This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഹ്‌റെന്‍ബെർഗ്‌ ഈല്യ ഗ്രിഗോരെവിച്‌ (1891 - 1967)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:16, 18 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എഹ്‌റെന്‍ബെര്‍ഗ്‌ ഈല്യ ഗ്രിഗോരെവിച്‌ (1891 - 1967)

Ehrenburg, llia Grigorevich

എഹ്‌റെന്‍ബെർഗ്‌ ഈല്യ ഗ്രിഗോരെവിച്‌

റഷ്യന്‍ സാഹിത്യകാരനും പൊതുപ്രവർത്തകനും. 1819 ജനു. 15-ന്‌ കീവിലെ ഒരിടത്തരം യഹൂദകുടുംബത്തിൽ ജനിച്ചു. പിതാവ്‌ ഒരു മദ്യശാലയുടെ മാനേജരായിരുന്നു. ഈല്യയുടെ ബാല്യത്തിൽ കുടുംബം മോസ്‌കോയിലേക്ക്‌ താമസം മാറ്റി. ചെറുപ്രായത്തിൽത്തന്നെ ബോള്‍ഷെവിക്‌ പാർട്ടിയുടെ വിപ്ലവപ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്ന എഹ്‌റെന്‍ബെർഗ്‌ 1908-ൽ അറസ്റ്റിലായി. തുടർന്ന്‌ ഏതാനും നാള്‍ ജയിൽശിക്ഷ അനുഭവിച്ചു. 1908-ൽ ഇദ്ദേഹം പാരിസിലേക്കു കുടിയേറി. ഒന്നാം ലോകയുദ്ധകാലത്ത്‌ യുദ്ധകാര്യലേഖകനായി പ്രവർത്തിച്ചു. 1917-ൽ റഷ്യയിൽ തിരിച്ചെത്തി. 20-കളിൽ ബോള്‍ഷെവിക്‌ പാർട്ടിയിൽ അംഗമായി. 1920-30-കളുടെ ഏറിയപങ്കും ഇദ്ദേഹം സോവിയറ്റ്‌ ആനുകാലികപ്രസിദ്ധീകരണങ്ങളുടെ പാരിസ്‌ ലേഖകനായി പ്രവർത്തിച്ചു. 1941-ൽ സോവിയറ്റുയൂണിയനിലേക്കു മടങ്ങി. 1967-ൽ 76-ാം വയസ്സിൽ നിര്യാതനായി.

എഹ്‌റെന്‍ബെർഗിന്റെ സാഹിത്യജീവിതത്തിനു തുടക്കം കുറിച്ച സ്‌തീഹീ ഒ കനൂനാഹ്‌ (1916) എന്ന കൃതിയിൽ സാമ്രാജ്യത്വയുദ്ധത്തെയും നശിച്ചുകൊണ്ടിരിക്കുന്ന യൂറോപ്പിനെയും പരാമർശിക്കുന്നു. തുടർന്ന്‌ രചിച്ച മലീത്‌ വ അ റസീ (1918) എന്ന കവിതാസമാഹാരത്തിൽ ഒക്‌ടോബർ വിപ്ലവത്തിന്റെ സന്ദേശത്തെക്കുറിച്ച്‌ സന്ദിഗ്‌ധത പുലർത്തുന്നതായി കാണാം. എന്നാൽ പില്‌ക്കാലത്ത്‌ വിപ്ലവം ആനയിച്ച പുതിയ യുഗപ്പിറവിയെ സഹർഷം സ്വാഗതം ചെയ്യുന്നതായി കനൂനി-1921 എന്ന സമാഹാരത്തിൽനിന്നും മനസ്സിലാക്കാം. 1922-ൽ എഹ്‌റെന്‍ബെർഗ്‌ രചിച്ച ശ്രദ്ധേയമായ ആക്ഷേപഹാസ്യ നോവലാണു അനി അബിചായ്‌നിയെ പഹഷദെ്യനിയ ഹൂലിയോ ഹൂറെനിതോ ഇ ഇവോ ഉചെനി കോഫേ (1922). ദാർശനികമാനങ്ങളുള്ള ഈ കൃതിയിൽ ഒന്നാം ലോകയുദ്ധകാലത്തും, 1917-ലെ റഷ്യന്‍ വിപ്ലവകാലത്തും യൂറോപ്പിലെയും റഷ്യയിലെയും ജനജീവിതത്തിൽ ദൃശ്യമായിരുന്ന ഹാസ്യാവബോധത്തിന്റെ ചിത്രീകരണമാണുള്ളത്‌. 1920-കളിലെ കൃതികളിൽ വികാരങ്ങളും കടമകളും തമ്മിലുള്ള വൈരുധ്യവും വ്യക്തിയും സമൂഹവും തമ്മിലുള്ള വ്യതിരിക്തതയും പ്രകാശിപ്പിക്കപ്പെടുന്നു. ഷീസ്‌ന്‍ ഇ ഗിബെൽ നികലായ കുർബോഫ്‌ (1923), ല്യൂബോഫ്‌ ഷനിബേയ്‌ (1924) തുടങ്ങിയ കൃതികളിൽ ഈ പ്രവണതയ്‌ക്കു മുന്‍തൂക്കം ലഭിക്കുന്നു. 1923-ൽ പുറത്തിറങ്ങിയ ത്രിനാദ്‌ത്സത്‌ ത്രു ബക്‌ എന്ന രചനയിൽ മുതലാളിത്തത്തെയും ബൂർഷ്വാമൂല്യങ്ങളെയും വിമർശിക്കുന്നതോടൊപ്പം ബൂർഷ്വാസംസ്‌കാരത്തിന്റെ വൈരുധ്യങ്ങളെ അപഗ്രഥിക്കുകയും ചെയ്യുന്നുണ്ട്‌. റ്‌വാച്‌ (1925), വ്‌ പ്രതോച്‌നം പെരിഉൽകെ (1927) എന്നീ നോവലുകളിൽ സാമൂഹികവും മനശ്ശാസ്‌ത്രപരവുമായ പ്രമേയങ്ങളാണ്‌ എഹ്‌റെന്‍ബെർഗ്‌ കൈകാര്യം ചെയ്യുന്നത്‌.

