This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഐറിഷ് കടൽ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഐറിഷ് കടല്‍
Irish sea
ഇംഗ്ലണ്ടിനും അയര്‍ലണ്ടിനും ഇടയ്‌ക്കായി കിടക്കുന്ന കടല്‍. സ്‌കോട്ട്‌ലന്‍ഡിന്റെ തെക്കുപടിഞ്ഞാറു മൂലയിലുള്ള ഗാലവേ മുനമ്പു മുതല്‍ തെക്കോട്ട് ഇംഗ്ലണ്ടിന്റെ പടിഞ്ഞാറേ തീരത്തുള്ള സെയ്‌ന്റ് ഡേവിഡ് മുനമ്പുവരെയാണ് ഈ കടലിന്റെ വ്യാപ്‌തി. സെയ്‌ന്റ് ഡേവിഡ് മുനമ്പിനെയും അയര്‍ലണ്ടിന്റെ കിഴക്കേ തീരത്തുള്ള കാണ്‍സോര്‍ മുനമ്പിനെയും ബന്ധിപ്പിക്കുന്ന രേഖ ഐറിഷ് കടലിന്റെ തെക്കതിരായി നിര്‍ണയിക്കപ്പെട്ടിരിക്കുന്നു. വിസ്‌തൃതി സുമാര്‍ 1,00,000 ച. കിലോമീറ്റര്‍ ആണ്.
അയര്‍ലണ്ടു തീരത്തു നിന്ന് 30-50 കി. മീ. അകലത്തില്‍, തടരേഖയ്‌ക്ക് ഏതാണ്ടു സമാന്തരമായി ഗര്‍ത്തങ്ങളുടെ ഒരു ശൃംഖലയുണ്ട്. ഏറ്റവും ആഴം കൂടിയ ഭാഗം (273 മീ.) വടക്കരികിലാണ്. 130 മുതല്‍ 150 വരെ മീറ്റര്‍ ആഴമുള്ള നിരവധി കിടങ്ങുകളുണ്ട്. കടല്‍ത്തറയില്‍ പൊതുവേ പാലിയോസോയിക് മഹാകല്‌പത്തില്‍ രൂപം കൊണ്ട ശിലകളാണുള്ളത്. ഈ കടലിലെ അവസാദങ്ങള്‍ സമീപസ്ഥ ദ്വീപുകളിലെ ആധാരശിലകളെ അപേക്ഷിച്ച് പ്രായം കുറഞ്ഞവയാണ്. ഐറിഷ്‌കടല്‍ ഒരിക്കലും ഉറയുന്നില്ല. ശൈത്യകാലത്ത് ഊര്‍ധ്വാധരദിശയിലുള്ള ചലനംമൂലം ഈ കടലിലെ ജലപിണ്ഡങ്ങള്‍ താപസംവഹനത്തിനു വിധേയമാകും. ഇത് ഫലത്തില്‍ ശൈത്യബാധ ഇല്ലാതാക്കുകയും ചെയ്യുന്നു. ശൈത്യകാലത്തെ ഊര്‍ധ്വാധര ചലനം താപസന്തുലനത്തിനെന്നതുപോലെ ലവണത ഏകീകരിക്കുന്നതിനും കാരണമാകുന്നു. ഐറിഷ് കടലിലെ ലവണത 3.2 ശതമാനം മുതല്‍ 3.53 ശതമാനം വരെ വ്യതിചലിച്ചുകാണുന്നു. പടിഞ്ഞാറേ തീരങ്ങളെ അപേക്ഷിച്ച് കിഴക്കേ തീരങ്ങളില്‍ വേലിയേറ്റം ശക്തമാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആണവമലിനീകരണം നടക്കുന്ന കടലായി ഐറിഷ്‌കടലിനെ ഗ്രീന്‍പീസ് ഫൗണ്ടേഷന്‍ വിലയിരുത്തുന്നു.