരോധപ്രവര്ത്തനങ്ങള്കൊണ്ടു തടുക്കുകയും, ചികിത്സിച്ചു ഭേദമാക്കുകയും ചെയ്യുന്ന കലാത്മകവും ശാസ്ത്രീയവുമായ ചികിത്സാസമ്പ്രദായം ആയി രൂപാന്തരപ്പെട്ടിരിക്കുന്നു.
ഓര്ത്തോപീഡിക്സിന് അത്യാഹിതചികിത്സയില് സുപ്രധാനമായ ഒരു പങ്കാണുള്ളത്. അത്യാഹിതങ്ങളില്‍ പലപ്പോഴും എല്ലുകള്‍ക്കും സന്ധികള്‍ക്കും കേടു സംഭവിക്കുക സാധാരണമാണ്. പ്രാഥമിക ചികിത്സയുടെ ഭാഗമായി ഇത്തരം ഒടിവുകള്‍ക്ക് അലകുകള്‍ അഥവാ സ്പിന്റുകള് (splints) കെട്ടി ചികിത്സിക്കാറുണ്ട്. ഇത്തരം ചികിത്സ കാലാകാലമായി ആയുര്‍വേദത്തില്‍ ശല്യചികിത്സയുടെ ഭാഗമായി നടത്തി വരാറുള്ളതാണ്. കാലിലെ നീണ്ട എല്ലുകളില്‍ ഉണ്ടാകുന്ന ഒടിവുകളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന തോമസ് സ്പ്ലിന്റ് (Thomas splint), ഓേവന് തോമസ് (Owen Thomas, 1834-81) എന്ന ബ്രിട്ടീഷ് ശസ്ത്രക്രിയാവിദഗ്ധന്റെ സംഭാവനയാണ്. ഒടിഞ്ഞ എല്ലുകളുടെ അഗ്രഭാഗങ്ങളെ ശരിയായ നിലയില്‍ വച്ചതിനുശേഷം ആ ശരീരഭാഗത്തെ പ്ലാസ്റ്റര്‍ ഒഫ് പാരിസ് (Plaster of Paris) കൊണ്ടുണ്ടാക്കിയ കട്ടിയായ ഉറയില്‍ (cast) ആഴ്ചകളോ മാസങ്ങളോ വയ്ക്കേണ്ടിവരും. എല്ലുകളെ ശരിയായ രീതിയില്‍ യോജിപ്പിക്കുന്നതിനു പലപ്പോഴും എക്സ്-റേയുടെ സഹായവും അനിവാര്യമായിരിക്കും. ഇത്തരത്തിലുള്ള ചികിത്സകള്‍കൊണ്ടു വൈകല്യങ്ങള്‍ നേരെയാവുന്നില്ലെങ്കില്‍ ശസ്ത്രക്രിയ ചെയ്ത് ഒടിഞ്ഞ അസ്ഥിഭാഗങ്ങളെ തമ്മില്‍ ശരിയാക്കുന്നു.
അസ്ഥികളെ തമ്മില്‍ ഒട്ടിക്കുന്ന പ്രക്രിയയെ ഗ്രാഫ്റ്റ് എന്നു പറയുന്നു. സ്നായുക്കളെയും ഇതേ തരത്തില്‍ത്തന്നെ ഒട്ടിക്കാന്‍ സാധിക്കും. ഈ പ്രക്രിയകൊണ്ടു നീളംകൂടിയ എല്ലുകളുടെയും സ്നായുക്കളുടെയും നീളം കുറയ്ക്കുവാനും, നീളം കുറഞ്ഞവയെ നീട്ടുവാനും സാധ്യമാകുന്നു. ഇത്തരം ശസ്ത്രക്രിയകളെ പുനരുദ്ധാരണ ശസ്ത്രക്രിയ(Reconstruction surgery) എന്നു വിളിക്കുന്നു. പലതരം അംഗവൈകല്യങ്ങള്‍ മാറ്റുവാനും ഈ മാതിരി ശസ്ത്രക്രിയ ഉപയോഗിക്കാറുണ്ട്. കുഷ്ഠരോഗങ്ങളില്‍ കാലിനും കൈകള്‍ക്കും പ്രത്യേകതരത്തിലുള്ള അംഗവൈകല്യങ്ങള്‍ കാണാറുണ്ട്. കുഷ്ഠരോഗം ചികിത്സിച്ചു ഭേദമാക്കിയതിനുശേഷവും ഇവ അവശേഷിക്കാറുണ്ട്. അതുകൊണ്ട് പുനരുദ്ധാരണ ശസ്ത്രക്രിയയ്ക്ക് നമ്മുടെ നാട്ടില്‍ കുഷ്ഠരോഗചികിത്സയില്‍ വലിയ പ്രാധാന്യമുണ്ട്.
