This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓട്ടോമോട്ടീവ്‌ വ്യവസായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:35, 16 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

ഓട്ടോമോട്ടീവ്‌ വ്യവസായം

Automotive Business

മോട്ടോര്‍ വാഹനങ്ങളുടെ ഉത്‌പാദനത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന പലവിധ പ്രവര്‍ത്തനങ്ങളെയും അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാത്തരം വ്യവസായങ്ങളെയും പ്രതിപാദിക്കുന്നതിന്‌ പൊതുവായി ഉപയോഗിച്ചുവരുന്ന പദം. റോഡില്‍ക്കൂടി ഓടുന്ന വാഹനങ്ങളുടെ എന്‍ജിന്‍, ബോഡി തുടങ്ങിയ പ്രധാനപ്പെട്ട എല്ലാ ഘടകഭാഗങ്ങളുടെയും ഉത്‌പാദനം ഓട്ടോമോട്ടീവ്‌ വ്യവസായമായി പരിഗണിക്കപ്പെടുന്നുവെങ്കിലും ടയറുകള്‍, ബാറ്ററി, ഇന്ധനങ്ങള്‍ എന്നിവയുടെ ഉത്‌പാദനം അതില്‍ ഉള്‍പ്പെടുന്നില്ല. ഓട്ടോമോട്ടീവ്‌ വ്യവസായങ്ങളുടെ ഏറ്റവും പ്രധാനമായ ഉത്‌പന്നം യാത്രക്കാര്‍ക്കുവേണ്ടിയുള്ള കാറുകള്‍ തന്നെയാണ്‌. ട്രക്കുകള്‍, ബസ്സുകള്‍ തുടങ്ങിയ വാഹനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ വളരെ പ്രധാനപ്പെട്ടവയാണെങ്കിലും ഓട്ടോമോട്ടീവ്‌ വ്യവസായത്തില്‍ അവയ്‌ക്ക്‌ രണ്ടാം സ്ഥാനമേയുള്ളൂ.

യൂറോപ്പിലാണ്‌ ഓട്ടോമൊബൈല്‍ ഉടലെടുത്തതെന്ന്‌ കരുതാമെങ്കിലും 20-ാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തില്‍ ലോകത്തിലെ ഓട്ടോമോട്ടീവ്‌ വ്യവസായത്തിന്റെ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന രാജ്യം യു.എസ്‌. ആയിരുന്നു. ഇതിന്‌ പ്രധാനകാരണമായി യു.എസ്സിലെ ബഹുളോത്‌പാദനത്തിന്റെ (mass production)ആവിര്‍ഭാവം ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ 20-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധമായപ്പോഴേക്കും ഈ സ്ഥിതിയില്‍ വ്യക്തമായ മാറ്റമുണ്ടായി. പശ്ചിമയൂറോപ്യന്‍ രാജ്യങ്ങളും ജപ്പാനും ഈ രംഗത്തേക്ക്‌ കൂടുതലായി കടന്നുവന്നതാണ്‌ കാരണം.

ചരിത്രം

ആദ്യകാലങ്ങളില്‍ ആവി എന്‍ജിനുകള്‍ ഉപയോഗിച്ചുള്ള റോഡുവാഹനങ്ങള്‍ ഉണ്ടാക്കിയിരുന്നുവെങ്കിലും പെട്രാള്‍ എന്‍ജിനുകളുടെ ആവിര്‍ഭാവത്തിനുശേഷം ഏതാണ്ട്‌ 1860-70 കാലഘട്ടത്തില്‍ മുഖ്യമായും ഫ്രാന്‍സിലും ജര്‍മനിയിലും ആയിട്ടാണ്‌ ഓട്ടോമോട്ടീവ്‌ വ്യവസായത്തിന്റെ ഉദ്‌ഭവം. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ മേല്‌പറഞ്ഞ രണ്ടു രാജ്യങ്ങള്‍ക്കു പുറമേ ബ്രിട്ടന്‍, ഇറ്റലി, യു,എസ്‌. എന്നീ രാജ്യങ്ങള്‍ കൂടി ഓട്ടോമൊബൈല്‍ ഉത്‌പാദനരംഗത്തേക്കു കടന്നുവന്നു.

ആദ്യകാലവളര്‍ച്ച

ആദ്യകാലങ്ങളിലെ ഓട്ടോമൊബൈല്‍ കമ്പനികള്‍ ചെറിയ വര്‍ക്ക്‌ഷോപ്പുകള്‍ ആയിരുന്നു. അത്തരം കമ്പനികളില്‍ പലതിനും കൈകൊണ്ട്‌ നിര്‍മിച്ച ഏതാനും കാറുകള്‍ ഉത്‌പാദിപ്പിക്കാനേ കഴിഞ്ഞിരുന്നുള്ളൂ. പിന്നീട്‌ കടുത്ത മത്സരം നേരിടേണ്ടിവന്നപ്പോള്‍ അവയ്‌ക്ക്‌ നിലനില്‍ക്കാന്‍ കഴിഞ്ഞില്ല. കാര്‍ ഉത്‌പാദനരംഗത്തേക്കു വന്‍തോതില്‍ കടന്നുവരാന്‍ സാധിച്ച വ്യവസായങ്ങള്‍ ആദ്യകാലങ്ങളില്‍ വളരെക്കുറച്ചേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ വിജയിക്കാന്‍ കഴിഞ്ഞ വ്യവസായികളില്‍ മിക്കവരും മുമ്പ്‌ സൈക്കിള്‍, കുതിരവണ്ടി, ചിലതരം യന്ത്രങ്ങള്‍ മുതലായവ ഉത്‌പാദിപ്പിച്ച്‌ വേണ്ടത്ര പരിചയവും പ്രസിദ്ധിയും ആര്‍ജിച്ചു കഴിഞ്ഞവരായിരുന്നു. ഇതിനൊരപവാദമായി ചൂണ്ടിക്കാണിക്കപ്പെടാവുന്നത്‌ ബ്രിട്ടനിലെ റോള്‍സ്‌ റോയ്‌സ്‌ (Rolls Royce), യു.എസ്സിലെ ഫോര്‍ഡ്‌ (Ford) എന്നീ കമ്പനികള്‍ മാത്രമാണ്‌. ഇവ രണ്ടും വ്യവസായ രംഗത്തെ നവാഗതരായിട്ടാണ്‌ ഓട്ടോമൊബൈല്‍ ഉത്‌പാദനത്തിലേക്ക്‌ കടന്നുവന്നത്‌.

തുടക്കത്തില്‍ യു.എസ്സിലെ കാര്‍ ഉത്‌പാദകരില്‍ മിക്കവരും പല വ്യവസായങ്ങളില്‍ ആയി ഉത്‌പാദിപ്പിക്കപ്പെടുന്ന ഘടകഭാഗങ്ങള്‍ വാങ്ങി അവ ഒരുമിച്ചു ചേര്‍ക്കുന്ന വെറും സംയോജകര്‍ (assemblers)മാത്രമായിരുന്നു. പെട്രാള്‍ എന്‍ജിനുകളുടെ ആവിര്‍ഭാവത്തിനുശേഷവും കുറച്ചുകാലത്തേക്ക്‌ ആവി, വിദ്യുച്ഛക്തി എന്നിവ കൊണ്ടോടുന്ന കാറുകള്‍ക്ക്‌ പ്രചാരമുണ്ടായിരുന്നു. ക്രമേണ അത്തരം കാറുകളുടെ ഉത്‌പാദനം കുറഞ്ഞുവരുകയും അവ പൂര്‍ണമായി തന്നെ പെട്രാള്‍ എന്‍ജിനുകളിലേക്ക്‌ മാറുകയുമാണുണ്ടായത്‌.

ബഹുളോത്‌പാദനം

(Mass Production) സാങ്കേതികപുരോഗതിക്ക്‌ ഓട്ടോമോട്ടീവ്‌ വ്യവസായത്തിന്റെ ഏറ്റവും പ്രധാനമായ സംഭാവനയായി കണക്കാക്കപ്പെടുന്നത്‌ ബഹുളോത്‌പാദനരീതിയുടെ വളര്‍ച്ചയാണ്‌. ഇന്ന്‌ ബഹുളോത്‌പാദനം മിക്കവാറും എല്ലാ രംഗങ്ങളിലും പ്രയോഗിച്ചുവരുന്നു. യു.എസ്സിലാണ്‌ ഈ ഉത്‌പാദനരീതി ആദ്യമായി പ്രയോഗത്തില്‍ വന്നത്‌. ബഹുളോത്‌പാദനത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ മുമ്പുതന്നെ അറിയപ്പെട്ടിരുന്നുവെങ്കിലും മോട്ടോര്‍കാര്‍ പോലെ സങ്കീര്‍ണമായ ഒരു വസ്‌തുവിന്റെ ഉത്‌പാദനത്തില്‍ ഈ രീതി മുമ്പ്‌ പരീക്ഷിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ഓട്ടോമോട്ടീവ്‌ വ്യവസായത്തില്‍ ബഹുളോത്‌പാദനം പ്രയോഗത്തില്‍ വന്നതോടെ അത്‌ ഓട്ടോമോട്ടീവ്‌ വ്യവസായത്തിന്റെയും ബഹുളോത്‌പാദനവിദ്യയുടെയും ബഹുമുഖമായ വളര്‍ച്ചയ്‌ക്കു വഴിതെളിച്ചു. പ്രമാണവത്‌കരണം (standardi-zation), അന്തര്‍വിനിമയത (interchangeability) എന്നീ തത്ത്വങ്ങള്‍ പ്രായോഗികമായി പരീക്ഷിച്ചുനോക്കി ബോധ്യപ്പെട്ടു എന്നതാണ്‌ ബഹുളോത്‌പാദന സമ്പ്രദായത്തിലെ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന സംഗതികള്‍.

