This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എന്‍സർ, ജെയിംസ്‌ (1860-1949)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:16, 16 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്‍സര്‍, ജെയിംസ്‌ (1860-1949)

Ensor, James

ജെയിംസ്‌ എന്‍സര്‍

ഒരു ബല്‍ജിയന്‍ ചിത്രകാരന്‍. 1860 ഏ. 13-ന്‌ ഓസ്റ്റെന്‍ഡില്‍ ജനിച്ചു. 19-ാം വയസ്സില്‍ ബ്രസല്‍സ്‌ അക്കാദമിയില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഇദ്ദേഹം ചിത്രരചനയില്‍ പ്രശസ്‌തി നേടുകയുണ്ടായി. രചനാശൈലിയില്‍ ഫ്രഞ്ച്‌ ഇംപ്രഷണിസത്തോടായിരുന്നു ഇദ്ദേഹത്തിന്‌ ആഭിമുഖ്യം. എന്നാല്‍ വര്‍ണപ്രയോഗത്തില്‍ കാണിച്ച പ്രത്യേകസ്വാതന്ത്ര്യം ഇദ്ദേഹത്തെ 1910-നു ശേഷമുള്ള ബൊണാര്‍ഡ്‌ ശൈലിയോടടുപ്പിച്ചു. "കാര്‍ണിവല്‍ ഓണ്‍ ദി ബീച്‌' (കടല്‍ക്കരയിലെ മദിരോത്സവം) എന്ന ചിത്രം ഇതിനുദാഹരണമാണ്‌. യാഥാര്‍ഥ്യങ്ങളില്‍ നിന്നകന്നു നില്‍ക്കാന്‍ താത്‌പര്യം കാണിച്ച ഇദ്ദേഹത്തിന്‌ മനുഷ്യനോട്‌ ആദ്യം താത്‌പര്യക്കുറവുണ്ടായിരുന്നില്ല. എങ്കിലും അനുക്രമം അത്‌ ചുരുങ്ങിയില്ലാതെയായി. മനുഷ്യനെ ഒരു ബീഭത്സജീവിയായി ഇദ്ദേഹം പല വിധത്തിലും ചിത്രീകരിച്ചു. മനുഷ്യമുഖം വെറും തലയോട്ടികൊണ്ടും മൂടുപടമിട്ടും വരച്ചുകാണിച്ചു. വിഡ്‌ഢിത്തം, അഹംഭാവം, പുഞ്ചിരിയില്‍ പൊതിഞ്ഞ ക്രൂരത മുതലായ പല മാനസികദുര്‍ഭാവങ്ങളെയും ഒന്നിച്ചിണക്കി ചിത്രം രചിക്കുന്നതില്‍ ഇദ്ദേഹം കൗതുകം കാണിച്ചു. കോമാളി മുഖങ്ങളെയും അസ്ഥികൂടങ്ങളെയും വര്‍ണശബളമായ കീറത്തുണികള്‍ അണിഞ്ഞ രീതിയില്‍ വരച്ചുപ്രദര്‍ശിപ്പിക്കുന്നതില്‍ താത്‌പര്യം കാണിക്കുകയുണ്ടായി. "സ്‌ക്കെലിട്ടന്‍സ്‌ വാമിങ്‌ ദംസെല്‍വ്‌സ്‌ അറ്റ്‌ എ സ്റ്റൗവ്‌' എന്ന ചിത്രം ഒരു ദൃഷ്‌ടാന്തമാണ്‌.

ബ്രസ്സല്‍സിലേക്കുള്ള "ക്രിസ്‌തുവിന്റെ പ്രവേശനം' എന്ന ഒരു പ്രശസ്‌ത ചിത്രം 1888-ല്‍ എന്‍സര്‍ വരയ്‌ക്കുകയുണ്ടായി. ദീര്‍ഘവീക്ഷണത്തോടുകൂടി രചിക്കപ്പെട്ട ഈ ചിത്രം പ്രതിഭാശാലികളായ പില്‌ക്കാലചിത്രകാരന്മാര്‍ക്ക്‌ അനുകരണീയമായ ഒരു മാതൃകയായി. കാലഘട്ടത്തിന്റെയും പരിതഃസ്ഥിതിയുടെയും സ്വാധീനതയാല്‍ ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക്‌ അന്നു പരിമിതമായ പ്രശസ്‌തിയേ ലഭിച്ചുള്ളൂ. എങ്കിലും ആ കലാസൃഷ്‌ടികളുടെ പ്രാധാന്യത്തിന്‌ ഒരു മങ്ങലുമേറ്റിട്ടില്ല. ചിത്രരചനയുടെ വികസ്വരമായ ഭാവിക്ക്‌ സ്വദേശത്തുമാത്രമല്ല ജര്‍മനിയില്‍പ്പോലും പുതിയ ചലനങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ച ഇദ്ദേഹം മൗലികപ്രതിഭാശാലികളായ ചിത്രകാരന്മാരില്‍ സമാദരണീയമായ സ്ഥാനം വഹിക്കുന്നു. 1949 ന. 19-ന്‌ ഇദ്ദേഹം അന്തരിച്ചു. എന്‍സറിന്റെ 120 രചനകളുടെ പ്രദര്‍ശനം 2009-ല്‍ ന്യൂയോര്‍ക്കിലും തുടര്‍ന്ന്‌ 2010 വരെ പാരിസിലും നടത്തുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