This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എമനൗ, മറേ ബാന്‍സണ്‍ (1904 - 2005)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എമനൗ, മറേ ബാന്‍സണ്‍ (1904 - 2005)
Emeneau, Murray Barson
ദ്രാവിഡഭാഷകളില്‍ സവിശേഷപഠനങ്ങള്‍ നടത്തിയിട്ടുള്ള അമേരിക്കന്‍ ഭാഷാശാസ്ത്രജ്ഞന്‍.
കാനഡയിലെ നോവാ സ്കോഷ്യയില് ലൂണന്ബര്ഗ് എന്ന സ്ഥലത്ത് 1904 ഫെ. 23-ന് ജനിച്ചു. ഓക്സ്ഫഡിലെ ഡല്‍ഹൗസി, അമേരിക്കയിലെ യേല്‍ എന്നീ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം നടത്തി. സംസ്കൃതം, ലത്തീന്‍, ഗ്രീക് എന്നീ ഭാഷകളില്‍ അവഗാഹം നേടി.
1931 മുതല്‍ 40 വരെ ഫെല്ലോഷിപ്പോടുകൂടി ഗൗരവമേറിയ പല ഭാഷാഗവേഷണങ്ങളിലും വ്യാപൃതനായി. 1935-38 കാലഘട്ടത്തില്‍ ഇന്ത്യയില്‍ താമസിച്ചു ദ്രാവിഡഭാഷകളെപ്പറ്റി വിശേഷപഠനം നടത്തി. 1940-ല്‍ കാലിഫോര്‍ണിയാ സര്‍വകലാശാലയില്‍ അധ്യാപകനായി നിയമിതനായ എമനൗ 25 വര്‍ഷക്കാലം സംസ്കൃതത്തിന്റെയും സാമാന്യഭാഷാവിജ്ഞാത്തിന്റെയും (General Lingin-stics) പ്രാഫസറായും 1971-ല്‍ ഉദ്യോഗത്തില്‍നിന്ന് ഔപചാരികമായി വിരമിച്ചശേഷം എമിററ്റസ് പ്രാഫസറായും സേവനം അനുഷ്ഠിച്ചു.
ഭാഷാശാസ്ത്രത്തിന്റെ വിവിധരംഗങ്ങളില്‍ പ്രത്യേകിച്ച് പൗരസ്ത്യ വിജ്ഞാനീയ പഠനങ്ങളില്‍, വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുള്ള പണ്ഡിതനാണ് എമനൗ. വൈദികകാലസംസ്കൃതം, വിയറ്റ്നാമീസ് ഭാഷകള്‍, ദ്രാവിഡഭാഷകള്‍ എന്നിവയെപ്പറ്റി ഇദ്ദേഹം രചിച്ചിട്ടുള്ള ഗവേഷണഗ്രന്ഥങ്ങള്‍ ഭാഷാശാസ്ത്രപരവും സാംസ്കാരികവുമായി പ്രധാന്യമര്‍ഹിക്കുന്നു.
എ.ഡി. ക്യാമ്പ്ബെല്‍ 1816-ല്‍ രചിച്ച തെലുഗു വ്യാകരണത്തിന്റെ (The Teloogoo Language) ആമുഖക്കുറിപ്പിലൂടെ എഫ്.ഡബ്ല്യു.എല്ലീസ് ദ്രാവിഡഭാഷാഗോത്രത്തിന്റെ അസ്തിത്വം സുവ്യക്തമാക്കി. തുടര്‍ന്ന് റോബര്‍ട്ട് കാള്‍ഡ്വെല്‍, ദ്രാവിഡഭാഷാവ്യാകരണം (A Comparative Grammar of the Dravidian Languages, 1856) എന്ന കൃതിയിലൂടെ ദ്രാവിഡഭാഷാഗോത്രത്തെ ഭദ്രമായ അടിത്തറയില്‍ ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ ദ്രാവിഡഭാഷാ വികസനചരിത്രത്തില്‍ ഒട്ടും അപ്രധാനമല്ലാത്ത ഒരു നാഴികക്കല്ലാണ് ദ്രാവിഡഭാഷാനിരുക്ത നിഘണ്ടു; (A Dravidian Etymological Dictionary, 1961) എമനൗവും പ്രാഫ. ടി. ബറോയും ചേര്‍ന്ന് ദീര്‍ഘകാലം നടത്തിയ ഗവേഷണപഠനങ്ങളുടെ ഫലമായാണ് ഈ നിഘണ്ടു രൂപംകൊണ്ടത്. ഈ കൃതിയുടെ ആധികാരികതയ്ക്കടിസ്ഥാനം തത്കര്ത്താക്കളുടെ സംസ്കൃതത്തിലും ദ്രാവിഡഭാഷകളിലുമുള്ള പാണ്ഡിത്യമാണ്. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ പ്രചാരം നേടിയിട്ടുള്ള അന്യഭാഷാശബ്ദങ്ങളില്നിന്ന്, പ്രത്യേകിച്ച് സംസ്കൃതശബ്ദങ്ങളില് നിന്ന്, തനിദ്രാവിഡശബ്ദങ്ങള് വേര്തിരിച്ചെടുത്തവതരിപ്പിക്കുവാന് അവര്‍ക്കു കഴിഞ്ഞു.