ഫോര്‍ഡും അസംബ്ലിലൈനും

ഹെന്‌റി ഫോര്‍ഡ്‌

ഇരുപതാം നൂറ്റാണ്ടില്‍ ഓട്ടോമൊബൈല്‍ വ്യവസായമണ്ഡലത്തില്‍ ഏറ്റവുമധികം പരിവര്‍ത്തനം വരുത്തിയത്‌ യു.എസ്സിലെ ഹെന്‌റി ഫോര്‍ഡാണ്‌. ഇദ്ദേഹം ഒരു പവര്‍ പ്ലാന്റ്‌ ജോലിക്കാരനും വാച്ചുനിര്‍മാതാവുമായിരുന്നു. പില്‌ക്കാലത്ത്‌ ബഹുളോത്‌പാദനരീതിയില്‍ കാറുകള്‍ നിര്‍മിച്ചു തുടങ്ങിയതിന്റെ കീര്‍ത്തി പൂര്‍ണമായും ഇദ്ദേഹത്തിന്‌ അവകാശപ്പെടാവുന്നതാണ്‌. ഫോര്‍ഡിനു പുറമേ റാന്‍സം ഇ. ഓള്‍ഡ്‌സ്‌ എന്നൊരാളും ഈ രീതി പരീക്ഷിച്ചുനോക്കി. പക്ഷേ ഇദ്ദേഹം നിര്‍മിച്ച കാറുകള്‍ പരുക്കന്‍ ഉപയോഗത്തിനു പറ്റിയതരത്തില്‍ ഉറപ്പുള്ളവയായിരുന്നില്ല. തന്മൂലം കാറുത്‌പാദനരംഗത്ത്‌ ഇദ്ദേഹത്തിന്‌ വിജയിക്കാന്‍ കഴിഞ്ഞില്ല. ഫോര്‍ഡ്‌ ആകട്ടെ നല്ല ഉറപ്പും ഈടുമുള്ള കാര്‍ നിര്‍മിച്ചു പരീക്ഷിച്ചതിനുശേഷമാണ്‌ ഈ രംഗത്ത്‌ എങ്ങനെ ബഹുളോത്‌പാദനം നടത്താമെന്നതിനെപ്പറ്റി ചിന്തിച്ചത്‌. A,B,C,F,K,N,R,S,T എന്നീ പേരുകളില്‍ ഒന്‍പതു മോഡലുകളിലുള്ള കാറുകളാണ്‌ ഹെന്‌റി ഫോര്‍ഡ്‌ നിര്‍മിച്ചത്‌. ഇതില്‍ 1908-ല്‍ നിര്‍മിച്ച T മോഡല്‍ കാറുകളാണ്‌ ഫോര്‍ഡിനെ വളരെ പ്രസിദ്ധനാക്കിയത്‌. T മോഡല്‍ കാറുകള്‍ ഏറ്റവും മെച്ചപ്പെട്ട മോഡലുകളില്‍ ഒന്നായി പൊതുവേ കരുതിപ്പോരുന്നു. യു.എസ്സിലെ അക്കാലത്തെ പരുക്കന്‍ റോഡുകളില്‍ ദീര്‍ഘകാലം ഉപയോഗിക്കുവാന്‍ കഴിയുക, കുറഞ്ഞ ഇന്ധനച്ചെലവ്‌, എളുപ്പം റിപ്പെയര്‍ ചെയ്യാന്‍ കഴിയുക, സംരക്ഷണച്ചെലവ്‌ ചുരുങ്ങിയിരിക്കുക എന്നിങ്ങനെയുള്ള എല്ലാ യോഗ്യതകളും ഒത്തിണങ്ങിയതായിരുന്നു T മോഡല്‍ കാറുകള്‍. 1908-ല്‍ മാര്‍ക്കറ്റില്‍ ഇറക്കിയതുമുതല്‍ 1927-ല്‍ ഈ മോഡലിന്റെ ഉത്‌പാദനം നിര്‍ത്തുന്നതുവരെയുള്ള കാലംകൊണ്ട്‌ ഇത്തരത്തില്‍പ്പെട്ട 15 കോടി കാറുകളെങ്കിലും ഉണ്ടാക്കിക്കഴിഞ്ഞിരുന്നു.

T മോഡല്‍ കാറുകളുടെ ഡിസൈന്‍ വിജയിച്ചുകഴിഞ്ഞപ്പോള്‍ ഫോര്‍ഡും അദ്ദേഹത്തിന്റെ അനുയായികളും കുറേക്കൂടി കുറഞ്ഞ ചെലവില്‍ കൂടുതല്‍ കാറുകള്‍ എങ്ങനെ ഉത്‌പാദിപ്പിക്കാമെന്ന്‌ ചിന്തിക്കാന്‍ തുടങ്ങി. ഇതിനുള്ള മാര്‍ഗമായി ഇദ്ദേഹം (moving assembly line) എന്ന ആശയം. മാഗ്നെറ്റോ എന്ന ഭാഗത്തിന്റെ കൂട്ടിയോജിപ്പിക്കലില്‍ ആണ്‌ ചലിക്കുന്ന അസംബ്ലിലൈന്‍ ആദ്യമായി പരീക്ഷിക്കപ്പെട്ടത്‌. അത്‌ വളരെ വിജയകരമാണെന്നു കാണുകയും കൂടുതല്‍ പരീക്ഷണങ്ങള്‍ക്കുശേഷം 1913-ല്‍ ഫോര്‍ഡ്‌ മോട്ടോര്‍ കമ്പനി മോട്ടോര്‍ വാഹനങ്ങള്‍ പൂര്‍ണമായി അസംബ്ലിലൈന്‍-ബഹുളോത്‌പാദനരീതിയില്‍ ഉണ്ടാക്കിത്തുടങ്ങുകയും ചെയ്‌തു. രണ്ട്‌ അടിസ്ഥാന സംഗതികളാണ്‌ ഈ സമ്പ്രദായത്തിന്റെ പ്രത്യേകതകള്‍; തുടര്‍ച്ചയായി ചലിച്ചുകൊണ്ടിരിക്കുന്ന ഒരു കണ്‍വേയര്‍ വ്യൂഹവും, ജോലിക്കാരില്‍ ഓരോരുത്തരും ഒരേ സ്ഥലത്തുനിന്നുകൊണ്ട്‌ വീണ്ടുംവീണ്ടും ഒരേ ജോലിതന്നെ ചെയ്യുക എന്നതും. ആദ്യനോട്ടത്തില്‍ ഈ രീതി വളരെ ലളിതമായി തോന്നാമെങ്കിലും വളരെ വിശദമായ ആസൂത്രണം ആവശ്യമുള്ള ഒരു സമ്പ്രദായമാണിത്‌.

1908-ല്‍ നിര്‍മിച്ച T മോഡല്‍ കാറുകള്‍

ഫോര്‍ഡ്‌ നിര്‍മിച്ചതും മേല്‌പറഞ്ഞ രീതിയില്‍ ഉള്ളതുമായ അസംബ്ലി ലൈന്‍ സമ്പ്രദായത്തില്‍ കാറിന്റെ അടിസ്ഥാന മോഡലില്‍ വളരെ തുച്ഛമായ മാറ്റങ്ങളേ അനുവദനീയമായിരുന്നുള്ളൂ എന്നത്‌ ഒരു പോരായ്‌മയായിരുന്നു. പക്ഷേ ഈ പോരായ്‌മ കാറിന്റെ കുറഞ്ഞ ഉത്‌പാദനച്ചെലവ്‌ സാധൂകരിച്ചിരുന്നുവെന്നതാണ്‌ വാസ്‌തവം. എന്തെന്നാല്‍ T മോഡല്‍ കാറിന്റെ വില 1909-ല്‍ 950 ഡോളര്‍ ആയിരുന്നത്‌ 1916-ല്‍ 360 ഡോളര്‍ ആയും 1926-ല്‍ 290 ഡോളര്‍ ആയും കുറയുകയുണ്ടായി. കാര്‍ ഉത്‌പാദനം ഒരു വന്‍കിടവ്യവസായമാക്കി വളര്‍ത്തിയതുകൊണ്ടാണ്‌ കുറഞ്ഞ ചെലവില്‍ കാറുകള്‍ ഉത്‌പാദിപ്പിക്കുന്നതിന്‌ സാധിച്ചത്‌. അങ്ങനെ കാര്‍ ഒരു സുഖസാമഗ്രിയെന്നതിനെക്കാളേറെ ഒരാവശ്യമായി രൂപാന്തരപ്പെട്ടു. ഫോര്‍ഡ്‌ വ്യവസായം തുടങ്ങി രണ്ടു ദശകങ്ങള്‍ കൊണ്ട്‌ യു.എസ്സില്‍ കാര്‍ സുലഭമായിത്തീര്‍ന്നു. അക്കാലത്ത്‌ ലോകത്തിലെ ആകെ മോട്ടോര്‍ കാറുകളില്‍ പകുതിയും ഫോര്‍ഡ്‌ ആണ്‌ ഉണ്ടാക്കിയിരുന്നത്‌.