1930-കളുടെ ആരംഭത്തിലാണ്‌ എഹ്‌റെന്‍ബെർഗ്‌ സോവിയറ്റൂ യൂണിയനിൽ സ്ഥിരതാമസമാക്കിയത്‌. 1933-ൽ പ്രസിദ്ധീകരിച്ച ദ്യെന്‍ഫ്‌തറോയ്‌ എന്ന നോവലിൽ സോഷ്യലിസത്തോടും ആദ്യ പഞ്ചവത്സരപദ്ധതിയോടുമുള്ള മതിപ്പ്‌ രേഖപ്പെടുത്തിയിരിക്കുന്നു. സോഷ്യലിസ്റ്റുയുഗത്തിലെ പുതിയ മനുഷ്യന്റെ ധൈഷണികതയും സംസ്‌കാരത്തോടുമുള്ള ആഭിമുഖ്യവും ഇവിടെ പ്രകടമാണ്‌. 1936-39-ലെ സ്‌പാനിഷ്‌ ആഭ്യന്തര യുദ്ധകാലത്ത്‌ എഹ്‌റെന്‍ബെർഗ്‌ സോവിയറ്റ്‌ ദിനപത്രമായ ഇസ്‌വ്യെസ്‌തിയയുടെ ലേഖകനായി സേവനമനുഷ്‌ഠിച്ചു. ഈ കാലഘട്ടത്തിൽ വ്‌ന്യെ പെരിമീരിയ (1937) എന്ന ചെറുകഥ, ഷ്‌തോചിലവെ്യകുനാദ (1937) എന്ന നോവൽ, വ്യേർനസ്‌ത്‌ (1941) എന്ന കവിതാസമാഹാരം തുടങ്ങി ഒട്ടനവധി കൃതികള്‍ രചിച്ചു. പദേ്യനിയെ പരീക്ഷ (1941) എന്ന വിശ്രുത നോവൽ 1940-ലാണ്‌ എഴുതാന്‍ തുടങ്ങിയത്‌. 1942-ലെ സ്റ്റേറ്റ്‌ അവാർഡ്‌ ലഭിച്ച ഈ കൃതിയിൽ രണ്ടാം ലോകയുദ്ധത്തിൽ ജർമനി ഫ്രാന്‍സിനെ തോല്‌പിച്ചതിന്റെ രാഷ്‌ട്രീയവും ചരിത്രപരവും ധാർമികവും ആയ കാരണങ്ങള്‍ ചർച്ച ചെയ്യുന്നു.

ദേശസ്‌നേഹയുദ്ധകാലത്ത്‌ ഫാസിസത്തിന്റെ നയങ്ങളെയും, ധാർമികതത്ത്വങ്ങളെയും അനാവരണം ചെയ്യുന്ന പ്രചാരണ രചനകള്‍ ഇദ്ദേഹത്തെ പ്രസിദ്ധനാക്കി. രാഷ്‌ട്രങ്ങളുടെ മനഃസാക്ഷിയെ തൊട്ടുണർത്തിയ ഈ ലേഖനങ്ങള്‍ ജനങ്ങള്‍ക്ക്‌ ഫാസിസത്തിനുമേലുള്ള അന്തിമവിജയത്തെക്കുറിച്ചു വിശ്വാസം വർധിപ്പിച്ചു. റഷ്യയിലെ പ്രമുഖദിനപ്പത്രങ്ങളായ പ്രാവ്‌ദ, ഇസ്‌പൊസ്‌തിയ, ക്രാസ്‌നയ, സ്‌വിസ്‌ദ എന്നിവയിൽ പ്രത്യക്ഷപ്പെട്ട ഈ ലേഖനങ്ങള്‍ പില്‌ക്കാലത്ത്‌ ഒരു സമാഹാരമായി പ്രസിദ്ധീകരിക്കപ്പെട്ടു (വയ്‌നാ-വാല്യങ്ങള്‍ 1-3; 1942-44). ബുര്യ (1946-47) എന്ന നോവലിനും സ്റ്റേറ്റ്‌ അവാർഡ്‌ (1948) ലഭിച്ചു. ശ്രദ്ധേയമായ ഈ കൃതിയിൽ ഫാസിസവും ഫാസിസ്റ്റ്‌ വിരുദ്ധനയവും തമ്മിലുള്ള സംഘട്ടനം ചിത്രീകരിച്ചിരിക്കുന്നു.