ദ്രാവിഡഭാഷകളുടെ ചരിത്രത്തെയും താരതമ്യപഠനത്തെയും സംബന്ധിക്കുന്ന കൃതികള്‍ക്കു പുറമേ തുദ (Thoda), കോലാമി, കൊടഗ്, കോത (Kota)മുതലായ അവികസിതഭാഷകളെപ്പറ്റി വിശദീകരണാത്മകമായ ഏതാനും കൃതികളും എമനൗ രചിച്ചിട്ടുണ്ട്. ഈ കൃതികളിലൂടെ ഇദ്ദേഹം അവതരിപ്പിക്കുന്ന തികച്ചും മൗലികമായ അനുമാനങ്ങള്‍ പ്രസ്തുത ഭാഷകളെപ്പറ്റി വിപുലമായതോതില്‍ ഉപരിഗവേഷണം നടത്താന്‍ ഉപയുക്തമാണ്.
എമനൗവിന്റെ അഗാധമായ പാണ്ഡിത്യത്തിനും നിസ്തന്ദ്രമായ ഭാഷാസേവനത്തിനും നാനാരീതികളില്‍ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ചിക്കാഗോ സര്‍വകലാശാല 1968-ലും ഡല്‍ഹൗസി സര്‍വകലാശാല 1970-ലും ഓണററി ബിരുദം നല്കി ഇദ്ദേഹത്തെ ബഹുമാനിച്ചു. എമനൗവിന്റെ അന്തര്ദേശീയസഹപ്രവര്ത്തകരും ശിഷ്യന്മാരും ചേര്‍ന്ന് ഭാരതീയഭാഷാശാസ്ത്രപഠനം (Study in Indian linguistics)എന്ന സ്മരണിക ഇദ്ദേഹത്തിന്റെ അറുപതാം ജന്മദിനത്തില് സമ്മാനിക്കുകയുണ്ടായി.
വേദിക് വേരിയന്റ്സ് (1934), കോടാടെക്സ്റ്റ്സ് (1944-46), സ്റ്റഡീസ് ഇന്‍ വിയറ്റ്നാമീസ് ഗ്രാമര്‍ (1951), കോലാമി എ ദ്രവീഡിയന്‍ ലാന്‍ഗ്വേജ് (1955), എ ദ്രവീഡിയന്‍ എറ്റിമോളജിക്കല്‍ ഡിക്ഷണറി (1961), ദ്രവീഡിയന്‍ ബോറോയിങ്സ് ഫ്രം ഇന്തോ ആര്യന് (1962), ബ്രാഹുയി ആന്‍ഡ് ദ്രവീഡിയന്‍ കമ്പാരറ്റീവ് ഗ്രാമര്‍ (1962), ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്സ്, എത്നോളജി ആന്‍ഡ് ഫോക്ടെയ്ല്‍സ് (1967), എ ദ്രവീഡിയന്‍ എറ്റിമോളജിക്കല്‍ ഡിക്ഷണറി സപ്ലിമെന്റ് (1968), തോഡാ സോങ്സ് (1971), റിച്വല്‍ സ്റ്റ്രക്ച്ചര്‍ ആന്‍ഡ് ലാന്‍ഗ്വേജ് സ്റ്റ്രക്ച്ചര്‍ ഒഫ് ദ തോഡാസ് (1974) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. 2005 ആഗ. 25-ന് എമനൗ അന്തരിച്ചു.
(ഡോ.ആര്.ഇ. ആഷെര്‍)