ഓട്ടോമൊബൈല്‍ ഉത്‌പാദനത്തില്‍ ഫോര്‍ഡ്‌ കൈവരിച്ച വമ്പിച്ച വിജയം പലരും ഈ രംഗത്തേക്ക്‌ കടന്നുവരുന്നതിനും അങ്ങനെ ഒരു മത്സരത്തിന്‌ കളമൊരുക്കുന്നതിനും ഇടയാക്കി. തന്റെ T മോഡല്‍ കാറില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്താന്‍ ഫോര്‍ഡ്‌ കൂട്ടാക്കാതിരുന്നതുകൊണ്ടു മാത്രമാണ്‌ മറ്റുള്ളവര്‍ക്ക്‌ ഈ രംഗത്ത്‌ ശോഭിക്കാന്‍ കഴിഞ്ഞത്‌. തുടര്‍ന്ന്‌, T മോഡലിനെക്കാള്‍ വളരെയധികമൊന്നും വിലക്കൂടുതല്‍ ഇല്ലാതെ തന്നെ കൂടുതല്‍ സുഖസൗകര്യങ്ങളോടുകൂടിയ കാറുകള്‍ മാര്‍ക്കറ്റില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. തുറന്ന കാറുകളാണ്‌ ആദ്യമുണ്ടായിരുന്നത്‌; കാലാവസ്ഥയില്‍നിന്ന്‌ രക്ഷപ്പെടുന്നതിനായി മുകളില്‍ കാന്‍വാസും വശങ്ങളില്‍ ഐസീങ്‌ ഗ്ലാസ്‌ കൊണ്ടുള്ള കര്‍ട്ടനുകളും ഉണ്ടായിരുന്നു. 1930-നുശേഷമാണ്‌ അടഞ്ഞ കാറുകള്‍ ഉണ്ടാക്കിത്തുടങ്ങിയത്‌. 1920-നുശേഷമുള്ള കാലത്ത്‌ ബ്രിട്ടനിലെ വില്യം ആര്‍. മോറിസ്‌, ഹെര്‍ബര്‍ട്ട്‌ ഓസ്റ്റിന്‍, ഫ്രാന്‍സിലെ ആന്‍ദ്ര ഗുസ്‌താവ്‌ സിട്രായന്‍ (Andre Qustave Citroen), ലൂയി റെനോള്‍ട്ട്‌ (Louis Renault) തുടങ്ങിയവര്‍ വന്‍തോതില്‍ കാറുകള്‍ നിര്‍മിക്കാന്‍ തുടങ്ങി.

ഇക്കാലത്ത്‌ ബ്രിട്ടനിലെ കാര്‍ നിര്‍മാതാക്കള്‍ക്ക്‌ കാറിന്റെ കുതിരശക്തിയെ അടിസ്ഥാനപ്പെടുത്തി ചുമത്തിയ നികുതി നേരിടേണ്ടതായി വന്നു. സിലിണ്ടറുകളുടെ എണ്ണം, അവയുടെ വ്യാസം എന്നിവയെ ആസ്‌പദമാക്കിയുള്ള കണക്കുകൂട്ടലുകളില്‍ നിന്നാണ്‌ നികുതി ആവശ്യത്തിലേക്ക്‌ കുതിരശക്തി കണക്കാക്കിയിരുന്നത്‌. മറ്റു രാജ്യങ്ങളില്‍ കൂടിയ വ്യാസവും കുറഞ്ഞ സ്‌ട്രാക്കുമുള്ള എന്‍ജിനുകള്‍ പ്രചാരത്തില്‍ വന്നുകൊണ്ടിരുന്ന ഈ സമയത്ത്‌ മേല്‌പറഞ്ഞ നിയമത്തിന്റെ ഫലമായി ബ്രിട്ടീഷ്‌ നിര്‍മാതാക്കള്‍ കുറഞ്ഞ സിലിണ്ടര്‍ വ്യാസവും കൂടിയ സ്‌ട്രാക്കുമുള്ള ചെറിയ എന്‍ജിനുകളെയാണ്‌ പ്രാത്സാഹിപ്പിച്ചിരുന്നത്‌. ബ്രിട്ടീഷ്‌ കാറുകളുടെ വിദേശത്തുള്ള വില്‌പന ഇതുമൂലം കുറഞ്ഞുപോകാനിടയായി.

അസംബ്ലിലൈന്‍ സംവിധാനത്തില്‍ നിര്‍മിക്കപ്പെടുന്ന ഫോര്‍ഡ്‌ T മോഡല്‍ കാറുകള്‍
വില്യം സി. ഡ്യൂറന്റ്‌

1908-ല്‍ വില്യം സി. ഡ്യൂറന്റ്‌ ആണ്‌, പില്‌ക്കാലത്ത്‌ ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമോട്ടീവ്‌ വ്യവസായശാലയായി വളര്‍ന്ന "ജനറല്‍ മോട്ടോഴ്‌സ്‌ കമ്പനി' തുടങ്ങിയത്‌. ഇദ്ദേഹം അധോഗതിയിലായിക്കൊണ്ടിരുന്ന ബ്യൂക്ക്‌ (Buick) മോട്ടോര്‍ കമ്പനിയുടെ നിയന്ത്രണം 1904-ല്‍ ഏറ്റെടുക്കുകയും അതിനെ അമേരിക്കയിലെ ഒന്നാംകിട കാറുത്‌പാദന വ്യവസായശാലകളില്‍ ഒന്നായി ഉയര്‍ത്തിക്കൊണ്ടു വരികയും ചെയ്‌തു. പല മോഡലുകളിലുള്ള കാറുകള്‍ ഉത്‌പാദിപ്പിക്കുന്ന കമ്പനികള്‍ ഒരുമിച്ചുചേര്‍ന്ന്‌ ഒരു ഗ്രൂപ്പായി പ്രവര്‍ത്തിക്കുക എന്ന ആശയത്തിന്‌ രൂപംകൊടുത്തത്‌ ഡ്യൂറന്റ്‌ ആണ്‌. അതനുസരിച്ച്‌, ജനറല്‍ മോട്ടോഴ്‌സ്‌ രൂപീകരിച്ചപ്പോള്‍ അതില്‍ ബ്യൂക്ക്‌, കാഡില്ലാക്ക്‌, ഓള്‍ഡ്‌സ്‌ മൊബൈല്‍, ഓക്ക്‌ലന്‍ഡ്‌ എന്നീ നാലു പ്രധാന കമ്പനികളും കൂടാതെ അവയെ ആശ്രയിച്ചുകഴിഞ്ഞിരുന്ന ഒരു പറ്റം ചെറിയ കമ്പനികളെയും ഉള്‍ക്കൊള്ളിച്ചു. ഈ ഗ്രൂപ്പില്‍പ്പെട്ട കമ്പനികള്‍ക്ക്‌ 1910-ല്‍ ഒരു സാമ്പത്തിക പ്രതിസന്ധിയെ നേരിടേണ്ടതായി വന്നു. എങ്കിലും അത്‌ വിജയകരമായി നേരിടാന്‍ ജനറല്‍ മോട്ടോഴ്‌സിനു കഴിഞ്ഞു. എന്നാല്‍ മറ്റു പല കമ്പനികളുടെയും സ്ഥിതി അതായിരുന്നില്ല. 1910-ല്‍ രൂപംകൊണ്ട മറ്റൊരു പ്രധാനഗ്രൂപ്പായ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ മോട്ടോര്‍ കോര്‍പ്പറേഷന്‍ 1912 ആയപ്പോഴേക്കും പൂട്ടേണ്ടിവന്നു. പക്ഷേ വീണ്ടും അത്‌ മാക്‌സ്‌വെല്‍ മോട്ടോര്‍ കമ്പനി എന്നപേരില്‍ പുനഃസംഘടിപ്പിക്കപ്പെടുകയുണ്ടായി.

ജനറല്‍ മോട്ടോഴ്‌സ്‌ കമ്പനിയുടെ ബ്യൂക്ക്‌ കാര്‍ (1908)

ഒന്നാംലോകയുദ്ധം അവസാനിക്കുമ്പോള്‍ ഓട്ടോമോട്ടീവ്‌ രംഗം ഏതാണ്ട്‌ പൂര്‍ണമായിത്തന്നെ തന്റെ മോഡല്‍ T-കാര്‍കൊണ്ട്‌ ഫോര്‍ഡ്‌ കൈയടക്കിയിരുന്നു. യു.എസ്സില്‍ മാത്രമല്ല മറ്റു രാജ്യങ്ങളിലും ഫോര്‍ഡിനു ശാഖകളുണ്ടായിരുന്നു. ബ്രിട്ടീഷ്‌ ഫോര്‍ഡ്‌ ബ്രിട്ടനിലെ ഏറ്റവും വലിയ കാര്‍ ഉത്‌പാദകരായി കഴിഞ്ഞിരുന്നു. യു.എസ്സില്‍ മാത്രം ജനറല്‍ മോട്ടോഴ്‌സ്‌ ഫോര്‍ഡിന്റെ ഒരു പ്രധാന എതിരാളിയായി വളര്‍ന്നുവന്നു. ഈ രണ്ടു വ്യവസായസ്ഥാപനങ്ങളോടും താരതമ്യം ചെയ്യത്തക്ക വലിയ കമ്പനികള്‍ ഒന്നുംതന്നെ അക്കാലത്തുണ്ടായിരുന്നില്ല.