എല്ലുകളെ തമ്മില്‍ ബന്ധിപ്പിക്കുവാന്‍ ലോഹക്കമ്പികളും ആണികളും പ്ലേറ്റുകളും ഉപയോഗിക്കുന്നു. പ്രത്യേകതരം സ്റ്റീല്‍, പ്ലാറ്റിനം, ടാന്റലം (Tantalum) എന്നിവ ഉപയോഗിച്ചാണ് ഈ ഉപകരണങ്ങള്‍ ഉണ്ടാക്കുന്നത്. തുടയെല്ലുകളെ തമ്മില്‍ ബന്ധിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന സ്മിത്ത്-പീറ്റേഴ്സണ് പിന്നുകള്‍ (Smith-Petersonpins) ഇതിനു നല്ല ഒരു ഉദാഹരണമാണ്. അടുത്ത കാലത്ത് ഇത്തരം ശസ്ത്രക്രിയകള്‍ക്കായി പ്ലാസ്റ്റിക് ഉപകരണങ്ങളും ടെഫ്ളോണ്‍ (Teflon) കൊണ്ടു നിര്‍മിച്ച വസ്തുക്കളും ഉപയോഗിക്കാറുണ്ട്. എല്ലുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനു പുറമേ, സന്ധികളുടെ അറ്റകുറ്റങ്ങള്‍ ഇല്ലാതാക്കുവാനും ശസ്ത്രക്രിയകള്‍ സാധാരണ നടത്താറുണ്ട്. മുമ്പ് ഏതെങ്കിലും ഒരു സന്ധിക്കു സാരമായ കേടുപറ്റിയാല്‍, ആ സന്ധിയിലെ മുഖ്യ എല്ലിനെ സന്ധിയോടുകൂടി യോജിപ്പിക്കുകയാണ് ചെയ്തുവന്നിരുന്നത്. ഇതുകൊണ്ട് രോഗിക്ക് കുറേയേറെ സമാധാനം ലഭ്യമാകുമെങ്കിലും സന്ധിയുടെ പ്രവര്‍ത്തനത്തിനു വൈഷമ്യങ്ങള്‍ നേരിടുമായിരുന്നു. എന്നാല്‍ ഇന്ന് ടെഫ്ളോണ്‍ കൊണ്ടു നിര്‍മിച്ച കൃത്രിമസന്ധികള്തന്നെ വച്ചുപിടിപ്പിച്ചു സന്ധിയെ മിക്കവാറും അതിന്റെ സാധാരണാവസ്ഥയിലേക്കുതന്നെ കൊണ്ടുവരാന്‍ സാധ്യമാണ്.