യുദ്ധാനന്തരകാലഘട്ടത്തിൽ പുറത്തിറങ്ങിയ ദിവ്യാതിയ്‌ വാന്‍ (1951-52) വിവാദഗ്രസ്‌തമായ ഒരു നോവലാണ്‌. ഓത്‌ത്യെപിൽ (1954-56) എന്ന കഥാസമാഹാരവും സാഹിത്യവിമർശനലേഖനങ്ങളായ ഫ്രന്‍സൂസകിയെ തിത്രാദി (1958), ചെരിചിതിവായ ച്യെഹവ (1960) എന്നിവയും എഹ്‌റെന്‍ബെർഗിന്റെ വിശിഷ്‌ടസാഹിത്യ സംഭാവനകളാണ്‌. ഇദ്ദേഹത്തിന്റെ അവസാനത്തെ പ്രമുഖകൃതിയാണ്‌ ല്യൂദി, ഗോദി, ഷീഡ്‌ന്‍ (1960-64) എന്ന പേരിൽ പുറത്തിറങ്ങിയ ഓർമക്കുറിപ്പുകള്‍.

എഹ്‌റെന്‍ബെർഗിന്റെ സാഹിത്യനൈപുണ്യത്തെ നിർലോപം പ്രശംസിച്ച നിരൂപകന്മാർ ഇദ്ദേഹത്തിന്റെ സാഹിത്യാവബോധത്തെയും പൊതുജീവിതത്തിലെ ചില സംഭവങ്ങളോടു പ്രതികരിച്ചവിധത്തെയും വിമർശനവിധേയമാക്കി. മികച്ച രാഷ്‌ട്രീയപ്രചാരകനെന്ന നിലയിൽ സ്റ്റാലിന്റെ വ്യക്തിപരമായ സംരക്ഷണം ഇദ്ദേഹത്തിനു ലഭിച്ചിരുന്നു. തന്മൂലം യുദ്ധാനന്തര കാലഘട്ടത്തിൽ ബുദ്ധിജീവികള്‍ക്കും യഹൂദന്മാർക്കും എതിരെ നടന്ന പീഡനങ്ങളിൽനിന്നും ഒഴിവാക്കപ്പെട്ടു. സ്റ്റാലിന്‍ ഭരണത്തിന്റെ അതിക്രമങ്ങളെ നിശിതമായി വിമർശിക്കുന്ന ദ്‌ ത്‌ എന്ന കൃതിയുടെ പ്രസിദ്ധീകരണം കലാകാരന്മാരുടെമേൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ താത്‌കാലികമായ അയവുവരുത്തിയതിന്റെ ലക്ഷണമായിരുന്നു. സോവിയറ്റ്‌ സാംസ്‌കാരികതലങ്ങളിൽ സ്വതന്ത്രചിന്തയുടെ വക്താവായി എഹ്‌റെന്‍ബെർഗ്‌ അറിയപ്പെട്ടു.

20-ാം ശതകത്തിലെ മികച്ച സാഹിത്യകാരന്മാരിലൊരാളായി നിസ്സംശയം വിശേഷിപ്പിക്കാവുന്ന എഹ്‌റെന്‍ബെർഗ്‌ സ്വദേശത്ത്‌ ആദരണീയമായ പദവി നേടി. പരമോന്നതാധികാരകൗണ്‍സിലിന്റെ മൂന്നു മുതൽ ഏഴുവരെയുള്ള കോണ്‍വക്കേഷനുകളിൽ ഇദ്ദേഹത്തിന്‌ അംഗത്വം ലഭിച്ചു. 1950-ൽ ലോകസമാധാനകൗണ്‍സിലിന്റെ വൈസ്‌പ്രസിഡന്റ്‌ ആയി. 1952-ൽ രാഷ്‌ട്രാന്തരസമാധാനം മെച്ചപ്പെടുത്തുന്നതിന്റെ പേരിൽ നല്‌കപ്പെടുന്ന അന്താരാഷ്‌ട്ര ലെനിന്‍ സമാധാനസമ്മാനത്തിന്‌ അർഹനായി. കൂടാതെ മറ്റു രണ്ട്‌ ഓർഡറുകളും മെഡലുകളും എഹ്‌റെന്‍ബെർഗ്‌ നേടി. ലോകത്തിലെ പ്രമുഖഭാഷകളിൽ ഇദ്ദേഹത്തിന്റെ കൃതികള്‍ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌.

1967-ൽ 76-ാം വയസ്സിൽ എഹ്‌റെന്‍ബെർഗ്‌ നിര്യാതനായി.

(മറിയാമ്മ ചാക്കോ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