1921-ല്‍ സാമ്പത്തികരംഗത്തുണ്ടായ മാന്ദ്യം യു.എസ്‌. ഓട്ടോമോട്ടീവ്‌ വ്യവസായത്തെ വളരെ പ്രതികൂലമായി ബാധിക്കുകയുണ്ടായി. അങ്ങനെ ജനറല്‍ മോട്ടോഴ്‌സ്‌ രണ്ടാമതൊരു സാമ്പത്തിക പ്രതിസന്ധിയില്‍ വീണ്ടും കുടുങ്ങി. എന്നാല്‍ 1923-ല്‍ ആല്‍ഫ്രഡ്‌ പി. സോളാന്‍ കമ്പനിയുടെ പ്രസിഡന്റ്‌ സ്ഥാനം ഏറ്റെടുക്കുകയും അദ്ദേഹത്തിന്റെ ശ്രമഫലമായി ക്രമേണ ജനറല്‍ മോട്ടോഴ്‌സ്‌ ലോകത്തിലെ ഓട്ടോമോട്ടീവ്‌ ഉത്‌പാദകരില്‍ ഒന്നാംസ്ഥാനത്തേക്ക്‌ ഉയര്‍ന്നുവരികയും ചെയ്‌തു. ഫോര്‍ഡ്‌ കമ്പനിയും ഇതേകാലത്ത്‌ സാമ്പത്തിക വിഷമതകള്‍ അനുഭവിച്ചെങ്കിലും, പ്രതിസന്ധിയെ വിജയകരമായി തരണം ചെയ്‌ത്‌ മുന്നോട്ടുപോകുവാന്‍ അവര്‍ക്കും സാധിച്ചു. യു.എസ്‌. ഓട്ടോമോട്ടീവ്‌ വ്യവസായത്തിലെ ഉന്നതന്മാരുടെ പട്ടികയിലേക്ക്‌ മൂന്നാമതൊരാള്‍കൂടി കടന്നുവന്നത്‌ ഇക്കാലത്താണ്‌. 1921-ലെ പ്രതിസന്ധിയില്‍പ്പെട്ട്‌ തകര്‍ന്നുപോയ മാക്‌സ്‌വെല്‍ മോട്ടോര്‍ കമ്പനി 1925-ല്‍ വാള്‍ട്ടര്‍ പി. ക്രിസ്‌ലറുടെ (Walter P. Crysler)നേതൃത്വത്തില്‍ ക്രിസ്റ്റല്‍ കോര്‍പ്പറേഷന്‍ എന്നപേരില്‍ രംഗത്തുവന്നു. 1928-ല്‍ ഡോഡ്‌ജ്‌ (Dodge) കമ്പനി അവര്‍ വിലയ്‌ക്കെടുക്കുകയുണ്ടായി. ഫോര്‍ഡിന്റെ മോഡല്‍ T കാറുകളുടെ ഉത്‌പാദനം നിര്‍ത്തിയശേഷം പുതിയ അ മോഡല്‍ കാറുകള്‍ മാര്‍ക്കറ്റിലെത്തുവാന്‍ ഏകദേശം 18 മാസത്തോളം സമയം വേണ്ടിവന്നു. ഈ കാലഘട്ടത്തിലാണ്‌ വിലകുറഞ്ഞ കാറുകളുടെ മാര്‍ക്കറ്റിലേക്ക്‌ ക്രിസ്‌ലര്‍ കോര്‍പ്പറേഷന്റെ പ്ലിമത്ത്‌ (Plymouth)രംഗപ്രവേശം ചെയ്‌തത്‌. അതുകൊണ്ട്‌ വലിയ മത്സരം നേരിടാതെതന്നെ വളരെ എളുപ്പത്തില്‍ അവര്‍ക്ക്‌ മാര്‍ക്കറ്റ്‌ പിടിച്ചെടുക്കാന്‍ സാധിച്ചു.

ക്രിസ്‌ലര്‍ കോര്‍പ്പറേഷന്റെ പ്ലിമത്ത്‌ കാര്‍ (1925)

1929-ല്‍ യു.എസ്‌. മാര്‍ക്കറ്റിലെ മോട്ടോര്‍ വാഹനങ്ങളില്‍ ഏതാണ്ട്‌ മുക്കാല്‍ഭാഗവും മേല്‌പറഞ്ഞ മൂന്ന്‌ ഉന്നതന്മാരുടേതായിരുന്നു; ബാക്കിയുള്ള കാല്‍ഭാഗമാകട്ടെ പ്രധാനമായി ഹഡ്‌സണ്‍ (Hudson), നാഷ്‌ (Nash), പാക്കാര്‍ഡ്‌ (Packard), സ്റ്റുഡിബേക്കര്‍ (Studebaker), വില്ലിസ്‌ ഓവര്‍ലാന്‍ഡ്‌ (Willys Overland) എന്നീ അഞ്ച്‌ സ്വതന്ത്രന്മാരുടേതും. ഏതാണ്ട്‌ പത്തുകൊല്ലക്കാലംകൊണ്ട്‌ യു.എസ്സിലെ ഓട്ടോമൊബൈല്‍ ഉത്‌പാദകരുടെ എണ്ണം 108-ല്‍ നിന്ന്‌ 44 ആയി കുറയുകയാണുണ്ടായത്‌. അതായത്‌ കടുത്ത മത്സരത്തെ നേരിടാന്‍ കഴിയാതെ പലരും ഈ രംഗത്തുനിന്ന്‌ പിന്മാറിയെന്നര്‍ഥം. 1930-കളില്‍ വീണ്ടുമുണ്ടായ സാമ്പത്തിക മാന്ദ്യം മുമ്പു സൂചിപ്പിച്ച മൂന്ന്‌ ഉന്നതന്മാരെ ഓട്ടോമോട്ടീവ്‌ വ്യവസായരംഗം ഏതാണ്ട്‌ പൂര്‍ണമായിത്തന്നെ കൈയടക്കിവയ്‌ക്കാന്‍ സഹായിച്ചു. 1929-ല്‍ യു.എസ്സിലെ കാറുത്‌പാദനം 50 ലക്ഷം ആയിരുന്നത്‌ 1932 ആയപ്പോള്‍ 10 ലക്ഷമായി കുറഞ്ഞു. വീണ്ടും ക്രമേണ വര്‍ധനവുണ്ടായെങ്കിലും 1929-ലെ എണ്ണത്തില്‍ എത്താന്‍ കഴിഞ്ഞില്ല. ഈ സമയത്താണ്‌ രണ്ടാംലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടത്‌.

മേല്‍വിവരിച്ച കാലഘട്ടം ഓട്ടോമോട്ടീവ്‌ വ്യവസായങ്ങളെ സംബന്ധിച്ച്‌ സാമ്പത്തികമായി വളരെയധികം പ്രയാസമുള്ളതായിരുന്നെങ്കിലും, ഓട്ടോമൊബൈലുകളുടെ സാങ്കേതികവശത്ത്‌ വളരെ പ്രധാനപ്പെട്ട പല നേട്ടങ്ങളും ഇക്കാലത്താണ്‌ കൈവരിക്കുവാന്‍ സാധിച്ചത്‌.

യൂറോപ്പില്‍

1919 മുതല്‍ 39 വരെയുള്ള 20 കൊല്ലക്കാലത്ത്‌ ഓട്ടോമൊബൈല്‍ ഉത്‌പാദനരംഗത്ത്‌, യൂറോപ്പിലും യു.എസ്സിനെ അപേക്ഷിച്ച്‌ കുറഞ്ഞ തോതിലാണെങ്കില്‍പ്പോലും, വമ്പിച്ച വളര്‍ച്ച അനുഭവപ്പെട്ടു. ബ്രിട്ടനിലെ ഓട്ടോമൊബൈല്‍ ഉത്‌പാദനം 1922-ല്‍ 73,000 ആയിരുന്നത്‌ 1929 ആയപ്പോഴേക്കും 2,39,000 ആയി വര്‍ധിച്ചു. ഇതോടൊപ്പംതന്നെ ഉത്‌പാദകരുടെ സംഖ്യ 90-ല്‍ നിന്ന്‌ 41 ആയി കുറയുകയും ചെയ്‌തു. ഈ ഘട്ടത്തില്‍ ഓസ്റ്റിന്‍, മോറിസ്‌, സിംഗര്‍ എന്നീ മൂന്നു കമ്പനികള്‍ ആണ്‌ ബ്രിട്ടനിലെ മോട്ടോര്‍വാഹനങ്ങളില്‍ 75 ശതമാനവും ഉണ്ടാക്കിയിരുന്നത്‌. 1930-കളില്‍ ബ്രിട്ടീഷ്‌ ഓട്ടോമോട്ടീവ്‌ ഉത്‌പാദനം ക്രമേണ വര്‍ധിച്ചുവരികയും 1937-ല്‍ ഇത്‌ അഞ്ചുലക്ഷത്തില്‍ കവിയുകയും ചെയ്‌തു. 1940 നോടടുത്ത്‌ കാലഘട്ടത്തില്‍ ബ്രിട്ടനില്‍ പ്രധാനമായി മോറിസ്‌, ഓസ്റ്റിന്‍, സ്റ്റാന്‍ഡാര്‍ഡ്‌, റൂട്ടസ്‌ (Rootes), ഫോര്‍ഡ്‌, വാക്‌സ്‌ഹാള്‍ (Vauxhall) എന്നിങ്ങനെ ആറ്‌ വന്‍കിട ഉത്‌പാദകരാണുണ്ടായിരുന്നത്‌.

