This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഐവർനാടകം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഐവര്‍നാടകം
കേരളത്തില്‍ പ്രചരിച്ചിരുന്ന ഒരു നാടന്‍ കലാരൂപം. പാണ്ഡവര്‍ കളി, തട്ടിന്മേല് കളി എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. കേരളത്തിലെ പ്രധാന ദേവീക്ഷേത്രങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ച് നടത്തിയിരുന്ന അനുഷ്ഠാനപരമായ കളിയാണിത്. ഇപ്പോള്‍ മധ്യകേരളത്തില്‍ പ്രചാരത്തിലുണ്ട്. പാണ്ഡവരുടെ കഥ പാടിക്കളിക്കുന്നതുകൊണ്ടാണ് ചിലയിടങ്ങളില്‍ പാണ്ഡവര്‍കളി എന്ന പേര് വന്നത്. ഈ നാടകം അഞ്ചുപേര്‍ ചേര്‍ന്നു അവതരിപ്പിക്കുന്നതിന്റെ കാരണവും ഇതുതന്നെയാവണം. ഐങ്കുടിക്കമ്മാളരുടെ വിനോദമായതുകൊണ്ടാണ് ഇതിനു ഐവര്‍ കളി എന്ന പേരുവന്നതെന്നും അഭിപ്രായമുണ്ട്. ആശാരി, മൂശാരി, തട്ടാന്‍, കരുവാന്‍, ചെമ്പോട്ടി എന്നീ അഞ്ചു ജാതിക്കാരെയാണ് ഐങ്കുടിക്കമ്മാളരെന്നു വിളിക്കുന്നത്. ഭഗവതീക്ഷേത്രങ്ങള്‍ക്കു സമീപം സ്ഥിരമായിക്കെട്ടി ഉയര്‍ത്തിയ തട്ടുകളില്‍ പ്രദര്ശിപ്പിക്കാറുതുകൊണ്ടാവാം തട്ടിന്മേല്ക്കളി എന്ന പേരുകൂടി ലഭിച്ചത്.
ഐവര്‍നാടകത്തിന്റെ അടിസ്ഥാന കഥ ഇപ്രകാരമാണ്. ഭദ്രകാളീഭക്തനായ കര്‍ണനെ പാണ്ഡവന്മാര് വധിച്ചതറിഞ്ഞ് കാളി രൗദ്രവേഷമെടുത്ത് പാണ്ഡവരെ നശിപ്പിക്കാന്‍ പുറപ്പെട്ടു. ഈ വിവരമറിഞ്ഞ ശ്രീകൃഷ്ണന് പാണ്ഡവന്മാരെ വരുത്തി ദേവിയെ സ്തുതിച്ച് പാട്ടുപാടി കളിച്ചു ദേവീപ്രീതിനേടണമെന്നു നിര്‍ദേശിച്ചു. ശ്രീകൃഷ്ണന്‍തന്നെ നടുവില്‍ വിളക്കായി നിന്നുകൊണ്ട് പാട്ടുപാടിക്കൊടുത്തു പാണ്ഡവന്മാരെ കളിപ്പിച്ചു. ഇതിന്റെ ഫലമായി ദേവി പ്രസാദിച്ച് പാണ്ഡവരെ അനുഗ്രഹിച്ചു എന്നാണ് ഐതിഹ്യം. ഭദ്രകാളിസ്തുതിക്കു പുറമേ ശ്രീകൃഷ്ണചരിതവും രാമായണവും ഐവര്‍കളിപ്പാട്ടിനു വിഷയമാകാറുണ്ട്.