എല്ലുകള്‍ക്കുണ്ടാകുന്ന ഒടിവ്, ചതവ് എന്നിവ ഭേദമാക്കുന്നതിനും അംഗവൈകല്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനും പുറമേ ചില ദീര്‍ഘകാലരോഗങ്ങളുടെ അനന്തരഫലങ്ങളെ കുറയ്ക്കുന്നതിനും ഓര്ത്തോപീഡിക്സിനു കാര്യമായ പങ്കുവഹിക്കാന്‍ സാധിക്കുന്നുണ്ട്. ഇതിന് ഉദാഹരണങ്ങളാണ് ക്ഷയരോഗം, ഓസ്റ്റിയോ ആര്‍ത്രറ്റിസ് (Osteoarthritis) എന്നിവ. ക്ഷയരോഗത്തെ നാം സാധാരണയായി ഒരു ശ്വാസകോശരോഗമായിട്ടാണ് കണക്കാക്കുക പതിവ്. എന്നാല്‍ ക്ഷയരോഗം മിക്കവാറും എല്ലാ അവയവങ്ങളെയും ബാധിക്കുന്ന ഒരു മാരകരോഗമാണെന്നതാണു വാസ്തവം. അത് എല്ലുകളെ ബാധിക്കുകയും എല്ലുകളെ കാര്‍ന്നു തിന്നുന്ന പഴുപ്പ് ഉണ്ടാക്കുകയും ചെയ്യാറുണ്ട്. ഇത്തരം ബാധകള്‍ക്കു സ്റ്റ്രപ്റ്റോമൈസിന് ചികിത്സയ്ക്കും മറ്റും പുറമേ, ആ ശരീരഭാഗത്തിന് ഇളക്കം തട്ടാതെ വിശ്രമം കൊടുക്കുന്നതിനുള്ള ബാധ്യത പലപ്പോഴും ഓര്‍ത്തോപീഡിക്സ് വിദഗ്ധന്മാരിലാണ് നിക്ഷിപ്തമാകാറുള്ളത്. അതേ മാതിരി തന്നെ ഓസ്റ്റിയോ ആര്‍ത്രറ്റിസിന്റെ ചികിത്സയിലും ഏറ്റവും പ്രധാനമായ പങ്ക് ഓര്ത്തോപീഡിക്സിനു തന്നെയാണ്.
ഓര്ത്തോപീഡിക്സിന്റെ മറ്റൊരു കര്‍ത്തവ്യം അംഗവൈകല്യങ്ങളെ ശസ്ത്രക്രിയമൂലവും മറ്റു ചികിത്സാവിധികളിലൂടെയും ചികിത്സിക്കുക എന്നുള്ളതാണ്. ഇത്തരം അംഗവൈകല്യങ്ങള്‍ പലപ്പോഴും പാരമ്പര്യരോഗങ്ങള്മൂലവും (ഉദാ. ടാലിപസ് ഇക്വനോവേറസ്:Talipus Equinovares) പകര്‍ച്ചവ്യാധികള്‍ കൊണ്ടും (ഉദാ. പിള്ളവാതം-Poliomyelitis) ഉണ്ടാകാം. ഈ രോഗങ്ങള്‍മൂലമുണ്ടാകുന്ന സ്ഥായിയായ അസ്ഥി-മാംസപേശി വ്യവസ്ഥയുടെ വൈകല്യങ്ങളെ ശസ്ത്രക്രിയകൊണ്ട് അദ്ഭുതകരമാംവണ്ണം ചികിത്സിച്ചു മാറ്റുവാനുള്ള കഴിവ് ഇന്ന് ഓര്‍ത്തോപീഡിക്സ് എന്ന ശാസ്ത്രശാഖയ്ക്കുണ്ട്.