വാക്‌സ്‌ഹാള്‍ കാര്‍ (1940)

ഫ്രാന്‍സില്‍ 1920-കളില്‍ മുഖ്യമായ പ്യൂഷോ (Peugeot), റെനോള്‍ട്ട്‌, സിട്രായന്‍ എന്നീ മൂന്നു കമ്പനികളാണ്‌ മോട്ടോര്‍വാഹനങ്ങള്‍ ഉത്‌പാദിപ്പിച്ചിരുന്നത്‌. 1930-കളില്‍ സിംക എന്ന മറ്റൊരു പ്രധാന കമ്പനികൂടി രംഗത്തേക്കുവന്നു. ഒന്നാംലോകയുദ്ധത്തിന്റെ ഫലമായി ജര്‍മനിയിലെ ഓട്ടോമോട്ടീവ്‌ വ്യവസായം ഏകദേശം തകര്‍ച്ചയുടെ വക്കത്തെത്തി. 1920-കളില്‍ ഇവിടെയുണ്ടായ പ്രധാന സംഭവങ്ങള്‍, ഡെയിംലര്‍ (Daimler), ബെന്‍സ്‌ (Benz) എന്നീ കമ്പനികള്‍ ചേര്‍ന്ന്‌ ഒന്നായതും ജനറല്‍ മോട്ടോഴ്‌സ്‌ ജര്‍മന്‍ വ്യവസായരംഗത്തേക്കു കടന്നുവന്നതുമായിരുന്നു. അതിനുശേഷം 1930-കളില്‍ നാസി ഗവണ്‍മെന്റ്‌ വിലകുറഞ്ഞ ഫോക്‌സ്‌വാഗണ്‍ (Volks Wagon)കാറുകളുടെ ബഹുളോത്‌പാദനം ആരംഭിച്ചെങ്കിലും യുദ്ധത്തിന്റെ തുടക്കംകാരണം പൂര്‍ണ ഫലപ്രാപ്‌തിയിലെത്തിയില്ല. ഏകദേശം ഇതേകാലത്ത്‌ ഇറ്റലിയില്‍ ഉത്‌പാദിപ്പിക്കപ്പെട്ട സ്‌പോര്‍ട്‌സ്‌ കാറുകള്‍ പ്രസിദ്ധമായിരുന്നു. എങ്കിലും അവ വന്‍തോതില്‍ ഉത്‌പാദിപ്പിക്കപ്പെട്ടിരുന്നില്ല.

രണ്ടാംലോകയുദ്ധകാലത്ത്‌

ഡെയിംലര്‍ ബെന്‍സ്‌ (1920)

യുദ്ധാവശ്യങ്ങളില്‍ ഓട്ടോമോട്ടീവ്‌ വ്യവസായങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിയത്‌ ഒന്നാംലോകയുദ്ധകാലത്താണ്‌. ഗതാഗതത്തിലും യുദ്ധാവശ്യങ്ങള്‍ക്കും വേണ്ട സാധനങ്ങള്‍ കൊണ്ടെത്തിക്കുന്നതിനുമെല്ലാം മോട്ടോര്‍വാഹനങ്ങള്‍ ഉപയോഗിക്കപ്പെട്ടുവെന്നു മാത്രമല്ല, പല ഓട്ടോമോട്ടീവ്‌ വ്യവസായശാലകളും ഈ കാലത്ത്‌ യുദ്ധാവശ്യത്തിനുള്ള ടാങ്കുകള്‍, വിമാനങ്ങള്‍ മുതലായവ ഉണ്ടാക്കുന്നതിനുള്ള ഉത്‌പാദനശാലകളായി രൂപാന്തരപ്പെടുത്തുക കൂടി ചെയ്യുകയുണ്ടായി. രണ്ടാം ലോകയുദ്ധം ആരംഭിച്ചതോടുകൂടി സ്ഥിതി പിന്നെയും വഷളായി. ഓട്ടോമോട്ടീവ്‌ വ്യവസായങ്ങളുടെ സേവനവും ഉപയോഗവും മുമ്പത്തേതിനെക്കാള്‍ കൂടുതല്‍ യുദ്ധാവശ്യങ്ങള്‍ക്കുവേണ്ടി പ്രയോജനപ്പെടുത്തുവാന്‍ തുടങ്ങി. ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ അവിടത്തെ ഓട്ടോമോട്ടീവ്‌ വ്യവസായങ്ങളോടുനുബന്ധിച്ച്‌ സൈനിക ഉപകരണങ്ങള്‍ ഉണ്ടാക്കുന്ന നിഴല്‍ ഫാക്‌ടറികള്‍ (shadow factories)ആരംഭിച്ചു. ഈ ഫാക്‌ടറികളിലെ സാങ്കേതിക വിദഗ്‌ധരും മാനേജര്‍മാരുമെല്ലാം ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ നിന്ന്‌ വന്നവരായിരുന്നു. ഫ്രാന്‍സ്‌, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലും ഇപ്രകാരം ഓട്ടോമോട്ടീവ്‌ വ്യവസായങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട്‌ സൈനിക ഉപകരണങ്ങളുടെ ഉത്‌പാദനം വന്‍തോതില്‍ നടക്കുകയുണ്ടായി. യു.എസ്സില്‍ 1940-നും 45-നും ഇടയില്‍ ഏതാണ്ട്‌ 26 ലക്ഷം മിലിട്ടറി ട്രക്കുകളും 6.6 ലക്ഷം ജീപ്പുകളും ഉത്‌പാദിപ്പിക്കപ്പെട്ടു. കൂടാതെ പല ഓട്ടോമൊബൈല്‍ ഫാക്‌ടറികളും മിലിട്ടറി എയര്‍ക്ലാഫ്‌റ്റുകള്‍ ഉത്‌പാദിപ്പിക്കുന്ന ഫാക്‌ടറികളായി രൂപാന്തരപ്പെടുകയും ചെയ്‌തു.

1945-നുശേഷം

രണ്ടാംലോകയുദ്ധത്തിനുശേഷമുള്ള കാലങ്ങളില്‍ ഓട്ടോമോട്ടീവ്‌ വ്യവസായത്തിന്റെ വളർച്ചയില്‍ അദ്‌ഭുതാവഹമായ പുരോഗതിയുണ്ടായി. 1950 മുതല്‍ 70 വരെയുള്ള 20 കൊല്ലംകൊണ്ട്‌ ലോകത്തിലെ മോട്ടോർവാഹനങ്ങളുടെ ഉത്‌പാദനം മൂന്നിരട്ടിയായി വർധിച്ചു. 1950-ല്‍ ഉത്‌പാദനം ഒരു കോടിയായിരുന്നത്‌ 1970 ആയപ്പോള്‍ മൂന്ന്‌ കോടിയായിത്തീർന്നു. ഈ വർധനവില്‍ മുഖ്യഭാഗവും യു.എസ്സിനു വെളിയിലാണ്‌ ഉണ്ടായതെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്‌. ലോകത്തിലെ ആകെയുള്ള ഓട്ടോമൊബൈല്‍ ഉത്‌പാദനത്തില്‍ യു.എസ്സിന്റെ വിഹിതം 1950-ല്‍ 76 ശതമാനം ആയിരുന്നത്‌ 1970-ല്‍ 28 ശതമാനം ആയി കുറയുകയാണുണ്ടായത്‌. ചെറിയതരം കാറുകള്‍ നിർമിക്കുന്നതിന്‌ 1932-ല്‍ യു.എസ്സിലുണ്ടായിരുന്ന പ്രവണത രണ്ടാം ലോകയുദ്ധം കഴിഞ്ഞതോടുകൂടി പൂർവാധികം വർധിച്ചു. കൂടാതെ അതുവരെ ഇല്ലാതിരുന്ന തരം സ്‌പോർട്‌സ്‌ കാറുകളും ആവിർഭവിച്ചുതുടങ്ങി. 1954 ആയപ്പോഴേക്കും യു.എസ്സില്‍ കാറോട്ടപ്പന്തയം നല്ലൊരു സ്‌പോർട്‌സ്‌ ഇനമായി മാറി. 1947 മുതല്‍ യു,എസ്സില്‍ വലിയതരം കാറുകള്‍ നിർമിക്കാന്‍ തുടങ്ങി. എന്നാല്‍ അക്കാലത്തും ചെറിയകാറുകള്‍ക്ക്‌ പ്രിയം കുറഞ്ഞിരുന്നില്ല.

മെഴ്‌സിഡസ്‌ ബെന്‍സ്‌ ആദ്യകാല മോഡല്‍ (1899)

1950-നുശേഷമുള്ള കാലഘട്ടത്തിലാണ്‌ ട്രക്കുകളിലും ബസ്സുകളിലും കൂടുതലായി ഡീസല്‍ എന്‍ജിനുകള്‍ ഉപയോഗിച്ചു തുടങ്ങിയത്‌. യുദ്ധാനന്തരമുണ്ടായ വികസന പ്രവർത്തനങ്ങളുടെ ഫലമായി ഓട്ടോമൊബൈലുകളില്‍ പുതിയ ശക്തിസ്രാതസ്സുകള്‍ പരീക്ഷിക്കപ്പെട്ടു. അങ്ങനെ ഗ്യാസ്‌ടർബൈനുകളും സ്വതന്ത്രപിസ്റ്റണ്‍ എന്‍ജിനുകളും ഉപയോഗിക്കാന്‍ തുടങ്ങി. 1950-ല്‍ ബ്രിട്ടനിലെ റോവർ കമ്പനി ഗ്യാസ്‌ടർബൈന്‍ ഓട്ടോമൊബൈലുകള്‍ നിർമിച്ചു. 1961-ല്‍ വാന്‍കെല്‍ എന്‍ജിന്‍ ഘടിപ്പിച്ച മോട്ടോർകാർ ജർമനിയില്‍ ഒരു പരീക്ഷണമായി നിർമിക്കുകയുണ്ടായി. 1950-നുശേഷമുള്ള കാലഘട്ടത്തില്‍ യാത്രക്കാറുകളില്‍ ഓട്ടോമാറ്റിക്‌ പ്രഷണം വളരെ സാധാരണമായിത്തീർന്നു. ഇതിനെല്ലാം പുറമേ പവർബ്രക്കുകള്‍, പവർ സ്റ്റിയറിങ്‌ എന്നിവ വ്യാപകമായി ഓട്ടോമൊബൈലുകളില്‍ പ്രയോഗത്തില്‍വന്നതും ഈ കാലത്തെ നേട്ടങ്ങളുടെ പട്ടികയില്‍പ്പെടുത്താം.