ഐവര്‍നാടകം തികച്ചും ഗാനപ്രധാനമായൊരു ദൃശ്യകലാരൂപമായതുകൊണ്ട് അതിന്റെ പാട്ടു സാഹിത്യത്തിലാണ് സവിശേഷശ്രദ്ധ പതിപ്പിക്കേണ്ടത്. 1927-ല്‍ മംഗളോദയം പ്രസ്സില്‍നിന്നു പാട്ടുകള്‍ എന്ന പേരില്‍ ഒരു ഗ്രന്ഥാവലി പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ ഐവര്‍ കളിപ്പാട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാമായണ കഥയാണ് പ്രതിപാദ്യം. ഇതിലെ ഭാഷ പഴക്കമുള്ളതല്ല. രാമായണ കഥാഖ്യാനത്തില്‍ പാണ്ഡിത്യമുള്ള ഒരു കവിയുടെ കാവ്യരചനാപാടവം ഇതില്‍ കാണുന്നുണ്ട്. നാടോടി ഭാഷയുടെ ശീലും ശൈലിയുമൊപ്പിച്ചാണ് പാട്ടെഴുതിയിട്ടുള്ളത്. ഓരോ ഖണ്ഡികയും അവസാനിക്കുന്നത് ഏതുവാക്യം കൊണ്ടോ ആ വാക്യം കൊണ്ടുതന്നെ അടുത്ത ഖണ്ഡികയും ആരംഭിക്കുന്നു. വാഗ്ധാടിയും ആലങ്കാരാധിക്യവും ഈ പാട്ടിനെ വികലമാക്കിയിട്ടില്ല. ഗാനാഭിരുചിയുള്ള ഏവര്‍ക്കും പാടി രസിക്കാവുന്ന ഒരു ഗാനകാവ്യമാണിത്. എഴുത്തച്ഛന്റെ കാവ്യരചനാ നൈപുണിയോ ശൈലിയോ കല്പനകളോ ഐവര്‍നാടക കലാകാരന്മാരെ സ്വാധീനിച്ചിട്ടില്ല. ഐങ്കുടിക്കമ്മാളരുടെ രാമായണ ഭാരതേതിഹാസ കഥാഖ്യാനങ്ങളുടെ അവതരണ സമ്പ്രദായത്തിനു പഴയ ചമ്പുകാരന്മാരുടെയും ചാക്യാന്മാരുടെയും പാഠകക്കാരുടെയും പാരമ്പര്യമാണുള്ളത്.
ശ്രീ വി.എന്‍. കേളുവാശാന്റെ കൃതിയായ ശാകുന്തളം ഐവര്‍ നാടകം ഇതിവൃത്തത്തില്‍ പുതുമയുള്ളതാണ്. ചോദേ്യാത്തര രൂപത്തിലാണ് രചന. ഭാരതം കിളിപ്പാട്ടിലെ ശാകുന്തളം കഥയെ മാത്രമേ കവി ഇവിടെ അവലംബിച്ചു കാണുന്നുള്ളൂ.
തികച്ചും ജനകീയമെന്നു വിശേഷിപ്പിക്കാവുന്ന "ഒളരിക്കരപ്പാട്ടും' "നമ്പോര്ക്കാവിലെപ്പാട്ടും' രാമായണ ഭാരതേതിഹാസകഥകളെ ആസ്പദമാക്കി രചിച്ചിട്ടുള്ളവയാണ്. ഒളരിക്കരപ്പാട്ടില് എഴുത്തച്ഛന്റെ സ്വാധീനം കാണാം. വിശ്വകമ്മാളരുടെ ബുദ്ധിപരവും സാംസ്കാരികവുമായ നവോത്ഥാനത്തിന്റെ പരിവര്ത്തനോന്മുഖമായ ഒരു ദൃശ്യം ഐവര്‍നാടക സാഹിത്യത്തില്‍ കാണാം. ഐവര്‍ നാടകത്തിന്റെ പാട്ടുകള്‍ ശേഖരിച്ചിരിക്കുന്നത് തൃശൂര്‍ ജില്ലയില്‍ നിന്നായതിനാല്‍ ഈ പ്രദേശത്തെ ഐങ്കുടിക്കമ്മാളരുടെ പ്രാദേശിക ഭാഷാസ്വരൂപം ഈ പാട്ടുകളില്‍ പ്രകടമാണ്.