അത്യാഹിതങ്ങള്മൂലമുണ്ടാകുന്ന ഒടിവും ചതവും ചികിത്സിച്ചു സുഖമാക്കുന്നതിനും അംഗവൈകല്യങ്ങളും മറ്റും ശസ്ത്രക്രിയകൊണ്ടു ചികിത്സിക്കുന്നതിനും പുറമേ, എല്ലിനെ ബാധിക്കുന്ന മറ്റു പല രോഗങ്ങള്‍ക്കും ചികിത്സിക്കുന്നത് ഓര്‍ത്തോപീഡിക്സ് വിദഗ്ധന്മാരാണ്. എല്ലില്‍ ഉണ്ടാകുന്ന അര്‍ബുദങ്ങള്‍ പ്രധാന ദൃഷ്ടാന്തമാണ്. ചികിത്സകൊണ്ടു മുഴുവനും മാറ്റാവുന്ന ഓസ്റ്റിയോക്ലാസ്റ്റോമാ, മറ്റു കാന്‍സര്‍ രോഗങ്ങള്‍ എന്നിവയെല്ലാം ഇതില്‍പ്പെടും. എല്ലിനെ ബാധിക്കുന്ന ക്ഷയരോഗചികിത്സയെപ്പറ്റി മുമ്പു പ്രസ്താവിച്ചുവല്ലോ. എല്ലിനുവരുന്ന പഴുപ്പുകള്‍ കൊണ്ടുണ്ടാകുന്ന ഓസ്റ്റിയോ മലേസ്യ (Osteomalacia)യുടെ ചികിത്സയും നടത്തുന്നത് ഓര്ത്തോപീഡിക്സുകാരാണ്. ഓര്‍ത്തോപീഡിക്സ് ചികിത്സയിലെ ചില വിജയങ്ങള്‍ യുദ്ധകാലത്തെ അനുഭവങ്ങളില്‍ നിന്നു മെനഞ്ഞെടുത്തവയാണ്. അതുകൊണ്ടുതന്നെ യുദ്ധരംഗങ്ങളില്‍ ഈ ശാസ്ത്രശാഖയ്ക്കു പരമപ്രധാനമായ കര്‍ത്തവ്യം നിര്‍വഹിക്കുവാനുണ്ട്.
ഇവയ്ക്കെല്ലാം പുറമേ എല്ലിലെ രോഗങ്ങളെ സംബന്ധിച്ചുള്ള ഗവേഷണരംഗത്തും ഈ ശാസ്ത്രശാഖ കാര്യമായ പങ്കുവഹിച്ചുവരുന്നു. എല്ലിന്റെ പ്രധാനഘടകങ്ങളായ കാത്സ്യം, ഫോസ്ഫറസ് എന്നിവയുടെ ഉപാപചയപ്രക്രിയകളെയും അവയെ നിയന്ത്രിക്കുന്ന ഗ്രന്ഥിയായ പാരാതൈറോയിഡിന്റെ പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച് ധാരാളം ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും ഉണ്ടായിട്ടുണ്ട്. എല്ലിന്റെ രൂപവത്കരണത്തെയും പ്രവര്‍ത്തനത്തെയും കാര്യമായി ബാധിക്കുന്ന എന്‍സൈമുകളെയും അതില്‍ കാര്യക്ഷമമായ പങ്കുവഹിക്കുന്ന വിറ്റാമിന്‍ ഡിയെയും സംബന്ധിക്കുന്ന നൂതനപഠനങ്ങള്‍ മികച്ച ഗവേഷണ സാധ്യതകളുളവാക്കിയിട്ടുണ്ട്.
രോഗനിര്ണയനത്തിലും ചികിത്സയിലും ഗവേഷണത്തിലും ഗണ്യമായ സ്വാധീനത ചെലുത്തുന്ന ഓര്‍ത്തോപീഡിക്സ് അഭിനവവൈദ്യശാസ്ത്രത്തിന്റെയും, വിശിഷ്യാ ശസ്ത്രക്രിയാവിഭാഗത്തിന്റെയും അവിഭാജ്യവും സര്‍വപ്രധാനവും ആയ ഒരു ശാസ്ത്രശാഖയാണ്. ഇന്ന് ഇത് അവിരാമവും അനുസ്യൂതവുമായി വളര്‍ന്നുകൊണ്ടിരിക്കുന്നു.
(ഡോ. കെ. മാധവന്‍കുട്ടി)