ബ്രിട്ടനിലെ ബസ്സുകള്‍ (1950)

യുദ്ധംകാരണം സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ സംഭവിച്ച തകർച്ചയില്‍നിന്ന്‌ കരയറാന്‍ സഹായിക്കുന്ന ഒരു കയറ്റുമതിച്ചരക്കായാണ്‌ യൂറോപ്യന്‍ രാജ്യങ്ങളില്‍ യുദ്ധാനന്തര കാലഘട്ടത്തില്‍ ഓട്ടോമൊബൈല്‍ കണക്കാക്കപ്പെട്ടിരുന്നത്‌. ബ്രിട്ടനില്‍ ഓട്ടോമൊബൈല്‍ ഉത്‌പാദനത്തിന്റെ അഞ്ചില്‍ രണ്ടു ഭാഗവും കയറ്റുമതിക്കുവേണ്ടി നീക്കിവച്ചിരുന്നു. താരതമ്യേന ചെറിയ പല കമ്പനികളും ഒരുമിച്ചുചേർന്ന്‌ ഇക്കാലത്ത്‌ വന്‍കിടക്കാരായി മാറി. ബ്രിട്ടനിലെ ഇക്കാലത്തെ പ്രധാന നാല്‌ ഉത്‌പാദകർ ബ്രിട്ടീഷ്‌ ലെയ്‌ലന്‍ഡ്‌ മോട്ടോഴ്‌സ്‌, ഫോർഡ്‌, വാക്‌സ്‌ഹാള്‍, റൂട്ടെസ്‌ എന്നിവരായിരുന്നു. ജർമനിയില്‍ യുദ്ധകാലത്ത്‌ നിശ്ശേഷം നശിച്ചുപോയ ഫോക്‌സ്‌ വാഗണ്‍ ഫാക്‌ടറി ഉയിർത്തെഴുന്നേല്‍ക്കുകയും അടുത്ത ഒരു ദശാബ്‌ദം കൊണ്ട്‌ ജർമന്‍ ഓട്ടോമോട്ടീവ്‌ ഉത്‌പാദനത്തിന്റെ ഏതാണ്ട്‌ പകുതിയോളം ഉത്‌പാദിപ്പിക്കുവാന്‍ തുടങ്ങുകയും ചെയ്‌തു. ഇറ്റാലിയന്‍ ഫിയറ്റ്‌ (Fabbrica Italiana Automo-bili Torino) കമ്പനി അവിടത്തെ ഓട്ടോമൊബൈല്‍ ഉത്‌പാദകരുടെ മുന്‍പന്തിയില്‍ എത്തിച്ചേർന്നു. ഫ്രഞ്ച്‌ ഓട്ടോമോട്ടീവ്‌ വ്യവസായം ഈ സമയത്ത്‌ റെനോള്‍ട്ട്‌, പ്യൂഷോ, സിട്രായന്‍, സിംക എന്നീ നാലു കമ്പനികളെ കേന്ദ്രീകരിച്ചാണ്‌ പ്രധാനമായും നിലനിന്നത്‌. ഓട്ടോമോട്ടീവ്‌ ഉത്‌പാദനത്തില്‍ അദ്‌ഭുതാവഹമായ പുരോഗതി കൈവരിച്ച മറ്റൊരു രാജ്യം ജപ്പാന്‍ ആണ്‌. 1950-ല്‍ വളരെ പിന്നണിയിലായിരുന്ന ഈ രാജ്യം 20 കൊല്ലക്കാലംകൊണ്ട്‌ ഓട്ടോമൊബൈല്‍ ഉത്‌പാദനത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്തേക്കുയർന്നുവന്നു. ഡാറ്റ്‌സണ്‍ (Datsun), ടൊയോട്ട (Toyota) എന്നീ ജപ്പാന്‍ നിർമിത കാറുകള്‍ വളരെ പ്രസിദ്ധമായിത്തീർന്നു. ആദ്യമൊക്കെ ജപ്പാന്റെ മോട്ടോർവാഹന ഉത്‌പാദനത്തില്‍ പകുതിയും ട്രക്കുകളും ബസ്സുകളുമായിരുന്നു; എന്നാല്‍ ഇപ്പോള്‍ ആകെ ഉത്‌പാദനത്തില്‍ 70 ശതമാനത്തോളം കാറുകളാണ്‌.

ഇറ്റാലിയില്‍ ഫിയറ്റ്‌ (1950)

മുന്‍ യു.എസ്‌.എസ്‌.ആറിലെ ഓട്ടോമോട്ടീവ്‌ വ്യവസായം പൂർണമായിത്തന്നെ കമ്യൂണിസ്റ്റ്‌ ഭരണത്തിന്‍കീഴിലാണ്‌ വളർന്നു പുരോഗമിച്ചത്‌. അവിടത്തെ പഞ്ചവത്സരപദ്ധതികളില്‍ ഓട്ടോമോട്ടീവ്‌ വ്യവസായത്തെ വളർത്തിക്കൊണ്ടുവരുവാന്‍ വ്യക്തമായ പരിപാടികളുണ്ടായിരുന്നു. ആദ്യത്തെ പദ്ധതിയില്‍ കൊല്ലത്തില്‍ 1.25 ലക്ഷം ഓട്ടോമൊബൈലുകളാണ്‌ ലക്ഷ്യമാക്കിയിരുന്നതെങ്കിലും അതിന്റെ അടുത്തൊന്നും എത്താന്‍ സാധിച്ചില്ല. പക്ഷേ രണ്ടാം പദ്ധതിക്കാലത്ത്‌ ഉത്‌പാദനം ലക്ഷ്യമാക്കിയ രണ്ടു ലക്ഷത്തില്‍ തന്നെ എത്തി. രണ്ടാം ലോകയുദ്ധത്തോടുകൂടി ഈ വ്യവസായത്തിന്‌ ഉടവുതട്ടി. ഇതു കേന്ദ്രീകരിച്ചിരുന്ന മോസ്‌ക്കോ-ഗോർക്കി പ്രദേശങ്ങള്‍ ജർമനി പിടിച്ചടക്കിയതാണിതിനു കാരണം. യുദ്ധാനന്തരം വീണ്ടും വ്യവസായം അഭിവൃദ്ധിപ്പെട്ടു. റഷ്യന്‍ ഓട്ടോമൊബൈല്‍ വ്യവസായത്തിനുവേണ്ട സഹായസഹകരണങ്ങള്‍ക്കായി 1966-ല്‍ ഇറ്റലിയിലെ ഫിയറ്റ്‌ കമ്പനിയുമായി റഷ്യ ഒരു കരാറിലേർപ്പെടുകയുണ്ടായി. തത്‌ഫലമായി 1970 കാലമായപ്പോള്‍ റഷ്യയിലെ വാർഷികോത്‌പാദനം എട്ട്‌ ലക്ഷത്തില്‍ അധികമായി വർധിച്ചു. 1929-ല്‍ ലോകത്തില്‍ ആകെ ഉപഭോഗത്തിലിരുന്ന ഓട്ടോമൊബൈലുകളുടെ എണ്ണം 32,028,500 ആയിരുന്നു. ഇതിന്റെ 90 ശതമാനം യു.എസ്സില്‍ ആയിരുന്നു, 28,551,500 എണ്ണം.

ഡാറ്റ്‌സണ്‍ ട്രക്ക്‌ (1937)

2005 വരെ ലോകത്ത്‌ ഏറ്റവുമധികം ഓട്ടോമൊബൈലുകള്‍ ഉത്‌പാദിപ്പിച്ചിരുന്ന രാജ്യം യു.എസ്‌. ആയിരുന്നു. 2006-ല്‍ ജപ്പാന്‍ ഓട്ടോമൊബൈല്‍ ഉത്‌പാദനരംഗത്ത്‌ യു.എസ്സിനെ മറികടന്നു. 2009-ല്‍ ചൈന 17.78 ദശലക്ഷം വാഹനങ്ങള്‍ ഉത്‌പാദിപ്പിച്ചുകൊണ്ട്‌ ഒന്നാംസ്ഥാനത്തെത്തി. 2010-ല്‍ 18.3 ദശലക്ഷം വാഹനങ്ങളുടെ ഉത്‌പാദനത്തോടെ ചൈന ഒന്നാംസ്ഥാനം നിലനിർത്തി. രണ്ടാം സ്ഥാനക്കാരായ ജപ്പാന്‍ 9.6 ദശലക്ഷം വാഹനങ്ങളും മൂന്നാംസ്ഥാനക്കാരായ യു.എസ്‌. 7.8 ദശലക്ഷം വാഹനങ്ങളും ഉത്‌പാദിപ്പിച്ചു. 2010-ല്‍ ലോക ഓട്ടോമൊബൈല്‍ നിർമാണരംഗത്തെ പ്രധാനരാജ്യങ്ങളും, നിർമിച്ച മോട്ടോർ വാഹനങ്ങളുടെ


ഓട്ടോമൊബൈല്‍ അസംബ്ലി

ഫോര്‍ഡ്‌ ആവിഷ്‌കരിച്ചതും പിന്നീട്‌ പല പരിഷ്‌കാരങ്ങള്‍ക്കും വിധേയമാക്കപ്പെട്ടതുമായ അസംബ്ലിലൈന്‍ രീതിയിലാണ്‌ പൊതുവേ എല്ലായിടത്തും ഇന്ന്‌ ഓട്ടോമൊബൈലുകള്‍ ഉത്‌പാദിപ്പിക്കപ്പെടുന്നത്‌. ഒരു ഓട്ടോമൊബൈലില്‍ ഏതാണ്ട്‌ അയ്യായിരത്തോളം ഭാഗങ്ങളുണ്ട്‌. കൂട്ടിയോജിപ്പിക്കേണ്ട വിവിധഭാഗങ്ങള്‍ കണ്‍വേയറുകള്‍ വഴിയായി അവയുടെ അസംസ്‌കൃതമോ പകുതി സംസ്‌കരിക്കപ്പെട്ടതോ ആയ സ്ഥിതിയില്‍ നിന്ന്‌ മെഷിനിങ്‌ പ്രക്രിയയുടെ ഓരോ ഘട്ടങ്ങളില്‍ കൂടി കടന്നുവരുന്നതാണ്‌ ആദ്യത്തെ പടി. മിക്കവാറും ഓട്ടോമാറ്റിക്‌ യന്ത്രങ്ങളാണ്‌ ഈ മെഷീനിങ്‌ ജോലി നിര്‍വഹിക്കുന്നത്‌. പിന്നീട്‌ ഓരോ ഘടകഭാഗവും വിവിധ പരിശോധനകള്‍ക്കു വിധേയമാക്കപ്പെടുകയും തൃപ്‌തികരമെന്നു കാണുന്നവ ഒരു കലവറ അഥവാ "ബാങ്കില്‍' ശേഖരിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെയുള്ള ബാങ്കുകളില്‍ നിന്നാണ്‌ ക്രമത്തില്‍ അസംബ്ലിലൈനിലേക്ക്‌ ഘടകഭാഗങ്ങള്‍ വരുന്നത്‌. ഉദാഹരണമായി, എന്‍ജിന്‍ അസംബ്ലിലൈനിലേക്ക്‌ പിസ്റ്റണ്‍, ബെയറിങ്‌, ക്രാങ്ക്‌ഷാഫ്‌റ്റ്‌, കേംഷാഫ്‌റ്റ്‌ തുടങ്ങിയ ഭാഗങ്ങള്‍ ഇപ്രകാരമുള്ള ബാങ്കുകളില്‍ നിന്ന്‌ ക്രമത്തില്‍ സപ്ലൈ ചെയ്യുകയും അവ കണ്‍വേയറില്‍ക്കൂടി പതുക്കെ ചലിച്ചുകൊണ്ടിരിക്കുന്ന എന്‍ജിന്‍ ബ്ലോക്കിനോട്‌ ഓരോന്നോരോന്നായി കൂട്ടിയോജിപ്പിക്കപ്പെടുകയും ചെയ്യുന്നു. എന്‍ജിന്‍ പൂര്‍ണമായി ചേര്‍ത്തിണക്കിക്കഴിഞ്ഞാല്‍ പിന്നീട്‌ ഓടിച്ചുനോക്കി പ്രവര്‍ത്തനം പരിശോധിക്കുന്നു. പ്രവര്‍ത്തനം തൃപ്‌തികരമാണെന്നു ബോധ്യം വന്നാല്‍ പിന്നെ എന്‍ജിനുകള്‍ കാര്‍ അസംബ്ലിലൈനിലേക്ക്‌ യഥാവസരം സപ്ലൈ ചെയ്യുന്നതിനുള്ള എന്‍ജിന്‍ബാങ്കിലേക്ക്‌ പോകുന്നു. ചെറിയ ചെറിയ പല ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത്‌ ഉണ്ടാക്കുന്ന എല്ലാ ഘടകങ്ങളും ഇപ്രകാരമുള്ള അസംബ്ലി പരിപാടിക്ക്‌ വിധേയമായതിനുശേഷമാണ്‌ അവസാനത്തെ അസംബ്ലിലൈനില്‍ എത്തുന്നത്‌. അവസാനഘട്ടത്തിലെ അസംബ്ലി പ്രക്രിയ വളരെ രസകരമാണ്‌. വെറും ചട്ടക്കൂടില്‍ നിന്ന്‌ ഏതാനും മണിക്കൂര്‍കൊണ്ട്‌ ഒരു കാര്‍ വളര്‍ന്നുവരുന്നതായി കാണാം.

കാര്‍ അസംബ്ലി യൂണിറ്റ്‌

വാഹനത്തിന്റെ ചട്ടക്കൂട്‌ അസംബ്ലിലൈനില്‍ക്കൂടി പതുക്കെ നീങ്ങിക്കൊണ്ടിരിക്കുകയും ആ സമയത്ത്‌ ക്രമത്തില്‍ ഓരോ ഉപ-അസംബ്ലികളും (sub-assemblies) യെഥാസ്ഥാനത്ത്‌ ഉറപ്പിക്കുകയും ചെയ്യുന്നു. നേരത്തേ കൂട്ടിയോജിപ്പിക്കപ്പെട്ട ഈ ഉപ-അസംബ്ലികള്‍ കണ്‍വേയറുകളില്‍ക്കൂടിയാണ്‌ എത്തുന്നത്‌. സസ്‌പെന്‍ഷന്‍, ആക്‌സില്‍ ഹൗസിങ്‌ വ്യൂഹങ്ങള്‍, ഇന്ധനടാങ്ക്‌, ബ്രക്കുകള്‍, എന്‍ജിന്‍-പ്രഷണ അസംബ്ലി, റേഡിയേറ്റര്‍, ചക്രങ്ങള്‍, മറ്റുഭാഗങ്ങള്‍ എന്നിവയെല്ലാം ഇപ്രകാരം ഓരോന്നോരോന്നായി ചട്ടക്കൂടിനോട്‌ ചേര്‍ത്ത്‌ ഉറപ്പിക്കുന്നു. അങ്ങനെ പൂര്‍ണമായി ഇണക്കിച്ചേര്‍ത്ത അവസ്ഥയിലുള്ള ഷാസിസുകള്‍ ഒരു കണ്‍വേയര്‍ ലൈനില്‍ക്കൂടി വന്നുകൊണ്ടിരിക്കും. ഈ സമയത്ത്‌ മറ്റൊരു ലൈനില്‍ക്കൂടി പെയിന്റിങ്‌ ഉള്‍പ്പെടെ എല്ലാത്തരം പണികളും പൂര്‍ത്തിയാക്കപ്പെട്ട കാര്‍ബോഡികള്‍ എത്തിച്ചേരുന്നു. അവിടെവച്ച്‌ ഷാസിസും ബോഡിയും കൂട്ടിയോജിപ്പിച്ചശേഷം വയറിങ്‌, മുന്‍പിലുള്ള ഗ്രില്ല്‌ ഉറപ്പിക്കല്‍, ടോ ഇന്‍ ക്രമപ്പെടുത്തല്‍, ഹെഡ്‌ലൈറ്റുകള്‍ ക്രമപ്പെടുത്തല്‍ മുതലായ ജോലികള്‍ പൂര്‍ത്തിയാക്കുന്നു. അങ്ങനെ കാര്‍ പൂര്‍ണമായിത്തീരുന്നു. അവസാനം വിശദമായ പരിശോധനയ്‌ക്കുശേഷം വില്‌പനയ്‌ക്കു തയ്യാറായ അവസ്ഥയില്‍ കാര്‍ പുറത്തുവരുന്നു.

ഇന്ത്യയില്‍

ഓട്ടോമൊബൈലുകളുടെ പ്രാധാന്യം ഇന്ത്യയില്‍ വളരെക്കാലം മുമ്പുതന്നെ മനസ്സിലാക്കിയിരുന്നു. 1898-ല്‍ ആണ്‌ ആദ്യമായി ഒരു കാര്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്‌തത്‌. അതിനുശേഷം ഏകദേശം 50 കൊല്ലക്കാലത്തേക്ക്‌ ഇന്ത്യ വിദേശനിര്‍മിത കാറുകള്‍ ഇറക്കുമതി ചെയ്‌തുകൊണ്ടേയിരുന്നു. യു.എസ്സിലെയും കാനഡയിലെയും കാര്‍ നിര്‍മാതാക്കള്‍ 1920-ല്‍ ഇന്ത്യയില്‍ ഇദംപ്രഥമമായി കാര്‍വില്‌പനയ്‌ക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്‌തു. രണ്ടു ലോകയുദ്ധങ്ങളുടെയും ഇടയ്‌ക്കുള്ള കാലഘട്ടത്തില്‍ ചില വിദേശകമ്പനികള്‍ ഇറക്കുമതി ചെയ്‌ത ഘടകസാമഗ്രികള്‍ ഉപയോഗിച്ച്‌ ബോംബെ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ കാറുകള്‍ ഉണ്ടാക്കുന്ന അസംബ്ലി ഫാക്‌ടറികള്‍ സ്ഥാപിക്കുകയുണ്ടായി. എന്നാല്‍ 1947-ലും 48-ലും യഥാര്‍ഥത്തിലുള്ള ഓരോ ഇന്ത്യന്‍ കാര്‍ ഫാക്‌ടറികള്‍ നിര്‍മിതമായതില്‍ പിന്നീടാണ്‌ അസംബ്ലി എന്നതിലുപരിയായി മോട്ടോര്‍കാര്‍ ഉത്‌പാദനം ഇന്ത്യയില്‍ ആരംഭിച്ചതെന്നു പറയാം. വാസ്‌തവത്തില്‍, 1935-ല്‍ത്തന്നെ സര്‍ എം. വിശ്വേശ്വരയ്യ ഒരു കാര്‍ ഫാക്‌ടറി ഇന്ത്യയില്‍ സ്ഥാപിക്കുന്നതിനുവേണ്ടി പരിശ്രമിച്ചിരുന്നുവെങ്കിലും അക്കാലത്തെ കേന്ദ്രഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന്‌ അനുഭാവപൂര്‍വമായ പ്രതികരണം ഒട്ടും ഉണ്ടാകാതിരുന്നതുകൊണ്ട്‌ ആ ശ്രമം വിജയിച്ചില്ല. 1947-ലും 48-ലുമായി സ്ഥാപിക്കപ്പെട്ട ഇന്ത്യന്‍ ഓട്ടോമൊബൈല്‍ കമ്പനികള്‍, പ്രീമിയര്‍ ഓട്ടോമൊബൈല്‍സ്‌, ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ്‌ എന്നിവയായിരുന്നു. ആദ്യഘട്ടത്തില്‍ ഇവ രണ്ടിന്റെയും വളര്‍ച്ച വളരെ മന്ദഗതിയിലായിരുന്നു. കാരണം, അന്നു നിലവിലുണ്ടായിരുന്ന അസംബ്ലി ഫാക്‌ടറികളുമായി മത്സരിക്കേണ്ടിവന്നു എന്നതുതന്നെയാണ്‌. 1947-ല്‍ ഇന്ത്യ സ്വതന്ത്രയായതിനുശേഷം വന്‍തോതില്‍ ഓട്ടോമൊബൈല്‍ ഉത്‌പാദനത്തിനുവേണ്ടി ഒരു വ്യവസായശാല സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഇന്ത്യാഗവണ്‍മെന്റ്‌ മനസ്സിലാക്കുകയും അതിനുള്ള സാധ്യതകള്‍ ആരായുന്നതിന്‌ 1952-ല്‍ താരിഫ്‌ കമ്മിഷനോട്‌ ആവശ്യപ്പെടുകയും ചെയ്‌തു. ഈ കമ്മിഷന്റെ ശിപാര്‍ശപ്രകാരം, മോട്ടോര്‍ വാഹനങ്ങള്‍ ഉത്‌പാദിപ്പിക്കുവാന്‍ വ്യക്തമായ പരിപാടികള്‍ ക്ലിപ്‌തകാലാവധിക്കുള്ളില്‍ സമര്‍പ്പിക്കാത്ത അസംബ്ലി ഫാക്‌ടറികളോട്‌ ഇന്ത്യയിലെ അവയുടെ പ്രവര്‍ത്തനം മതിയാക്കുവാന്‍ ആവശ്യപ്പെട്ടു. അങ്ങനെ ഇവിടത്തെ മാര്‍ക്കറ്റ്‌ ഇന്ത്യയില്‍ തന്നെയുള്ള ഉത്‌പാദകര്‍ക്ക്‌ ലഭ്യമാക്കിത്തീര്‍ത്തു. ഇതിനും പുറമേ ഇന്ത്യയില്‍ ഉത്‌പാദിപ്പിക്കുന്ന കാര്‍മോഡലുകളുടെ എണ്ണം കഴിയുന്നത്ര കുറയ്‌ക്കുന്നതിനും തദ്വാരാ ഓരോ മോഡലും ലാഭകരമായി നിര്‍മിക്കുന്നതിനും വേണ്ടിവരുന്ന എണ്ണം ഉത്‌പാദിപ്പിക്കുകയെന്നത്‌ സാധ്യമാക്കുന്നതിനും തീരുമാനിക്കുകയുണ്ടായി. 1953-ല്‍ നല്‍കപ്പെട്ട ഈ സംരക്ഷണം ഇന്ത്യയില്‍ ഓട്ടോമോട്ടീവ്‌ വ്യവസായം ത്വരിതഗതിയിലേക്കു നീങ്ങി വികസിക്കുന്നതിന്‌ വളരെ സഹായകമായിത്തീര്‍ന്നു. ഇന്ത്യയിലെ ഓട്ടോമൊബൈല്‍ വ്യവസായരംഗം, ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വികാസമാര്‍ജിച്ചുവരുന്ന ഒന്നാണ്‌. 3.7 ദശലക്ഷം വാഹനങ്ങള്‍ 2010-ല്‍ ഉത്‌പാദിപ്പിച്ച ഇന്ത്യ, ലോക ഓട്ടോമൊബൈല്‍ നിര്‍മാണരംഗത്ത്‌ ഏഴാംസ്ഥാനത്താണ്‌. 2011-ല്‍ ബ്രസീലിനെ മറികടന്ന്‌ ഇന്ത്യ ആറാംസ്ഥാനത്ത്‌ എത്തി.

ഹിന്ദുസ്ഥാന്‍ മോട്ടോഴസിന്റെ അംബാസഡര്‍ കാര്‍

ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഏഷ്യന്‍ രാജ്യങ്ങളുടെ നിരയില്‍ ഇന്ത്യ 2009-ല്‍ നാലാം സ്ഥാനത്തെത്തി. ജപ്പാന്‍, ദക്ഷിണകൊറിയ, തായ്‌ലന്‍ഡ്‌ എന്നീ രാജ്യങ്ങളാണ്‌ ആദ്യത്തെ മൂന്നു സ്ഥാനങ്ങളില്‍. 2010-ല്‍ ഇന്ത്യയില്‍ ആകെക്കൂടി 40 ദശലക്ഷം ഓട്ടോമൊബൈലുകള്‍ ഉള്ളതായി കണക്കാക്കപ്പെടുന്നു. തൊട്ടുമുമ്പിലത്തെ വര്‍ഷത്തെക്കാള്‍ 33.9 ശതമാനം കൂടുതലായിരുന്നു 2010-ലെ ഇന്ത്യയിലെ വാഹനഉത്‌പാദനം. വാഹനവ്യവസായരംഗത്തെ വളര്‍ച്ചാനിരക്കിന്റെ അടിസ്ഥാനത്തില്‍ ലോകരംഗത്ത്‌ ഇന്ത്യയ്‌ക്ക്‌ രണ്ടാസ്ഥാനമാണുള്ളത്‌. 2015-ല്‍ അഞ്ച്‌ ദശലക്ഷമായും 2020-ല്‍ ഒന്‍പത്‌ ദശലക്ഷമായും വാഹനഉത്‌പാദനം ഉയരുമെന്ന്‌ കണക്കാക്കുന്നു. 2050-ല്‍ ഇന്ത്യ ലോകത്തില്‍ ഏറ്റവുമധികം ഓട്ടോമൊബൈലുകളുള്ള രാജ്യമായി ഉയരുമെന്ന്‌ കരുതപ്പെടുന്നു. ഏകദേശം 611 ദശലക്ഷം വാഹനങ്ങളായിരിക്കും അപ്പോള്‍ ഇന്ത്യന്‍ നിരത്തുകളിലൂടെ ഓടുകയെന്നാണ്‌ നിഗമനം.

ഇന്ത്യയിലെ കാര്‍ ഉത്‌പാദനം രാജ്യത്തിന്റെ തെക്കും പടിഞ്ഞാറും വടക്കുമുള്ള മൂന്നു സ്ഥലങ്ങളിലായി കേന്ദ്രീകരിച്ചിരിക്കുന്നു. ഏറ്റവും വലുത്‌ തെക്കന്‍കേന്ദ്രമായ ചെന്നൈ ആണ്‌. വിപണിയില്‍ 35 ശതമാനം ചെന്നൈയുടേതാണ്‌. പടിഞ്ഞാറന്‍ കേന്ദ്രമായ മഹാരാഷ്‌ട്ര വിപണിയിലെ 33 ശതമാനം സ്വന്തമാക്കുന്നു. വടക്കന്‍ കേന്ദ്രമായ ഹരിയാന വിപണിയുടെ 32 ശതമാനം കൈയടക്കുന്നു. ഫോര്‍ഡ്‌, ഹുണ്ടായി, റിനാള്‍ട്ട്‌, നിസാന്‍ എന്നിവയുടെ ആസ്ഥാനം ചെന്നൈയാണ്‌. രാജ്യത്തെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ നിര്‍മാതാക്കളായ മാരുതിസുസുക്കിയുടെ ആസ്ഥാനം ഹരിയാനയിലാണ്‌.

ജനറല്‍ മോട്ടോഴ്‌സ്‌, ഫോക്‌സ്‌ വാഗണ്‍, സ്‌കോഡ, മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്ര, ടാറ്റാ മോട്ടോഴ്‌സ്‌, മെഴ്‌സ്‌ഡസ്‌ ബെന്‍സ്‌, ഫിയറ്റ്‌ തുടങ്ങിയ വാഹനക്കമ്പനികളുടെ ഉത്‌പാദനകേന്ദ്രം മഹാരാഷ്‌ട്രയാണ്‌. പുതുതായി കാറുത്‌പാദനരംഗത്ത്‌ കടന്നുവരുന്ന ഒരു പ്രദേശമാണ്‌ ഗുജറാത്ത്‌. ജനറല്‍ മോട്ടോര്‍സ്‌, ടാറ്റാനാനോ എന്നിവയുടെ ഉത്‌പാദനകേന്ദ്രം ഗുജറാത്താണ്‌. കൊല്‍ക്കത്തയില്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെയും നൊയിഡയില്‍ ഹോണ്ടയുടെയും, ബാംഗ്ലൂരില്‍ ടൊയോട്ടയുടെയും ഉത്‌പാദനകേന്ദ്രങ്ങളുണ്ട്‌. ഇന്ത്യന്‍ ഓട്ടോമോട്ടീവ്‌ വ്യവസായരംഗത്തെ പാസഞ്ചര്‍ കാറുകള്‍, ഇരുചക്രവാഹനങ്ങള്‍, കൊമെഴ്‌സിയല്‍ വാഹനങ്ങള്‍, മുച്ചക്രവാഹനങ്ങള്‍ എന്നിങ്ങനെ വിഭജിക്കാം. വാഹനവില്‌പനയുടെ 75 ശതമാനം കൈയടക്കുന്നത്‌ ഇരുചക്രവാഹനങ്ങളാണ്‌. ഇരുചക്രവാഹനങ്ങളില്‍ 59 ശതമാനം മോട്ടോര്‍ സൈക്കിളുകളും 12 ശതമാനം സ്‌കൂട്ടറുകളുമാണ്‌. മോപ്പഡുകളും, വളരെക്കുറച്ചുമാത്രം ഇലക്‌ട്രിക്കല്‍ ഇരുചക്രവാഹനങ്ങളും വിപണിയിലുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